This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നി ഇന്‍ഷുറന്‍സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഗ്നി ഇന്‍ഷുറന്‍സ്
Fire Insurance
അഗ്നിബാധ മൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം ലഘൂകരിക്കാനോ പരിഹരിക്കാനോ വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതി. ബിസിനസ് സംരംഭങ്ങളുടെ ഭദ്രവും ശാസ്ത്രീയവുമായ നടത്തിപ്പിന് അഗ്നി ഇന്‍ഷുറന്‍സ് അത്യന്താപേക്ഷിതമാണ്. അഗ്നിബാധയില്‍ നിന്നുള്ള നഷ്ടബാധ്യത (ൃശസെ) ഒഴിവാക്കുന്നതിന് പല സമ്പ്രദായങ്ങള്‍ നിലവിലുണ്ട്. 1. അഗ്നിബാധ ഉണ്ടാകുന്നതും പടര്‍ന്നുപിടിക്കുന്നതും തടയുക. 2. അഗ്നിബാധയില്‍നിന്നുള്ള നഷ്ടം സഹിക്കത്തക്കവണ്ണം സ്വത്തുടമ സ്വയം ഇന്‍ഷുറന്‍സ് (self insurance) ഏര്‍പ്പെടുത്തുക. 3. അഗ്നിബാധകൊണ്ടുനേരിടുന്ന നഷ്ടം പരിഹരിക്കുമെന്ന് ഉറപ്പു നല്കുന്ന ഒരാളിന്റെയോ കമ്പനിയുടെയോ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇന്‍ഷുറര്‍ (Insurer) പ്രീമിയം അടച്ച് ഏര്‍പ്പെടുക.
വലിയ കമ്പനികള്‍ക്കോ അനേകം സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ഒരു വ്യക്തിക്കോ മാത്രമേ സ്വയം ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ കഴിയൂ. അനേകം സ്ഥാപനങ്ങളുള്ളതുകൊണ്ട്, അഗ്നിബാധമൂലം ഒരു സ്ഥാപനത്തിനുണ്ടാകുന്ന നഷ്ടം മറ്റുള്ളവയിലെ ലാഭംകൊണ്ടു നികത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രീമിയം അടച്ചുകൊണ്ടുള്ള ഇന്‍ഷുറന്‍സാണ് ഇന്ന് പ്രചാരത്തിലുള്ളത്.
ചരിത്രം. 1666 സെപ്. 2-ന് ലണ്ടന്‍ നഗരത്തിലുണ്ടായ ഭീമമായ അഗ്നിബാധ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. അതോടുകൂടിയാണ് അഗ്നിമൂലമുണ്ടാകുന്ന നഷ്ടം സംഘടിതമായ രീതിയില്‍ പരിഹരിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് ജനങ്ങള്‍ ചിന്തിക്കുവാന്‍ തുടങ്ങിയത്. 1667-ല്‍ ഡോ. നിക്കോളാസ് ബാര്‍ബണ്‍ എന്നയാള്‍ അഗ്നി ഇന്‍ഷുറന്‍സ് ആദ്യം നടപ്പില്‍ വരുത്തി. അതിനു മുന്‍പ് ഒരിടത്ത് അഗ്നിബാധകൊണ്ടു നഷ്ടമുണ്ടായാല്‍ ആ നഷ്ടം നികത്തുന്നതിന് ആ പ്രദേശത്തെ മറ്റു ജനങ്ങളെ ആശ്രയിക്കുകയായിരുന്നു പതിവ്. 1680-ലാണ് ഇംഗ്ളണ്ടില്‍ കൂട്ടുടമക്കമ്പനി വ്യവസ്ഥയില്‍ ആദ്യത്തെ അഗ്നി ഇന്‍ഷുറന്‍സ് സ്ഥാപനമുണ്ടായത്. ചുടുകട്ടകൊണ്ടുകെട്ടിയ വീടുകള്‍ക്ക് വാര്‍ഷിക വാടകയുടെ 2.5 ശ.