This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഷ്‌ടദാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:24, 7 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇഷ്‌ടദാനം

Gift

ജംഗമമോ സ്ഥാവരമോ ആയ നിശ്ചിത വസ്‌തുവിന്റെ കൈമാറ്റം. "സ്വന്തം ഇഷ്‌ടപ്രകാരം', "പ്രതിഫലം കൂടാതെ' ദാനദാതാവ്‌ സ്വീകർത്താവിനെ കൈവശം ഏല്‌പിക്കുമ്പോള്‍ സ്വീകർത്താവ്‌ അത്‌ സ്വീകരിക്കുകയും വേണം; എങ്കിൽ മാത്രമേ അത്‌ ഇഷ്‌ടദാനമാകുകയുള്ളൂ. ഇവിടെ സ്വന്തം ഇഷ്‌ടപ്രകാരം, പ്രതിഫലം കൂടാതെ, കൈവശം ഏല്‌പിക്കൽ, സ്വീകരിക്കൽ എന്നീ വാക്കുകള്‍ ഏറെ പ്രാധാന്യം അർഹിക്കുന്നവയാകുന്നു. ആരുടെയും ഭീഷണിക്ക്‌ വഴങ്ങിയാകരുത്‌ ഇഷ്‌ടദാനം നൽകൽ. ദാനദാതാവിന്റെ ജീവിതകാലത്ത്‌ അയാള്‍ക്ക്‌ ദാനം ചെയ്യാന്‍ അർഹതയുള്ളപ്പോഴുമാകണമെന്നും വ്യവസ്ഥയുണ്ട്‌. സ്വീകരിക്കലിനുമുമ്പ്‌ സ്വീകരിക്കേണ്ടയാള്‍ മരിച്ചുപോകുന്നുവെങ്കിൽ ദാനം റദ്ദ്‌ (void) ആയിത്തീരും. സ്ഥാവരവസ്‌തുവാണ്‌ ദാനം ചെയ്യുന്നതെങ്കിൽ ദാനദാതാവോ അയാള്‍ക്കുവേണ്ടിയോ ഒപ്പിട്ട ഒരു പ്രമാണം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്‌. രണ്ട്‌ സാക്ഷികളെങ്കിലും അതിൽ ഒപ്പിടണം. എന്നാൽ, ജംഗമവസ്‌തു ദാനത്തിന്‌ പ്രമാണം രജിസ്റ്റർ ചെയ്യേണ്ടതില്ല. വസ്‌തുക്കള്‍ കൈവശം ഏല്‌പിച്ചുകൊടുത്താൽ മതിയാകും. ഭാവിയിൽ കൈവശം വന്നുചേരുന്ന വസ്‌തു ദാനം ചെയ്യാവുന്നതല്ല. കൈവശത്തിലുള്ള വസ്‌തുവും ഭാവി വസ്‌തുവും ഒരു ദാനദാതാവ്‌ ദാനം ചെയ്യുന്നുവെങ്കിൽ ഭാവി വസ്‌തുവെ സംബന്ധിച്ച ദാനം റദ്ദ്‌ ആയിത്തീരും. രണ്ടോ അതിലധികമോ സ്വീകർത്താക്കള്‍ ഒരു ഇഷ്‌ടദാനത്തിലുണ്ടെങ്കിൽ അവരിൽ ഒരാള്‍ അത്‌ സ്വീകരിക്കാതിരിക്കുമ്പോള്‍ ഉള്ളദാനം സ്വീകരിച്ചിരുന്നുവെങ്കിൽ അയാള്‍ എടുക്കുമായിരുന്ന അവകാശം ശൂന്യമായിത്തീരും. ദാനം ചില സന്ദർഭങ്ങളിലും സംഗതികളിലും നിർത്തിവയ്‌ക്കുകയോ പിന്‍വലിക്കുകയോ ചെയ്യാം. ദാനദാതാവിന്റെ ഇച്ഛയെ ആശ്രയിക്കാത്ത ഏതെങ്കിലും നിർദിഷ്‌ടമായ സംഭവം നടക്കുന്നതായാൽ ദാനം നിർത്തിവയ്‌ക്കപ്പെടുകയോ പിന്‍വലിക്കപ്പെടുകയോ ചെയ്യുമെന്ന്‌ ദാനദാതാവിനും സ്വീകർത്താവിനും കരാർ ചെയ്യാം; എന്നാൽ, ദാനദാതാവിന്റെ വെറും ഇച്ഛയനുസരിച്ചുമാത്രം മുഴുവനായോ ഭാഗികമായോ പിന്‍വലിക്കപ്പെടാവുന്നതാണെന്ന്‌ കക്ഷികള്‍ കരാർചെയ്യുന്ന ദാനം, അതത്‌ സംഗതിപോലെ, മുഴുവനായോ ഭാഗികമായോ റദ്ദാകുന്നു. കൂടാതെ, ദാനം അത്‌ കരാറായിരുന്നാൽ റദ്ദാക്കപ്പെടുന്ന സംഗതികളിൽ ഏതിലെങ്കിലും - പ്രതിഫലമില്ലാത്തതോ, നിഷ്‌ഫലമാകുന്നതോ ആയ സംഗതിയിലൊഴികെ - പിന്‍വലിക്കപ്പെടാവുന്നതാണ്‌.

