This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:59, 9 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റി

നിയമനിർമാണസഭകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു സമിതി. നിയമനിർമാണസഭയോ സ്‌പീക്കറോ ആവശ്യപ്പെടുന്നതനുസരിച്ച്‌ ഈ സമിതി അടങ്കലുകള്‍ (estimates) പരിശോധിക്കുന്നു.

1. പ്രാരംഭം. എസ്റ്റിമേറ്റിന്റെ നയങ്ങള്‍ക്കനുസൃതമായി ചെലവു ചുരുക്കലുകളും ഭരണപരമായ പരിഷ്‌കാരങ്ങളും നിർദേശിക്കുക, ഭരണതലത്തിൽ ചെലവുകള്‍ കുറയ്‌ക്കുന്നതിനും കാര്യക്ഷമത കൈവരുത്തുന്നതിനുംവേണ്ട ബദൽ നിർദേശങ്ങള്‍ അവതരിപ്പിക്കുക, എസ്റ്റിമേറ്റുകള്‍ക്കനുസൃതമായാണോ പണം നീക്കിവച്ചിട്ടുള്ളതെന്ന്‌ പരിശോധിക്കുക, നിയമനിർമാണസഭയിൽ എസ്റ്റിമേറ്റുകള്‍ അവതരിപ്പിക്കേണ്ടതിന്റെ രീതി നിർദേശിക്കുക എന്നിവ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽപ്പെടുന്നു.

പൊതുമേഖലാസംരംഭങ്ങളുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നതിന്‌ പ്രത്യേക സമിതികള്‍ നിലവിലുള്ളതുകൊണ്ട്‌ എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റി പൊതുമേഖലാസംരംഭങ്ങളുടെ കാര്യങ്ങളിൽ ഇടപെടാറില്ല. ഇന്ത്യന്‍ പാർലമെന്റിന്റെ എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റിയിൽ 30-ൽ കവിയാത്ത അംഗങ്ങളാണുള്ളത്‌. ലോക്‌സഭയിലെ അംഗങ്ങളിൽ നിന്നാണ്‌ എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്‌; ലോക്‌സഭയുടെ എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റിയുടെ കാലാവധി ഒരു വർഷമാണ്‌. ഒരു ചെയർപേഴ്‌സണും അംഗങ്ങളും എന്ന നിലയിലാണ്‌ കമ്മിറ്റിയുടെ ഘടന.

സംസ്ഥാന നിയമസഭകളിലും എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റികള്‍ ഉണ്ട്‌. നിയമസഭയിലെ അംഗങ്ങളിൽ നിന്നാണ്‌ എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റി അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത്‌; കാലാവധി രണ്ടുവർഷവും. ഒരു മന്ത്രിക്ക്‌ എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റി അംഗമാകുവാന്‍ പാടില്ല; കമ്മിറ്റിയിലെ ഒരു അംഗം മന്ത്രിയായി നിയുക്തനായാൽ ആ ദിവസം മുതൽ എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റിയിലെ അംഗത്വം ഇല്ലാതാകുന്നതാണ്‌. ഒരു സാമ്പത്തികവർഷത്തെ എസ്റ്റിമേറ്റുകള്‍ മുഴുവന്‍ കമ്മിറ്റി പരിശോധനയ്‌ക്ക്‌ വിധേയമാക്കുകയും റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്യുന്നു. എസ്റ്റിമേറ്റുകള്‍ കമ്മിറ്റി പരിശോധിച്ചിട്ടില്ലെന്നുണ്ടെങ്കിൽ പോലും ധനാഭ്യർഥനകള്‍ പാസ്സാക്കപ്പെടാറുണ്ട്‌.

എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റിയെ സംബന്ധിച്ച വ്യവസ്ഥകള്‍ ലോക്‌സഭാ ചട്ടങ്ങളിലും (310-312) കേരള നിയമസഭാചട്ടങ്ങളിലും (233-35) ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

2. പ്രവർത്തനരീതി. എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റി രൂപീകൃതമായിക്കഴിഞ്ഞാൽ പരിശോധനാവിധേയമാക്കേണ്ട വിഷയത്തെപ്രതിയുള്ള രേഖകള്‍ ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും വിളിച്ചുവരുത്തി പഠിക്കുന്നു. കാലാകാലങ്ങളിൽ ഒന്നോ അതിലധികമോ ഉപകമ്മിറ്റികളെ ചുമതലകള്‍ ഏല്‌പിക്കാറുമുണ്ട്‌. പണത്തിന്‌ ആവശ്യമെന്നു കണ്ടാൽ സ്‌പീക്കറുടെ മുന്‍കൂർ അനുമതിയോടെ യാത്രകള്‍ ചെയ്യുന്നതിനും അധികാരമുണ്ട്‌. ഈവിധ യാത്രക്കിടയിൽ ക്യാമ്പ്‌ സിറ്റിങ്‌ നടത്തുന്നതിനും വ്യവസ്ഥയുണ്ട്‌. എന്നാൽ തെളിവു ശേഖരിക്കുന്നതിനോ തീരുമാനമെടുക്കുന്നതിനോ ഇത്തരം സന്ദർഭങ്ങള്‍ ഉപയോഗിക്കാവുന്നതല്ല. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും വകുപ്പുതലത്തിലും നടത്തുന്ന ആശയവിനിമയങ്ങള്‍ രഹസ്യസ്വഭാവമുള്ളവയാണ്‌. സാക്ഷികളെ വിളിച്ചുവരുത്തുന്നതിനും തെളിവെടുക്കുന്നതിനും മറ്റുമുള്ള സിവിൽക്കോടതിയുടെ അധികാരങ്ങള്‍ കമ്മിറ്റിക്കുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