This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലാവുദ്ദീന്‍ ബാഹ്മനി (ഭ.കാ. 1436 - 58)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:41, 22 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അലാവുദ്ദീന്‍ ബാഹ്മനി (ഭ.കാ. 1436 - 58)

പത്താമത്തെ ബാഹ്മനി സുല്‍ത്താന്‍. ഒന്‍പതാമത്തെ ബാഹ്മനി സുല്‍ത്താനായിരുന്ന അഹമ്മദിന്റെ (ഭ. കാ. 1422-35) കനിഷ്ഠപുത്രനായിരുന്നു. ഡെക്കാന്‍ പ്രഭുക്കന്മാര്‍ ഇദ്ദേഹത്തോട് ശത്രുത പുലര്‍ത്തിയിരുന്നു. സമീപത്തു സ്ഥിതിചെയ്തിരുന്ന വിജയനഗരസാമ്രാജ്യമായിരുന്നു ബാഹ്മനിയുടെ പ്രധാന പ്രതിയോഗി. വിജയനഗറിലെ ദേവരായര്‍ കുറേക്കാലമായി കപ്പം കൊടുക്കാതിരുന്നു. തന്നെയുമല്ല, അദ്ദേഹം സുല്‍ത്താന്റെ സ്ഥലമായ അനഗുണ്ടിയും കൈയടക്കിയിരുന്നു. ഈ കപ്പക്കുടിശ്ശിക ഈടാക്കാന്‍ അലാവുദ്ദീന്‍ സഹോദരനായ മുഹമ്മദിനെ വിജയനഗരത്തിലേക്കയച്ചു. ആ കൃത്യം മുഹമ്മദ് ഭംഗിയായി നിര്‍വഹിച്ചു. ഈ വിജയത്തില്‍ ഉന്‍മത്തനായ മുഹമ്മദ് അലാവുദ്ദീനോട് രാജ്യത്തിന്റെ പകുതി ഭാഗമോ തുല്യ പദവിയോ വേണമെന്നു വാദിച്ചു. അതിനെത്തുടര്‍ന്നു സഹോദരന്മാര്‍ തമ്മില്‍ യുദ്ധമായി. യുദ്ധത്തില്‍ അലാവുദ്ദീന്‍ മുഹമ്മദിനെ തോല്പിച്ചു. എന്നാലും സഹോദരനു മാപ്പുകൊടുക്കുകയും റെയിച്ചൂര്‍ പ്രദേശത്തിന്റെ ഗവര്‍ണര്‍ സ്ഥാനം നല്കുകയും ചെയ്തു. പിന്നീട് ആജീവനാന്തം മുഹമ്മദ്, സുല്‍ത്താനോട് രമ്യത പുലര്‍ത്തി.

ഖാന്‍ദേശിലെ നാസിര്‍ഖാന്‍ ഫാറൂഖിയുടെ പുത്രിയായ ആഗാസെയ്നബ (മാലിക-എ-ജഹാന്‍) ആയിരുന്നു അലാവുദ്ദീന്റെ പ്രഥമ പത്നി. 