This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എവറസ്റ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:41, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എവറസ്റ്റ്‌

Everest

എവറസ്റ്റ്‌ കൊടുമുടി

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി. ഹിമാലയത്തിന്റെ മധ്യനിരകളിൽപ്പെടുന്ന അത്യുന്നതങ്ങളായ പതിനാല്‌ കൊടുമുടികളിൽവച്ച്‌ ഏറ്റവും വലുത്‌. വടക്ക്‌ കിഴക്കുനിന്ന്‌ നോക്കിയാൽ യാതൊരു മറവുമില്ലാതെ കാണാവുന്ന എവറസ്റ്റിന്റെ ഉയരം സമുദ്രനിരപ്പിൽനിന്ന്‌ 8,848 മീ. ആണ്‌. നേപ്പാള്‍-തിബത്ത്‌ അതിർത്തിയോടടുത്ത്‌ നേപ്പാള്‍ രാജ്യത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു; 270 59' 12" വടക്ക്‌; 860 56' 6" കിഴക്ക്‌. ഇതിന്റെ സ്ഥാനവും ഉയരവും മാത്രമല്ല ഇന്ത്യയുടെ തന്നെ അക്ഷാംശ-രേഖാംശങ്ങളും കൃത്യമായി നിർണയിച്ച ഭൂസർവേക്ഷണ വിദഗ്‌ധനായ ജോർജ്‌ എവറസ്റ്റിനെ ആദരിച്ച്‌ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ കേണൽ ആന്‍ഡ്രൂ വാഗ്‌ ആണ്‌ ഈ കൊടുമുടിക്ക്‌ എവറസ്റ്റ്‌ എന്ന പേര്‌ നല്‌കിയത്‌. ഭാരതീയ പുരാണങ്ങളിൽ പരാമൃഷ്‌ടമായിട്ടുള്ള ഗൗരീശങ്കരം, എവറസ്റ്റ്‌ കൊടുമുടിയാണെന്ന്‌ കരുതപ്പെടുന്നു. തിബത്തിൽ ഇതിന്‌ ചോമലുങ്‌മ(Chomolungma) എന്നാണ്‌ പേര്‌; ഭൂലോകമാതാവ്‌ എന്നാണ്‌ ഈ പദത്തിനർഥം. ചൈനയിൽ ചുമുലാങ്‌മഫെങ്‌ (chu-mu-lang-ma Feng) എന്ന പേരിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.

വടക്കു പടിഞ്ഞാറും തെക്കു പടിഞ്ഞാറും കിഴക്കും ഭാഗങ്ങള്‍ ചെങ്കുത്തായുള്ള മൂന്ന്‌ പാർശ്വങ്ങളോടുകൂടിയ ഒരു പിരമിഡിന്റെ ആകൃതിയാണ്‌ എവറസ്റ്റിനുള്ളത്‌. ഈ പാർശ്വങ്ങള്‍ക്കിടയ്‌ക്കുനിന്ന്‌ വടക്കു കിഴക്കും തെക്കു കിഴക്കും പടിഞ്ഞാറും ദിശകളിലേക്കു വരമ്പുപോലെ നീണ്ടുപോകുന്ന മൂന്ന്‌ ISI(ridge) ങ്ങളുമുണ്ട്‌; ഇവയിൽ വടക്ക്‌ കിഴക്കുള്ളതിനാണ്‌ നീളക്കൂടുതൽ. ഇവയുടെ സംഗമസ്ഥാനത്ത്‌ 8,848 മീറ്ററും 8,748 മീറ്ററും ഉയരമുള്ള രണ്ട്‌ ഗിരിശൃംഗങ്ങളുണ്ട്‌. കടകങ്ങള്‍ക്കിടയിലുള്ള നാല്‌ ഹിമാനികള്‍ കൊടുമുടിയിൽനിന്ന്‌ ഒഴുകിയിറങ്ങുന്നു. ഇവയിൽ മൂന്നെണ്ണം വലുതും ഒന്ന്‌ ചെറുതുമാണ്‌. കിഴക്കോട്ടു പോകുന്ന കങ്‌ഷങ്‌ ഹിമാനി (Kang Shung glacier) ജലീഭവിക്കുന്നതുമൂലമാണ്‌ തിബത്തിലെ കർമ ചൂ (Karma chu) നദി രൂപംകൊള്ളുന്നത്‌. തെക്കോട്ടുപോകുന്ന ഖുംബു (Khumbu)ഹിമാനിയിൽനിന്നും നേപ്പാളിലെ ലോബുജ്‌യ ഖോള (Lobujya Khola)നദിയും വടക്കോട്ടുപോകുന്ന റോങ്‌ബുക്ക്‌ (Rongbuk) ഹിമാനി, ചെറിയ ഹിമാനികളായ പുമേരി എന്നിവയിൽനിന്നും തിബത്തിലെ റോങ്‌ചു (Rongchu) നദിയും രൂപംകൊള്ളുന്നു. തലപ്പത്തുനിന്ന്‌ അപ്പോഴപ്പോഴായി വീഴുന്ന അവലാഞ്ചുകളാലാണ്‌ ഹിമാനികള്‍ വികസിക്കുന്നത്‌.

