This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൂറുമത്സരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൂറുമത്സരം
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ശുകപുരം (ചോകിരം), പന്നിയൂര്‍ എന്ന രണ്ടു ബ്രാഹ്മണഗ്രാമങ്ങള്‍ തമ്മില്‍ സു. 1275 മുതല്‍ 1770 വരെ നിലനിന്നിരുന്ന മത്സരം. രണ്ടു ഗ്രാമങ്ങളും പരശുരാമന്‍ സ്ഥാപിച്ചതാണെന്ന് വിശ്വസിച്ചുവരുന്നു. ക്രമേണ മലയാള ബ്രാഹ്മണര്‍ ഈ ഗ്രാമങ്ങളില്‍ ഒന്നിനോട് കൂറുള്ളവരായി ചേരിതിരിയുകയുണ്ടായി. മധ്യകാല കേരളബ്രാഹ്മണര്‍ യോദ്ധാക്കളുമായിരുന്നു. മരുമക്കത്തായ സ്‌ത്രീകളുമായുള്ള സംബന്ധം (കൂട്ടിയിരുപ്പ്-കൂട്ടിരുപ്പ്) നിമിത്തം മധ്യകേരളത്തിലെ നാടുവാഴികളും പ്രഭുക്കന്മാരും മറ്റും ഇവര്‍ക്ക് വഴങ്ങി, ഇവരുടെ സ്വാധീനതയിലാണ് വര്‍ത്തിച്ചുപോന്നിരുന്നത്.
1225-ലെ വീരരാഘവപ്പട്ടയത്തില്‍ സാക്ഷികളായിട്ടാണ് ഈ രണ്ടു ഗ്രാമങ്ങളെയും ചരിത്രരേഖകളില്‍ ആദ്യമായി കാണുന്നത്. വൈഷ്‌ണവോപാസകരായ പന്നിയൂര്‍ ഗ്രാമക്കാര്‍ ഒരു ശിവപ്രതിഷ്‌ഠ നടത്തുവാന്‍ ആരംഭിച്ചു. എന്നാല്‍ ഇതിനായുള്ള ശിവലിംഗം ശൈവോപാസകരായിരുന്ന ചോകിരക്കാര്‍ തട്ടിക്കൊണ്ടുപോയി. തിരുമനശ്ശേരി നമ്പൂതിരിയുടെ നേതൃത്വത്തില്‍ പന്നിയൂര്‍ക്കാര്‍ ചോകിരത്തെ ആക്രമിച്ച്, ഇല്ലങ്ങള്‍ക്കു തീവയ്‌ക്കുകയും ശിവലിംഗം വീണ്ടെടുക്കുകയും ചെയ്‌തു. തുടര്‍ന്ന് ചോകിരക്കാര്‍ക്കു ബന്ധപ്പെട്ട വള്ളുവനാട്, പാലക്കാട്, പെരുമ്പടപ്പ് (കൊച്ചി) എന്നിവയുടെ നാടുവാഴികളും പ്രഭുക്കളും അവരുടെ സഹായത്തിനെത്തി. പന്നിയൂര്‍ക്കാരുടെ സഹായത്തിന് കോഴിക്കോട്ടു സാമൂതിരിയും യുദ്ധരംഗത്തിറങ്ങി. ഇങ്ങനെ മധ്യകേരളം രണ്ടു കൂറായി തിരിഞ്ഞു പടവെട്ടാന്‍ തുടങ്ങി. 15-ാം ശതകത്തിലെ ഉണ്ണിച്ചിരുതേവിചരിതം, ഉണ്ണീയാടീചരിതം, ചക്രവാകസന്ദേശം എന്നീ കൃതികളില്‍ ഈ മത്സരത്തെ സ്‌മരിച്ചു കാണുന്നു. സാമൂതിരിക്ക് കൂറുമത്സരംകൊണ്ടു ഒരു സാമ്രാജ്യം സ്ഥാപിക്കുവാന്‍ സാധിച്ചു. പക്ഷേ മത്സരം നിമിത്തം ശക്തി ക്ഷയിച്ച ഈ നാടുവാഴികള്‍ക്ക്, 1770-ഓടുകൂടി മൈസൂര്‍ സുല്‍ ത്താനായ ഹൈദരാലിക്കു കീഴടങ്ങേണ്ടിവന്നു. കേരളത്തില്‍ ഏകാധിപത്യം സ്ഥാപിക്കാതിരിക്കാന്‍ ചേരമാന്‍ പെരുമാള്‍ ഏര്‍പ്പെടുത്തിയ ഒരു മുന്‍കരുതലാണിതെന്ന ഒരു പഴങ്കഥ കാന്റര്‍വിഷര്‍ എന്ന ഡച്ചുപാതിരി രേഖപ്പെടുത്തിക്കാണുന്നു. 1900-നു മുമ്പ് ഈ രണ്ടു കൂറ്റുകാരും തമ്മില്‍ പന്തിഭോജനം പോലുമുണ്ടായിരുന്നില്ല.
""പു പൂകിരേ പന്തലകത്തു ചൂകരാഃ ചു ചൂടിരേ മാല പറിച്ചൊരോര്‍ത്തരും തതല്ലിരേ തമ്മിലതീവഘോരമായ് മമണ്ടിരേ കൊണ്ടു മണാട്ടിതന്നെയും.''
എന്ന വികലമണിപ്രവാളശ്ലോകം ഇവരുടെ കിടമത്സരത്തെ ഭംഗിയായി ചിത്രീകരിക്കുന്നു.
(പ്രാഫ. കെ.വി. കൃഷ്‌ണയ്യര്‍; സ.പ.)