This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലങ്കത്ത്‌ കെ.ആർ. (1901 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:18, 5 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇലങ്കത്ത്‌ കെ.ആർ. (1901 - 83)

കേരളത്തിലെ ഒരു സ്വാതന്ത്യ്രസമര നേതാവ്‌. കേരളത്തിൽ സഹകരണ പ്രസ്ഥാനം സംഘടിപ്പിച്ച്‌ വികസിപ്പിക്കാന്‍ ശ്രമിച്ച ആദ്യകാല പ്രവർത്തകരിൽ പ്രമുഖന്‍ എന്ന നിലയിലാണ്‌ ഇദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്‌. പൂർണമായ പേര്‌ കെ. രാമകൃഷ്‌ണപിള്ള ഇലങ്കത്ത്‌ എന്നാണ്‌. പഴയതിരുവിതാംകൂർ സംസ്ഥാനത്തെ ദിവാനായിരുന്ന നാണുപിള്ളയുടെ അനന്തരവനായി പ്രസിദ്ധമായ ഇലങ്കം തറവാട്ടിൽ പിറന്ന കെ. രാമകൃഷ്‌ണപിള്ള പില്‌ക്കാലത്ത്‌ സാമൂഹികപ്രവർത്തനത്തിലേർപ്പെട്ടതോടെ കെ.ആർ. ഇലങ്കത്ത്‌ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടു. വിദ്യാർഥിരാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഇദ്ദേഹം അധ്യാപകവൃത്തി ഉപേക്ഷിച്ച്‌ സ്വാതന്ത്യ്രസമരത്തിൽ സജീവമായി പങ്കുകൊള്ളുകയായിരുന്നു. കൊടിയ മർദനത്തിനും ദീർഘമായ ജയിൽശിക്ഷയ്‌ക്കും വിധേയനായിട്ടുണ്ട്‌. 1933-ൽ തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയിലേക്ക്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഇലങ്കത്ത്‌ 1937-ൽ ശ്രീചിത്രാ സ്റ്റേറ്റ്‌ കൗണ്‍സിലിൽ അംഗമായി. 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപംകൊണ്ടതോടെ പ്രസ്‌തുത സംഘടനയിൽ സജീവപ്രവർത്തകനായി ചേർന്നു. അതേവർഷം നെയ്യാറ്റിന്‍കരയിൽ നടന്ന വെടിവയ്‌പിൽ പ്രതിഷേധിച്ച്‌ കൗണ്‍സിൽ അംഗത്വം രാജിവയ്‌ക്കുകയുണ്ടായി. പ്രായപൂർത്തിവോട്ടവകാശപ്രകാരം തിരുവിതാംകൂർ സംസ്ഥാനത്തു നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ (1948) വിജയിച്ച്‌ നിയമസഭാംഗമായ ഇദ്ദേഹം 1952 വരെ സാമാജികനായി തുടർന്നു. ഇതിനിടെ 1948 ഒക്‌ടോബറിൽ പറവൂർ ടി.കെ. നാരായണപിള്ള നേതൃത്വം നല്‌കിയ മന്ത്രിസഭയിൽ അംഗമായി. മന്ത്രിസ്ഥാനം വിട്ടശേഷം കുറേക്കാലം പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചു.

സജീവരാഷ്‌ട്രീയത്തിൽനിന്നു പിന്മാറി ഗാന്ധിയന്‍ രീതിയിലുള്ള സാമൂഹികസേവനത്തിനും സഹകരണ പ്രസ്ഥാനം വളർത്തുന്നതിനുമായി ശിഷ്‌ടജീവിതം വിനിയോഗിച്ച ഇലങ്കത്ത്‌ ഭാരത്‌ സേവക്‌ സമാജം രൂപംകൊണ്ടപ്പോള്‍ അതിന്റെ സംസ്ഥാനാധ്യക്ഷനായി. തെക്കന്‍ കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കുവാന്‍പോന്ന സംഭാവനകളാണ്‌ ഇദ്ദേഹം നല്‌കിയിട്ടുള്ളത്‌. തിരുവനന്തപുരം അർബന്‍ സഹകരണബാങ്കിന്റെ സ്ഥാപകപ്രസിഡന്റ്‌, കേരള സംസ്ഥാന സഹകരണബാങ്കിന്റെ ഡയറക്‌ടർ, കേരളാ സെന്‍ട്രൽ കോ-ഓപ്പറേറ്റീവ്‌ ലാന്‍ഡ്‌ മോർട്‌ഗേജ്‌ ബാങ്കിന്റെ പ്രസിഡന്റ്‌ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്‌. സഹകരണ വിദ്യാഭ്യാസപദ്ധതികള്‍ ആവിഷ്‌കരിച്ച്‌, പൊതുസ്വകാര്യമേഖലകളിൽ കോഴ്‌സുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഏർപ്പെടുത്തുന്നതിനു മുന്‍കൈയെടുത്തതും ഇദ്ദേഹമായിരുന്നു. 1983 മാർച്ചിൽ തിരുവനന്തപുരത്ത്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