This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിസബീഥന്‍ നാടകവേദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:08, 8 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എലിസബീഥന്‍ നാടകവേദി

Elizabethan Stage

ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്ത്‌ ക-ന്റെയും തുടർന്നുവന്ന ആദ്യകാല സ്റ്റുവർട്ട്‌ രാജാക്കന്മാരുടെയും കാലഘട്ടത്തിൽ ബ്രിട്ടനിൽ നിലവിലിരുന്ന നാടകാവതരണ സമ്പ്രദായങ്ങളെയും നാടകവേദികളെയും വിവരിക്കുന്ന ഒരു ശൈലി. എലിസബീഥന്‍ തിയെറ്ററുകളുടെ ശില്‌പമാതൃക നവീനനാടകവേദികളുടേതിൽനിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു. ഏതാണ്ട്‌ വൃത്താകൃതിയിലുള്ള അവ പഴയ റോമന്‍ ആംഫിതിയെറ്ററുകളെയാണോർമിപ്പിക്കുന്നത്‌. ആദ്യം (1576) ലണ്ടനിൽ പണിത സ്ഥിരം നാടകശാലയുടെ പേര്‌ ദ്‌ തിയെറ്റർ (The Theatre) എന്നായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ചില തിയെറ്ററുകളായിരുന്നു "സ്വാന്‍' (1595), "ഗ്ലോബ്‌' (1599), "ഫോർച്യൂണ്‍' (1600), "ഹോപ്പ്‌' (1613) എന്നിവ. ഇവയിൽ "ഗ്ലോബ്‌' ഒഴിച്ചുള്ള മറ്റു മൂന്ന്‌ തിയെറ്ററുകളും വെട്ടുകല്ലുപയോഗിച്ച്‌ "ഗ്ലോബ്‌' തിയെറ്റർ കുമ്മായവും തടിയുപയോഗിച്ച്‌ നിർമിച്ചവയായിരുന്നു. ഇവയെല്ലാംതന്നെ പൊതുനാടകവേദികളായിരുന്നു. ഇവയിൽ സദസ്യർക്കു മുകളിൽ മേൽക്കൂര ഇല്ലായിരുന്നു. "ബ്ലാക്‌ ഫ്രയേഴ്‌സ്‌' പോലുള്ള ചില സ്വകാര്യ നാടകവേദികളിലും അക്കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്നു. ഇവയ്‌ക്ക്‌ പൂർണമായ മേൽക്കൂര ഉണ്ടായിരുന്നു. എലിസബീഥന്‍ നാടകവേദിയുടെ ഘടനയെ കാണിക്കുന്ന ഒരേ ഒരു ആധികാരിരേഖ 1595-ൽ ഡച്ചുകാരനായ ജോഹന്നസ്‌ ഡിവിറ്റ്‌ വരച്ച ഒരു ചിത്രമാണ്‌. ജർമന്‍ പണ്ഡിതനായ ഡോക്‌ടർ ഗേഡേർട്‌സ്‌ ഈ ചിത്രം ഉട്‌റെക്‌റ്റ്‌ യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ 1888-ൽ കണ്ടെത്തി.

ആദ്യകാലങ്ങളിൽ സത്രങ്ങളുടെ അങ്കണത്തിലായിരുന്നു നാടകങ്ങള്‍ പ്രദർശിപ്പിച്ചിരുന്നത്‌. അതിനാൽ പില്‌ക്കാലത്തുണ്ടായ പൊതുനാടകശാലകള്‍ സത്രനാടകവേദികളുടെ മാതൃകയിലാണ്‌ നിർമിക്കപ്പെട്ടത്‌. സ്ഥിരം തിയെറ്ററുകള്‍ ഉണ്ടായശേഷവും പല കമ്പനികളും സത്രാങ്കണങ്ങളിൽത്തന്നെ നാടകങ്ങള്‍ അവതരിപ്പിച്ചുപോന്നു.

