This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുത്തുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:27, 9 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഴുത്തുകള്‍

രണ്ട്‌ വ്യക്തികളോ സ്ഥാപനങ്ങളോ ഭരണകൂടങ്ങളോ തമ്മിൽ നിർദിഷ്‌ടകാര്യങ്ങള്‍ അറിയിക്കാന്‍ കൈമാറുന്ന വാർത്താവിനിമയരേഖകള്‍. ഒരാള്‍ മറ്റൊരാള്‍ക്ക്‌ ഏതെങ്കിലും പ്രത്യേകലക്ഷ്യം മുന്‍നിർത്തി അയയ്‌ക്കുന്ന സന്ദേശത്തിനും എഴുത്ത്‌ എന്നു പറഞ്ഞുവരുന്നു; ഇത്‌ രണ്ട്‌ കക്ഷികള്‍ പരസ്‌പരം നടത്തുമ്പോള്‍ അത്‌ എഴുത്തുകുത്ത്‌ അല്ലെങ്കിൽ കത്തിടപാട്‌ ആയിത്തീരുന്നു. ലിപിവ്യവസ്ഥ സാർവത്രികമായതിനുശേഷം സാക്ഷരരായ ജനങ്ങള്‍ ആശയവിനിമയത്തിന്‌ ഈ മാധ്യമം പ്രയോജനപ്പെടുത്തിത്തുടങ്ങിക്കാണണം എന്നതിൽ സംശയമില്ല, കുടുംബവൃത്തങ്ങളിലോ സുഹൃദ്‌വലയങ്ങളിലോ ഉണ്ടാകുന്ന ജനന-മരണാദി "വിശേഷ'ങ്ങളും കൃഷിയിലുള്ള നാശനഷ്‌ടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, പ്രാദേശികസംഭവങ്ങള്‍ തുടങ്ങിയവയും ആദികാലം മുതൽ തന്നെ സന്ദേശങ്ങള്‍ക്കുള്ള മുഖ്യവിഷയങ്ങളാണ്‌. അകലെ സ്ഥിതിചെയ്യുന്ന ബന്ധുമിത്രാദികളെ ഇത്തരം വിവരങ്ങള്‍ ധരിപ്പിക്കാന്‍ എഴുത്ത്‌ അയയ്‌ക്കുക മാത്രമേ പണ്ട്‌ സാധ്യമായിരുന്നുള്ളൂ. ഇവ മിക്കവാറും ഏതെങ്കിലും ദൂതന്‍ വശമായിരുന്നു ആദ്യകാലങ്ങളിൽ കൈമാറിവന്നത്‌. മറ്റുരാജാക്കന്മാരുമായി കലഹങ്ങളുണ്ടാകുമ്പോള്‍ യുദ്ധാഹ്വാനവും മറ്റും എത്തിക്കാന്‍ രാജ്യപാലന്മാർ പ്രത്യേകം ദൂതന്മാരെ നിർത്തിയിരുന്നു. ഏതെങ്കിലും ജീവിതമണ്ഡലത്തിൽ സ്വന്തം വ്യക്തിത്വം പതിപ്പിച്ചിട്ടുള്ള ജനനായകന്മാർ പൊതുപ്രാധാന്യമുള്ള കാര്യങ്ങളെ സംബന്ധിച്ച്‌ എഴുതുന്ന കത്തുകള്‍, മാനവചരിത്രവികാസത്തെ പില്‌ക്കാലതലമുറകള്‍ക്ക്‌ വ്യക്തമാക്കിക്കൊടുക്കുന്ന അമൂല്യരേഖകളായിത്തീർന്നിട്ടുണ്ട്‌. അതുപോലെതന്നെ കലാസാഹിത്യസംസ്‌കാരമേഖലകളിലെ പ്രഗല്‌ഭമതികള്‍ ഓരോ കാലത്ത്‌ സന്ദേശരൂപത്തിൽ പുറപ്പെടുവിച്ചിട്ടുള്ള രചനകളും മനുഷ്യന്റെ ഗതകാലസവിശേഷതകളെ അനാവരണം ചെയ്യുന്നു. മേല്‌പറഞ്ഞവയുടെ കൂട്ടത്തിൽ ചിലവയെല്ലാം പ്രസിദ്ധീകരണലക്ഷ്യം മുന്‍നിർത്തിത്തന്നെ പുറപ്പെടുവിക്കപ്പെട്ടവയാണ്‌; മറ്റു ചിലവ സ്വകാര്യകത്തുകളാണെങ്കിലും അവയുടെ ഉള്ളടക്കത്തിന്റെ ഗൗരവവും രചനാശൈലിയുടെ സൗകുമാര്യവും കൊണ്ട്‌ ലോകത്തിന്റെ പൊതുസമ്പത്തായും തീർന്നിരിക്കുന്നു.

ആദ്യകാലരൂപങ്ങള്‍. എഴുത്തുകളുടെ രൂപത്തിലുള്ള സാഹിത്യസൃഷ്‌ടികളുടെ പ്രചോദനം ഒന്നിലധികം അടിസ്ഥാനങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന്‌ ഉദ്ദേശിക്കപ്പെട്ട എഴുത്തുകള്‍; പത്രങ്ങള്‍ തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളിലേക്ക്‌ അയയ്‌ക്കപ്പെട്ടവ; കലാമൂല്യം തികഞ്ഞ സ്വകാര്യക്കത്തുകള്‍; രാഷ്‌ട്രീയ-ബഹുജന നേതാക്കള്‍ പൊതുപ്രശ്‌നങ്ങളെപ്പറ്റി അന്യോന്യം കൈമാറുന്നവ; ആധുനികലോകത്തിൽ സർവസാധാരണമായിത്തീർന്നിട്ടുള്ള "തുറന്ന കത്തുകള്‍'.

