This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌തീകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:58, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആസ്‌തീകന്‍

ജരത്‌കാരു എന്ന മഹർഷിക്ക്‌ ജരത്‌കാരു എന്നു പേരായ ഭാര്യയില്‍ ജനിച്ച പുത്രന്‍. മഹാഭാരതത്തില്‍ ജനമേജയന്റെ സർപ്പസത്രത്തില്‍ അതിഥിയായിച്ചെന്ന്‌ തക്ഷകന്‍ തുടങ്ങിയ സർപ്പങ്ങളെ രക്ഷപ്പെടുത്തിയത്‌ ആസ്‌തീകനാണ്‌. ജരത്‌കാരുമഹർഷി ചെറുപ്പത്തിലേതന്നെ ആങ്ങനിഗ്രഹം ചെയ്‌ത്‌ തീർഥസ്‌നാനാർഥിയായി ലോകം ചുറ്റിക്കൊണ്ടിരിക്കുന്ന കാലത്ത്‌ ഒരു ഗർത്തത്തില്‍ തലകീഴായി തൂങ്ങിനില്‌ക്കുന്ന പിതൃക്കളെ കാണാനിടയായി. ഒരു വേരുമാത്രം ബാക്കിയായ വീരണപ്പുല്ലിന്‍മേല്‍ പിടിച്ചുകൊണ്ട്‌ അവർ താഴോട്ടുവീഴാതെ കിടക്കുകയായിരുന്നു; പക്ഷേ, ആ വേരും എലികള്‍ അല്‌പാല്‌പമായി കരണ്ടുമുറിച്ചെടുത്തുകൊണ്ടിരുന്നു. ഇപ്രകാരം ആത്യന്തികമായ ഒരു ദുരവസ്ഥയില്‍ അകപ്പെട്ടുകിടന്നിരുന്ന സ്വന്തം പിതൃക്കളെക്കണ്ട്‌ അലിവാർന്ന ജരത്‌കാരു അവരെ രക്ഷിക്കുവാന്‍ താന്‍ എന്തുചെയ്യണമെന്ന്‌ ചോദിച്ചു. അവർ പറഞ്ഞ ഉത്തരത്തില്‍നിന്നും താന്‍ ഗാർഹസ്ഥ്യം സ്വീകരിക്കാത്തതുകൊണ്ട്‌ വംശം സന്തതിയറ്റു പോയതാണെന്നും തന്‍നിമിത്തം അവർക്ക്‌ ഗതിയില്ലാതായിരിക്കയാണെന്നും അദ്ദേഹത്തിനു മനസ്സിലായി. ബ്രഹ്മചര്യത്തില്‍ ഉറച്ചു നില്‌ക്കുന്നവനാണെങ്കിലും പിതൃക്കളുടെ ക്ഷേമത്തിനുവേണ്ടി ധർമദാരപരിഗ്രഹം ചെയ്‌ത്‌ അനൃണനാകുവാന്‍ മുനി നിശ്ചയിച്ചു; തന്റെതന്നെ പേരുള്ള ഒരു സ്‌ത്രീയെ ലഭിക്കുകയാണെങ്കില്‍ അവളെ വിവാഹം ചെയ്യുന്നതില്‍ തനിക്കു വിരോധമില്ലെന്ന്‌ അവരെ അറിയിച്ച്‌ അദ്ദേഹം അവിടെ നിന്നും മടങ്ങി. ലോകസഞ്ചാരത്തിനിടയ്‌ക്ക്‌ ഒരിക്കല്‍ ഒരു കാട്ടില്‍വച്ച്‌ തന്റെ ഈ തീരുമാനത്തെ ഉറക്കെ പ്രഖ്യാപിച്ചു. ഇത്‌ ആ കാട്ടിലുള്ള സർപ്പങ്ങള്‍ കേട്ട്‌ വാസുകിയെ അറിയിച്ചു. വാസുകിക്ക്‌ ജരത്‌കാരു എന്നു പേരായ ഒരു സഹോദരിയുണ്ടായിരുന്നു. ഉടനെതന്നെ ആ സർപ്പരാജന്‍ സഹോദരിയെ അണിയിച്ചൊരുക്കി ജരത്‌കാരുമഹർഷിയുടെ അടുക്കല്‍ കൊണ്ടുചെന്ന്‌ ഭിക്ഷയായി ദാനം ചെയ്‌തു; പ്രീതനായ മഹർഷി അവളെ പാണിഗ്രഹണം ചെയ്‌തു. വിപ്രിയം ചെയ്യുകയോ അപ്രിയം ചൊല്ലുകയോ ചെയ്‌താല്‍ അവളെ താന്‍ ഉപേക്ഷിക്കുന്നതായിരിക്കും എന്ന തന്റെ നിശ്ചയവും ഇദ്ദേഹം വിവാഹ സന്ദർഭത്തില്‍ അവളെ അറിയിച്ചിരുന്നു.

ജരത്‌കാരു തന്റെ പതിയെ ശ്രദ്ധയോടെ ശുശ്രൂഷിച്ചുകൊണ്ടിരുന്നകാലത്ത്‌ അവള്‍ വഹ്നിയെപ്പോലെ ഉജ്ജ്വലമായ ഗർഭംധരിച്ചു. ഗർഭിണിയായ അവളുടെ മടിയില്‍ മഹർഷി ഒരിക്കല്‍ തലവച്ചുറങ്ങി. സന്ധ്യയടുത്തിട്ടും ഉണരാത്ത അദ്ദേഹത്തെ ധർമലോപഭയം നിമിത്തം അവള്‍ വിളിച്ചുണർത്തി. അത്‌ വലിയൊരു വിപ്രിയമായി കരുതിയ മഹർഷി ക്രുദ്ധനായി അവളെ ഉപേക്ഷിച്ചുപോയി. പോകുമ്പോള്‍ പ്രിയയുടെ ദീനാപേക്ഷകേട്ട്‌ കരളലിഞ്ഞ അദ്ദേഹം "അസ്‌തിതേ സുഭഗേ ഗർഭമഗ്നിയോടു സമപ്രഭം, അതു മാമുനി ധർമിഷ്‌ഠന്‍, വേദവേദാംഗവേദിയാം' എന്നനുഗ്രഹിക്കുകയുണ്ടായി. അങ്ങനെ ജാതനായ ശിശുവാണ്‌ ആസ്‌തീകന്‍.

