This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലി മുസലിയാർ (1853 - 1922)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:24, 28 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആലി മുസലിയാർ (1853 - 1922)

മലബാറിലെ ഖിലാഫത്ത്‌ നേതാവ്‌. കിഴക്കേ ഏറനാട്ടിലെ നെല്ലിക്കുന്ന്‌ എന്ന സ്ഥലത്ത്‌ 1853-ല്‍ ആലി മുസലിയാർ ജനിച്ചു. ഇദ്ദേഹത്തിന്റെ മാതാവ്‌ പൊന്നാനി മഖ്‌ദൂം കുടുംബത്തിലെ അംഗമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം ഇദ്ദേഹം 1880-ല്‍ ഉപരിപഠനത്തിനായി മക്കയിലേക്കുപോയി. ഏഴ്‌ കൊല്ലത്തോളം അവിടെ കഴിച്ചുകൂട്ടി വിവിധ ഇസ്‌ലാമിക വിജ്ഞാന ശാഖകളില്‍ പാണ്ഡിത്യം നേടി. പിന്നീട്‌ കവരത്തി ദ്വീപിലെ മതവിദ്യാഭ്യാസ സ്ഥാപനത്തില്‍ (ദർസ്‌) കുറച്ചുകാലം അധ്യാപനം നടത്തി. നാട്ടില്‍ മടങ്ങിയെത്തിയ ആലി മുസലിയാർ ഏറനാട്ടിലെ വിവിധഭാഗങ്ങളില്‍ മതപഠനക്ലാസ്സുകള്‍ നടത്തി. മലബാറിലെ ഒരു പ്രമുഖ ഹദീസ്‌ പണ്ഡിതനായിക്കഴിഞ്ഞിരുന്ന ഇദ്ദേഹം 1907-ല്‍ തിരൂരങ്ങാടി പള്ളിയില്‍ ദർസ്‌ നടത്താന്‍ നിയുക്തനായി.

തിരൂരങ്ങാടിയില്‍ 1920-ല്‍ ഖിലാഫത്ത്‌ കമ്മിറ്റി രൂപവത്‌കരിച്ചപ്പോള്‍ വൈസ്‌പ്രസിഡണ്ടുമാരില്‍ ഒരാള്‍ മുസലിയാർ ആയിരുന്നു; രാഷ്‌ട്രീയമായി ഒരുണർവുമില്ലാതെ ഉറങ്ങിക്കിടന്നിരുന്ന ഏറനാട്ടിലും വള്ളുവനാട്ടിലും ഇദ്ദേഹം ഖിലാഫത്ത്‌ സമിതികള്‍ രൂപവത്‌കരിച്ച്‌ പുതിയൊരു ചൈതന്യമുണ്ടാക്കി. മുസ്‌ലിങ്ങള്‍ ഖിലാഫത്ത്‌-കോണ്‍ഗ്രസ്‌ പ്രവർത്തനങ്ങളില്‍ പങ്കെടുത്തത്‌ ഭരണാധികാരികളെ അസ്വസ്ഥരാക്കി. പൂക്കോട്ടൂർസംഭവവും അതേതുടർന്ന്‌ ജയില്‍വിമുക്തരായ നേതാക്കന്മാർക്ക്‌ കോഴിക്കോട്ടുനല്‌കിയ സ്വീകരണവും (1921 ആഗ. 17) ജില്ലാ അധികൃതരെ പരിഭ്രാന്തരാക്കി. ഖിലാഫത്ത്‌-കോണ്‍ഗ്രസ്‌ പ്രസ്ഥാനം അടിച്ചമർത്താനുള്ള ഉദ്ദേശ്യത്തോടുകൂടി, പൂക്കോട്ടൂർ പ്രതികളെ അറസ്റ്റ്‌ ചെയ്യാനെന്ന നാട്യത്തില്‍ 1921 ആഗ. 19-ന്‌ ബ്രിട്ടിഷ്‌ ഭരണാധികാരികള്‍ പട്ടാളത്തോടുകൂടി തിരൂരങ്ങാടിയിലേക്ക്‌ തിരിച്ചു. ആഗ. 20-ന്‌ ഗവണ്മെന്റിന്റെ നിർദേശത്തിനു വിരുദ്ധമായി പട്ടാളം തിരൂരങ്ങാടിപ്പള്ളിയില്‍ കടന്ന്‌ പരിശോധന നടത്തി. അവിടെ ആലി മുസലിയാരെയോ ഇദ്ദേഹത്തിന്റെ അടുത്ത സഹപ്രവർത്തകരെയോ കണ്ടുകിട്ടിയില്ല. അപ്രധാനികളായ മൂന്നു പേരെമാത്രമാണ്‌ അറസ്റ്റുചെയ്യാന്‍ സാധിച്ചത്‌.

തിരൂരങ്ങാടിയില്‍ പട്ടാളം എത്തിയ വിവരം അറിഞ്ഞപ്പോള്‍ താനൂർ, പരപ്പനങ്ങാടി എന്നീ സ്ഥലങ്ങളില്‍നിന്ന്‌ വിവരം അറിയുവാന്‍ ഇറങ്ങിത്തിരിച്ച ജനക്കൂട്ടത്തിന്‌ നേരേ പട്ടാളം വെടിവച്ചു എന്നും എഴുപതോളം പേർ വധിക്കപ്പെട്ടു എന്നും രോഷാകുലരായ ജനങ്ങളെ സമാധാനപ്പെടുത്താന്‍ ആലി മുസലിയാർ തീവ്രശ്രമം നടത്തി എന്നും കരുതപ്പെടുന്നു. ആഗ. 20 മുതല്‍ 30 വരെ ആലി മുസലിയാർ തിരൂരങ്ങാടിയില്‍ രാജാവായി വാണുവെന്നും മറ്റും ബ്രിട്ടിഷ്‌ ഗവണ്മെന്റിന്റെ ചില പ്രസിദ്ധീകരണങ്ങളില്‍ പരാമർശിച്ചിട്ടുണ്ട്‌. സമാധാനം സ്ഥാപിക്കുക മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്ന്‌ എതിർഭാഗക്കാർ പറയുന്നു. ആലി മുസലിയാർ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെങ്കിലും അടുത്ത സഹപ്രവർത്തകരുടെ നിലപാട്‌ വ്യത്യസ്‌തമായിരുന്നു. ആഗ. 31-ന്‌ പട്ടാളം വീണ്ടും പള്ളി വളഞ്ഞു. വെടിവയ്‌പില്‍ പള്ളിയിലുണ്ടായിരുന്ന പലരും കൊല്ലപ്പെട്ടു. അവസാനം ആലി മുസലിയാരും 37 അനുയായികളും കീഴടങ്ങി. സ്‌പെഷ്യല്‍ കോടതി ആലി മുസലിയാരെ രാജാവിനെതിരായി യുദ്ധംചെയ്‌തതിനും ബ്രിട്ടിഷുദ്യോഗസ്ഥന്മാരെ വധിച്ചതിനും തൂക്കിക്കൊല്ലാന്‍ വിധിച്ചു; എങ്കിലും വിധി നടത്തുന്നതിനുമുമ്പുതന്നെ കോയമ്പത്തൂർ ജയിലില്‍വച്ച്‌ 1922 ഫെ. 17-ന്‌ ഇദ്ദേഹം നിര്യാണമടഞ്ഞു. നോ: മലബാർ കലാപം (എ.പി. അബ്‌ദുല്‍ റഹിമാന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