This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌ലിന്‍, മാർട്ടിന്‍ (1918 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:53, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എസ്‌ലിന്‍, മാർട്ടിന്‍ (1918 - 2002)

Esslin, Martin

എസ്‌ലിന്‍, മാർട്ടിന്‍

ബ്രിട്ടീഷ്‌ (ഇംഗ്ലീഷ്‌) നിരൂപകന്‍. 1918 ജൂണ്‍ 8-ന്‌ ഹംഗറിയിൽ ജനിച്ചു. 1947-ൽ ബ്രിട്ടീഷ്‌ പൗരത്വം സ്വീകരിച്ചു. വിയന്ന യൂണിവേഴ്‌സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. 1941-ൽ ബി.ബി.സി.യിൽ ചേർന്ന ഇദ്ദേഹം 1955 വരെ ബി.ബി.സി.യുടെ യൂറോപ്യന്‍ ഡിവിഷനിൽ നിർമാതാവും തിരക്കഥാകൃത്തുമായി ജോലിനോക്കി. തുടർന്ന്‌ യൂറോപ്യന്‍ പ്രാഡക്ഷന്‍ ഡിപ്പാർട്ടുമെന്റ്‌ ഉപമേധാവി, നാടകവിഭാഗം ഉപമേധാവി, നാടകവിഭാഗം (ശബ്‌ദം) മേധാവി എന്നീ നിലകളിൽ ഉയർന്നു. 1977-ൽ കാലിഫോർണിയയിലെ സ്റ്റാന്‍ഫോഡ്‌ യൂണിവേഴ്‌സിറ്റിയിൽ നാടകത്തിന്റെ പ്രാഫസറായി. ഓഡർ ഒഫ്‌ ദ്‌ ബ്രിട്ടീഷ്‌ എമ്പയർ (1972) ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.

