This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌ലാമിക ചരിത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:29, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇസ്‌ലാമിക ചരിത്രം

Islamic History

അചഞ്ചലമായ വിശ്വാസത്തിന്റെയും നിരന്തരമായ കർമപദ്ധതിയുടെയും ആകെത്തുക എന്ന നിലയിലാണ്‌ ഇസ്‌ലാം മുസ്‌ലിങ്ങളുടെ ദൃഷ്‌ടിയിൽ പ്രത്യക്ഷപ്പെടുന്നത്‌. എ.ഡി. 7-ാം ശതകത്തിലാണ്‌ മുസ്‌ലിങ്ങളുടെ മതമായ ഇസ്‌ലാം ആവിർഭവിച്ചത്‌. ഇസ്‌ലാമികാദർശങ്ങള്‍ പ്രധാനമായും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളിൽ പ്രചരിച്ചുകഴിഞ്ഞിട്ടുണ്ട്‌.

ആവിർഭാവം. മുഹമ്മദ്‌ പ്രവാചകനായി അറിയപ്പെട്ടതോടുകൂടി (610) ഇസ്‌ലാമിന്റെ ചരിത്രം ആരംഭിക്കുന്നു. മക്കയിലെ ഖുറൈശി എന്ന കുലീന ഗോത്രത്തിലായിരുന്നു മുഹമ്മദ്‌നബിയുടെ ജനനം (571). പ്രസിദ്ധമായ "കഅ്‌ബാ' ദേവാലയത്തിന്റെ അധിപന്മാരായിരുന്നു അദ്ദേഹത്തിന്റെ പൂർവികർ. വാണിജ്യ-വ്യാപാര ബന്ധങ്ങളിലൂടെ അറേബ്യ അസൂയാർഹമായ അഭിവൃദ്ധി നേടിയ കാലത്താണ്‌ മുഹമ്മദ്‌ നബി മക്കയിൽ ജനിക്കുന്നത്‌. സാമ്പത്തികവളർച്ച അറേബ്യയുടെ സാമൂഹിക ഘടനയിൽ ദൂരവ്യാപകമായ പരിവർത്തനങ്ങള്‍ ഉളവാക്കിയതോടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിച്ചു. സ്വന്തം ഗോത്രത്തിലെ ദുർബലരെ സംരക്ഷിക്കാതെ ഭൗതിക സുഖങ്ങളിൽ അഭിരമിച്ച കുലീനവർഗം അധാർമികതയിലേക്ക്‌ നിപതിക്കുന്നതും ഇക്കാലത്താണ്‌. ഈ മുല്യശോഷണത്തിൽ ദുഃഖിതനായ നബി പലപ്പോഴും ധ്യാനത്തിനായി സമീപത്തെ മലകളിൽ അഭയം തേടിയിരുന്നു. അങ്ങനെ തന്റെ 40-ാം വയസ്സിൽ മക്കാനഗരത്തിനടുത്തുള്ള ഹിറാഗുഹയിൽ ഏകാന്ത ധ്യാനത്തിലിരിക്കവെയാണ്‌ മുഹമ്മദിന്‌ ദൈവത്തിൽനിന്നുള്ള ആദ്യ ദിവ്യവെളിപാട്‌ ലഭിച്ചത്‌. വായിക്കുക (ഇഖ്‌റഅ്‌) എന്നു തുടങ്ങുന്ന ഈ ദിവ്യസന്ദേശം ലഭിച്ചതോടെയാണ്‌ അദ്ദേഹം പ്രവാചകനായി (നബി) നിയുക്തനായത്‌. ഇങ്ങനെ പലഘട്ടങ്ങളിലായി നബിക്ക്‌ ലഭിച്ച ദിവ്യസന്ദേശങ്ങളുടെ സമാഹാരമാണ്‌ പരിശുദ്ധ ഖുർആന്‍. അല്ലാഹു ഒഴികെ മറ്റൊരു ആരാധ്യനില്ല; മുഹമ്മദ്‌ നബി അല്ലാഹുവിന്റെ പ്രവാചകനാണ്‌, ഖുർആന്‍ മനുഷ്യനുവേണ്ടി മുഹമ്മദ്‌നബിവഴി അല്ലാഹു എത്തിച്ച സന്ദേശങ്ങളാണ്‌ എന്നിവയാണ്‌ ഇസ്‌ലാമിന്റെ ആത്മസത്ത. ഈ ആദർശങ്ങളിൽ വിശ്വാസമുള്ളവരെയും അതിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്നവരെയുമാണ്‌ മുസ്‌ലിങ്ങള്‍ എന്നു പറയുന്നത്‌. സമാധാനം എന്ന അർഥം വരുന്ന അറബി പദത്തിൽനിന്നാണ്‌ ഇസ്‌ലാം എന്ന വാക്കിന്റെ നിഷ്‌പത്തി.

ഇസ്‌ലാമിക വിശ്വാസമനുസരിച്ച്‌ അല്ലാഹുവിന്റെ അവസാനത്തെ പ്രവാചകനാണ്‌ മുഹമ്മദ്‌. ആദം, നോഹ, അബ്രഹാം, മോസസ്‌, ജീസസ്‌ തുടങ്ങി മുഹമ്മദ്‌ നബിക്കു മുമ്പുള്ള പ്രവാചകന്മാർ നിരവധി പേരുണ്ട്‌. മരണംവരെ നബിക്ക്‌ ദിവ്യസന്ദേശം ലഭിച്ചിരുന്നു എന്നാണ്‌ വിശ്വാസം. ജനങ്ങളെ തന്റെ സന്ദേശത്തിലേക്ക്‌ അദ്ദേഹം ക്ഷണിച്ചുകൊണ്ടിരുന്നെങ്കിലും ഭാര്യയും (ഖദീജ) അടുത്ത ബന്ധുക്കളും ദരിദ്രജനവിഭാഗങ്ങളുമടങ്ങുന്ന ചുരുക്കം അനുയായികളെ മാത്രമാണ്‌ നബിക്ക്‌ ആദ്യം ലഭിച്ചത്‌. സാഹോദര്യത്തിൽ അടിയുറച്ച ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ മുസ്‌ലിങ്ങള്‍ അനുശാസിക്കപ്പെട്ടു. പഴയ അറേബ്യന്‍ ഗോത്രദൈവങ്ങളെ തിരസ്‌കരിച്ചുകൊണ്ട്‌ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന്‌ നബി ആഹ്വാനം നൽകി; ഗോത്ര ദൈവങ്ങള്‍ ജനങ്ങള്‍ക്ക്‌ ബാധ്യതയായിമാറിയ ഗോത്രത്തലവന്മാരെ പോലെയാണ്‌ എന്നാണ്‌ ഖുർ ആന്‍ പറയുന്നത്‌. കാരണം, മതിയായ സംരക്ഷണം നല്‌കുന്നതിൽ അവർ പരാജയമായിരുന്നു.

തങ്ങളുടെയും പൂർവപിതാക്കളുടെയും ആചാരങ്ങള്‍ക്ക്‌ വിരുദ്ധമായ ഒരു ദർശനം അജ്ഞരും അന്ധവിശ്വാസികളുമായ മക്കയിലെ ജനതയ്‌ക്ക്‌ തെല്ലും ദഹിച്ചില്ല. അവർ നബിയെയും അനുയായികളെയും കഠിനമർദനങ്ങള്‍ക്കരിയാക്കി; അദ്ദേഹത്തിന്റെ അനുയായികളിൽ പലരും രക്തസാക്ഷിത്വം വരിക്കുകയും മറ്റു ചിലർ എത്യോപ്യയിലേക്കു പലായനം ചെയ്യുകയുമുണ്ടായി. അപ്പോഴൊക്കെ ക്ഷമയും സഹനവും അവലംബിക്കാനാണ്‌ നബി അനുയായികളെ ആഹ്വാനം ചെയ്‌തത്‌.