നേപ്പാളിലെ ഹിമാലയ മേഖലകളെ സംബന്ധിച്ച ഭൂവിജ്ഞാനീയപഠനങ്ങള്‍ 1949 മുതല്‌ക്കാണ്‌ ആരംഭിച്ചതെന്നു പറയാം. അതിനുമുന്‍പുതന്നെ ഹുക്കർ (1848), മെഡ്‌ലിക്കോട്ട്‌ (1875), ആഡിന്‍ (1935), ഗാന്‍സർ (1939) എന്നിവർ ഈ മേഖലയിലെ ഭൂഗർഭീയ പരിതഃസ്ഥിതികളെ സംബന്ധിച്ച അടിസ്ഥാനപരമായ വസ്‌തുതകളിലേക്ക്‌ വെളിച്ചം വീശിയിരുന്നു. എവറസ്റ്റ്‌ ഗിരിശൃംഗങ്ങള്‍ വിശേഷയിനം ചുണ്ണാമ്പുകല്ലുകൊണ്ടാണ്‌ സംരചിതമായിട്ടുള്ളത്‌. ഇവ പെർമോ-കാർബോണിഫെറസ്‌ ഘട്ടത്തിൽ, 34-23 കോടിവർഷം മുന്‍പ്‌, ടെഥിസ്‌ സമുദ്രത്തിൽ നിക്ഷിപ്‌തമായവയാണ്‌. ഇവയ്‌ക്കു താഴെ പെലിറ്റിക വ്യൂഹത്തിൽപ്പെട്ട ശിലാപ്രസ്‌തരങ്ങള്‍ കാണാം. സൂക്ഷ്‌മപരലുകളാൽ നിർമിതമായ നൈസ്‌, ഫില്ലൈറ്റ്‌ എന്നിവ കൂടാതെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ഗ്രാനൈറ്റ്‌ ശിലകളും കാണപ്പെടുന്നു. അവസാദസ്‌തരങ്ങള്‍ ഒടിഞ്ഞുമടങ്ങി ഉയരാന്‍ ആരംഭിച്ചത്‌, 260-70 ലക്ഷം വർഷംമുമ്പ്‌, മയോസീന്‍യുഗത്തിലാണ്‌. പർവതനം പല ഘട്ടങ്ങളിലാണ്‌ നടന്നിട്ടുള്ളത്‌. തീവ്രമായ വിവർത്തനിക പ്രക്രിയകള്‍ക്കാണ്‌ ഈ മേഖല വിധേയമായിട്ടുള്ളത്‌. വലനം, ഭ്രംശം, നാപ്പേഘടനകള്‍ (nappe structures) തുടങ്ങിയവ ഇത്‌ വ്യക്തമാക്കുന്നു. പ്ലീസ്റ്റോസീന്‍ യുഗത്തിൽ ഉദ്ദേശം 10,000 വർഷംമുമ്പാണ്‌ പർവതനം പരിസമാപ്‌തിയിലെത്തിയത്‌. 1852-ൽ ജോർജ്‌ എവറസ്റ്റിന്റെ നേതൃത്വത്തിലുള്ള സമഗ്രമായ ത്രിഭുജന സർവേക്ഷണ(Triangulation survey)ത്തിലൂടെ എവറസ്റ്റിന്റെ ഉയരം 8,840 മീ. (29,002') എന്ന്‌ കണക്കാക്കുകയുണ്ടായി. 1952-55-ലെ ജിയോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യയുടെ കണക്കനുസരിച്ച്‌ ഇതിന്‌ എട്ട്‌ മീ. (26') ഉയരക്കൂടുതലുണ്ട്‌; ഇന്നും തുടരുന്ന പർവതനപ്രക്രിയയിലൂടെ കൊടുമുടി അനുസ്യൂതം വളരുന്നതാകാം കാരണം.