മാ.വും മരംകൊണ്ടു നിര്‍മിച്ച വീടുകള്‍ക്ക് വാര്‍ഷിക വാടകയുടെ 5 ശ.മാ.വും പ്രീമിയം കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. ഇന്നത്തെ രീതിയിലുള്ള അഗ്നി ഇന്‍ഷുറന്‍സിന്റെ തുടക്കം കുറിച്ചത് ചാള്‍സ് പോവിയാണ്. 1706-ല്‍ ഇദ്ദേഹം തന്റെ 'എക്സ്ചേഞ്ച് ഹൌസ് ഫയര്‍ ഓഫീസ് തുടങ്ങി. ഈ സ്ഥാപനത്തിലെ ഇന്‍ഷുറര്‍ ഒരു വ്യക്തിയാണ്. അഗ്നിബാധകൊണ്ടുണ്ടാകുന്ന നഷ്ടത്തിന് സാമ്പത്തിക പരിഹാരം നല്‍കുക ഒരു വ്യക്തിയുടെ കഴിവിനതീതമാണെന്ന് മനസ്സിലാക്കിയ പോവി 1710-ല്‍ തന്റെ ബിസിനസ് വിപുലീകരിച്ച് 'സണ്‍ ഫയര്‍ ഓഫീസ്' സ്ഥാപിച്ചു. 1710-26 വരെ ഈ സ്ഥാപനം പങ്കാളിത്ത വ്യവസ്ഥയില്‍ തുടര്‍ന്നു; 1726-ല്‍ കൂട്ടുടമാസ്ഥാപനമായി. ആദ്യകാലങ്ങളില്‍ അഗ്നി ഇന്‍ഷുറന്‍സിന് നിയമപരമായ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. 1909 വരെ പ്രീമിയത്തെക്കാള്‍ കൂടുതലായ ഒരു തുക സ്റ്റാമ്പ് ഡ്യൂട്ടിയായി ഇന്‍ഷുറര്‍ അടയ്ക്കേണ്ടിയിരുന്നു. 1909-ല്‍ അഗ്നി ഇന്‍ഷുറന്‍സ് കമ്പനികളെ നിയന്ത്രിക്കുന്ന നിയമങ്ങളുണ്ടായി. ഇംഗ്ളണ്ടില്‍ അഗ്നി ഇന്‍ഷുറന്‍സ് കമ്പനികളുടെ വകയായി ഫയര്‍ ബ്രിഗേഡുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. 19-ാം ശ.-ത്തിന്റെ ആരംഭത്തിലുണ്ടായിരുന്ന ഇത്തരം ഫയര്‍ ബ്രിഗേഡുകളാണ് 'മെട്രോപൊളിറ്റന്‍ ഫയര്‍ ബ്രിഗേഡി'ന് നാന്ദി കുറിച്ചത്.
അമേരിക്കയിലെ അഗ്നി ഇന്‍ഷുറന്‍സ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ നാലുഘട്ടങ്ങളായി തിരിക്കാം. (i) ന്യൂയോര്‍ക്കിലുണ്ടായ അഗ്നിബാധവരെ (1835), (ii) 1835 മുതല്‍ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ അവസാനം വരെ, (iii) 1866-80 വരെ, (iv) 1880-നുശേഷം.
ആദ്യഘട്ടത്തില്‍ അഗ്നിബാധയില്നിന്നുണ്ടാകുന്ന നഷ്ടത്തിന് സാമ്പത്തികസഹായം നല്‍കിയിരുന്നത് വ്യക്തിഗത സ്ഥാപനങ്ങളോ പങ്കാളിത്തമുള്ള സ്ഥാപനങ്ങളോ ആയിരുന്നു. ഇംഗ്ളണ്ടിലെ 'അമിക്കബിള്‍ കോണ്ട്രിബ്യൂട്ടര്ഷിപ്പി'ന്റെ മാതൃകയില്‍ ബഞ്ചമിന് ഫ്രാങ്ക്ളിന് 1752 ഏ. 13-ന് 'ദ ഫിലാഡല്‍ഫിയാ കോണ്ട്രിബ്യൂട്ടര്ഷിപ്പ്' എന്ന കമ്പനി സ്ഥാപിച്ചു. അഗ്നി ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ആദ്യത്തേതായിരുന്നു ഇത്.
