This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ വ്യോമസേന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:10, 5 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഇന്ത്യന്‍ വ്യോമസേന

ഇന്ത്യന്‍ സൈന്യത്തിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിലൊന്ന്‌; ഇന്ത്യന്‍ കരസേന, ഇന്ത്യന്‍ നാവികസേന എന്നിവയാണ്‌ മറ്റു രണ്ടുവിഭാഗങ്ങള്‍.

ചരിത്രം

ഇന്ത്യന്‍ എയര്‍ഫോഴ്‌സ്‌ ആക്‌റ്റ്‌ അനുസരിച്ച്‌ 1932 ഒ. 8-ന്‌ ഇന്ത്യന്‍ വ്യോമസേന രൂപവത്‌കരിക്കപ്പെട്ടു. തുടക്കത്തില്‍ 6 ഓഫീസര്‍മാരും 9 ഭടന്മാരും (Airmen) മാത്രമാണുണ്ടായിരുന്നത്‌. വളരെ എളിയ രീതിയിലായിരുന്നു തുടക്കമെങ്കിലും അഞ്ചുവര്‍ഷങ്ങള്‍ക്കകം (1938-ല്‍) ഫ്‌ളൈറ്റുകളുടെ എണ്ണം മൂന്നായി ഉയരുകയും ഒരു സ്‌ക്വാഡ്രന്‍ നിലവില്‍ വരികയും ചെയ്‌തു. 1937-ല്‍ ഉത്തര-പശ്ചിമാതിര്‍ത്തിയിലും 1939-ല്‍ ബര്‍മാമുന്നണിയില്‍ ഗോത്രവര്‍ഗങ്ങള്‍ക്കെതിരായും ഇന്ത്യന്‍ വ്യോമസേന പ്രവര്‍ത്തനനിരതമാവുകയുണ്ടായി. ഇവയായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധരംഗത്തുള്ള ആദ്യകാലപ്രായോഗികാനുഭവങ്ങള്‍. രണ്ടാം ലോകയുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യന്‍ വ്യോമസേന വളരെയധികം പ്രായോഗികാനുഭവങ്ങള്‍ നേടുകയും വികാസം പ്രാപിക്കുകയുമുണ്ടായി. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ ഒമ്പത്‌ സ്‌ക്വാഡ്രനുകള്‍ നിലവില്‍ വന്നുകഴിഞ്ഞിരുന്നു. ഇതിനുപുറമേ ഒരു ചരക്കു കയറ്റിറക്ക്‌ സ്‌ക്വാഡ്രന്‍ (Transport squadron) രൂപംകൊണ്ടു വരുന്നുമുണ്ടായിരുന്നു.

രണ്ടാംലോകയുദ്ധത്തില്‍ വഹിച്ച ധീരോദാത്തമായ പങ്കു കണക്കിലെടുത്ത്‌ ഈ സേനയ്‌ക്ക്‌ റോയല്‍ എന്ന ബഹുമതിപദം നല്‌കിയതോടെ ഇതിന്റെ പേര്‍ "റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ്‌' എന്നായി മാറി. ആദ്യകാലത്ത്‌ ബ്രിട്ടീഷുകാരായിരുന്നു പ്രധാന ഔദ്യോഗികസ്ഥാനങ്ങളിലെല്ലാം. ക്രമേണ ഇന്ത്യാക്കാരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കാന്‍ തുടങ്ങി. ഇന്‍സ്‌ട്രക്‌ടര്‍മാരായും സാങ്കേതിക വിദഗ്‌ധന്മാരായും കൂടുതല്‍ ഇന്ത്യക്കാര്‍ നിയമിക്കപ്പെട്ടു. ഇന്ത്യന്‍ വ്യോമസേനയില്‍ പടിപടിയായി ഇന്ത്യാക്കാരുടെ സംഖ്യ കൂടിക്കൊണ്ടിരുന്നു.

സ്വാതന്ത്ര്യ പ്രാപ്‌തിയെ തുടര്‍ന്നുള്ള ആദ്യവര്‍ഷത്തില്‍ അതിര്‍ത്തിപ്രദേശത്ത്‌ ഗോത്രവര്‍ഗക്കാരുടെ നുഴഞ്ഞുകയറ്റത്തെയും ശത്രുതാപ്രവര്‍ത്തനങ്ങളെയും തകര്‍ക്കുന്നതിലും കാശ്‌മീരിനെ പ്രതിരോധിക്കുന്നതിലും ഇന്ത്യന്‍ വ്യോമസേന പ്രധാന പങ്കുവഹിക്കുകയുണ്ടായി. ശത്രുസേനയാല്‍ വളയപ്പെട്ട പൂഞ്ച്‌ പട്ടണത്തില്‍നിന്നു 30,000 അഭയാര്‍ഥികളെ ഒഴിപ്പിച്ച്‌ രക്ഷപ്പെടുത്താനും ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ കഴിഞ്ഞു. ഉന്നതനിലവാരമുള്ള യന്ത്രാപകരണങ്ങളോ, നല്ലയിനം വിമാനങ്ങളോ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ വ്യോമസേന അക്കാലത്തു കൈവരിച്ച നേട്ടങ്ങള്‍ വിസ്‌മയജനകങ്ങളാണ്‌.

ജാഗ്വര്‍

ഇന്ത്യ, റിപ്പബ്ലിക്ക്‌ ആയതോടെ സേനയുടെ പേര്‍, "ഇന്ത്യന്‍ വ്യോമസേന' (ഇന്ത്യന്‍ എയര്‍ഫോഴ്‌സ്‌) എന്നു മാറ്റി. 1954 ഏ. 1-ന്‌ എയര്‍മാര്‍ഷല്‍ ജറാള്‍ഡ്‌ ഗിബ്‌സിനുപകരം എയര്‍മാര്‍ഷല്‍ എസ്‌. മുഖര്‍ജി വ്യോമസേനാത്തലവനായി അധികാരമേറ്റതോടെ ഈ സൈന്യവിഭാഗത്തിന്റെ നേതൃത്വം പൂര്‍ണമായും ഇന്ത്യാക്കാരിലായിത്തീര്‍ന്നു.

സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷവും പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ കോളനികളാക്കി നിലനിര്‍ത്തുവാന്‍ ശ്രമിച്ച ഗോവ, ദാമന്‍, ദിയൂ എന്നിവിടങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുവാന്‍ കൈക്കൊള്ളേണ്ടിവന്ന സൈനികനടപടികളില്‍ വ്യോമസേന പങ്കുവഹിച്ചു (1961). ഗോവയിലെ ദാബോലിം വിമാനത്താവളത്തില്‍ ബോംബാക്രമണം നടത്തി പോര്‍ച്ചുഗീസുകാരുടെ വ്യോമാധിപത്യവും വാര്‍ത്താവിനിമയബന്ധങ്ങളും തകര്‍ക്കാനും ദാമന്‍, ദിയൂ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ കൈവശപ്പെടുത്തി അവ പോര്‍ച്ചുഗീസുകാര്‍ക്ക്‌ അപ്രാപ്യമാക്കുവാനും വ്യോമസേനയ്‌ക്കു കഴിഞ്ഞു. 1954-61 കാലത്ത്‌ ഇന്ത്യന്‍ വ്യോമസേനയുടെ ആയുധശേഖരത്തിലും പ്രഹരശേഷിയിലുമുണ്ടായ വികാസത്തിന്റെ വ്യക്തമായ സൂചനയാണ്‌ ഇതു നല്‌കുന്നത്‌.

1962-ലെ ഇന്ത്യാ-ചൈനാ സംഘട്ടനം ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട ഏടുകളാണ്‌. അപ്രതീക്ഷിതവും സുസജ്ജവുമായ ആക്രമണത്തിലൂടെ ഇന്ത്യന്‍ സേനയ്‌ക്ക്‌ കനത്ത നാശനഷ്‌ടങ്ങള്‍ വരുത്തുവാന്‍, ഉന്നതമേഖലായുദ്ധതന്ത്രങ്ങളില്‍ മികച്ച പരിശീലനവും മെച്ചപ്പെട്ട ആയുധങ്ങളും സ്വായത്തമായിരുന്ന ചീനര്‍ക്കു കഴിഞ്ഞു. ഇന്ത്യയുടെ വടക്ക്‌ കിഴക്കന്‍ അതിര്‍ത്തി മേഖലകള്‍ ഉള്‍പ്പെട്ടിരുന്ന കിഴക്കന്‍ സമരമുഖത്താണ്‌ കൂടുതല്‍ പരാജയം സംഭവിച്ചത്‌. മുന്നണിപ്പോരാളികള്‍ക്ക്‌ അവശ്യസാധനങ്ങള്‍ തക്കസമയത്ത്‌ എത്തിക്കുക, ശത്രുസങ്കേതങ്ങള്‍ നിരീക്ഷിച്ച്‌ കാലാള്‍പ്പടയ്‌ക്ക്‌ മുന്നറിയിപ്പു നല്‌കുക, കൂട്ടംപിരിഞ്ഞ്‌ ഒറ്റപ്പെട്ടുപോയ സൈനികരെ വീണ്ടെടുത്ത്‌ രക്ഷിക്കുക, മുറിവേറ്റ പട്ടാളക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു നീക്കുക തുടങ്ങിയ കര്‍ത്തവ്യങ്ങള്‍ ചിട്ടയായി നിര്‍വഹിച്ചുകൊണ്ട്‌ വ്യോമസേനയുടെ ഹെലിക്കോപ്‌റ്റര്‍ വിഭാഗം യുദ്ധരംഗത്തു നിലയുറപ്പിച്ചിരുന്നു. അതി സാഹസികമായ ദൗത്യങ്ങളിലൂടെ ഇന്ത്യന്‍ഭാഗത്തെ നാശനഷ്‌ടങ്ങള്‍ പരമാവധി കുറയ്‌ക്കുന്നതിന്‌ വ്യോമസേനയ്‌ക്കു കഴിഞ്ഞു.

1965-ലെ പാകിസ്‌താന്റെ ആക്രമണം ഇന്ത്യന്‍ വ്യോമസേനയെ സംബന്ധിച്ചിടത്തോളം ഒരഗ്നിപരീക്ഷണമായിരുന്നു. 1965 സെപ്‌. 1-ന്‌ പാകിസ്‌താന്‍സേന അന്തര്‍ദേശീയ അതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യയിലേക്ക്‌ കടന്നുകയറി. പാകിസ്‌താന്റെ കവചിത സേനാവിഭാഗമായിരുന്നു ഈ ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചത്‌. മണിക്കൂറുകള്‍ക്കകം തന്നെ ഇന്ത്യന്‍ വ്യോമസേന ഈ കടന്നാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‌കുകയുണ്ടായി. പാകിസ്‌താന്റെ 25 ടാങ്കുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും 73 പാക്‌വിമാനങ്ങള്‍ നശിപ്പിക്കാനും ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ ഒറ്റദിവസംകൊണ്ട്‌ കഴിഞ്ഞു. ഇന്ത്യയ്‌ക്ക്‌ നഷ്‌ടപ്പെട്ടതാകട്ടെ രണ്ട്‌ വാമ്പയര്‍വിമാനങ്ങള്‍ മാത്രമായിരുന്നു. ഛംബ്‌ (Chhamb)യുദ്ധമേഖലയില്‍വച്ച്‌ ഇന്ത്യന്‍ വ്യോമസേനയിലെ സ്‌ക്വാഡ്രന്‍ ലീഡര്‍ ട്രിവോര്‍ കീലര്‍ (Trevor Keeler), സെപ്‌. 3-ന്‌ അന്തര്‍ദേശീയ അതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യയിലേക്ക്‌ കടന്നുകയറിയ ഒരു പാകിസ്‌താന്‍ സാബര്‍ യുദ്ധവിമാനത്തെ വെടിവച്ചുവീഴ്‌ത്തി. അടുത്ത 20 ദിവസങ്ങള്‍ക്കകം പാകിസ്‌താന്‌ കനത്ത നാശനഷ്‌ടങ്ങള്‍ വരുത്തിക്കൊണ്ട്‌ വ്യോമമേധാവിത്വം തങ്ങള്‍ക്കാണെന്ന്‌ ഇന്ത്യ അസന്ദിഗ്‌ധമായി തെളിയിച്ചു. ശത്രുരാജ്യത്തിലേക്ക്‌ കടന്നുചെന്നു പ്രത്യാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇന്ത്യന്‍ വ്യോമസേന അതുല്യശക്തിയാണെന്ന്‌ 1965-ലെ യുദ്ധം തെളിയിച്ചു. ഈ യുദ്ധത്തിനുശേഷം ഇന്ത്യന്‍ വ്യോമസേന അത്യാധുനിക യുദ്ധമുറകളില്‍ പ്രത്യേക പരിശീലനം നേടി.

