This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃത്രിമ നാരുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:13, 8 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൃത്രിമ നാരുകള്‍

Artificial fibres

രാസപദാര്‍ഥങ്ങളില്‍നിന്ന്‌ കൃത്രിമമായി ഉത്‌പാദിപ്പിക്കുന്ന നാരുകള്‍. രാസപദാര്‍ഥങ്ങള്‍ പ്രകൃതിജന്യമോ സംശ്ലേഷിതമോ അകാര്‍ബണികമോ ആകാം. റയോണ്‍, ടെറിലിന്‍ നൈലോണ്‍ തുടങ്ങിയവ കൃത്രിമനാരുകളാണ്‌. ആകര്‍ഷണീയത, പുതുമ, ഈട്‌, ചുളിവുവീഴാതിരിക്കല്‍, ഉയര്‍ന്ന വലിവുറപ്പ്‌ തുടങ്ങിയ ഗുണങ്ങള്‍ ഇവയ്‌ക്കു കൂടുതലായുണ്ടാകും. ഇവയുടെ വ്യാപകമായ ഉപയോഗത്തിനുള്ള കാരണം ഈ സവിശേഷതകള്‍ ആണ്‌.

കൃത്രിമനാരുകളുടെ നാമപദ്ധതിയില്‍ (nomenclature)കഴിഞ്ഞകാലങ്ങളില്‍ ഒട്ടേറെ മാറ്റം സംഭവിച്ചിട്ടുണ്ട്‌. ഏറ്റവും ആധുനികമായി സ്വീകരിച്ചിരിക്കുന്ന നാമപദ്ധതി നാരുകളുടെ നിര്‍മിതിക്ക്‌ ഉപയോഗിക്കുന്ന അസംസ്‌കൃതപദാര്‍ഥത്തിന്റെ ഉത്‌പത്തിയെ ആശ്രയിച്ചുള്ളതാണ്‌. ഇതനുസരിച്ച്‌ കൃത്രിമനാരുകളെ രണ്ടായി തരംതിരിക്കാം.

i. സെലുലോസ്‌ മുതലായ പ്രകൃതിദത്ത പദാര്‍ഥങ്ങളില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കുന്ന നാരുകള്‍. ഉദാ. റയോണ്‍.

ii. രാസപദാര്‍ഥങ്ങളില്‍നിന്നു സംശ്ലേഷിപ്പിച്ച്‌ ഉത്‌പാദിപ്പിക്കുന്ന നാരുകള്‍. ഉദാ. നൈലോണ്‍, പോളിഎസ്റ്റര്‍ തുടങ്ങിയവ. നൈലോണ്‍ പോലെയുള്ള പോളിഅമൈഡുകള്‍, പോളിഅക്രിലിക്കുകള്‍, പോളിവിനൈലുകള്‍, പോളിഹൈഡ്രാകാര്‍ബണുകള്‍, ടെറിലിന്‍ പോലെയുള്ള പോളിഎസ്റ്ററുകള്‍ തുടങ്ങിയവ നൂറു ശതമാനവും കൃത്രിമമായുണ്ടാകുന്ന നൂലുകളാണ്‌. കൃത്രിമനാരുകളെ അവയുടെ ഉത്‌പാദകരുടെ പേരിലോ അവര്‍ നിര്‍ദേശിക്കുന്ന ട്രഡ്‌മാര്‍ക്കുകളിലോ അതുമല്ലെങ്കില്‍ നാരിന്റെ ഏതെങ്കിലും പ്രത്യേക സ്വഭാവത്തെ എടുത്തുകാണിക്കുന്ന രീതിയിലോ (തെര്‍മോപ്ലാസ്റ്റിക്‌ നാരുകള്‍). ഉത്‌പാദനരീതിയെ സൂചിപ്പിക്കുന്ന രീതിയിലോ (ഉദാ. വിസ്‌കോസ്‌ റയോണ്‍) വര്‍ഗീകരിക്കുന്ന മറ്റൊരു രീതിയുമുണ്ട്‌.

അകാര്‍ബണികങ്ങള്‍ ഒഴികെയുള്ള കൃത്രിമനാരുകള്‍ രേഖീയപോളിമറുകളാല്‍(linear polymers) നിര്‍മിതമാണ്‌. തന്തു അക്ഷത്തെ അപേക്ഷിച്ച്‌ ഈ പോളിമര്‍ ശൃംഖലകളുടെ അഭിവിന്യാസവും (orientation) പാക്കിങ്ങും (ക്രിസ്റ്റലീയത) അവയുടെ നിര്‍മാണരീതിയെയും രാസസ്വഭാവത്തെയും ആശ്രയിച്ചിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാസപ്രകൃതം, അഭിവിന്യാസം, ക്രിസ്റ്റലീയത എന്നിവയാണ്‌ തന്തുക്കളുടെ ഗുണധര്‍മങ്ങളെ (ബലം, ആയുസ്സ്‌, പഴക്കം തുടങ്ങിയവ) നിര്‍ണയിക്കുന്ന ഘടകങ്ങള്‍. കൃത്രിമനാരുകള്‍ തനിച്ചോ മറ്റു നാരുകളുമായി ചേര്‍ത്തോ തുണിത്തരങ്ങള്‍ നിര്‍മിക്കുന്നു.