മരവിപ്പിക്കുന്ന തണുപ്പും ഹിമധൂളികള്‍ വഹിക്കുന്ന അതിശക്തിയായ കാറ്റും ഹിമപാതവും പ്രാണവായുവിന്റെ കുറവും കാരണം കൊടുമുടിയും സാനുപ്രദേശങ്ങളും സസ്യജന്തുരഹിതമാണ്‌. പകൽസമയത്ത്‌ പൊരിയുന്ന ചൂടിന്‌ 690C-ഉം രാത്രിയിൽ മരംകോച്ചുന്ന തണുപ്പിന്‌-400C-ഉം താപനിലകള്‍ അനുഭവപ്പെടുന്നു. ഹിമഗുഹകളിൽ വസിക്കുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്ന ഹിമമനുഷ്യനായ യതി(Yeti)യെ പലരും കണ്ടതായി രേഖകളുണ്ട്‌; മഞ്ഞിൽ പതിഞ്ഞ അവയുടെ കാൽപ്പാടുകളുടെ ചിത്രങ്ങളും ശേഖരിച്ചിട്ടുണ്ട്‌. ഖുംബു താഴ്‌വരയിൽ 3,650-4,000 മീ. ഉയരത്തിൽ ഷെർപ്പഗ്രാമങ്ങളുണ്ട്‌; ഷെർപ്പകള്‍ അലഞ്ഞുതിരിഞ്ഞ്‌ ജീവിക്കുന്നവരാണ്‌. വേനൽക്കാലത്ത്‌ 5,000 മീ. വരെ ഉയരത്തിൽ അവർ കുടിയേറാറുണ്ട്‌. ഭക്തിയോടുകൂടി മാത്രം എവറസ്റ്റിനെ വീക്ഷിക്കുന്ന ഇക്കൂട്ടർ ഇവിടങ്ങളിലൊക്കെ ധാരാളം ബുദ്ധവിഹാരങ്ങള്‍ നിർമിച്ചിട്ടുണ്ട്‌; വിഹാരങ്ങളുടെ പരിസരം ഉപ്പന്‍, വാന്‍കോഴി, മാന്‍ തുടങ്ങി ഇവിടങ്ങളിൽ കാണപ്പെടുന്ന പക്ഷിമൃഗാദികളുടെ സംരക്ഷിതമേഖലയാണ്‌.

കേണൽ ജോണ്‍ഹണ്ട്‌

20-ാം ശതകത്തിന്റെ ആദ്യദശകങ്ങളിലും വിദേശീയർക്ക്‌ ഹിമാലയസാനുക്കളിലെ തിബത്ത്‌, നേപ്പാള്‍, ഭൂട്ടാന്‍, സിക്കിം എന്നീ രാജ്യങ്ങളുടെ അതിർത്തിക്കുള്ളിൽ പ്രവേശനം നിഷേധിച്ചിരുന്നു. 19-ാം ശതകത്തിന്റെ മധ്യത്തിൽ ജോർജ്‌ എവറസ്റ്റിന്റെ നേതൃത്വത്തിൽ വിദഗ്‌ധ പരിശീലനം നേടിയ മലവർഗക്കാരാണ്‌ കച്ചവടക്കാരെന്ന വ്യാജേന ഈ രാജ്യങ്ങളിൽ സഞ്ചരിച്ച്‌ സർവേക്ഷണം നടത്തിയത്‌. പര്യവേക്ഷണ പണ്ഡിതന്മാർ (pandit explorers)എന്നറിയപ്പെടുന്ന ഇവരിൽ ഒരാള്‍ (രാധാനാഥ്‌ സിക്‌ധർ) ആണ്‌ 1852-ൽ ആദ്യമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി(29,002')യുടെ സാന്നിധ്യം മനസ്സിലാക്കിയത്‌.