1971-ല്‍ കിഴക്കന്‍ പാകിസ്‌താന്‍ വിമോചന സമരത്തിലൂടെ ബംഗ്ലാദേശ്‌ ആയി മാറിയതിനോടനുബന്ധിച്ചുണ്ടായ ഇന്ത്യാ-പാകിസ്‌താന്‍ സംഘട്ടനത്തിലും ഇന്ത്യന്‍ വ്യോമസേന സാരമായ പങ്കു വഹിച്ചു. പടിഞ്ഞാറേ അതിര്‍ത്തി ലംഘിച്ച്‌ പാകിസ്‌താന്‍ നടത്തിയ മിന്നലാക്രമണത്തിന്‌ കനത്ത തിരിച്ചടി നല്‌കാന്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ ഏറെനേരം വേണ്ടിവന്നില്ല. ഉടനടി ആകാശപ്രത്യാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും കിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍കരസേനയ്‌ക്കു ഫലപ്രദമായ സഹായസഹകരണങ്ങള്‍ നല്‌കുന്നതിലും പാകിസ്‌താന്‍ വ്യോമസേനയെ കിഴക്കന്‍മേഖലയില്‍ തടഞ്ഞുനിര്‍ത്തുന്നതിലും പടിഞ്ഞാറന്‍ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വ്യോമപ്രതിരോധം നിര്‍വഹിക്കുന്നതിലും പാകിസ്‌താന്‍ വ്യോമസേനയുടെ പ്രവര്‍ത്തനപരിധി ചുരുക്കിക്കൊണ്ടുവരുന്നതിലും ശത്രുസേനയുടെ വിതരണ സജ്ജീകരണങ്ങളും വാര്‍ത്താവിനിമയസൗകര്യങ്ങളും തകര്‍ക്കുന്നതിലും ഫലപ്രദമായ വ്യോമനിരീക്ഷണം നിര്‍വഹിക്കുന്നതിലും ശത്രുക്കളുടെ നാവികനീക്കങ്ങള്‍ അറബിക്കടലിലുടനീളം നിരീക്ഷിക്കുന്നതിലുമെല്ലാം ഇന്ത്യന്‍ വ്യോമസേന പ്രകടിപ്പിച്ച പ്രാഗല്‌ഭ്യം അദ്‌ഭുതാവഹമായിരുന്നു. എണ്ണത്തില്‍ രണ്ടു സൈന്യങ്ങളും ഏകദേശം തുല്യമായിരുന്നിട്ടും ഇന്ത്യന്‍ സൈനികരുടെ സാമര്‍ഥ്യവും ധീരതയുംകൊണ്ടാണ്‌ ഇന്ത്യയ്‌ക്കു വ്യോമാധീശത്വം സ്ഥാപിക്കാന്‍ കഴിഞ്ഞത്‌.

1971-ലെ യുദ്ധത്തില്‍ പാകിസ്‌താന്‍ ഉപയോഗിച്ചിരുന്നത്‌ 104-സ്റ്റാര്‍ ഫൈറ്റര്‍, മിഗ്‌-19, സാബര്‍ജെറ്റ്‌, മിറാഷ്‌ മുതലായ യുദ്ധവിമാനങ്ങളായിരുന്നു. ഇന്ത്യന്‍ യുദ്ധവിമാനങ്ങളില്‍ പ്രധാനപ്പെട്ടവ വളരെ വേഗതയും നിയന്ത്രണക്ഷമതയുമുള്ള എച്ച്‌.എഫ്‌-24. ഹണ്ടര്‍, മിഗ്‌, നാറ്റ്‌ മുതലായവയായിരുന്നു.

