This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എള്ള്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:57, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എള്ള്‌

കാർഷികവിളകളിൽ ഒന്ന്‌. പെഡാലിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാ. നാ. സെസാമം ഇന്‍ഡിക്കം (Sesamum indicum)എന്നാണ്‌. ഇംഗ്ലീഷിൽ സെസാമം (sesamum)എന്ന പേരിൽ അറിയപ്പെടുന്നു. എണ്ണക്കുരുക്കളിൽ ഒന്നായ എള്ള്‌ ഒരു വാർഷികോഷധിയാണ്‌. ഏകദേശം 8-13 സെ.മീ. വരെ ഉയരത്തിൽ വളരുന്നു. സസ്യശരീരത്തിൽ ശ്ലേഷ്‌മകം (mucilage) ഉള്‍ക്കൊള്ളുന്ന ഗ്രന്ഥികളോടുകൂടിയ ലോമങ്ങളുണ്ട്‌. പൂവിന്റെ ഒരു പ്രത്യേകഭാഗത്തുകൂടിമാത്രം മുറിച്ചാൽ രണ്ടു തുല്യഭാഗങ്ങള്‍ കിട്ടുന്നു. അഞ്ച്‌ ബാഹ്യദളങ്ങളും അഞ്ച്‌ ദളങ്ങളുമുണ്ട്‌. അവ സ്വതന്ത്രങ്ങളല്ല. നാല്‌ കേസരങ്ങളിൽ രണ്ടെണ്ണം നീളം കൂടിയതും രണ്ടെണ്ണം നീളം കുറഞ്ഞതുമാണ്‌. അഞ്ചാമത്തേത്‌ വന്ധ്യകേസരമാകുന്നു (staminode). രണ്ട്‌ അണ്ഡപർണങ്ങള്‍ (carpels) ചേർന്ന്‌ രണ്ട്‌ അറകളുള്ള ഒരു ഊർധ്വവർത്തി അണ്ഡാശയം രൂപംപ്രാപിച്ചിരിക്കുന്നു. ഓരോ അറയിലും രണ്ട്‌ ബീജാണ്ഡങ്ങള്‍ വീതമുണ്ട്‌. സമ്പുടഫല(capsule)മാണ്‌ ഇതിന്റേത്‌. വിത്തിനുള്ളിൽ ഭ്രൂണം ഒരു പാളി നേർത്ത ബീജാന്നംകൊണ്ട്‌ പൊതിയപ്പെട്ടിരിക്കുന്നു.

എള്ള്‌: A. ഒരു ശാഖ, B. ദളപുടം, C. ജനിപുടം, D. കായ്‌, E.അണ്ഡാശയത്തിന്റെ അനുപ്രസ്ഥ പരിച്ഛേദം, F.കായയുടെ പരിച്ഛേദം, G.വേരുപടലം

ചരിത്രം. എള്ളിന്റെ ജന്മദേശം ആഫ്രിക്കയാണ്‌. എള്ളുകൃഷി വളരെപ്പണ്ടുതന്നെ പേർഷ്യവഴി ഇന്ത്യയിലെത്തിയെന്നും പിന്നീട്‌ മറ്റു രാജ്യങ്ങളിലേക്ക്‌ വ്യാപിച്ചുവെന്നും കരുതപ്പെടുന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എള്ളുത്‌പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്‌. ഇന്ത്യ, ബർമ, തായ്‌ലണ്ട്‌, ഈജിപ്‌ത്‌, ജപ്പാന്‍, ഇസ്രയേൽ, റഷ്യ, ബ്രസീൽ അർജന്റീന, മെക്‌സിക്കോ, സുഡാന്‍, നൈജീരിയ എന്നീ രാജ്യങ്ങളിൽ എള്ള്‌ ധാരാളമായി കൃഷിചെയ്‌തുവരുന്നുണ്ട്‌. ലോകത്താകെ കൃഷിചെയ്യപ്പെടുന്നതിന്റെ 18.8 ശതമാനം എള്ളും ഇന്ത്യയിലാണ്‌. ഗുജറാത്താണ്‌ എള്ളുകൃഷിയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം. കേരളത്തിൽ ഏകദേശം 600 ഹെക്‌ടർ സ്ഥലത്ത്‌ ഇത്‌ കൃഷി ചെയ്യുന്നുണ്ട്‌.

