This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്മസാക്ഷാത്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:14, 16 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ആത്മസാക്ഷാത്കാരം

ആത്മാവിനെ നേരിട്ടനുഭവിക്കുക. ആത്മാവിനെക്കുറിച്ചുള്ള പ്രത്യക്ഷമായ യഥാര്‍ഥ ജ്ഞാനമാണ് ആത്മസാക്ഷാത്കാരം. അതാണ് മോക്ഷോപായം. ആത്യന്തികമായ ദുഃഖനിവൃത്തിയും നിരതിശയാനന്ദവാപ്തിയുമാണ് മോക്ഷം. മതങ്ങളും ഭാരതീയദര്‍ശനങ്ങളും ആത്മാവിന്റെ യാഥാര്‍ഥ്യം കണ്ടെത്തുവാനും അങ്ങനെ ജന്‍മജരാമരണാദി ക്ലേശരൂപമായ സംസാരത്തില്‍ നിന്നു മോചനം നേടുവാനും ഉള്ള മാര്‍ഗങ്ങളെ പ്രതിപാദിക്കുന്നവയാണ്. ഉപായങ്ങള്‍ ഭിന്നങ്ങളാണെങ്കിലും ഉപേയം അഭിന്നമാണ്; ഏകമാണ്. അതു പരമപുരുഷാര്‍ഥമായ മോക്ഷമാണുതാനും.

അദ്വൈതദര്‍ശനത്തില്‍. അദ്വൈതികളുടെ അഭിപ്രായത്തില്‍ ഏകവും അദ്വിതീയവും സച്ചിദാനന്ദൈകരസവും ആയ ബ്രഹ്മം മാത്രമാണ് സത്യം. അത് ആത്മാവാണ്. ശരീരം, ഇന്ദ്രിയം അന്തഃകരണം തുടങ്ങിയ ഉപാധികളുടെ ഭേദമാണ് ആത്മനാനാത്വത്തിനു കാരണം. ഘടാകാശം, മഠാകാശം എന്നിങ്ങനെ ഘടമഠാധികളായ ഉപാധികളുടെ ഭേദം കൊണ്ട് ഏകമായ ആകാശം ഭിന്നമായി തോന്നാറുണ്ടല്ലൊ. ഉപാധികളുടെ നാശത്തോടെ കല്പിതമായ ഭേദവും ഇല്ലാതാകുന്നു. അവിദ്യാകല്പിതങ്ങളാണ് ശരീരേന്ദ്രിയാദികളായ ഉപാധികള്‍. ആത്മതത്ത്വജ്ഞാനമാകുന്ന വിദ്യകൊണ്ട്, പ്രകാശത്താല്‍ അന്ധകാരമെന്നപോലെ അവിദ്യ അപ്രത്യക്ഷമാകുന്നു. അതോടെ അവിദ്യാകല്പിതങ്ങളായ ഉപാധികളും നശിക്കുന്നു. അങ്ങനെ ഉപാധിനിമിത്തം കല്പിതമായ ഭേദബുദ്ധി നിവൃത്തമാകുന്നതോടെ ആത്മാവിന്റെ യഥാര്‍ഥമായ സ്വരൂപം സ്വയം പ്രകാശിക്കുന്നു. ആത്മാവ് സുഖദുഃഖാദിരഹിതവും അസംസാരിയും അകര്‍ത്താവും അഭോക്താവും ഏകവും സച്ചിദാനന്ദൈകരസവും ആയി അനുഭവപ്പെടുന്നു. 'അഹം ബ്രഹ്മാസ്മി' (ഞാന്‍ ബ്രഹ്മമാണ്) എന്നതാണ് ആ അനുഭവം. അതാണ് ആത്മസാക്ഷാത്കാരം. ആത്മസാക്ഷാത്കാരം നേടുവാനുള്ള ഉപായവും അദ്വൈതികള്‍ നിര്‍ദേശിക്കുന്നുണ്ട്. എല്ലാ ജീവജാലങ്ങളും ആത്യന്തികമായ ദുഃഖനിവൃത്തിയും നിരതിശയമായ ആനന്ദവും അഭിലഷിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരവസ്ഥ - മോക്ഷം - ഉണ്ടെന്ന് എല്ലാവരും