തിയെറ്ററിന്റെ മധ്യഭാഗത്ത്‌ ഉന്തിനിന്നിരുന്ന രംഗവേദി(stage)യുടെ മൂന്ന്‌ വശത്തും മൂന്ന്‌ നിലകളിലായി ഗ്യാലറികളുണ്ടായിരുന്നു. സമ്പന്നർ ഗ്യാലറികളിലിരുന്നും സാധാരണക്കാർ വേദിക്കു മുന്നിലുള്ള തുറസ്സായ സ്ഥലത്ത്‌ (pit)നിന്നുമാണ്‌ നാടകം ദർശിച്ചുപോന്നത്‌. ഉച്ചതിരിഞ്ഞാണ്‌ സാധാരണ നാടകങ്ങള്‍ അഭിനയിച്ചിരുന്നത്‌. 1,300 മുതൽ 3,000 വരെ പ്രക്ഷകരെ ഈ തിയെറ്ററുകള്‍ ഉള്‍ക്കൊണ്ടിരുന്നു. രംഗങ്ങള്‍ക്കിടയിൽ താഴ്‌ന്ന യവനികയോ സ്റ്റേജിന്റെ മുന്‍വശത്ത്‌ ദീപനിരയോ അന്നില്ലായിരുന്നു. രംഗങ്ങളെ വേർതിരിച്ച്‌ സംഭവസ്ഥലങ്ങളുമായി എപ്പോഴും ബന്ധിപ്പിക്കുന്ന രീതിയും അപൂർവമായിരുന്നു. നാടകവേദിയെ സ്ഥിരമായി മൂന്ന്‌ പ്രധാന ഭാഗങ്ങളായി തരംതിരിക്കുകയായിരുന്നു അക്കാലത്തെ പതിവ്‌; ഫ്രണ്ട്‌സ്റ്റേജ്‌, ബാക്ക്‌സ്റ്റേജ്‌, അപ്പർസ്റ്റേജ്‌ എന്നിങ്ങനെ. ദീർഘ ചതുരാകൃതിയിലുള്ള ഫ്രണ്ട്‌സ്റ്റേജ്‌ തിയെറ്ററിന്റെ മധ്യഭാഗത്തേക്കുന്തിനിന്നിരുന്നു. പൊതുനിരത്ത്‌, ഉദ്യാനം, മൈതാനം അല്ലെങ്കിൽ ഏതെങ്കിലും തുറസ്സായ സ്ഥലം എന്നിവയെ ഫ്രണ്ട്‌സ്റ്റേജ്‌ പ്രതിനിധാനം ചെയ്‌തു. ജോഹന്നാസ്‌ ഡിവിറ്റിന്റെ ചിത്രത്തിലെ തൂണുകള്‍ക്കു പുറകിലായി ബാക്ക്‌ സ്റ്റേജ്‌ കാണാം; മേശ, കസേര തുടങ്ങിയ ഏതാനും ചില അകസാമാനങ്ങളും. ചിലപ്പോള്‍ ഒരു ചിത്രയവനികയാൽ ഈ സ്റ്റേജ്‌ മറച്ചിരിക്കും. ബംഗ്ലാവിലുള്ള ഒരു മുറിയായും ആഫീസായും മറ്റും ഇതിനെ ഉപയോഗിച്ചിരുന്നു. രണ്ടാം ഗ്യാലറി നിരയ്‌ക്കൊപ്പമാണ്‌ അപ്പർസ്റ്റേജ്‌ സ്ഥിതിചെയ്‌തിരുന്നത്‌. അഭിനേതാക്കളുടെ വിശ്രമമുറിക്കുപരിയായി