This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇയ്യോബ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:03, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇയ്യോബ്‌

"നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഒരു ബൈബിള്‍ കഥാപാത്രം. ബൈബിളിലെ പഴയനിയമത്തിൽ ചേർത്തിരിക്കുന്ന "ഇയ്യോബിന്റെ പുസ്‌തകം' എന്ന "ജ്ഞാനഗ്രന്ഥ'ത്തിലെ മുഖ്യകഥാപാത്രമാണിദ്ദേഹം. നീതിയുടെ മൂർധരൂപമായാണ്‌ ഇയ്യോബ്‌ ചിത്രീകരക്കപ്പെടുന്നത്‌. വിശ്വാസദാർഢ്യത്തിലും ഭക്തിയിലും ഇദ്ദേഹം നോഹ, ദാനിയേൽ തുടങ്ങിയവരോടു സമനാണെന്നു കരുതപ്പെടുന്നു. ഊസ്‌ ദേശത്തു വസിച്ചിരുന്ന ഇയ്യോബിന്‌ "ഏഴു പുത്രന്മാരും മൂന്നു പുത്രികളും ഏഴായിരം ആടുകളും മൂവായിരം ഒട്ടകങ്ങളും അഞ്ഞൂറ്‌ കാളകളും അഞ്ഞൂറ്‌ പെണ്‍കഴുതകളും വളരെ ദാസജനങ്ങളും' ഉണ്ടായിരുന്നു എന്ന്‌ ഗ്രന്ഥത്തിൽ പരാമർശമുണ്ട്‌. ഇദ്ദേഹം യഹൂദനായിരുന്നില്ല. യഹോവയുടെ അനുവാദത്തോടുകൂടി സാത്താന്‍ നീതിമാനായ ഇയ്യോബിന്റെ ഭക്തിയെ പരീക്ഷിക്കാന്‍ തയ്യാറായി. ആദ്യം ആടുമാടുകളെയും ദാസവൃന്ദത്തെയും പുത്രീപുത്രന്മാരെയും സാത്താന്‍ നശിപ്പിച്ചെങ്കിലും ഇയ്യോബ്‌ കുലുങ്ങിയില്ല. തുടർന്ന്‌ ഇദ്ദേഹത്തിന്റെ ശരീരമാസകലം വ്രണങ്ങള്‍ക്കൊണ്ടുനിറച്ചു. വേദനകൊണ്ടു പുളയുമ്പോഴും യഹോവയെ തള്ളിപ്പറയുവാന്‍ പ്രരിപ്പിച്ച ഭാര്യയെ "പൊട്ടി' എന്നു ശകാരിച്ച്‌ തന്റെ അചഞ്ചലമായ ഭക്തിവിശ്വാസങ്ങളെ പരിരക്ഷിക്കുകയാണ്‌ ഇദ്ദേഹം ചെയ്‌തത്‌. ഇദ്ദേഹത്തിന്റെ മുമ്പിൽ സാത്താന്‍ പരാജയപ്പെട്ടു. യഹോവ ഇയ്യോബിനെ ദ്വിഗുണിതസൗഭാഗ്യങ്ങള്‍കൊണ്ട്‌ അനുഗ്രഹിച്ചു എന്നും ഈ അനുഗ്രഹഫലമായി തുടർന്ന്‌ നൂറ്റിനാല്‌പതുവർഷം കൂടി ജീവിച്ചിരുന്ന്‌ മക്കളെയും പേരക്കിടാങ്ങളെയും നാലുതലമുറയോളം കണ്ട്‌ സംതൃപ്‌തനായി വൃദ്ധനും കാലസമ്പൂർണനുമായി മരിച്ചു എന്നും ആണ്‌ കഥ.

