This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡിനോസിന്‍ ഫോസ്ഫേറ്റുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഡിനോസിന്‍ ഫോസ്ഫേറ്റുകള്‍
Adenosine Phosphates അഡിനോസിന്‍ മോണോ ഫോസ്ഫേറ്റ് (AMP), അഡിനോസിന്‍ ഡൈ ഫോസ്ഫേറ്റ് (ADP), അഡിനോസിന്‍ ട്രൈഫോസ്ഫേറ്റ് (ATP) എന്നീ മൂന്ന് കോ എന്‍സൈമുകള്‍. അഡിനിന്‍, റൈബോസ്, ഫോസ്ഫോറിക് അമ്ളം എന്നീ മൂന്നംശങ്ങള്‍ യോജിച്ചുണ്ടായ ഇവ അഡിനിന്‍ വ്യുത്പന്നങ്ങളാണ്. അഡിനിന്‍, റൈബോസ് എന്നിവ യോജിച്ചുണ്ടായ യൌഗികത്തിന് അഡിനോസിന്‍ എന്നു പേരുള്ളതുകൊണ്ട് പ്രസ്തുതമായ ഈ മൂന്നു യൌഗികങ്ങളും അഡിനോസിന്‍ ഫോസ്ഫേറ്റുകളായി വ്യവഹരിക്കപ്പെടുന്നു. അഡിനോസിനിലുള്ള റൈബോസിന്റെ അഞ്ചാമത്തെ കാര്‍ബണ്‍ ആറ്റത്തോടാണ് ഫോസ്ഫേറ്റ് ഗ്രൂപ്പ് ബന്ധപ്പെട്ടിരിക്കുന്നത്. മൂന്നു യൌഗികങ്ങളെയും താഴെ ചിത്രീകരിച്ചു കാണിച്ചിരിക്കുന്നു. '~' എന്നത് ഉച്ചോര്‍ജബന്ധത്തെ സൂചിപ്പിക്കുന്ന ചിഹ്നമാണ്.
അഡിനോസിന്‍ മോണോ ഫോസ്ഫേറ്റിന്റെ മറ്റൊരു പേരാണ് അഡിനിലിക് അമ്ളം (adenylic acid). ഇതില്‍ ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പുണ്ട്. ഫോസ്ഫേറ്റ് ഗ്രൂപ്പിന്റെ സ്ഥാനവ്യത്യാസം അനുസരിച്ച് മൊത്തം നാല് അഡിനിലിക് അമ്ളങ്ങള്‍ ഉണ്ടെങ്കിലും അവയില്‍വച്ച് ഏറ്റവും മുഖ്യമായതാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. എ.റ്റി.പി.യില്‍നിന്നും എ.ഡി.പി.യില്‍ നിന്നും എന്‍സൈമിന്റെയോ അമ്ളത്തിന്റെയോ സാന്നിധ്യത്തില്‍ ജലീയവിശ്ളേഷണം (hydrolysis) വഴി എ.എം.പി. ലഭ്യമാകുന്നു. ശരീരത്തിനകത്തു കരളിലും മറ്റും സംഭരിച്ചുവച്ചിട്ടുള്ള ഗ്ളൈക്കൊജന്‍ എന്ന കാര്‍ബൊഹൈഡ്രേറ്റിനെ നിമ്നീകരിച്ച് വീണ്ടും ഗ്ളൂക്കോസ് ആക്കിമാറ്റുന്ന പ്രക്രിയയ്ക്കു തുടക്കമിടുന്ന ഫോസ്ഫോറിലേസ് എന്ന എന്‍സൈമിനെ ഉത്തേജിപ്പിക്കുന്ന ചുമതലയാണ് എ.എം.പി. മുഖ്യമായും നിര്‍വഹിക്കുന്നത്. കൂടാതെ കാര്‍ബൊഹൈഡ്രേറ്റ് ഉപാപചയത്തില്‍ (carbohydrate metabolism) പങ്കെടുക്കുന്ന മറ്റു പല എന്‍സൈമുകളുടെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. നോ: കാര്‍ബൊഹൈഡ്രേറ്റ് ഉപാപചയം