1913-ൽ ഇന്ത്യയിലെത്തിയ ജോണ്‍ നൊയ്‌ൽ തിബത്തിലെ സൈനികരാൽ പല പ്രാവശ്യം പിന്തിരിപ്പിക്കപ്പെട്ടെങ്കിലും 6,000 മീ. വരെ നുഴഞ്ഞു കയറുകയുണ്ടായി. അതിനുമുന്‍പ്‌ കൊടുമുടിയുടെ അടിവാരത്തുപോലും ഒരൊറ്റ യൂറോപ്യനും എത്തിച്ചേർന്നിരുന്നില്ല. ഒന്നാംലോകയുദ്ധാനന്തരം തിബത്തിലെ ദലായി ലാമയുടെ അനുവാദത്തോടെ എവറസ്റ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, 1921-ൽ ക്യാപ്‌റ്റന്‍ നൊയ്‌ൽ ഉള്‍ക്കൊള്ളുന്ന ഒരു ബ്രിട്ടീഷ്‌ സൈന്യമാണ്‌ എവറസ്റ്റാരോഹണത്തിനു തുടക്കം കുറിച്ചത്‌. കിഴക്കന്‍ റോങ്‌ബുക്‌ ഹിമാനി കയറി വടക്കേവരമ്പിലുള്ള നോർത്ത്‌ കോളി(North Coli)ൽ എത്തുകയായിരുന്നു ലക്ഷ്യം. അന്തരീക്ഷത്തിലെ പ്രാണവായുവിന്റെ അപര്യാപ്‌തത അവരുടെ മുന്നേറ്റത്തെ തടഞ്ഞു. 1922-ൽ ചാള്‍സ്‌ ബ്രൂസിന്റെ നേതൃത്വത്തിൽ ഘട്ടങ്ങളായി നടത്തിയ ആരോഹണത്തിനിടയിൽ മൂന്നാംഘട്ടത്തിൽ സംഘം നോർത്തുകോള്‍ ഏതാണ്ട്‌ സമീപിച്ചപ്പോഴാണ്‌ ഏഴ്‌ ഷെർപ്പ ചുമട്ടുകാർ അവലാഞ്ചിനടിയിൽപ്പെട്ട്‌ ദാരുണമായി മരണമടഞ്ഞത്‌. ഈ രണ്ട്‌ പര്യടനങ്ങളിൽനിന്ന്‌ 7,800 മീറ്ററിന്‌ മേൽ പ്രാണവായു കൈവശമില്ലാത്ത ആരോഹണം അസാധ്യമാണെന്നും ആരോഹകരെന്ന നിലയിൽ ഷെർപ്പ ചുമട്ടുകാരുടെ പ്രാധാന്യം അംഗീകരിക്കപ്പെടേണ്ടതാണെന്നും ബോധ്യമായി. മൂന്നാം പ്രാവശ്യം 1924-ൽ കേണൽ നോർട്ടന്റെ നേതൃത്വത്തിലുള്ള സംഘം നോർത്തിനു മുകളിൽ 8,400 മീ. വരെയെത്തി. സംഘത്തിൽനിന്ന്‌ ജൂണ്‍ 6-ന്‌ ആരോഹണമാരംഭിച്ച മാല്ലറി, ഇർവിന്‍ എന്നിവരെപ്പറ്റി പിന്നീട്‌ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ടെന്‍സിങ്‌ നോർകെ