ചരിത്രം. പട്ടുനൂല്‍പ്പുഴുവില്‍ നിന്നു യാന്ത്രിക ബഹിര്‍വേധനത്തിലൂടെ (extruding) സില്‍ക്ക്‌ നിര്‍മിക്കാന്‍ കഴിയുമെന്ന്‌ 17-ാം ശതകത്തില്‍ റോബര്‍ട്ട്‌ ഹൂക്ക്‌ എന്ന ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞന്‍ പ്രസ്‌താവിക്കുകയുണ്ടായി. പക്ഷേ ഇത്‌ പ്രാവര്‍ത്തികമായതിന്റെ വ്യക്തമായ ചരിത്രമില്ല. 19-ാം ശതകത്തില്‍ ഒരു ബ്രിട്ടീഷ്‌ നെയ്‌ത്തുകാരനായ ലൂയി ഷോബെ ഗ്ലാസ്സില്‍നിന്ന ഒരുതരം കൃത്രിമനാര്‌ രൂപപ്പെടുത്തി. പക്ഷേ, ഇത്‌ ടെക്‌റ്റൈല്‍ വ്യവസായത്തിന്‌ ഉപകരിക്കുന്നതായിരുന്നില്ല. എന്നാല്‍ ഈ ശ്രമം പ്രകൃതിദത്ത പദാര്‍ഥങ്ങളില്‍നിന്നു കൂടുതല്‍ ബലവും ആകര്‍ഷകവുമായ നാരുകള്‍ ഉത്‌പാദിപ്പിക്കുന്നതിനുള്ള സമാരംഭങ്ങളെ ഉത്തേജിപ്പിച്ചു. 1846-ല്‍ ഒരു ജര്‍മന്‍ ശാസ്‌ത്രജ്ഞന്‍ സെലുലോസിനെ നൈട്രിക്കമ്ലം ഉപയോഗിച്ച്‌ നൈട്രാസെലുലോസ്‌ ആക്കാനുള്ള മാര്‍ഗം കണ്ടുപിടിച്ചു. സെലുലോസിനെ അപേക്ഷിച്ച്‌ ഇതിന്‌ പല ഗുണങ്ങളും ഉണ്ടായിരുന്നു. ഈ പദാര്‍ഥം ആല്‍ക്കഹോള്‍-ഈതര്‍ മിശ്രിതത്തില്‍ ലയിക്കും എന്നുള്ളതാണ്‌ ഏറ്റവും പ്രധാനപ്പെട്ട ഗുണം. സെലുലോസിന്റെ ടെക്‌സ്റ്റൈല്‍ ഉപയോഗക്ഷമതയെ ഒരു തരത്തിലും നൈട്രാ സെലുലോസ്‌ ബാധിച്ചില്ല. ഈ നാരുകള്‍ നിര്‍മിക്കുന്നതിനുള്ള പേറ്റന്റ്‌ 1885-ല്‍ നല്‌കപ്പെടുകയുണ്ടായി. പക്ഷേ തീപിടിക്കുന്ന സ്വഭാവം മൂലം നൈട്രാസെലുലോസ്‌ തുണിനിര്‍മാണവ്യവസായത്തില്‍ കാര്യമായി ഉപയോഗിക്കപ്പെട്ടില്ല. 1883-ല്‍ സര്‍ ജോസഫ്‌ വില്‍സണ്‍ സാം എന്ന ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞന്‍ നൈട്രാസെലുലോസ്‌ നാരുകളെ രാസപദാര്‍ഥങ്ങളുപയോഗിച്ച്‌ സെലുലോസാക്കി മാറ്റാനുള്ള മാര്‍ഗം കണ്ടെത്തിയെങ്കിലും ഇതിന്‌ വ്യാപകമായ പ്രചാരം ലഭിച്ചില്ല.

കൃത്രിമനാരുകളുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമാണ്‌ കൗണ്ട്‌ ഹിലയര്‍ ഡെ ചാര്‍ഡൊനെറ്റ്‌ എന്ന ഫ്രഞ്ചുശാസ്‌ത്രജ്ഞന്‍ സില്‍ക്കിനു സമാനമായ ഒരു നാരു കണ്ടുപിടിച്ചത്‌. ഇദ്ദേഹം ഇത്‌ പാരിസ്‌ ലോകമേളയില്‍ പ്രദര്‍ശിപ്പിച്ചു. ഈ നാരുകള്‍ ഉപയോഗിച്ചു വ്യവസായം തുടങ്ങാന്‍ ഗവണ്‍മെന്റില്‍നിന്ന്‌ സാമ്പത്തികസഹായവും ഇദ്ദേഹത്തിനു ലഭിച്ചു. "ചാര്‍ഡൊനെറ്റ്‌ സില്‍ക്ക്‌' എന്നറിയപ്പെട്ട ഈ നാരാണ്‌ പിന്നീട്‌ റയോണ്‍ എന്ന പേരില്‍ പ്രസിദ്ധമായത്‌. ഇതാണ്‌ മനുഷ്യനിര്‍മിതമായ ആദ്യത്തെ വാണിജ്യനാര്‌ (commercial fibre) എന്ന്‌ പറയാം. 1891-ലാണ്‌ ഇതിന്റെ ആദ്യത്തെ വ്യാവസായിക ഉത്‌പാദനം തുടങ്ങിയത്‌. സാവധാനത്തിലുള്ളതും ചെലവുകൂടിയതുമായ ചാര്‍ഡൊനെറ്റ്‌ പ്രക്രിയയ്‌ക്കു പില്‌ക്കാലത്ത്‌ പലരും പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കയുണ്ടായി. 1892-ല്‍ വിസ്‌കോസ്‌ (viscose) നാരുകള്‍ കണ്ടെത്തി. സെലുലോസിനെ സെലുലോസ്‌ സാന്‍ഥേറ്റ്‌ ആക്കി മാറ്റി അതിനെ ലയിപ്പിച്ചാണ്‌ ഈ പുനരുത്‌പാദിത(regenerated)നാര്‌ നിര്‍മിച്ചത്‌. 1905-ല്‍ ഇതിന്റെ വ്യാവസായിക ഉത്‌പാദനം ആരംഭിച്ചു. ഹെന്‌റി, കാമിലെ ഡ്രിഫെസ്‌ എന്നീ സ്വീഡിഷ്‌ ശാസ്‌ത്രജ്ഞര്‍ 1921-ല്‍ സെലുലോസില്‍ നിന്ന്‌ സെലനേസ്‌ (Celanex) എന്നൊരു നാര്‌ ഉത്‌പാദിപ്പിച്ചു. സെലുലോസിനെ സെലുലോസ്‌ അസറ്റേറ്റാക്കി മാറ്റിയും അതിനെ അസറ്റോണ്‍ പോലെയുള്ള കാര്‍ബണിക ലായകങ്ങളില്‍ ലയിപ്പിച്ച്‌ ബഹിര്‍വേധനം ചെയ്‌തുമാണ്‌ സെലനേസ്‌ ഉത്‌പാദിപ്പിച്ചത്‌. മനുഷ്യനിര്‍മിത നാരുകളുടെ മുഖ്യ സ്രാതസ്സായി ഏറെക്കാലം സെലുലോസ്‌ നിലനിന്നെങ്കിലും മറ്റു പദാര്‍ഥങ്ങളും രംഗത്തെത്തിയിരുന്നു. കേസിന്‍ (casein), സെയിന്‍ (zein), അരാക്കിന്‍ (arachin) തുടങ്ങിയ പ്രാട്ടീനുകള്‍ ഇവയില്‍പ്പെടുന്നു. കടല്‍പ്പായലുകളില്‍നിന്നു നിര്‍മിക്കുന്ന ആല്‍ഗിനിക്‌ അമ്ലം (alginic acid) കൃത്രിമനാരിന്റെ മറ്റൊരു സ്രാതസ്സായി ഉപയോഗിക്കാന്‍ തുടങ്ങി.

