This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടീസിയന്‍ കിണർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:05, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർട്ടീസിയന്‍ കിണർ

Artesian well

ഭൂമിക്കടിയിലെ ജലശേഖരങ്ങളിലേക്ക്‌ കുഴലുകള്‍ താഴ്‌ത്തി, സമ്മർദവിധേയമായ ജലത്തെ മുകള്‍പ്പരപ്പില്‍ ലഭ്യമാക്കുന്ന സംവിധാനം. ഇത്തരം കിണറുകള്‍ ആദ്യമായി പ്രവർത്തിപ്പിച്ച ഫ്രാന്‍സിലെ ആർട്ടോയിസ്‌ പ്രദേശത്തെ ആധാരമാക്കിയാണ്‌"ആർട്ടീസിയന്‍' എന്ന വിശേഷണം ഇതിനു നല്‌കപ്പെട്ടിരിക്കുന്നത്‌. മഴക്കാലത്തു ഭൂമിയില്‍ പതിക്കുന്ന ജലത്തിന്റെ ഒരംശം ഭൂമിക്കടിയിലെ വിവിധ വിതാനങ്ങളിലേക്ക്‌ ഊറിയിറങ്ങി, അനുകൂലമായ ചുറ്റുപാടുകളില്‍ വമ്പിച്ച ജലശേഖരങ്ങളുണ്ടാക്കുന്നു. നന്നായി ഉറച്ചിട്ടില്ലാത്ത മിക്കശിലാപടലങ്ങളും രന്ധ്രമയമായിരിക്കും. ഇവയിലൂടെ ജലകണങ്ങള്‍ ഒലിച്ചിറങ്ങുകയും ചിലപ്പോള്‍ രന്ധ്രങ്ങളിലൊക്കെയും ജലാംശം തങ്ങിനില്‌ക്കുകയും ചെയ്യും. ജലം സംഭരിച്ചുവയ്‌ക്കാനുള്ള കഴിവ്‌ ചുരുക്കമിനം ശിലകള്‍ക്കേയുള്ളൂ. ശിലാസന്ധികള്‍, ഭ്രംശങ്ങള്‍ (faults) വിദരങ്ങള്‍ (fissures)എന്നിവയില്‍ ധാരാളം ജലം തങ്ങിനില്‌ക്കുന്നുണ്ടാകും. സിമന്റീകരണത്തിനു വിധേയമായിട്ടില്ലാത്ത വലിയ തരികളുള്ള മണല്‍ക്കല്ലുകള്‍ ഉത്തമ ജലവാഹികളാണ്‌. മണലും ചരലും പൊതുവേ ജലം വഹിക്കുന്നവയാണ്‌.

