This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇളയ(ഗോദവർമ)തമ്പുരാന്‍, വിദ്വാന്‍ കൊടുങ്ങല്ലൂർ (1800 - 51)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:38, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇളയ(ഗോദവർമ)തമ്പുരാന്‍, വിദ്വാന്‍ കൊടുങ്ങല്ലൂർ (1800 - 51)

പണ്ഡിതനും കവിയും. എളകുറിശ്ശി മാതൃദത്തന്‍നമ്പൂതിരിയുടെയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെയും പുത്രനായി ജനിച്ചു (1800). സംസ്‌കൃതത്തിലും മലയാളത്തിലും ധാരാളം കാവ്യങ്ങളും മുക്തകങ്ങളും രചിച്ചിട്ടുള്ള ഇളയതമ്പുരാന്‍ തർക്കവ്യാകരണജ്യോതിഷാദികളിലും സംഗീതവൈദ്യശില്‌പശാസ്‌ത്രങ്ങളിലും അഭിനയകലയിലും അത്യവഗാഹം നേടിയിരുന്നു. വളപ്പിൽ ആശാന്‍, ദേശമംഗലത്ത്‌ കൃഷ്‌ണവാരിയർ, ആരൂർ അടിതിരി, സംഗീതശാസ്‌ത്രജ്ഞനായ മാതുലന്‍ വലിയ തമ്പുരാന്‍ തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരുക്കന്മാർ.

ബാല്യുദ്‌ഭവം, ശ്രീരാമചരിതം എന്നിവ ഇളയതമ്പുരാന്‍ സംസ്‌കൃത്തിൽ രചിച്ച മഹാകാവ്യങ്ങളാണ്‌. ഇവയ്‌ക്കു പുറമേ ആ ഭാഷയിൽത്തന്നെ രസസദനം (ഭാണം), ത്രിപുരദഹനം, ദശാവതാരം, ദേവദേവേശ്വരാഷ്‌ടകം, മുരരിപുസ്‌തോത്രം, ശ്രീപാദസപ്‌തകം, സാദാശീവി, സുധാനന്ദലഹരി (കാവ്യങ്ങള്‍) എന്നീ കൃതികളും രചിക്കുകയുണ്ടായി. ഭാരതീയസ്‌മൃതികളെ അധികരിച്ച്‌ തമ്പുരാന്‍ എഴുതിയവയാണ്‌ ഹേത്വാഭാസനവകം (തർക്കം), ആശൗചദീപിക (വ്യാഖ്യാനം), ആശൗചദശകം, ആശൗചഷോഡശകം, ഗരുഡചയനപ്രമാണം എന്നിവ. ഭാസ്‌കരീയഗണിതം, ഗോളാധ്യായം എന്നിവ സംസ്‌കൃതത്തിൽത്തന്നെയുള്ള വ്യാഖ്യാനകൃതികളാണ്‌. "അഹല്യാമോക്ഷം', "ഇന്ദുമതി സ്വയംവരം', "നളചരിതം' എന്നീ കൈകൊട്ടിക്കളിപ്പാട്ടുകളും പൂന്തോട്ടത്ത്‌ നമ്പൂതിരിയുടെ കാലകേയവധം തുള്ളലിന്റെ ഏതാനും ഭാഗവും ഒട്ടനവധി ഒറ്റ ശ്ലോകങ്ങളും ഇദ്ദേഹം മലയാളത്തിലും വ്യാഖ്യാനം ചെയ്‌തിട്ടുണ്ട്‌. തമ്പുരാന്റെ സംസ്‌കൃത കവിതകള്‍ പൊതുവേ ഗാംഭീര്യവും കാഠിന്യവും നിറഞ്ഞവയാണ്‌. എന്നാൽ,

	""പാതിക്കെട്ടു കൊതിച്ചു ഞാന്‍ പലതരം
	തൽപാതിയിൽ പാതിയിൽ
	പാതിത്യത്തൊടു പാതിയാടിപലതും
	പാഹീതി മുന്‍പായഹോ
	പാതിച്ചോർനടയാള്‍ക്കു പാതി നയനം
	പോലും വിടർന്നീലയി-
	പ്പാരുഷ്യത്തിനു പാതിവിന്ദശരനും 
	പാതിപ്പെടുന്നീലഹോ''
 

എന്ന മലയാളമുക്തകത്തിന്‌ അർഥഗ്രഹണദുഷ്‌കരതയുണ്ടങ്കിലും രസനീയമായ ഒരു രചനയെന്ന നിലയിൽ സഹൃദയന്മാർ ആസ്വദിക്കാറുണ്ട്‌. ഇളയതമ്പുരാന്റെ ജീവിതകഥ അദ്ദേഹത്തിന്റെ വംശജനായ കൊച്ചുച്ചിത്തമ്പുരാന്‍ വിദ്വദ്യുവരാജചരിതം എന്ന കൃതിയിൽ പില്‌ക്കാലത്ത്‌ വിവരിച്ചിട്ടുണ്ട്‌.

	""സമസ്‌തശാസ്‌ത്രാംബുധിമന്ഥനാദ്രിർ
	മൂലം പഠന്‍ പാഠവിശേഷതോയഃ
	വ്യാഖ്യാസഹസ്രാർഥമകുണ്‌ഠ ബുദ്ധിഃ
	പ്രകാശയാമാസ ഗുരൂത്തമാനാം''.
 

എന്ന്‌ അതിൽ ഇളയതമ്പുരാന്റെ സിദ്ധികളെ ശ്ലാഘിച്ചിരിക്കുന്നു. 1851-ൽ ഇളയതമ്പുരാന്‍ നിര്യാതനായി. കോവിലകത്തെ മൂപ്പ്‌ കിട്ടുന്നതിനു മുമ്പ്‌ മരിക്കുകയാൽ ഇദ്ദേഹം ഇളയതമ്പുരാന്‍ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. കുംഭകോണം കൃഷ്‌ണശാസ്‌ത്രി, വൈക്കത്തു പാച്ചുമൂത്തത്‌, കോയിക്കൽ കൊച്ചുച്ചിത്തിരുമുൽപ്പാട്‌, കറുത്തേടത്ത്‌ നമ്പൂതിരി, കോയ്‌മ രാമച്ചാക്യാർ തുടങ്ങിയവർ ഇളയതമ്പുരാന്റെ ശിഷ്യന്മാരായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