സാഹിത്യത്തെയും മനുഷ്യസ്വഭാവങ്ങളെയും സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ എഴുത്തുകളുടെ രൂപത്തിലുള്ള പദ്യങ്ങളിൽ ഉള്ളടക്കം ചെയ്‌ത ആദ്യത്തെ കവിതകള്‍ രചിച്ചത്‌ ലത്തീന്‍ കവിയായ ഹൊറസ്സ്‌ (ബി.സി. 65-8.) ആണ്‌; മറ്റൊരു ലത്തീന്‍ കവിയായ ഓവിഡും (ബി.സി. 83-എ.ഡി. 17) പദ്യത്തിൽ പല കാമലേഖനങ്ങളുമെഴുതിയിട്ടുണ്ട്‌. ഐസോക്രറ്റ്‌സ്‌ (ബി.സി. 436-338), ഹാലി കർണാസസ്സിലെ ഡിയോണിസ്യൂസ്‌ (?-ബി.സി. 7.), സെനക്ക (ബി.സി. 4-എ.ഡി. 65), ബൈസാന്തിയന്‍ ചക്രവർത്തിയായ ജൂലിയന്‍ (331-63) തുടങ്ങിയവർ എഴുതിയ എഴുത്തുകള്‍ സമകാലീനസംഭവങ്ങളെ വിശദമായി പ്രതിഫലിപ്പിക്കുന്നു. വിസൂവിയസ്‌ അഗ്നിപർവതത്തിന്റെ സ്‌ഫോടനത്തെയും ആദികാല ക്രസ്‌തവർ നേരിടേണ്ടിവന്ന ദാരുണപീഡനങ്ങളെയും പറ്റി ഹൃദയസ്‌പൃക്കായി വിവരിച്ചിട്ടുള്ള അജ്ഞാതകർത്തൃകങ്ങളായ അനേകം ലത്തീന്‍എഴുത്തുകള്‍ അവശേഷിച്ചിട്ടുണ്ട്‌.

ക്രിസ്‌തുമതത്തിന്റെ അടിസ്ഥാനംതന്നെ, നാല്‌ സുവിശേഷങ്ങളും അപ്പോസ്‌തലന്മാരുടെ പ്രവൃത്തികളും കഴിഞ്ഞാൽ, അപ്പോസ്‌തലനായ പൗലോസ്‌ റോമർക്കും കൊരിന്ത്യർക്കും ഗലാത്യർക്കും എഫേസ്യർക്കും ഫിലിപ്പിയർക്കും കൊലോസ്സ്യർക്കും തെസ്സലോനീക്യർക്കും തിമോഥെയോസിനും തീത്തോസിനും ഫിലോമോന്നും എബ്രായർക്കും എഴുതിയ 14 ലേഖനങ്ങളോടൊപ്പം യാക്കോബും പത്രാസും യോഹന്നാനും യൂദായും രചിച്ച എഴുത്തുകളും ആണെന്നു കാണാന്‍ വിഷമമില്ല. മതപ്രചരണാർഥം ആദ്യകാല ക്രസ്‌തവാചാര്യന്മാരും എഴുത്തുകളെയാണ്‌ ആശ്രയിച്ചിരുന്നത്‌. സാഹിത്യത്തിൽ. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എഴുത്തുകള്‍ ഒരു പ്രസ്ഥാനമായി രൂപംകൊണ്ടതിന്റെ ആദ്യ ദൃഷ്‌ടാന്തം പാസ്റ്റണ്‍ എഴുത്തുകള്‍ എന്ന്‌ പില്‌ക്കാലത്ത്‌ പ്രസിദ്ധമായിത്തീർന്ന സമാഹാരമാണ്‌. തന്റെ ഭാവിവരനാകാന്‍ പോകുന്ന സർ വില്യം ടെമ്പിളിന്‌ (1628-99) ഡൊറോത്തി ഓസ്‌ബോണ്‍ (1627-95) തന്നെ ചുറ്റിപ്പറ്റി നില്‌ക്കുന്ന കാമുകന്മാരെ പരിഹസിച്ചുകൊണ്ടെഴുതിയ കത്ത്‌ ഇംഗ്ലീഷ്‌സാഹിത്യത്തിൽ പ്രാധാന്യം നേടിയിട്ടുണ്ട്‌.

ജൂനിയസ്സിന്റെ കത്തുകള്‍ എന്ന്‌ പ്രസിദ്ധമായ ലേഖനസമാഹാരം വളരെ രാഷ്‌ട്രീയ പ്രാധാന്യമുള്ളതാണ്‌. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ പ്രസിദ്ധി നേടിയ മറ്റു കത്തുകള്‍ ചെസ്റ്റർ ഫീള്‍ഡ്‌ പ്രഭുവിന്റെ ലെറ്റേഴ്‌സ്‌ റ്റു ഹിസ്‌ സണ്‍ (1774-87), വാള്‍ട്ടർ സ്‌കോട്ട്‌ രചിച്ച പാള്‍സ്‌ ലെറ്റേഴ്‌സ്‌ റ്റു ഹിസ്‌കിന്‍സ്‌ ഫോള്‍ക്ക്‌ (1815), റോബർട്ട്‌ ലൂയി സ്റ്റീവന്‍സന്റെ വൈലിമാലെറ്റേഴ്‌സ്‌ (1724) എന്നിവ ഉത്‌കൃഷ്‌ടസാഹിത്യ സൃഷ്‌ടികളാണ്‌. തന്റെ നിഘണ്ടുനിർമാണസംരംഭത്തിന്‌ രക്ഷാധികാരം വഹിക്കണമെന്ന്‌ അപേക്ഷിച്ചപ്പോള്‍ അതു നിരസിക്കുകയും നിഘണ്ടു പ്രകാശനം കഴിഞ്ഞപ്പോള്‍ അതിനെ മുക്തകണ്‌ഠം പ്രശംസിക്കുകയും ചെയ്‌ത ചെസ്റ്റർഫീൽഡ്‌ പ്രഭുവിന്‌ ഡോ. ജോണ്‍സണ്‍ പരിഹാസഗർഭമായി 1755 ഫെ. 7-ന്‌ എഴുതിയ പ്രസിദ്ധമായ കത്ത്‌ വിശ്വസാഹിത്യത്തിൽ അപൂർവമായ ഒരു സ്ഥാനത്തിന്‌ അർഹമായിട്ടുണ്ട്‌. വിശ്വസാഹിത്യത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള എഴുത്തുകളുടെ കർത്താക്കള്‍ സിസറോ (ബി.സി. 106-43), സെനക്ക (ബി.സി. 4-എ.ഡി. 65), എറാസ്‌മസ്‌ (1466-1536), അലക്‌സാണ്ടർ പോപ്പ്‌ (1688-1744), ഹൊറസ്‌ വാൽപോള്‍ (1717-97), ചാറൽസ്‌ ലാംബ്‌ (1775-1834), വില്യം കൂപ്പർ (1731-1800), ബൈറണ്‍ (1788-1824), ജേന്‍ വെൽഷ്‌കാർലൈന്‍ (1801-60), മദാം മെയ്‌ന്റനോന്‍ (1850-1906) തുടങ്ങിയവരാണ്‌. പ്രസിദ്ധകവിയായ ജോണ്‍ കീറ്റ്‌സ്‌ (1795-1821) തന്റെ പ്രമഭാജനമായ ഫാനി ബ്രൗണിനും സഹോദരനായ ജോർജിനും സുഹൃത്തുക്കള്‍ക്കും എഴുതിയ കത്തുകള്‍ അദ്ദേഹത്തിന്റെ ഹ്രസ്വമായ ജീവിതനാടകത്തിലെ വികാരസ്‌പർശിയായ പല രംഗങ്ങളും അനാവരണം ചെയ്യുന്നു. ബ്രൗണിങ്‌ ദമ്പതിമാർ പരസ്‌പരം നടത്തിയ എഴുത്തുകുത്തുകള്‍ പലതും ഹൃദയസ്‌പർശിയായ കവിതകളാണ്‌.

