This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഒഫ് ടെക്നോളജി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഒഫ് ടെക്നോളജി
രാഷ്ട്രത്തിന്റെ ശാസ്ത്രീയവും സാങ്കേതികശാസ്ത്രപരവുമായ പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിതമായ സാങ്കേതികവിദ്യാഭ്യാസ കേന്ദ്രങ്ങള്‍. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഐ.ഐ.റ്റികള്‍ക്ക് ഗണ്യമായ സ്ഥാനമാണുള്ളത്. സർവകലാശാലാ പദവിയുള്ള സ്വയംഭരണ സ്ഥാപനങ്ങളായ ഇവ കേന്ദ്രഗവണ്മെന്റിന് കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഒഫ് ടെക്നോളജി ആക്റ്റ് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. നിലവില്‍ 16 ഐ.ഐ.റ്റികളാണ് ഇന്ത്യയില്‍ പ്രവർത്തിക്കുന്നത്.
ഇന്ത്യയുടെ വ്യാവസായിക പുരോഗതിയെ ത്വരിതപ്പെടുത്തുന്നതിനായി, സാങ്കേതിക വിദ്യാഭ്യാസകേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠിക്കുവാന്‍ 1946-ല്‍ ഇന്ത്യാ ഗവണ്മെന്റ് സർക്കാർ കമ്മിറ്റിയെ (Sarkar Committee)ചുമതലപ്പെടുത്തി. മാസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെയും മറ്റ് അമേരിക്കന്‍ സർവകലാശാലകളുടെയും ചുവടുപിടിച്ച് പ്രത്യേക സാങ്കേതികവിദ്യാഭ്യാസകേന്ദ്രങ്ങള് വികസിപ്പിക്കുവാനുള്ള ശിപാർശയാണ് ഈ കമ്മിറ്റി സമർപ്പിച്ചത്. തുടർനടപടിയായി 1950-ല്‍ പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ ആദ്യത്തെ ഐ.ഐ.ടി. സ്ഥാപിതമായി. തുടർന്ന് ബോംബെ (1958), മദ്രാസ് (1959), കാണ്‍പൂർ (1960), ന്യൂഡല്‍ഹി (1963) ഗുവഹാത്തി (1994), റൂർക്കി (2001), ഭുവനേശ്വർ (2008), ഗാന്ധിനഗർ (2008), ഹൈദരാബാദ് (2008), പാറ്റ്ന (2008), റൂപാർ (2008), ജോധ്പൂർ (2008), ഇന്‍ഡോർ (2009), മാണ്ഡി (2009) എന്നിവിടങ്ങളില്‍ ഐ.ഐ.ടി.കള്‍ പ്രവർത്തനമാരംഭിച്ചു. വരാണാസിയിലുള്ള ബനാറസ് ഹിന്ദുസർവകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിക്ക് 2011-ല്‍ ഐ.ഐ.റ്റി. പദവി ലഭിച്ചു. ഓരോ ഐ.ഐ.റ്റി.യും പ്രതിവർഷം ആയിരക്കണക്കിന് വിദ്യാർഥികള്‍ക്ക് ബിരുദബിരുദാനന്തരപഠനം, ഗവേഷണം എന്നിവയ്ക്ക് സൗകര്യം നല്കുന്നതരത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. എന്‍ജിനീയറിങ്, ഇതര സാങ്കേതികവിജ്ഞാനങ്ങള്, ബിസിനസ്സ്/മാനേജ്മെന്റ് വിഷയങ്ങള്‍ എന്നീ മേഖലകളിലായി ബിരുദം, ബിരുദാനന്തരബിരുദം(Integrated post graduation), ഗവേഷണബിരുദം എന്നിവയിലേക്കു നയിക്കുന്ന വ്യത്യസ്ത പഠനപദ്ധതികള്ക്കാണ് ഐ.ഐ.റ്റി.കള്‍ പ്രാധാന്യം നല്‍കുന്നത്. വിപുലവും വൈവിധ്യമാർന്നതുമായ ഗ്രന്ഥസമുച്ചയത്തെയും ആഗോളതലഗവേഷണ പ്രസിദ്ധീകരണങ്ങളെയും ഉള്‍ക്കൊള്ളുന്ന ഗ്രന്ഥശാലകള്‍ ഓരോ ഐ.ഐ.റ്റി.യിലുമുണ്ട്. അഖിലേന്ത്യാതലത്തിലുള്ള സംയുക്തപ്രവേശനപ്പരീക്ഷ (JEE)യില്‍ ഉന്നതവിജയം കരസ്ഥമാക്കുന്നവർക്കാണ് ഐ.ഐ.റ്റി.കളിലെ ബിരുദകോഴ്സുകളില്‍ പ്രവേശനം നല്‍കുന്നത്. സാങ്കേതികമേഖലയില്‍ ഉയർന്ന ഉദ്യോഗങ്ങള്‍ നേടുന്നതിന് ഐ.ഐ.റ്റി.യില്‍ നിന്നുള്ള ബിരുദം ഒരു വിശേഷയോഗ്യതയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.