പാലക്കാട്‌, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലായിരുന്നു എള്ളുകൃഷി പ്രധാനമായും വ്യാപിച്ചുകിടക്കുന്നത്‌. കൊല്ലം, ആലപ്പുഴ ജില്ലകളിൽപ്പെട്ട ഓണാട്ടുകരയിലാണ്‌ ദക്ഷിണകേരളത്തിലെ എള്ളുകൃഷി പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്‌. ഇവിടെ ഇരുപ്പൂനിലങ്ങളിൽ വേനൽക്കാലത്ത്‌ എള്ള്‌ കൃഷിചെയ്‌തിരുന്നു. കരപ്പാടങ്ങളിൽ ഇരുപ്പൂനെല്ല്‌ കൊയ്‌തെടുത്തശേഷം ആഗസ്റ്റ്‌ ആദ്യവാരത്തിലും ഓണാട്ടുകര പ്രദേശത്ത്‌ മുണ്ടകന്‍ നെല്ല്‌ കൊയ്‌തെടുത്തശേഷം ജനുവരി മാസത്തിലും എള്ള്‌ വിതച്ചിരുന്നു. എള്ള്‌ രണ്ടിനമുണ്ട്‌: മൂപ്പു കൂടിയതും മൂപ്പ്‌ കുറഞ്ഞതും. കരക്കൃഷിക്ക്‌ പറ്റിയത്‌ മൂപ്പ്‌ കൂടിയ ഇനമാണ്‌. മൂപ്പുകുറഞ്ഞ ഇനം സാധാരണയായി വയലുകളിലാണ്‌ കൃഷി ചെയ്യാറുള്ളത്‌. മൂപ്പുകുറഞ്ഞ ഇനത്തിന്‌ ശാഖോപശാഖകള്‍ കുറഞ്ഞിരിക്കും. വേരുപടലം പൊതുവേ അശക്തവുമാണ്‌. മൂപ്പു കൂടിയ ഇനത്തിന്‌ ധാരാളം ശാഖോപശാഖകളും താരതമ്യേന ശക്തമായ വേരുപടലവും ഉണ്ടായിരിക്കും. കൂടുതൽ ഉയരത്തിൽ വളരുകയും ചെയ്യും. വിത്തിന്റെ നിറം വെളുപ്പ്‌, കറുപ്പ്‌, ചാരനിറം എന്നിവയിലേതെങ്കിലുമാകാം.

തമിഴ്‌നാട്ടിലെ തിണ്ടിവനം എണ്ണവിത്തുഗവേഷണകേന്ദ്രത്തിൽ ഉത്‌പാദിപ്പിച്ച മൂന്ന്‌ മേൽത്തരം എള്ളു വിത്തുകളാണ്‌ ടി.എം.വി. ഒന്ന്‌, ടി.എം.വി. രണ്ട്‌, ടി.എം.വി. മൂന്ന്‌ എന്നിവ. കേരളത്തിലെ കാലാവസ്ഥയ്‌ക്കും ഇവ യോജിച്ചതാണ്‌. കായംകുളത്തെ എണ്ണവിത്തു ഗവേഷണകേന്ദ്രം രൂപം നല്‌കിയിട്ടുള്ള "കായംകുളം ഒന്ന്‌' "കായംകുളം രണ്ട്‌' എന്നിവ ഓണാട്ടുകര പ്രദേശത്തേക്ക്‌ ഏറ്റവും പറ്റിയതാണ്‌. സോമ, സൂര്യ, തിലക്‌, തിലതാര, തിലറാണി, ഛങഠ-1165 എന്നിവയാണ്‌ മറ്റിനങ്ങള്‍. 80-85 ദിവസം കൊണ്ട്‌ ഇത്‌ മൂപ്പെത്തുന്നു. എണ്ണയുടെ കാര്യത്തിലും മെച്ചപ്പെട്ടതാണിത്‌.