അറിയുന്നില്ല. അജ്ഞാതമായ മോക്ഷം ഇച്ഛയ്ക്കു വിഷയമാവുകയില്ലല്ലൊ. അതിനാല്‍ തിര്യക്കുകള്‍ക്കു മുമുക്ഷയില്ല. എല്ലാ മനുഷ്യരും മുമുക്ഷുക്കളല്ല. മോക്ഷം എന്തെന്നറിയുകയും അതു നേടുവാനുള്ള ഉപായം ഗ്രഹിക്കുകയും ചെയ്യുന്നവനു മാത്രമേ മോക്ഷത്തില്‍ താത്പര്യം ഉണ്ടാകയുള്ളു. ഐഹികവും പ്രത്യക്ഷ ദൃഷ്ടവുമായ സുഖം നേടി ചാരിതാര്‍ഥ്യം അടയുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. അതിനാല്‍ അദൃഷ്ടമായ മോക്ഷം ഇച്ഛിക്കുന്നവരോ അതിനുവേണ്ടി യത്നിക്കുന്നവരോ അത്യന്തം വിരളമത്രെ.

'നിത്യാനിത്യവസ്തുവിവേകം, ഇഹാമുത്രാര്‍ഥഫലഭോഗവിരാഗം, ശമദമാദിസാധനസമ്പത്തി, മുമുക്ഷ' എന്ന നാലു സാധനകള്‍ നേടിയവനുമാത്രമാണ് ആത്മാവിനെ അറിയുവാനുള്ള ആഗ്രഹം ജനിക്കുക. സത്യമായത് - നിത്യമായത് - ഒരിക്കലും നശിക്കാത്തത് അതാണ് ആശാസ്യമെന്നും, അനൃതവും താപത്രയപരീതവും ക്ഷണികവും ആയത് അനിത്യമാകയാല്‍ ആശിക്കത്തക്കതല്ലെന്നും ഉള്ള വിവേകമാണ് ആദ്യത്തെ യോഗ്യത. ഐഹികവും ആമുഷ്മികവും ആയ കര്‍മജന്യഫലങ്ങളെല്ലാം അനിത്യങ്ങളും തുച്ഛങ്ങളും ആകയാല്‍ ആശാസ്യമല്ലെന്ന വിവേകത്തിന്റെ ഫലമായി അവയുടെ അനുഭവത്തില്‍ വിരക്തി ജനിക്കുന്നു. ഈ വിരക്തി ശമം, ദമം, തിതിക്ഷ, ഉപരതി, ശ്രദ്ധ, സമാധാനം എന്നീ സാധനകളുടെ ആവിര്‍ഭാവത്തിനു കാരണമാകുന്നു. വൈരാഗ്യജന്യമായ മനോജയം ശമവും, വിജിതമായ മനസ്സിന്റെ തത്ത്വഗ്രഹണയോഗ്യത ദമവും ശീതോഷ്ണാദി ദ്വന്ദ്വസഹിഷ്ണുത തിതിക്ഷയും, മനസ്സിന്റെ വിക്ഷേപാഭാവം ഉപരതിയും, ഗുരൂപദേശങ്ങളിലും ശാസ്ത്രവചനങ്ങളിലും ഉള്ള വിശ്വാസം ശ്രദ്ധയും, ചിത്തത്തിന്റെ ഏകാഗ്രത സമാധാനവുമാകുന്നു. ഈ ശമാദികള്‍ വിരക്തനില്‍ സംസാരബന്ധനത്തില്‍ നിന്നു മുക്തനാകുവാനുള്ള ഇച്ഛ (മുമുക്ഷ) ജനിപ്പിക്കുന്നു. അങ്ങനെ മുമുക്ഷുവായ ഒരുവന്‍ ആത്മസാക്ഷാത്കാരമാണ് മോക്ഷത്തിനുള്ള ഉപായം എന്നറിഞ്ഞ് അതിനുവേണ്ട ഉപായങ്ങളെ ആരായുന്നു. നിത്യാനിത്യവസ്തുവിവേകാദികള്‍ ശുദ്ധമായ അന്തഃകരണത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളു. അന്തഃകരണശുദ്ധിക്കു കാരണം ഫലാസക്തികൂടാതെ ഈശ്വരാര്‍പ്പണബുദ്ധിയോടെ അനുഷ്ഠിക്കപ്പെടുന്ന നിത്യങ്ങളും നൈമിത്തികങ്ങളും ആയ കര്‍മങ്ങളാണ്.