നബിയെ വധിക്കാന്‍ നിശ്ചയിച്ച്‌ ശത്രുക്കള്‍ ഒരു രാത്രി അദ്ദേഹത്തിന്റെ വീട്‌ വളഞ്ഞു. അല്ലാഹുവിന്റെ കല്‌പനപ്രകാരം അദ്ദേഹം ആ രാത്രി മക്കയിൽനിന്ന്‌ മദീനയിലേക്ക്‌ പലായനം ചെയ്‌തു. എ.ഡി. 622-ൽ നടന്ന ഈ സംഭവത്തിനാണ്‌ ഹിജ്‌റ എന്നു പറയുന്നത്‌. ഇസ്‌ലാമിക ചരിത്രത്തിന്‌ വഴിത്തിരിവ്‌ കുറിച്ച ഹിജ്‌റയെ (പലായനം) അവലംബിച്ചാണ്‌ പില്‌ക്കാലത്ത്‌ രണ്ടാം ഖലീഫയായിരുന്ന ഉമർ ഹിജ്‌റവർഷം എന്ന കലണ്ടർ സമ്പ്രദായത്തിന്‌ തുടക്കം കുറിച്ചത്‌. മുഹമ്മദ്‌നബിയുടെ ആഗമനംമൂലം യത്‌രിബുകാർക്ക്‌ (മദീന) മഹാനായ ഒരു നേതാവിന്റെ സേവനമാണ്‌ ലഭിച്ചത്‌. പ്രവാചകനെ നേരിട്ടു കണ്ട്‌ അല്ലാഹുവിന്റെ മതം സ്വീകരിക്കുവാന്‍ ജനങ്ങള്‍ കൂട്ടംകൂട്ടമായി മുന്നോട്ടുവന്നതോടെ ഇസ്‌ലാംമതപ്രചാരത്തിന്റെ വേഗത കൂടി. അന്നത്തെ യത്‌രിബു നിവാസികളായ യഹൂദന്മാരും ക്രിസ്‌ത്യാനികളും കൂടിച്ചേർന്ന്‌ യത്‌രിബിനെ ഒരു ജനാധിപത്യനഗരമായി സംഘടിപ്പിക്കുകയും മുഹമ്മദുനബിയെ അതിന്റെ സംരക്ഷകനും ഭരണമേധാവിയുമായി സ്വീകരിക്കുകയും ചെയ്‌തു. മദീനക്കാരുമായി ഉണ്ടാക്കിയ ഈ കരാർ ഒരു ഭരണഘടനയുടെ മാതൃകയിലുള്ളതായിരുന്നു. "മദിനാ ചാർട്ടർ' എന്ന പേരിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ആത്മീയ നേതാക്കളിൽ രാഷ്‌ട്രീയ അധികാരങ്ങള്‍ കൂടി സമന്വയിപ്പിക്കുന്ന രീതി ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ പൊതുസ്വഭാവമായി മാറുന്നത്‌ ഇവിടം മുതല്‌ക്കാണ്‌. ഏറെ താമസിയാതെ യത്‌രിബിന്‌ നബിയുടെ പട്ടണം എന്നർഥമുള്ള മദീനത്തുനബി അഥവാ മദീന എന്ന പേർ ലഭിച്ചു. മദീനയിലെത്തിയ നബിയെയും അനുയായികളെയും ഒന്നടങ്കം ആക്രമിച്ചു നശിപ്പിക്കാനാണ്‌ പിന്നീട്‌ മക്കക്കാർ ശ്രമിച്ചത്‌. ഈ സന്ദർഭത്തിൽ ദീർഘകാലം മർദനമനുഭവിച്ച അദ്ദേഹത്തിന്റെ അനുയായികള്‍ക്കു യുദ്ധത്തിന്‌ അനുമതി നല്‌കപ്പെട്ടു; ആദർശസംരക്ഷണത്തിനും ആത്മരക്ഷയ്‌ക്കുംവേണ്ടി മദീനയിലെത്തിയ മുസ്‌ലിങ്ങള്‍ക്കു മറ്റു മാർഗമില്ലാതായപ്പോഴാണ്‌ ആത്മരക്ഷാർഥം യുദ്ധത്തിന്‌ അനുമതി നല്‌കപ്പെട്ടത്‌. ഇക്കാര്യം ഖുർആനിൽ വിവരിച്ചിട്ടുണ്ട്‌. മക്കക്കാരുമായി നടന്ന യുദ്ധങ്ങളിൽ മിക്കതിലും മുസ്‌ലിങ്ങള്‍ തന്നെ ജയിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 624-ലെ ബദർയുദ്ധം. മതകാര്യത്തിൽ സമ്മർദമോ മതപ്രചാരണാർഥമുള്ള യുദ്ധമോ ഇസ്‌ലാം അനുവദിക്കുന്നില്ല. ഇക്കാര്യവും ഖുർആന്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്‌. ഇസ്‌ലാം വാളുകൊണ്ട്‌ പ്രചരിപ്പിച്ചതാണെന്ന വാദം തികച്ചും അർഥശൂന്യമാണ്‌. ഇസ്‌ലാമിന്റെ പ്രചാരണത്തെക്കുറിച്ച്‌ ആധികാരിക പഠനങ്ങള്‍ നടത്തിയിട്ടുള്ള ടി.ഡബ്ല്യു. ആർണോള്‍ഡ്‌ തുടങ്ങിയ പണ്ഡിതന്മാർ ഈ വസ്‌തുത പ്രത്യേകം എടുത്തു പറയുന്നുണ്ട്‌. എന്നാൽ മുസ്‌ലിംഭരണകർത്താക്കളിൽ ചിലർ യുദ്ധങ്ങളും ആക്രമണങ്ങളും നടത്തിയിട്ടുണ്ടെന്ന ചരിത്രവസ്‌തുത നിഷേധിക്കാവുന്നതല്ല. പക്ഷേ രാജാക്കന്മാരുടെ ഈദൃശനടപടികളെ ഇസ്‌ലാം അംഗീകരിക്കുന്നില്ല.

മക്കയിലെ കഅ്‌ബയ്‌ക്ക്‌ അഭിമുഖമായി വേണം മുസ്‌ലിങ്ങള്‍ നമസ്‌കരിക്കേണ്ടത്‌ എന്ന ദൈവകല്‌പന മക്ക അധീനപ്പെടുത്താനുള്ള നബിയുടെ ആഗ്രഹത്തിന്‌ ആക്കം കൂട്ടി. 630-ൽ നബിയും അനുയായികളും ചേർന്ന്‌ മക്ക പിടിച്ചെടുത്തു. മുസ്‌ലിങ്ങളെ പീഡിപ്പിച്ചതിന്റെ പേരിൽ തങ്ങള്‍ ശിക്ഷിക്കപ്പെടുമെന്ന്‌ ആശങ്കപ്പെട്ട മക്കയിലെ നിവാസികള്‍ക്ക്‌ പൊതുമാപ്പ്‌ നല്‌കിയ മുഹമ്മദിന്റെ നടപടി അവരെ അദ്ദേഹത്തോട്‌ അടുപ്പിക്കുകയും ഇസ്‌ലാമിന്റെ പ്രചാരണത്തിന്‌ കാരണമായിത്തീരുകയും ചെയ്‌തു. മക്കനിവാസികളുടെ ബിംബാരാധനാ കേന്ദ്രമായ കഅ്‌ബയിലെ ബിംബങ്ങള്‍ നശിപ്പിച്ച മുഹമ്മദ്‌ കഅ്‌ബയെ ഇസ്‌ലാമിന്റെ ആത്മീയകേന്ദ്രമാക്കി മാറ്റി. ഹിജ്‌റ 10-ാം വർഷം അഥവാ 632-ൽ ഈ ലോകത്തോടു വിടപറയുമ്പോഴേക്കും സാഹോദര്യത്തിൽ അടിയുറച്ച ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ നബി വിജയിച്ചിരുന്നു. ഒരു സമ്പൂർണ മനുഷ്യനായി കണക്കാക്കപ്പെട്ട അദ്ദേഹത്തിന്റെ മാതൃകാപരമായ ജീവിതചര്യകള്‍ മുസ്‌ലിങ്ങള്‍ക്ക്‌ ആവേശം പകർന്നുനല്‌കിക്കൊണ്ടിരുന്നു.

മുഹമ്മദിന്റെ മരണശേഷം മുസ്‌ലിം സമൂഹത്തിന്‌ ആത്മീയവും രാഷ്‌ട്രീയവുമായ നേതൃത്വം നല്‌കുന്നതിന്‌ നിയുക്തനായത്‌ നബിയുടെ സന്തതസഹചാരിയും ഭാര്യാപിതാവുമായ അബൂബക്കറാണ്‌. പൊതുജനസഭയുടെ സർവാംഗീകാരത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹമായിരുന്നു ഇസ്‌ലാമിലെ ആദ്യത്തെ ഖലീഫ. നബിക്കുശേഷം ഭരണപരവും മതപരവുമായ നേതൃത്വം ഏറ്റെടുത്ത നേതാക്കള്‍ ഖലീഫ എന്നപേരിലറിയപ്പെട്ടു.

