This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്കന്‍ സ്വാതന്ത്ര്യസമരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:11, 14 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

അമേരിക്കന്‍ സ്വാതന്ത്ര്യസമരം

American War of Independence

ഉത്തര അത്ലാന്തിക് തീരത്തുള്ള 13 ബ്രിട്ടീഷുകോളനികള്‍, മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരായി നടത്തിയ സ്വാതന്ത്ര്യസമരം. ഈ സ്വാതന്ത്ര്യസമരം അമേരിക്കന്‍ വിപ്ലവം എന്നും അറിയപ്പെടുന്നു.

യൂറോപ്പിലെ പല രാജ്യങ്ങളില്‍നിന്നും വടക്കേ അമേരിക്കയുടെ കിഴക്കന്‍ സമുദ്രതീരപ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തവരാണ് ഈ കോളനികള്‍ സ്ഥാപിച്ചത്. ഇംഗ്ലണ്ട്, സ്കോട്ട്‍ലണ്ട്, അയര്‍ലണ്ട്, ഫ്രാന്‍സ്, പോളണ്ട്, ജര്‍മനി, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് കുടിയേറ്റം പ്രധാനമായും നടന്നത്. ഇവരില്‍ ബഹുഭൂരിപക്ഷം പേരും ബ്രിട്ടീഷുകാരായിരുന്നു. 1763-ല്‍ ഉണ്ടായിരുന്ന 13 കോളനികളിലെ നിവാസികളില്‍ 13 ലക്ഷം പേര്‍ ഇംഗ്ലീഷുകാരായിരുന്നു. ഇംഗ്ളണ്ടിലെ സ്റ്റുവര്‍ട്ട് രാജാക്കന്മാരുടെ മതപീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ തങ്ങളുടെ ജന്മദേശം വിട്ടു പോന്ന ഇംഗ്ലീഷ് പ്രോട്ടസ്റ്റന്റുകാരായിരുന്നു ഇവരിലധികം പേരും. ന്യൂഹാംഷയര്‍, ന്യൂയോര്‍ക്ക്, മാസച്ചൂസിറ്റ്സ്, കണക്റ്റിക്കട്ട്, റോഡ് ഐലന്‍ഡ്, ന്യൂ ജേര്‍സി, പെന്‍സില്‍വേനിയ, ഡെലെവര്‍, മെരിലന്‍ഡ്, വെര്‍ജീനിയ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, ജോര്‍ജിയ എന്നിവയായിരുന്നു ഈ കോളനികള്‍. ഈ കോളനികളിലെല്ലാംതന്നെ ജനസംഖ്യയില്‍ ഭൂരിപക്ഷം ഇംഗ്ളീഷുകാരായിരുന്നു. 17-ാം ശ.-ത്തില്‍ നിലവിലുണ്ടായിരുന്ന രാഷ്ട്രീയാശയങ്ങളെയും രാഷ്ട്രീയസമ്പ്രദായങ്ങളെയും അവര്‍ കൂടെ കൊണ്ടുവരികയും കുടിയേറിപ്പാര്‍ത്ത കോളനികളില്‍ അവ പ്രചരിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് കോമണ്‍സ് സഭയുടെ മാതൃകയില്‍ ഓരോ കോളനിയിലും ഓരോ നിയമസഭയുണ്ടായി. മിക്ക കോളനിയിലെയും ഭരണത്തലവന്‍ ബ്രിട്ടിഷ് രാജാവിന്റെ പ്രതിപുരുഷനെന്ന നിലയില്‍ ഗവര്‍ണര്‍ ആയിരുന്നു. ഗവര്‍ണറും പ്രാദേശിക നിയമസഭയും തമ്മിലുള്ള ബന്ധം, പ്രായേണ ബ്രിട്ടിഷ് രാജാവും ബ്രിട്ടിഷ് പാര്‍ലമെന്റും തമ്മിലുള്ള ബന്ധംപോലെ ആയിരുന്നു. നിയമസഭയുടെ അംഗീകാരമില്ലാതെ നിയമമുണ്ടാക്കുകയോ പുതിയ നികുതികള്‍ ചുമത്തുകയോ ചെയ്യാന്‍ പാടില്ലെന്ന് കോളനിക്കാര്‍ വാദിച്ചു.

പശ്ചാത്തലം

വിപ്ലവപരമായ രാഷ്ട്രീയാശയങ്ങള്‍ അമേരിക്കന്‍ കോളനികളില്‍ വളര്‍ന്നുവരാന്‍ പല സാഹചര്യങ്ങളും സഹായകമായി. കോളനിക്കാരില്‍ ഭൂരിപക്ഷം പേരും കത്തോലിക്കാമതത്തോടു കൂറില്ലാത്ത പ്യൂരിറ്റന്‍ (Puritan) വിഭാഗക്കാരായിരുന്നു. അവരുടെ സ്വാതന്ത്ര്യബോധം രാഷ്ട്രീയ മണ്ഡലത്തിലും പ്രതിഫലിച്ചു. സാമ്പത്തിക സാമൂഹികസ്ഥിതികളും രാഷ്ട്രീയവിപ്ളവത്തിനു കളമൊരുക്കി. കോളനികളിലെ ഭൂരിപക്ഷംപേരും ഇടത്തരക്കാരോ താഴെക്കിടയിലുള്ളവരോ ആയിരുന്നതിനാല്‍ യൂറോപ്പിലെ ഫ്യൂഡല്‍ വ്യവസ്ഥിതി കോളനികളില്‍ വേരൂന്നിയിരുന്നില്ല. ഭൂമിശാസ്ത്രപരമായും കോളനികള്‍ക്ക് അനുകൂലസാഹചര്യങ്ങളാണുണ്ടായിരുന്നത്. മാതൃരാജ്യത്തുനിന്നു വളരെ അകലെ സ്ഥിതിചെയ്തിരുന്നതുകൊണ്ട് അവിടെനിന്ന് അനേകദിവസത്തെ സമുദ്രസഞ്ചാരം നടത്തി കോളനികളില്‍ എത്തിച്ചേരുന്നത് അത്യന്തം ദുഷ്കരമായതിനാല്‍, ബ്രിട്ടീഷ് ഗവണ്‍മെന്റ് കോളനികളുടെ കാര്യത്തില്‍ വേണ്ടത്ര ശുഷ്കാന്തി കാണിച്ചിരുന്നില്ല. സാമ്പത്തികമായി ബ്രിട്ടനു കോളനികള്‍കൊണ്ടു വലിയ മെച്ചമുണ്ടായിരുന്നില്ല. അതിനാല്‍ കോളനികളുടെ കാര്യം കോളനിക്കാര്‍ തന്നെയാണു നോക്കിയിരുന്നത്. സ്വാഭാവികമായും മാതൃരാജ്യത്തിന്റെ ഇടപെടല്‍ കോളനികളില്‍ അസംതൃപ്തിയുളവാക്കി. കച്ചവടക്കാര്യത്തില്‍ ബ്രിട്ടന് കോളനികളില്‍ ഇടപെടാതെ നിവൃത്തിയില്ലാത്ത പരിതഃസ്ഥിതി നിലവിലിരുന്നു. ബ്രിട്ടന്റെ കച്ചവടനയം 'മെര്‍ക്കന്റലിസ്റ്റ്' സിദ്ധാന്തത്തെ ആധാരമാക്കിയുള്ളതായിരുന്നു (രാജ്യത്തിന്റെ സമ്പത്തും ശക്തിയും വര്‍ധിക്കത്തക്കവിധത്തില്‍ പ്രജകളുടെ വിദേശവ്യാപാരം ക്രമപ്പെടുത്തണമെന്നതാണു മെര്‍ക്കന്റിലിസത്തിന്റെ തത്ത്വം). ബ്രിട്ടന്റെ ദൃഷ്ടിയില്‍ കോളനിക്കാര്‍ ബ്രിട്ടീഷ് പ്രജകളായിരുന്നു. അതിനാല്‍ മെര്‍ക്കന്റിലിസ്റ്റു തത്ത്വപ്രകാരം കോളനികള്‍ക്ക് ബ്രിട്ടനോടു മൂന്നുതരം ബാധ്യതകള്‍ ഉണ്ടായിരുന്നു: (1) ബ്രിട്ടനില്‍ ഉത്പാദിപ്പിക്കാന്‍ നിവൃത്തിയില്ലാത്ത സാധനങ്ങള്‍ കോളനികള്‍ ഉത്പാദിപ്പിച്ച് മാതൃരാജ്യത്തിനു നല്കണം; (2) മാതൃരാജ്യത്തിലെ വ്യവസായങ്ങളോടു മത്സരിക്കുകയോ ബ്രിട്ടനോട് വ്യാവസായികമത്സരത്തില്‍ ഏര്‍പ്പെടുന്ന അന്യരാജ്യങ്ങളെ സഹായിക്കുകയോ ചെയ്യരുത് ; (3) ഭരണം, സൈന്യം എന്നീ രംഗങ്ങളില്‍ ബ്രിട്ടന്‍ വഹിക്കുന്ന സാമ്പത്തികഭാരത്തില്‍ കോളനികള്‍ പങ്കു വഹിക്കണം.

