This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉണ്ണിയച്ചീചരിതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉണ്ണിയച്ചീചരിതം
ഇതുവരെ ലഭ്യമായിട്ടുള്ള മലയാള ചമ്പൂകാവ്യങ്ങളിൽ പ്രാചീനതമം എന്ന് കരുതപ്പെടുന്ന കൃതി. 13-14 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഇത് രചിക്കപ്പെട്ടതെന്ന് സാഹിത്യചരിത്രകാരന്മാർ കരുതുന്നു. മറ്റു പല പ്രാചീനകൃതികളുടെ കാര്യത്തിലെന്നപോലെ ഇതിന്റെ കർത്താവും അജ്ഞാതനാമാവായിത്തന്നെ നിലകൊള്ളുന്നു. ചമ്പുവിന്റെ അവസാനത്തിൽ "തേവർചിരികുമാരഞ്ചൊന്നചമ്പു' എന്ന കാണുന്നതിൽ നിന്ന് കർത്താവ് ഒരു ദേവന്‍ ശ്രീകുമാരന്‍ ആയിരിക്കാമെന്ന് ചിലർ സംശയിക്കുന്നു. കൊല്ലം, കൊടുങ്ങല്ലൂർ, കണവായ് (തൃക്കണാമതിലകം), വള്ളുവനഗരം (വള്ളുവനാട്), പുതുവീട്, മങ്‌ഗലാപുരം, ദോരസമുദ്രം (ഹോയ്‌സാലാ രാജാക്കന്മാരുടെ തലസ്ഥാനമായ ദ്വാരസമുദ്രം), വള(യ)പട്ടണം, കൊല്ലാപുരം (ആധുനിക കോൽഹാപ്പൂരെന്ന് ചിലർ കരുതുന്നു), തിരുനെല്ലി തുടങ്ങി നിരവധി പ്രദേശങ്ങളെപ്പറ്റി ഇതിൽ പരാമർശങ്ങളുണ്ട്.
സേലത്തിനടുത്തുള്ള അതിയമാനല്ലൂർ അല്ലെങ്കിൽ തകടൂർ എന്ന സ്ഥലത്തുനിന്നും കോലത്തുനാട്ടിലെ തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായി എത്തിയ ഉണ്ണിയച്ചി എന്ന യുവതിയുടെ സൗന്ദര്യത്താൽ ആകൃഷ്‌ടനായി ഒരു ഗന്ധർവന്‍ അവളെ കാണാനെത്തുന്ന കഥയാണ് ഇതിൽ വർണിച്ചിരിക്കുന്നത്. ഉണ്ണിയച്ചിയുടെ അമ്മ അച്ചിയാരും അമ്മൂമ്മ നങ്ങയ്യയുമായിരുന്നു. ഗന്ധർവനെ ഒരു ബ്രാഹ്മണവിദ്യാർഥി (ചാത്രന്‍) ഉണ്ണിയച്ചിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. വഴിയിൽ പലതിനെയും വർണിക്കുന്ന കൂട്ടത്തിൽ
""മലയാളരുടന്‍ ചോഴിയ, രാരിയർ, കരുനാടകകുടശാദികള്‍ പേശും വാണിയ ഭാഷാഭൂഷിതം''
ആയ ഒരു അങ്ങാടിയെയും അവർ കാണുന്നു. ഉണ്ണിയച്ചിയുടെ വീട്ടിൽ ഗുരുക്കന്മാരും ശിഷ്യന്മാരും വൈദ്യന്മാരും ജ്യോത്സ്യന്മാരും പാടുപെട്ടു കിടക്കുന്ന കാഴ്‌ചയും ഗന്ധർവന്‍ കാണുന്നുണ്ട്. ഒടുവിൽ നായികാവർണനയോടും പഴഞ്ചേരി ഭദ്രകാളിയെ സ്‌തുതിച്ചുകൊണ്ടുള്ള ഒരു കീർത്തനത്തോടുംകൂടി ഈ കാവ്യം അവസാനിക്കുന്നു. ശബ്‌ദാർഥചമത്‌കാരങ്ങള്‍ നിറഞ്ഞ ഒരു ചമ്പൂകാവ്യമാണിത്.
""വരമല്ലികാധവള-വരിനെല്ലിളങ്കുളമ- മരിനല്ലവാമളവു-തരുമല്ലൽ കെട്ടവർകള്‍ . . . . . . . . . . . ദരഫുല്ലപത്മധര-കരപല്ലവസ്‌ഫുരിത- മുരവെല്ലിമേവിമികു-തിരുനെല്ലിയത്രഖലു'' എന്ന് "ഗദ്യ'വും ""നന്റും തൂയത്തൊഴിന്റെക്കനലുരുശിഖയാ നാക്കിഴൈക്കിന്റെ കോല- ച്ചൂലത്താലും ചുരുങ്ങാതചുരനനുഗളന്‍ ചോരികൊണ്ടാപിബന്തീ മൗലീന്ദോരിറ്റുവീഴിന്റെ വിരളസുധയാ മന്ദയുദ്ധശ്രമാസൗ പഞ്ചേഷു ദ്വേഷിപുത്രീ ചിരമവതുപഴഞ്ചേരി- ചേർന്നമ്മനമ്മേ''
എന്ന ശ്ലോകവും ഭാഷാരീതിയെയും പ്രാചീനതയെയും ദൃഷ്‌ടാന്തീകരിക്കുവാന്‍ പര്യാപ്‌തമാണ്.