അതിന്റെ ഇരുവശങ്ങളിലുമുള്ള രണ്ട്‌ വാതിലുകളിലൂടെയാണ്‌ നടന്മാർ സ്റ്റേജിലേക്ക്‌ വരികയും പോകുകയും ചെയ്‌തിരുന്നത്‌. അപ്പർ സ്റ്റേജും ഒരു തിരശ്ശീലയാൽ മറയ്‌ക്കപ്പെട്ടിരുന്നു. ഒഥല്ലോ നാടകത്തിലെ ബ്രാന്‍ഷിയോയുടെ ജാലകവും റോമിയോ ആന്‍ഡ്‌ ജൂലിയറ്റിലെ ജൂലിയേറ്റിന്റെ മട്ടുപ്പാവും അവതരിപ്പിച്ചിരുന്നത്‌ അപ്പർസ്റ്റേജിലൂടെയാണ്‌. ഇത്‌ ഏത്‌ ഉയർന്ന സ്ഥാനത്തെയും (ഉദാ. ഒരു മതിലിനെയോ കോട്ടയെയോ) പ്രതിനിധാനം ചെയ്‌തിരുന്നു. ചില തിയെറ്ററുകളിൽ മുന്‍സ്റ്റേജിനെ വെയിൽ, മഴ എന്നിവയിൽനിന്നു രക്ഷിക്കാനായി അതിനുപരി ഒരു കൊട്ടിൽ നിർമിച്ചിരുന്നു. ആകാശത്തിന്റെ പ്രതീതിയുളവാക്കത്തക്കവിധത്തിൽ അതിന്റെ മച്ചിൽ ചന്ദ്രനെയും നക്ഷത്രങ്ങളെയും ചിത്രീകരിക്കുക പതിവായിരുന്നു. ഈ തട്ടിനുമുകളിലുള്ള ഒരു ചെറുപുരയിൽനിന്ന്‌ ഒരു കൊടി ഉയരത്തിൽ പറത്തി തേംസ്‌ നദിക്കപ്പുറത്തുള്ള കാണികളെ നാടകവാതരണവാർത്ത അറിയിക്കുകയും നാടകാരംഭത്തിൽ ഇവിടെനിന്നു കാഹളമൂതുകയും ചെയ്യിക്കുന്നു. ഇടിമുഴക്കവും അതുപോലുള്ള മറ്റു ശബ്‌ദങ്ങളും ഇവിടെനിന്നും പുറപ്പെടുവിക്കാനുള്ള സജ്ജീകരണങ്ങളും അവർ സംവിധാനം ചെയ്‌തിരുന്നു. ഫ്രണ്ട്‌പ്ലാറ്റ്‌ഫോമിനടിയിലുള്ള ഭാഗം നിലവറ (cellarage) എന്നറിയപ്പെട്ടിരുന്നു. ഇതിലേക്കുള്ള പ്രവേശനം കെണിവാതിലുകളിലൂടെയായിരുന്നു. ഈ അറയും നാടകാവതരണത്തിനുപയോഗിക്കപ്പെട്ടു. ഉദാഹരണമായി മക്‌ബത്തിലെ മന്ത്രവാദിനികളുടെ വരവും പോക്കും ഈ അറയുപയോഗിച്ചാണ്‌ നിർവഹിച്ചിരുന്നത്‌. അതുപോലെ ഹാംലെറ്റിലെ ഒഫീലിയയുടെ ശവക്കുഴിയായും ഇതിനെ ഉപയോഗിച്ചിരുന്നു.