സുഖോയ്-30

1987-ലെ ഇന്ത്യാ-ശ്രീലങ്കാ കരാര്‍ പ്രകാരം ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കുന്ന ദൗത്യത്തില്‍ മറ്റ്‌ ഇന്ത്യന്‍സേനാഘടകങ്ങളോടൊപ്പം വ്യോമസേനയും പങ്കെടുത്തിരുന്നു. മാലി ദ്വീപുകളിലെ ഭരണകൂടത്തിനെതിരെ നടന്ന അട്ടിമറിശ്രമത്തെ നേരിടുന്നതിന്‌ ആഗ്രയില്‍ നിന്നുള്ള പാരച്യൂട്ട്‌ ബറ്റാലിയനും ഉള്‍പ്പെട്ടിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ നിര്‍ദേശാനുസരണം ഇന്ത്യന്‍ വ്യോമസേന 1993-ല്‍ സോമാലിയയിലും 2000-ത്തില്‍ സിയറലിയോനിലും സമാധാനദൗത്യങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമി എന്ന്‌ വിശേഷിക്കപ്പെടുന്ന സിയാച്ചിനിലെ പ്രതികൂല സാഹചര്യങ്ങളെ തരണംചെയ്‌ത്‌ അവിടത്തെ സൈനികക്യാമ്പിലേക്കാവശ്യമുള്ള ആയുധങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ എത്തിക്കുന്നത്‌ ഇന്ത്യന്‍ വ്യോമസേനയാണ്‌. അടുത്ത കാലങ്ങളില്‍ നടന്ന അതിര്‍ത്തിത്തര്‍ക്കങ്ങളിലെല്ലാം ഇന്ത്യന്‍ വ്യോമസേന നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം പ്രധാനപ്പെട്ട മൂന്നുയുദ്ധങ്ങളില്‍ പങ്കെടുക്കുകയും അതിവിശാലമായ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന അതിര്‍ത്തികളിലും വിഭിന്ന കാലാവസ്ഥകളിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തതിന്റെ ഫലമായി ഇന്ന്‌ ഇന്ത്യന്‍ വ്യോമസേന ശക്തിയിലും കഴിവിലും സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതിലും ഒരു വന്‍ശക്തിയായി വളര്‍ന്നിട്ടുണ്ട്‌. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ ശക്തി പ്രകടമാക്കുവാന്‍ പോന്ന സന്നാഹക്ഷമതയും സൈനികമികവും നേടിയ ഇന്ത്യന്‍ വ്യോമസേന ഇന്ന്‌ ലോകത്തിലെ നാലാമത്തെ വലിയ വ്യോമശക്തിയാണ്‌. സാങ്കേതിക മികവിന്‌ ഊന്നല്‍ നല്‍കുന്ന വ്യോമസേനയ്‌ക്ക്‌ അത്യാധുനിക യുദ്ധവിമാനങ്ങള്‍, ചരക്കുവിമാനങ്ങള്‍, അവയ്‌ക്കുവേണ്ട അനുസാരികള്‍, അതിസൂക്ഷ്‌മങ്ങളും വിനാശതീക്ഷ്‌ണങ്ങളുമായ ആയുധസന്നാഹങ്ങള്‍, വിദൂരനിരീക്ഷണത്തിനും ആശയവിനിമയത്തിനും വേണ്ട ഉപകരണങ്ങള്‍ എന്നിവ സ്വന്തമായുണ്ട്‌. വ്യോമസേനയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ സുഖോയ്‌ 30 എം.കെ. I, ജാഗ്വര്‍, എല്‍.സി.എ. തേജസ്‌ തുടങ്ങിയ വിമാനങ്ങള്‍ നിര്‍മിച്ചുവരുന്നു.

ആധുനികശക്തി

വാമ്പയര്‍

പഴഞ്ചന്‍ വാപിറ്റിസ്‌ (Wapitis) യുദ്ധവിമാനങ്ങളുപയോഗിച്ച്‌ ചെറിയതോതില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യന്‍ വ്യോമസേന ഇന്ന്‌ അത്യാധുനികമായ ജറ്റ്‌ യുദ്ധവിമാനങ്ങളാണധികവും ഉപയോഗപ്പെടുത്തുന്നത്‌. 1948-ല്‍ ജറ്റ്‌നോദനംകൊണ്ട്‌ പ്രവര്‍ത്തിക്കുന്ന വാമ്പയേഴ്‌സ്‌ (Vampires) ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ ലഭ്യമാകുന്നതിനുമുമ്പ്‌ പിസ്റ്റണ്‍ എന്‍ജിന്‍കൊണ്ടു പ്രവര്‍ത്തിക്കുന്ന ഹാര്‍ട്ട്‌ (Hart), ഹരിക്കേയിന്‍ (Harri-cane), ഡെക്കോട്ട (Dakota), വെന്‍ജിയന്‍സ്‌ (Vengeance), സ്‌പിറ്റ്‌ഫയര്‍ (Spit fire) മുതലായ യുദ്ധവിമാനങ്ങളാണുപയോഗിച്ചിരുന്നത്‌. ലോക നിലവാരത്തില്‍ത്തന്നെ ഒന്നാംകിടയില്‍പ്പെട്ടതെന്ന്‌ വിഖ്യാതമായ യുദ്ധവിമാനങ്ങളില്‍ ചിലതും മികച്ച ബോംബര്‍ വിമാനങ്ങളും സ്വന്തമായി നിര്‍മിക്കാന്‍ ഇന്ത്യയ്‌ക്കു തരപ്പെട്ടിട്ടുണ്ട്‌. ഇന്ത്യന്‍ നിര്‍മിതമായ തേജസ്‌ യുദ്ധവിമാനം ഉന്നത നിലവാരമുള്ളതാണ്‌. സുഖോയ്‌ /30K, ജാഗ്വാര്‍ വിമാനങ്ങളും ഇന്ത്യന്‍വ്യോമസേന സ്വന്തമാക്കിയിട്ടുണ്ട്‌. മിഗ്‌-29, മിറാഷ്‌-2000 എന്നീ യുദ്ധവിമാനങ്ങളും ഇന്ത്യയ്‌ക്കുണ്ട്‌.

മിറാഷ്-2000

ബോംബറുകള്‍, ലൈറ്റ്‌/മീഡിയം/ഹെവി എയര്‍ക്രാഫ്‌റ്റുകള്‍, വിവിധ ട്രാന്‍സ്‌പോര്‍ട്ട്‌ വിമാനങ്ങള്‍, പരിശീലന വിമാനങ്ങള്‍ പൈലറ്റില്ലാവിമാനങ്ങള്‍ എന്നീ ഇനങ്ങളിലായി നൂറുകണക്കിന്‌ വിമാനങ്ങള്‍ സേനയുടെ പക്കലുണ്ട്‌. ഇതുകൂടാതെ വ്യത്യസ്‌ത വിഭാഗത്തില്‍പ്പെട്ട ഹെലിക്കോപ്‌റ്ററുകളെ ഉള്‍ക്കൊള്ളുന്ന സുസജ്ജമായൊരു ഹെലിക്കോപ്‌റ്റര്‍ വിഭാഗവും വ്യോമസേയില്‍ പ്രവര്‍ത്തിക്കുന്നു.