1784-ല്‍ 'മ്യൂച്വല്‍ ഇന്‍ഷുറന്‍സ് കമ്പനി'യും 1787-ല്‍ 'നിക്കര്‍ ബ്രോക്കര്‍ ഫയര്‍' എന്ന കമ്പനിയും 1794-ല്‍ 'ബാള്‍ട്ടിമോര്‍ ഇക്വിറ്റബിള്‍ സൊസൈറ്റി'യും 'ഇന്‍ഷുറന്‍സ് കമ്പനി ഒഫ് നോര്‍ത്ത് അമേരിക്ക'യും സ്ഥാപിതമായി. മറൈന്‍ ഇന്ഷുറന്സിനുവേണ്ടിയാണ് 'ഇന്‍ഷുറന്‍സ് കമ്പനി ഒഫ് നോര്‍ത്ത് അമേരിക്ക' തുടങ്ങിയതെങ്കിലും പിന്നീട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ അഗ്നി ഇന്‍ഷുറന്‍സിലേക്കു കൂടി വ്യാപിപ്പിച്ചു.
1835-ല്‍ ന്യൂയോര്‍ക്കിലുണ്ടായ അഗ്നിബാധ അഗ്നി ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമെന്ന് തെളിയിച്ചു. അഗ്നി ഇന്‍ഷുറന്‍സിന്റെ വിവിധവശങ്ങളെ പരാമര്‍ശിച്ചുകൊണ്ട് മാസ്സാച്ചുസെറ്റ്സ് 1837-ലും ന്യൂയോര്‍ക്ക് 1853-ലും നിയമങ്ങള്‍ പാസ്സാക്കി. 1860-ല്‍ അഗ്നി ഇന്‍ഷുറന്‍സ് കമ്പനികള്‍ ചേര്‍ന്ന് 'നാഷനല്‍ ബോര്‍ഡ് ഒഫ് ഫയര്‍ അണ്ടര്‍റൈറ്റേഴ്സ്' സംഘടിപ്പിച്ചു.
1871-ല്‍ ഷിക്കാഗോയിലും 1872-ല്‍ ബോസ്റ്റണിലും ഉണ്ടായ അഗ്നിബാധകള്‍ അഗ്നി ഇന്‍ഷുറന്‍സ് വിപുലീകരിക്കാന്‍ അവസരമുണ്ടാക്കി. ഇക്കാലത്ത് നിലവിലിരുന്ന പല കമ്പനികളും പ്രവര്‍ത്തനരഹിതമായി. 1880-ഓടുകൂടി സഹകരണാടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉണ്ടായി. 'വെസ്റ്റേണ്‍ യൂണിയന്' (1879), 'അണ്ടര്‍റൈറ്റേഴ്സ് അസോസിയേഷന് ഒഫ് ദ മിഡില്‍ ഡിപ്പാര്‍ട്ടുമെന്റ്' (1881), 'സൌത്ത് ഈസ്റ്റേണ്‍ താരിഫ് അസോസിയേഷന്' (1882), 'ഇല്ലിനോയ് സ്റ്റേറ്റ് ബോര്‍ഡ് ഒഫ് ഫയര്‍ അണ്ടര്‍റൈറ്റേഴ്സ്' (1882), 'അണ്ടര്‍റൈറ്റേഴ്സ് അസോസിയേഷന് ഒഫ് ന്യൂയോര്‍ക്ക് സ്റ്റേറ്റ്' (1883), 'ന്യൂ ഇംഗ്ളണ്ട് ഇന്‍ഷുറന്‍സ് എക്സ്ചേഞ്ച്' (1883) എന്നിവ ഇങ്ങനെ സ്ഥാപിച്ചവയാണ്. അഗ്നി ഇന്‍ഷുറന്‍സ് ബിസിനസ് നിയന്ത്രിക്കുന്നതിനുള്ള നിയമം ന്യൂയോര്‍ക്കും (1851) മസ്സാച്ചുസെറ്റ്സും (1852) പാസ്സാക്കി.
1950 ആയതോടെ എല്ലാ സ്റ്റേറ്റുകളും അഗ്നി ഇന്‍ഷുറന്‍സ് നിയമങ്ങളുണ്ടാക്കി. എല്ലാ അഗ്നി ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഐകരൂപ്യമുണ്ടായിരിക്കണമെന്ന് നിയമങ്ങള്‍ അനുശാസിക്കുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഉദ്യോഗസ്ഥന്മാരുണ്ട്.