ഒന്നാം ലോകയുദ്ധത്തിനുശേഷം ലോകമൊട്ടാകെ കൃത്രിമനാരുകള്‍ക്കുവേണ്ടിയുള്ള ഗവേഷണം നടന്നതിന്റെ ഫലമായി പ്ലാസ്റ്റിക്‌, റബ്ബര്‍ തുടങ്ങി നിരവധി സംശ്ലേഷിത (synthetic) പോളിമറുകള്‍ നിര്‍മിക്കപ്പെട്ടു. ഇവയില്‍ പലതും ടെക്‌സ്റ്റൈല്‍ നാരുകള്‍ക്ക്‌ പറ്റിയവയായിരുന്നില്ല. വിനൈല്‍ ക്ലോറൈഡ്‌, വിനൈല്‍ അസറ്റേറ്റ്‌ എന്നിവ ഉപയോഗിച്ചുണ്ടാക്കിയ കൃത്രിമനാര്‌ 1928-ല്‍ ജര്‍മനിയില്‍ പ്രചാരത്തിലായി. ആദ്യത്തെ സംശ്ലേഷിത നാരായി (synthetic fibre)ഇതിനെ പരിഗണിക്കാം. 1936-ലാണ്‌ വാണിജ്യാടിസ്ഥാനത്തില്‍ ഇതിന്റെ ഉത്‌പാദനം ആരംഭിച്ചത്‌.

കൃത്രിമനാരുകളുടെയും ടെക്‌സ്റ്റൈല്‍ വ്യവസായത്തിന്റെയും ചരിത്രത്തിലെ സുപ്രധാനമായ ഒരു നാമമാണ്‌ "വാലസ്‌ എച്ച്‌. കാരോത്തേഴ്‌സി'ന്റേത്‌. പോളി എസ്റ്ററുകളിലും പോളിഅമൈഡുകളിലും ഇദ്ദേഹവും സഹപ്രവര്‍ത്തകരും ഒട്ടധികം പരീക്ഷണങ്ങള്‍ നടത്തിയതിന്റെ ഫലമാണ്‌ നൈലോണ്‍ (Nylon)എന്ന വിശിഷ്‌ടമായ നാര്‌. രേഖീയ-ഉന്നത പോളിമറുകള്‍ സംശ്ലേഷിപ്പിക്കുന്നതിനുള്ള ഒട്ടധികം ക്രിയാവിധികള്‍ക്കും ഈ ഗവേണങ്ങള്‍ രൂപംനല്‌കി. പില്‌ക്കാലത്ത്‌ പോളിഅമൈഡുകള്‍, പോളിഎസ്റ്ററുകള്‍, പോളി അക്രിലോനൈട്രലുകള്‍, പോളിവിനൈല്‍ ക്ലോറൈഡുകള്‍, പോളിവിനൈല്‍ ആല്‍ക്കഹോളുകള്‍, പോളിഒളിഫിനുകള്‍, പോളിയൂറിത്തേനുകള്‍ തുടങ്ങിയവ സംശ്ലേഷിത നാരുകളുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കപ്പെട്ടു.

ടെക്‌സ്റ്റൈല്‍ രംഗത്തു മാത്രമല്ല കൃത്രിമനാരുകളുടെ ഉപയോഗം. ശൂന്യാകാശഗവേഷണരംഗത്ത്‌ താപരോധിത പദാര്‍ഥങ്ങളുടെയും ഉന്നത ബല-ഉപകരണങ്ങളുടെയും നിര്‍മിതിയില്‍ ലോഹനാരുകളും കാര്‍ബണ്‍ നാരുകളും മറ്റും ഉപയോഗിക്കുന്നുണ്ട്‌. ഗ്ലാസ്‌, അലുമിനിയം സിലിക്കേറ്റ്‌ തുടങ്ങിയവയുടെയും മറ്റ്‌ അകാര്‍ബണിക പദാര്‍ഥങ്ങളുടെയും നാരുകള്‍ വ്യാവസായികരംഗത്ത്‌ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

നാര്‌ തയ്യാറാക്കല്‍. നാര്‌ തയ്യാറാക്കുന്നതിന്‌ ഈര്‍പ്പപ്രക്രിയ (wet process), ശുഷ്‌കനപ്രക്രിയ (dry process), ഉരുക്കല്‍ പ്രക്രിയ (melt process)എന്നിങ്ങനെ മൂന്നു വിധികള്‍ ഉപയോഗിക്കുന്നു. അസംസ്‌കൃത പദാര്‍ഥത്തെ യുക്തമായ ലായകം ഉപയോഗിച്ചു തയ്യാറാക്കിയ ലായനിയെ ചെറിയ സുഷിരങ്ങളിലൂടെ ബഹിര്‍വേധനം ചെയ്യുന്നു. ജറ്റുരൂപത്തില്‍ മറ്റൊരു അവക്ഷേപണ "ബാത്തി'ലേക്കു ബഹിര്‍വേധനം ചെയ്യപ്പെടുന്ന ലായനി രാസപ്രക്രിയകൊണ്ടോ ഭൗതികപ്രക്രിയകൊണ്ടോ കട്ടിയാക്കി നാരുകളാക്കുന്നതാണ്‌ ഈര്‍പ്പപ്രക്രിയ. വിസ്‌കോസ്‌ ഇത്തരത്തില്‍ നിര്‍മിക്കപ്പെടുന്നു. ബഹിര്‍വേധനം ചെയ്യപ്പെടുന്ന ലായനിയില്‍നിന്നു ലായകത്തെ ബാഷ്‌പീകരിച്ചു പുറന്തള്ളുകയും അതുവഴി പദാര്‍ഥത്തെ നാരുകളാക്കുകയും ചെയ്യുന്നതാണ്‌ ശുഷ്‌കനപ്രക്രിയ. അസറ്റേറ്റ്‌ റയോണ്‍ ഇത്തരത്തില്‍ നിര്‍മിക്കുന്നു. പദാര്‍ഥത്തെ ഉരുക്കുകയും പ്രസ്‌തുത ദ്രാവകത്തെ ബഹിര്‍വേധനം ചെയ്‌തു തണുപ്പിക്കുകയും ചെയ്‌ത്‌ നാരുണ്ടാക്കുന്ന രീതിയാണ്‌ ഉരുക്കല്‍പ്രക്രിയ. നൈലോണ്‍ ഇത്തരത്തിലാണ്‌ നിര്‍മിക്കപ്പെടുന്നത്‌. പല വ്യാസത്തിലുള്ള നാരുകളും ഉത്‌പാദിപ്പിക്കുന്നുണ്ട്‌. ചിലവയ്‌ക്ക്‌ തലമുടിനാരിനെക്കാള്‍ കുറഞ്ഞ കനമേ ഉണ്ടായിരിക്കൂ. ആവശ്യവും സാങ്കേതിക സാധ്യതകളും അനുസരിച്ചാവും നാരുകളുടെ കനം നിര്‍ണയിക്കുക. നാരുകളെ അന്യോന്യം സംയോജിപ്പിച്ചാണ്‌ (yarn) ഇഴകളുണ്ടാക്കുന്നത്‌. സന്തത-ഇഴകളും സ്‌പണ്‍-ഇഴകളും ഉണ്ട്‌. സ്റ്റേപ്പിള്‍ (staple) എന്നറിയപ്പെടുന്ന നീളം കുറഞ്ഞ നാരുകള്‍ (2.5 സെ.മീ. മുതല്‍ 11.4 സെ.മീ. വരെ നീളമുള്ളവ) പിരിച്ചുചേര്‍ത്താണ്‌ സ്‌പണ്‍ ഇഴകള്‍ നിര്‍മിക്കുക. ഇഴയുടെ സ്വഭാവം അതിന്റെ ഉപയോഗത്തെ ആശ്രയിച്ചു നിജപ്പെടുത്തുന്നു.