ജർമന്‍ നാടകകൃത്തായ ബ്രഹ്‌റ്റിനെക്കുറിച്ച്‌ രചിച്ച ബ്രഹ്‌റ്റ്‌: എ ചോയ്‌സ്‌ ഒഫ്‌ ഈവിള്‍സ്‌: എ ക്രിട്ടിക്കൽ സ്റ്റഡി ഒഫ്‌ ദ്‌ മാന്‍, ഹിസ്‌ വർക്‌ ആന്‍ഡ്‌ ഹിസ്‌ ഒപ്പിനിയന്‍ (1950) എന്ന ഗ്രന്ഥത്തോടെയായിരുന്നു നിരൂപണരംഗത്തേക്കുള്ള എസ്‌ലിന്റെ പ്രവേശം. എന്നാൽ 1961-ൽ പ്രസിദ്ധീകരിച്ച ദ്‌ തിയെറ്റർ ഒഫ്‌ ദി അബ്‌സെഡ്‌ എന്ന രണ്ടാമത്തെ ഗ്രന്ഥമാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌തിക്കു മുഖ്യനിദാനം. ദി ആങ്‌ഗ്രി യങ്‌ മെന്‍, ദ്‌ ബീറ്റ്‌ ജനറെയ്‌ഷന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ പോലെ എസ്‌ലിന്റെ ദ്‌ തിയെറ്റർ ഒഫ്‌ ദി അബ്‌സെഡ്‌ എന്ന പ്രയോഗവും നിരൂപണരംഗത്തു സ്ഥിരപ്രതിഷ്‌ഠ നേടി. ബെക്കെറ്റ്‌, യോനെസ്‌കോ, ഷെനെ തുടങ്ങിയ നാടകകൃത്തുക്കളുടെ അസംബന്ധപ്രമേയത്തിന്റെ ന്യായവാദമെന്ന്‌ ഈ കൃതിയെ വിശേഷിപ്പിക്കാം. അസംബന്ധദർശനത്തെ സംശയത്തോടും ഒട്ടൊക്കെ പുച്ഛത്തോടും കൂടി വീക്ഷിച്ച ഒരു പ്രക്ഷകവൃന്ദത്തെ, ഈ നാടകകൃത്തുക്കളുടെ കൃതികള്‍ സുഗ്രഹമാണെന്നു മാത്രമല്ല, ആധുനികലോകത്ത്‌ അവയ്‌ക്ക്‌ വിലപ്പെട്ട സേവനം നിർവഹിക്കാനും കഴിയും എന്നു ബോധ്യപ്പെടുത്തിയതാണ്‌ എസ്‌ലിന്റെ മഹത്തായ സംഭാവന. അസംബന്ധദർശനം നമ്മുടെ കാലഘട്ടത്തിന്റെ സവിശേഷ ചിന്താഗതിയാണെന്നു മാത്രമല്ല, മുന്‍കാല ദർശനങ്ങളെയും വിശ്വാസസംഹിതകളെയുംകാള്‍ കൂടുതൽ സത്യസന്ധമാണെന്നുകൂടി ആ നിരൂപകന്‍ നിരീക്ഷിച്ചു. മനുഷ്യജീവിതത്തിലെയും പ്രകൃതിയിലെയും പ്രതിഭാസങ്ങള്‍ക്ക്‌ സുബദ്ധവും സുലളിതവുമായ വ്യാഖ്യാനം അസാധ്യമാണെന്ന്‌ ഉദ്‌ഘോഷിക്കുന്ന ആധുനിക ശാസ്‌ത്രീയ വീക്ഷണത്തിൽ ഊന്നി നിന്നായിരുന്നു എസ്‌ലിന്‍ തന്റെ സിദ്ധാന്തം ആവിഷ്‌കരിച്ചത്‌. മനുഷ്യജീവിതത്തിലെ അസുഖകരമായ സത്യങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറാന്‍ വിസമ്മതിക്കുക വഴി അസാധാരണമായ ധൈര്യമാണ്‌ അസംബന്ധനാടകകൃത്ത്‌ പ്രദർശിപ്പിക്കുന്നതെന്നത്ര എസ്‌ലിന്റെ മതം. മാത്രമല്ല, അസംബന്ധനാടകവേദിക്ക്‌ ഒരുതരം ചികിത്സാധർമം (Therapeutic function) നിർവഹിക്കാനുണ്ടെന്ന വാദം കൂടി ഇദ്ദേഹം ഉന്നയിക്കുകയുണ്ടായി. മനുഷ്യജീവിതത്തിന്റെ ഭ്രാന്തമായ അവസ്ഥയെ മുഖാമുഖം കാണുന്ന പ്രക്ഷകന്‍ സകലവിധ മായാമോഹങ്ങളെയും അതിജീവിച്ച്‌ ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കരുത്തുനേടുന്നുവെന്നതാണ്‌ എസ്‌ലിന്റെ വാദത്തിന്റെ കാതലായ അംശം. എസ്‌ലിന്റെ സിദ്ധാന്തത്തിന്‌ അരിസ്റ്റോട്ടലിന്റെ വിരേചന സിദ്ധാന്തവുമായുള്ള സാദൃശ്യം ശ്രദ്ധേയമാണ്‌.

ഹാരള്‍ഡ്‌ പിന്റർ (1967), റിഫ്‌ളെക്ഷന്‍സ്‌: എസ്സെയ്‌സ്‌ ഓണ്‍ മോഡേണ്‍ തിയെറ്റർ (1969), ദ്‌ പീപ്പിള്‍ വൂണ്‍ഡഡ്‌: ദ്‌ വർക്ക്‌ ഒഫ്‌ ഹാരള്‍ഡ്‌ പിന്റർ (1970), ആന്‍ അനാറ്റമി ഒഫ്‌ ഡ്രാമ (1976), മെഡിറ്റെയ്‌ഷന്‍സ്‌: എസ്സെയ്‌സ്‌ ഒണ്‍ ബ്രശ്‌റ്റ്‌, ബെക്കെറ്റ്‌ ആന്‍ഡ്‌ ദ്‌ മീഡിയ (1980), ഫീൽഡ്‌ ഒഫ്‌ ഡ്രാമ (1990) എന്നിവയാണ്‌ എസ്‌ലിന്റെ മറ്റു പ്രധാന ഗ്രന്ഥങ്ങള്‍. ബ്രിട്ടീഷ്‌ നാടകകൃത്തായ ഹാരള്‍ഡ്‌ പിന്റെറെപ്പറ്റിയുള്ള ഗ്രന്ഥത്തിൽ പിന്റെറുടെ ലോക വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ കൃതികളിൽ കാണുന്ന അനിയതത്വത്തെ (ശിറലലേൃാശിമിര്യ) സാധൂകരിക്കയാണ്‌ എസ്‌ലിന്‍ ചെയ്യുന്നത്‌. 2002 ഫെ. 24-ന്‌ അന്തരിച്ചു.

(ആർ.എൽ. വേണു.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