ഇന്ത്യയില്‍. 18-ാം ശ. മുതല്‍ ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് പ്രാബല്യത്തിലുണ്ടായിരുന്നു. 18-ഉം 19-ഉം ശ.-ങ്ങളില്‍ ഇന്‍ഷുറന്‍സ് വ്യവസായം വിദേശിയരുടെ കുത്തകയായിരുന്നു. 20-ാം ശ.-ത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ കമ്പനികള്‍ മറ്റു ബിസിനസ്സുകളോടൊപ്പം അഗ്നി ഇന്‍ഷുറന്‍സും നടത്തിവരുന്നു. 1947-നുശേഷം അഗ്നി ഇന്‍ഷുറന്‍സ് ഇന്ത്യയില്‍ വളരെ വികസിച്ചു. ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തികനയവും പഞ്ചവത്സരപദ്ധതികളും വന്പിച്ച തോതിലുള്ള വ്യവസായവത്കരണവും അഗ്നി ഇന്‍ഷുറന്‍സിന് കൂടുതല്‍ വികസനസാധ്യതകളുണ്ടാക്കി.
മൌലികതത്ത്വങ്ങള്‍. കരാര്നിയമങ്ങളാണ് അഗ്നി ഇന്‍ഷുറന്‍സിന് ബാധകമാകുന്നത്. അഗ്നി ഇന്‍ഷുറന്‍സ് വളരെ നേരത്തേ പ്രചരിച്ചതുകൊണ്ട് ഇന്‍ഷുറന്‍സ് നിയമത്തില്‍ നല്ലൊരു പങ്ക് അഗ്നി ഇന്‍ഷുറന്‍സിനെ സംബന്ധിച്ചുള്ളതാണ്. ഇന്‍ഷുര്‍ ചെയ്യുന്ന വ്യക്തിക്ക് ഇന്‍ഷുര്‍ ചെയ്യുന്ന വസ്തുവില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ അവകാശം (insurable interest) ഉണ്ടായിരിക്കേണ്ടതുണ്ട്. പോളിസി തുടങ്ങുമ്പോഴും നഷ്ടം സംഭവിക്കുമ്പോഴും ഇന്‍ഷുര്‍ ചെയ്യുന്നയാളിന് 'ഇന്‍ഷുറന്‍സ് അവകാശം' ഉണ്ടായിരിക്കണമെന്ന് ചില പോളിസികളില്‍ വ്യവസ്ഥയുണ്ട്. ചില പോളിസികളില്‍ 'ഇന്‍ഷുറന്‍സ് അവകാശം' നഷ്ടം സംഭവിക്കുമ്പോള്‍ മാത്രമുണ്ടായിരുന്നാല്‍ മതി.
നഷ്ടോത്തരവാദം (Indemnity) ഇന്‍ഷുറന്‍സിന്റെ മറ്റൊരു തത്ത്വമാണ്. അഗ്നി ഇന്‍ഷുറന്‍സ് പോളിസി ഒരു നഷ്ടോത്തരവാദ-ഉടമ്പടി മാത്രമാണ്. അതു നഷ്ടം പരിഹരിക്കാനല്ലാതെ ലാഭമുണ്ടാക്കാനുള്ളതല്ല. പോളിസിയിലെ വ്യവസ്ഥകള്‍ അനുസരിച്ച് പണം നല്‍കിയോ പുനഃസ്ഥാപനം നടത്തിയോ ഇന്‍ഷുര്‍ ചെയ്ത ആളിനുണ്ടായ നഷ്ടം നികത്താമെന്ന് കമ്പനി സമ്മതിക്കുന്നു. ഭൌതികമായ നഷ്ടങ്ങള്‍ക്കു മാത്രമേ കമ്പനി ഉത്തരവാദിയാകൂ.