നിരവധി അറബി ഗോത്രങ്ങള്‍ ഇസ്‌ലാമിനെ തിരസ്‌കരിച്ചുകൊണ്ട്‌ കലാപത്തിനു മുതിർന്നതായിരുന്നു ഖലീഫ എന്ന നിലയിൽ അബൂബക്കർ നേരിട്ട കടുത്ത പ്രതിസന്ധി. റിദാ എന്ന പേരിൽ അറിയപ്പെട്ട ഈ കലാപത്തെ അബൂബക്കർ അടിച്ചമർത്തുന്നത്‌ 633-ലാണ്‌. പുതിയ മതത്തെ സംരക്ഷിച്ചു നിലനിർത്തേണ്ട ബാധ്യത തനിക്കുണ്ട്‌ എന്ന്‌ അബൂബക്കറിനെ ബോധ്യപ്പെടുത്തിയത്‌ റിദാ കലാപമാണ്‌. വിമതരെ അമർച്ച ചെയ്‌ത്‌ അറേബ്യ പൂർണമായും ഇസ്‌ലാമിന്റെ ആധിപത്യത്തിന്‍ കീഴിലാക്കി. ഇസ്‌ലാം അറേബ്യക്ക്‌ അപ്പുറത്തേക്ക്‌ വ്യാപിക്കണമെന്ന്‌ ആഗ്രഹിച്ച ഇദ്ദേഹം സസാനിദ്‌ (പേർഷ്യന്‍), ബൈസാന്തിയന്‍ സാമ്രാജ്യങ്ങള്‍ തങ്ങള്‍ക്ക്‌ ഭീഷണിയാണെന്ന്‌ തിരിച്ചറിഞ്ഞു. അറേബ്യയുമായി അതിർത്തിപങ്കിട്ട ഈ സാമ്രാജ്യങ്ങള്‍ക്കെതിരെയുള്ള സൈനിക നീക്കങ്ങള്‍ക്ക്‌ മുമ്പേ അബൂബക്കർ 634-ൽ മരണമടഞ്ഞു. മരിക്കുന്നതിനുമുമ്പ്‌ ഇദ്ദേഹം പിന്‍ഗാമിയായി നിർദേശിച്ചത്‌ ഉമറിനെയാണ്‌ (634-44). വിശ്വാസികളുടെ നേതാവ്‌ (അമീറുൽ മുഅ്‌മിനീന്‍) എന്ന ആത്മീയ സ്ഥാനപ്പേര്‌ സ്വീകരിച്ച ആദ്യത്തെ ഖലീഫയാണ്‌ ഇദ്ദേഹം. എന്നാൽ ആത്മീയ നേതൃത്വത്തിനുപരി ഭരണപരിഷ്‌കാരങ്ങള്‍ക്കും സൈനികമുന്നേറ്റങ്ങള്‍ക്കുമാണ്‌ ഉമർ ചരിത്രത്തിൽ അറിയപ്പെടുന്നത്‌. അറേബ്യന്‍ പ്രവിശ്യകളിൽ ഒതുങ്ങിനിന്ന ഇസ്‌ലാമിക രാഷ്‌ട്രത്തെ ഒരു ലോകശക്തിയാക്കാന്‍ ശ്രമിച്ചത്‌ ഇദ്ദേഹമാണ്‌. യുദ്ധങ്ങളിലൂടെ സിറിയ, പേർഷ്യ, ഈജിപ്‌ത്‌ എന്നിവിടങ്ങളിൽ ഇസ്‌ലാമിന്റെ പതാക നാട്ടാന്‍ ഉമറിന്‌ കഴിഞ്ഞു. പുതിയ ദേശങ്ങളിൽ ഇസ്‌ലാമിക ഭരണം നിലനിർത്തുന്നതിന്‌ പിടിച്ചടക്കിയ സ്ഥലങ്ങളിലെ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്‌ എന്ന തിരിച്ചറിവ്‌ തന്ത്രപരമായ നിലപാട്‌ സ്വീകരിക്കാന്‍ ഇദ്ദേഹത്തെ പ്രരിപ്പിച്ചു. മതസ്വാതന്ത്യ്രം അനുവദിച്ചതും മിതമായ നികുതികള്‍ ചുമത്തിയതും ഇതിനു മാതൃകയാണ്‌. അന്യമതസ്ഥർ ജിസ്‌യ എന്ന നികുതി നല്‌കേണ്ടിയിരുന്നു. സകാത്‌ മുസ്‌ലിങ്ങള്‍ക്ക്‌ മാത്രം ബാധകമായ നികുതിയായിരുന്നു. മുസ്‌ലിം പൗരന്മാർക്ക്‌ സൈനികസേവനം നിർബന്ധമായിരുന്നു. ഇതിന്‌ തയ്യാറുള്ള മുസ്‌ലിമേതര വിഭാഗങ്ങളെ ജിസ്‌യയിൽനിന്നും ഒഴിവാക്കിയിരുന്നു. ആത്മീയകാരണങ്ങളാൽ ഇസ്‌ലാമിക സാമ്രാജ്യത്തിൽ മുസ്‌ലിങ്ങള്‍ മാത്രം ഉള്‍പ്പെട്ട ജനസാമാന്യമായിരുന്നു അഭികാമ്യമെങ്കിലും സമ്പദ്‌ഘടനയെ ചലനാത്മകമാക്കുന്നതിൽ ജിസ്‌യ വഹിച്ച പങ്ക്‌ നിർണായകമായിരുന്നതിനാൽ നിർബന്ധമതപരിവർത്തനത്തിന്‌ ഭരണാധികാരികള്‍ മുതിർന്നില്ല എന്ന്‌ ഒരു വിഭാഗം ചരിത്രകാരന്മാർ വിലയിരുത്തുന്നു. ബൈസാന്തിയന്‍ പ്രവിശ്യകളായിരുന്ന ഈജിപ്‌തിലും സിറിയയിലും ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ വിഭാഗത്തിന്റെ മതപരമായ അസഹിഷ്‌ണുതയ്‌ക്കുപാത്രമായ ജനങ്ങളിൽ ഒരു വലിയ വിഭാഗം (ക്രിസ്‌ത്യാനികളും ജൂതന്മാരും) സമത്വത്തിനും സാഹോദര്യത്തിനുംവേണ്ടി നിലകൊണ്ട ഇസ്‌ലാമിൽ ആകൃഷ്‌ടരായി മതപരിവർത്തനം നടത്തി. അതേസമയം പേർഷ്യയിൽ അറബികള്‍ക്ക്‌ തദ്ദേശീയരുടെ കടുത്ത എതിർപ്പ്‌ നേരിടേണ്ടിവന്നു. 644-ൽ ഖലീഫയെ ഒരു പേർഷ്യന്‍ മജൂസി (അഗ്നി ആരാധകന്‍) വധിക്കുകയുണ്ടായി. ഉമറിന്റെ മരണാനന്തരം ഭൂരിപക്ഷ തീരുമാനപ്രകാരം അടുത്ത ഖലീഫയായി ഉസ്‌മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. പേർഷ്യ പൂർണമായും അധീനപ്പെടുത്തിയതായിരുന്നു മികച്ച നേട്ടമെങ്കിലും സാമ്പത്തിക ക്രമക്കേടുകളും സ്വജനപക്ഷപാതിത്വവും ആരോപിക്കപ്പെട്ട 3-ാം ഖലീഫ ഉസ്മാനെതിരായുള്ള പ്രതിഷേധം ഇദ്ദേഹത്തിന്റെ വധത്തിലാണ്‌ അവസാനിച്ചത്‌ (656). മാത്രമല്ല പാരായണ വൈവിധ്യമുള്ള ഖുർആന്‍ പതിപ്പുകള്‍ നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു. ഇതിനെ ഏകീകരിക്കുന്നതിന്‌ വൈവിധ്യമുള്ള പതിപ്പുകള്‍ ഉസ്‌മാന്‍ പിടിച്ചെടുത്ത്‌ നശിപ്പിച്ചത്‌ ഏറെ വിമർശനത്തിനിടയാക്കിയിരുന്നു.