മേല്‍പ്പറഞ്ഞ ബാധ്യതകള്‍ പ്രാവര്‍ത്തികമാക്കാന്‍ ബ്രിട്ടന്‍ പല നിയമങ്ങളും നിബന്ധനകളും നടപ്പിലാക്കി. ഉദാഹരണമായി ബ്രിട്ടന് ആവശ്യമായ നീലം കരോലിനയിലും, കാപ്പി ജമെയ്ക്കയിലും, പുകയില വെര്‍ജീനിയയിലും കൃഷി ചെയ്തുണ്ടാക്കാന്‍ ബ്രിട്ടന്‍ പ്രോത്സാഹനം നല്കി. അതു സാധ്യമല്ലാതിരുന്നെങ്കില്‍ ഇവ ബ്രിട്ടന് സ്പെയിനില്‍നിന്നു വാങ്ങേണ്ടിവരുമായിരുന്നു. അപ്രകാരം തന്നെ ബ്രിട്ടീഷ് വ്യവസായികള്‍ ഉത്പാദിപ്പിക്കുന്ന ചരക്കുകളുമായി മത്സരിക്കാതിരിക്കാന്‍ കോളനികളില്‍ ഉണ്ടാക്കുന്ന ചരക്കുകളുടെ കയറ്റുമതിയില്‍ നിശിതമായ നിയന്ത്രണം ചെലുത്തി. കോളനികളില്‍ ഉണ്ടാക്കിയിരുന്ന രോമത്തൊപ്പികള്‍ കയറ്റുമതി ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചു. ബ്രിട്ടനിലെ തൊപ്പിനിര്‍മാണവ്യവസായത്തിന് ഹാനിവരാതിരിക്കാനാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയത്.

കോളനികള്‍ക്ക് ഇതിനെക്കാള്‍ കൂടുതല്‍ വൈഷമ്യമുണ്ടാക്കിയതായിരുന്നു നാവിക നിയമങ്ങള്‍ (Navigation Acts). ഈ നിയമങ്ങളിലെ പ്രധാന വ്യവസ്ഥകള്‍ താഴെപ്പറയുന്നവയാണ്: (1) എല്ലാ ചരക്കുകളുടെയും കയറ്റുമതിയും ഇറക്കുമതിയും ഇംഗ്ളണ്ടിലോ അയര്‍ലണ്ടിലോ കോളനികളിലോ നിര്‍മിച്ചതും ബ്രിട്ടീഷ് പ്രജകള്‍ മാത്രം നയിച്ചുകൊണ്ടുപോകുന്നതുമായ കപ്പലുകളിലായിരിക്കണം ; (2) പഞ്ചസാര, പുകയില, പഞ്ഞി, രോമം, അരി, നീലം എന്നിങ്ങനെ പ്രത്യേക പട്ടികയില്‍പ്പെടുത്തിയ സാധനങ്ങള്‍ കോളനികള്‍ ഇംഗ്ളണ്ടിലേക്കു മാത്രമേ കയറ്റുമതി ചെയ്യാന്‍ പാടുള്ളു ; (3) യൂറോപ്പില്‍നിന്ന് കോളനികളിലേക്ക് ഇറക്കുമതി ചെയ്യാനുള്ള സാധനങ്ങള്‍ ഇംഗ്ളണ്ടിലടുപ്പിച്ച് അവിടെ ചുങ്കം കൊടുത്തതിനു ശേഷമേ കോളനികളില്‍ എത്തിക്കാന്‍ പാടുള്ളു. ഈ നിബന്ധനകള്‍ ഏറെക്കാലം കോളനികള്‍ ഗൌനിക്കാതിരുന്നു. കാരണം റോബര്‍ട്ട് വാല്‍പോള്‍ (1676-1745) ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നകാലത്ത് (1721-42) ഈ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. അതിനാല്‍ കോളനിക്കാര്‍ നിയമലംഘനവും കള്ളക്കടത്തും പതിവായി നടത്തിയിരുന്നു. മാത്രമല്ല, കോളനിക്കാരുടെ അയല്‍പ്രദേശമായ കാനഡ ഫ്രഞ്ചുകാരുടെ അധീനത്തിലിരിക്കുന്നിടത്തോളംകാലം കോളനികള്‍ക്ക് സ്വരക്ഷാര്‍ഥം ബ്രിട്ടനെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനുംപുറമേ 18-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ കോളനികള്‍ ദുര്‍ബലാവസ്ഥയിലും പരസ്പര വൈരാഗ്യത്തിലും കഴിയുകയായിരുന്നു. അതിനാല്‍ ഒന്നിച്ചുചേര്‍ന്നു ബ്രിട്ടീഷ് സാമ്രാജ്യമേധാവിത്വത്തെ ചെറുക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടായിരുന്നില്ല. മതം, സാമൂഹികാചാരങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയില്‍ താത്പര്യഭിന്നത ഉണ്ടായിരുന്ന കോളനികള്‍ തമ്മില്‍ പരസ്പര സഹകരണവും സൌഹാര്‍ദവും ഉണ്ടാകാതിരുന്നതിനാല്‍ അവര്‍ ഒരു പൊതുശത്രുവിനെ നേരിടാന്‍ പ്രാപ്തരല്ലായിരുന്നു. എന്നാല്‍ 1763-ല്‍ സ്ഥിതിഗതികള്‍ പാടേ മാറി. ഇംഗ്ളണ്ടും ഫ്രാന്‍സും തമ്മില്‍ നടന്ന സപ്തവത്സരയുദ്ധത്തില്‍ (1756-63) ഫ്രാന്‍സ് പരാജയപ്പെട്ടതിന്റെ ഫലമായി ഫ്രഞ്ചുകാര്‍ കാനഡ ബ്രിട്ടീഷുകാര്‍ക്കു വിട്ടുകൊടുത്തു. തന്മൂലം കോളനികള്‍ക്ക് അയല്‍പക്കത്തെ ഫ്രഞ്ചുശത്രുക്കളെ ഭയന്നു ജീവിക്കേണ്ട ആവശ്യമില്ലാതായി. മാത്രമല്ല, സപ്തവത്സരയുദ്ധത്തില്‍ കോളനികള്‍ വഹിച്ച പങ്ക് അവരില്‍ ആത്മവിശ്വാസം ഉളവാക്കി. 1754-ലെ അല്‍ബനി കോണ്‍ഗ്രസ്സില്‍ 7 കോളനികളുടെ പ്രതിനിധികള്‍ പങ്കെടുക്കുകയും 13 കോളനികളെയും കൂട്ടിച്ചേര്‍ത്ത് ഒരു ഫെഡറല്‍ സംഘടന ഉണ്ടാക്കുവാന്‍ ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ (1706-90) അവിടെ അവതരിപ്പിച്ച രൂപരേഖ ചര്‍ച്ച ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസ്, പദ്ധതി അംഗീകരിച്ചില്ലെങ്കിലും യോജിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ പ്രയോജനങ്ങളെപ്പറ്റി കോളനികള്‍ ചിന്തിക്കാന്‍ കോണ്‍ഗ്രസ്സിലെ ചര്‍ച്ചകള്‍ സഹായിച്ചു.