ഒരു പാറയടരില്‍നിന്നു മറ്റൊന്നിലേക്കുള്ള ജലനിർഗമനം ഭൂഗുരുത്വത്തിന്റെയോ പ്രതലബല(surface tension)ത്തിന്റെയോ ഫലമായാണുണ്ടാകുന്നത്‌. തീരെ ചെറിയ സുഷിരങ്ങളിലൂടെയാണ്‌ ഇതു സംഭവിക്കുന്നത്‌. കൂടുതല്‍ രന്ധ്രമയമായ ശിലകള്‍ നല്ല ജലവാഹികളുമായിരിക്കും. രന്ധ്രമയവും ജലത്തിന്റെ അന്തഃസ്രവണം അനുവദിക്കുന്നതുമായ ശിലാപടലങ്ങളെ അക്വിഫർ എന്നു വിളിക്കുന്നു. പാരഗമ്യതയില്ലാത്ത (impervious) അെടരുകള്‍ക്കിടയില്‍ അല്‌പം ചരിഞ്ഞരീതിയുള്ള സംരചനയായിരിക്കും അക്വിഫറുകള്‍ക്കുണ്ടായിരിക്കുക. ഭൂജലനിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം ശിലാസ്‌തരങ്ങളാണ്‌ കുഴല്‍ക്കിണറുകള്‍ക്കും പമ്പിംഗ്‌ സമ്പ്രദായത്തിലുള്ള മറ്റു ജലധാരകള്‍ക്കും ആവശ്യമായ ജലം ലഭ്യമാക്കുന്നത്‌. അക്വിഫറുകളെ പൊതുവേ നിയന്ത്രിതങ്ങളെന്നും അനിയന്ത്രിതങ്ങളെന്നും രണ്ടായി തരംതിരിക്കാം. അക്വിഫറുകളിലെ ജലപൂരിതതലത്തെ ഭൗമജലവിതാനം (ഴൃീൗിറ ംമലേൃ ഹല്‌ലഹ) എന്നു വിശേഷിപ്പിക്കുന്നു. ഈ വിതാനം സ്ഥായിയല്ല; അടിഞ്ഞുതാഴുന്ന ജലത്തിന്റെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ച്‌ അത്‌ ഉയരുകയോ താഴുകയോ ചെയ്യുന്നു. ഭൗമജലവിതാനം ഭൂപ്രതലത്തിന്റെ ആകൃതിയോടു സാദൃശ്യം പുലർത്തുന്നുവെന്ന്‌ അനുമാനിക്കപ്പെടുന്നു. കുന്നുകള്‍ക്കിടയില്‍ ഉന്‍മധ്യമായും താഴ്‌വരപ്രദേശത്ത്‌ നതമധ്യമായും കാണുന്നു. മഴക്കുറവുള്ള പ്രദേശങ്ങളില്‍ നിരന്ന തലമായിരിക്കും; ഇവിടെ ഭൂപ്രകൃതിയുമായി യാതൊരു സാദൃശ്യവും കാണുന്നില്ല. നിയന്ത്രിത അക്വിഫറുകളില്‍ ഭൂജലം സാധാരണയില്‍ കവിഞ്ഞ സമ്മർദത്തില്‍, ജലത്തിന്റെ പാരഗമനം അനുവദിക്കാത്ത പാറയടരുകളാല്‍ മൂടപ്പെട്ട സ്ഥിതിയില്‍ കാണപ്പെടുന്നു. ജലസംഭൃതവും സമ്മർദവിധേയവുമായ ഇത്തരം ശിലാപടലങ്ങളുടെ താണവിതാനത്തോളം കുഴലുകള്‍ താഴ്‌ത്തുന്നതോടെ ദ്രവസ്ഥിതികമർദം (hydrostatic pressure) മൂലം വെള്ളം ശക്തിയോടെ മുകളിലേക്കുയരുന്നു. ഇങ്ങനെയുള്ള കുഴല്‍ക്കിണറുകളിലെ ജലം തനിയേ ഉയർന്നുപൊങ്ങി കുഴലിലൂടെ കവിഞ്ഞൊഴുകുകയോ മുകള്‍പരപ്പിലെത്തി നില്‌ക്കുകയോ ചെയ്യുന്നു. ഇവയാണ്‌ ആർട്ടീസിയന്‍ കിണറുകള്‍.

സാധാരണയായി ആർട്ടീസിയന്‍ ജലവിതരണം വ്യാപകമായ ഭൂഗർഭഘടനയെ ആശ്രയിച്ചിരിക്കുന്നു; ഇത്തരം ശിലാഘടനകളാണ്‌ ആർട്ടീസിയന്‍ തടമെന്നറിയപ്പെടുന്നത്‌. ശിലാപാളികള്‍ ഒന്നാകെ ഒരു പ്രത്യേകമേഖലയിലേക്ക്‌ ചാഞ്ഞിരിക്കുന്ന സ്ഥിതിയില്‍, ഊറിക്കൂടുന്ന വെള്ളം പുറത്തേക്കു പോകാനാവാതെ ആവരണം ചെയ്യപ്പെട്ടുകാണുന്ന ശിലാക്രമങ്ങളാണ്‌ ആർട്ടീസിയന്‍ തടങ്ങള്‍ക്കുള്ള അനുകൂലസാഹചര്യം സൃഷ്‌ടിക്കുന്നത്‌. ചോക്ക്‌ തുടങ്ങി രന്ധ്രമയവും തന്മൂലം പാരഗമ്യ(pervious)വെുമായ ശിലാപടലങ്ങള്‍, കളിമച്ചുപോലെ ജലരോധികളായ ശിലാസ്‌തരങ്ങള്‍ക്കിടയിലായി ക്രമീകൃതമാവുമ്പോള്‍ ആർട്ടീസിയന്‍ തടം രൂപംകൊള്ളുന്നു. ദ്രാണീരൂപത്തിലുള്ള ഈ പാറയടരുകളുടെ ഒരറ്റം മഴയ്‌ക്കോ മറ്റേതെങ്കിലും ജലാഗമമാർഗത്തിനോ വിധേയമാകത്തക്കവിധത്തില്‍ തുറന്നതായിരിക്കണം. ഊർന്നിറങ്ങുന്ന ജലം അക്വിഫർ ശിലകളുടെ സുഷിരങ്ങളില്‍ തിങ്ങിക്കൂടിയ നിലയില്‍ അവയിലെ ഏറ്റവും താണഭാഗത്ത്‌ സഞ്ചയിക്കപ്പെടുന്നു; ഈ ജലം ആഴത്തിനനുസരിച്ച സമ്മർദത്തിനു വിധേയവുമായിരിക്കും. ഈ പ്രദേശത്ത്‌ ഒരു കിണർ കുഴിച്ചാല്‍ വെള്ളം മുകളിലേക്കു കുതിച്ചുപായുന്നു. ആദ്യമായി കുഴിക്കുമ്പോള്‍ 30 മീറ്ററോ അതിലേറെയോ ഉയരത്തില്‍ പ്രവഹിക്കുവാനുള്ള സമ്മർദം ജലത്തിനുണ്ടായിരിക്കും. ഈ രീതിയിലുള്ള കിണറുകള്‍ നിത്യോപയോഗങ്ങള്‍ക്കും ജലസേചനത്തിനും മാത്രമല്ല, വൈദ്യുതിനിർമാണത്തിനുപോലും ഉപയോഗപ്പെടുന്നുണ്ട്‌. എന്നാല്‍ കാലക്രമേണ കിണറുകളുടെ എച്ചം കൂടുന്നതോടെ വെള്ളത്തിന്റെ സമ്മർദം കുറഞ്ഞ്‌ ജലനിരപ്പ്‌ ഭൂനിരപ്പിനു താഴെയായിത്തീരുന്നു. ഇങ്ങനെയുള്ള കിണറുകളില്‍ ഭൂരിപക്ഷത്തിനും പമ്പിംഗ്‌ സംവിധാനം ആവശ്യമായിവരും.