വ്യോമസേനയ്‌ക്കുവേണ്ടി പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിലും, നിലവിലുള്ള വിമാനത്താവളങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഏറെ പുരോഗതിയുണ്ടായിട്ടുണ്ട്‌. പശ്ചിമ-പൂര്‍വ മേഖലകളിലാണ്‌ പുതിയ വിമാനത്താവളങ്ങള്‍ കൂടുതലും നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. ജയ്‌സാല്‍മാര്‍, ഉത്തര്‍ലായ്‌, അമൃത്‌സര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. കരുതല്‍ താവളങ്ങളായാണ്‌ ഇവയില്‍ പലതും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ആധുനിക സാങ്കേതിക മാര്‍ഗങ്ങളുപയോഗിച്ച്‌ പ്രധാനപ്പെട്ട സൈനികവിമാനത്താവളങ്ങള്‍ ശത്രുക്കള്‍ക്ക്‌ എളുപ്പം കണ്ടുപിടിക്കാനാവാത്ത വിധം മറച്ചുവയ്‌ക്കുന്നതിലും(camouflage) ഇന്ത്യന്‍വിദഗ്‌ധന്മാര്‍ വിജയിച്ചിട്ടുണ്ട്‌. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും വ്യോമായുധങ്ങളുടെയും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നിര്‍വഹിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇത്തരം വിമാനത്താവളങ്ങളിലൊരുക്കിയിട്ടുണ്ട്‌.

ചുമതലകള്‍

മിഗ്-29

കരസേനയ്‌ക്കാവശ്യമായ സഹായസഹകരണങ്ങള്‍ നല്‌കുക, മര്‍മപ്രധാനമായ സ്വന്തം സ്ഥാപനങ്ങള്‍ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍നിന്നും കാത്തുരക്ഷിക്കുക, സമുദ്രത്തിനുമുകളിലൂടെ നിരീക്ഷണപറക്കലുകള്‍ നടത്തിയും മറ്റും നാവികസേനയ്‌ക്കാവശ്യമായ സഹകരണം നല്‌കുക, സൈനികാവശ്യത്തിനുള്ള ചരക്കു കയറ്റിറക്കു നിര്‍വഹിക്കുകയും ഉപകരണങ്ങളെത്തിക്കുകയും ചെയ്യുക, ഇന്ത്യയുടെ വ്യോമാതിര്‍ത്തി വിദേശവിമാനങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക, ശത്രുരാജ്യങ്ങളില്‍നിന്ന്‌ ആക്രമണസാധ്യതയുണ്ടെങ്കില്‍ അതു തടയാന്‍ വേണ്ടതു ചെയ്യുക എന്നിവയാണ്‌ വ്യോമസേനയുടെ പ്രധാന ചുമതലകള്‍.

ഇന്ത്യന്‍ വ്യോമസേനാവിമാനങ്ങള്‍ റിപ്പബ്ലിക്‌ദിന പരേഡില്‍

സമാധാനകാലത്ത്‌ വ്യോമസേനയുടെ സേവനം മറ്റുരംഗങ്ങളിലും ഉപയോഗപ്പെടുത്താറുണ്ട്‌. വളരെ വേഗത്തില്‍ ചരക്കു കയറ്റിറക്ക്‌ നിര്‍വഹിക്കേണ്ടിവരുമ്പോഴും വെള്ളപ്പൊക്കംമൂലമോ മറ്റു കാരണങ്ങളാലോ ഒറ്റപ്പെട്ടുപോകുന്ന സ്ഥലങ്ങളില്‍ ഭക്ഷണപദാര്‍ഥങ്ങളും മറ്റും ആകാശമാര്‍ഗം വിതരണം നടത്തേണ്ടിവരുമ്പോഴും വ്യോമസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നത്‌ മേല്‌പറഞ്ഞതിനുദാഹരണങ്ങളാണ്‌.

ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌

വ്യോമസേനയുടെ ആസ്ഥാനം ന്യൂഡല്‍ഹിയിലാണ്‌. സേനാമേധാവി "ചീഫ്‌ ഒഫ്‌ ദി എയര്‍ സ്റ്റാഫ്‌' ആണ്‌. ഇദ്ദേഹത്തെ സഹായിക്കാന്‍ ആറ്‌ പ്രധാന സ്റ്റാഫ്‌ ഓഫീസര്‍മാരുണ്ടായിരിക്കും. വൈസ്‌ ചീഫ്‌ ഒഫ്‌ ദ്‌ എയര്‍സ്റ്റാഫ്‌, ഡെപ്യൂട്ടി ചീഫ്‌ ഒഫ്‌ ദ്‌ എയര്‍ സ്റ്റാഫ്‌, എയര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്‌ ഒഫ്‌ അഡ്‌മിനിസ്‌ട്രേഷന്‍, എയര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്‌ ഒഫ്‌ മെയിന്റനന്‍സ്‌, എയര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്‌ ഒഫ്‌ പേഴ്‌സണല്‍, ഡയറക്‌ടര്‍ ജനറല്‍ ഒഫ്‌ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ്‌ സേഫ്‌ടി എന്നിവരാണ്‌ പ്രധാനപ്പെട്ട സ്റ്റാഫ്‌ ഓഫീസര്‍മാര്‍.

കമാന്റുകള്‍

ഇന്ത്യന്‍ വ്യോമസേനയെ ഏഴ്‌ വ്യോമസേനാ കമാന്‍ഡുകളായി വികേന്ദ്രീകരിച്ചിരിക്കുന്നു. ഇതിൽ അഞ്ച്‌ എച്ചം ഓപ്പറേഷണൽ കമാന്‍ഡുകളും രണ്ടെച്ചം ഫങ്‌ഷണൽ കമാന്‍ഡുകളുമാണ്‌. എയർ മാർഷൽ റാങ്കിലുള്ള എയർ ഓഫീസർ കമാന്‍ഡിങ്‌-ഇന്‍-ചീഫിനായിരിക്കും ഓരോ കമാന്‍ഡിന്റെയും ചുമതല.

Vol3_102_chart 1.jpg

വിവിധ കമാന്‍ഡുകളുടെ കീഴിലായി 60-ഓളം വ്യോമ ബേസുകള്‍ ഇന്ന്‌ സേനയ്‌ക്കുണ്ട്‌. ചില ബേസുകള്‍ നിർമാണഘട്ടത്തിലുമുണ്ട്‌.

