This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുവിയെ, ജോർജെ (1769 - 1832)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുവിയെ, ജോര്‍ജെ (1769 - 1832)
Cuvier, Georges
ഫ്രഞ്ച് ശരീരഘടനാ ശാസ്‌ത്രജ്ഞനും ഫോസില്‍ വിജ്ഞാനിയും. കമ്പാരറ്റിവ് അനാറ്റമിയുടെയും പുരാജീവി വിജ്ഞാനത്തിന്റെയും ഉപജ്ഞാതാവായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പൂര്‍ണനാമം ജോര്‍ജെ ലിയോപ്പോള്‍ ക്രറ്റീങ് ഫ്രഡറിക് ഡാഗോബേര്‍ കുവിയെ എന്നാണ്. ഇദ്ദേഹം 1769 ആഗ. 23-ന് കിഴക്കന്‍ ഫ്രാന്‍സിലെ മോണ്ട് ബെവിയാര്‍ദില്‍ ജനിച്ചു. സ്റ്റുട്ട്‌ഗാര്‍ട്ട് അക്കാദമിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1795-ല്‍ നാഷണല്‍ മ്യൂസിയം ഒഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ കമ്പാരറ്റിവ് അനാറ്റമി വകുപ്പില്‍ ഉദ്യോഗസ്ഥനായി നിയമിതനായി; ഇതേവര്‍ഷം രൂപംകൊണ്ട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം കോളജ് ഒഫ് ഫ്രാന്‍സ്, ജാര്‍ഡിന്‍ ഡെസ്‌പ്ലാനറ്റ് എന്നിവിടങ്ങളില്‍ പ്രാഫസറായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 1803-ല്‍ ഇദ്ദേഹം അക്കാദമി ഒഫ് സയന്‍സിലെ ഭൗതിക-പ്രകൃതിശാസ്‌ത്രവിഭാഗത്തിന്റെ സ്ഥിരം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പാരിസ് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലറായി നിയമിതനായി.
ഇദ്ദേഹം നടത്തിയ ഫോസില്‍ പഠനങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഫോസിലുകളുടെയും ഇന്നത്തെ ജീവികളുടെയും സവിശേഷതകള്‍ താരതമ്യം ചെയ്‌ത ഇദ്ദേഹം ശരീരത്തിന്റെ ഒരു ഭാഗം മാത്രമായി മാറ്റത്തിനു വിധേയമാകുകയില്ല എന്നുവാദിച്ചു. ലാമാര്‍ക്കിന്റെ പരിണാമസിദ്ധാന്തത്തെ എതിര്‍ക്കാന്‍ ഈ വാദമാണ് കുവിയെ അടിസ്ഥാനമാക്കിയത്. കുവിയേയുടെ ഈ നിലപാട് ഫ്രഞ്ച് ശാസ്‌ത്രകാരന്മാരെ വളരെ സ്വാധീനിക്കുകയും "സ്‌പീഷീസുകളുടെ പരിവര്‍ത്തനോന്മുഖത' എന്ന ആശയം ഏറെക്കാലം അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്‌തു. എങ്കിലും "വംശനാശം' എന്ന ആശയം ശാസ്‌ത്രലോകത്ത് സ്ഥാപിച്ചത് കുവിയെ ആയിരുന്നു. മാമത്തുകളും ഡൈനോസോറുകളും മറ്റും അപ്രത്യക്ഷമായത് അവ നശിച്ചുപോയതുകൊണ്ടല്ല, മറിച്ച് അവ കാണപ്പെട്ടിരുന്ന സ്ഥലങ്ങളില്‍ നിന്ന് പലായനം ചെയ്‌ത് അജ്ഞാത സങ്കേതങ്ങളില്‍ എത്തിച്ചേര്‍ന്നതുകൊണ്ടാണെന്നായിരുന്നു അക്കാലത്ത് ശാസ്‌ത്രലോകത്ത് നിലനിന്നിരുന്ന വിശ്വാസം. പലപ്പോഴായി വന്‍പ്രകൃതി ദുരന്തങ്ങളില്‍ നിരവധി ജീവികള്‍ക്ക് വംശനാശം സംഭവിച്ചിട്ടുണ്ടെന്ന വാദം കുവിയെ അവതരിപ്പിച്ചു. കറ്റാസ്‌ട്രാഫിസം (Catastrophism)എന്ന ഈ ആശയത്തെ ഭൂവിജ്ഞാനീയത്തില്‍ സന്നിവേശിപ്പിച്ചവരില്‍ പ്രമുഖനായിരുന്നു കുവിയെ.