രണ്ടാം ലോകയുദ്ധത്തിനുമുന്‍പ്‌ 1933, 35, 36, 38 എന്നീ വർഷങ്ങളിൽ നോർത്തുകോളിൽനിന്ന്‌ എവറസ്റ്റാരോഹണം നടത്തുകയുണ്ടായി. രണ്ടാം ലോകയുദ്ധത്തെത്തുടർന്ന്‌ 1947-ൽ നേപ്പാള്‍, വിദേശീയർക്കെതിരെ നിലവിലിരുന്ന നിരോധനം പിന്‍വലിച്ചു. എന്നാൽ 1950-ൽ ചൈന തിബത്തിന്റെ ആധിപത്യമേറ്റതോടെ ഉത്തരമാർഗം പർവതാരോഹകർക്ക്‌ നിഷേധിക്കപ്പെട്ടു. 1951-ൽ എറിക്‌ ഷിപ്‌ടന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്‌ സംഘം തെക്കേച്ചരിവിലൂടെയുള്ള ആരോഹണത്തിനു തുടക്കം കുറിച്ചു. പര്യടനലക്ഷ്യം കൊടുമുടി കീഴടക്കുകയായിരുന്നില്ല; അതിനുള്ള എളുപ്പമാർഗം നിർണയിക്കുകയായിരുന്നു. ഖുംബു ഹിമാനി ഒഴുകിയിറങ്ങുന്ന പശ്ചിമകടകം കൊടുമുടിയിലേക്കുള്ള അപായം കുറഞ്ഞ മാർഗമാണെന്ന്‌ ഈ പര്യടനത്തിലൂടെ മനസ്സിലാക്കി. ഹിമാനിയുടെ മുകളറ്റത്തുള്ള ചെങ്കുത്തായ ഒരു ഐസ്‌ ഭിത്തിക്കുമേൽ ഭീകരമായ ഒരു വിള്ളൽ(crevasse) ഉണ്ട്‌. ഈ ഭാഗങ്ങള്‍ മാരകമായ ഹിമപ്രപാതത്തിന്റെ സങ്കേതങ്ങളാണ്‌. വിള്ളലിനുമപ്പുറത്തുള്ള മഞ്ഞിന്‍ താഴ്‌വരയാണ്‌ പടിഞ്ഞാറന്‍ കും(Western Cwin); 1921-ൽ മാല്ലറിയാണ്‌ ഇതിന്‌ ഈ പേർ നല്‌കിയത്‌. താഴ്‌വരയുടെ തലപ്പത്തുള്ള കടകം എവറസ്റ്റിനെയും സഹോദരശൃംഗങ്ങളായ ലോട്‌സ്‌ (Lhots) കെ, ലോട്‌സ്‌ കക എന്നിവയെയും യോജിപ്പിക്കുന്നു. എവറസ്റ്റിനും ലോട്‌സിനുമിടയ്‌ക്ക്‌ കടകത്തിലുള്ള താഴ്‌ന്ന ഭാഗമാണ്‌ സൗത്ത്‌കോള്‍. ഷിപ്‌ടണ്‍ നിർദേശിച്ച പാത ഹിമാനി കടന്ന്‌ വിള്ളലും താണ്ടി ആദ്യം പടിഞ്ഞാറന്‍ കും-ൽ എത്തുകയും പിന്നീട്‌ അവിടെനിന്നു കടകമാർഗത്തിലൂടെ കോള്‍ കടന്നു ശൃംഗത്തിലെത്തിച്ചേരുക എന്നതുമായിരുന്നു. 1952-ൽ രണ്ടുതവണ സ്വിസ്‌ സംഘങ്ങള്‍ എവറസ്റ്റാരോഹണം നടത്തുകയുണ്ടായി; റെയ്‌മണ്ട്‌ ലാംബെർട്‌, ടെന്‍സിങ്‌ നോർകെ എന്നിവർ എവറസ്റ്റിന്റെ ഉച്ചിയിൽനിന്ന്‌ 230 മീ. താഴത്ത്‌ എത്തുകയുണ്ടായി. കീഴടക്കുക അല്ലെങ്കിൽ മരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ 1953 ഏ. 13-ന്‌ കേണൽ ജോണ്‍ഹണ്ടിന്റെ നേതൃത്വത്തിലുള്ള ഐതിഹാസിക പര്യടനമാരംഭിച്ചത്‌. മൂന്ന്‌ ദശാബ്‌ദക്കാലത്തെ എവറസ്റ്റാരോഹണ ചരിത്രത്തിലെ എട്ടാമത്തെ സംഘമാണ്‌ ഹണ്ടിന്റേത്‌; കൂടാതെ 1951-ലേതുപോലെ മൂന്ന്‌ പ്രാരംഭപര്യടനങ്ങള്‍ വേറെയും നടന്നിട്ടുണ്ട്‌. 1954-55 വർഷങ്ങളിൽ ഫ്രഞ്ച്‌ സംഘങ്ങള്‍ കൊടുമുടി കയറുവാന്‍ നിശ്ചയിച്ചിരുന്നുവെന്നത്‌ ഇവരുടെ ഉശിരിന്‌ ആക്കം വർധിപ്പിച്ചു. മൂന്ന്‌ ശാസ്‌ത്രജ്ഞന്മാർ., മൂന്ന്‌ ഡോക്‌ടർമാർ, രണ്ടധ്യാപകർ, ന്യൂസിലന്‍ഡിൽനിന്നും എത്തിയ തേനീച്ചവളർത്തുകാരനായ എഡ്‌മണ്ട്‌ ഹില്ലാരി, ഒരു പട്ടാള ഉദേ്യാഗസ്ഥന്‍, ഒരു ട്രാവൽ ഏജന്റ്‌, ഒരു ഫോട്ടോഗ്രാഫർ, ഒരു ഷെർപ്പയായ ടെന്‍സിങ്‌ നോർകെ എന്നിവരായിരുന്നു മറ്റു സംഘാംഗങ്ങള്‍. 14 പേർ ഉള്‍ക്കൊള്ളുന്ന സംഘം മേൽവിവരിച്ച പാതയിലൂടെയാണ്‌ ആരോഹണം നടത്തിയത്‌. ഖുംബു ഹിമപ്രപാത സങ്കേതങ്ങളിലുള്ള മാരകമായ അപകടങ്ങള്‍ പതിയിരിക്കുന്ന ഭാഗങ്ങള്‍ക്ക്‌ നരകാനലവീഥി (Hell-fire Alley), ആറ്റംബോംബ്‌ തുടങ്ങിയ പേരുകള്‍ നല്‌കിക്കൊണ്ടാണ്‌ സംഘം മുന്നേറിയത്‌.