ഉസ്‌മാന്റെ വധത്തെത്തുടർന്നുണ്ടായ സങ്കീർണമായ രാഷ്‌ട്രീയാവസ്ഥയിൽ പൊടുന്നനെ അലി (നബിയുടെ മരുമകന്‍) ഖലീഫയായത്‌ ഒരു വിഭാഗത്തിന്‌ ഇഷ്‌ടമായില്ല. ഉസ്‌മാന്റെ കുടുംബക്കാരും അലിയുടെ വിരോധികളും ചേർന്ന്‌ വിമതസ്വരമുയർത്തി. തുടർന്ന്‌ ശക്തമായ ആഭ്യന്തര ശൈഥില്യം നിരവധി യുദ്ധങ്ങളിലേക്ക്‌ നയിച്ചു. അലിയെ ശക്തമായി പിന്തുണച്ച്‌ രംഗത്തു വന്നവരിൽ ഒരു വിഭാഗമാണ്‌ ശിയാക്കള്‍ എന്ന പേരിൽ ശക്തി പ്രാപിച്ചത്‌. നബിക്കുശേഷം ആദ്യഖലീഫ ആകേണ്ടിയിരുന്നത്‌ അലിയായിരുന്നു എന്ന വാദവും ഇക്കൂട്ടർ ഉയർത്തി. അലിവിരുദ്ധരുടെ നേതാവ്‌ ഉസ്‌മാന്റെ ബന്ധുവും സിറിയയിലെ ഗവർണറുമായിരുന്ന മുആവിയ ആയിരുന്നു. ഖലീഫ പദത്തിനുവേണ്ടിയുള്ള ദീർഘനാളത്തെ പോരാട്ടത്തിനൊടുവിൽ തർക്കപരിഹാരത്തിനായി ഒരു ട്രിബ്യൂണലിനെ സമീപിക്കുവാന്‍ അലിയും മുആവിയും ധാരണയായി. ഇരുവരും ഖലീഫ പദത്തിന്മേലുള്ള അവകാശവാദം ത്യജിക്കണമെന്ന്‌ ട്രിബൂണൽ വിധി കല്‌പിച്ചെങ്കിലും ഖലീഫാപദത്തിൽനിന്നും ഒഴിയാന്‍ അലി വിസമ്മതിച്ചതോടെ ആഭ്യന്തരയുദ്ധം തുടർന്നു. തർക്കം മധ്യസ്ഥതീരുമാനത്തിൽ വിട്ടതിൽപ്രതിഷേധിച്ച്‌ അലിയിൽനിന്നകന്ന ഒരു വിഭാഗം അനുയായികള്‍ ഖവാരിജ്‌ എന്ന ഘടകമായി നിലവിൽ വന്നത്‌ ഇക്കാലത്താണ്‌. ഖവാരിജ്‌ കക്ഷിയിൽപ്പെട്ട ഒരാള്‍ അലിയെ വധിച്ചതിനെത്തുടർന്ന്‌ മുആവിയ ഖലീഫയായി പ്രഖ്യാപിക്കപ്പെട്ടു (661). ദമാസ്‌കസ്‌ ആസ്ഥാനമാക്കി മുആവിയ സ്ഥാപിച്ച ഖിലാഫത്ത്‌ അദ്ദേഹത്തിന്റെ മൂലകുടുംബമായ ഉമയാദിന്റെ (അമവി) പേരിലാണ്‌ അറിയപ്പെട്ടത്‌. ദമാസ്‌കസ്‌ തലസ്ഥാനമായതോടെ രാഷ്‌ട്രീയ/ഭരണസിരാകേന്ദ്രമെന്ന പദവി അറേബ്യയ്‌ക്ക്‌ നഷ്‌ടമായെങ്കിലും, മതപരമായ കാരണങ്ങള്‍കൊണ്ട്‌ മക്കയും മദീനയും വർധിച്ച പ്രാധാന്യത്തോടെ തിളങ്ങി.

ഭരണസൗകര്യാർഥം മുആവിയ സാമ്രാജ്യത്തെ പ്രവിശ്യകളായി വിഭജിക്കുകയും അവയുടെ മേൽനോട്ടം ഗവർണർമാരിൽ നിക്ഷിപ്‌തമാക്കുകയും ചെയ്‌തു. ഖലീഫയെ തെരഞ്ഞെടുക്കുന്ന ഇസ്‌ലാമിക നടപടിയെ അവഗണിച്ച്‌ മുആവിയ തന്റെ മകനായ യസീദിനെ പിന്‍ഗാമിയായി പ്രഖ്യാപിക്കുകയുണ്ടായി. അങ്ങനെ ഖിലാഫത്ത്‌ എന്ന ഇസ്‌ലാമിക ഭരണസംവിധാനത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്‌ടപ്പെടുകയും അത്‌ പാരമ്പര്യാധിഷ്‌ഠിതമാകുകയും ചെയ്‌തു.

യസീദിന്റെ ഭരണകാലത്താണ്‌ (680-83) ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായ കർബലയുദ്ധം നടക്കുന്നത്‌. അലിയുടെ സന്താനങ്ങളാണ്‌ പ്രവാചകനായ മുഹമ്മദിന്റെ യഥാർഥ പിന്മുറക്കാരെന്നും അവരാണ്‌ ഖലീഫ പദവിക്കർഹരെന്നുമുള്ള ശിയാവാദമുഖങ്ങളിന്മേലായിരുന്നു ഈ യുദ്ധം; അലിയുടെ രണ്ടാമത്തെ പുത്രനായ ഹുസൈനും കുടുംബവും യസീദിനാൽ വധിക്കപ്പെട്ടു. യസീദും പുത്രനും അകാലത്തിൽ മരണപ്പെട്ടതോടെ ഖലീഫാ പദവിക്ക്‌ നേരവകാശി ഇല്ലാതെ വന്നത്‌ ഖലീഫാഭരണം പാരമ്പര്യാധിഷ്‌ഠിതമാക്കിയ ഉമയാദുകള്‍ക്ക്‌ പ്രതിസന്ധി സൃഷ്‌ടിച്ചെങ്കിലും പിന്തുടർച്ചയെച്ചൊല്ലിയുണ്ടായ യുദ്ധത്തിൽ ഉമയാദ്‌ കുടുംബത്തിലെ മർവാന്‍ (684-685) വിജയിച്ചതോടെ ഉമയാദ്‌ ഭരണം വീണ്ടും തുടർന്നു.

മർവാന്റെ പുത്രനായ അബ്‌ദുൽ മലിക്‌ (685-705) ഭരണതലത്തിൽ ഒട്ടേറെ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. ഭരണഭാഷയായി അറബി സ്വീകരിക്കപ്പെട്ടതും അറേബ്യന്‍ ലിഖിതങ്ങള്‍ ആലേഖനം ചെയ്‌ത നാണയങ്ങള്‍ പ്രാബല്യത്തിൽ വന്നതും ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്‌. അറബിതര മുസ്‌ലിങ്ങള്‍ നടത്തിയ വിമതനീക്കങ്ങളെ അടിച്ചമർത്തിയതായിരുന്നു മറ്റൊരു പ്രധാന സംഭവവികാസം. അറബികള്‍ക്ക്‌ മേൽക്കൈയുള്ള ഭരണത്തിന്‍കീഴിൽ രണ്ടാംകിട പൗരന്മാരായി തങ്ങള്‍ ഇകഴ്‌ത്തപ്പെട്ടു എന്നതായിരുന്നു അറബിതര മുസ്‌ലിങ്ങളെ കലാപത്തിന്‌ പ്രരിപ്പിച്ചത്‌. അൽ വലീദിന്റെ ഭരണകാലത്ത്‌ (705-715) ഇസ്‌ലാമിന്റെ പതാക മധ്യപൗരസ്‌ത്യദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി സഞ്ചരിച്ച്‌ ആഫ്രിക്കയുടെ വടക്കുഭാഗവും കടന്ന്‌ സ്‌പെയിനിലും ഫ്രാന്‍സിലും എത്തി. എന്നാൽ ഫ്രാന്‍സിൽ ആധിപത്യം സ്ഥാപിക്കാന്‍ മുസ്‌ലിങ്ങള്‍ക്കു കഴിഞ്ഞില്ല. യുദ്ധത്തിൽ ഫ്രാങ്കുകാർ ഇസ്‌ലാമികസേനയെ പരാജയപ്പെടുത്തിയതോടെ മുസ്‌ലിങ്ങള്‍ക്ക്‌ ഫ്രാന്‍സിൽനിന്നും പിന്‍വലിയേണ്ടിവന്നു. താരിഖ്‌ ബിന്‍ സിയാദ്‌ എന്ന അറബിസേനാനായകനാണ്‌ സ്‌പെയിനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കിയത്‌. സ്‌പെയിനിലെ മുസ്‌ലിംപ്രദേശം അന്‍തലൂസ്‌ എന്നറിയപ്പെട്ടു. അങ്ങനെ എട്ടാം ശതകത്തിൽ സ്‌പെയിന്‍ ഉമയാദ്‌ ഖിലാഫത്തിലെ ഒരു പ്രവിശ്യയായി മാറി.