ചില ദാനങ്ങള്‍ സ്വീകർത്താവിൽ ചില ഉത്തരവാദിത്തങ്ങള്‍ ചുമത്തുന്നുണ്ട്‌. ഒരു ദാനം, പല സാധനങ്ങളുടേതായിരിക്കുകയും അവയിൽ ഒന്ന്‌ കടപ്പാട്‌ ചുമത്തിപ്പെട്ടവയും മറ്റുള്ളവ അങ്ങനെയുള്ളവ അല്ലാതിരിക്കുകയും ഒറ്റക്കൈമാറ്റത്തിന്റെ രൂപത്തിലായിരിക്കുകയും ചെയ്യുമ്പോള്‍ സ്വീകർത്താവ്‌ അത്‌ മുഴുവനായി സ്വീകരിക്കാത്തപക്ഷം, അയാള്‍ക്ക്‌ ദാനംവഴി ഒന്നും എടുക്കാന്‍ കഴിയുന്നതല്ല. പല സാധനങ്ങളുടെ ദാനത്തിന്റെ സംഗതിയിൽ, ചിലത്‌ കർത്തവ്യബദ്ധമായതും മറ്റുള്ളവ അങ്ങനെയല്ലാത്തതുമായിരിക്കുകയും, അവ പരസ്‌പരം ആശ്രയിക്കാത്തവയുമാണെങ്കിൽ സ്വീകർത്താവിന്‌ ഗുണകരമായവ സ്വീകരിക്കുകയും മറ്റുള്ളവ നിരസിക്കുകയും ചെയ്യാം. കർത്തവ്യബദ്ധമായ ദാനം, കരാർ ചെയ്യാന്‍ അർഹതയില്ലാത്ത ഒരാള്‍ക്കാണ്‌ നൽകുന്നതെങ്കിൽ അതിലെ കടപ്പാട്‌ അയാളെ ബന്ധിക്കുകയില്ല; എന്നാൽ അർഹതയുണ്ടായിക്കഴിയുമ്പോള്‍ അത്‌ ബന്ധിക്കുകയും ചെയ്യും.

ഒരാള്‍ തന്റെ മുഴുവന്‍ സ്വത്തുക്കളും ദാനം ചെയ്‌താൽ - അത്‌ സർവസ്വദാനമാകുന്നു - സ്വീകരിക്കുന്നയാള്‍, ദാനത്തിന്റെ സമയത്ത്‌ ദാതാവിനുള്ള കടങ്ങള്‍ക്കും ബാധ്യതകള്‍ക്കും സ്വത്തുക്കളുടെ വ്യാപ്‌തിയോളം ചുമതലപ്പെട്ടവനാകും. 1882-ലെ (4-ാം നമ്പർ ആക്‌റ്റ്‌) വസ്‌തുകൈമാറ്റ ആക്‌റ്റ്‌ (Transfer of Properties Act)-േൽ VII-ാം അധ്യായത്തിലെ 122 മുതൽ 129 വകുപ്പുകളിൽ ഇഷ്‌ടദാനത്തെ സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നു. ആസന്നമൃത്യുവായ ആള്‍ ചെയ്യുന്ന ജംഗമവസ്‌തു ദാനത്തെ സംബന്ധിക്കുന്ന വ്യവസ്ഥകള്‍ 1925-ലെ (39-ാം നമ്പർ ആക്‌റ്റ്‌) ഇന്ത്യന്‍ പിന്തുടർച്ചാ ആക്‌റ്റിലെ 191-ാം വകുപ്പിലും ഉള്‍പ്പെടുന്നു. ഇതിന്‍പ്രകാരം ഒരാള്‍ക്ക്‌ മരണശാസനത്തിന്‍കീഴിൽ നല്‌കാവുന്ന വസ്‌തു സംബന്ധിച്ച്‌ മരണ പ്രതീക്ഷയുള്ള സന്ദർഭത്തിൽ ഇഷ്‌ടദാനം ചെയ്യാമെന്നാണ്‌. രോഗിയായിരിക്കുകയും താമസംകൂടാതെ ആ രോഗത്താൽ മരിക്കുകയും ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്ന ആള്‍ക്ക്‌ അങ്ങനെ ചെയ്യുവാന്‍ കഴിയും. ഒരാള്‍ മരിക്കുകയാണെങ്കിൽ ജംഗമവസ്‌തു ദാനമായി എടുത്തുകൊള്ളാനായി കൈമാറാം. അത്തരം ദാനം ദാനദാതാവിന്‌ തിരികെ എടുക്കാവുന്നതാണ്‌; അയാള്‍ രോഗത്തിൽനിന്ന്‌ വിമുക്തനാകുന്നുവെങ്കിൽ ദാനം പ്രാബല്യത്തിൽ വരുന്നതല്ല, അതുപോലെ ദാനദാതാവിന്റെ മരണത്തിനുമുമ്പ്‌ മറ്റെയാള്‍ മരിക്കുന്നുവെങ്കിലും പ്രാബല്യത്തിൽ വരുന്നതല്ല.