1437-ല്‍ കൊങ്കണത്തിന്റെ പല ഭാഗങ്ങളും സുല്‍ത്താന്‍ കീഴടക്കി. സംഗമേശ്വരത്തിലെ രാജാവ് തന്റെ പുത്രിയെ സുല്‍ത്താനു വിവാഹം ചെയ്തുകൊടുത്ത് അദ്ദേഹത്തിന്റെ സൗഹൃദം നേടി. രണ്ടാമത്തെ പത്നിയോട് സുല്‍ത്താന്‍ കൂടുതല്‍ ആഭിമുഖ്യം പ്രകടിപ്പിച്ചത് ആദ്യഭാര്യയ്ക്ക് ഇഷ്ടമായില്ല. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയ പിതാവ് നാസിര്‍ഖാന്‍ ബീറാര്‍ ആക്രമിച്ച് സുല്‍ത്താനോടു പകരം വീട്ടാന്‍ ഒരുങ്ങി. ഈ ആക്രമണത്തെ അലാവുദ്ദീന്‍ അനായാസമായി നേരിടുകയും ശത്രുവിനെ പുറത്താക്കുകയും ചെയ്തു. ഈ പ്രതിസന്ധി ഉപയോഗിച്ച് 1443-ല്‍ ദേവരായര്‍ കക റെയിച്ചൂര്‍ ആക്രമിച്ചു മുഡ്ഗല്‍ കീഴടക്കി. തുടര്‍ന്ന് റെയിച്ചൂര്‍, ബങ്കാപ്പൂര്‍ എന്നിവയുടെമേല്‍ ഉപരോധമേര്‍പ്പെടുത്താനും ദേവരായര്‍ക്കു കഴിഞ്ഞു. ബീജപ്പൂര്‍, സാഗര്‍ എന്നിവിടങ്ങളില്‍ വമ്പിച്ച നാശനഷ്ടങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. വലിയ ഒരു സൈന്യവുമായി ഈ ദുര്‍ഘടം തരണം ചെയ്യുവാന്‍ അലാവുദ്ദീന്‍ നേരിട്ടു യുദ്ധക്കളത്തിലിറങ്ങി. സുല്‍ത്താന്റെ ആഗമനത്തെത്തുടര്‍ന്ന് ദേവരായര്‍ മുഡ്ഗലിലേക്കു പിന്‍വാങ്ങി. സുല്‍ത്താന്റെ സൈന്യാധിപനായ മാലിക്ക്-തുജ്ജാര്‍ ഖലാഫ് ഹസന്‍ (മഹ്മൂദ് ഗവാന്‍ എന്ന പേരില്‍ ബാഹ്മനി ചരിത്രത്തില്‍ പ്രസിദ്ധനായ മന്ത്രി) ദേവരായരുടെ റെയിച്ചൂര്‍-ബങ്കാപ്പൂര്‍ ഉപരോധം തകര്‍ക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് അടുത്ത മാസങ്ങളിലായി മൂന്നു യുദ്ധങ്ങള്‍ നടന്നു. ആദ്യത്തെ സംഘട്ടനത്തില്‍ ദേവരായര്‍ വിജയിച്ചു; രണ്ടാമത്തേതില്‍ അലാവുദ്ദീനും. മൂന്നാമത്തെ നിര്‍ണായകമായ യുദ്ധത്തില്‍ ദേവരായരുടെ പുത്രന്‍ വധിക്കപ്പെട്ടു; നിരവധി ആളുകളെ അലാവുദ്ദീന്‍ തടവുകാരാക്കി പിടിച്ചു. അതിനെത്തുടര്‍ന്നു ദേവരായര്‍ കീഴടങ്ങുകയും കപ്പം കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു.