മൊത്തം 14 ഉമയാദ്‌ ഖലീഫമാരുണ്ടായിരുന്നു. അവരിൽ ഉമർ കക (ഉമർ ഇബ്‌നു അബ്‌ദുൽ അസീസ്‌ 771-720) രണ്ടാം ഖലീഫയായ ഉമറിനെ അനുകരിച്ചാണ്‌ ഭരണം നടത്തിയിരുന്നത്‌. അമുസ്‌ലിം ജനങ്ങള്‍ക്കും ആദരണീയനായ ഇദ്ദേഹം വിട്ടുവീഴ്‌ചയില്ലാത്ത നീതിപാലകന്‍ എന്ന പേര്‌ സമ്പാദിച്ചു.

ഉമയാദ്‌ ഖലീഫമാരുടെ ഭരണകാലത്ത്‌ മദീന, കൂഫ, ബസ്‌റ, ദമാസ്‌കസ്‌ എന്നീ നഗരങ്ങള്‍ ഇസ്‌ലാമികവിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായിരുന്നു; സൂക്ഷ്‌മബുദ്ധികളും ദൃഢചിത്തരുമായ അറബികള്‍ ഗ്രീസിന്റെയും പേർഷ്യയുടെയും പ്രാചീന നാഗരികതകളും സംസ്‌കാരവും സ്വന്തം ജീവിതത്തിൽ പകർത്തുവാന്‍ ശ്രമം നടത്തി. ഉമയാദുകളുടെ കീഴിൽ അറബി സാമ്രാജ്യം കൂടുതൽ വിസ്‌തൃതമായെങ്കിലും അവയ്‌ക്കുമേൽ ഫലപ്രദമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ വരുത്തിയ വീഴ്‌ചയാണ്‌ ഉമയാദുകളുടെ പതനത്തിനുകാരണമായത്‌. ഭരണവർഗമായ അറബികള്‍ക്കെതിരെ വടക്കന്‍ ആഫ്രിക്കയിലെ മാവാലികള്‍ (അറബിതര ജനത) നടത്തിയ കലാപങ്ങള്‍, ശിയകളുടെയും ഖവാരിജുകളുടെയും എതിർപ്പ്‌, അറബികളുടെയും മാവാലികളുടെയും ഭൗതിക സാഹചര്യങ്ങളിലെ അന്തരം ഇവയെല്ലാം ഉമയാദ്‌ ഭരണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഉമയാദുകളെ എതിർത്തവരിൽ ഏറ്റവും പ്രബലർ അബ്ബാസികളായിരുന്നു. പ്രവാചകന്റെ അമ്മാവന്റെ പിന്‍ഗാമികളാണ്‌ അബ്ബാസികള്‍. സാബ യുദ്ധത്തിൽ മർവാന്‍ കക-ാമനെ (അവസാനത്തെ ഉമയാദ്‌ ഖലീഫ) അബ്ബാസികള്‍ പരാജയപ്പെടുത്തിയതോടെ ഉമയാദ്‌ ഖലീഫ ഭരണത്തിന്‌ വിരാമമായി (750).

ഉമയാദ്‌ കുടുംബത്തിലെ ഒരാള്‍ ഒഴികെ എല്ലാവരെയും അബ്ബാസികള്‍ വധിച്ചു; അബ്ബാസികളിൽനിന്ന്‌ രക്ഷപ്പെട്ട്‌ സ്‌പെയിനിലെത്തിയ അബ്‌ദ്‌-അൽ-റഹ്‌മാന്‍ അവിടത്തെ ഗവർണറെ തോല്‌പിച്ചശേഷം അമീർ ആയി സ്വയം പ്രഖ്യാപിച്ചു. ഇദ്ദേഹം സ്ഥാപിച്ച രാജവംശമാണ്‌ അബ്‌ദ്‌-അൽ-റഹ്‌മാന്‍ കകകാമന്റെ കാലത്ത്‌ ഔന്നത്യത്തിലെത്തിയത്‌. അബ്‌ദ്‌-അൽ-റഹ്‌മാന്‍ കകകാമനാണ്‌ ആദ്യമായി ഖലീഫ പദവി സ്വീകരിച്ച അന്‍തലുസ്‌ ഭരണാധികാരി. ഉമയാദ്‌ ഭരണകാലത്ത്‌ സ്‌പെയിന്‍ ഒരു വിജ്ഞാനകേന്ദ്രമായിരുന്നു. ശാസ്‌ത്രകുതുകികള്‍ കൂടിയായിരുന്ന സ്‌പെയിനിലെ അറബി പണ്ഡിതന്മാരാണ്‌ യൂറോപ്പിലെ നവോത്ഥാനത്തിന്‌ അടിത്തറ പാകിയത്‌ എന്നു പറയപ്പെടുന്നു. 11-ാം ശ. വരെ ഉമയാദുകളാണ്‌ സ്‌പെയിനിൽ തുടർന്നത്‌. മൂന്ന്‌ നൂറ്റാണ്ട്‌കാലം തികഞ്ഞ ഐക്യത്തോടെ സ്‌പെയിനിൽ ജീവിച്ച മുസ്‌ലിം ജനത പിന്നീട്‌ ഭിന്നിച്ച്‌ ശക്തികുറഞ്ഞ ചെറുചെറു രാജ്യങ്ങളായിമാറി. 15-ാം ശതകത്തിൽ സ്‌പെയിനിലെ ക്രസ്‌തവ രാജാക്കന്മാർ പ്രാദേശിക മുസ്‌ലിം ഭരണാധികാരികളെ പരാജയപ്പെടുത്തുന്നതുവരെ മുസ്‌ലിംഭരണം സ്‌പെയിനിന്റെ പല ഭാഗങ്ങളിലും തുടർന്നു പോന്നു. സ്‌പെയിനിൽ മുസ്‌ലിം ആധിപത്യം നിലനിന്നിരുന്നകാലത്ത്‌ വിവിധ വിജ്ഞാനമണ്ഡലങ്ങളിൽ അഭിവൃദ്ധിയുണ്ടായി. ദൂരസ്ഥലങ്ങളിൽനിന്നു പലരും മുസ്‌ലിം വിദ്യാകേന്ദ്രങ്ങളിൽ വന്ന്‌ ജ്ഞാനസമ്പാദനം നടത്തിയിരുന്നു. മുസ്‌ലിംപണ്ഡിതന്മാരിൽ അഗ്രഗണ്യന്‍ അവറോസ്‌ എന്നറിയപ്പെടുന്ന ഇബ്‌നു റുഷ്‌ദ്‌ ആണ്‌. അരിസ്റ്റോട്ടലിന്റെ ഉപദേശങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ "അരിസ്റ്റോട്ടലിയന്‍ അവറോയിസം' എന്നറിയപ്പെടുന്നു. പില്‌ക്കാലത്ത്‌ മാർപ്പാപ്പയായി അവരോധിതനായ സിൽവെസ്റ്റർ സ്‌പെയിനിലെ മുസ്‌ലിം സർവകലാശാലയിലാണ്‌ വിദ്യാഭ്യാസം നടത്തിയത്‌. 11-ാം ശതകത്തിൽ സ്‌പെയിനിൽ അറബിഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിത്തുടങ്ങി.

