This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽക്കലൈന്‍ എർത്തുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആൽക്കലൈന്‍ എർത്തുകള്‍
Alkaline Earths
ആവര്‍ത്തനപട്ടികയിലെ രണ്ടാംഗ്രൂപ്പ് മൂലകങ്ങള്‍. കാല്‍സിയം, സ്ട്രാണ്ഷ്യം, ബേരിയം എന്നീ ലോഹങ്ങളുടെ ഓക്സൈഡുകളെ ആദ്യകാലത്ത് ഈ പേരുകൊണ്ടാണ് വ്യവഹരിച്ചിരുന്നത്. ഇവയ്ക്ക് ആല്ക്കലിയോടു ഗുണധര്മസാമ്യമുള്ളതുകൊണ്ട് "ആല്‍ക്കലൈന്‍' എന്ന വിശേഷണം ലഭിച്ചു. ജലത്തില്‍ അലിയാത്തതും തപിപ്പിച്ചാല്‍ വിശേഷിച്ചു മാറ്റമൊന്നും സംഭവിക്കാത്തതും ആയ പദാര്‍ഥങ്ങളെ മച്ച് എന്നര്‍ഥത്തിലുള്ള "എര്‍ത്ത്' എന്ന പദം കൊണ്ട് വ്യവഹരിക്കാറുണ്ടായിരുന്നു. പ്രസ്തുതങ്ങളായ മൂന്ന് ഓക്സൈഡുകളും ജലത്തില്‍ അല്പലേയങ്ങളാണ്; തപിപ്പിച്ചാല്‍ മാറ്റമൊന്നും പ്രകാശിപ്പിക്കുകയുമില്ല. തന്മൂലം ഇവയ്ക്ക് എല്ലാംചേര്‍ന്ന് ആല്‍ക്കലൈന്‍ എര്‍ത്തുകള്‍ എന്ന പേര് വന്നുകൂടി. യഥാര്‍ഥത്തില്‍ ഇവ ഓക്സൈഡുകളാണ് എന്ന് സര്ഹംഫ്രി ഡേവി എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി (1807) തെളിയിച്ചത്. അതുവരെ ഇവ മൂലകങ്ങളായിട്ടു കരുതപ്പെട്ടിരുന്നു.
കാല്‍സിയം, സ്ട്രാണ്ഷ്യം, ബേരിയം എന്നിവയാണ് ആല്‍ക്കലൈന്‍-എര്‍ത്ത്-ലോഹമൂലകങ്ങളായി പറയപ്പെടുന്നത്. പക്ഷേ, ഈ ഗ്രൂപ്പില്‍ (II a) ബെരിലിയം, മഗ്നീഷ്യം, റേഡിയം എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഇക്കാലത്ത് ആ വിധത്തിലാണ് വ്യവഹാരവും. കാല്‍സിയം, സ്ട്രാണ്ഷ്യം, ബേരിയം എന്നിവ ചില കാരണങ്ങള്‍കൊണ്ട് നികടസാദൃശ്യമുള്ളവയും പ്രത്യേകം ഒരു കൂട്ടമായി പരിഗണിക്കപ്പെടുവാന്‍ അര്ഹതയുള്ളവയും ആണ്. ഇക്കാരണത്താല്‍ ചരിത്രപരമായി ഈ മൂന്ന് ലോഹ-ഓക്സൈഡുകള്‍ക്കും ചേര്‍ന്ന് ആല്‍ക്കലൈന്‍ എര്‍ത്തുകള്‍ എന്ന ഒരു പൊതുനാമം ലഭിക്കുകയുണ്ടായി. പൊതുവേ ആല്‍ക്കലൈന്‍ എര്‍ത്തുകള്‍ ജലവുമായിച്ചേര്ന്ന് ഹൈഡ്രാക്സൈഡുകള്‍ ലഭ്യമാക്കുന്നു. ഹൈഡ്രാക്സൈഡുകളുടെ ജലലേയത്വം ബരിലിയം മുതല്‍ ബേരിയം വരെ ബേസികതയോടൊപ്പം അനുക്രമം വര്‍ധിക്കുന്നതായി കാണുന്നു. നോ: കാല്‍സിയം; ബേരിയം; സ്ട്രോണ്‍ഷ്യം