'ആത്മാവാരേ ദ്രഷ്ടവ്യഃശ്രോതവ്യോ മന്തവ്യോ നിദിധ്യാസിതവ്യഃ' എന്ന ശ്രുതിവാക്യം ആത്മസാക്ഷാത്കാരസാധനകള്‍ ശ്രവണം, മനനം, നിദിധ്യാസനം എന്നിവയാണെന്നു നിര്‍ദേശിക്കുന്നു. എല്ലാ വേദാന്തവാക്യങ്ങളുടെയും പരമ താത്പര്യം അദ്വിതീയമായ ബ്രഹ്മത്തിലാണെന്ന നിശ്ചയം ഉണ്ടാകുകന്നതിന് അനുകൂലമായ മാനസവ്യാപാരമാണ് ശ്രവണം. ശബ്ദംകൊണ്ട് അസന്ദിഗ്ധമായി മനസ്സിലാക്കിയ അര്‍ഥം പ്രമാണാന്തരവിരുദ്ധമാണെന്ന ശങ്കയെ നിരാകരിക്കുന്നതിന് സഹായകമായ അനുകൂല തര്‍ക്കരൂപമായ ജ്ഞാനം ജനിപ്പിക്കുന്ന മാനസവ്യാപാരം മനനം; അനാദിയായ ദുര്‍വാസന നിമിത്തം ബാഹ്യവിഷയങ്ങളില്‍ വ്യാപരിക്കുന്ന മനസ്സിനെ പിന്തിരിപ്പിച്ചു ബ്രഹ്മത്തില്‍ ഏകാഗ്രമാക്കുന്നതിനു സഹായിക്കുന്ന മാനസികവ്യാപാരമാണ് നിദിധ്യാസനം. വാചസ്പതിമിശ്രന്റെ അഭിപ്രായത്തില്‍ നിദിധ്യാസനം (ധ്യാനം) ആത്മസാക്ഷാത്കാരത്തിനു മുഖ്യകാരണമാണ്. മനനം നിദിധ്യാസനത്തിനും ശ്രവണം മനനത്തിനും കാരണമാകുന്നു.

വിശിഷ്ടാദ്വൈതത്തില്‍. വിശിഷ്ടാദ്വൈതികള്‍ ജീവപരങ്ങള്‍ക്ക് ആത്യന്തികമായ ഭേദം സ്വീകരിക്കുന്നു. 'തത്ത്വമസി' എന്ന ശ്രുതിവാക്യം ജീവപരങ്ങളുടെ സാമാനാധികരണ്യമാണ് ഉപദേശിക്കുന്നത്. അഭേദമല്ല. 'നീലം ഉത്പലം' എന്ന വ്യവഹാരം നീലരൂപവും ഉത്പലത്വവും ഉത്പലരൂപമായ ഒരേ അധികരണത്തില്‍ സ്ഥിതിചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നു. അതുപോലെ ത്വംപദവാച്യനായ ജീവന്‍ ശരീരവും തത്പദവാച്യനായ പരമാത്മാവ് ശരീരിയും ആകയാല്‍ ഏകാധികരണവൃത്തികളാണ്. അത്യന്താഭേദമുള്ളിടത്ത് സാമാനാധികരണ്യവും ഇല്ല. 'ഘടം കലശം' എന്നു വ്യവഹാരമില്ലല്ലോ.