ബ്രിട്ടീഷ് നടപടികള്‍

സപ്തവത്സരയുദ്ധം അവസാനിച്ച ഘട്ടത്തിലാണ് (1763), ജോര്‍ജ് III (1738-1820) ബ്രിട്ടീഷ് രാജാവായത്; താമസിയാതെ ജോര്‍ജ് ഗ്രെന്‍വില്‍ പ്രധാനമന്ത്രിയുമായി. സപ്തവത്സരയുദ്ധം ബ്രിട്ടനു വമ്പിച്ച സാമ്പത്തികബാധ്യത വരുത്തിവച്ചു. ഈ സാമ്പത്തികഭാരത്തില്‍ ഒരു ഭാഗം അമേരിക്കന്‍ കോളനികളും വഹിക്കണമെന്നു രാജാവും പ്രധാനമന്ത്രിയും തീരുമാനിച്ചു. ഇതിനു പുറമേ ഫ്രഞ്ചുകാരില്‍നിന്ന് പിടിച്ചടക്കിയ മിസിസിപ്പി നദീതടവും സെന്റ് ലോറന്‍സ് നദീതടവും ഫ്രഞ്ചുകാരുടെയും സ്പെയിന്‍കാരുടെയും അമേരിന്ത്യന്‍ വര്‍ഗക്കാരുടെയും ആക്രമണത്തില്‍ നിന്നു സംരക്ഷിക്കുവാന്‍ ചുരുങ്ങിയത് പതിനായിരം പട്ടാളക്കാരെയെങ്കിലും സ്ഥിരമായി കാവല്‍ നിര്‍ത്തേണ്ട ബാധ്യതയും ബ്രിട്ടനു വന്നുചേര്‍ന്നു. അതിന് പ്രതിവര്‍ഷം 3 ലക്ഷം പവനെങ്കിലും ചെലവു വരുമായിരുന്നു. കോളനികള്‍ക്കുവേണ്ടി വഹിക്കേണ്ടിവരുന്ന ഈ സാമ്പത്തികഭാരത്തില്‍ ഒരംശമെങ്കിലും കോളനികള്‍തന്നെ വഹിക്കണമെന്നു ബ്രിട്ടീഷ് ഗവണ്‍മെന്റ് നിശ്ചയിച്ചു. അതിനാല്‍ പകുതി ചെലവ് കോളനികള്‍ വഹിക്കണമെന്ന് ഗ്രെന്‍വില്‍ തീരുമാനിക്കുകയും അതിനുവേണ്ടി രണ്ടു നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കുകയും ചെയ്തു. 1764-ലെ 'പഞ്ചസാരനിയമ'വും (Sugar Act), 1765-ലെ 'സ്റ്റാമ്പ് നിയമ'വും (Stamp Act) ആണ് ഇവ. അമേരിക്കന്‍ കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന പഞ്ചസാര മുതലായ ചരക്കുകളില്‍ നികുതി ഈടാക്കുന്നതായിരുന്നു 'പഞ്ചസാര നിയമം'. ഈ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപടിയെടുത്തു. കള്ളക്കടത്തു തടയാന്‍ പ്രധാന തുറമുഖങ്ങളില്‍ ഉദ്യോഗസ്ഥന്മാരെ കാവല്‍ നിര്‍ത്തി. എന്നാല്‍ ഔദ്യോഗിക നിയന്ത്രണമില്ലാത്ത തുറമുഖങ്ങളില്‍ക്കൂടി കള്ളക്കടത്തുകാര്‍ അവരുടെ വ്യാപാരം തുടര്‍ന്നു. അതിനെ നേരിടാന്‍ വീടുകളിലും കപ്പലുകളിലും പ്രവേശിച്ച് പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്കി. ഇത് കോളനിക്കാരുടെ ഇടയില്‍ വലിയ അമര്‍ഷമുണ്ടാക്കി.

പത്രങ്ങള്‍, ലഘുലേഖകള്‍, രജിസ്റ്റര്‍ ചെയ്യാനുള്ള ആധാരങ്ങള്‍ മുതലായവ റവന്യൂ സ്റ്റാമ്പോടുകൂടിയ കടലാസില്‍ ആയിരിക്കണമെന്ന് 1765-ലെ സ്റ്റാമ്പുനിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത് കോളനിവാസികളുടെ ഇടയില്‍ പ്രതിഷേധത്തിനു കാരണമായി. സ്റ്റാമ്പ് നിയമം പത്രപ്രസിദ്ധീകരണക്കാര്‍ക്കും ലഘുലേഖക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ബാങ്കു നടത്തുന്നവര്‍ക്കും അഭിഭാഷകന്മാര്‍ക്കും പുതിയ സാമ്പത്തികഭാരമുണ്ടാക്കി. 'നികുതിദായകരുടെ പ്രാതിനിധ്യമില്ലാത്ത നികുതി ചുമത്തല്‍ നിഷ്ഠൂര ഭരണമാണ്' എന്ന് ബോസ്റ്റണിലെ ഒരഭിഭാഷകനായിരുന്ന ജെയിംസ് ഓട്ടിസ് (1725-83) രൂപംകൊടുത്ത മുദ്രാവാക്യം ജനങ്ങളെ ഇളക്കി. തങ്ങളുടെ നിയമസഭകള്‍ക്കല്ലാതെ ബ്രിട്ടീഷ് പാര്‍ലമെന്റിന് തങ്ങളുടെ മേല്‍ നികുതി ചുമത്തുന്ന നിയമമുണ്ടാക്കാന്‍ അധികാരമില്ലെന്ന് (No Taxation Without Representation) കോളനിക്കാര്‍ ശഠിച്ചു. സ്റ്റാമ്പുനിയമത്തില്‍ പ്രതിഷേധിച്ച് ചിലയിടങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. കോളനികളിലെ നിയമസഭകള്‍ പ്രതിഷേധപ്രമേയങ്ങള്‍ പാസാക്കി.