സമതലപ്രദേശമാണ്‌ എള്ളുകൃഷിക്ക്‌ ഏറ്റവും ഉത്തമം. നല്ല നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശിമണ്ണിൽ എള്ള്‌ നന്നായി വിളയും. വരണ്ടപ്രദേശങ്ങളും വെള്ളം കെട്ടിനില്‌ക്കുന്ന സ്ഥലങ്ങളും എള്ളുകൃഷിക്ക്‌ യോജിച്ചതല്ല. മണ്ണിൽ കൂടുതൽ ജലാംശമുണ്ടായിരുന്നാൽ എള്ള്‌ വാടിപ്പോകും. പൂക്കുന്ന കാലത്ത്‌ ഒട്ടും മഴയുണ്ടാകാതിരുന്നാൽ നന്നായിരിക്കും. എള്ളുവിതയ്‌ക്കാന്‍ നിലം നല്ലവണ്ണം ഉഴുതിളക്കി നിരപ്പാക്കണം. ഒരു ഹെക്‌ടർ സ്ഥലത്തേക്ക്‌ അഞ്ച്‌ കി.ഗ്രാം. വിത്തുമതിയാകും. വിത്തിനോട്‌ മൂന്നിരട്ടി മണലോ ഉണങ്ങിയ ചാണകമോ കൂട്ടിയിളക്കിയാണ്‌ വിതയ്‌ക്കുന്നത്‌.

എള്ളുകൃഷിക്ക്‌ ധാരാളം വളം ആവശ്യമാണ്‌. ഹെക്‌ടറിന്‌ 5 മുതൽ 8 വരെ ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചാരവുമായി കൂട്ടിക്കലർത്തി വിതറിയാൽ വർധിച്ച വിളവു ലഭിക്കും. രാസവളം ചേർക്കുന്നത്‌ കൂടുതൽ വിളവു ലഭിക്കാന്‍ സഹായിക്കുന്നു. നൈട്രജന്‍ ചേർക്കുന്നതുകൊണ്ട്‌ കൂടുതൽ വിളവുണ്ടാകുമെങ്കിലും അധികമായാൽ എണ്ണയുടെ അളവു കുറയാനിടയുണ്ട്‌. ഫോസ്‌ഫറസും പൊട്ടാഷും എണ്ണയുടെ അളവു കൂട്ടുന്നു. എള്ളിന്റെ വേരുകള്‍ വശങ്ങളിലേക്ക്‌ വളരാത്തതിനാൽ വേരുകള്‍ക്കു സമീപം ചുവട്ടിൽത്തന്നെ വളം ചേർക്കണം.

നെൽവയലുകളിലെ ഒരു ഉപവിളയായി മാത്രമേ കേരളത്തിൽ എള്ള്‌ കരുതപ്പെടുന്നുള്ളൂ. എങ്കിലും ചില പ്രദേശങ്ങളിൽ മരച്ചീനിയോടൊപ്പവും പയറിനോട്‌ കൂട്ടിക്കലർത്തിയും എള്ള്‌ കൃഷിചെയ്യാറുണ്ട്‌. വിത കഴിഞ്ഞ്‌ 20-25 ദിവസമാകുമ്പോള്‍ ഇടയിളക്കണം. മണ്ണിന്‌ ഇളക്കം കിട്ടുന്നതിനും കളകളെ നശിപ്പിക്കുന്നതിനും ഇതു സഹായിക്കും. വിത്തിടുന്ന സമയത്ത്‌ മണ്ണിൽ നല്ല ഈർപ്പമുണ്ടെങ്കിൽ പൂക്കുന്നസമയത്തുമാത്രം ഒരു തവണ നനച്ചാൽ മതിയാകും. എള്ള്‌ പാകമായിവരുന്ന സമയത്ത്‌ ഒരു പ്രാവശ്യംകൂടി നനയ്‌ക്കാമെങ്കിൽ കൂടുതൽ നല്ലതാണ്‌.