അബ്ബാസിയാ ഖലീഫമാർ (750-1258). 750-ൽ ബാഗ്‌ദാദ്‌ തലസ്ഥാനമായി അബ്ബാസിയ ഖലീഫമാരുടെ ഭരണം ആരംഭിച്ചു. 750 മുതൽ 754 വരെ ഖലീഫയായിരുന്ന അബ്ബാസാണ്‌ ഈ ഭരണകൂടത്തിന്റെ സ്ഥാപകന്‍. അൽ-മന്‍സൂർ (754-775), അൽമഹദി (775-785), ഹാറൂണ്‍ അൽ-റഷീദ്‌ (786-809), അൽ-അമീന്‍ (809-813) അൽ-മഅ്‌മൂന്‍ (813-833) എന്നിവർ പ്രസിദ്ധരായ അബ്ബാസിയാ ഖലീഫമാരാണ്‌. അബ്ബാസിയാ ഖലീഫമാരുടെ കാലത്ത്‌ ബാഗ്‌ദാദ്‌ ഒരു ലോകവിജ്ഞാനകേന്ദ്രമായിരുന്നു. ഇന്ത്യ, പേർഷ്യ, ഗ്രീസ്‌ എന്നീ രാജ്യങ്ങളിലെ പണ്ഡിതന്മാർ അവിടെ സമ്മേളിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്‌തിരുന്നു. അമൂല്യങ്ങളായ പല ഗ്രന്ഥങ്ങളും അറബി ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ടത്‌, അക്കാലത്താണ്‌. അറബി ഒരു ലോകഭാഷയുടെ പദവിയിലേക്ക്‌ ഉയരാന്‍തുടങ്ങി. അറബികളുടെ വിജ്ഞാനതൃഷ്‌ണയും സഹിഷ്‌ണുതയും ലോകജനതയെ ആകർഷിക്കുകയുണ്ടായി. അറബി-പേർഷ്യന്‍ സംസ്‌കാരമാണ്‌ ബാഗ്‌ദാദിൽ നിലനിന്നിരുന്നത്‌. ഭരണകൂടം ക്ഷയിച്ചുതുടങ്ങിയതോടെ ബാഗ്‌ദാദ്‌ നഗരത്തിന്റെ അധഃപതനവും തുടങ്ങി. 1258-ൽ മംഗോള്‍ നേതാവായ ഹുലാഗുവിന്റെ ആക്രമണത്തിൽ ബാഗ്‌ദാദ്‌ പാടെ നശിക്കുകയും ഖലീഫയായ അൽമുസ്‌ത്‌ അസിം വധിക്കപ്പെടുകയും ചെയ്‌തതോടെ അബ്ബാസിയ ഖിലാഫത്ത്‌ അവസാനിച്ചു. നോ. അബ്ബാസിയ കുടുംബം

ആദ്യത്തെ 4 ഖലീഫമാർക്കുശേഷം ഭരിച്ച ഖലീഫമാരിൽ പലരും സ്വേച്ഛാധിപതികളും ആഡംബരപ്രിയരുമായിരുന്നു. നബിയുടെ ലളിതജീവിതത്തിൽനിന്നും വ്യതിചലിച്ച ഇക്കൂട്ടരുടെ ജീവിതശൈലി തികച്ചും ഇസ്‌ലാമിക വിരുദ്ധമായിരുന്നു. ഉമ്മത്തിന്റെ (സമൂഹം) ഐക്യം കാത്തുസൂക്ഷിക്കാന്‍ ഇവർക്കു മാത്രമേ സാധിക്കൂ എന്ന ചിന്തയാണ്‌ ഇവരുടെ ഭരണത്തെ അംഗീകരിക്കുവാന്‍ ജനങ്ങളെ പ്രരിപ്പിച്ചത്‌. ഇസ്‌ലാമിക നിയമമായ ശരീഅത്താണ്‌ പ്രാബല്യത്തിലിരുന്നത്‌. ഫാത്തിമീവംശം (909-1171). 960-കളിലാണ്‌ അബ്ബാസികളെകളെ പരാജയപ്പെടുത്തിക്കൊണ്ട്‌ ഫാത്തിമികള്‍ ഈജിപ്‌ത്‌ പിടിച്ചെടുക്കുന്നത്‌. പ്രവാചക പുത്രിയും ഇമാം അലിയുടെ പത്‌നിയുമായ ഫാത്തിമയുടെ സന്താനപരമ്പരയിൽപ്പെട്ടവരായിരുന്ന ഇവർ ഖലീഫ എന്ന സ്ഥാനപ്പേര്‌ സ്വീകരിക്കുകയുണ്ടായി. അങ്ങനെ 10-ാം ശതകത്തിൽ മുസ്‌ലിം ലോകത്ത്‌ (ബാഗ്‌ദാദ്‌, അന്‍തുലസ്‌) മൂന്നു ഖലീഫമാർ ഭരണം നടത്തിയിരുന്നു. ശിയാകളുടെതായി സ്ഥാപിക്കപ്പെട്ട ഫാത്തിമീ സാമ്രാജ്യം ഇസ്‌മാഈലി വിഭാഗത്തിന്റേതായിരുന്നു. കുരിശുയുദ്ധങ്ങള്‍ നടത്തിയ സലാഹുദ്ദീന്‍ അയ്യൂബി ആണ്‌ ഈ വംശത്തിന്റെ ആധിപത്യം ഇല്ലാതാക്കിയത്‌. ഇദ്ദേഹം സ്ഥാപിച്ച രാജവംശം അയ്യൂബിവംശം എന്നറിയപ്പെട്ടു. ഈ വംശത്തിലെ ഷാജാരദ്‌ അൽ-ദർ ഇസ്‌ലാമിക രാജ്യം ഭരിച്ച ചുരുക്കം വനിതകളിൽ ഒരാളായിരുന്നു. ക്ലിയോപാട്രയ്‌ക്കുശേഷം ഈജിപ്‌ത്‌ ഭരിച്ച ആദ്യത്തെ വനിതയാണ്‌ ഷാജാരദ്‌ അൽ-ദർ.

ഇവർക്കുശേഷം അപചയത്തിലേക്ക്‌ നീങ്ങിയ അയൂബി വംശത്തിന്റെ അധികാരം 1259-ൽ മംലൂക്കുകളുടെ കൈകളിലമർന്നു. അയൂബികളുടെ കൂലിപ്പട്ടാളക്കാരായി സേവനമനുഷ്‌ഠിച്ചിരുന്നവരാണ്‌ മംലൂക്കുകള്‍. അബ്ബാസി ഖിലാഫത്തിന്‌ അന്ത്യം കുറിച്ച മംഗോളിയരിൽനിന്നും ഈജിപ്‌ത്‌, സിറിയ എന്നീ രാജ്യങ്ങള്‍ക്കു പുറമേ ഇസ്‌ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങളെ സംരക്ഷിച്ചത്‌ ഇവരാണ്‌. 1260-ൽ മംലൂക്കുക്‌ സുൽത്താന്‍ ഖുത്തൂസ്‌, നസ്രത്തിനു സമീപത്തുവച്ചാണ്‌ മംഗോളിയരെ പരാജയപ്പെടുത്തിയത്‌. അബ്ബാസി കുടുംബത്തിലെ ഒരംഗത്തെ കെയ്‌റോവിലേക്ക്‌ ക്ഷണിച്ച സുൽത്താന്‍ ബേബർ ഒന്നാമന്‍ (1223-77) അദ്ദേഹത്തെ മുസ്‌ലിങ്ങളുടെ ആത്മീയ നേതാവായി പ്രഖ്യാപിച്ചു. 16-ാം ശതകത്തിൽ ഈജിപ്‌ത്‌ പിടിച്ചെടുത്ത ഒട്ടോമന്‍ സുൽത്താന്‍ സലീം ഈ പരമ്പരയിലെ അവസാനത്തെ ഖലീഫയെ തുർക്കിയിലേക്കുകൊണ്ടുപോയി; പില്‌ക്കാലത്ത്‌ ഒട്ടോമന്‍ സുൽത്താന്മാർ ഖലീഫാപദവി സ്വയം സ്വീകരിക്കുകയുണ്ടായി. 1924-ൽ തുർക്കി സുൽത്താന്‍ അബ്‌ദുൽ മജീദ്‌ കകാമനെ കമാൽപാഷ നിഷ്‌കാസനം ചെയ്‌തതോടെ ഖലീഫാപദവി അവസാനിച്ചു.