"അസ്‌തിയെന്നോതിയാഗർഭേ
വർത്തിക്കെജ്‌ജനകന്‍വനേ
കൈവിട്ടു പോയതിലവ-
	നാസ്‌തീകാംഖ്യപുകഴ്‌ന്നുതേ' (മ.ഭാ. ആദി. 48-20) എന്ന പദ്യത്തില്‍നിന്നും ആസ്‌തീകന്‍ എന്ന പേരിന്റെ ഉത്‌പത്തി മനസ്സിലാക്കാം. 
 

ബാല്യത്തില്‍ത്തന്നെ അതിബുദ്ധിമാനായ ആസ്‌തീകന്‍ നാഗനായകനായ വാസുകിയുടെ രക്ഷയില്‍ വളർന്നു. ഭാവിയില്‍ സർപ്പകുലത്തെ രക്ഷിക്കുന്നതിനു സമർഥനായ ഒരു സന്തതിക്കുവേണ്ടിയാണ്‌ വാസുകി തന്റെ സഹോദരിയെ ജരത്‌കാരുമഹർഷിക്ക്‌ ദാനംചെയ്‌തത്‌. ജ്ഞാനംകൊണ്ടും തപസ്സുകൊണ്ടും പ്രഭാവശാലിയായിത്തീർന്ന ആസ്‌തീകന്‍ ജനമേജയന്റെ സർപ്പസത്രശാലയില്‍ കൗശലംപ്രയോഗിച്ചു പ്രവേശിച്ച്‌ യാഗത്തെയും ജനമേജയനെയും വളരെ പ്രശംസിച്ചു. ഉള്ളംതെളിഞ്ഞ മഹാരാജാവ്‌ ആസ്‌തീകന്‌ എന്തുവേണമെങ്കിലും ദാനം ചെയ്യാമെന്ന്‌ ഏറ്റു. ആ സന്ദർഭത്തിലാണ്‌ മന്ത്രപ്രഭാവംകൊണ്ട്‌ തക്ഷകനും തക്ഷകനെ രക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രനും ഒരുമിച്ച്‌ ആവാഹിക്കപ്പെട്ട്‌ സർപ്പസത്രകുണ്ഡത്തിലേക്ക്‌ ദയനീയമാംവിധം വീഴുന്നതായിക്കണ്ടത്‌. "ക്ഷണനേരം നില്‌ക്കട്ടെ' എന്ന്‌ ആസ്‌തീകന്‍ മൂന്നുതവണ ഉച്ചരിക്കുകയും തക്ഷകന്‍ തത്‌കാലം വീഴാതിരിക്കുകയും ചെയ്‌തു. ഉടനെ ആസ്‌തീകന്‍ ജനമേജയനോട്‌ "സത്രമിന്നതു നില്‌ക്കട്ടെ, അത്ര വീഴൊല്ല പാമ്പുകള്‍' എന്നതാണ്‌ താന്‍ ആവശ്യപ്പെടുന്ന വരം എന്ന്‌ ഉണർത്തിച്ചു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ മഹാരാജാവിന്‌ സത്രമവസാനിപ്പിച്ച്‌ ആസ്‌തീകന്റെ അഭീഷ്‌ടം സാധിപ്പിക്കേണ്ടിവന്നു. അങ്ങനെ സ്വപ്രഭാവത്താല്‍ തന്റെ വംശത്തെ രക്ഷിച്ച ആസ്‌തീകന്‍ അമ്മയെയും അമ്മാവനായ വാസുകിയെയും സർപ്പവംശത്തെയും സന്തോഷിപ്പിച്ചു. ആസ്‌തീകനെയും ഈ ആസ്‌തീകോപാഖ്യാനത്തെയും സ്‌മരിക്കുന്നവന്‌ സർപ്പഭീതി ഉണ്ടാവുകയില്ല എന്ന്‌ സർപ്പങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്‌തു. (മ. ഭാ. ആദി. അധ്യായം 45-58).

ദേവീഭാഗവതം നവമസ്‌കന്ധം 48-ാം അധ്യായത്തിലെ മാനസോപാഖ്യാനത്തിലും ഈഷദ്‌ഭേദങ്ങളോടെ ആസ്‌തീക കഥ പ്രതിപാദിതമായിട്ടുണ്ട്‌. മനസാ എന്നത്‌ പത്‌നിയായ ജരത്‌കാരുവിന്റെ മറ്റൊരു പേരാണ്‌. കശ്യപ പ്രജാപതിയാല്‍ മനസ്സുകൊണ്ട്‌ സൃഷ്‌ടിക്കപ്പെട്ടവളാകയാലാണ്‌ ഇവള്‍ക്ക്‌ മനസാ എന്ന പേരുകിട്ടിയത്‌. ആസ്‌തീകന്റെ കഥയെ ആസ്‌പദമാക്കി പല കൃതികളും ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. ഹിന്ദിയില്‍ ജയശങ്കർപ്രസാദ്‌ എഴുതിയ നാഗയജ്ഞ്‌ ഇതിനൊരുദാഹരണമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