അവസാനകാലത്തു രാജ്യകാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ സുഖലോലുപനായി സുല്‍ത്താന്‍ കഴിഞ്ഞു. 1446-47 കാലത്ത് മാലിക്ക്-തുജ്ജാര്‍ വമ്പിച്ച യുദ്ധസന്നാഹങ്ങളോടെ കൊങ്കണം ആക്രമിക്കാന്‍ പുറപ്പെട്ടു. ഡെക്കാനിലെ പ്രഭുക്കന്മാരുടെ കുതന്ത്രം മൂലം ബാഹ്മനിസേനയ്ക്കു വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി. തുജ്ജാര്‍ ഉള്‍പ്പെടെ പലരും വധിക്കപ്പെട്ടു. ഡെക്കാനി പ്രഭുക്കന്മാരുടെ ചതി അലാവുദ്ദീനു മനസ്സിലായതിനെത്തുടര്‍ന്ന് അവരുടെ നേതാക്കന്മാരെയെല്ലാം സുല്‍ത്താന്‍ വധിച്ചു. ഈ അത്യാപത്തില്‍ നിന്നും രക്ഷപ്പെട്ട്, സത്യസ്ഥിതി സുല്‍ത്താനെ ബോധ്യപ്പെടുത്തിയ കാംസിം ബേഗിനെ അലാവുദ്ദീന്‍ ഔലത്താബാദിലെ ഗവര്‍ണറാക്കി. ഇസ്ഫഹാനിലെ അസാരി എന്ന കവി 1451-ല്‍ ഒരു കത്തെഴുതി. ഡെക്കാന്‍ പ്രഭുക്കന്മാരെ ഭരണരംഗത്തു നിന്നും പുറത്താക്കാനും, സുല്‍ത്താന്റെ മദ്യപാനാസക്തി ഉപേക്ഷിക്കാനും ആ കത്തില്‍ അദ്ദേഹം ഉപദേശിച്ചു. ഈ ഉപദേശം സുല്‍ത്താന്‍ സ്വീകരിക്കുകയും ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയും ചെയ്തു. മദ്യം കഴിച്ചിരുന്ന സുല്‍ത്താനാകട്ടെ പ്രജകളെ മദ്യം കഴിക്കുന്നതില്‍നിന്നും വിലക്കുവാന്‍ ശ്രമിച്ചു.

1453-ല്‍ കാലിനു ക്ഷതമേറ്റ അലാവുദ്ദീന്‍ കുറച്ചുകാലം കൊട്ടാരത്തിനു വെളിയില്‍ പോകാതെ കഴിച്ചുകൂട്ടി. ഇതിനെത്തുടര്‍ന്നു സുല്‍ത്താന്‍ നിര്യാതനായി എന്ന കിംവദന്തി പരന്നു. ഈ അവസരത്തില്‍ തെലുങ്കാനാഗവര്‍ണര്‍ സിക്കന്ദര്‍, സുല്‍ത്താന്റെ സ്യാലനായ ജലാല്‍ഖാന്റെ (നല്‍ഗോണ്ട സുല്‍ത്താനായി ഇദ്ദേഹം സ്വയം പ്രഖ്യാപിച്ചിരുന്നു) സഹായത്തോടെ ഒരു കലാപത്തിനു തയ്യാറായി. മാള്‍വയിലെ മഹമൂദ് ഒന്നാമനോടു ബീറാര്‍ ആക്രമിക്കാമെന്നും, 1456-ല്‍ തമ്മില്‍ സന്ധിക്കാമെന്നും സിക്കന്ദര്‍ ഉറപ്പു നല്കി. ഈ പ്രതിസന്ധി മനസ്സിലാക്കിയ സുല്‍ത്താന്‍ അലാവുദ്ദീന്‍ നേരിട്ടു പടക്കളത്തിലിറങ്ങി. സുല്‍ത്താന്‍ അന്തരിച്ചു എന്നു തെറ്റിദ്ധരിച്ചിരുന്ന മഹമൂദ്ക മാള്‍വയിലേക്കു തന്നെ പിന്‍വാങ്ങി. സിക്കന്ദറെയും അനുചരന്മാരെയും സുല്‍ത്താന്‍ തടവുകാരായി പിടിച്ചു. എന്നാല്‍ പിന്നീട് അലാവുദ്ദീന്‍ അവര്‍ക്കു മാപ്പു കൊടുത്തു സ്വതന്ത്രരാക്കുകയാണു ചെയ്തത്. ഈ കാലഘട്ടത്തിലെ യുദ്ധത്തോടുകൂടിയാണ് മഹ്മൂദ് ഗവാന്‍ പ്രസിദ്ധനാകുന്നത്. നിരവധി പള്ളികളും ബീഡാറിലെ ആശുപത്രിയും സുല്‍ത്താന്‍ സ്ഥാപിച്ചതാണ്. കാലില്‍ സംഭവിച്ച മുറിവു മൂലം 1458 മാ. 4-ന് അലാവുദ്ദീന്‍ അന്തരിച്ചു. നോ: ബാഹ്മനി രാജവംശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