ഭാരതത്തിൽ. കത്തിടപാടുകള്‍ നടത്തുന്നത്‌ ആദ്യകാലങ്ങളിൽ "രാജകീയ' കർത്തവ്യങ്ങളുടെ ഒരു ഭാഗമായിരുന്നു. യുദ്ധാഹ്വാനം, കീഴടങ്ങാനും കപ്പം തരാനും ഉള്ള നിർദേശങ്ങള്‍, വിവാഹാദ്യടിയന്തിരങ്ങള്‍ക്കുള്ള ക്ഷണം, ജനന-മരണാദിസംഭവങ്ങളെപ്പറ്റിയുള്ള വാർത്താനിവേദനം തുടങ്ങിയവയ്‌ക്കായിരുന്നു അയൽരാജ്യങ്ങളിലെ ഭരണാധികാരികള്‍ അന്യോന്യം എഴുത്തുകള്‍ കൈമാറിയിരുന്നത്‌. മതപ്രചാരണസംബന്ധമായും മറ്റും അശോകചക്രവർത്തി സിംഹളരാജാക്കന്മാരും ദക്ഷിണപൂർവേഷ്യന്‍ നാടുവാഴികളുമായി ധാരാളം സന്ദേശങ്ങള്‍ കൈമാറിയിരുന്നു. സീതാന്വേഷണാർഥം ലങ്കയിലേക്ക്‌ പോയ ഹനൂമാന്റെ പക്കൽ രാമന്‍ സീതയ്‌ക്ക്‌ അയച്ച സന്ദശേത്തെപ്പറ്റി വാല്‌മീകിരാമായണത്തിൽ പറയുന്നുണ്ട്‌. ഇതിനെ മാതൃകയാക്കിയാണെന്ന്‌ പറയുന്നു, കാളിദാസന്റെ മേഘസന്ദേശം മുതൽ ഭാരതീയ ഭാഷകളിൽ പ്രത്യേകിച്ച്‌ മലയാളത്തിൽ-വർധമാനമായി നിരവധി സന്ദേശകാവ്യങ്ങള്‍ രചിക്കപ്പെട്ടത്‌. നായികയോടു പറയുവാന്‍ നായകന്‍ സന്ദേശഹരനോടു പറഞ്ഞയയ്‌ക്കുന്ന സന്ദേശവാക്യം ഒരു വിധത്തിൽ പറഞ്ഞാൽ വാങ്‌മൂലമായ എഴുത്തു തന്നെയാണല്ലോ.