റാങ്കുകള്‍

വ്യോമസേനയിലെ കമ്മിഷന്‍ഡ്‌ ഓഫീസർപദവികള്‍ യഥാക്രമം എയർചീഫ്‌മാർഷൽ, എയർമാർഷൽ, എയർവൈസ്‌മാർഷൽ, എയർകോമഡോർ, ഗ്രൂപ്പ്‌ ക്യാപ്‌റ്റന്‍, വിങ്‌ കമാന്‍ഡർ, സ്‌ക്വാഡ്രന്‍ലീഡർ, ഫ്‌ളൈറ്റ്‌ ലെഫ്‌റ്റനന്റ്‌, ഫ്‌ളയിങ്‌ ഓഫീസർ എന്നിവയാണ്‌. മാസ്റ്റർ വാറണ്ട്‌ ഓഫീസർ, വാറണ്ട്‌ ഓഫീസർ, ജൂനിയർ വാറന്റ്‌ ഓഫീസർ, കോർപ്പറൽ, ലീഡിങ്‌ എയർ ക്രാഫ്‌റ്റ്‌സ്‌മാന്‍, എയർ ക്രാഫ്‌റ്റ്‌സ്‌മാന്‍ എന്നിവയാണ്‌ വ്യോമസേനയിലെ മറ്റു റാങ്കുകള്‍.

പരിശീലനം

അത്യാധുനിക യുദ്ധോപകരണങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവകൊണ്ടോ സംഖ്യാബലംകൊണ്ടോ മാത്രം ഒരു വ്യോമസേനയ്‌ക്കും നിർണായകവിജയം നേടാനാവില്ല. അത്യാധുനികരീതിയിലുള്ള നിരന്തരമായ പരിശീലനവും മികച്ച വൈദഗ്‌ധ്യവും കൂടിയുണ്ടെങ്കിലേ വിജയം സുനിശ്ചിതമാവുകയുള്ളൂ. ഈ ലക്ഷ്യം നേടുന്നതിന്‌ ഇന്ത്യയിൽ അനേകം പരിശീലനസ്ഥാപനങ്ങള്‍ പ്രവർത്തിച്ചുവരുന്നു. ഹൈദരാബാദിലുള്ള എയർഫോഴ്‌സ്‌ അക്കാദമിയിൽ ഫ്‌ളൈയിങ്‌ ഓഫീസർമാർക്കും മറ്റു വ്യോമസേനാജീവനക്കാർക്കും മികച്ച രീതിയിലുള്ള പരിശീലനം നല്‌കിവരുന്നു. വ്യോമസേനയിലേക്കാവശ്യമുള്ള സാങ്കേതിക വിദഗ്‌ധന്മാരെ പരിശീലിപ്പിക്കുന്ന സ്ഥാപനമെന്നനിലയ്‌ക്ക്‌ എയർഫോഴ്‌സ്‌ ടെക്‌നിക്കൽ കോളജും, ഭരണവിദഗ്‌ധന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിന്‌ എയർഫോഴ്‌സ്‌ അഡ്‌മിനിസ്‌ട്രറ്റീവ്‌ കോളജും നിലവിലുണ്ട്‌. പരിശീലനത്തിനും സാങ്കേതികപഠനങ്ങള്‍ക്കുമായി ഇന്ത്യന്‍ വ്യോമസേനയിലെ ഓഫീസർമാരെയും സാങ്കേതിക വിദഗ്‌ധരെയും വിദേശരാജ്യങ്ങളിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലയയ്‌ക്കാറുണ്ട്‌. ഇന്തോനേഷ്യയിലെ "എയർഫോഴ്‌സ്‌ ആന്‍ഡ്‌ കമാന്‍ഡ്‌ കോളജി'ൽ ഇന്ത്യയിൽനിന്നും ഓഫീസർമാരെ പരിശീലനത്തിനയയ്‌ക്കാറുണ്ട്‌. നമ്മുടെ വ്യോമസേനാസ്ഥാപനങ്ങളിൽ സുഹൃത്‌രാജ്യങ്ങളിലെ ഓഫീസർമാർക്കും പരിശീലനം നല്‌കാറുണ്ട്‌. നാഷണൽ ഡിഫന്‍സ്‌ അക്കാദമിയിൽനിന്നു പരിശീലനം നേടിയവരെയാണ്‌ ഫ്‌ളൈയിങ്‌ ബ്രാഞ്ചുകളിൽ ഏറിയകൂറും നിയമിക്കാറുള്ളത്‌. പരിശീലനസൗകര്യങ്ങള്‍ കൂടുതൽ വർധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌.

ഇന്ത്യന്‍ വ്യോമസേന - പ്രധാന പരിശീലന കേന്ദ്രങ്ങള്‍
1.	എയർഫോഴ്‌സ്‌ അക്കാദമി	-	ഹൈദരാബാദ്‌ 
			(ആന്ധ്രപ്രദേശ്‌)
2.	എയർഫോഴ്‌സ്‌ ടെക്‌നിക്കൽ കോളജ്‌	-	ബാംഗ്ലൂർ
			(കർണാടക)
3.	എയർഫോഴ്‌സ്‌ അഡ്‌മിനിസ്‌ട്രറ്റീവ്‌	-	കോയമ്പത്തൂർ
	കോളജ്‌		(തമിഴ്‌നാട്‌)
4.	ഫ്‌ളൈയിങ്‌ ഇന്‍സ്‌ട്രക്‌റ്റേഴ്‌സ്‌ 	- 	താമ്പരം 
	സ്‌കൂള്‍		(തമിഴ്‌നാട്‌)
5.	പാരാട്രൂപ്പേഴ്‌സ്‌ ട്രയിനിങ്‌ കോളജ്‌	-	ആഗ്ര 
			(ഉത്തർപ്രേദശ്‌) 
 	

ശാഖകള്‍

ശാഖകള്‍. ഫ്‌ളൈയിങ്‌, ഗ്രൗണ്ട്‌ ഡ്യൂട്ടി എന്നിങ്ങനെ രണ്ട്‌ ശാഖകളായി വ്യോമസേന വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഓരോ ശാഖയിലും നിരവധി ഉപശാഖകളുമുണ്ട്‌.