എലിസബീഥന്‍ തിയെറ്ററിന്റെ ലളിതമായ രംഗസംവിധാനം അഭിനയത്തിന്റെ ദ്രുതചലനത്തിനനുയോജ്യമായ വിധത്തിലായിരുന്നു. ഇത്‌ വിപുലവും സങ്കീർണവുമായ രംഗസംവിധാനമുള്ള നാടകവേദിയിൽ അസാധ്യമായ ഒരു കാര്യമാണ്‌. ഒരു രംഗത്തിൽനിന്ന്‌ മറ്റൊരു രംഗത്തിലേക്കുള്ള മാറ്റം എലിസബീഥന്‍ തിയെറ്ററിൽ അനായാസം സാധിച്ചുവന്നിരുന്നു. താരതമേ്യന വാതിൽപ്പുറത്തുള്ള രംഗങ്ങളാണ്‌ ഈ തിയെറ്ററുകളിൽ അവതരിപ്പിച്ചിരുന്നത്‌.

യവനികയുടെ അഭാവം. സ്ഥിരമായ രംഗസംവിധാനങ്ങള്‍ എലിസബീഥന്‍ നാടകവേദിയുടെ പ്രതേ്യകതയായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ നാടകങ്ങളുടെ ആന്തരികഘടന ആധുനിക നാടകങ്ങളുടേതിൽനിന്നും ഭിന്നവുമാണ്‌. സംഭവസ്ഥലങ്ങളുടെ സൂക്ഷ്‌മതയെപ്പറ്റി നാടകത്തിലുടനീളമൊരു അലക്ഷ്യമനോഭാവം, കഥയുടെ പിരിമുറുക്കത്തിനുപോലും കോട്ടം തട്ടത്തക്കവിധമുള്ള രംഗബാഹുല്യം എന്നിവ എലിസബഥീന്‍ നാടകങ്ങളുടെ പ്രത്യേകതകളിൽ ചിലതാണ്‌. രംഗങ്ങളുടെ അന്ത്യം കുറിക്കുന്നതിനുപയോഗിക്കുന്ന യവനികയുടെ അഭാവവും ആ നാടകങ്ങളുടെ ഘടനയെ ബാധിച്ചു. സ്റ്റേജിൽനിന്നു നടീനടന്മാരെ മാറ്റുന്നതിനും മറ്റും സംഭാഷണത്തിൽത്തന്നെ വേണ്ട പ്രതേ്യക നിർദേശങ്ങള്‍ ചേർത്തിരുന്നു. (ഉദാഹരണമായി ഈ സംഭാഷണശകലം നോക്കുക: Exit Hamlet tugging in Polonius) തിരശ്ശീലയുടെ അഭാവം നാടകഘടനയെ മറ്റൊരുവിധത്തിലും ബാധിക്കുകയുണ്ടായി. രംഗങ്ങളും അങ്കങ്ങളും അവസാനിപ്പിക്കുന്നരീതി ശ്രദ്ധിച്ചാൽ ഇത്‌ മനസ്സിലാക്കാവുന്നതാണ്‌. വികാരനിർഭരവും മർമപ്രധാനവുമായ ഒരു സന്ദർഭമവതരിപ്പിച്ചശേഷം ആധുനിക നാടകകൃത്ത്‌ അതിനെ ഒരു കർട്ടനിട്ട്‌ പെട്ടെന്ന്‌ അവസാനിപ്പിക്കുന്നു. നേരെമറിച്ച്‌ എലിസബീഥന്‍ നാടകങ്ങളിലെ ഓരോ രംഗവും അതിന്റെ സ്വാഭാവികപരിണാമത്തിലെത്തിച്ചേർന്നിരുന്നു. നാടകീയതയുടെ പരകോടിയിൽനിന്നുമുള്ള ഈ പതനം പലപ്പോഴും രസഭംഗം ഉണ്ടാക്കുമായിരുന്നു എന്നത്‌ ഒരു വസ്‌തുതയാണ്‌.

ഇങ്ങനെയൊക്കെയാണെങ്കിലും എലിസബീഥന്‍ തിയെറ്റർ മറ്റൊരുവിധത്തിൽ നവീനനാടകവേദികളെക്കാള്‍ പ്രയോജനക്ഷമമായിരുന്നു എന്ന്‌ പറയേണ്ടിയിരിക്കുന്നു. ഉദാഹരണമായി മൂന്ന്‌ സ്റ്റേജുകളും പ്ലാറ്റ്‌ഫോമിനടിയിലുള്ള നിലവറയും മുകള്‍ത്തട്ടുമെല്ലാം ആധുനിക നാടകവേദിക്ക്‌ അപ്രാപ്യമായ പല രംഗങ്ങളും അവതരിപ്പിക്കാന്‍ സൗകര്യം നല്‌കി. എലിസബീഥന്‍ നാടകങ്ങളിൽ ധാരാളമായി കാണുന്ന ജാലകരംഗങ്ങളും ബാൽക്കണി രംഗങ്ങളും അതിനുദാഹരണങ്ങളാണ്‌. എലിസബീഥന്‍ നാടകങ്ങള്‍ അന്നത്തെ നാടകവേദികളുടെ സ്ഥലസംവിധാനപരിമിതികള്‍ മുന്നിൽ കണ്ടുകൊണ്ട്‌ നിർമിക്കപ്പെട്ടിട്ടുള്ളവയാണ്‌. അക്കാരണംകൊണ്ടുതന്നെ എലിസബീഥന്‍ നാടകങ്ങളുടെ പഠനം പൂർണമാകണമെങ്കിൽ അന്നത്തെ നാടകവേദിയുടെ സവിശേഷതകള്‍കൂടി മനസ്സിലാക്കിയിരിക്കേണ്ടതാണ്‌. നോ. എലിസബീഥന്‍ കാലഘട്ടം

(ഡോ. എന്‍. വിശ്വനാഥന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