1765 ഒ.-ല്‍ 9 കോളനിക്കാരുടെ പ്രതിനിധികള്‍ ന്യൂയോര്‍ക്കില്‍ സമ്മേളിച്ച് ഒരു അവകാശപ്രഖ്യാപനം നടത്തി. കോളനികള്‍ സംഘടിക്കാനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും തുടങ്ങിയതിന്റെ ലക്ഷണമായിരുന്നു ന്യൂയോര്‍ക്ക് സമ്മേളനം. സാമുവല്‍ ആഡംസ് (1722-1803), പാട്രിക് ഹെന്‍റി (1736-99) എന്നിവരുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യപ്രക്ഷോഭം പുരോഗമിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റ് 1766-ല്‍ സ്റ്റാമ്പ് നിയമം റദ്ദുചെയ്തു. എന്നാലും ബ്രിട്ടീഷ് പാര്‍ലമെന്റിന് കോളനികള്‍ക്കുവേണ്ടി നിയമമുണ്ടാക്കാന്‍ അധികാരമുണ്ടെന്നു പ്രഖ്യാപിക്കുന്ന നിയമം പാര്‍ലമെന്റില്‍ പാസാക്കുകയും നിയമം നടപ്പിലാക്കാന്‍ കൂടുതല്‍ ബ്രിട്ടീഷ് പട്ടാളക്കാരെ കോളനികളിലേക്ക് അയയ്ക്കുകയും ചെയ്തു. പട്ടാളക്കാര്‍ക്ക് അമേരിക്കന്‍ പട്ടണങ്ങളില്‍ ബലം പ്രയോഗിച്ച് താമസിക്കുവാന്‍ നിയമാനുവാദം നല്കുന്ന 'ക്വാര്‍ട്ടറിംഗ് നിയമം' (Quartering Act) പാര്‍ലമെന്റ് പാസാക്കുകയുണ്ടായി. 1767-ല്‍ ബ്രിട്ടീഷ് ധനകാര്യമന്ത്രിയായിരുന്ന ചാള്‍സ് ടൗണ്‍ഷെന്റ് (1725-67) ഏതാനും നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കി. കണ്ണാടി, ഈയം, ചായം, കടലാസ്, തേയില എന്നീ സാധനങ്ങളില്‍ ഇറക്കുമതിച്ചുങ്കം ചുമത്തുന്നതായിരുന്നു ഈ നിയമങ്ങള്‍. ഈ നികുതികള്‍ അമേരിക്കന്‍ തുറമുഖങ്ങളില്‍ ഈടാക്കാന്‍ ബ്രിട്ടീഷ് കമ്മീഷണര്‍മാരെ നിയമിച്ചു. നിയമം ലംഘിക്കുന്ന അമേരിക്കക്കാരെ 'ജൂറി' ഇല്ലാതെതന്നെ വിചാരണ ചെയ്തു ശിക്ഷിക്കാനും വ്യവസ്ഥ ചെയ്തിരുന്നു. ടൌണ്‍ഷെന്റ് നിയമങ്ങള്‍ കോളനിയിലെ കച്ചവടക്കാരുടെ ഇടയിലും അസ്വസ്ഥത ഉണ്ടാക്കി. ഒരു കൊല്ലത്തിനകം ബ്രിട്ടീഷ് ഇറക്കുമതികള്‍ വളരെക്കുറഞ്ഞു. ക്വാര്‍ട്ടറിംഗ് നിയമത്തിന്റെ തണലില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആയിരം പട്ടാളക്കാരെ ബോസ്റ്റണ്‍ നഗരത്തിലേക്കയച്ചു. ഇത് ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും സംഘട്ടനങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബോസ്റ്റണ്‍ നിവാസികള്‍ ബ്രിട്ടീഷ് പട്ടാളക്കാരെ അധിക്ഷേപിച്ചു. ബോസ്റ്റണിലെ ഈ സംഘട്ടനത്തില്‍ (1770) പലരും കൊല്ലപ്പെട്ടു. 'ബോസ്റ്റണ്‍ കൂട്ടക്കൊല' എന്ന പേരിലാണ് ഈ സംഭവം ചരിത്രത്തില്‍ അറിയപ്പെടുന്നത്.

ബോസ്റ്റണ്‍ റ്റീ പാര്‍ട്ടി

ഈ പ്രതിസന്ധിയില്‍ ബ്രിട്ടീഷ് രാജാവായ ജോര്‍ജ് III, നോര്‍ത്തു പ്രഭുവിനെ (1732-92) പ്രധാനമന്ത്രിയായി നിയമിച്ചു.
ബോസ്റ്റണ്‍ 'റ്റീ പാര്‍ട്ടി':പെയിന്റിങ്
അദ്ദേഹം 1770-ല്‍ ടൗണ്‍ഷെന്റ് നിയമങ്ങള്‍ റദ്ദു ചെയ്തു. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനു നികുതി ചുമത്താന്‍ അധികാരമുണ്ടെന്നു സ്ഥാപിക്കാന്‍ തേയിലയുടെ മേലുള്ള നിസ്സാര നികുതി മാത്രം നിലനിര്‍ത്തി. പക്ഷേ, തത്ത്വത്തിന്റെ പേരില്‍ കോളനിക്കാര്‍ ഈ നികുതിയെയും എതിര്‍ത്തു.
സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ ജോര്‍ജ് വാഷിങ്ടണ്‍ ഒപ്പു വയ്ക്കുന്നു:പെയിന്റിങ്
ബ്രിട്ടീഷ് പാര്‍ലമെന്റിന് കോളനികളുടെ മേല്‍ നികുതി ചുമത്താന്‍ അധികാരമില്ലെന്ന നിലപാടില്‍ത്തന്നെ അവര്‍ ഉറച്ചുനിന്നു. ഇതനുസരിച്ച് അമേരിക്കയില്‍ ഇറക്കുമതിചെയ്ത തേയില വാങ്ങാന്‍ അവര്‍ വിസമ്മതിച്ചു. 1777 ഡി. 16-ന് ബോസ്റ്റണ്‍ പൗരന്മാര്‍ ബോസ്റ്റണ്‍ തുറമുഖത്തില്‍ നങ്കൂരമിട്ട ഒരു ബ്രിട്ടീഷ് തേയിലക്കപ്പലില്‍ അമേരിക്കന്‍ ഇന്ത്യന്മാരുടെ വേഷത്തില്‍ കയറിച്ചെന്ന് തേയില നിറച്ച 342 പെട്ടികള്‍ കടലിലേക്ക് വലിച്ചെറിഞ്ഞു. ബോസ്റ്റണ്‍ റ്റീ പാര്‍ട്ടി (Boston Tea Party) എന്ന പേരിലറിയപ്പെടുന്ന ഈ സംഭവം അമേരിക്കന്‍ വിപ്ളവത്തിന്റെ നാന്ദികുറിച്ചു. ഇതിന്റെ ബ്രിട്ടീഷ് പ്രതികരണം 1774-ല്‍ പാസ്സാക്കിയ 5 നിയമങ്ങളാണ്. അതനുസരിച്ച് ബോസ്റ്റണ്‍ തുറമുഖം അടച്ചുപൂട്ടി; ഈ നഗരം സ്ഥിതിചെയ്യുന്ന മാസച്ചുസിറ്റ്സ് എന്ന കോളനിയുടെ സ്വയംഭരണാവകാശം റദ്ദാക്കി; ബ്രിട്ടീഷ് പട്ടാളക്കാര്‍ ബലാല്‍ക്കാരമായി കോളനിക്കാരുടെ സ്ഥലങ്ങളില്‍ താവളമുറപ്പിച്ചു; കാനഡയിലെ ക്യൂബക്ക് പ്രവിശ്യ ഒഹായോ നദിയുടെ തെ. വശംവരെ വിസ്തൃതമാക്കി; മാസച്ചുസിറ്റ്സ്, വെര്‍ജീനിയ, കണക്റ്റിക്കട്ട് എന്നീ കോളനികളുടെ പശ്ചിമപ്രദേശങ്ങളില്‍ സാരമായ ഭാഗം കാര്‍ന്നെടുത്തു.

കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്

ഈ ഘട്ടത്തില്‍ സ്വാതന്ത്ര്യപ്രസ്ഥാനം കോളനികളില്‍ പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിച്ചു. ഇത്രയുമായിട്ടും അമേരിക്കയില്‍ ചിലര്‍ ബ്രിട്ടീഷ് രാജാവിനോട് പ്രത്യക്ഷത്തില്‍ കൂറുള്ളവരായിരുന്നു; മറ്റു ചിലര്‍ നിക്ഷ്പക്ഷനില സ്വീകരിച്ചു; എന്നാല്‍ മൂന്നാമതൊരു കൂട്ടര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നു. അവര്‍ 'രാജ്യസ്നേഹികള്‍' എന്നറിയപ്പെട്ടിരുന്നു. അവര്‍ക്കാണ് ഒടുവില്‍ ഏറ്റവുമധികം ജനസ്വാധീനമുണ്ടായത്. അവരുടെ നേതൃത്വത്തില്‍ 1774 സെപ്. 5-ന് ഫിലാഡല്‍ഫിയയില്‍ വച്ച് ഒരു 'കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്' വിളിച്ചുകൂട്ടി. ഇതില്‍ ജോര്‍ജിയ ഒഴികെയുള്ള എല്ലാ കോളനികളുടെയും പ്രതിനിധികള്‍ സംബന്ധിച്ചിരുന്നു. ഈ സമ്മേളനം അമേരിക്കയിലേക്കുള്ള ബ്രിട്ടീഷ് ഇറക്കുമതികള്‍ അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കുകയും ബ്രിട്ടീഷ് രാജാവിന് ഹര്‍ജി അയയ്ക്കുകയും ചെയ്തു. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഒട്ടും വഴങ്ങിയില്ല. ചാതാംപ്രഭു (1708-78) ഈ അവസരത്തില്‍ കോളനികളോട് വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രഭുസഭയില്‍ വാദിച്ചു. പ്രസിദ്ധ വാഗ്മിയായ എഡ്മണ്ട് ബര്‍ക്കും കോമണ്‍സ്സഭയില്‍ ഈ ആശയം ശക്തമായി ഉന്നയിച്ചു. എന്നാല്‍ രാജാവും ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അമേരിക്കന്‍ 'രാജ്യസ്നേഹി'കളില്‍ ഇതുളവാക്കിയ പ്രതികരണം സമരരംഗത്തിറങ്ങുകയെന്നുള്ളതായിരുന്നു. 1775 ഏ. 19-ന് മാസച്ചൂസിറ്റ്സില്‍ ലെക്സിങ്ടണ്‍ എന്ന സ്ഥലത്തു വച്ച് ബ്രിട്ടീഷ് സൈന്യവും അമേരിക്കന്‍ കോളനി സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഈ യുദ്ധത്തില്‍ വിജയം അമേരിക്കക്കാര്‍ക്കായിരുന്നു.

സ്വാതന്ത്ര്യപ്രഖ്യാപനം

1775 മേയ് 10-ന് രണ്ടാമത്തെ 'കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്' സമ്മേളിച്ചു. ഇതില്‍ എല്ലാ കോളനികളുടെയും പ്രതിനിധികള്‍ സംബന്ധിച്ചിരുന്നു. ഈ സമ്മേളനം അമേരിക്കന്‍ സൈന്യങ്ങളുടെ സേനാനായകനായി ജോര്‍ജ് വാഷിങ്ടനെ (1732-99) നിയമിച്ചു. തോമസ് ജെഫേഴ്സണ്‍ (1743-1826), ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റി ഒരു സ്വാതന്ത്ര്യപ്രഖ്യാപന വിളംബരം (Declaration of Independence) തയ്യാറാക്കി സമര്‍പ്പിച്ചത് കോണ്‍ഗ്രസ് 1776 ജൂല. 4-ന് അംഗീകരിച്ചു. ഈ പത്രികയുടെ ശില്പി തോമസ് ജെഫേഴ്സണ്‍ ആയിരുന്നു. പ്രസ്തുത പത്രികയില്‍ ജനാധിപത്യത്തിന്റെ ചില മൌലികപ്രമാണങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു: (1) ഇംഗ്ലീഷ്കാര്‍ക്കു മാത്രമല്ല എല്ലാ മനുഷ്യര്‍ക്കും ദൈവദത്തമായ ചില അനുപേക്ഷണീയാവകാശങ്ങളുണ്ട്. ജീവിക്കാനും സ്വാതന്ത്ര്യമനുഭവിക്കാനും ആത്മസുഖത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുമുള്ള അവകാശങ്ങള്‍ ഇവയില്‍ പ്രധാനമാണ്: (2) എല്ലാ ഭരണകൂടങ്ങളുടെയും ന്യായമായ അധികാരങ്ങള്‍ ഭരണീയരില്‍നിന്നു ലഭിക്കുന്നവയാണ്; (3) അതിനാല്‍ സ്വേച്ഛാധിപത്യഭരണത്തെ മറിച്ചിട്ടു ജനസമ്മതമുള്ള ഭരണം സ്ഥാപിക്കാനുള്ള അവകാശം തികച്ചും ന്യായീകരിക്കത്തക്കതാണ്.

ഫിലാഡല്‍ഫിയ കോണ്‍ഗ്രസ്സിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം കോളനികളിലെ 'ദേശസ്നേഹികളി'ല്‍ ആവേശമുളവാക്കി. ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ ഫ്രാന്‍സിലും ബ്രിട്ടന്റെ മറ്റു ശത്രുരാജ്യങ്ങളിലും എത്തി അമേരിക്കക്കാരുടെ സ്വാതന്ത്ര്യസമരത്തിന് സഹായം അഭ്യര്‍ഥിച്ചു. ഇംഗ്ളീഷുകാരനായ തോമസ് പെയിന്‍ അമേരിക്കയില്‍ വന്ന് അമേരിക്കന്‍ സ്വാതന്ത്ര്യപ്രക്ഷോഭണത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. രാജാക്കന്മാരുടെ ഭരണാവകാശം ദൈവ ദത്തമാണെന്നുള്ള വാദത്തെ തോമസ് പെയിന്‍ പരസ്യമായി ഖണ്ഡിച്ചു. തുടരെ വിപ്ളവം നടത്തുന്നതു ജനാധിപത്യഭരണത്തിന് നല്ലതാണെന്നുകൂടി തോമസ് ജെഫേഴ്സണ്‍ വാദിച്ചു. 'ഒന്നുകില്‍ സ്വാതന്ത്ര്യം തരിക, അല്ലെങ്കില്‍ മരണം തരിക' എന്നുള്ള മുദ്രാവാക്യംകൊണ്ടു പാട്രിക് ഹെന്റി രാജ്യസ്നേഹികളില്‍ ആവേശം സൃഷ്ടിച്ചു. ന്യൂയോര്‍ക്കിലെ വിപ്ളവകാരികള്‍ അവിടെ സ്ഥാപിച്ചിരുന്ന ജോര്‍ജ് രാജാവിന്റെ ലോഹപ്രതിമ തകര്‍ത്ത് അതിലെ ലോഹംകൊണ്ട് വെടിയുണ്ടകള്‍ ഉണ്ടാക്കി.

യുദ്ധം ആരംഭിക്കുന്നു

ബ്രിട്ടനിലാകട്ടെ പാര്‍ലമെന്റും രാജാവും കോളനികളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ രാജദ്രോഹമായിട്ടാണ് വീക്ഷിച്ചത്. അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ കോളനിക്കാരെ ഹ്രസ്വകാലംകൊണ്ടു തന്നെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കു കഴിയുന്ന സാഹചര്യമാണുണ്ടായിരുന്നത്. കാരണം സമ്പന്നരായ കോളനിനിവാസികളില്‍ പലരും ബ്രിട്ടീഷു ഗവണ്‍മെന്റിനോടു യുദ്ധത്തിലേര്‍പ്പെടുന്നതിനെതിരായിരുന്നു. അഥവാ എല്ലാ കോളനിക്കാരും ഒത്തൊരുമിച്ചു യുദ്ധത്തിനിറങ്ങിയാല്‍ത്തന്നെയും അവര്‍ക്ക് ജനസംഖ്യകൊണ്ടും നാവികശക്തികൊണ്ടും ബ്രിട്ടനോടു കിടപിടിക്കാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ വേണ്ട സമയത്തു വേണ്ടതു ചെയ്യാതെ ബ്രിട്ടന്‍ അമേരിക്കന്‍ വിപ്ളവകാരികള്‍ക്കു സംഘടിക്കാനും ശക്തി സംഭരിക്കാനും അവസരം നല്കി.