എള്ളിനെ ബാധിക്കുന്ന പ്രധാനരോഗം "ഫില്ലോഡി' എന്ന ഒരുതരം വൈറസ്‌ രോഗമാണ്‌. പൂക്കള്‍ക്കുപകരം പുഷ്‌പഭാഗങ്ങള്‍ പച്ചനിറത്തിലുള്ള ഇലകളെപ്പോലെ രൂപാന്തരപ്പെട്ടുകാണുകയാണ്‌ ഇതിന്റെ ലക്ഷണം. ഇലകളെയും കായ്‌കളെയും ബാധിക്കുന്ന ഒരുതരം പുഴുക്കളും എള്ളുകൃഷിയെ ബാധിക്കാറുണ്ട്‌. രോഗബാധയുള്ള ചെടികള്‍ മാറ്റി നശിപ്പിക്കുക. മൂന്നുമാസം കഴിയുമ്പോള്‍ വിളവെടുക്കാം. മൂപ്പെത്തിക്കഴിഞ്ഞാൽ ഇലയും തണ്ടും മഞ്ഞളിക്കുന്നു. വേരോടുകൂടി പിഴുതെടുക്കുകയോ ചുവട്ടിൽവച്ച്‌ മുറിച്ചെടുക്കുകയോ ചെയ്യുന്നു. മൂന്നുനാലു ദിവസം തണലത്ത്‌ അടുക്കിവച്ചശേഷം ഇല കുടഞ്ഞുകളഞ്ഞ്‌ തണ്ടും കായും മൂന്നുനാലു ദിവസം വെയിലത്തിട്ട്‌ ഉണക്കുന്നു. പിന്നീട്‌ വടികൊണ്ടടിച്ച്‌ വിത്തുകള്‍ പൊഴിച്ചെടുക്കുന്നു. ഒരു ഹെക്‌ടർ സ്ഥലത്തെ എള്ളുകൃഷിയിൽ നിന്ന്‌ ശരാശരി 185 കിലോഗ്രാം എള്ള്‌ ലഭിക്കുന്നു.

എള്ള്‌ചെടിയും പൂവും

എള്ള്‌ അർശസ്‌ രോഗത്തിന്‌ നല്ലതാണ്‌. ആർത്തവക്രമക്കേടുകള്‍ക്കും ഗർഭാശയസങ്കോചത്തിനും എള്ളുകഷായം നല്ലതാണ്‌. തീപ്പൊള്ളൽ മൂലമുണ്ടാകുന്ന വ്രണങ്ങള്‍ക്ക്‌ എള്ള്‌ അരച്ചു പുരട്ടുന്നത്‌ ഉത്തമമാണ്‌. എള്ള്‌ ശർക്കരകൂട്ടി ഭക്ഷിക്കുന്നത്‌ ശുദ്ധിചെയ്യാത്ത കൊടുവേലിക്കിഴങ്ങിനും എരിക്കിന്‍ പാലിനും പ്രത്യൗഷധമാണ്‌. എള്ളില വയറ്റിലെ ക്രമക്കേടുകള്‍ക്കും വയറിളക്കത്തിനും കുട്ടികളുടെ കോളറയ്‌ക്കും നല്ലൊരു മരുന്നാണ്‌. ഇല പിഴിഞ്ഞെടുക്കുന്ന ചാറ്‌ താളിയായി ഉപയോഗിക്കുന്നത്‌ തലമുടി സമൃദ്ധമായി വളരാന്‍ സഹായിക്കുന്നു. ഇലയും വേരും ചേർന്ന കഷായവും കേശസംരക്ഷണത്തിന്‌ നല്ലതാണ്‌. ഇല അരച്ചു പുരട്ടുന്നതുകൊണ്ട്‌ ദേഹമാർദവം ഉണ്ടാകുന്നു.

"എള്ളു തിന്നാൽ എള്ളോളം പശിതീരും'; "എള്ളിന്‌ ഏഴുഴവ്‌; കൊള്ളിന്‌ ഒരുഴവ്‌;' "എള്ളു ചോരുന്നതേ കാണൂ; എണ്ണ ചോരുന്നത്‌ കാണില്ല; "എള്ളെണ്ണിക്കീറുക' എന്നിങ്ങനെ എള്ളിനെ ആസ്‌പദമാക്കിയുള്ള പല പഴഞ്ചൊല്ലുകളും ശൈലികളും ഭാഷയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌.

എള്ളെണ്ണ. എള്ളിൽനിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന എണ്ണ, എള്ളെണ്ണ, നല്ലെണ്ണ എന്നീ പേരുകളിൽ ഇത്‌ അറിയപ്പെടുന്നു. ഭക്ഷ്യാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന പ്രധാന സസ്യഎണ്ണകളിൽ ഒന്നാണിത്‌. ഇന്ത്യയിൽ പ്രതിവർഷം 1,70,000 ടണ്‍ എള്ളെണ്ണ ഉത്‌പാദിപ്പിക്കപ്പെടുന്നതായി കണക്കാക്കിയിട്ടുണ്ട്‌. അടുക്കളയാവശ്യങ്ങള്‍ക്കു പുറമേ വിളക്കുകത്തിക്കുവാനും തേച്ചുകുളിക്കുവാനും സുഗന്ധതൈലം നിർമിക്കുവാനും ആയുർവേദത്തിൽ അനേകം ഔഷധതൈലങ്ങള്‍ ഉണ്ടാക്കുവാനും ഈ എണ്ണ വിപുലമായി പ്രയോജനപ്പെടുത്തിവരുന്നുണ്ട്‌.