മേയ്‌ 27-ന്‌ ടെന്‍സിങ്ങും ഹില്ലാരിയും അവസാനഘട്ടം ആരോഹണമാരംഭിച്ചു. അനുകൂലമായ കാലാവസ്ഥയാണ്‌ നിലനിന്നത്‌. 28-ന്‌ രാത്രി 8,500 മീ. ഉയരത്തിലാണിവർ കഴിച്ചുകൂട്ടിയത്‌. 29-ന്‌ രാവിലെ മുതല്‌ക്കുള്ള യാത്ര ഏറ്റവും പ്രയാസം നിറഞ്ഞതായിരുന്നു. ഒരു ഘട്ടത്തിൽ അവരുടെ കൈവശമുണ്ടായിരുന്ന ഓക്‌സിജന്‍ തണുത്തുറഞ്ഞുപോകുകയുണ്ടായി. മിനിട്ടിൽ ഒരു ചുവടുമാത്രം മുന്നോട്ടുവച്ച്‌ കയറ്റം തുടർന്നു. അവസാനം ഉച്ചയ്‌ക്കുമുമ്പ്‌ 11.30-ന്‌ ആദ്യം ഹില്ലാരിയും തൊട്ടുപിന്നാലെ ടെന്‍സിങ്ങും ഭൂലോകത്തിന്റെ ഉച്ചിയിലെത്തി. ടെന്‍സിങ്‌ ഉയർത്തിപ്പിടിച്ച ദണ്ഡിൽ ഐക്യരാഷ്‌ട്രസഭയുടെയും ഇംഗ്ലണ്ട്‌, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെയും ദേശീയപതാകകള്‍ പാറുന്നുണ്ടായിരുന്നു. ബൗദ്ധദൈവങ്ങള്‍ക്കുവേണ്ടി ടെന്‍സിങ്‌ കരുതിയിരുന്ന ഒരുകൂട്‌ ചോക്ക്‌ലേറ്റും ഹില്ലാരിവശം ഹണ്ട്‌ കൊടുത്തയച്ചിരുന്ന ഒരു ചെറിയ കുരിശും അവർ മഞ്ഞിൽ ഒരു ചെറിയ കുഴിയുണ്ടാക്കി നിക്ഷേപിച്ചു. ഓക്‌സിജന്‍ തീർന്നുപോയേക്കുമെന്ന ശങ്ക കാരണം 15 മിനിട്ടുമാത്രം ഗിരിശൃംഗത്തിൽ കഴിച്ചുകൂട്ടിയശേഷം അവർ അവരോഹണമാരംഭിച്ചു.