ഹീബ്രു കവിതയുടെ "ജീനിയസ്‌' ഉള്‍ക്കൊള്ളുന്ന ഇയ്യോബിന്റെ പുസ്‌തകം വിശ്വസാഹിത്യത്തിലെ വിശിഷ്‌ടകൃതികളിലൊന്നായിട്ടാണ്‌ കരുതിപ്പോരുന്നത്‌. നീതിമാന്മാർ കഷ്‌ടപ്പെടുന്നതെന്തിനാണ്‌ എന്ന പ്രശ്‌നത്തെപ്പറ്റിയുള്ള വിചിന്തനമാണ്‌ ഈ പുസ്‌തകത്തിലെ പ്രതിപാദ്യം. ഗദ്യത്തിലുള്ള ഒന്നും രണ്ടും അധ്യായങ്ങളും ഉപസംഹാരവും മാറ്റിവച്ചാൽ തികച്ചും കാവ്യഭംഗി കലർന്ന സംഭാഷണങ്ങളും ആത്മാലാപങ്ങളും നിറഞ്ഞ അധ്യാത്മതത്ത്വസംഹിതകളാണ്‌ ഇതിലുള്ളത്‌. ഇയ്യോബ്‌, സാത്താന്‍, യഹോവ, എലീഫസ്‌, ബിൽദാദ്‌, സോഫർ, ഏലീഹൂ എന്നിവരാണ്‌ ഈ ഗ്രന്ഥത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ക്രി.മു. 500-400-നും മധ്യേ ആയിരിക്കണം ഇതിന്റെ രചനാകാലം എന്നു കരുതപ്പെടുന്നു. ഗ്രന്ഥകർത്താവായി മോശ, ശലോമാന്‍, ബാരുക്ക്‌, യിരെമ്യാവ്‌ എന്നിവരുടെ പേരുകള്‍ വിവിധ പണ്ഡിതന്മാർ നിർദേശിക്കുന്നുണ്ട്‌.

ഇയ്യോബിന്റെ ഒരു സ്വഗതത്തോടെയാണ്‌ കാവ്യഭാഗം ആരംഭിക്കുന്നത്‌. ഇവിടെ നായകന്‍ താന്‍ ജനിച്ച ദിവസത്തെ ഉള്ളുനൊന്തു ശപിക്കുന്നു. ഇതിനെത്തുടർന്ന്‌ സുഹൃത്തുക്കളുമായുള്ള ഒരു സംഭാഷണപരമ്പരയാണ്‌ (അധ്യായം 4-28). ഒന്നിനുപുറകെ ഒന്നായി ഓരോ സുഹൃത്തും ഇയ്യോബിനോട്‌ സംവദിക്കുന്നു. ദുരിതങ്ങള്‍ പാപത്തിന്റെ പരിണതഫലമാണെന്ന പൊതുവിശ്വാസത്തിൽനിന്നുകൊണ്ടാണ്‌ ഇയ്യോബിന്റെ സുഹൃത്തുക്കള്‍ തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പക്കുന്നത്‌. ഓരോ വാദമുഖത്തിനും ഇയ്യോബ്‌ വിശദമായ മറുപടി നല്‌കുന്നുണ്ട്‌. ചിലപ്പോഴൊക്കെ ദൈവദൂഷണപരമെന്ന്‌ തോന്നൽ ഉളവാക്കുന്ന വാക്കുകള്‍ ഇയ്യോബ്‌ പറയുന്നുണ്ടെങ്കിലും ഒരിക്കലും ദൈവവിശ്വാസം ത്യജിക്കുന്നില്ല. 38-42 വരെയുള്ള ഭാഗങ്ങള്‍ ഇയ്യോബിന്റെ പരാതിക്കുള്ള ദൈവത്തിന്റെ മറുപടിയാണ്‌. നീതിമാന്മാർ കഷ്‌ടപ്പെടുന്നതെന്തിന്‌ എന്ന പ്രശ്‌നത്തിന്‌ ഉത്തരം നൽകാനല്ല യഹോവ തന്റെ പ്രഭാഷണങ്ങളിലൂടെ ശ്രമിക്കുന്നത്‌. സൃഷ്‌ടിയിലും പരിപാലനത്തിലും യഹോവ ചെയ്യുന്ന അദ്‌ഭുതകൃത്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ട്‌ ദൈവേഷ്‌ടം പൂർണമായി മനസ്സിലാക്കാന്‍ മനുഷ്യനു സാധ്യമല്ലെന്നും അവർ യഹോവയുടെ തിരുഹിതം ശ്രഷ്‌ഠമെന്നു വിശ്വസിക്കേണ്ടതാണെന്നും കല്‌പിക്കുന്നു. കൂടാതെ കഷ്‌ടങ്ങളുടെ കാരണം നമുക്ക്‌ അഗോചരമാണെങ്കിലും തക്ക കാരണംകൂടാതെ യഹോവ ആരെയും കഷ്‌ടപ്പെടുത്തുകയില്ലെന്ന്‌ ഉറപ്പിച്ചുപ്രഖ്യാപിക്കുന്നു. കഷ്‌ടതമൂലം ഭക്തിവർധിക്കുന്നതിനും ആത്മീയാഭിവൃദ്ധി പ്രാപിക്കുന്നതിനും കഴിയണം എന്ന്‌ അവസാനമായി ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