13-ാം ശതകത്തിലാണ്‌ ഇസ്‌ലാമികലോകം മംഗോളിയന്‍ നേതാവായ ചെങ്കിസ്‌ഖാന്റെ ആക്രമണത്തിനു വിധേയമാകുന്നത്‌. മധ്യ ഏഷ്യയിൽ നിന്നുള്ള പാഗന്‍ ജനവർഗമായിരുന്നു മംഗോളിയർ.

ഓക്‌സ്‌ മേഖല ഭരിച്ച ഖ്‌വാരിസം ഷാ, തന്റെ രാജ്യത്ത്‌ വ്യാപാരത്തിനായി എത്തിയ മംഗോളിയന്‍ വ്യാപാരികളെ വധിച്ചതിനു പകരംവീട്ടാനാണ്‌ ചെങ്കിസ്‌ഖാന്‍ ഇസ്‌ലാമിന്റെ ഭൂമികയിൽ എത്തുന്നത്‌. 1220-ൽ ഖുറാസാന്‍, ട്രാന്‍സ്‌ഒക്‌സാനിയ എന്നിവിടങ്ങളിലെ നിരവധി പട്ടണങ്ങള്‍ നശിപ്പിച്ച ഇദ്ദേഹം 1226-ഓടെ തുർക്കിസ്‌താന്‍, ഇറാന്‍, അഫ്‌ഗാനിസ്‌താന്‍, ദക്ഷിണ റഷ്യ എന്നിവിടങ്ങള്‍ കൈവശപ്പെടുത്തി. ഇസ്‌ലാമിക ഭൂപ്രദേശങ്ങളിൽ ചെങ്കിസ്‌ഖാന്റെ പിന്‍ഗാമികള്‍ ചാഗതായ്‌ ഖാനേറ്റ്‌ (മധ്യഏഷ്യ), ഗോള്‍ഡന്‍ ഹോർഡ്‌ (ദക്ഷിണറഷ്യ), ഇൽഖാനേറ്റ്‌ (പേർഷ്യ) എന്നീ മൂന്ന്‌ സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. (13-ാം ശതകം). 14-ാം ശതകത്തിൽ ഈ സാമ്രാജ്യങ്ങള്‍ ഇസ്‌ലാംമതം സ്വീകരിച്ചു. അധിവേശകർ അധിനിവേശിത ജനതയ്‌ക്കുമേൽ തങ്ങളുടെ സംസ്‌കാരം അടിച്ചേല്‌പിക്കുന്ന മാതൃകകളിൽനിന്നും വിഭിന്നമായി മംഗോളിയർ തങ്ങളുടെ പ്രജകളുടെ മതവും സംസ്‌കാരവും സ്വീകരിച്ചതിന്‌ ഇസ്‌ലാമിക ലോകം സാക്ഷിയായി. 14-ാം ശതകത്തിന്റെ അന്ത്യത്തോടെ ശിഥിലമായിത്തീർന്ന ഈ മൂന്ന്‌ ഖാനേറ്റുകളും ആക്രമിച്ച മറ്റൊരു മംഗോളിയന്‍ നേതാവായ തിമൂർ അവിടെ ആധിപത്യം സ്ഥാപിക്കുന്നതിൽ വിജയിച്ചു. 1398-ലാണ്‌ തിമൂർ ഇന്ത്യ ആക്രമിക്കുന്നത്‌. നോ. തിമൂർ

മുസ്‌ലിംഭരണം ഇന്ത്യയിൽ. എ.ഡി. 712-ലാണ്‌ ഉമയാദ്‌ ഗവർണറായ മുഹമ്മദ്‌ ബിന്‍ കാസിം സിന്ധ്‌ കീഴടക്കുന്നത്‌. അറബികളുടെ സിന്ധ്‌ ആക്രമണം വ്യർഥവും നിഷ്‌ഫലവുമായ ഒരു സാഹസികമായിട്ടാണ്‌ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്‌.

മുഹമ്മദ്‌ ഗസ്‌നി, മുഹമ്മദ്‌ ഗോറി എന്നിവരുടെ ആക്രമണങ്ങള്‍ (11-12 ശ.-) ഇന്ത്യയിൽ മുസ്‌ലിം ഭരണത്തിന്‌ അടിത്തറപാകി. ദില്ലി സുൽത്താന്മാരുടെ ഭരണത്തോടെയാണ്‌ യഥാർഥമുസ്‌ലിംഭരണം ഇന്ത്യയിൽ ആരംഭിക്കുന്നത്‌. അടിമ, ഖിൽജി, തുഗ്ലക്ക്‌, സയ്യിദ്‌, ലോദി എന്നീ വംശങ്ങളാണ്‌ ആദ്യകാലത്ത്‌ ഇന്ത്യഭരിച്ചിരുന്നത്‌. അവസാനത്തെ ദില്ലിസുൽത്താനായ ഇബ്രാഹിം ലോദിയെ ബാബർ തോല്‌പിച്ച്‌ 1526-ൽ ഇന്ത്യയിൽ മുഗള്‍ഭരണം സ്ഥാപിച്ചു. ലോകത്തെ മഹത്തായ ഇസ്‌ലാമിക സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു മുഗള്‍ സാമ്രാജ്യം. ഒട്ടോമന്‍, സഫാവിദ്‌ എന്നിവയാണ്‌ മറ്റു രണ്ട്‌ സാമ്രാജ്യങ്ങള്‍. നോ. ഒട്ടോമന്‍, സഫാവിദ്‌ 18-ാം ശതകത്തോടെ ഈ മൂന്ന്‌ സാമ്രാജ്യങ്ങളും ശിഥിലമായി. 18-ാം ശതകത്തിലെ ഇസ്‌ലാമിക ലോകത്തിന്‌ അഭിമുഖീകരിക്കേണ്ടി വന്നത്‌ പാശ്ചാത്യ സംസ്‌കാരത്തിന്റെ വളർച്ചയെയായിരുന്നു എന്നും ആ വെല്ലുവിളിയെ അതിജീവിക്കുക ഇസ്‌ലാമിക ലോകത്തിന്‌ എളുപ്പമായിരുന്നില്ലെന്നും കാരണ്‍ ആംസ്‌ട്രാങ്‌ നിരീക്ഷിക്കുന്നു. വൈജ്ഞാനിക/സാങ്കേതിക/വ്യാവസായിക രംഗത്തുണ്ടായ മുന്നേറ്റത്തിന്റെ ഫലമായി യൂറോപ്പ്‌ ഒരു മഹാശക്തിയായി മാറി. യുക്തിചിന്തയും ശാസ്‌ത്രബോധവും മേൽക്കൈ നേടിയതോടെ യൂറോപ്പിന്റെ ചരിത്രം മറ്റൊരു വഴിത്തിരിവിലെത്തി.

18, 19 ശതകങ്ങള്‍ യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെ കാലഘട്ടമെന്നാണ്‌ വിശേഷിക്കപ്പെടുന്നത്‌. മധ്യപൂർവദേശം, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ യൂറോപ്യന്‍ ശക്തികള്‍ കോളനികള്‍ സ്ഥാപിക്കുകയുണ്ടായി.