തുടർന്ന്‌ 1956-ൽ രണ്ട്‌ സ്വിസ്‌ സംഘങ്ങള്‍ കൊടുമുടിയിലെത്തുകയുണ്ടായി. അതേ വർഷം തന്നെ ചൈനാക്കാരും കൊടുമുടി കയറി എന്നവകാശപ്പെടുന്നു. അറുപതുകളിൽ പർവതാരോഹകരുടെ ലക്ഷ്യം പുതിയ മാർഗങ്ങളിലൂടെ എവറസ്റ്റു കീഴടക്കുകയായിരുന്നു. 1963-ൽ അമേരിക്കക്കാർ ഉത്തരകടകമാണ്‌ തിരഞ്ഞെടുത്തത്‌; ഒരേ സമയത്ത്‌ ആറുപേരെ ഗിരിശൃംഗത്തിലെത്തിക്കാന്‍ അവർക്കു കഴിഞ്ഞു. 1964 ആയപ്പോഴേക്കും മഹത്തായ 14 ഹിമാലയന്‍ കൊടുമുടികളും മനുഷ്യപാദങ്ങള്‍ക്ക്‌ അടിമപ്പെട്ടുകഴിഞ്ഞിരുന്നു. 1965-ൽ എം.എസ്‌. കോഹ്‌ലിയുടെ നേതൃത്വത്തിൽപ്പെട്ട ഒരു ഇന്ത്യന്‍സംഘവും കൊടുമുടി കീഴടക്കി; ഒന്‍പത്‌ പേരെ കൊടുമുടിയുടെ ഉച്ചിയിലെത്തിക്കാന്‍ ഈ സംഘത്തിനു കഴിഞ്ഞു. 1963-ൽ അമേരിക്കന്‍ സംഘത്തോടൊപ്പവും 1965-ൽ ഇന്ത്യന്‍ സംഘത്തോടൊപ്പവും കൊടുമുടി കയറി ടെന്‍സിങ്ങിന്റെ അനന്തരവനായ നവാങ്‌ ഹോംബു രണ്ട്‌ പ്രാവശ്യം എവറസ്റ്റു കയറിയവന്‍ എന്ന ബഹുമതിക്ക്‌ അർഹനായിത്തീർന്നു. 1970-ൽ എവറസ്റ്റു കീഴടക്കിയ ജപ്പാന്‍കാർ 1975-ൽ ആദ്യമായി കൊടുമുടിയിൽ സ്‌ത്രീകളെയുമെത്തിച്ചു; 1975 മേയ്‌ 16-ന്‌, അന്താരാഷ്‌ട്ര വനിതാവർഷമാചരിക്കുന്ന ഘട്ടത്തിലാണ്‌, ഒരു ജപ്പാന്‍കാരിയായ ജൂങ്കോതാബി ശൃംഗാഗ്രത്തിലെത്തിയത്‌. 1975-ൽത്തന്നെ അതുവരെ ആരും തിരഞ്ഞെടുക്കാതിരുന്ന തെക്ക്‌ പടിഞ്ഞാറുഭാഗത്തുകൂടി ഒരു ബ്രിട്ടീഷ്‌ സംഘവും എവറസ്റ്റിലെത്തിച്ചേർന്നു.

അപാഷെർപ്പ

ഇവരെല്ലാംതന്നെ പ്രാണവായു കൈവശം കരുതിയിരുന്നു. എന്നാൽ 1978 മേയ്‌ 8-ന്‌ റെയ്‌നോള്‍ഡ്‌ മെസ്‌നർ, പീറ്റർ ഹാബ്‌ലർ എന്നീ രണ്ട്‌ ആസ്‌ട്രിയന്‍ പർവതാരോഹകർ ഓക്‌സിജന്‍ കൈവശമില്ലാതെതന്നെ എവറസ്റ്റ്‌ കീഴടക്കിയെന്ന്‌ അവകാശപ്പെടുന്നു. 1978-ല എവറസ്റ്റരോഹണത്തിന്റെ രജതജൂബിലിയാഘോഷിച്ചു.

1975-ൽ ജുങ്കോതാബി എന്ന വനിത ആദ്യമായി എവറസ്റ്റാരോഹണം നടത്തി. 1996-ൽ എവറസ്റ്റാരോഹണം നടത്തിയ പതിനാറുപേർ മരണപ്പെട്ടു. 2005-ൽ ഫ്രഞ്ചുകാരനായ ദിദിയർഡെൽവലെ ഹെലികോപ്‌റ്ററിൽ എവറസ്റ്റിലിറങ്ങി. 2010-ൽ എവറസ്റ്റാരോഹം നടത്തിയ ജോർദാന്‍ റൊമേറോ എന്ന പതിമൂന്നുവയസ്സുകാരനാണ്‌ ഏറ്റവും പ്രായംകുറഞ്ഞ എവറസ്റ്റാരോഹകന്‍. 2011-നുമുമ്പ്‌ 21 പ്രാവശ്യം എവറസ്റ്റാരോഹണം നടത്തിയ അപാഷെർപ്പയാണ്‌ ഏറ്റവും കൂടുതൽ പ്രാവശ്യം എവറസ്റ്റാരോഹണം നടത്തിയത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