വസ്‌തുകൈമാറ്റനിയമത്തിലെ വ്യവസ്ഥകള്‍ ദാനത്തെ സംബന്ധിക്കുന്ന ഇസ്‌ലാമിക നിയമത്തിന്റെ ഏതെങ്കിലും ചട്ടത്തെ ബാധിക്കുന്നില്ല (ഇസ്‌ലാമിക നിയമം എന്നാൽ ശരീഅത്ത്‌ നിയമം എന്നാണ്‌). ഇസ്‌ലാമിക നിയമത്തിൽ ദാനത്തിന്‌ ഹീബാ എന്നു പറയുന്നു. സ്വബുദ്ധിയുള്ളവനും പ്രായപൂർത്തിയായവനുമായ മുസ്‌ലീമിന്‌ തന്റെ മുഴുവന്‍ വസ്‌തു(സ്വത്ത്‌)ക്കളും ദാനം ചെയ്യാം. പ്രതിഫലം പാടില്ല, വസ്‌തു കൈവശം ഏല്‌പിക്കുകയും സ്വീകർത്താവ്‌ അത്‌ സ്വീകരിക്കുകയും വേണം. ജംഗമസ്വത്തുക്കളും വ്യവഹാരപ്പെടാവുന്ന തേർച്ചയും ദാനം ചെയ്യാനാകും. എന്നാൽ ദാനം ഉത്തമർണരെ (കടക്കാരെ) തോല്‌പിക്കാനാണ്‌ ചെയ്‌തതെങ്കിൽ സാധുതയുണ്ടാകില്ല. വാങ്‌മൂലമായും ദാനം നല്‌കാം. പ്രായപൂർത്തിയാകാത്ത ഒരാളാണ്‌ ദാനം സ്വീകരിക്കേണ്ടതെങ്കിൽ അയാളുടെ രക്ഷാകർത്താവ്‌ വേണം ദാനം സ്വീകരിക്കുവാന്‍. ഭർത്താവോ ഭാര്യയോ നൽകുന്നതോ, വിവാഹബന്ധത്തിലേർപ്പെടാന്‍ പാടില്ലാത്തയാള്‍ക്കു നൽകുന്നതോ ആയ ദാനം പിന്‍വലിക്കുവാന്‍ പാടില്ലാത്തതുമാകുന്നു. സ്വീകർത്താവ്‌ മരിച്ചാൽ, സ്വീകരിച്ചയാള്‍ ദാനവസ്‌തു കൈമാറ്റം ചെയ്‌തുകഴിഞ്ഞാൽ, ദാനവസ്‌തു നശിച്ചുപോയാൽ, അതിനു വിലവർധിച്ചുപോയാൽ, അതിന്റെ രൂപത്തിന്‌ പിന്നീട്‌ തിരിച്ചറിയാന്‍ കഴിയാത്തവിധം ഭേദമുണ്ടായാൽ ദാതാവിന്‌ ദാനത്തിന്‌ പകരമായി എന്തെങ്കിലും ലഭിച്ചാൽ, ദാനം പിന്‍വലിക്കാവുന്നതല്ല. ഇസ്‌ലാമിക നിയമത്തിൽ പരസ്‌പരമുള്ള ദാനം, അല്ലെങ്കിൽ പ്രതിഫലമുള്ള ദാനം - ഹീബാബിൽ ഇവാസ്‌-അനുവദിച്ചിട്ടുണ്ട്‌. കൂടാതെ എന്തെങ്കിലും ഉപാധിക്കുവിധേയമായിട്ടുള്ള "ഹീബാ ബാ ഷർത്തുൽ ഇവാസ്‌' എന്ന ഒരുതരം ദാനമുണ്ട്‌. ഇതിന്‍ പ്രകാരം കൈവശം കൊടുക്കലോ ഏല്‌പിക്കലോ വേണമെന്നില്ല. ദാനവസ്‌തുവിന്‌ എന്തെങ്കിലും വൈകല്യമുണ്ടെങ്കിൽ ദാനം റദ്ദുചെയ്യാം. അല്ലാഹുവിന്റെ അനുഗ്രഹസിദ്ധിക്കായും ദാനം ആകാം. അതിന്‌ "സദഖ' എന്നു പറയുന്നു. "അറീഅത്ത്‌' എന്ന പേരിലുള്ള ദാനത്തിൽ വസ്‌തുവിന്റെ ഉടമസ്ഥത - സ്വത്വം - ദാനം ചെയ്യുന്നില്ല; അതിൽനിന്നുള്ള ആദായമോ ഫലമോ മാത്രമേ നൽകുന്നുള്ളൂ; ഇത്‌ പിന്‍വലിക്കാനും കഴിയും.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