റയോണ്‍. പുനരുത്‌പാദിത സെലുലോസ്‌ അടങ്ങിയ കൃത്രിമനാരുകള്‍ക്കാണ്‌ റയോണ്‍ എന്ന പേര്‍ ഉപയോഗിക്കുന്നത്‌. 1884-ല്‍ ചാര്‍ഡൊനെറ്റ്‌ സെലുലോസ്‌ നൈട്രറ്റ്‌ നാരുകള്‍ കണ്ടെത്തിയതോടെയാണ്‌ റയോണിന്റെ ഉദ്‌ഭവം. റയോണ്‍ പുനരുത്‌പാദിപ്പിക്കപ്പെട്ട സെലുലോസാണ്‌. വ്യത്യസ്‌ത രാസപ്രക്രിയകള്‍ ഇതിനുപയോഗിക്കുന്നു.

ഏറ്റവും പ്രചാരമുള്ള റയോണ്‍ നിര്‍മിക്കുന്ന രീതി വിസ്‌കോസ്‌ പ്രക്രിയയാണ്‌. 1891-ല്‍ ഇംഗ്ലണ്ടിലാണ്‌ ഈ രീതി കണ്ടെത്തിയത്‌. ഈറ, മുള, യൂക്കാലിപ്‌റ്റസ്‌ മുതലായ മൃദുമരങ്ങള്‍ അരച്ചു പള്‍പ്പാക്കുന്നു. ഈ പള്‍പ്പാണ്‌ സെലുലോസ്‌ സ്രാതസ്സ്‌. ഇതിനെ കാസ്റ്റിക്‌ സോഡ (സോഡിയം ഹൈഡ്രാക്‌സൈഡ്‌)യുമായി പ്രതിപ്രവര്‍ത്തിപ്പിക്കുന്നു. പാകമായിക്കഴിഞ്ഞാല്‍ ഈ സോഡാസെലുലോസ്‌ കാര്‍ബണ്‍ ഡൈ സള്‍ഫൈഡുമായി പ്രതിപ്രവര്‍ത്തിപ്പിച്ച്‌ സെലുലോസ്‌ സാന്തേറ്റ്‌ ആക്കുന്നു. സാന്തേറ്റ്‌ നേര്‍ത്ത സോഡിയം ഹൈഡ്രാക്‌സൈഡില്‍ ലയിച്ച്‌ പ്രത്യേക ഗുണങ്ങള്‍ക്ക്‌ ആവശ്യമായ രാസപദാര്‍ഥങ്ങളും ചേര്‍ത്ത്‌ അരിച്ചെടുത്ത്‌, വായു നീക്കി നേര്‍ത്ത അമ്ലത്തിലേക്കു ബഹിര്‍വേധനം ചെയ്യുന്നു. സാന്തേറ്റ്‌ വിഘടിച്ചു സെലുലോസ്‌ പുനര്‍ജനിക്കുന്നു. ഇതില്‍നിന്ന്‌ അമ്ലം, സള്‍ഫര്‍ എന്നിവ നീക്കി നാരുകള്‍ നൂല്‌ക്കുന്നു.

വിസ്‌കോസ്‌ റയോണ്‍ ഉത്‌പാദനം

റയോണ്‍ നിര്‍മാണത്തിനുള്ള മറ്റൊരു രീതിയായ കുപ്രമോണിയം പ്രക്രിയ 1890-ല്‍ ഫ്രാന്‍സിലാണ്‌ കണ്ടു പിടിക്കപ്പെട്ടത്‌. സെലുലോസിനെ കുപ്രമോണിയം ഹൈഡ്രാക്‌സൈഡില്‍ ലയിപ്പിക്കാമെന്ന ഷ്വൈറ്റ്‌സറുടെ കണ്ടുപിടിത്ത(1857)ത്തെ അടിസ്ഥാനമാക്കിയാണ്‌ ഈ രീതി ആവിഷ്‌കരിക്കപ്പെട്ടത്‌. കോപ്പര്‍ സള്‍ഫേറ്റിന്റെ സാന്ദ്രലായനിയും അമോണിയം ഹൈഡ്രാക്‌സൈഡും ചേര്‍ന്ന ലായനിയില്‍ സെലുലോസ്‌ ലയിപ്പിക്കുന്നു. ലായനി അരിച്ച്‌ പാകംവന്ന ശേഷം വായുക്കുമിളകള്‍ നീക്കി നേര്‍ത്ത സള്‍ഫ്യൂറിക്‌ അമ്ലത്തിലേക്ക്‌ ബഹിര്‍വേധനം ചെയ്യുന്നു. ഇത്തരത്തില്‍ പുനരുത്‌പാദിപ്പിക്കപ്പെടുന്ന റയോണ്‍ നാര്‌ പിന്നീട്‌ വസ്‌ത്രനിര്‍മാണത്തിനുപയോഗിക്കുന്നു.

