This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുന്നള്ളത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:19, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഴുന്നള്ളത്ത്‌

ദേവന്മാർ, മഹർഷിമാർ, ബ്രാഹ്മണർ, രാജാക്കന്മാർ മറ്റു തരത്തിലുള്ള അഭിജാതന്മാർ തുടങ്ങിയവരുടെ പോക്കുവരവുകളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്ന ഒരു ആചാരഭാഷാശൈലി; ഇതേ അർഥത്തിൽ "എഴുന്നരുളുക' എന്ന പ്രയോഗവും സാഹിത്യത്തിൽ നിലവിലുണ്ട്‌.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ എഴുന്നള്ളത്ത്‌ - പഴയകാല ചിത്രം

അതിപ്രാചീനകാലം മുതൽ ആധുനികഘട്ടം വരെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വർത്തിക്കുന്ന കുലീന വ്യക്തികളെ, ദേവന്മാർക്ക്‌ പുറമേ, അവരുടെ ഗതിവിഗതികളെയും ഘോഷയാത്രകളെയും പരാമർശിക്കാന്‍ ഈ ശൈലി പ്രയോഗിച്ചിരുന്നു. കേരളത്തിലെ ചില ആഢ്യബ്രാഹ്മണ കുടുംബാംഗങ്ങളെ "എഴുന്നള്ളിയേടത്തന്മാർ' എന്നും അവർ വന്ന്‌ ഇരിക്കുന്ന സ്ഥലത്തെ "എഴുന്നള്ളിയേടം' എന്നും പറയാറുണ്ടായിരുന്നു. "എഴുന്നള്ളിയേടത്ത്‌ ഉണർത്തിക്കേണ്ടും അവസ്ഥ' എന്നുള്ള വാചകത്തിലാരംഭിക്കുന്ന എഴുത്തുകുത്തുകള്‍ ചില ഭാഷാപ്രയോഗമാതൃകകളിൽ നിന്ന്‌ കാണാന്‍ കഴിയും. 1817 ലെ ഒരു തിരുവിതാംകൂർ-സർക്കാർ ഗ്രന്ഥവരിയിൽ ക്ഷേത്രാത്സവങ്ങളെക്കുറിച്ചുള്ള വിവരണങ്ങളിൽ ഇപ്രകാരമുള്ള പരാമർശമുണ്ട്‌. ക്ഷേത്രാത്സവങ്ങള്‍. ദേവന്റെയോ ദേവിയുടെയോ ചെറിയ ബിംബം വഹിച്ചുകൊണ്ടുള്ള ചട്ടങ്ങള്‍ (കോലം, തിടമ്പ്‌) ആനപ്പുറത്തോ മറ്റു വാഹനങ്ങളിലോ രണ്ടാളിന്റെ തോളിൽ താങ്ങിയിരിക്കുന്ന ഇരട്ടത്തണ്ടുകളിലോ "എഴുന്നള്ളിക്കുക' യാണ്‌ ക്ഷേത്രാത്സവങ്ങളിലെ പതിവ്‌. നിയതമായ ചില മൗലികഭാവങ്ങള്‍ ഈ എഴുന്നള്ളത്തിന്‌ കാണാനുണ്ടെങ്കിലും മിക്ക ക്ഷേത്രങ്ങളിലും ഇവയുടെ വിശദാംശങ്ങളിൽ നേരിയ വ്യത്യാസങ്ങളുണ്ട്‌. സാധാരണയായി ആനപ്പുറത്ത്‌ "എഴുന്നള്ളി'ക്കുന്ന തിടമ്പിന്റെ ചട്ടക്കൂട്‌, പലകയിൽ തീർത്തതായിരിക്കും. ഒന്നുമുതൽ രണ്ടുവരെ മീ. നീളത്തിലും അതിന്റെ പകുതിയോളം വീതിയിലുമുള്ള ഈ തിടമ്പുകളുടെ മുകള്‍ ഭാഗം ഏതാണ്ട്‌ അർധവൃത്താകൃതിയിലോ അണ്ഡാകൃതിയിലോ ആയിരിക്കും. സ്വർണമോ വെള്ളിയോ തിളങ്ങുന്നതും വിലകുറഞ്ഞതുമായ മറ്റ്‌ ലോഹങ്ങളോ (ഓട്‌, പിച്ചള, ഇപ്പോള്‍ സ്റ്റെയിന്‍ലസ്‌ സ്റ്റീലും) കൊണ്ട്‌ പല വലുപ്പത്തിലും ആകൃതിയിലും നിർമിച്ചിട്ടുള്ള നിരവധി കുമിളകള്‍ നിശ്ചിതക്രമത്തിൽ സംവിധാനം ചെയ്‌തു പതിപ്പിച്ചിട്ടുള്ള പട്ടുകുപ്പായങ്ങള്‍ കൊണ്ട്‌ ഈ പലക മൂടുമ്പോള്‍ അത്‌ പ്രദർശനത്തിനുള്ള തിടമ്പായി മാറുന്നു. മുകളിൽ ചെറിയ അലുക്കുകളുള്ള കൊച്ചുകുടകളും പൂമാലകളും കൊണ്ട്‌ ഇവയെ അലങ്കരിക്കാറുമുണ്ട്‌. ഏതെങ്കിലും തലത്തിൽ ഇളകാതെ ഇരിക്കത്തക്കവണ്ണം കീഴ്‌ഭാഗം പീഠംപോലെ പലകകള്‍ കൊണ്ട്‌ സംവിധാനം ചെയ്‌ത്‌ അവിടം പട്ടുഞൊറികള്‍ കൊണ്ട്‌ മൂടിയിരിക്കുകയും ചെയ്യും. നെറ്റിപ്പട്ടം കൊണ്ടും മറ്റും ആനയെയും അലങ്കരിച്ചിരിക്കും. തിടമ്പു പിടിക്കുന്ന ക്ഷേത്രാപജീവിക്ക്‌ പുറകിൽ കുട, ആലവട്ടങ്ങള്‍, വെഞ്ചാമരങ്ങള്‍ എന്നിവ വഹിക്കാന്‍ വേറെയും മൂന്നുപേർ ഉണ്ടാകും. ക്ഷേത്രത്തിന്റെ സാമ്പത്തിക നിലവാരവും ഭരണകർത്താക്കളുടെ ഉത്സാഹവും അനുസരിച്ച്‌ ഈ കുടകള്‍ ചിലപ്പോള്‍ സ്വർണക്കുടകളും വെളളിക്കുടകളും ആകാറുണ്ട്‌; എങ്കിലും വിവിധ വർണങ്ങളിലുള്ള പട്ടുകുടകളാണ്‌ ഏറെ പ്രചാരത്തിലുള്ളത്‌. ഒരു തിടമ്പ്‌ എഴുന്നള്ളിക്കുന്നതിന്‌ ഒന്നെന്ന കണക്കു മുതൽ എത്ര ആനകള്‍ വേണമെന്നതിന്‌ ഒരു പരിധിയുമില്ല. ഹരിപ്പാട്‌ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഒമ്പതാമുത്സവത്തിന്‌ ഏഴ്‌ ദേവീദേവന്മാരെ എഴുന്നള്ളിക്കാന്‍ ഏഴും അകമ്പടിസേവിക്കാന്‍ രണ്ടും എന്ന കണക്കിന്‌ ഒമ്പത്‌ ആനകള്‍ ഇപ്പോഴും പതിവുണ്ട്‌. ആറാട്ടുപുഴ ക്ഷേത്രത്തിലെ പൂരത്തിന്‌ നൂറിലധികം ആനകള്‍ ചില കാലങ്ങളിൽ അണിനിരക്കുമായിരുന്നു. തൃശൂർപൂരത്തിന്‌ ഓരോ കക്ഷിക്കാർക്കും പതിനഞ്ചിലധികം, (ആകെ മുപ്പതിലധികം) ആനകള്‍ അരുതെന്ന്‌ ഒരു വ്യവസ്ഥ ഉണ്ടായിട്ടുണ്ട്‌.