ബദ്ധന്‍, മുക്തന്‍, നിത്യന്‍ എന്നു ജിവാത്മാക്കള്‍ മൂന്നായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ബദ്ധന്‍മാര്‍ ശാസ്ത്രവശ്യരും അല്ലാത്തവരും എന്നു രണ്ടു തരക്കാരാണ്. തിര്യക്കുകള്‍ രണ്ടാം വിഭാഗത്തില്‍പ്പെടുന്നു. ശാസ്ത്രവശ്യരായ മുമുക്ഷുക്കളാണ് ആത്മസാക്ഷാത്കാരത്തിന് അധികാരികള്‍. ആധ്യാത്മികം, ആധിദൈവികം, ആധിഭൗതികം എന്നിങ്ങനെയുള്ള സാംസാരികദുഃഖങ്ങളില്‍നിന്ന് മോചനം നേടുവാന്‍ ആഗ്രഹിക്കുന്ന ജീവാത്മാവ് ഗുരൂപദേശം സ്വീകരിച്ച് മോക്ഷസാധനകളായ ഭക്തിയെയും പ്രപത്തിയെയും ശരണം പ്രാപിക്കുന്നു. ഭക്തിവഴിയായി മാത്രമേ കര്‍മയോഗവും ജ്ഞാനയോഗവും സാക്ഷാന്മോക്ഷസാധനമാകുന്നുള്ളു. കര്‍മയോഗം ജീവഗതമായ കല്മഷം അകറ്റി ജ്ഞാനത്തിനു കാരണമാകുന്നു. ജ്ഞാനം ഭക്തിയെ ഉളവാക്കുന്നു. ജ്ഞാനയോഗം സാക്ഷാത് ഭക്തിജനകമാണ്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്ന എട്ട് അംഗങ്ങളോടുകൂടിയ അവിച്ഛിന്നമായ ഭഗവത്സ്്മൃതിയാണ് ഭക്തിയോഗം. അത് വിവേകം, വിമോകം, അഭ്യാസം, പഞ്ചമഹായജ്ഞാദ്യനുഷ്ഠാനരൂപമായ ക്രിയ, സത്യാര്‍ജവാദികളായ കല്യാണങ്ങള്‍, അനവസാദം (ദൈന്യഭാവം), അനുദ്ധര്‍ഷം (തുഷ്ടിയില്ലായ്മ) എന്നീ ഉപായങ്ങള്‍കൊണ്ട് ഉണ്ടാകുന്നു. ഈ ഭക്തി അന്തിമമായ ഭഗവത്സാക്ഷാത്കാരം വരെ നിലനില്ക്കും. 'ആത്മാവാരെ' എന്ന ശ്രുതിവാക്യം ആത്മസാക്ഷാത്കാരസാധനമായ നിദിധ്യാസനത്തെയാണ് വിധിക്കുന്നത്. ശ്രവണമനനങ്ങളെയല്ല. അര്‍ഥജ്ഞാനത്തിനു ശ്രവണവും, ശ്രവണപ്രതിഷ്ഠയ്ക്കു മനനവും അനുപേക്ഷണീയമാകയാല്‍ അതു രണ്ടും പ്രാപ്തമാണ്. അപ്രാപ്തമാണല്ലൊ വിധേയം. പ്രപത്തിയും മോക്ഷസാധനമാണ്. ആനുകൂല്യത്തിന്റെ സങ്കല്പം, പ്രാതികൂല്യത്തിന്റെ ത്യാഗം, രക്ഷിക്കുമെന്ന വിശ്വാസം, ഭഗവാനെ മാത്രം രക്ഷിതാവായി വരിക്കല്‍, ഭഗവാനില്‍ സര്‍വഥാ ആത്മസമര്‍പ്പണം എന്നീ അഞ്ച് അംഗങ്ങളോടുകൂടിയതാണ് പ്രപത്തി.