സെല്ലുലോസ്‌ കാര്‍ബണ്‍ ഡൈഓക്‌സൈഡുമായി പ്രവര്‍ത്തിച്ച്‌ വിസ്‌കോസ്‌ റയോണ്‍ ഉണ്ടാകുന്നു

റയോണ്‍ നാരുകള്‍ പുനരുത്‌പാദിത സെലുലോസാണെങ്കിലും ഇതിനു ചില വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടാവും. തന്മാത്രാഭാരം കുറഞ്ഞ ഗ്ലൂക്കോസ്‌ യൂണിറ്റുകള്‍ ചേര്‍ന്ന ഒരതിഭീമ തന്മാത്രയാണ്‌ സെലുലോസ്‌. പുനരുത്‌പാദിപ്പിക്കപ്പെടുമ്പോള്‍ ഗ്ലൂക്കോസ്‌ ശൃംഖലയുടെ നീളം കുറയുന്നു. നനഞ്ഞിരിക്കുമ്പോള്‍ റയോണ്‍നാരിന്റെ വലിവുറപ്പ്‌ 10-50 ശതമാനം വരെ കുറയാറുണ്ട്‌.

നൈലോണ്‍

അസറ്റേറ്റ്‌ റയോണ്‍. ഇത്‌ സെലുലോസ്‌ അസറ്റേറ്റാണ്‌. പുനരുത്‌പാദിത സെലുലോസി(റയോണ്‍)ല്‍ നിന്നു വിഭിന്നമാണിത്‌. സെലുലോസില്‍നിന്നുണ്ടായ ഒരു രാസ ഉത്‌പന്നം-സെലുലോസിന്റെ എസ്റ്റര്‍- ആണ്‌ അസറ്റേറ്റ്‌ റയോണ്‍. സെലുലോസ്‌ അസറ്റിക്‌ അന്‍ഹൈഡ്രൈഡുമായി പ്രതിപ്രവര്‍ത്തിപ്പിച്ച്‌ സെലുലോസ്‌ അസറ്റേറ്റുണ്ടാക്കുന്നു. സെലുലോസ്‌ മുഴുവനും ദഹിച്ചു ലയിച്ചു തീരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കും. സള്‍ഫ്യൂറിക്‌ അമ്ലമോ പെര്‍ക്ലോറിക്കമ്ലമോ ഉത്‌പ്രരകമായി ഉപയോഗിക്കുന്നു. സെലുലോസ്‌ അസറ്റേറ്റിനെ വെള്ളം ചേര്‍ത്ത്‌ അവക്ഷേപിച്ചെടുത്തശേഷം അസറ്റോണില്‍ ലയിപ്പിക്കുന്നു. ഈ അസറ്റോണ്‍ ലായനി ചൂടുള്ള വായുവിലേക്കു ചെറുസുഷിരങ്ങളിലൂടെ ബഹിര്‍വേധനം ചെയ്‌താല്‍ സെലുലോസ്‌ അസറ്റേറ്റ്‌ നാരുകള്‍ ലഭിക്കും. അസറ്റോണിന്റെ എളുപ്പം ബാഷ്‌പീകരിക്കുന്ന സ്വഭാവമാണിതിന്‌ സഹായിക്കുന്നത്‌. നാരുകളാക്കുന്നതിനു മുമ്പ്‌ അസറ്റോണ്‍ ലായനിയില്‍ ആവശ്യമുള്ള ചായങ്ങള്‍ ചേര്‍ത്തു നിറംപിടിപ്പിക്കാമെന്ന മെച്ചം കൂടിയുണ്ട്‌. സാധാരണ റയോണിനെക്കാള്‍ തിളക്കവും ചുളിയാതിരിക്കാനുള്ള കഴിവും അസറ്റേറ്റ്‌ റയോണിനുണ്ട്‌.

അര്‍ണല്‍(Arnel) എന്നൊരു സെലുലോസ്‌ ട്ര അസറ്റേറ്റ്‌ തന്തു 1954-ല്‍കണ്ടുപിടിക്കപ്പെട്ടു. മെച്ചപ്പെട്ട ജലവികര്‍ഷണശക്തി, ചൂടു സഹിക്കാനുള്ള ശേഷി, അലക്കുമ്പോള്‍ ചുളിവു വീഴാതിരിക്കല്‍തുടങ്ങി സവിശേഷഗുണങ്ങള്‍ ഇത്തരം തന്തുക്കള്‍ക്കുണ്ട്‌. ഇവ കൂടാതെ സെലുലോസുമായി ബന്ധപ്പെട്ട മറ്റു കൃത്രിമ നാരുകളുണ്ട്‌. ആല്‍ക്കലി ചേര്‍ത്ത സെലുലോസും ഈഥൈല്‍ക്ലോറൈഡും തമ്മില്‍ചേര്‍ന്നുകിട്ടുന്ന ഈഥൈല്‍ സെലുലോസ്‌ ഇതിലൊന്നാണ്‌.

പ്രാട്ടീന്‍ നാരുകള്‍. സസ്യ പ്രാട്ടീനുകളില്‍നിന്നു നാരുകള്‍ നിര്‍മിച്ചെടുക്കുന്നു. പാലില്‍ക്കാണുന്ന കേസീന്‍ എന്ന പ്രാട്ടീനിനെ നാരാക്കി മാറ്റിയിട്ടുണ്ട്‌. പാലില്‍ സള്‍ഫ്യൂറിക്‌ അമ്ലം ചേര്‍ത്താല്‍ പ്രാട്ടീന്‍ അവക്ഷേപിക്കപ്പെടുന്നു. ഇതു നേര്‍ത്ത ആല്‍ക്കലിയില്‍ ലയിപ്പിച്ചു വീണ്ടും അവക്ഷേപിച്ചെടുക്കുകയാണു ചെയ്യുന്നത്‌. നിലക്കടലയില്‍ നിന്നു കിട്ടുന്ന പ്രാട്ടീന്‍ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന കൃത്രിമനാരാണ്‌ "അഡ്രില്‍' എന്ന വാണിജ്യനാമത്തില്‍ അറിയപ്പെടുന്നത്‌. സോയാബീന്‍ പ്രാട്ടീന്‍ ആല്‍ക്കലിയില്‍ ലയിപ്പിച്ചു ബഹിര്‍വേധനം നടത്തിയും കൃത്രിമനാരുകള്‍ ഉണ്ടാക്കുന്നുണ്ട്‌. 1948-ല്‍ വിപണിയിലെത്തിയ ഒരു പ്രാട്ടീന്‍ നാരാണ്‌ "വികാര' (Vicara).