ബങ്കര്‍ഹില്‍ യുദ്ധത്തിന്റെ ദൃശ്യം:പെയിന്റിങ്
1776 ജൂണ്‍ 15-ന് ബോസ്റ്റണ്‍ നഗരത്തിനു സമീപത്ത് ബങ്കര്‍ഹില്‍ എന്ന സ്ഥലത്തുവച്ച് ബ്രിട്ടീഷ് സൈന്യവും കോളനിക്കാരുടെ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഒടുവില്‍ അമേരിക്കക്കാര്‍ പിന്മാറേണ്ടി വന്നു; എങ്കിലും ഈ സംഘട്ടനത്തില്‍ വളരെ ബ്രിട്ടീഷ് പട്ടാളക്കാര്‍ മരണമടഞ്ഞു. 1775 ജൂല. മുതല്‍ 1776 മാ. വരെ ബോസ്റ്റണ്‍ നഗരത്തെ അമേരിക്കന്‍ സൈന്യം പ്രതിരോധിച്ചു. ഒടുവില്‍ ബ്രിട്ടീഷുകാര്‍ക്ക് 1776 മാ. 17-നു ബോസ്റ്റണ്‍ നഗരം വിട്ടുപോകേണ്ടിവന്നു. ബോസ്റ്റണ്‍ നഗരം അമേരിക്കക്കാരുടെ അധീനത്തിലായതിനുശേഷം അവരുടെ സേനാനായകനായ ജോര്‍ജ് വാഷിങ്ടണ്‍ ന്യൂയോര്‍ക്കിന്റെ നേരേ തിരിഞ്ഞു. ബ്രിട്ടീഷ് കരസേനാധിപനായ ജനറല്‍ വില്യം ഹൗവിന്റെയും (1729-1814) നാവികസേനാധിപനായ അഡ്മിറല്‍ റിച്ചാര്‍ഡ് ഹൗവിന്റെയും (1726-99) നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ ഇതിനെ ചെറുത്തു. 1776 സെപ്. 15-ന് ന്യൂയോര്‍ക്ക് നഗരം ബ്രിട്ടീഷുകാര്‍ വീണ്ടെടുത്തു. തന്നിമിത്തം വാഷിങ്ടനു ന്യൂയോര്‍ക്കില്‍നിന്നു വിട്ടുപോകേണ്ടതായും വന്നു.
ജോര്‍ജ് വാഷിങ്ടണ്‍ ബ്രട്ടീഷുകാരോട് യുദ്ധം ചെയ്യാന്‍ ഡെലെവര്‍ നദി കടക്കുന്നു:പെയിന്റിങ്

എന്നാല്‍ 1776 ഡി. 26-ന് ട്രെന്റണ്‍ എന്ന സ്ഥലത്തുവച്ചു നടന്ന ഏറ്റുമുട്ടലില്‍ വാഷിങ്ടണ്‍ ആയിരം ബ്രിട്ടീഷ് പട്ടാളക്കാരെ തടവുകാരാക്കി. അതിനെത്തുടര്‍ന്ന് 1777 ജനു. 3-ന് പ്രിന്‍സ്ടണില്‍വച്ചു നടന്ന യുദ്ധത്തില്‍ വാഷിങ്ടണ്‍ ബ്രിട്ടീഷ്കാരുടേമേല്‍ നിര്‍ണായകമായ വിജയം കൈവരിച്ചു. 1777 ഒ. 17-ന് സാരറ്റോഗാ യുദ്ധത്തില്‍ ജോണ്‍ ബര്‍ഗൊയിന്‍ (1722-92) എന്ന ബ്രിട്ടീഷ് കരസേനാധിപന്‍ ആയിരത്തില്‍പ്പരം പട്ടാളക്കാരോടുകൂടി അമേരിക്കന്‍ സൈന്യത്തിനു കീഴടങ്ങി. സെപ്. 11-ന് ബ്രാണ്ടിവൈന്‍ യുദ്ധത്തില്‍ ഗ്രീന്‍ എന്ന സൈന്യാധിപന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സൈന്യത്തെ വില്യം ഹൌ പരാജയപ്പെടുത്തി. സെപ്. 27-ന് ഫിലാഡല്‍ഫിയ കൈവശപ്പെടുത്തി.

മറ്റു ശക്തികള്‍ ഇടപെടുന്നു

1777-ലെ സാരറ്റോഗാ യുദ്ധം അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു വഴിത്തിരിവിനെ കുറിക്കുന്നു. സപ്തവത്സരയുദ്ധത്തില്‍ പരാജയപ്പെട്ട ഫ്രഞ്ചുകാര്‍ അമേരിക്കന്‍ കോളനിക്കാരുമായി പരസ്യമായി സഖ്യത്തിലേര്‍പ്പെടുകയും 1778-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തു. അതുവരെ അമേരിക്കയില്‍ ഒതുങ്ങിനിന്നിരുന്ന യുദ്ധം ഒരു ആഗോളയുദ്ധത്തിന്റെ രൂപംപ്രാപിച്ചു. 1779 ജൂണില്‍ ഫ്രാന്‍സിന്റെ പ്രേരണയില്‍ സ്പെയിന്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി യുദ്ധരംഗത്തു പ്രവേശിച്ചു. ജിബ്രാള്‍ട്ടറും ഫ്ളോറിഡയും ബ്രിട്ടനില്‍നിന്നു തിരികെ പിടിച്ചെടുക്കാന്‍ ഫ്രാന്‍സ് സ്പെയിനെ സഹായിക്കാമെന്ന വാഗ്ദാനമാണ് സ്പെയിന്‍ ബ്രിട്ടനോടു യുദ്ധത്തിനിറങ്ങിപ്പുറപ്പെടാന്‍ കാരണം. ബ്രിട്ടന്‍ ഡച്ചു കച്ചവടക്കാരെ അമേരിക്കന്‍ വാണിജ്യബന്ധത്തില്‍നിന്ന് ഒഴിച്ചു നിര്‍ത്തി എന്ന കാരണത്താല്‍ ഹോളണ്ട് ഫ്രഞ്ചുകാരുടെ ഭാഗത്തുചേര്‍ന്നു. നാവികശക്തിയില്‍ ബ്രിട്ടന്റെ പുരോഗതിയില്‍ അസൂയയും ഭയവുമുണ്ടായിരുന്ന മറ്റു രാഷ്ട്രങ്ങളും ബ്രിട്ടനെതിരായി അണിനിരന്നു. അമേരിക്കയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ബ്രിട്ടീഷ് നാവികോദ്യോഗസ്ഥന്മാര്‍ അമേരിക്കക്കാരുമായി കച്ചവടബന്ധമുള്ള യൂറോപ്യന്‍ നിഷ്പക്ഷരാജ്യങ്ങളുടെ കപ്പലുകള്‍ ബലമായി പരിശോധിക്കാനും ചില കപ്പലുകള്‍ പിടിച്ചെടുക്കാനും തുടങ്ങി. ഇതില്‍ റഷ്യയിലെ ചക്രവര്‍ത്തിനിയായ കാതറൈന്‍ II (1728-96) പ്രതിഷേധിക്കുകയും 1780-ല്‍ റഷ്യയും സ്വീഡനും ഡെന്മാര്‍ക്കും ചേര്‍ന്ന് ഇംഗ്ലണ്ടിനെതിരായി ഒരു സായുധനിഷ്പക്ഷതാ (Armed neutrality) സഖ്യം ഉണ്ടാക്കുകയും ചെയ്തു. പിന്നീട് പ്രഷ്യയും പോര്‍ച്ചുഗലും ഇറ്റലിയിലെ 'രണ്ടു സിസിലികള്‍' എന്ന രാഷ്ട്രവും വിശുദ്ധ റോമാസാമ്രാജ്യവും ഈ സഖ്യത്തില്‍ ചേര്‍ന്നു. അങ്ങനെ യൂറോപ്യന്‍ രാഷ്ട്രങ്ങളെല്ലാംതന്നെ ബ്രിട്ടന്റെ ശത്രുക്കളായിത്തീര്‍ന്നു. എന്നാല്‍ ഫ്രാന്‍സും സ്പെയിനും ഹോളണ്ടും മാത്രമേ സജീവമായി യുദ്ധരംഗത്തുണ്ടായുള്ളു. ഹോളണ്ട് നോര്‍ത്ത് സീയില്‍ ശല്യമുണ്ടാക്കി. എന്നാല്‍ ഫ്രാന്‍സും സ്പെയിനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തുറന്ന ആക്രമണം നടത്തി.