ഇന്ത്യയുടെ സ്വാതന്ത്യ്രസമരചരിത്രത്തിന്റെ ഒരു പ്രധാന ഭാഗം മഹാത്മാഗാന്ധി തുടങ്ങിയവരുടെ കത്തുകളാണ്‌. ഹരിജന്‍, യങ്‌ ഇന്ത്യ തുടങ്ങിയ വാരികകളിലൂടെയാണ്‌ അനവധി ആളുകള്‍ അയച്ച കത്തുകള്‍ക്ക്‌ ഗാന്ധിജി മറുപടി നല്‌കിയിട്ടുള്ളത്‌. ഇവ പലതും സമാഹൃതങ്ങളായിട്ടുണ്ട്‌. അദ്ദേഹം ഫ്രഞ്ച്‌ സാഹിത്യകാരനായ റൊമയിന്‍ റോളണ്ടുമായി കൈമാറിയിട്ടുള്ള കത്തുകള്‍ ഇന്ത്യയുടെ സ്വാതന്ത്യ്രവാഞ്‌ഛയുടേതെന്ന പോലെ ഇരുവർക്കുമുള്ള സമാനമായ ആധ്യാത്മികവിശ്വാസങ്ങളുടെയും പ്രതിഫലനമായിരുന്നു. രബീന്ദ്രനാഥടാഗൂർ, വി.എസ്‌. ശ്രീനിവാസശാസ്‌ത്രി തുടങ്ങിയവരുടെ കത്തുകളും സാഹിത്യത്തിലെന്നതുപോലെ ഇന്ത്യയുടെ സ്വാതന്ത്യ്രസമ്പാദന ചരിത്രത്തിലും വിശ്രുതങ്ങളായി നിലകൊള്ളുന്നു. എന്നാൽ ഇത്‌ ജവാഹർലാലിന്റെ കൈകളിലാണ്‌ പ്രഫുല്ലമായ ഒരു സാഹിത്യമാധ്യമമായി വികസിക്കുന്നത്‌. വിശ്വചരിത്രാവലോകനം തന്നെ രചിച്ചത്‌ തന്റെ മകള്‍ക്ക്‌ കാരാഗൃഹത്തിൽനിന്നും അദ്ദേഹമെഴുതിയ നിരവധി കത്തുകളിലൂടെയാണ്‌; അതുപോലെതന്നെ തന്റെ ജീവിതദർശനങ്ങളെയും ആദർശത്തെയും മറ്റും പറ്റിയുള്ള നെഹ്രുവിന്റെ സങ്കല്‌പങ്ങള്‍ ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളിൽ വിശദമായി പ്രതിഫലിക്കുന്നു. നെഹ്രുവിന്റെ സുപ്രധാനമായ അനേകം കത്തുകള്‍ ഒരു കൂട്ടം പഴയ കത്തുകള്‍ (A Bunch of Old Letters, 1958)എന്ന ഒരു കൃതിയിൽ സമാഹരിച്ചിട്ടുണ്ട്‌. അതുപോലെ, ഇന്ത്യ-ചൈനാബന്ധം, സ്‌പെയിനിലെ ആഭ്യന്തരയുദ്ധം, സോവിയറ്റ്‌ കമ്യൂണിസം, ചെക്ക്‌സ്ലാവാക്യയുടെ നേർക്കു കാട്ടിയ വഞ്ചന, ലോകസമാധാനപ്രശ്‌നം, മഹായുദ്ധം (ഇന്ത്യയിലെ), പ്രാദേശിക സ്വയംഭരണം, ദേശീയാസൂത്രണം, നാട്ടുരാജ്യപ്രശ്‌നങ്ങള്‍, കോണ്‍ഗ്രസ്‌ സംഘടന, ഭാഷാപ്രശ്‌നം, വിദേശങ്ങളിലെ ഇന്ത്യാക്കാർ, ചലച്ചിത്രങ്ങള്‍, കുറ്റവാസനകള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച്‌ നെഹ്രു വിവിധരാജ്യങ്ങളിലെ ആയിരക്കണക്കിനാളുകള്‍ക്ക്‌ എഴുതിയിട്ടുള്ള എഴുത്തുകള്‍ ഒമ്പത്‌ വാല്യങ്ങളായി അദ്ദേഹത്തിന്റെ ചരമശേഷം ജവാഹർലാൽ സ്‌മാരകഫണ്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പത്രപ്രവർത്തനം വികസിച്ചതോടുകൂടി പല കാര്യങ്ങളെയും അധികരിച്ച്‌ വ്യക്തികള്‍ പത്രാധിപർക്ക്‌ കത്തുകള്‍ അയയ്‌ക്കുക എന്ന രീതി പ്രചാരത്തിൽ വന്നു. കേവലം പ്രാദേശികാവശ്യങ്ങള്‍ മുതൽ ദേശീയപ്രാധാന്യമുള്ള പൊതുപ്രശ്‌നങ്ങള്‍ വരെ ഇവയ്‌ക്ക്‌ വിധേയമാകാറുണ്ട്‌. ഇതിന്റെ പ്രകാരഭേദമെന്ന്‌ ശരിക്ക്‌ പറയുകവയ്യെങ്കിലും സമൂഹത്തിൽ ഏതെങ്കിലും വിധത്തിൽ പ്രാധാന്യമർഹിക്കുന്നവർക്ക്‌ അവരുടെ അനുയായികളും പ്രതിയോഗികളും അയയ്‌ക്കുന്ന "തുറന്ന കത്തുകള്‍'ക്കും ഇന്ന്‌ ജനജീവിതത്തിൽ അനിഷേധ്യമായ ഒരു പദവി കൈവന്നിട്ടുണ്ട്‌. തികഞ്ഞ ഗൗരവം മുതൽ അനാവൃതമായ നർമരസം വരെ അലിഞ്ഞു ചേർന്നിട്ടുള്ള ഇത്തരം കത്തുകള്‍ പലതും സാഹിത്യമൂല്യം ഉള്‍ക്കൊള്ളുന്നവയാണ്‌. ജാലിയന്‍വാലാബാഗിലും മറ്റും നടന്ന കൂട്ടക്കൊലകളിലും ബ്രിട്ടീഷുകാരുടെ മർദനമുറകളിലും പ്രതിഷേധിച്ച്‌ തനിക്ക്‌ തന്നിരുന്ന "സർ' പദവി വലിച്ചെറിഞ്ഞ്‌ രബീന്ദ്രനാഥ ടാഗൂർ എഴുതിയ "തുറന്ന കത്ത്‌' വൈകാരികമൂർച്ഛകൊണ്ട്‌ ജനഹൃദയങ്ങളെ ത്രസിപ്പിക്കുന്ന ഒരു ഉത്‌കൃഷ്‌ടരേഖയാണ്‌.

കേരളത്തിൽ. തിരുവിതാംകൂർ-കൊച്ചിരാജാക്കന്മാരും കോഴിക്കോട്ട്‌ സാമൂതിരിയും പലയിടങ്ങളിലായി വ്യത്യസ്‌താധികാരങ്ങളോടുകൂടി ചിന്നിച്ചിതറിക്കിടക്കുന്ന നാടുവാഴി-പ്രഭുകുടുംബങ്ങളും ഭരണപരമായും മറ്റും എഴുതി അയയ്‌ക്കുന്ന തീട്ടൂരങ്ങളും നീട്ടുകളും ഖരീത്തകളും മറ്റുതരത്തിലുള്ള സന്ദേശമാതൃകകളും ഹജൂർ റിക്കാർഡുകള്‍, ഗ്രന്ഥവരികള്‍ എന്നിവയിൽനിന്നും പുരാവസ്‌തുവകുപ്പ്‌ (Archives Department)തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നും ലഭ്യമാണ്‌. മൂന്നോ നാലോ നൂറ്റാണ്ടിനപ്പുറം പഴക്കമുള്ളവ ഇക്കൂട്ടത്തിൽ പ്രായേണ ഇല്ലെന്നു തന്നെ പറയാം. ഇംഗ്ലീഷിൽ ആദ്യത്തെ കേരള ചരിത്രഗ്രന്ഥം (1924) നിർമിച്ച കെ.പി. പദ്‌മനാഭമേനോന്‌ അതിന്‌ ആസ്‌പദമായ വിവരങ്ങള്‍ കിട്ടുന്നതുതന്നെ യാക്കോബസ്‌ കാന്റർ വിഷർ എന്ന ഒരു ഡച്ച്‌ പാതിരി കൊച്ചിയിൽ പൗരോഹിത്യവൃത്തിയിൽ ഏർപ്പെട്ടിരുന്ന കാലത്ത്‌ (1717-23) അദ്ദേഹം നാട്ടിലേക്കയച്ച മലബാറിൽ നിന്നുള്ള കത്തുകളിൽ നിന്നാണ്‌. തിരുവിതാംകൂറിൽനിന്ന്‌ തനിക്ക്‌ പല ഉപദ്രവങ്ങളും ഉണ്ടാകുന്നു എന്നു കാണിച്ച്‌ 1805 ഏപ്രിലിൽ ശക്തന്‍ തമ്പുരാന്‍ ഒരെഴുത്തിലൂടെ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിയോടു പരാതിപ്പെട്ടതായി ഒരു രേഖയിൽ കാണുന്നു:

"നമ്മുടെ വയ്‌പിന്‍ പ്രവൃത്തിയിൽ കുഴുപ്പള്ളി എന്ന പ്രദേശത്തിന്‌ കുറേ വടക്കു പടിഞ്ഞാറ്‌ ആയിട്ട്‌ ഈ (980-മീനം) മാസം 18-നു ഒരു ശീപാട ഓടി കെടുവന്ന്‌ ഒറയ്‌തകൊണ്ട്‌ അതിലെ ചരക്കുകള്‍ കരയ്‌ക്ക്‌ എറക്കണ്ടതിനായിട്ട്‌ നമ്മുടെ ആളുകള്‍ ചെന്ന സമയം തിരുവാങ്കോട്ടെ ആയുധക്കാരും ആളുകളും കൂട വന്ന ഉരുവിൽ ഉണ്ടായിരുന്ന ചരക്കുകള്‍ ഒക്കെയും കൊണ്ടുപോകയും ചെയ്‌തു. ഉരു വീണിരിക്കുന്നത്‌ നമ്മുടെ അതിർത്തി അകത്താകുന്നു. അവിടെ തിരുവാങ്കോട്ടേക്ക്‌ ഒരു സംബന്ധവും ഇല്ല. പ്രദേശം തങ്ങള്‍ക്കറിയേണ്ടുന്നതിന്ന്‌ ആ ദിക്ക്‌ വരച്ച കടുദാസ്സും അയയ്‌ക്കുന്നു'. 1801 ഫെ. 1-ന്‌ തിരുവിതാംകൂർ ഭരണകാര്യങ്ങളിൽ മേജർ മെക്കാളെ അവിഹിതമായിടപെടുന്നുവെന്ന്‌ കാണിച്ചുകൊണ്ട്‌ അന്നത്തെ രാജാവ്‌ ബാലരാമവർമ ഗവർണർ-ജനറൽ വെല്ലസ്‌ലി പ്രഭുവിന്‌ പേഴ്‌സ്യന്‍ ഭാഷയിൽ അയച്ച ഒരെഴുത്തിന്റെ പരിഭാഷയാണിത്‌:

"...................പ്രഭോ, താത്‌പര്യ സംഘട്ടനമില്ലാതെ കമ്പനിയും നാമും തമ്മിൽ നിലനില്‌ക്കുന്ന സൗഹൃദത്തിന്റെ ലോകത്തിൽ അക്രമാസക്തമായ ഇത്തരം സംഭവങ്ങള്‍ അകാരണമായി മേജർ മെക്കാളെയിൽ നിന്നുണ്ടാകുന്നു എന്നത്‌ അദ്‌ഭുതകരം മാത്രമല്ല, നീതിയുടെ ഒരു പ്രശ്‌നവുമാണ്‌. അങ്ങയുടെ അറിവിനായി അദ്ദേഹം വരുത്തി വച്ച ഈ കാര്യങ്ങളെല്ലാം ഞാന്‍ അതുകൊണ്ട്‌ എഴുതി. മേജർ മെക്കാളെയുടെ അറിവോടും സമ്മതത്തോടും കൂടിയാണ്‌ എന്റെ പ്രധാനമന്ത്രിയെ തുടരാന്‍ അനുവദിച്ചിരിക്കുന്നത്‌...................അങ്ങയുടെ ആരോഗ്യത്തെപ്പറ്റി സന്തോഷം തരുന്ന വാർത്തകള്‍ എപ്പോഴും കേള്‍ക്കാന്‍ ഞാന്‍ ഉത്സുകനായിരിക്കുന്നു'.

എഴുത്തുകളുടെ സംവിധാനത്തിൽ, ഉള്ളടക്കത്തിൽ, സംബോധന ചെയ്യുന്ന രീതിയിൽ, അടിയിൽ ലേഖനകർത്താവിന്റെ പേര്‌ ചേർക്കുന്നതിൽ, മേൽവിലാസത്തിൽ...............ഇവയിലെല്ലാം ഭാഷയുടെ വിവിധ വികാസദശകളിലും സമൂഹത്തിന്റെ സമ്പർക്കവ്യാപ്‌തി വർധിച്ചു വരുന്നതിനനുസരിച്ചും പല പരിണാമഭേദങ്ങളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്‌. മഹാരാജാക്കന്മാർ, പ്രഭുക്കന്മാർ തുടങ്ങിയവർക്ക്‌ താഴെക്കിടയിലുള്ളവർ എഴുതുമ്പോള്‍ "കാര്യസ്ഥന്‍ രാമന്‍ വായിച്ച്‌ കേള്‍പ്പിച്ച്‌ കല്‌പിച്ചു ധരിക്കേണ്ടും അവസ്ഥ' എന്നൊക്കെയുള്ള ഉപചാരവാക്കുകള്‍ ധാരാളമായിരുന്നു; അതുപോലെ, "അടിയന്‍', "വിടകൊള്ളുന്നു' തുടങ്ങിയ ആചാരശൈലികളും. നമ്പൂതിരി സമുദായത്തിൽ തുല്യസ്ഥാനീയർ തമ്മിൽ ഒരാളുടെ ചരമവാർത്ത അറിയിക്കുമ്പോള്‍, ഇന്ന്‌ സാധാരണമായിത്തീർന്നിട്ടുള്ള "അന്തരിച്ചു', "ദിവംഗതനായി' എന്നതിനുപകരം "ദീനം വിഷമിച്ചു', "രോഗം അധികമാവുകയും ചെയ്‌തു' എന്നൊക്കെയാണ്‌ മുന്‍കാലങ്ങളിൽ എഴുതിയിരുന്നത്‌; ക്രിസ്‌ത്യാനികള്‍ "കർത്താവിൽ നിദ്ര പ്രാപിച്ചു' എന്നും. ഇത്തരം എഴുത്തുകള്‍ തുടങ്ങുന്നതിന്‌ മുകളിൽ "ഈശോ-മറിയം-യൗസേപ്പ്‌ തുണ' എന്നതിന്റെ ബീജാക്ഷരങ്ങള്‍-"ഇ.മ.യൗ'-എന്നും എഴുതിച്ചേർക്കുന്ന പതിവുണ്ട്‌.