പോളി അമൈഡുകള്‍. ഒരു ദ്വിക്ഷാരക അമ്ലവും ഡൈ അമീനും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന പോളിമറുകളില്‍നിന്ന്‌ ഉത്‌പാദിപ്പിക്കുന്നവയാണ്‌ പോളി അമൈഡുകള്‍. വിഖ്യാതമായ നൈലോണ്‍ ഈ കുടുംബത്തില്‍പ്പെടുന്നു. നാരുകള്‍, പ്ലാസ്റ്റിക്കുകള്‍ മുതലായവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ദീര്‍ഘശൃംഖലാ സംശ്ലേഷിത-പോളി-അമൈഡുകള്‍ക്ക്‌ പൊതുവേയുള്ള പേരാണ്‌ നൈലോണ്‍ എന്നത്‌. 1938-ല്‍ ഡ്യൂപോണ്ടകമ്പനി ആണ്‌ നൈലോണ്‍ പുറത്തിറക്കിയത്‌. അഡിപ്പിക്‌ അമ്ലം, ഹെക്‌സാമെഥിലീന്‍ ഡൈഅമീന്‍ എന്നിവ പോളിമറീകരിച്ചാണ്‌ ആദ്യം നൈലോണ്‍ ഉണ്ടാക്കിയത്‌. ഈ പദാര്‍ഥം നൈലോണ്‍ 6,6 എന്ന പേരില്‍ അറിയപ്പെട്ടു.

HOOC-(CH2)n-COOH എന്ന സാമാന്യസൂത്രമുള്ള അലിഫാറ്റിക്‌ ദ്വിബേസിക അമ്ലങ്ങളെല്ലാംതന്നെ ഇത്തരത്തില്‍ പോളിമര്‍ നിര്‍മാണത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌. അതുപോലെ തന്നെ ഹെക്‌സാ മെഥിലീന്‍ ഡൈഅമീനു പകരം മറ്റു ഡൈ അമീനുകളും ഉപയോഗിക്കാം. ഇത്തരത്തില്‍ നിരവധിതരം നൈലോണുകള്‍ നിര്‍മിക്കപ്പെടുന്നുണ്ട്‌. നൈലോണ്‍ നിര്‍മാണവസ്‌തുക്കളുടെ പട്ടിക താഴെ ചേര്‍ക്കുന്നു.

ഈ രാസവസ്‌തുക്കളെല്ലാം കല്‍ക്കരി, വായു, വെള്ളം എന്നീ അടിസ്ഥാനപദാര്‍ഥങ്ങളില്‍നിന്നു വളരെ എളുപ്പം നിര്‍മിച്ചെടുക്കാവുന്നവയാണ്‌. കാപ്രാലാക്‌ടത്തില്‍ നിന്ന്‌ ഉണ്ടാക്കിയെടുത്ത നൈലോണാണ്‌ നൈലോണ്‍ 6. സെക്ലോഹെക്‌സേന്‍ എന്ന ഹൈഡ്രാകാര്‍ബണില്‍ നിന്നു കാപ്രാലാക്‌ടം എളുപ്പം നിര്‍മിച്ചെടുക്കാവുന്നതാണ്‌.

പോളികാപ്രാലാക്‌ടമാണ്‌ നൈലോണ്‍ 6. ഇതേ ഉത്‌പന്നം വിവിധ രാജ്യങ്ങളില്‍ വിവിധ പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. ജര്‍മനിയില്‍ ഇത്‌ പെര്‍ലോണ്‍ വ-ഉം, ഹോളണ്ടില്‍ എന്‍കസ്‌ലോണും സ്വിറ്റ്‌സര്‍ലണ്ടില്‍ ഗ്രിലോണും (grilon) റഷ്യയില്‍ ക്രാപ്രാണുമാണ്‌. നൈലോണിനു വളരെയധികം ബലവും വളരെ താണ മാപനാങ്കവും (modular) ഉന്നതമായ പ്രത്യാഗതിയും (resilience രൂപവ്യത്യാസം വീണ്ടെടുക്കാനുള്ള കഴിവ്‌) ഉണ്ട്‌. ക്ഷാരങ്ങള്‍ ഇതിനെ നശിപ്പിക്കുന്നില്ല. അമ്ലങ്ങള്‍ ഇവയുടെ തന്മാത്രാഘടനയെ തകര്‍ക്കുന്നു. നൈലോണ്‍ തന്തുക്കള്‍ വളരെക്കുറച്ചു ജലാംശം മാത്രമേ വലിച്ചെടുക്കൂ. വ്യാവസായികരംഗത്തും സൈനികരംഗത്തും പ്രാധാന്യമുള്ള പല വസ്‌തുക്കളുടെയും നിര്‍മിതിക്കു നൈലോണ്‍ ഉപയോഗിക്കുന്നു. വല, പാരച്യൂട്ട്‌, വസ്‌ത്രം തുടങ്ങിയവ നൈലോണ്‍കൊണ്ട്‌ നിര്‍മിക്കുന്ന നിരവധി വസ്‌തുക്കളില്‍ ചിലവയാണ്‌.

ആരോമാറ്റിക്‌ ദ്വിബേസിക അമ്ലങ്ങളും ഡൈ അമീനുകളും തമ്മില്‍ പ്രവര്‍ത്തിച്ചുള്ള പോളി അമൈഡുനാരുകളും ഇന്നു ലഭ്യമാണ്‌. നൈലോണ്‍ 6,6 പോലുള്ള രേഖീയനാരുകളല്ല, പ്രത്യുത, വലയാകൃതിയിലുള്ള നാരുകളാണ്‌ ഇവ. ഈ പ്രത്യേക ഘടനയുള്ളതിനാല്‍ താപരോധകശക്തി ഇവയ്‌ക്ക്‌ കൂടുതലായിരിക്കും. നൈലോണ്‍ 6,6-ന്റെ ഉരുകല്‍ നിലയെക്കാള്‍ വളരെ ഉയര്‍ന്ന താപനിലകളില്‍ (ഉദാ. 260-315ബ്ബഇ) ഇവ ഉപയോഗിക്കാം. ഈ പ്രകൃതത്തില്‍പ്പെടുന്ന ആദ്യത്തെ ഉത്‌പന്നം നോമക്‌സ്‌ (Nomex) എന്ന്‌ അറിയപ്പെടുന്നു. ഡ്യൂപോണ്ടാണ്‌ ഇതും നിര്‍മിച്ചത്‌.