മുക്തന്‍ ദേഹാവസാനത്തില്‍ സുകൃതങ്ങളെ മിത്രങ്ങളിലും ദുഷ്കൃതങ്ങളെ അമിത്രങ്ങളിലും നിക്ഷേപിച്ച് ഹൃദയസ്ഥിതനായ പരമാത്മാവില്‍ വിശ്രമിച്ച് മുക്തിദ്വാരമായ സുഷുമ്നാനാഡിയില്‍ പ്രവേശിച്ച് ബ്രഹ്മരന്ധ്രത്തില്‍കൂടി ബഹിര്‍ഗമിച്ച് അഗ്നിലോകാദികള്‍ കടന്ന് വൈകുണ്ഠമെന്ന ഭഗവന്നഗരത്തിലെത്തി ഭഗവത്സന്നിധിയെ പ്രാപിച്ച് ഭഗവാനാല്‍ കടാക്ഷിക്കപ്പെട്ട് ഭഗവത്കൈങ്കര്യത്തില്‍ രതനായി ബ്രഹ്മാനന്ദം അനുഭവിക്കുന്നു. 'പരമം സാമ്യമുപൈതി' എന്ന ശ്രുതി ജഗദ്വ്യാപാരമൊഴിച്ചുള്ള ഭോഗസാമ്യമാണ് സൂചിപ്പിക്കുന്നത്; സ്വരൂപസാമ്യത്തെയല്ല. മുക്തന്‍ സ്വേച്ഛയാ പല രൂപങ്ങളും സ്വീകരിച്ച് എല്ലാ ലോകങ്ങളിലും സഞ്ചരിക്കുന്നു. 'ന സ പുനരാവര്‍ത്തതേ' എന്ന ആവൃത്തിനിഷേധവചനം കര്‍മകര്‍ത്തൃത്വനിഷേധപരമാണ്.

ദ്വൈതത്തില്‍. ദ്വൈതികള്‍ ജീവേശ്വരഭേദം പാരമാര്‍ഥികമാണെന്നും മായികമല്ലെന്നും വിശ്വസിക്കുന്നു. പ്രപഞ്ചം സത്യമാണ്. ശ്രീമന്നാരായണന്റെ ഗുണോത്കര്‍ഷമാണ് സര്‍വശാസ്ത്രങ്ങളുടെയും പ്രതിപാദ്യം. ഭഗവാനും ഭക്തനും തമ്മില്‍ സേവ്യസേവകഭാവസംബന്ധമാണുള്ളത്. 'ഞാന്‍' സര്‍വോത്കൃഷ്ടനായ ഭഗവാന്റെ സേവകനാണ്. ഭഗവാന്‍ തനിക്കു സേവ്യനും സര്‍വാഭീഷ്ടപ്രദനും ആണ് എന്ന ഭാവനയോടുകൂടിയുള്ള ഭഗവത്സേവയാണ് മോക്ഷസാധനം. അങ്കനം, നാമകരണം, ഭജനം എന്നു സേവ മൂന്നു തരത്തിലാണ്. ലോഹംകൊണ്ടുണ്ടാക്കിയ ഭഗവദായുധമുദ്ര ചൂടാക്കി സ്വശരീരത്തില്‍ പതിപ്പിക്കുകയാണ് അങ്കനം. സന്താനങ്ങള്‍ക്കു കേശവന്‍ മുതലായ നാമങ്ങള്‍ കൊടുക്കുകയാണ് നാമകരണം. സത്യവും പ്രിയവും ഹിതവുമായ വാക്കും സ്വാധ്യായവും (വേദാധ്യയനം) ആണ് വാക്കുകൊണ്ടുള്ള ഭജനം. ശരീരംകൊണ്ടുള്ള ഭജനമാകട്ടെ ദാനം, പരിത്രാണം, പരിരക്ഷണം എന്നിവയത്രെ. ദയ, സ്പൃഹ, ശ്രദ്ധ എന്നിവ മാനസഭജനമാണ്. ഇവയെല്ലാം 'ശ്രീമന്നാരായണായേതി സമര്‍പ്പയാമി' എന്ന സങ്കല്പത്തോടെ ഭഗവാനു സമര്‍പ്പിക്കണം. സേവകൊണ്ടു പ്രസന്നനായ ഭഗവാന്‍ ഭക്തനു മോക്ഷം പ്രദാനം ചെയ്യുന്നു. ശ്വേതദ്വീപപ്രാപ്തിയാണ് ദ്വൈതികളുടെ മോക്ഷം. മോക്ഷസുഖത്തിലും അവര്‍ താരതമ്യം അംഗീകരിക്കുന്നു. 'അശരീരം' എന്ന ശ്രുതി മുക്തനു പ്രാകൃതശരീരമാണ് നിഷേധിക്കുന്നത്; ദിവ്യശരീരത്തെയല്ല. മുക്തനു ദിവ്യശരീരം ഉണ്ട്. ദ്വൈതികളും വിശിഷ്ടാദ്വൈതികളും പരമാത്മസാക്ഷാത്കാരമാണ് ലക്ഷ്യമാക്കുന്നത്.

