This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇവാന്‍ IV (1530 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:21, 7 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇവാന്‍ IV (1530 - 84)

Ivan IV

റഷ്യയുടെ ആദ്യത്തെ സാർ. "ഇവാന്‍ ദ്‌ ടെറിബിള്‍' എന്ന അപരനാമത്തിൽ ഇദ്ദേഹം അറിയപ്പെട്ടു. ദേശരാഷ്‌ട്രമെന്ന നിലയിൽനിന്ന്‌ സാമ്രാജ്യത്തിന്റെ ഔന്നത്യത്തിലേക്ക്‌ റഷ്യ മാറുന്നത്‌ ഇവാന്റെ ഭരണകാലത്താണ്‌. ബാല്യത്തിൽ അനുഭവിക്കേണ്ടിവന്ന അനാഥത്വം ഇവാനെ ഒരു സങ്കീർണ വ്യക്തിത്വത്തിനുടമയാക്കി മാറ്റുന്നതിൽ വലിയ പങ്ക്‌ വഹിച്ചു. മാനസിക വിഭ്രാന്തിക്കടിമപ്പെട്ട വ്യക്തി എന്ന നിലയിലാണ്‌ ചരിത്രത്തിൽ ഇദ്ദേഹം ഇടംനേടിയത്‌; പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ ഇവാന്‍ സ്വന്തം പുത്രനെ വധിക്കുകയുണ്ടായി. 1530 ആഗ. 25-ന്‌ ബാസിൽ കകക-ാമന്റെ പുത്രനായി ജനിച്ചു. ഇദ്ദേഹത്തിന്‌ മൂന്ന്‌ വയസ്സുള്ളപ്പോള്‍ പിതാവ്‌ മരണമടഞ്ഞു. മാതാവിന്റെ റീജന്‍സിയുടെ നിയമസാധുതയെ പ്രഭുവർഗം ചോദ്യ ചെയ്‌തതോടെ കൊട്ടാരോപജാപങ്ങളുടെയും സംഘർഷത്തിന്റെയും പശ്ചാത്തലത്തിലാണ്‌ ഇവാന്‍ വളർന്നത്‌. അമ്മയുടെ അകാലമരണത്തിനുപിന്നിൽ പ്രഭുവർഗമാണെന്ന സംശയം ഇദ്ദേഹത്തെ മതിഭ്രമമുള്ള വ്യക്തിയാക്കി മാറ്റി. 1547-ൽ റഷ്യയുടെ ഗ്രാന്‍ഡ്‌ പ്രിന്‍സും സാറുമായി പ്രഖ്യാപിക്കപ്പെട്ടു. അതേവർഷം തന്നെ ഇവാന്‍ അനാസ്‌താസിയ റോമനോവിനെ വിവാഹം ചെയ്‌തു. 1560-ൽ ഇവരുടെ മരണശേഷം വീണ്ടും പലതവണ വിവാഹിതനായെങ്കിലും അനാസ്‌താസിയയുമായി ചെലവഴിച്ച നാളുകളായിരുന്നു ജീവിതത്തിലെ ഏറ്റവും ദീപ്‌തമായ കാലഘട്ടം. പ്രബുദ്ധനായ ഭരണാധികാരിയായി ഇവാന്‍ അംഗീകരിക്കപ്പെട്ടിരുന്നതും ഇക്കാലത്താണ്‌. ഗ്രാമപ്രദേശങ്ങളിൽ സ്വയംഭരണമനുവദിച്ചതും ഉപദേശക കൗണ്‍സിലിനെ നിയമിച്ചതും ശ്ലാഘിക്കപ്പെട്ട ഭരണനടപടികളാണ്‌. നികുതിസമ്പ്രദായം പരിഷ്‌കരിച്ചതും പുതിയ നിയമാവലി പ്രാബല്യത്തിൽ വരുത്തിയതും ഇദ്ദേഹത്തിന്റെ നേട്ടമായിരുന്നു. നല്ല രീതിയിൽ നീങ്ങിക്കൊണ്ടിരുന്ന ഭരണത്തിന്‌ ദിശാബോധം നഷ്‌ടപ്പെടുന്നത്‌ അനാസ്‌താസിയയുടെ മരണത്തോടെയാണ്‌. പ്രഭുവർഗമാണ്‌ അനാസ്‌താസിയയെ വധിച്ചതെന്ന സംശയം അവർക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കാന്‍ ഇവാനെ പ്രരിപ്പിച്ചു. പ്രഭുവർഗത്തെ അടിച്ചമർത്തിയതിലൂടെ ഭരണം കേന്ദ്രീകൃതമാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഏതാണ്ട്‌ 10,000-ത്തോളം പ്രഭുക്കന്മാരെ ഇവാന്‍ വധിച്ചുവത്ര.

മംഗോളിയരുടെ പ്രദേശങ്ങളെ അധീനപ്പെടുത്തിക്കൊണ്ട്‌ രാജ്യം യുറാൽ മലകള്‍ മുതൽ തെക്ക്‌ കാസ്‌പിയന്‍ വരെയും വിപുലപ്പെടുത്താന്‍ ഇവാന്‌ കഴിഞ്ഞു; അതേസമയം നിരന്തരമായ യുദ്ധങ്ങള്‍ സമ്പദ്‌ഘടനയെ ദുർബലപ്പെടുത്തുകയുണ്ടായി. റഷ്യയിൽ ആദ്യം അച്ചടി തുടങ്ങിയത്‌ ഇദ്ദേഹമാണ്‌. ഇവാന്റെ ആജ്ഞപ്രകാരമാണ്‌ മോസ്‌കോയിലെ സെന്റ്‌ ബാസിൽസ്‌ കതീഡ്രൽ നിർമിക്കപ്പെട്ടത്‌. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം നിലവിലുണ്ട്‌. പള്ളി രൂപകല്‌പന ചെയ്‌ത പോസ്റ്റ്‌നിക്‌ യാകോവ്‌ലേവ്‌ മറ്റു നിർമാണങ്ങള്‍ ഏറ്റെടുക്കുന്നത്‌ തടയുന്നതിനായി ഇവാന്‍ അയാളെ അന്ധനാക്കിയത്ര. 1584 മാ. 18-ന്‌ അന്തരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B5%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D_IV_(1530_-_84)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