നിരവധി വീട്ടാവശ്യങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കും നൈലോണ്‍നാരുകള്‍ ഉപയോഗിക്കുന്നുണ്ട്‌. നൈലോണ്‍ ചരടുകള്‍, കയര്‍, ചണം എന്നീ പ്രകൃതിദത്തനാരുകളെ ബഹുദൂരം പിന്‍തള്ളിക്കളഞ്ഞു. കാരണം ഇതിന്റെ വലിവുറപ്പുകൂടുതല്‍ തന്നെ.

പോളിവിനൈല്‍ നാരുകള്‍. അപൂരിതതന്മാത്രകളായ വിനൈല്‍ ക്ലോറൈഡ്‌, വിനിലിഡീന്‍ ക്ലോറൈഡ്‌, വിനൈല്‍ അസറ്റേറ്റ്‌, അക്രിലിക്‌ അമ്ലം, അക്രിലിന്‍ എസ്റ്ററുകള്‍ (പ്രത്യേകിച്ചും മീഥൈല്‍ മെഥാക്രിലേറ്റ്‌), അക്രലോ നൈട്രല്‍, എഥിലീന്‍, ടെട്രാഫ്‌ളൂറോ എഥിലീന്‍ എന്നിവ മാത്രമോ മറ്റുള്ളവയോടു ചേര്‍ന്നോ പോളിമറീകരിച്ചു കിട്ടുന്നവയാണ്‌ പോളിവിനൈല്‍ നാരുകള്‍. ഡൈനല്‍ 1950, വിനിയോണ്‍ HH 1939, സരാന്‍ 1940-47, പോളി എഥിലീന്‍ 1947, ഓര്‍ലോണ്‍ 1948-50, അക്രിലാന്‍ 1950-52, ടെഫ്‌ളോണ്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. വിനിയോണ്‍ HH, വിനിയോണ്‍ E,വിനിയോണ്‍ N എന്നിവയെല്ലാം വിനൈല്‍ അസറ്റേറ്റ്‌ പോളിമറുകളാണ്‌. വിനിലിഡീന്‍ ക്ലോറൈഡിന്റെയും വിനൈല്‍ ക്ലോറൈഡിന്റെയും ഒരു സഹപോളിമറാണ്‌ സരാന്‍. അക്രിലാന്‍, ഓര്‍ലോണ്‍ എന്നിവ പോളിഅക്രിലോ നൈട്രലുകളാണ്‌. ശക്തിയും ഉറപ്പും ബലവും ഉള്ളവയാണ്‌ അക്രിലിക്‌ നാരുകള്‍. ഇവയ്‌ക്കു തേയ്‌മാനത്തെ ചെറുക്കാന്‍ വളരെയധികം കഴിവുണ്ട്‌. ഇക്കൂട്ടത്തില്‍ത്തന്നെ പെടുത്താവുന്ന ഒന്നാണ്‌ ടെഫ്‌ളോണ്‍ അഥവാ പോളിടെട്രാഫ്‌ളൂറോ എഥിലീന്‍. ഉയര്‍ന്നതും താഴ്‌ന്നതുമായ താപനിലകളില്‍ കേടുവരാതിരിക്കുക, പൂപ്പു പിടിക്കാതിരിക്കുക, താപപ്രതിരോധം, വൈദ്യുതപ്രതിരോധം, രാസനിഷ്‌ക്രിയത്വം എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ ടെഫ്‌ളോണിനുണ്ട്‌.

പ്രാകാശിക നാരുകള്‍

പോളിഎസ്റ്ററുകള്‍. പോളിഎസ്റ്റര്‍, ടെറിലിന്‍, ഡാക്രാണ്‍, ടെറീന്‍ എന്നിങ്ങനെ വിവിധ വാണിജ്യനാമങ്ങളിലറിയപ്പെടുന്ന തുണിത്തരങ്ങളെല്ലാം പോളി എസ്റ്ററുകളാണ്‌. ടെറിഥാലിക്‌ അമ്ലവും എഥിലീന്‍ ഗ്ലൈക്കോളും തമ്മില്‍ പ്രവര്‍ത്തിപ്പിച്ചു പോളിമറീകരിച്ച്‌ ബ്രിട്ടനിലെ ഇംപീരിയല്‍ കെമിക്കല്‍ ഇന്‍ഡസ്‌ട്രീസ്‌ ടെറിലീന്‍ നിര്‍മിച്ചു.

കോള്‍ടാറില്‍നിന്നു ലഭിക്കുന്ന പാരാസൈലീന്‍ എന്ന ആരോമാറ്റിക ഹൈഡ്രാകാര്‍ബണ്‍ ഓക്‌സീകരിക്കുമ്പോള്‍ ടെറിഥാലിക്‌ അമ്ലമായി മാറും. മീഥൈല്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിപ്പിച്ച്‌ ഇത്‌ ഡൈ മീഥൈല്‍ ടെറിഥാലിക്‌ എസ്‌റ്ററാക്കുന്നു. ഈ എസ്റ്റര്‍ ശുദ്ധമാക്കിയശേഷം എഥിലീന്‍ ഗ്ലൈക്കോളുമായി ചേര്‍ത്ത്‌ പോളിമറീകരിച്ചാണ്‌ പോളി എസ്റ്റര്‍ ഉണ്ടാക്കുന്നത്‌. ഉത്‌പന്നമായി കിട്ടുന്ന ഖരപദാര്‍ഥം ഉരുക്കി അതിസൂക്ഷ്‌മങ്ങളായ ദ്വാരങ്ങളില്‍ക്കൂടി ബഹിര്‍വേധനം നടത്തിയാണ്‌ നാരുകളുണ്ടാക്കുന്നത്‌. ടെറിഥാലിക്‌ ആസിഡുമായി ബന്ധമുള്ള മറ്റ്‌ ആസിഡുകളും അതുപോലെ തന്നെ മറ്റു ഗ്ലൈക്കോളുകളും ഉപയോഗിക്കാവുന്നതാണ്‌. ഉരുക്കിയ പദാര്‍ഥത്തില്‍ ചായം ചേര്‍ത്തു വിവിധ നിറങ്ങളിലുള്ള നാരുകളുണ്ടാക്കാം.