സ്വാതന്ത്ര്യസമരത്തില്‍ മാസച്ചുസിറ്റ്സിലെ ആയുധമേന്തിയ കര്‍ഷകര്‍ പടവെട്ടുന്നു:പെയിന്റിങ്

ഇതുകൂടാതെ ബ്രിട്ടീഷ് ഗവണ്‍മെന്റിന് ബ്രിട്ടീഷ് ദ്വീപുകളില്‍നിന്നുള്ള എതിര്‍പ്പിനെയും നേരിടേണ്ടി വന്നു. അയര്‍ലണ്ടില്‍ ലഹള ഉണ്ടായതു കൂടാതെ ഇംഗ്ലണ്ടില്‍ത്തന്നെ വില്യം പിറ്റ്, എഡ്മണ്ട് ബര്‍ക്ക്, ചാള്‍സ് ജെയിംസ് ഫോക്സ് തുടങ്ങിയ നേതാക്കന്മാര്‍ അമേരിക്കയോട് പരസ്യമായി കൂറു കാണിച്ചു. അമേരിക്കയിലേക്കു കപ്പലും പട്ടാളവും അയയ്ക്കുന്നതോടുകൂടിത്തന്നെ സ്പെയിനിന്റെയും ഫ്രാന്‍സിന്റെയും ആക്രമണത്തില്‍നിന്നു സ്വന്തം രാജ്യത്തിന്റെ തെക്കേ കടല്‍ത്തീരം സംരക്ഷിക്കേണ്ട ഭാരവും ബ്രിട്ടനു വന്നുകൂടി. അതിലുപരിയായി നോര്‍ത്ത് സീയിലും കരിബീയന്‍ കടലിലും വിദൂരമായ ബംഗാള്‍ ഉള്‍ക്കടലിലും ഡച്ചുകാരെയും ഫ്രഞ്ചുകാരെയും നേരിടാന്‍ നാവികസൈന്യത്തെ അയയ്ക്കേണ്ട ബാധ്യതയും വന്നുചേര്‍ന്നു. ചുരുക്കത്തില്‍ ബ്രിട്ടന് 3 ഭൂഖണ്ഡങ്ങളില്‍ ഒരേ സമയത്തു യുദ്ധം ചെയ്യേണ്ടി വന്നു. 1779-ല്‍ ഫ്രഞ്ച്-സ്പാനിഷ് നാവികസേന ബ്രിട്ടനെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തി. മെഡിറ്ററേനിയനിലെ ബ്രിട്ടീഷ് സാമ്രാജ്യപ്രദേശങ്ങളെ സ്പെയിനും ഫ്രാന്‍സും കൂട്ടായി ആക്രമിക്കുകയും മിനോര്‍ക്ക ദ്വീപ് കൈവശപ്പെടുത്തുകയും ചെയ്തു. ജിബ്രാള്‍ട്ടറിലെ ബ്രിട്ടീഷ് സൈന്യം ശത്രുക്കളെ തോല്പിച്ചതിനാല്‍ ജിബ്രാള്‍ട്ടര്‍ തുറമുഖം ബ്രിട്ടനു നഷ്ടപ്പെട്ടില്ല.

ബ്രിട്ടന്‍ കീഴടങ്ങുന്നു

വടക്കേ അമേരിക്കയില്‍ കോളനിക്കാര്‍ ഫ്രഞ്ചു യുദ്ധക്കപ്പലുകളുടെയും ഫ്രഞ്ചു കരസേനയുടെയും സഹായത്തോടുകൂടി ബ്രിട്ടീഷ് സൈന്യത്തിന്റെമേല്‍ നിര്‍ണായകമായ വിജയം നേടി. വാഷിങ്ടന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സൈന്യവും മാര്‍ക്യൂസ് ദെ ലാഫീറ്റിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചു സൈന്യവും ഫ്രഞ്ചു നാവികസേനയുംകൂടി ബ്രിട്ടീഷ് സേനാനായകനായ കോണ്‍വാലിസ് പ്രഭുവിനെ വെര്‍ജീനിയയിലെ യോര്‍ക്ക്ടൗണില്‍വച്ച് എല്ലാ വശങ്ങളില്‍നിന്നും വളഞ്ഞു. 1701 ഒ. 19-ന് 7,000 പട്ടാളക്കാരോടുകൂടി കോണ്‍വാലിസ് കീഴടങ്ങി. യൂറോപ്പിലും വെസ്റ്റ് ഇന്‍ഡീസിലും ഏഷ്യയിലും ശത്രുക്കളെ നേരിടുന്നതിനായി സൈന്യങ്ങളെ നിര്‍ത്താന്‍ നിര്‍ബന്ധിതയായ ബ്രിട്ടന് അമേരിക്കയിലേക്ക് കൂടുതല്‍ സൈന്യങ്ങളെ അയയ്ക്കാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതി വന്നു. യുദ്ധത്തിലെ എല്ലാ സമരമുഖങ്ങളിലും ഒറ്റയ്ക്കു ശത്രുക്കളെ നേരിടേണ്ടി വന്ന ബ്രിട്ടന്‍ തളര്‍ന്നു. 1783 സെപ്. 3-ന് ബ്രിട്ടന്‍ പാരിസില്‍വച്ച് അമേരിക്കന്‍ കോളനികളുമായി സമാധാനക്കരാര്‍ ഒപ്പുവച്ചു; ഫ്രാന്‍സും സ്പെയിനുമായി മറ്റൊരു സമാധാനക്കരാര്‍ വേഴ്സയിലില്‍ (Versailles) വച്ചും. അതോടെ അമേരിക്കന്‍ സ്വാതന്ത്ര്യസമരം അവസാനിച്ചു.

സമാധാനസ്ഥാപനം

പാരിസ് ഉടമ്പടിയിലെ പ്രധാനവ്യവസ്ഥകള്‍ താഴെ പറയുന്നവയായിരുന്നു: (1) ബ്രിട്ടനോടു യുദ്ധം ചെയ്ത 13 കോളനികളും കൂട്ടിച്ചേര്‍ത്തു രൂപവത്കൃതമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് അമേരിക്ക (U.S.A) എന്ന സ്വതന്ത്രരാഷ്ട്രത്തിന് അംഗീകാരം നല്കി. ഈ രാഷ്ട്രത്തിന്റെ വടക്കേ അതിര്‍ത്തി കാനഡയും അതിനു സമീപമുള്ള വന്‍തടാകങ്ങളും കിഴക്കേ അതിര്‍ത്തി അത്ലാന്തിക് സമുദ്രവും പടിഞ്ഞാറേ അതിര്‍ത്തി മിസിസിപ്പി നദിയുമായി നിര്‍ണയിച്ചു; (2) ന്യൂഫൗണ്ട്ലണ്ടിലെ മത്സ്യബന്ധനകേന്ദ്രങ്ങളില്‍ യു.എസ്സിനുള്ള പരിപൂര്‍ണാവകാശം അംഗീകരിക്കപ്പെട്ടു; (3) മിസിസിപ്പി നദിയില്‍ ബ്രിട്ടനും യു.എസ്സിനും തുല്യമായ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു.