മൊളസ്‌ക വിഭാഗത്തില്‍ പ്പെടുന്ന ജീവികളെക്കുറിച്ചും മത്സ്യസ്‌പീഷീസുകളെക്കുറിച്ചും ഇദ്ദേഹം ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ജന്തുലോകത്തെ നാല് വിഭാഗങ്ങളായി തിരിക്കുന്ന ഒരു വര്‍ഗീകരണവും ഇദ്ദേഹം തയ്യാറാക്കിയിരുന്നു. ഈ വര്‍ഗീകരണത്തില്‍ നാല് വിഭാഗങ്ങളും തികച്ചും വ്യതിരിക്തവും പരസ്‌പരം ബന്ധിപ്പിക്കുന്ന കണ്ണികളില്ലാത്തതുമാണ്. ഏറ്റവും ലളിതമായതില്‍ നിന്ന് സങ്കീര്‍ണവും പൂര്‍ണവുമായ രൂപങ്ങളിലേക്ക് തുടര്‍ച്ചയായി പരിവര്‍ത്തിക്കുന്ന വ്യവസ്ഥയല്ല ജന്തുലോകത്തിന്റേത് എന്ന് വിശ്വസിച്ച കുവിയെ തയ്യാറാക്കിയ വര്‍ഗീകരണം ശ്രണീബദ്ധമായിരുന്നില്ല.
നിരവധി ശ്രദ്ധേയമായ സംഭാവനകള്‍ ശാസ്‌ത്രലോകത്തിന് നല്‍ കിയെങ്കിലും ഇദ്ദേഹത്തിന്റെ ചില നിലപാടുകള്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കാണാവുന്ന വലുപ്പത്തിലുള്ള എല്ലാ ജന്തുജീവികളെയും കണ്ടെത്തിക്കഴിഞ്ഞു എന്ന "റാഷ് ഡിക്‌റ്റം'(Rash Dictum)എന്ന പേരില്‍ കുപ്രസിദ്ധമായ ഇദ്ദേഹത്തിന്റെ പ്രസ്‌താവനയ്‌ക്കുശേഷമാണ് ഇന്ത്യന്‍ ടപീര്‍, പിഗ്മി ഹിപ്പോപൊട്ടാമസ്, വെള്ള നൈനോ ഒകാപ്പി, കോമോഡോ ഡ്രാഗണ്‍ തുടങ്ങിയ ജന്തുക്കളെ കണ്ടെത്തി വര്‍ഗീകരിച്ചത്.
ഗവണ്‍മെന്റില്‍ പല ഉന്നതസ്ഥാനങ്ങളും വഹിച്ചിരുന്ന കുവിയെ ഫ്രാന്‍സിലെ ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തു നടപ്പില്‍ വരുത്തിയിട്ടുണ്ട്. 1814-ല്‍ ഇദ്ദേഹം കൗണ്‍സില്‍ ഒഫ് സ്റ്റേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1817-ല്‍ ആഭ്യന്തരവകുപ്പിന്റെ വൈസ്‌പ്രസിഡന്റായി നിയമിതനാവുകയും ചെയ്‌തു. ടാബ്ലോ എലെമന്റയര്‍ ദേല്‍ ഹിസ്റ്റോയിര്‍ നാച്ചുറല്ലേ ദെസാനിമോ (1798), മെമ്‌വോസ് സര്‍ലെ സ്‌പെസസ് ഡി എലഫെന്റ്‌സ് വിവന്റ്‌സ് എ ഫോസ്സില്‍ സ് (1800), ലെസന്‍സ് ദാ അനാറ്റമി കംപാരീ (5 വാല്യങ്ങള്‍, 1801-5), റെഷര്‍ ചെസു ലെസ്സോസെമെന്റ്‌സ് ഫോസ്സിലെ ദെ ക്വാഡ്രൂപിഡെ (1812), ലെ റെഗ്നെ ആനിമല്‍ ഡെസ്‌ട്രിബ്യൂ ദാപ്ര സോങ് ഓര്‍ഗനൈസേഷന്‍ങ് (1817) എന്നിവയാണ് കുവിയെയുടെ പ്രമുഖ കൃതികള്‍. ഇദ്ദേഹം 1832 മേയ് 13-ന് പാരിസില്‍ വച്ചു നിര്യാതനായി.