ആർട്ടീസിയന്‍ രീതിയില്‍ ജലവിതരണം സാധ്യമാക്കുന്നതിന്‌ അത്യാവശ്യമായ സാഹചര്യങ്ങള്‍ താഴെപറയുന്നവയാണ്‌; (1) രന്ധ്രമയ ശിലകളുടെ ആവാഹക്ഷേത്രം (catchment area) ജലസമൃദ്ധമായിരിക്കണം; (2) അക്വിഫർ ജലവിതരണമാവശ്യമായ സ്ഥലത്തെക്കാള്‍ ഉയർന്ന നിരപ്പിലാവണം; (3) അക്വിഫറിനെ ആവരണം ചെയ്‌തിരിക്കുന്ന പാറകള്‍ ജലരോധി (impervious) ആെയിരിക്കണം; (4) സംഭൃതമായ ജലം കിണറുകളിലൂടെയല്ലാതെ നിർഗമിക്കുവാനും നഷ്‌ടപ്പെടുവാനും സാധ്യത ഉണ്ടായിരിക്കരുത്‌. ആസ്റ്റ്രലിയയിലെ ഗ്രറ്റ്‌ ആർട്ടീസിയന്‍ തടം (Great Artesian Basin) ആണ്‌ ഇക്കൂട്ടത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്തു നില്‌ക്കുന്നത്‌. വന്‍കരയുടെ കിഴക്കരികിലുള്ള മലകള്‍ ധാരാളം അക്വിഫറുകള്‍ ഉള്‍ക്കൊള്ളുന്നു; ഈ മലമ്പ്രദേശങ്ങള്‍ നല്ല മഴ കിട്ടുന്നവയുമാണ്‌. ഭൂഗർഭഘടനയുടെ ചായ്‌വിനൊത്ത്‌ ഇവിടത്തെ അക്വിഫറുകളില്‍ പ്രവേശിക്കുന്ന ജലം വന്‍കരയുടെ പടിഞ്ഞാറേ പകുതിയോളം എത്തിച്ചേരുന്നു; അങ്ങനെ വരള്‍ച്ച പ്രദേശമായ അവിടെ ആർട്ടീസിയന്‍ സംവിധാനത്തിലൂടെ ജലവിതരണം സാധ്യമായിരിക്കുന്നു. സഹാറയുടെ മധ്യഭാഗം, ലണ്ടന്‍ തടം, മിസിസിപ്പി തടം തുടങ്ങിയവ വിസ്‌തൃതങ്ങളായ ആർട്ടീസിയന്‍ തടങ്ങളാണ്‌.

