This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇസബ്ഗോള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇസബ്ഗോള്‍
Isabgol
ഔഷധ പ്രാധാന്യമുള്ള ഒരു ചെടി. കുതിരച്ചെവി എന്ന് അർഥം വരുന്ന ഇസബ്ഗോള്‍ എന്ന പേർഷ്യന്‍ വാക്കിൽനിന്നാണ് പേരിന്റെ ഉദ്ഭവം. ഈ ചെടിയുടെ ഇലകള്‍ക്ക് കുതിരച്ചെവിയുടെ ആകൃതിയുള്ളതുകൊണ്ടാകാം ഈ പേരു ലഭിച്ചത്. സംസ്കൃതത്തിൽ ഇത് "സ്നിഗ്ധജീരകം' എന്ന പേരിൽ അറിയപ്പെടുന്നു. ശാ.നാ.: പ്ളെന്ടാഗോ സില്ലിയം.
ഈജിപ്ത്, ഇറാന് എന്നിവിടങ്ങളിൽ നിന്നാണ് ഈ ചെടിയുടെ ഉദ്ഭവം എന്നു കരുതപ്പെടുന്നു. ഇത് പഞ്ചാബിലും സിന്‍ഡിലും നട്ടുവളർത്തുന്നുണ്ട്. ഒരു വിദേശസസ്യമായതിനാലാവാം, ഈ ചെടിയെപ്പറ്റി പുരാതന ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശമില്ലാതായിപ്പോയതെന്നു വിശ്വസിക്കപ്പെടുന്നു. അതിസാരം, കഫ-പിത്ത ദോഷങ്ങള്‍ എന്നിവയ്ക്ക് ഔഷധമായി ഈ ചെടിയെ ആധുനിക ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്.
ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ചെടിയാണ് ഇസബ്ഗോള്‍. വീതി കുറഞ്ഞ് നീളം കൂടിയ ഇലകളാണ് ഇവയ്ക്കുള്ളത്. ശാഖകള്‍ക്ക് കനം വളരെ കുറവാണ്. ഇവയുടെ അഗ്രത്തായി ഗോതമ്പിൽ കാണുന്നതുപോലുള്ള കതിരുകളുണ്ട്. ഈ കതിരുകള്ക്കുള്ളിലാണ് അരി കാണപ്പെടുന്നത്. പ്രധാനമായും രണ്ടിനം ഇസബ്ഗോള്‍ ചെടികളാണുള്ളത്. വെളുത്ത അരിയുള്ളവയും കറുത്ത അരിയുള്ളവയും. വെളുത്ത അരിയുള്ളവയ്ക്കാണ് ഔഷധഗുണമുള്ളത്.
യുനാനി ചികിത്സാപദ്ധതിപ്രകാരം അമീബികാതിസാരത്തിന് ഇസബ്ഗോള്‍ നല്ല ഔഷധമായി കണക്കാക്കപ്പെടുന്നു. ഇസബ്ഗോളിന്റെ ഉമി മാർക്കറ്റിൽ ലഭ്യമാണ്. ഇത് വിരേചനൗഷധമായി ഉപയോഗിക്കപ്പെടുന്നു. മറ്റു വിരേചനൗഷധങ്ങളെപ്പോലെയല്ല ഇത് പ്രവർത്തിക്കുന്നത്. ആന്ത്രത്തിന്റെ ഉള്‍വശം വഴുവഴുപ്പുള്ളതാക്കിത്തീർത്ത് വിരേചനം സുഖപ്രദമാക്കുകയാണ് ഇത് ചെയ്യുന്നത്. ഇസബ്ഗോളിന്റെ അരിയിൽ നിന്ന് പ്രത്യേക രാസപദാർഥങ്ങളൊന്നുംതന്നെ വേർതിരിച്ചെടുത്തിട്ടില്ല.