മറ്റു ദര്‍ശനങ്ങളില്‍. ആത്മതത്ത്വജ്ഞാനമാണ് മോക്ഷസാധനം എന്ന വസ്തുത മിക്കവാറും എല്ലാ ദാര്‍ശനികന്‍മാരും അംഗീകരിക്കുന്നു. ആത്മതത്ത്വം, മോക്ഷസ്വരൂപം എന്നീ കാര്യങ്ങളിലുള്ള വിപ്രതിപത്തിയാണ് ദര്‍ശനനാനാത്വത്തിനു നിദാനം. ആത്മോച്ഛേദമാണ് മോക്ഷമെന്നു ശൂന്യവാദികളായ ബൌദ്ധന്‍മാരും, 'നിര്‍മല ജ്ഞാനോദയം മോക്ഷം' എന്നു മറ്റു ബൌദ്ധന്‍മാരും അഭിപ്രായപ്പെടുന്നു. കര്‍മകൃതമായ ദേഹസ്വരൂപാവരണം ഇല്ലാതാകുമ്പോള്‍ ജീവന്റെ സതതോര്‍ധ്വഗമനമാണ് മോക്ഷമെന്ന് ആര്‍ഹതന്‍മാരും, ശിവത്വപ്രാപ്തിയാണതെന്ന് ശൈവന്‍മാരും ആത്യന്തികദുഃഖനിവൃത്തിയാണതെന്നു നൈയായികന്‍മാരും വാദിക്കുന്നു. സ്വര്‍ഗപ്രാപ്തി മോക്ഷമെന്നതാണ് മീമാംസകമതം. ബ്രഹ്മരൂപമായ 'പര'യെന്ന വാക്കിന്റെ സാക്ഷാത്കാരം മോക്ഷമെന്നു വൈയാകരണന്‍മാര്‍ വിശ്വസിക്കുന്നു. അവിദ്യാമൂലകമായ പ്രകൃതി- പുരുഷസംയോഗം, വിവേകഖ്യാതികൊണ്ട് നിവൃത്തമാകുമ്പോള്‍ പ്രകൃത്യാ പരമാവസ്ഥയിലുണ്ടാകുന്ന പുരുഷസ്വരൂപാവിര്‍ഭാവമാണ് സാംഖ്യന്‍മാരുടെ മോക്ഷം. പാതഞ്ജലന്‍മാര്‍ വിവേകഖ്യാതി അഷ്ടാംഗയോഗജന്യമെന്നു പറയുന്നു. മീമാംസകന്‍ കര്‍മത്തെ മോക്ഷസാധനയായി അംഗീകരിക്കുന്നു. കര്‍മം, ജ്ഞാനം, ഭക്തി, യോഗം എന്നിവയിലൊന്നാണ് മിക്കവാറും ആത്മസാക്ഷാത്കാരോപായമായി സ്വീകരിക്കപ്പെട്ടുകാണുന്നത്. ആത്മസാക്ഷാത്കാരം പ്രധാനമായും അദ്വൈതത്തോടാണ് ബന്ധപ്പെട്ടുകിടക്കുന്നത്. അതുകൊണ്ട് മറ്റു ദര്‍ശനങ്ങളിലെ പരാമര്‍ശങ്ങള്‍ അപ്രസക്തങ്ങളാണ്.

(ആര്‍. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