ഫ്‌ളൈയിങ്‌ ശാഖ

ഫ്‌ളൈയിങ്‌ ശാഖയിൽ ഫ്‌ളൈയിങ്‌ പൈലറ്റ്‌സ്‌, ഫ്‌ളൈയിങ്‌ നാവിഗേറ്റേഴ്‌സ്‌ എന്നിങ്ങനെ രണ്ട്‌ വിഭാഗമുണ്ട്‌. ഫ്‌ളൈയിങ്‌ പൈലറ്റ്‌സ്‌ വിഭാഗത്തിൽ ട്രാന്‍സ്‌പോർട്ട്‌, ഫൈറ്റർ, ഹെലിക്കോപ്‌ടർ എന്നിവയ്‌ക്കായി പ്രത്യേകം പ്രത്യേകം പൈലറ്റുമാരുണ്ട്‌. ഈ ശാഖയിലെ ഒരു പൈലറ്റ്‌ അത്യുന്നതമായ പരിശീലനം സിദ്ധിച്ചയാളും തെളിയിക്കപ്പെട്ട കഴിവുകളുള്ളവനുമായിരിക്കണം. വിമാനം പറത്തുന്നതിൽ മാത്രമല്ല, മറ്റനേകം ടെക്‌നിക്കുകള്‍ വിദഗ്‌ധമായി സന്ദർഭത്തിനൊത്ത്‌ പ്രയോഗിക്കുന്നതിലും അയാള്‍ക്ക്‌ പ്രാഗല്‌ഭ്യമുണ്ടായിരിക്കണം. ഒരാധുനിക യുദ്ധവിമാനത്തിന്റെ ഭാരിച്ച വില കൂടി കണക്കിലെടുത്ത്‌ വിമാനത്തിന്റെയും പൈലറ്റിന്റെയും സുരക്ഷിതത്വം പരമാവധി ഉറപ്പുവരുത്തത്തക്ക രീതിയിലുള്ള പരിശീലനങ്ങളാണ്‌ വ്യോമസേനാവൈമാനികർക്കു നല്‌കിവരുന്നത്‌. ഉന്നതനിലവാരത്തിലുള്ള സാങ്കേതിക പരിജ്ഞാനവും പ്രാഗല്‌ഭ്യവും ധീരതയും വ്യോമസേനയിലെ വൈമാനികർക്കു സ്വായത്തമാക്കാന്‍ ഇത്തരം പരിശീലനങ്ങളിലൂടെ കഴിഞ്ഞിരിക്കും. കാറ്റിന്റെ ഗതിവേഗത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, കാന്തിക ഏറ്റക്കുറച്ചിലുകള്‍, ആധുനിക ഉപകരണങ്ങളുടെ സങ്കീർണതകള്‍ മുതലായവ മനസ്സിലാക്കി സന്ദർഭത്തിനൊത്തുയരാനും പൈലറ്റിനു കഴിവുണ്ടായിരിക്കണം. വ്യോമ നാവിഗേഷനുമായി ബന്ധപ്പെട്ട പ്രവർത്തികള്‍ ചെയ്യുന്ന ഫ്‌ളൈയിങ്‌ നാവിഗേറ്റർമാരും ഫ്‌ളൈയിങ്‌ ശാഖയിൽ ഒരു വിഭാഗമായി പ്രവർത്തിക്കുന്നു.

ഗ്രൗണ്ട്‌ഡ്യൂട്ടി ശാഖ

ടെക്‌നിക്കൽ, നോണ്‍ ടെക്‌നിക്കൽ എന്നിങ്ങനെ രണ്ട്‌ പ്രധാന വിഭാഗങ്ങളാണ്‌ ഗ്രൗണ്ട്‌ഡ്യൂട്ടി ശാഖയ്‌ക്കുകീഴിൽ വരുന്നത്‌.

ടെക്‌നിക്കൽ ശാഖകള്‍

വ്യോമവാഹനങ്ങളും വിവിധതരം സാങ്കേതിക ഉപകരണങ്ങളും പ്രയോഗക്ഷമമായ വിധത്തിൽ സൂക്ഷിക്കേണ്ടത്‌ സാങ്കേതികശാഖയിലെ ഓഫീസർമാരുടെ ചുമതലയാണ്‌. ഉപകരണങ്ങളും അവ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക മാർഗങ്ങളും പരിഷ്‌കരിക്കുന്നതിലും സാങ്കേതിക ശാഖയിലുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഒരു വ്യോമസേന എന്‍ജിനീയർ ഓഫീസർക്ക്‌ സ്ഥിരം താവളങ്ങളിലെന്നപോലെ യുദ്ധമുന്നണിയിലും പ്രവർത്തിക്കേണ്ടിവരും. വ്യോമവാഹനങ്ങള്‍ എപ്പോഴും പ്രവർത്തനക്ഷമമാക്കിവയ്‌ക്കേണ്ടതും, അവയുടെ അറ്റകുറ്റപ്പണികള്‍ തീർത്ത്‌ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ അപ്പോഴപ്പോള്‍ ശ്രദ്ധിക്കേണ്ടതും എന്‍ജിനീയർമാരാണ്‌. വ്യോമസേനയ്‌ക്കാവശ്യമായ സാങ്കേതികോപകരണങ്ങളുടെ ചുമതലയും അവ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഗവേഷണങ്ങളുടെ ചുമതലയും എന്‍ജിനീയർമാർക്കാണുള്ളത്‌. എല്ലാത്തരം വൈദ്യുതോപകരണങ്ങളും വിമാനങ്ങളിലെ ഫോട്ടോഗ്രാഫിക്‌ ഉപകരണങ്ങളും പ്രവർത്തനസജ്ജമായി സൂക്ഷിക്കേണ്ടത്‌ ഇലക്‌ട്രിക്കൽ എന്‍ജിനീയർമാരുടെ കടമയാണ്‌. വാർത്താവിനിമയ സജ്ജീകരണങ്ങള്‍, ഗതാഗത സഹായകോപകരണങ്ങള്‍, റഡാർ മുതലായവ സിഗ്നൽ ഓഫീസർമാരുടെ ചുമതലയിലാണ്‌. ബോംബുകള്‍, എയർക്രാഫ്‌റ്റ്‌ മെഷീന്‍ഗച്ചുകള്‍ മുതലായവയുടെ സജ്ജീകരണം, പരിശോധന, അറ്റകുറ്റപ്പണികള്‍ തീർക്കൽ, ഇവയുമായി ബന്ധപ്പെട്ട ഗവേഷണപ്രവർത്തനങ്ങള്‍ എന്നിവ സാങ്കേതികശാഖാ ഓഫീസർമാരാണ്‌ നിർവഹിക്കേണ്ടത്‌. ടെക്‌നിക്കൽ ശാഖ പ്രധാനമായും രണ്ടായി വിഭജിച്ചിരിക്കുന്നു. എയ്‌റോനോട്ടിക്കൽ എന്‍ജിനീയേഴ്‌സ്‌ ഇന്‍ മെക്കാനിക്കൽ ബ്രാഞ്ച്‌ [AE(M)], എയ്‌റോനോട്ടിക്കൽ എന്‍ജിനീയേഴ്‌സ്‌ ഇന്‍ ഇലക്‌ട്രാണിക്‌ ബ്രാഞ്ച്‌ [AE(E)] എന്നിവയാണവ.

