This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അത്‍ലാന്താ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അത്‍ലാന്താ
Atlanta
ഗ്രീക് പുരാണപ്രസിദ്ധമായ ഒരു ആര്‍ക്കേഡിയന്‍ദേവി. ഓട്ടത്തിലും വേട്ടയിലും മല്‍പിടുത്തത്തിലും അവര്‍ അദ്വിതീയയായിരുന്നു. അവരുടെ പിതാവ് (ഇയാസസ്) ഒരു പുത്രനുണ്ടാകാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കെയാണ് അവര്‍ ജനിച്ചത്. ജനിച്ച ഉടനെ അവരെ പാര്‍ത്തീനിയസ് പര്‍വതത്തില്‍ ഉപേക്ഷിച്ചു. ഒരു പെണ്‍കരടി അവര്‍ക്കു മുലകൊടുത്തു; വേട്ടക്കാര്‍ അവരെ എടുത്തു വളര്‍ത്തി; വേട്ടക്കാരുടെ പരുക്കന്‍ ജീവിതം അവര്‍ ശീലിച്ചു. പ്രായമായിട്ടും അത് ലാന്താ കാനനങ്ങളില്‍ ഏകാന്തജീവിതം നയിച്ചു. നായാട്ടിലായിരുന്നു അവര്‍ക്കു താത്പര്യം. വിവാഹത്തെപ്പറ്റി അവജ്ഞാപൂര്‍വം ചിന്തിക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളു. തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ച സെന്റോട്സിനെയും റേകാസിനെയും ഹൈലയൂസിനെയും അത്‍ലാന്താ വധിച്ചു. ഏത്തോളിയയിലെ വിളവുകള്‍ നശിപ്പിക്കാന്‍ ആര്‍ത്തെമിസ് അയച്ച ഭീകരനായ കാട്ടുപന്നിയെ ഹിംസിക്കുന്നതില്‍ മെലീഗറെ സഹായിച്ചു. പെലിയാസിന്റെ ബഹുമാനാര്‍ഥം നടത്തപ്പെട്ട കായികാഭ്യാസപ്രദര്‍ശനത്തില്‍ അയാളെ പരാജയപ്പെടുത്തി.
ഒടുവില്‍ അത് ലാന്താ തന്റെ മകളാണെന്ന് ഇയാസസിനു മനസ്സിലായി. അവരെ വിവാഹം ചെയ്തുകൊടുക്കാന്‍ അയാള്‍ തീരുമാനിച്ചു. ഓട്ടപ്പന്തയത്തില്‍ തന്നെ ജയിക്കുന്നയാളെ വിവാഹം കഴിക്കാമെന്നും തന്നോടു തോല്‍ക്കുന്നവരെ വധിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. അനേകം കാമുകന്മാര്‍ മത്സരിച്ചു പരാജയപ്പെട്ട് ജീവന്‍ വെടിഞ്ഞു. ഒടുവില്‍ മെലാനിയയിലെ ഹിപ്പൊമെനിസ് ഒരു തന്ത്രം പ്രയോഗിച്ചു. അഫ്രൊഡൈറ്റു കൊടുത്ത മൂന്നു ആപ്പിള്‍പ്പഴങ്ങള്‍ ഓട്ടമത്സരത്തിനിടയില്‍ ഒന്നൊന്നായി അയാള്‍ നിലത്തിട്ടു. പഴങ്ങളുടെ ഭംഗികണ്ട് അവ പെറുക്കിയെടുക്കാന്‍ താമസിച്ച അത് ലാന്താ ഓട്ടത്തില്‍ തോറ്റു. അങ്ങനെ അവര്‍ വിവാഹിതരായി. ഈ ദമ്പതികള്‍ പില്ക്കാലം സിയൂസിന്റെ ക്ഷേത്രം അശുദ്ധമാക്കുകയാല്‍ അഫ്രൊഡൈറ്റ് ഇവരെ ശപിച്ചു സിംഹങ്ങളാക്കി.
അത് ലാന്തയും മെലീഗറും കൂടി നടത്തിയ കാട്ടുപന്നിവേട്ടയെ ആസ്പദമാക്കി സ്വിന്‍ബേണ്‍ 1865-ല്‍ അത്‍ലാന്താ ഇന്‍ കാലിഡോണ്‍ (Atlanta in Calidon) എന്നൊരു ദുരന്തകാവ്യം എഴുതിയിട്ടുണ്ട്.