This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോപോളിഷിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:49, 19 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇലക്‌ട്രോപോളിഷിങ്‌

Electropolishing

വൈദ്യുതപ്രയോഗംകൊണ്ട്‌ ലോഹപ്രതലങ്ങള്‍ മിനുസപ്പെടുത്തുന്ന പ്രക്രിയ. അനുയോജ്യമായ ഒരു വിദ്യുത്‌ലായനിയും (വിദ്യുത്‌ചാലകതയുള്ള ലായനി), ഋണ-ഇലക്‌ട്രോഡും (കാഥോഡ്‌) ഇലക്‌ട്രോപോളിഷിങ്ങിന്‌ ആവശ്യമാണ്‌. മിനുസപ്പെടുത്തേണ്ട വസ്‌തുവാണ്‌ ആനോഡായി ഉപയോഗിക്കുന്നത്‌. വിദ്യുത്‌ലായനി നിശ്ചിതാകൃതിയിലുള്ള പോളിഷിങ്‌-ടാങ്കിൽ നിറച്ച്‌, മിനുസപ്പെടുത്തേണ്ട വസ്‌തു അതിൽ മുക്കിയിടുന്നു. ഋണ-ഇലക്‌ട്രോഡ്‌ ടാങ്കിൽ നിശ്ചിതസ്ഥാനത്ത്‌ ഉറപ്പിക്കണം.

ഇലക്‌ട്രോ പോളിഷിങ്‌-ടാങ്കിൽ നടക്കുന്ന വിദ്യുത്‌ രാസപ്രവർത്തനം ഇലക്‌ട്രോപ്ലേറ്റിങ്‌ പ്രവർത്തനത്തിനു നേർവിപരീതമാണ്‌. ഇലക്‌ട്രോപ്ലേറ്റിങ്‌ കൊണ്ട്‌ വിദ്യുത്‌ലായനിയിലെ ലോഹാംശം വസ്‌തുവിൽ നിക്ഷിപ്‌തമാവുമ്പോള്‍ ഇലക്‌ട്രോപോളിഷിങ്‌കൊണ്ട്‌ വസ്‌തുവിലെ മുഴച്ചുനില്‌ക്കുന്ന ലോഹഭാഗങ്ങള്‍ ലായനിയിൽ ലയിച്ചുചേരുന്നു. വസ്‌തുവിന്റെ നിരപ്പായ സ്ഥാനങ്ങളിലേതിനെക്കാള്‍ കൂടുതൽ വിദ്യുത്‌സാന്ദ്രത കൂർത്തതും മുഴച്ചുനില്‌ക്കുന്നതുമായ ഭാഗങ്ങളിൽ അനുഭവപ്പെടുന്നതിനാൽ ആ ഭാഗങ്ങള്‍ നിരപ്പായ ഭാഗങ്ങളെക്കാള്‍ വേഗത്തിൽ ലായനിയിൽ അലിഞ്ഞുചേരുന്നു. അങ്ങനെ വസ്‌തുവിന്റെ പ്രതലം നിരപ്പും മിനുസവുമാകുന്നു.

ചില ലോഹങ്ങളുടെ ഇലക്‌ട്രോപോളിഷിങ്‌ സംബന്ധിച്ച വിവരങ്ങള്‍ പട്ടികയിൽ കൊടുത്തിരിക്കുന്നു.

ഇലക്‌ട്രോപോളിഷിങ്‌ ചെയ്‌ത ലോഹം പ്ലേറ്റിങ്ങിന്‌ അത്യുത്തമമാണ്‌. ഗാൽവനിക്‌ സെല്ലുകളിൽ ഉപയോഗിക്കുന്നതിനും ഏറ്റവും അനുയോജ്യം പോളിഷിങ്‌ ചെയ്‌ത ലോഹങ്ങളാണ്‌.

അമ്ലങ്ങള്‍, ക്ഷാരങ്ങള്‍, ലവണങ്ങള്‍ എന്നിവയുടെ നേർപ്പിച്ച ലായനികള്‍ ഇലക്‌ട്രോലൈറ്റായി ഉപയോഗിക്കാം. ഗാഢഫോസ്‌ഫോറിക്‌ അമ്ലത്തിന്‌ ഇലക്‌ട്രോപോളിഷിങ്‌ പ്രക്രിയയിൽ ഒരു പ്രമുഖ സ്ഥാനമുണ്ട്‌. വിദ്യുത്‌ലായനിയുമായി രാസപ്രവർത്തനത്തിലേർപ്പെടാത്ത പദാർഥമാണ്‌ കാഥോഡായി ഉപയോഗിക്കേണ്ടത്‌. കാർബണ്‍ ആണ്‌ പൊതുവേ കാഥോഡ്‌ ആയി ഉപയോഗിക്കുന്നത്‌. അനുയോജ്യമായ മറ്റു ലോഹങ്ങളുമാകാം. ഏതാനും സെക്കന്‍ഡ്‌ മുതൽ 15 മിനിട്ടുവരെയാണ്‌ പോളിഷിങ്‌ സമയം. പോളിഷിങ്ങിന്‌ വിദ്യുത്‌ലായനിയുടെ താപനില 30-120നും (oC) ഇടയിലായിരിക്കണം.

(കെ.കെ. വാസു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