ജോര്‍ജ് വാഷിങ്ടണ്‍ യു.എസ്. പ്രസിഡന്റുസ്ഥാനം ഏറ്റെടുക്കുന്നു:പെയിന്റിങ്

അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടന്‍ പരാജയപ്പെടാനിടയായ കാരണങ്ങള്‍ പലതാണ്. സ്വന്തം നാട്ടില്‍നിന്ന് അനേകായിരം കി.മീ. ദൂരെ നടന്ന യുദ്ധമായതുകൊണ്ടുള്ള വൈഷമ്യത്തിനു പുറമേ ഭൂമിശാസ്ത്രപരമായി ബ്രിട്ടന് പല പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു. കാടും മലയും നിറഞ്ഞ യുദ്ധരംഗങ്ങള്‍ അമേരിക്കക്കാര്‍ക്കു സുപരിചിതമായിരുന്നു. നേരെമറിച്ചു ബ്രിട്ടീഷു സൈന്യങ്ങള്‍ക്ക് അപരിചിതവും. കൂടാതെ ഫ്രഞ്ചുകാരുടെ സാമ്പത്തികസഹായം അമേരിക്കക്കാര്‍ക്ക് ഒരു വലിയ രക്ഷാകവചമായിത്തീര്‍ന്നു. അമേരിക്കന്‍ രാജ്യസ്നേഹികളുടെ ധീരോദാത്തതയും ത്യാഗസന്നദ്ധതയും അവരുടെ നേതാക്കന്മാരുടെ വ്യക്തിമാഹാത്മ്യവും അമേരിക്കന്‍ വിജയത്തിന്റെ നിര്‍ണായകഘടകങ്ങളായിരുന്നു. ജോര്‍ജ് വാഷിങ്ടന്റെ സ്വഭാവശുദ്ധിയും ത്യാഗബുദ്ധിയുമാണ് അമേരിക്കക്കാരുടെ വിജയത്തിന് ഏറ്റവും സഹായകമായിരുന്നതെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ ഡബ്ലിയു.ഇ.എച്ച്. ലെക്കി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഒരു പുതിയ രാഷ്ട്രം പിറക്കുന്നു

അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഫലങ്ങള്‍ വിവിധങ്ങളും ദൂരവ്യാപകങ്ങളുമായിരുന്നു. അമേരിക്കന്‍ കോളനികള്‍ക്കു പരിപൂര്‍ണ രാഷ്ട്രീയസ്വാതന്ത്ര്യം ലഭിച്ചു. 13 കോളനികളും ഒത്തുചേര്‍ന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന സ്വതന്ത്ര ഫെഡറല്‍ രാഷ്ട്രത്തിനു രൂപം നല്കി. സ്വാതന്ത്ര്യസമരത്തില്‍ കോളനികള്‍ വിജയിച്ചത് രാജകീയ സ്വേച്ഛാധിപത്യത്തിനും പ്രഭുക്കന്മാരുടെ മേധാവിത്വത്തിനും കനത്ത ആഘാതമായിരുന്നു. രാജാധികാരം ദൈവദത്തമാണെന്നുള്ള തത്ത്വത്തിന്റെ തകര്‍ച്ചയ്ക്ക് അമേരിക്കന്‍ സ്വാതന്ത്ര്യസമരം വളരെയേറെ സഹായിച്ചു. ഇംഗ്ലണ്ടില്‍ 17-ാം ശ.-ത്തിലുണ്ടായ പ്യൂരിറ്റന്‍ വിപ്ലവത്തിന്റെയും 1688-ലെ 'രക്തരഹിത' വിപ്ളവത്തിന്റെയും സ്വാഭാവികമായ പരിസമാപ്തിയാണ് അമേരിക്കന്‍ വിപ്ലവത്തില്‍ കാണാന്‍ കഴിയുന്നത്. ഈ വിപ്ലവം രാജാവിനെ മാത്രമല്ല, രാജസ്ഥാനത്തെയും നശിപ്പിക്കുകയും ജനാധിപത്യവാഴ്ച സാക്ഷാത്കരിക്കുകയും ചെയ്തു. അമേരിക്കന്‍ വിപ്ളവത്തിന്റെ വിജയം ജനാധിപത്യത്തിന്റെയും ദേശീയ സ്വയംനിര്‍ണയാവകാശത്തിന്റെയും വിജയമായിരുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യസമരം ഫ്രഞ്ചുവിപ്ലവത്തിനു വഴിതെളിച്ചു. യുദ്ധത്തില്‍ സജീവമായി പങ്കെടുത്തതുകൊണ്ടു സാമ്പത്തികമായും സൈനികമായും ഭീമമായ നഷ്ടം ഫ്രഞ്ചു ഗവണ്‍മെന്റിനു സഹിക്കേണ്ടി വന്നു. തന്നിമിത്തം ഫ്രഞ്ചു ഗവണ്‍മെന്റിന്റെ ഖജനാവ് ശോഷിക്കുകയും അത് ഫ്രഞ്ചുരാജാധികാരത്തിന്റെ പതനത്തിനു വഴിതെളിക്കുകയും ചെയ്തു. ഫ്രഞ്ചു വിപ്ലവകാരികള്‍ക്ക് അമേരിക്കന്‍ സ്വാതന്ത്ര്യസമരം നല്കിയ പ്രചോദനമാണ് അവരില്‍ വിപ്ലവത്തിന് ഏറ്റവുമധികം ആവേശമുളവാക്കിയത്. ബ്രിട്ടീഷ് രാജാധികാരം തകര്‍ക്കാന്‍ അമേരിക്കക്കാരെ സഹായിച്ച ഫ്രഞ്ചുകാര്‍ അവരുടെ സ്വന്തം രാജാവിന്റെ നേര്‍ക്കു വിപ്ലവത്തിനു പുറപ്പെട്ടതു സ്വഭാവികമായ ഒരു പരിണതിയായിരുന്നു.

അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രത്യാഘാതങ്ങളായി 19-ാം ശ.-ത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ വിദേശാധിപത്യത്തില്‍നിന്നു വിമോചനം ലഭിക്കാന്‍ പല രാഷ്ട്രങ്ങളിലും വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സൈമണ്‍ ബൊളിവറുടെയും സാന്‍ മാര്‍ട്ടിന്റെയും മറ്റും നേതൃത്വത്തില്‍ തെ. അമേരിക്കന്‍ കോളനികളിലെ ജനങ്ങള്‍ സ്പാനിഷ് സാമ്രാജ്യ മേധാവിത്വത്തിനെതിരായി നടത്തിയ വിമോചനസമരങ്ങള്‍ക്ക് അമേരിക്കന്‍ സ്വാതന്ത്ര്യസമരം നല്കിയ മാതൃകയാണു പ്രചോദനം നല്കിയത്. സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിങ്ങനെ അമേരിക്കന്‍ സ്വാതന്ത്ര്യസമരം ഉയര്‍ത്തിപ്പിടിച്ച മഹത്തായ ആദര്‍ശങ്ങള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മാത്രമല്ല, യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും വ്യാപിച്ച് അവിടെയെല്ലാം ജനകീയ വിപ്ലവങ്ങള്‍ക്കു പ്രേരണ നല്കി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു തന്നെ അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിലെ ആശയങ്ങള്‍ ആവേശം നല്കിയിട്ടുണ്ട്. നോ: യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് അമേരിക്ക; ജെഫേഴ്സണ്‍; തോമസ്; ബോസ്റ്റന്‍ റ്റീ പാര്‍ട്ടി; വാഷിങ്ടണ്‍; ജോര്‍ജ്; സപ്തവത്സരയുദ്ധം

(പ്രൊഫ. പി.എസ്. വേലായുധന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