This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്ക്‌ഡിസ്‌ചാർജ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:50, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർക്ക്‌ഡിസ്‌ചാർജ്‌

Arc Discharge

വൈദ്യുതി ശക്തമായി പ്രവഹിക്കുന്ന ദണ്ഡുകള്‍ പെട്ടെന്ന്‌ അകറ്റി ബന്ധം അല്‌പം ചേദിച്ചാലും പ്രവാഹം നിലയ്‌ക്കാതെ വായുവിലൂടെ തുടരുമ്പോള്‍ കാണുന്ന പ്രകാശധാര. വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കുന്ന രണ്ടു കാർബണ്‍ദണ്ഡുകള്‍ ഉപയോഗിച്ച്‌ ഈ പ്രതിഭാസം കണ്ടെത്തിയത്‌ സർ ഹംഫ്രി ഡേവി (1809) ആണ്‌. കാർബണിനു പകരം ചെമ്പ്‌, ഇരുമ്പ്‌ തുടങ്ങിയവയുടെ ദണ്ഡുകള്‍ ഉപയോഗിച്ചാലും ഇതു വീക്ഷിക്കാന്‍ കഴിയും. വാതകത്താലോ ബാഷ്‌പത്താലോ മൂടപ്പെട്ടിരിക്കുന്ന രണ്ട്‌ ഇലക്‌ട്രാഡുകള്‍ തമ്മില്‍ ഒരു ആർക്കുണ്ടാകുന്നതിന്‌ ശക്തിയേറിയ വൈദ്യുതി ആവശ്യമാണ്‌. ആർക്കിന്റെ വോള്‍ട്ടതാപതനം (voltage drop) വളരെ കുറവായിരിക്കും. ആർക്കുകള്‍ എ.സി. (A.C.)യോ ഡി.സി.(D.C.)യോ ഉപയോഗിച്ച്‌ ജ്വലിപ്പിക്കാന്‍ സാധിക്കും. എല്ലാത്തരം ആർക്കുകള്‍ക്കും ഡി.സി. യോജിച്ചതാണ്‌; എ.സി. ചിലതിനുമാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. വായുവില്‍ കത്തുന്നതും മർദം കുറവുള്ള വാതകങ്ങളില്‍ മാത്രം കത്തുന്നതുമായ രണ്ടുതരം ആർക്കുകള്‍ പ്രായോഗികമായി വളരെ പ്രാധാന്യമർഹിക്കുന്നു. കാർബണ്‍ ആർക്ക്‌, വൈദ്യുത ആർക്ക്‌ചൂള (electric arc furnace) തുടങ്ങിയവ വായുവില്‍ പ്രവർത്തിക്കുന്നവയാണ്‌. കൂട്ടിത്തൊടുവിച്ച രണ്ട്‌ ഇലക്‌ട്രാഡുകളില്‍കൂടി വൈദ്യുതി പ്രവഹിച്ചു കൊണ്ടിരിക്കെ അവയെ കുറച്ചൊന്നു വേർപെടുത്തിയാണ്‌ ഡിസ്‌ചാർജ്‌ ഉണ്ടാക്കുന്നത്‌. അത്യുഗ്രതാപമുള്ള കാഥോഡില്‍(cathode)നിന്ന്‌ ഇലക്‌ട്രാണുകള്‍ ധാരാളമായി മോചിപ്പിക്കപ്പെടുന്നതുകൊണ്ട്‌ വൈദ്യുതപ്രവാഹം തുടർന്നുപോകുന്നു. സാമാന്യമായി ഇതിനെ ഒരു തെർമയോണിക (thermionic) പ്രതിഭാസമായി കരുതാം. കാർബണ്‍ദണ്ഡില്‍ വിവിധലോഹലവണങ്ങള്‍ ചേർത്താല്‍ വർണോജ്വലമായ ഡിസ്‌ചാർജ്‌ ലഭിക്കും; ആർക്ക്‌സ്‌പെക്‌ട്രം പഠിക്കുന്നതിന്‌ ഈ മാർഗം പ്രയോജനപ്പെടുത്തുന്നു.

വൈദ്യുത ആർക്ക്‌ ഡിസ്‌ചാർജ്‌

മർദം കുറവുള്ള വാതകത്തില്‍ ഉണ്ടാകുന്ന ആർക്കിന്‌ ഉദാഹരണമാണ്‌ മെർക്കുറി ആർക്ക്‌ ട്യൂബ്‌. ഇതില്‍ മെർക്കുറിബാഷ്‌പത്തിന്‌ അയോണീകരണംകൊണ്ട്‌ ചാലകതയുണ്ടാവുകയും ആർക്ക്‌ നിലനില്‌ക്കുകയും ചെയ്യുന്നു.

വൈദ്യുതപരിപഥങ്ങളില്‍ (electric circuit) ഉേള്ള സ്വീച്ചുകളില്‍ ആർക്ക്‌ ഉണ്ടാകുന്നത്‌ ഒരു പ്രശ്‌നമാണ്‌. ഉയർന്ന വോള്‍ട്ടതയും ആമ്പിയറേജുമുള്ള പരിപഥങ്ങളില്‍ ഉപയോഗിക്കുന്ന സ്വിച്ചുകളില്‍ ആർക്ക്‌ ഒഴിവാക്കുന്നതിന്‌ പ്രത്യേകരീതിയിലുള്ള സംവിധാനം വേണ്ടിവരും. (ഡോ. എം.കെ. രുദ്രവാരിയർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