എള്ള്‌ പാടം

സാധാരണയായി എള്ളിൽ 50-57 ശതമാനം എണ്ണ അടങ്ങിയിരിക്കും. മർദമുപയോഗിച്ചാണ്‌ എണ്ണ ഉത്‌പാദിപ്പിക്കുന്നത്‌. ഇന്ത്യയിൽ ധാരാളമായി നാടന്‍ ചക്കുകള്‍ ഉപയോഗിച്ചുവരുന്നു. ഇത്‌ ഒരു പഴയ രീതിയാണ്‌. എള്ളിൽനിന്നു പൂർണമായും എണ്ണ പിഴിഞ്ഞെടുക്കുവാന്‍ ഇത്‌ സമർഥമല്ല. അവശിഷ്‌ടമായ പിണ്ണാക്കിൽ എണ്ണ ബാക്കിയുണ്ടായിരിക്കും. അടുത്ത കാലത്തായി ദ്രവചാലിത-പ്രസുകള്‍ (Hydraulic press)ഉപയോഗിച്ച്‌ തൈലനിഷ്‌കർഷണം കൂടുതൽ സമഗ്രമായ രീതിയിൽ നടത്തിവരുന്നുണ്ട്‌. എള്ളിന്‍പിണ്ണാക്ക്‌ കാലികള്‍ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും പറ്റിയ ആഹാരമാണ്‌. ശുദ്ധീകരിച്ച എള്ളെണ്ണയ്‌ക്കു നിറമില്ലെങ്കിലും ആട്ടിയെടുത്ത ഇനത്തിന്‌ മഞ്ഞയോ കറുപ്പുരാശി കലർന്നമഞ്ഞയോ നിറമുണ്ടായിരിക്കും.

എള്ളെണ്ണയിലെ പ്രധാന കൊഴുപ്പമ്ലങ്ങള്‍ പാൽമിറ്റിക്‌ (8 ശ.മാ.), സ്റ്റിയറിക്‌ (4 ശ.മാ.), ഒലിയിക്‌ (45 ശ.മാ.), ലിനൊലിയിക്‌ (41 ശ.മാ.) എന്നിവയാണ്‌. മിശ്രിതത്തിൽ എള്ളെണ്ണയുടെ സാന്നിധ്യം ബഡൂയിന്‍ (Baudouin)പരീക്ഷണം വഴി നിർണയിക്കാവുന്നതാണ്‌. വളരെ കുറച്ചുമാത്രം എണ്ണയുണ്ടെങ്കിലും ഈ പരീക്ഷണം മൂലം അത്‌ കണ്ടുപിടിക്കാന്‍ പ്രയാസമില്ല. സാമ്പിളിൽ സാന്ദ്രഹൈഡ്രാക്ലോറിക്‌ അമ്ലവും അല്‌പം ഫർഫൂറാൽ (furfural)ലായനിയും ചേർത്തു കുലുക്കിവയ്‌ക്കുമ്പോള്‍ ജലീയസ്‌തര(water layer)ത്തിനും ചുവപ്പുനിറം ഉണ്ടാകുന്നതാണ്‌. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌ വനസ്‌പതി നിർമാണത്തിൽ അല്‌പം എള്ളെണ്ണ ചേർക്കണമെന്ന്‌ ഗവണ്‍മെന്റ്‌ അനുശാസിക്കുന്നത്‌. വെണ്ണയിൽ വനസ്‌പതിയുടെ മായമുണ്ടെങ്കിൽ പ്രസ്‌തുത പരീക്ഷണം കൊണ്ട്‌ എളുപ്പത്തിൽ കണ്ടുപിടിക്കാന്‍ സാധിക്കും.

(ഡോ. വി.എസ്‌. രാമന്‍; സ.പ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