അഡിനോസിന്‍ ഡൈ ഫോസ്ഫേറ്റ് എന്നത് അഡിനിലിക് അമ്ളത്തോട് ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ് കൂടി ചേര്‍ന്നുണ്ടായ യൌഗികമാണ്. ഭാഗികമായ ജലീയവിശ്ളേഷണംമൂലം എ.റ്റി.പി.യില്‍ നിന്ന് ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ് നഷ്ടപ്പെട്ടു ലഭിക്കുന്ന യൌഗികമായും ഇതിനെ പരിഗണിക്കാം. കോശങ്ങളുടെ ഉപാപചയപ്രവര്‍ത്തനത്തില്‍ എ.റ്റി.പി.യില്‍ നിന്ന് ഇത് ഒരു ഇടയൌഗികമായി (intermediate compound) ഉണ്ടാകുന്നു. ധാരാളം ഊര്‍ജം മോചിപ്പിക്കുന്ന ഒരു രാസപ്രവര്‍ത്തനമാണിത്. ഈ ഊര്‍ജത്തെ കോശങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. എ.ഡി.പി. വീണ്ടും എ.റ്റി.പി. ആയിത്തീരുന്ന പ്രക്രിയയും തുല്യപ്രാധാന്യമുള്ള ഒന്നാണ്. ഷുഗറുകള്‍, അമിനൊ അമ്ളങ്ങള്‍, ലിപ്പിഡുകള്‍ എന്നിവയ്ക്ക് ഓക്സീകരണവും നിമ്നീകരണവും (degradation) സംഭവിക്കുമ്പോള്‍ മുക്തമാകുന്ന ഊര്‍ജത്തില്‍നിന്ന് ആവശ്യമുള്ളതു പിടിച്ചു പറ്റി എ.ഡി.പി. ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പുമായിച്ചേര്‍ന്നു വീണ്ടും എ.റ്റി.പി. ആകുന്നു. എ.എം.പി.യില്‍ നിന്ന് എ.ഡി.പി. ഉണ്ടാകുന്ന സന്ദര്‍ഭങ്ങളും ഉണ്ട്.
ഉപാപചയ പ്രക്രിയകളില്‍ ഏറ്റവും പ്രധാനമായ പങ്കു വഹിക്കുന്ന ഒരു യൌഗികമാണ് എ.റ്റി.പി. അമ്ളമാധ്യമത്തിലും ക്ഷാരമാധ്യമത്തിലും ഇതിന് ജലീയവിശ്ളേഷണം സംഭവിക്കും. ഇതില്‍ മൂന്ന് ഫോസ്ഫേറ്റ് ഗ്രൂപ്പ് ആവശ്യമുള്ളപ്പോള്‍ സംഭാവന ചെയ്യാന്‍ ഇതു സദാ സന്നദ്ധമാണ്. ഉദാഹരണമായി ഗ്ളൂക്കോസിന് ഗ്ളൂക്കോസ്-6 ഫോസ്ഫേറ്റ് ആകുവാന്‍ വേണ്ട ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഹെക്സൊകൈനേസ് എന്ന എന്‍സൈമിന്റെ സാന്നിധ്യത്തില്‍ എ.റ്റി.പി. പ്രദാനം ചെയ്യുന്നു; സ്വയം എ.ഡി.പി. ആയി മാറുകയും ചെയ്യുന്നു. മാംസപേശികളുടെ യാന്ത്രികമായ പ്രവര്‍ത്തനത്തിനു വേണ്ട ഊര്‍ജത്തിന്റെ ഏറ്റവും അടുത്ത ഉദ്ഗമസ്ഥാനം (immediate source) എ.റ്റി.പി. ആണ്. പ്രോട്ടീനുകളുടെ ഉദ്ഗ്രഥനം ശരീരത്തില്‍ സാധിപ്പിക്കുന്നതില്‍ അമിനൊ അമ്ളങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഇത് സഹായകമാണ്. നൂക്ളിയിക് അമ്ളങ്ങളുടെ ഉദ്ഗ്രഥനത്തിലും ഇതിനു പങ്കുണ്ട്.