ഇങ്ങനെ ജനനമരണങ്ങള്‍, വിവാഹം തുടങ്ങിയ പ്രധാന ജീവിതസംഭവങ്ങള്‍ പരസ്‌പരം നിവേദനം നടത്തുന്നതിന്‌ കേരളത്തിലെ ഓരോ സമുദായവും സ്വകീയമായ ചില ശൈലീവിശേഷങ്ങള്‍ നടപ്പാക്കിയിരുന്നതായി കാണാം. ആചാരശൈലിപ്രയോഗങ്ങളിൽ തികഞ്ഞ നിഷ്‌കർഷ പുലർത്തിയിരുന്ന മലയാളികള്‍ "ഒപ്പിട്ടു' എന്നതിനുപോലും ഉന്നതന്മാരെ സംബന്ധിച്ചിടത്തോളം "തുല്യം ചാർത്തി' അല്ലെങ്കിൽ "തൃക്കൈവിളയാടി' എന്നും അധഃസ്ഥിത സമുദായങ്ങള്‍ക്ക്‌ "കൈക്കുറ്റപ്പാട്‌ ചെയ്‌തു' എന്നും ഉള്ള വ്യത്യസ്‌ത കല്‌പനകള്‍ ചെയ്‌തിരുന്നു.

ഗവണ്‍മെന്റ്‌ ഓഫീസുകള്‍ തമ്മിൽ, ഗവണ്‍മെന്റ്‌ ഓഫീസുകളും പൗരജനങ്ങളും തമ്മിൽ, മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനും തമ്മിൽ, കമ്പനികള്‍ തമ്മിൽ, കമ്പനികളും കക്ഷികളും തമ്മിൽ, അധ്യാപകാധ്യേതാക്കള്‍ തമ്മിൽ, ഉടയോനും അടിയാനും തമ്മിൽ-ഇങ്ങനെയുള്ള വിഭിന്നദ്വന്ദ്വങ്ങള്‍ തമ്മിലുള്ള കത്തിടപാടുകള്‍ക്ക്‌ ചില നിശ്ചിതസംവിധാനക്രമങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്‌; ഉദ്യോഗം, അവധി, സ്ഥലംമാറ്റം തുടങ്ങിയവയ്‌ക്കുള്ള അപേക്ഷകള്‍, സാധനങ്ങള്‍ അയച്ചുകൊടുക്കാനുള്ള അഭ്യർഥന, അധികാരികള്‍ക്കുള്ള നിവേദനം, അത്‌ നിരസിച്ചോ അനുവദിച്ചോ കിട്ടിയെന്ന്‌ അറിയിച്ചോ ഉള്ള മറുപടി ഇങ്ങനെ ദൈനംദിന ജീവിതത്തിൽ അനിവാര്യമായ ഒരു ആവശ്യമായിട്ടുണ്ട്‌ കത്തിടപാടുകള്‍; ഇവയുടെ ഒക്കെ രൂപകല്‌പനകള്‍ക്കും ചില വ്യത്യസ്‌തമാനങ്ങള്‍ നിർണയിക്കപ്പെട്ടിട്ടുമുണ്ട്‌.

കാമുകീകാമുകന്മാർ തമ്മിലുള്ള പ്രമലേഖനപ്രഷണത്തിനും എല്ലാരാജ്യങ്ങളിലും എല്ലാഭാഷകളിലും സുദീർഘമായ ഒരു ചരിത്രമുണ്ട്‌.

എഴുത്തുകള്‍ കവിതയിൽ. സന്ദേശകാവ്യങ്ങളിലും മറ്റും എഴുത്തുകളുടെ രൂപത്തിൽ ശ്ലോകങ്ങള്‍ നിബന്ധിക്കുന്ന പതിവ്‌ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ദൈനംദിന വാർത്താനിവേദനങ്ങള്‍ക്കും അഭ്യർഥനകള്‍ക്കും പദ്യത്തെ ആശ്രയിക്കുന്ന പതിവ്‌ 19-ാം ശതകത്തിന്റെ ഉത്തരാർധത്തോടുകൂടിയാണ്‌ മലയാളത്തിൽ സാർവത്രിക പ്രചാരമുള്ള ഒരു പ്രസ്ഥാനത്തിന്റെ നിലയിലേക്ക്‌ വികസിച്ചത്‌. ഇതിനുമുമ്പ്‌ കഥാഖ്യാനഭാഗമായി ചില കത്തുകള്‍ കുഞ്ചന്‍ നമ്പ്യാർ ചമച്ചിരുന്നുവെന്നതിന്‌ നളചരിതം ഓട്ടന്‍ തുള്ളലിൽ ഭീമരാജാവ്‌ തന്റെ പുത്രിയുടെ സ്വയംവരത്തിൽ പങ്കുകൊള്ളാന്‍ നളനെ ക്ഷണിക്കുന്ന ഭാഗം പ്രസിദ്ധമായ തെളിവാണ്‌:

	""ധനുമാസം പതിനാറാം തീയതി
	ശനിവാരത്തേ മകരം രാശി
	നമ്മുടെ മകള്‍ ദമയന്തിയതാകിയ
	കന്യക തന്റെ വിവാഹമുഹൂർത്തം;
	അതിന്‌ ഭവാനും മന്ത്രികള്‍ നാലും
	ചതുരംഗിണിയാം സേനയുമായി
	നിഷധപതേ, പതിനഞ്ചാം തീയതി
	ഉഷസി കുളിപ്പാനിവിടെ വരേണം.''
  