ചില ക്ഷേത്രങ്ങളിലെ ദേവതാസങ്കല്‌പമനുസരിച്ച്‌ പ്രതേ്യകം നിർമിക്കപ്പെട്ട ലോഹവാഹനങ്ങളിലാണ്‌ എഴുന്നള്ളത്ത്‌ പതിവ്‌; അങ്ങനെയാണ്‌ ഗരുഡവാഹനം, മയിൽ വാഹനം, ഋഷഭവാഹനം തുടങ്ങിയവ ഉപയോഗിക്കപ്പെട്ടുവരുന്നത്‌. ബലമുള്ള രണ്ട്‌ തണ്ടുകളിൽ ഉറപ്പിച്ചുവച്ച ലോഹനിർമിതമായ ഈ മൃഗ-പക്ഷി വാഹനങ്ങളിൽ തിടമ്പ്‌ ഉറപ്പിച്ച്‌ ഈരണ്ടുപേർ ചുമലിൽ വഹിച്ച്‌ ഇത്തരം വാഹനമെഴുന്നള്ളത്തുകള്‍ നടത്തുന്നു; വാഹനത്തിന്റെ ഭാരമനുസരിച്ച്‌ ചുമട്ടുകാരുടെ എണ്ണം കൂടാറുമുണ്ട്‌.

ഈ തിടമ്പുകള്‍ മനുഷ്യർതന്നെ ചുമന്നു കൊണ്ടും ചില ക്ഷേത്രങ്ങളിൽ എഴുന്നള്ളത്ത്‌ നടത്തുന്നു. ഇവ ഏറിയ കൂറും "ജീവത' (ചീവത) എന്ന്‌ പറയപ്പെടുന്ന തിടമ്പുകളായിരിക്കും. മേല്‌പറഞ്ഞപോലെ ഇവയും തണ്ടുകളിൽ ഉറപ്പിച്ച്‌ മുമ്പും പിമ്പും നില്‌ക്കുന്ന രണ്ടുപേരുടെ ചുമലിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. സാധാരണ ആനപ്പുറത്തു വയ്‌ക്കുന്ന തിടമ്പുകളെക്കാള്‍ ഇവയ്‌ക്ക്‌ പൊക്കം അല്‌പം ഏറും; ഏതാണ്ട്‌ മുകള്‍ഭാഗം വർത്തുളമാക്കി ദീർഘചതുരാകൃതിയിൽ കാണപ്പെടുന്ന ഈ ജീവതകളുടെ അടിഭാഗം ഒരു പെട്ടിയുടെ രൂപത്തിലാണ്‌; ഈ പെട്ടിയിൽ നിർമാല്യബിംബം വച്ചിരിക്കും. ജീവതയുടെ വാഹകന്മാർ വാദ്യമേളങ്ങളനുസരിച്ച്‌ പദവിന്യാസം ചെയ്യുകയും ചിലപ്പോള്‍ തുള്ളിച്ചാടി കളിക്കുകയും ചെയ്യാറുണ്ട്‌. ഈ സമ്പ്രാദായം ഏറെ പ്രചാരത്തിലുള്ളത്‌ മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിലാണ്‌.

പല തരത്തിലും വലുപ്പത്തിലും ഉള്ള കോലങ്ങള്‍ സ്വന്തം ശിരസ്സിൽ വഹിച്ചുകൊണ്ടും ചിലപ്പോള്‍ കോലങ്ങളെപ്പോലെയുള്ള വലിയ മുടികള്‍ തന്നെ കിരീടം പോലെ അണിഞ്ഞുകൊണ്ടും ഉത്തരകേരളത്തിൽ നടക്കുന്ന തിറ, തെയ്യം, മുടിയേറ്റം തുടങ്ങിയവയും എഴുന്നള്ളത്തുകളുടെ ഓരോ പ്രകാരഭേദങ്ങളാണ്‌.

എല്ലാ എഴുന്നള്ളത്തുകളുടെയും മുന്നിൽ ക്ഷേത്രാപജീവിയായ ഒരു കഴകക്കാരന്‍-മിക്കവാറും ഈ ആള്‍ ഒരു വാരിയർ സമുദായാംഗമായിരിക്കും-നീളമുള്ള കുത്തുവിളക്കുകളും പിടിച്ചുകൊണ്ട്‌ നടക്കാറുണ്ട്‌. ശീവേലി, ശ്രീഭൂതബലി, വേല, സേവ, വിളക്ക്‌ തുടങ്ങിയ ഉത്സവ പരിപാടികളിലും അന്‍പൊലി, എതിരേല്‌പ്‌, പറയെടുക്കൽ, ആറാട്ട്‌, പള്ളിവേട്ട തുടങ്ങി ക്ഷേത്രത്തിനു പുറത്ത്‌ ദൂരെ നടക്കുന്ന ചടങ്ങുകളിലും ആഡംബരപൂർണമായ എഴുന്നള്ളത്തുകള്‍ സാധാരണമാണ്‌. എഴുന്നള്ളത്തിന്റെ മുന്നിൽ ആണ്‌ വാദ്യമേളങ്ങളും വേലകളി, കടുവാകളി, താലപ്പൊലി തുടങ്ങിയവയും നടക്കുന്നത്‌.