ഇന്ത്യയിലും ധാരാളം ആർട്ടീസിയന്‍ തടങ്ങളുണ്ട്‌. തമിഴ്‌നാട്ടിലെ നെയ്‌വേലി പ്രദേശത്ത്‌ ലിഗ്നൈറ്റ്‌ നിക്ഷേപങ്ങള്‍ക്കിടയിലായി അക്വിഫറുകള്‍ കാണുന്നു; മണിക്കൂറില്‍ 1,800 മുതല്‍ 1,09,000 വരെ ലിറ്റർ ജലം തനിയേ ഒഴുകുന്ന കുഴല്‍കിണറുകള്‍ ഇവിടെ നിർമിക്കപ്പെട്ടിരിക്കുന്നു. ഉത്തർപ്രദേശ്‌, ബീഹാർ എന്നീ സംസ്ഥാനങ്ങളുടെ വടക്കരികിലുള്ള തെറായ്‌-ഭാഭർ പ്രദേശങ്ങള്‍ മറ്റൊരു ആർട്ടീസിയന്‍ തടമാണ്‌. ഇവിടെയുള്ള കുഴല്‍കിണറുകള്‍ 100 മുതല്‍ 300 വരെ മീ. ആഴമുള്ളവയാണ്‌. പക്ഷേ, അവ ഭൂനിരപ്പില്‍നിന്ന്‌ 5 മുതല്‍ 15 വരെ മീ. ഉയരത്തില്‍ കുതിച്ചുപായുന്ന ജലധാരകള്‍ ഉണ്ടാക്കുന്നു. ജലസേചനത്തിനാണ്‌ ഈ കിണറുകള്‍ ഉപയോഗിക്കപ്പെടുന്നത്‌. ഗംഗ, ഗോദാവരി, കൃഷ്‌ണ, നർമദ എന്നീ നദികളുടെ ഡെല്‍റ്റാപ്രദേശങ്ങളിലും ആർട്ടീസിയന്‍ സംവിധാനം വികസിപ്പിച്ചിട്ടുണ്ട്‌.

കേരളത്തിന്റെ തീരപ്രദേശത്തെയും ആർട്ടീസിയന്‍ തടമായി കരുതാം. കൊല്ലം മുതല്‍ ചേർത്തല വരെയും അഴീക്കോടു മുതല്‍ പൊന്നാനി വരെയുമുള്ള തീരസമതലങ്ങളില്‍ ആർട്ടീസിയന്‍ കിണറുകള്‍ക്കു സാധ്യതയുണ്ട്‌. കിഴക്കന്‍ മലകളില്‍ പെയ്‌തുവീഴുന്ന മഴവെള്ളം ടെർഷ്യറി(tertiary)കാലത്തെ അവസാദശില(sedimentary)കളില്‍ സഞ്ചിതമായി തീരപ്രദേശത്ത്‌ എത്തുന്നു; കായലോരപ്രദേശത്തു കുടിക്കുന്നതിന്‌ ഈ ജലമാണ്‌ ഉപയോഗപ്പെടുന്നത്‌.

ഭൂജലം ഉപയോഗപ്പെടുത്തുവാന്‍ കുഴല്‍കിണറുകള്‍, പമ്പിംഗ്‌ സമ്പ്രദായമുള്ളതും അല്ലാത്തതുമായ ആഴക്കിണറുകള്‍ തുടങ്ങിയ മാർഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ഇത്തരം കിണറുകളുടെ നിലനില്‌പിന്‌ അത്യന്താപേക്ഷിതമായി വേണ്ടത്‌ ഭൂജലത്തിന്റെ ലഭ്യതയും ഉപഭോഗവും തമ്മിലുള്ള തുലനാവസ്ഥയാണ്‌. അക്വിഫറുകളിലേക്ക്‌ ഉപരിതലജലം പ്രവഹിപ്പിച്ചു ഭൂജലനിക്ഷേപങ്ങളെ ക്രമീകരിക്കുവാനും സമ്പന്നമാക്കുവാനുമുള്ള ശ്രമം ഈയിടെയായി നടന്നുവരുന്നു. "റീചാർജിംഗ്‌' എന്നറിയപ്പെടുന്ന ഈ ഏർപ്പാടില്‍ പ്രത്യേകമായി സംവിധാനം ചെയ്യപ്പെടുന്ന കിണറുകള്‍ വഴി ഉപരിതലജലം അക്വിഫറുകളിലേക്കു കടത്തുന്നു. വല്ലപ്പോഴും മാത്രം മഴപെയ്യുകയും ഉഷ്‌ണാധിക്യംമൂലം ബാഷ്‌പീകരണത്തിന്റെ തോതുകൂടിയിരിക്കയും ചെയ്യുന്ന അർധമരുപ്രദേശങ്ങളിലാണ്‌ റീചാർജിംഗ്‌ മൂലം വലിയ പ്രയോജനമുള്ളത്‌. (വി.സി. ജേക്കബ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