ഇത്‌ ഒരു പുരാണകഥയുടെ പുനരാഖ്യാനത്തിൽ കുഞ്ചന്‍നമ്പ്യാർ പ്രയോഗിച്ച ഒരു പൊടിക്കൈയായിരുന്നെങ്കിൽ, കൊടുങ്ങല്ലൂർക്കളരിയും വെണ്‍മണി പ്രസ്ഥാനവും ഭാഷാപോഷിണി, കവനകൗമുദി, രസികരഞ്‌ജിനി തുടങ്ങിയ മാസികകളും ഭാഷാസാഹിത്യങ്ങളെ അടക്കി ഭരിച്ചിരുന്ന മൂന്നുനാല്‌ പതിറ്റാണ്ടുകളിൽ കവിതക്കത്തുകള്‍ കവികളുടെ ഒരു നിത്യവിനോദവും ചിലപ്പോള്‍ ഗൗരവമേറിയ സൃഷ്‌ടിവ്യായാമവുമായിത്തീർന്നിരുന്നു. തന്റെ പുത്രിക്ക്‌ ഒരു പാഠപുസ്‌തകം കൊടുക്കാന്‍ കച്ചവടക്കാരന്‌ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കൊടുത്തയച്ച "കുറിപ്പ്‌' ഇങ്ങനെ ആയിരുന്നു:

	""ബാലശിക്ഷ'യ്‌ക്കലട്ടുന്നൂ
	ബാലപുത്രി സരസ്വതി;
	അലട്ടുതീർത്തു വിട്ടേക്കൂ
	വില പിന്നെത്തരാമെടൊ!''
 

ഒരിക്കൽ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഏതോ ശ്ലോകത്തിന്‌ വൃത്തഭംഗമുണ്ടെന്ന്‌ മാവേലിക്കര ഉദയവർമ തമ്പുരാനും മറ്റു ചിലരും ഒരു പത്രപങ്‌ക്‌തിയിൽ ചൂണ്ടിക്കാട്ടി. അത്‌ അച്ചടിപ്പിശകാണെന്ന്‌ കാണിച്ച്‌ അദ്ദേഹം പത്രത്തിൽ ഇപ്രകാരം എഴുതി:

	""മാവേലിക്കരമന്ന, മാന്യമതിയാം മന്നാടി
			യാരേ, നമു-
	ക്കീവേലയ്‌ക്കൊരബദ്ധമച്ചുപിഴയിൽ 	പെട്ടേപെടുള്ളൂ ദൃഢം.''   
 

ശീവൊള്ളി നാരായണന്‍ നമ്പൂതിരി അയച്ച ഒരു "പത്രാധിപർക്കുള്ള കത്ത്‌' ഇപ്രകാരമാണ്‌:

	""ആയതു പോലെ ഭവാനെ-
	ന്നായതബുദ്ധേ, പിശുക്കനാണെങ്കിൽ
	ആയതുമതി, മതി, ഞാനീ-
	വായ തുറന്നില്ല, മിണ്ടിയതുമില്ല.''
 

താനും കുണ്ടൂർ നാരായണമേനോനും വളരെ അകലത്ത്‌ ജീവിക്കാനിടയായതിൽ കുണ്‌ഠിതപ്പെട്ടുകൊണ്ട്‌ നടുവം മഹന്‍ നമ്പൂതിരി ഇപ്രകാരം ഒരെഴുത്തയച്ചു:

	""ഒരിടത്തെന്നേ, ദൂര-
	ത്തൊരിടത്തയ്യോ, ഭവാനെയും ദൈവം
	"ഇരി'യെന്നിങ്ങനെ മാനസ-
	മെരിയും വണ്ണം കുടുക്കിലിട്ടല്ലോ.''
 

"പണിക്കർ' എന്ന സ്ഥാനം തന്റെ പേരിനോട്‌ ചേർത്തതിൽ മൂലൂർ എസ്‌. പദ്‌മനാഭപ്പണിക്കരോട്‌ മറ്റു ചില കവികള്‍ ശണ്‌ഠകൂടി; ഒടുവിൽ അത്‌ ശരിക്കൊരു ശ്ലോകസമരമായിത്തീർന്നു; അവസാനം "കവികേസരി' എന്ന തൂലികാനാമത്തിൽ പദ്‌മനാഭപ്പണിക്കർ തന്റെ പ്രതിയോഗികള്‍ക്ക്‌ സുജനാനന്ദിനിയിൽ ഇങ്ങനെ എഴുതി വിവാദത്തിൽനിന്ന്‌ ഒഴിഞ്ഞുമാറി:

	""ഞാനും കൂട്ടരുമയ്യോ,
	മാനം കെട്ടോരിലാദ്യരായ്‌ത്തീർന്നു;
	ഊനം പെട്ടിഹ നിന്നിൽ
	സ്ഥാനം തട്ടാന്‍ കരേറുകില്ലിനിമേലിൽ.''
 

തോട്ടയ്‌ക്കാട്‌ ഇക്കാവമ്മയുടെ സുഭദ്രാധനഞ്‌ജയം നാടകം വായിച്ച്‌ രസിച്ച്‌ കേരളവർമ വലിയകോയിത്തമ്പുരാന്‍ തന്റെ അഭിനന്ദനം രേഖപ്പെടുത്തി ഈ പദ്യം അവർക്ക്‌ അയച്ചുകൊടുത്തു:

	""ഇക്കാലമിന്ദുമുഖിമാർ പലരും കവിത്വ-
	വക്കാണമാർന്നു മരുവുന്നു; തദേതദാസ്‌താം;
	ഇക്കാവു പണ്ഡിതപരം മകരന്ദധാരാ-
	ധിക്കാരി വാങ്‌മധുരി മാധുരിമാനനീയാം.''
 