ഉത്തമവിശ്വാസം (good faith) ഇന്‍ഷുറന്‍സ് കരാറിന്റെ മറ്റൊരു സവിശേഷതയാണ്. ഇന്‍ഷുറന്‍സ് കമ്പനിക്ക് നഷ്ടം വിലയിരുത്തുന്നതിനും മറ്റും പല വിവരങ്ങളും വസ്തുതകളും ആവശ്യമായിവരും. പരമമായ ഉത്തമവിശ്വാസത്തില്‍ അധിഷ്ഠിതമായ കരാറായതുകൊണ്ട് എല്ലാ വസ്തുതകളും തുറന്നുപറയണമെന്നുണ്ട്. അല്ലാത്തപക്ഷം കരാര്‍ ദുര്‍ബലപ്പെടുന്നു. അഗ്നി ഇന്‍ഷുറന്‍സ് ഒരു വ്യക്തിഗത-ഉടമ്പടിയാണ്. കമ്പനിയുടെ അനുവാദംകൂടാതെ ഈ ഉടമ്പടി കൈമാറ്റം ചെയ്യാവുന്നതല്ല.
അഗ്നിബാധ, ഇടിമിന്നല്‍, വിദ്യുച്ഛക്തിപ്രവാഹം എന്നിവയാലുണ്ടാകുന്ന നഷ്ടങ്ങളാണ് അഗ്നി ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. അഗ്നിബാധയുണ്ടാകുമ്പോഴുള്ള മോഷണം, സര്‍ക്കാരിന്റെ ആജ്ഞപ്രകാരമുള്ള സ്വത്ത് നശിപ്പിക്കല്‍, ഭൂമികുലുക്കം, കാട്ടുതീ, യുദ്ധം, പട്ടാള നിയമം എന്നിവകൊണ്ടുണ്ടാകുന്ന നഷ്ടങ്ങള്‍ എന്നിവ അഗ്നി ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
എന്നാല്‍ 2000 മേയില്‍ പ്രാബല്യത്തില്‍ വന്ന സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ ആന്‍ഡ് മള്‍ട്ടി പെറില്‍ പോളിസി, ഫയര്‍ ഇന്‍ഷുറന്‍സില്‍ സമഗ്രമായി പരിവര്‍ത്തനം വരുത്തി. താരിഫ് അഡ്വൈസറി കമ്മിറ്റി നിര്‍ദേശിച്ച ഈ നൂതന ഫയര്‍ താരിഫ് പ്രകാരം എല്ലാത്തരം അത്യാഹിതങ്ങള്‍ക്കും ഒരു അടിസ്ഥാന പോളിസി-സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ ആന്‍ഡ് മള്‍ട്ടി പെറില്‍ പോളിസി മാത്രമേ ഉള്ളൂ. ഇതു പ്രകാരം ഇന്‍ഷുര്‍ ചെയ്യേണ്ട വസ്തുവിന്റെ സ്വഭാവമനുസരിച്ച് ചില അധിക 'കവറുകള്‍' കൂട്ടിച്ചേര്‍ക്കുകയോ ചിലവ ഒഴിവാക്കുകയോ ചെയ്യാം. തീപിടിത്തം, ഇടിമിന്നല്‍, സ്ഫോടനം, ആകാശ വാഹനങ്ങള്‍ കൊണ്ടുള്ള നാശനഷ്ടങ്ങള്‍, കലാപം, സമരം, കുത്സിത പ്രവൃത്തി, ഭീകരവാദികളുടെ ആക്രമണം, റെയില്‍/റോഡ് വാഹനങ്ങള്‍, മൃഗങ്ങള്‍ എന്നിവ കൊണ്ടുള്ള ആഘാതം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളടാങ്ക്, പൈപ്പ് തുടങ്ങിയവ പൊട്ടുകയോ, നിറഞ്ഞൊഴുകുകയോ ചെയ്യല്‍, മിസൈല്‍ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍, ഓട്ടോമാറ്റിക്സ് സ്പ്രിംഗ്ളറില് നിന്നുള്ള ചോര്‍ച്ച, (കാട്ടുതീ ഒഴിച്ചുള്ള) ബുഷ്ഫയര് എന്നിവയാണ് പുതിയ സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ ആന്‍ഡ് മള്‍ട്ടി പെറില്‍ പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്‍ഷുര്‍ ചെയ്യപ്പെടുന്ന കെട്ടിടങ്ങളുടെയും സാധന സാമഗ്രികളുടെയും പ്രത്യേകതയനുസരിച്ച് അവയെ 5 വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചാണ് ഇന്‍ഷുര്‍ ചെയ്യുന്നത്.