വസ്‌ത്രനിര്‍മാണരംഗത്താണ്‌ ടെറിലീന്‍ കൂടുതല്‍ ഉപയോഗിക്കപ്പടുന്നത്‌. ചുളിവു വീഴാതിരിക്കും എന്നതാണ്‌ ഇതിന്റെ വലിയ മെച്ചം. എളുപ്പം കഴുകി ഉണക്കാമെന്ന സൗകര്യമുണ്ട്‌. ടെറിലീന്റെ (പോളി എസ്റ്റര്‍)യും പരുത്തിയുടെയും നൂലുകള്‍ കൂട്ടിക്കലര്‍ത്തിയുള്ള തുണിത്തരങ്ങളും ഇന്ന്‌ ധാരാളമായി ഉത്‌പാദിപ്പിക്കുന്നുണ്ട്‌.

അകാര്‍ബണികനാരുകള്‍. കൃത്രിമനാരുകളുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന ചില അകാര്‍ബണിക നാരുകളും ഉണ്ട്‌. ഉദാ. ഗ്ലാസ്‌ നാര്‌. ഉരുക്കിയ ഗ്ലാസിനെ നാരുപോലെ ആക്കി ബഹിര്‍വേധനം ചെയ്‌ത്‌ ഇതു നിര്‍മിക്കാം. ഫോട്ടോ ഇലക്‌ട്രാണികമേഖലയിലും വൈദ്യശാസ്‌ത്രരംഗത്തും വമ്പിച്ച പ്രാധാന്യമുള്ള പ്രാകാശിക നാരുകള്‍ (optical fibres) പ്രകാശരശ്‌മികളെ കടത്തിവിടാന്‍ കഴിവുള്ള ശുദ്ധമായ ഗ്ലാസുകൊണ്ട്‌ ഉണ്ടാക്കപ്പെട്ടവയാണ്‌. സാങ്കേതികമായി വളരെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌ കാര്‍ബണ്‍ നാര്‌. ചണം, കയര്‍ എന്നീ പ്രകൃതിജന്യനാരുകളും റയോണ്‍, നൈലോണ്‍പോലുള്ള കൃത്രിമനാരുകളും ഓക്‌സിജന്‍ തീരെയില്ലാത്ത അന്തരീക്ഷത്തില്‍ കാര്‍ബണീകരിച്ച്‌ ഇതുണ്ടാക്കാം. വലിവുറപ്പ്‌, ഭാരം താങ്ങാനുള്ള കഴിവ്‌, കടുപ്പം എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ ഇതിനുണ്ട്‌.

ലോഹനാരുകള്‍. വളരെ പണ്ടുമുതല്‌ക്കുതന്നെ വസ്‌ത്രങ്ങളില്‍ അലങ്കാരപ്പണികള്‍ക്കായി സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹനാരുകള്‍ ഉപയോഗിച്ചിരുന്നു. സ്റ്റീല്‍ നാരുകള്‍കൊണ്ട്‌ കോണ്‍ക്രീറ്റ്‌ പ്രബലിതമാക്കുന്നത്‌ ഇന്ന്‌ വ്യാപകമാണ്‌. "റേമെറ്റ്‌' (Reymat), "മെറ്റ്‌ലോണ്‍' (Metlon), "ലൂറക്‌സ്‌' (Lurex) എന്നീ പേരുകളിലുള്ള ലോഹനാരുകള്‍ ഇന്നു സുലഭമാണ്‌. ഇലാസ്‌തിക നാരുകള്‍. പ്രാചീനകാലത്ത്‌ റബ്ബറിന്റെ കഷണങ്ങള്‍ മുറിച്ചെടുത്താണ്‌ വസ്‌ത്രങ്ങളില്‍ പിടിപ്പിക്കാനുള്ള ഇലാസ്‌തികനാരുകളായി ഉപയോഗിക്കുന്നത്‌. പിന്നീട്‌ റബ്ബറിന്റെ ബഹിര്‍വേധനത്തിലൂടെ കുറേക്കൂടി നേര്‍മയും വലിവുറപ്പുമുള്ള ഇലാസ്‌തിക നാരുകള്‍ ഉത്‌പാദിപ്പിച്ചു. എന്നാല്‍ 1958 മുതല്‍ പോളി യൂറിത്തേന്‍ പോളിമറുകള്‍ ഉപയോഗിച്ചുള്ള സംശ്ലേഷിത ഇലാസ്റ്റോമെറികനാരുകള്‍ രംഗത്തുവന്നു. ലിക്ക്‌റ (Lycra), വൈറന്‍ (Vyrene), ഗ്ലോസ്‌പാന്‍ (Glospan) എന്നീ പേരുകളില്‍ ഇത്‌ അറിയപ്പെടുന്നു.

ഗുണധര്‍മങ്ങള്‍. യാന്ത്രികവും, ഭൗതികവും, രാസപരവും, ജ്യാമിതീയവും, ജീവശാസ്‌ത്രപരവുമായ നിരവധി ഗുണധര്‍മങ്ങളെ നാരുകള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്‌. വലിവുറപ്പ്‌; രൂപവും നിറവും നിലനിര്‍ത്താനുള്ള കഴിവ്‌; ഈര്‍പ്പം അവശോഷിപ്പിക്കാനുള്ള കഴിവ്‌; സ്ഥിര വൈദ്യുതഗുണധര്‍മങ്ങള്‍; പ്രകാശം, താപം, ഘര്‍ഷണം, തേയ്‌മാനം എന്നിവ ചെറുക്കാനുള്ള ശേഷി; പ്രാണികള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ ആക്രമണത്തെ തടയാനുള്ള കഴിവ്‌ തുടങ്ങി നിരവധി കാര്യങ്ങള്‍ ഒരേസമയം സാക്ഷാത്‌കരിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ നാരുകള്‍ പ്രയോജനപ്രദമാകൂ. എല്ലാത്തരം ഉപയോഗങ്ങള്‍ക്കും എല്ലാത്തരം നാരുകളും ഫലപ്രദമല്ല. അതുകൊണ്ടുതന്നെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കായി പ്രത്യേകതരം നാരുകള്‍ ഇന്ന്‌ ഉത്‌പാദിപ്പിച്ചുവരുന്നു.

(പി.കെ. രവീന്ദ്രന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