പ്രഗല്‌ഭനായ ഒരു വ്യക്തി സമശീർഷനായ മറ്റൊരാള്‍ക്ക്‌ എഴുതിയിട്ടുള്ള കത്തുകള്‍ പില്‌ക്കാലത്തു സമാഹരിച്ചു പ്രസിദ്ധീകരിക്കുക, ഒരു വ്യക്തിക്ക്‌ സാഹിത്യമേഖലയിലെയും സാമൂഹിക മേഖലയിലെയും പ്രഗല്‌ഭരായ വ്യക്തികള്‍ അയച്ചിരുന്ന കത്തുകള്‍ സമാഹരിച്ച്‌ പ്രസിദ്ധീകരിക്കുക തുടങ്ങിയ രീതിയിൽ കത്തുകളുടെ സമാഹാരങ്ങള്‍ ആധുനികകാലത്തു പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്‌. ഈ കത്തുകള്‍, എഴുതുന്നവരുടെയും ആർക്കാണോ എഴുതുന്നത്‌ ആ വ്യക്തിയുടെയും വ്യക്തിത്വം വ്യഞ്‌ജിപ്പിക്കുന്നതോടൊപ്പം അതതു കാലഘട്ടത്തിലെ സാഹിത്യത്തിന്റെ നില, എഴുത്തുകാരുടെ സ്വകാര്യശൈലി തുടങ്ങിയവയും വെളിപ്പെടുത്തുന്നു.

വള്ളത്തോള്‍ നാരായണമേനോന്‍ സർദാർ കെ.എം. പണിക്കർക്ക്‌ അയച്ച കത്തുകളിൽ 203 കത്തുകള്‍ കെ.എം. പണിക്കരുടെ അനന്തരവനും സാഹിത്യകാരനുമായ കാവാലം നാരായണപ്പണിക്കർ സമാഹരിച്ച്‌ വള്ളത്തോള്‍ കത്തുകള്‍ (1978) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഇതിനെ വ്യക്തിസൗഹൃദത്തിന്റെ കാവ്യമെന്നു വിശേഷിപ്പിച്ചിട്ടുണ്ട്‌. തന്റെ കവിതകളിലുള്ളതിനെക്കാള്‍ ജീവിതവ്യാകുലതകള്‍ കവി ഈ കത്തുകളിൽ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌.

പ്രാഫ. എസ്‌. ഗുപ്‌തന്‍നായർ തനിക്ക്‌ സാഹിത്യമേഖലയിലെ പ്രഗല്‌ഭരായ വ്യക്തികള്‍ അയച്ച 130 കത്തുകള്‍ തിരഞ്ഞെടുത്ത്‌ കാറ്റിൽപറക്കാത്ത കത്തുകള്‍ (1991) എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേസരി ബാലകൃഷ്‌ണപിള്ള, പി.ശങ്കരന്‍ നമ്പ്യാർ, ചങ്ങമ്പുഴ, ജി., വൈലോപ്പിള്ളി, പി. ബോധേശ്വരന്‍, പി. കേശവദേവ്‌, എസ്‌.കെ. പൊറ്റെക്കാട്‌, ഉറൂബ്‌, കുട്ടിക്കൃഷ്‌ണമാരാർ, പാറപ്പുറത്ത്‌, ഡോ.കെ. ഭാസ്‌കരന്‍ നായർ തുടങ്ങിയ പ്രശസ്‌ത സാഹിത്യകാരന്മാരുടെ കത്തുകളാണ്‌ ഇവ. മലയാള സാഹിത്യത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒട്ടേറെ സംഭവങ്ങളുടെ ഒരു രേഖാചിത്രം ഈ കത്തുകള്‍ ആവിഷ്‌ക്കരിക്കുന്നതായി ഡോ.കെ. അയ്യപ്പപ്പണിക്കാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സി. അച്യുതമേനോന്റെ 33 കത്തുകള്‍ സാഹിത്യകാരനും കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയുമായ സി. അച്യുതമേനോന്‍ എഴുതിയ സ്വകാര്യകത്തുകളുടെ സമാഹാരമാണ്‌. കെ.പി.കെ. വാര്യർ പ്രസിദ്ധീകരിച്ച ഈ കത്തുകള്‍ കക്ഷിരാഷ്‌ട്രീയത്തിനുപരി വ്യക്തിബന്ധങ്ങളെ അച്യുതമേനോന്‍ മാനിച്ചിരുന്നുവെന്ന്‌ സ്‌പഷ്‌ടമാക്കുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിൽപ്പെട്ട വ്യക്തികള്‍ സുകുമാർ അഴീക്കോടിന്‌ പലപ്പോഴായി എഴുതിയ കത്തുകളിൽ അദ്ദേഹം തന്നെ തിരഞ്ഞെടുത്ത 261 കത്തുകള്‍ സുകുമാർ അഴീക്കോടിന്റെ തന്നെ ആമുഖ പഠനത്തോടൊപ്പം പ്രിയപ്പെട്ട അഴീക്കോടിന്‌ എന്ന പേരിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്‌ (2001). ഉള്ളൂർ, വടക്കുംകൂർ, ജി., കുട്ടിക്കൃഷ്‌ണമാരാർ, മുണ്ടശ്ശേരി, തകഴി, ദേവ്‌, ബഷീർ, പൊറ്റെക്കാട്‌, ഉറൂബ്‌, ബാലാമണിഅമ്മ, പി. കുഞ്ഞിരാമന്‍ നായർ, വൈലോപ്പിള്ളി തുടങ്ങിയ പഴയ തലമുറയിലെ സാഹിത്യകാരന്മാരും ആധുനികരായ സാഹിത്യകാരന്മാരും ഉള്‍പ്പെടെ 141 പേരുടെ കത്തുകളാണ്‌ ഇതിലുള്‍പ്പെടുത്തിയിട്ടുള്ളത്‌.

പ്രശ്‌സതരായ വ്യക്തികളുടെയും സാഹിത്യകാരന്മാരുടെയും പ്രസിദ്ധീകൃതമായ സ്വകാര്യകത്തുകള്‍ ഇവരുടെ വൈയക്തിക ജീവിതത്തിന്റെയും ജീവിതവീക്ഷണത്തിന്റെയും സമകാലിക സാമൂഹിക സംഭവങ്ങളുടെയും പ്രതിബിംബങ്ങളെന്ന നിലയിൽ ഏറെ ശ്രദ്ധേയങ്ങളായിത്തീർന്നിരിക്കുന്നു. പ്രസിദ്ധീകരണലക്ഷ്യത്തോടെ തയ്യാറാക്കുന്ന സാഹിത്യരൂപങ്ങളെപ്പോലെതന്നെ ഇത്തരം കത്തുകളുടെ സമാഹാരങ്ങള്‍ക്കും സാഹിത്യപരവും കാലികവുമായ പ്രാധാന്യമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