അഗ്നി ഇന്‍ഷുറന്‍സിന് വിവിധരീതികളിലുള്ള പോളിസികളുണ്ട്. 'സ്റ്റാന്‍ഡാര്‍ഡ് ഫയര്‍ ഇന്‍ഷ്വറന്‍സ് പോളിസി' ഇവയില്‍ പ്രധാനപ്പെട്ടതാണ്. തീപിടുത്തം മൂലം ഇന്‍ഷുര്‍ ചെയ്യപ്പെട്ട വസ്തുവകകള്‍ നശിച്ചുനഷ്ടമുണ്ടായാല് നിര്‍ദിഷ്ടതുക നല്‍കാമെന്ന് ഈ പോളിസി വാഗ്ദാനം ചെയ്യുന്നു. ഈ പോളിസിയില്‍ ഓരോ ഇനത്തിനും പ്രത്യേക തുക നിശ്ചയിച്ചിരിക്കും. കമ്പോളവില കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. ചില്ലറ വില്പന നടത്തുന്ന കടയിലെ സ്റ്റോക്കു നശിച്ചാല്‍ അഗ്നിബാധകൊണ്ടു നശിച്ച സാധനങ്ങളുടെ യഥാര്‍ഥവില മാത്രമേ പരിഹാരമായി നല്‍കുകയുള്ളു. ഒരു കെട്ടിടം നശിച്ചാല്‍ അത്തരം ഒരു കെട്ടിടം പണിയാനുള്ള തുക നഷ്ടപരിഹാരമായി നല്‍കും. മുന്‍പുണ്ടായിരുന്ന കെട്ടിടത്തിന്റെ തേയ്മാനവും കണക്കിലെടുക്കാറുണ്ട്.
ചില പ്രത്യേക സാഹചര്യത്തില്‍ 'പകരം വയ്ക്കല്‍' (replacement) പോളിസി' നല്‍കാറുണ്ട്. ഇങ്ങനെയുള്ള പോളിസികളില്‍, പകരംവയ്ക്കുന്നതിനുവേണ്ട തുകയാണ് നഷ്ടപരിഹാരമായി നല്‍കുക. സ്റ്റോക്കുകള്‍ മാറിക്കൊണ്ടിരിക്കുകയാണെങ്കില്‍ അതിന് പ്രത്യേക വ്യവസ്ഥകള്‍ ചെയ്യുന്നതാണ് 'ഫ്ളോട്ടിങ് പോളിസി.'
'ഡിക്ളറേഷന് പോളിസി' വ്യവസ്ഥകളനുസരിച്ച് നഷ്ടസാധ്യതയുടെ ഏറ്റവും വലിയ തുക പോളിസികാലത്തേക്ക് ഇന്‍ഷുര്‍ ചെയ്യുന്നു. വാര്ഷികപ്രീമിയത്തിന്റെ 75 ശ.മാ. ഉടന്‍ തന്നെ അടയ്ക്കുന്നു. നിര്ദിഷ്ടതീയതികളില് കക്ഷി കമ്പനികള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. ഇന്‍ഷുര്‍ ചെയ്തിട്ടുള്ള ശ.ശ. തുക കണക്കിലെടുത്താണ് വര്‍ഷാന്ത്യത്തില്‍ പ്രീമിയം കണക്കാക്കുന്നത്. അറ്റലാഭത്തിലുതകുന്ന കുറവു നികത്തുന്നതിനുവേണ്ടി 'ലാഭക്കുറവുപോളിസി'യും ഉണ്ട്.
അഗ്നി ഇന്‍ഷുറന്‍സ് പോളിസികളില്‍ പ്രീമിയത്തിന്റെ നിരക്കുകളില്‍ അല്പം വര്‍ധനവു വരുത്തി ഭൂമികുലുക്കം, സ്ഫോടനം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നിവമൂലം ഉണ്ടാകുന്ന നഷ്ടത്തിനും പരിഹാരം നേടാവുന്നതാണ്. കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തെയും കെട്ടിടത്തിന്റെ നിര്‍മാണത്തെയും ആശ്രയിച്ചാണ് പ്രീമിയം കണക്കാക്കപ്പെടുന്നത്. നോ: അഗ്നിപ്രതിരോധം; ഇന്‍ഷുറന്‍സ്
(ആര്.ആര്. മല്ലയ്യ)