ഇസ്‌ലാമിക ലോകം പാശ്ചാത്യ അധിനിവേശത്തോട്‌ പ്രതികരിച്ചത്‌ പലരീതിയിലാണ്‌. മുസ്‌ലിങ്ങള്‍ പാശ്ചാത്യ വിദ്യാഭ്യാസം നേടണമെന്നും ശരിഅത്തിനു പകരം മതേതരമായ ദാർശനിക നിയമസംഹിതകള്‍ സ്വീകരിക്കണമെന്നുമുള്ള പക്ഷക്കാരായിരുന്നു ഇറാനിയന്‍ ബുദ്ധിജീവികളായ മുൽക്കുംഖാനും കിർമാനിയും. സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തു നില്‌പിന്റെ പ്രതീകമായിരുന്നു ജമാലുദ്ദീന്‍ അഫ്‌ഗാനി. ഇദ്ദേഹത്തിന്റെ ചിന്താധാരയിൽപ്പെട്ട ഹസ്സന്‍ അൽ-ബന്നയാണ്‌ മുസ്‌ലിം ബ്രദർഹുഡിന്റെ (ഇഖ്‌വാനുൽ മുസ്‌ലിമൂന്‍) സ്ഥാപകന്‍. ഇസ്‌ലാമിക ഭരണകൂടം സ്ഥാപിക്കുക എന്ന രാഷ്‌ട്രീയ ലക്ഷ്യമാണ്‌ ഇഖ്‌വാനെ നയിച്ചിരുന്നത്‌. രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനമായി ഇസ്‌ലാം സ്വീകരിക്കപ്പെട്ടതോടെയാണ്‌ പൊളിറ്റിക്കൽ ഇസ്‌ലാം അഥവാ ഇസ്‌ലാമിസം രൂപംകൊണ്ടത്‌. യൂറോപ്യന്‍ ശക്തികളുടെ ആശ്രിതരെന്ന അവസ്ഥയിലേക്ക്‌ ഇസ്‌ലാമിക ലോകം നിപതിച്ച കാലഘട്ടത്തിലാണ്‌ നവജാഗരണ പ്രസ്ഥാനങ്ങള്‍ (ഉദാ. വഹാബി, മഹ്‌ദി) ഉടലെടുക്കുന്നത്‌.

യൂറോപ്പ്‌/അമേരിക്ക എന്നിവിടങ്ങളിലെ ആധുനിക സമൂഹത്തിന്‌ ജനാധിപത്യത്തിലൂടെ സമത്വവും നീതിയും ഉറപ്പാക്കാന്‍ കഴിഞ്ഞപ്പോള്‍ ഇസ്‌ലാമികലോകത്തെ ജനാധിപത്യ പരീക്ഷണങ്ങളെ തടയിടാനാണ്‌ സാമ്രാജ്യത്വശക്തികള്‍ ശ്രമിച്ചത്‌. ഇതിനുത്തമ ഉദാഹരണമായിരുന്നു ഈജിപ്‌ത്‌. വഫദ്‌ പാർട്ടിയുടെ ജനാധിപത്യ ഭീഷണിയെ ഇല്ലായ്‌മ ചെയ്യാന്‍ ബ്രിട്ടനും രാജവംശവും ഒത്തുചേർന്നു എന്നു മാത്രമല്ല ഇസ്‌ലാമിസ്റ്റ്‌ പ്രസ്ഥാനമായ മുസ്‌ലിം ബ്രദർഹുഡിനെ പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു എന്നതും ശ്രദ്ധേയമാണ്‌. 1950-60-കളിൽ മിക്ക മുസ്‌ലിം കോളനികളും സ്വതന്ത്രമായി. ഇവയിൽ പലതും സൈനിക മേധാവികളുടെയും ഏകാധിപതികളുടെയും ദുർഭരണത്തിനും വിധേയമായി. അഴിമതിയും സ്വേച്ഛാധിപത്യവും സൃഷ്‌ടിച്ച അന്തരീഷത്തിലാണ്‌ ഇസ്‌ലാം മാത്രമാണ്‌ ഏക പോംവഴി എന്ന ചിന്താധാര രൂപപ്പെടുന്നത്‌. ഇതേ മാനിഫസ്റ്റോ സ്വീകരിച്ച നിരവധി സംഘടനകള്‍ ശക്തിയാർജിക്കുന്നത്‌ 20-ാം ശതകത്തിലാണ്‌.

ശീതയുദ്ധാനന്തരം കമ്യൂണിസം ഒഴിഞ്ഞയിടത്താണ്‌ പാശ്ചാത്യലോകം ഇസ്‌ലാമിനെ പ്രതിഷ്‌ഠിച്ചത്‌. അതിനുമുമ്പുവരെ കമ്യൂണിസത്തിനെതിരെയുള്ള യുദ്ധത്തിൽ ഇസ്‌ലാമിനെ സഹകാരിയായിട്ടാണ്‌ പാശ്ചാത്യലോകം കണ്ടത്‌. എണ്‍പതുകളിൽ റഷ്യന്‍ പട്ടാളത്തെ തുരത്താന്‍ അഫ്‌ഗാനിസ്‌താനിൽ മുജാഹിദ്ദീന്‍ പോരാളികള്‍ക്ക്‌ പണവും പരിശീലനവും നൽകി പോഷിപ്പിച്ചത്‌ അമേരിക്കയാണ്‌.

കമ്യൂണിസം അരങ്ങൊഴിഞ്ഞ ശീതസമരാനന്തര ലോകത്ത്‌ മതം ആയിരിക്കും നാഗരിതകളുടെ സംഘർഷത്തിന്‌ നിദാനം എന്ന്‌ അമേരിക്കന്‍ രാഷ്‌ട്രമീമാംസകനായ സാമുവൽ പി. ഹണ്ടിങ്‌ ടണിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌. ഈ സംഘർഷങ്ങളിൽ മുഖ്യമായത്‌ പാശ്ചാത്യ ക്രസ്‌തവ നാഗരികതയും ഇസ്‌ലാമിക നാഗരികതയും തമ്മിലുള്ളതായിരിക്കുമെന്ന്‌ ഹണ്ടിങ്‌ടണ്‍ വ്യക്തമാക്കുന്നു.

2001 സെപ്‌. 11-ന്‌ അമേരിക്കയിലെ ലോകവ്യാപാരകേന്ദ്രത്തിനെതിരെ ഒസാമബിന്‍ ലാദനും അൽഖ്വയ്‌ദയും നടത്തിയ ആക്രമണങ്ങള്‍ക്കുശേഷമാണ്‌ മുസ്‌ലിങ്ങളെ ഭീകരവാദികളായി കാണാനുള്ള പ്രവണത ശക്തിയാർജിക്കുന്നത്‌. (ഇസ്രയേലിനെ സംരക്ഷിച്ചു നിർത്തുന്ന യു.എസ്സിന്റെ നയമാണ്‌ ആ രാജ്യത്തെ ആക്രമിക്കാന്‍ ലാദനെ പ്രരിപ്പിച്ച പ്രധാന കാരണങ്ങളിൽ ഒന്ന്‌) ഇസ്‌ലാമിലെ ഒരു ന്യൂനപക്ഷം മാത്രമാണ്‌ തീവ്രവാദ രാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്നത്‌; ബഹുഭൂരിപക്ഷവും സമാധാനകാംക്ഷികളായിരിക്കവേ മുസ്‌ലിങ്ങളെ ഒന്നടങ്കം ഭീതിയോടെ കാണുന്ന ഇസ്‌ലാമോഫോബിയ (Islamophobia), 21-ാം ശതകം അഭിമുഖീകരിക്കുന്ന സങ്കീർണ പ്രശ്‌നമാണ്‌.

ബിന്‍ലാദന്റെയും അൽഖ്വയ്‌ദയുടെയും ഇസ്‌ലാമിക അജണ്ടയെ പിന്തള്ളിക്കൊണ്ട്‌ ടുണീഷ്യ, ഈജിപ്‌ത്‌, ലിബിയ എന്നിവിടങ്ങളിൽ ഇടിമുഴക്കം സൃഷ്‌ടിച്ച അറബ്‌ വസന്തം പുതിയൊരു ജനാധിപത്യ പരീക്ഷണത്തിന്‌ നാന്ദികുറിച്ചിരിക്കുകയാണ്‌.

അറബ്‌ വസന്തം. പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ നടന്ന അറബ്‌ വസന്തം മുന്നോട്ടുവച്ചത്‌ മതപരമായ ആവശ്യങ്ങളായിരുന്നില്ല; സ്വാതന്ത്യ്രത്തിനും, ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയാണ്‌ ടൂണീഷ്യ, ഈജിപ്‌ത്‌ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്‌.

എന്നാൽ അറബ്‌ വസന്താനന്തരം ഈ രാജ്യങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഇസ്‌ലാമിക പാർട്ടികള്‍ മേൽക്കൈ നേടിയ സാഹചര്യത്തിൽ ജനാധിപത്യത്തിന്റെ പാതയിലേക്ക്‌ ഈ രാഷ്‌ട്രങ്ങള്‍ നീങ്ങാനും സാധ്യത തുലോം കുറവാണെന്ന്‌ ഒരു വിഭാഗം രാഷ്‌ട്രീയ ചിന്തകർ വിലയിരുത്തുന്നു. നോ. ഇന്ത്യ, ഇസ്‌ലാം

(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