തിരുശേഷിപ്പുകളുടെ പ്രദർശനം നടത്തുന്ന കഴുന്ന്‌, കുർബാന തുടങ്ങിയ എഴുന്നള്ളത്തുകള്‍ ക്രസ്‌തവ ദേവാലയങ്ങളിൽ സാഘോഷം കൊണ്ടാടപ്പെടുന്നു. സാധാരണയായി പെരുന്നാളുകളുമായി ബന്ധപ്പെട്ടാണ്‌ ഇവിടങ്ങളിൽ കുരിശുകളുടെ എഴുന്നള്ളത്ത്‌ നിർവഹിക്കപ്പെടുക.

മുസ്‌ലിം ദേവാലയങ്ങളിൽ ഉറൂസ്‌, ചന്ദനക്കുടം തുടങ്ങിയ ഉത്സവങ്ങളിലും പലവിധം എഴുന്നള്ളത്തുകളും പതിവുണ്ട്‌.അലങ്കൃതമായ പന്തലുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ ഇവയുടെ ആകർഷകത്വത്തിന്‌ മാറ്റു കൂട്ടുന്നു.

ഗുരുവായൂർ ക്ഷേത്രത്തിലെ പുറത്തെഴുന്നള്ളിപ്പ്‌

രാജകീയ എഴുന്നള്ളത്ത്‌. രാജാക്കന്മാർ, ബ്രാഹ്മണർ, പ്രഭുക്കന്മാർ തുടങ്ങിയവരുടെ ഗമനാഗമനങ്ങളും എഴുന്നള്ളത്തിന്റെ അർഥവിവക്ഷയിൽപ്പെടുന്നു. രാജാക്കന്മാർ പുറത്തുപോകുമ്പോള്‍ ഹരിക്കാരനും കോൽക്കാരനും മേൽക്കാരനും കഞ്ചുകിയും പരിജനങ്ങളും അവരെ അകമ്പടി സേവിക്കുക മുന്‍കാലങ്ങളിൽ പതിവായിരുന്നു. ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവങ്ങളുടെ ആറാട്ടിന്‌ തിരുവിതാംകൂർ രാജാക്കന്മാർ ദേവന്മാരുമൊത്ത്‌ എഴുന്നള്ളുമ്പോള്‍ തിരുവിതാംകൂറിലെ സൈനികവിഭാഗങ്ങളും പോലീസും ഉയർന്ന ഹിന്ദു ഉദേ്യാഗസ്ഥന്മാരും രാജകുടുംബാംഗങ്ങളും ബന്ധുക്കളും അകമ്പടിസേവിക്കുന്ന പതിവ്‌ തിരുകൊച്ചി സംയോജനം വരെ (1949) അഭംഗം തുടർന്നു; പരിജനങ്ങളുടെ സംഖ്യ പിന്നീട്‌ ലോപിച്ചെങ്കിലും ആറാട്ടെഴുന്നള്ളത്ത്‌ ഇന്നും നടക്കുന്നുണ്ട്‌. പക്ഷേ മുമ്പുണ്ടായിരുന്ന പൂജപ്പുര, ശാസ്‌തമംഗലം എഴുന്നള്ളത്തുകളും അരിയിട്ടു വാഴ്‌ചയുടെ ചടങ്ങുകളും മറ്റും തീരെ ഇല്ലാതാകുകയോ തികച്ചും അനുഷ്‌ഠാനപ്രധാനമായി ചുരുങ്ങുകയോ ചെയ്‌തു കഴിഞ്ഞിരിക്കുന്നു. തിരുവിതാകൂറിലെയും കൊച്ചിയിലെയും പോലെ ഇന്ത്യയിലെ നൂറുകണക്കിന്‌ മറ്റു നാടുവാഴികളുടെയും ആർഭാടപൂർണമായ എഴുന്നള്ളത്ത്‌ ഏതാണ്ട്‌ നാമാവശേഷമായ മട്ടാണിന്ന്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