നോണ്‍ ടെക്‌നിക്കൽ ശാഖകള്‍

ഈ ശാഖയ്‌ക്ക്‌ കീഴിൽ ഉപകരണശാഖ, വിദ്യാഭ്യാസശാഖ, ഭരണശാഖ, കാലാവസ്ഥാശാഖ, അക്കൗണ്ട്‌സ്‌ശാഖ എന്നീ ഉപശാഖകള്‍ ഉണ്ട്‌.

ഉപകരണശാഖ

സ്റ്റേഷനറി, ഫർണിച്ചർ എന്നിവ ഒഴികെ വ്യോമസേനയ്‌ക്കാവശ്യമായ ഏറിയകൂറും സാധനസാമഗ്രികളുടെ സംഭരണവും വിതരണവും ഉപകരണശാഖയാണ്‌ നിർവഹിക്കുന്നത്‌. കണിശമായ ആസൂത്രണവിതരണസമ്പ്രദായങ്ങളും കൃത്യമായ കണക്കുസൂക്ഷിപ്പും ഈ ശാഖയുടെ പ്രത്യേകതയാണ്‌.

വിദ്യാഭ്യാസശാഖ

സുസംഘടിതവും പ്രഗല്‌ഭവും കഴിവുറ്റതുമായ ഒരു വ്യോമസേനയെ സൃഷ്‌ടിക്കുന്നതിൽ ഈ ശാഖയ്‌ക്കുള്ള പങ്ക്‌ നിർണായകമാണ്‌. വിദ്യാഭ്യാസ ഓഫീസർ ഒരു മാതൃകാധ്യാപകന്റെ എല്ലാ ഗുണങ്ങളുമുള്ള ആളായിരിക്കണം. വിദ്യാഭ്യാസ ഓഫീസർമാരാണ്‌ പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലക്കാർ. സൈനികരുടെ കുട്ടികള്‍ക്കുള്ള സ്‌കൂളുകളുടെ ഭരണച്ചുമതലയും ലൈബ്രറികളുടെയും മറ്റു സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേൽനോട്ടവും വിദ്യാഭ്യാസ ഓഫീസർമാർ നിർവഹിക്കേണ്ടതുണ്ട്‌.

ഭരണശാഖ

സാങ്കേതിക കാര്യങ്ങളൊഴിച്ചുള്ള പൊതുവായ സംഘടനാപ്രശ്‌നങ്ങളും ഭരണപരമായ പ്രശ്‌നങ്ങളും ഈ ശാഖയാണ്‌ കൈകാര്യം ചെയ്യുന്നത്‌. അഡ്‌ജുറ്റന്റുമാർ, ആരോഗ്യകാര്യ ഓഫീസർമാർ, റിക്രൂട്ടിങ്‌ ഓഫീസർമാർ, ആകാശസഞ്ചാരനിയന്ത്രണ ഓഫീസർമാർ മുതലായവർ ഈ ശാഖയിൽപ്പെട്ടവരാണ്‌.

കാലാവസ്ഥാശാഖ

യുദ്ധകാലത്തും സമാധാനകാലത്തും ഒരുപോലെ വ്യോമസൈനികരുടെ സുഹൃത്തുക്കളും വഴികാട്ടികളുമായി പ്രവർത്തിക്കുന്നവരാണ്‌ ഈ ശാഖയിലെ ഓഫീസർമാർ. ഒറ്റയ്‌ക്കോ കൂട്ടായോ ആക്രമണ-പ്രതിരോധ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടിവരുന്ന വ്യോമസേനയിലെ വൈമാനികർക്ക്‌ ഇവരുടെ സഹായസഹകരണങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌. വ്യോമയാനത്തിന്‌ ആവശ്യമായ നിർണായകവസ്‌തുതകളാണ്‌ ഈ ശാഖ അപ്പപ്പോള്‍ നല്‌കുവാന്‍ ബാധ്യസ്ഥമായിട്ടുള്ളത്‌. കാലാവസ്ഥാസ്ഥിതിഗതികളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വസ്‌തുനിഷ്‌ഠമായ വിവരങ്ങളും വൈമാനികർക്ക്‌ മുറതെറ്റാതെ നല്‌കിക്കൊണ്ടിരിക്കുന്നതും ഈ ശാഖയാണ്‌.

അക്കൗണ്ട്‌സ്‌ശാഖ

സേനയുമായി ബന്ധപ്പെട്ട വരവു-ചെലവു കണക്കുകള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഈ ശാഖയാണ്‌. നോ. ആകാശാക്രമണങ്ങള്‍; ഇന്ത്യ; ഇന്ത്യന്‍ കരസേന; ഇന്ത്യന്‍ നാവികസേന; വ്യോമശക്തി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