എ.ഡി.പി.യും എ.റ്റി.പി.യും ജലീയവിശ്ളേഷണം വഴി ധാരാളം ഊര്‍ജം മോചിപ്പിക്കുന്ന യൌഗികങ്ങളാകയാല്‍ ഊര്‍ജശേഖരങ്ങളായി ഗണിക്കപ്പെടുന്നു. 'ഉച്ചോര്‍ജയൌഗികങ്ങള്‍' (high energy compounds) എന്ന് ഈ രണ്ടിനെയും വിശേഷിപ്പിക്കാറുമുണ്ട്.
ചാക്രിക എ.എം.പി. ഇതില്‍ ഫോസ്ഫേറ്റ് ഗ്രൂപ്പ്, അഡിനോസിനിലുള്ള റൈബോസിലെ 3-ഉം 5-ഉം കാര്‍ബണ്‍ അണുക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു സേതുവായി (bridge) വര്‍ത്തിക്കുന്നു. ഈ സവിശേഷതകൊണ്ടാണ് ഇതിനു സൈക്ളിക് എ.എം.പി. എന്ന പേര് ലഭിച്ചത്. അഡനിന്‍ സൈക്ളേസ് എന്ന എന്‍സൈം വ്യൂഹത്തിന്റെയും (enzyme system), മഗ്നീഷ്യം അയോണുകളുടെയും സാന്നിധ്യത്തില്‍ എ.റ്റി.പി.യില്‍ നിന്ന് ഇതു ശരീരത്തില്‍ ഉണ്ടാകുന്നു. സാമാന്യമായിപ്പറഞ്ഞാല്‍ ഉപാപചയപ്രക്രിയകളില്‍ ഇതു സാരമായ പങ്കുവഹിക്കുന്നുണ്ട്. കാര്‍ബൊഹൈഡ്രേറ്റ് ഉപാപചയത്തില്‍, പ്രവര്‍ത്തനക്ഷമത കുറഞ്ഞ ഫോസ്ഫോറിലേസ്-B എന്ന എന്‍സൈമിനെ കൂടുതല്‍ പ്രവര്‍ത്തനശേഷിയുള്ള ഫോസ്ഫോറിലേസ്-A ആക്കിമാറ്റുന്നതിന് ഇത് അത്യാവശ്യമാണ്. ഗ്ളൈക്കൊജന്‍ സംശ്ളേഷണത്തെയും ഇത് നിയന്ത്രിക്കുന്നു. സൈക്ളിക് എ.എം.പി.യുടെ പ്രവര്‍ത്തനത്തെയും പ്രാധാന്യത്തെയുംപറ്റി നടത്തിയ ഗവേഷണം അടിസ്ഥാനമാക്കി സതര്‍ലണ്ട് (Sutherland) എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന് 1971-ല്‍ നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.
ഒട്ടനേകം ഉപാപചയ പ്രക്രിയകളില്‍ അഡിനോസിന്‍ ഫോസ്ഫേറ്റുകള്‍ പങ്കെടുക്കുകയും പരസ്പരം രൂപാന്തരപ്പെടുകയും ചെയ്യുന്നു. അനേകം രാസപ്രവര്‍ത്തനങ്ങളില്‍ ഇവ മൂന്നും കോ-എന്‍സൈമുകള്‍ ആണ്. ഒരു ബേസും ഒരു ഷുഗറും, ഫോസ്ഫേറ്റ് ഗ്രൂപ്പും ചേര്‍ന്ന ഇത്തരം യൌഗികങ്ങള്‍ക്ക് മൊത്തത്തില്‍ നൂക്ളിയൊടൈഡുകള്‍ (nucleotides) എന്നൊരു സാങ്കേതികസംജ്ഞകൂടി ഉണ്ട്