This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എറണാകുളം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
എറണാകുളം
കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്. വിസ്‌തീര്‍ണത്തില്‍ (3068 ച.കി.മീ.) എട്ടാംസ്ഥാനമാണിതിനുള്ളത്. ജനസംഖ്യ: 32,79,860 (2011); ജനസാന്ദ്രത: ച.കി.മീറ്ററിന് 1069; തലസ്ഥാനം എറണാകുളം.
തൃശൂര്‍ ജില്ലയിലെ ആലുവ, പറവൂര്‍, കുന്നത്തുനാട്, കൊച്ചി, കണയന്നൂര്‍ എന്നീ താലൂക്കുകളും; കോട്ടയം ജില്ലയിലെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകളും ഉള്‍പ്പെടുത്തി 1958 ഏ. 1-ന് ഈ ജില്ല രൂപവത്‌കരിക്കപ്പെട്ടു. വൈക്കം താലൂക്കിലുള്ള വെള്ളൂര്‍ വില്ലേജിലെ കലമ്പൂര്‍കരയും മുളക്കുളം വില്ലേജിലെ മുളക്കുളം വടക്കേക്കരയും മൂവാറ്റുപുഴ താലൂക്കിലെ പിറവം വില്ലേജിനോട് 1968 നവംബറില്‍ ചേര്‍ത്തു. ഇടുക്കി ജില്ല രൂപവത്‌കൃതമായപ്പോള്‍ (ജനു. 26, 1972) തൊടുപുഴ താലൂക്ക് (കല്ലൂര്‍ക്കാട് വില്ലേജ്, മഞ്ഞള്ളൂര്‍ വില്ലേജിലെ മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട് പഞ്ചായത്തില്‍പ്പെട്ട പ്രദേശങ്ങള്‍ ഒഴിച്ച്) ആ ജില്ലയുടെ ഭാഗമായി. അതോടുകൂടി മൂവാറ്റുപുഴ താലൂക്കിലെ പിണ്ടിമന, കോട്ടപ്പടി, കീരമ്പാറ, കുട്ടമംഗലം, കടവൂര്‍, പോത്താനിക്കാട്, വാരപ്പെട്ടി, കോതമംഗലം, എരമല്ലൂര്‍ എന്നീ വില്ലേജുകള്‍ ചേര്‍ത്ത് കോതമംഗലം എന്നപേരില്‍ ഒരു പുതിയ താലൂക്ക് രൂപവത്‌കരിച്ചു. ഇപ്പോഴത്തെ എറണാകുളം ജില്ലയില്‍ ഏഴു താലൂക്കുകള്‍ (ആലുവ, പറവൂര്‍, കൊച്ചി, കണയന്നൂര്‍, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ) ആണുള്ളത്.
എറണാകുളം ജില്ലയുടെ വടക്കേ അതിരുകളായി തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളും കിഴക്ക് ഇടുക്കി ജില്ലയിലെ ദേവികുളം, തൊടുപുഴ താലൂക്കുകളും തെക്ക് കോട്ടയം ജില്ലയിലെ മീനച്ചില്‍, വൈക്കം താലൂക്കുകളും പടിഞ്ഞാറ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലത്താലൂക്കും അറബിക്കടലും സ്ഥിതിചെയ്യുന്നു. ഈ ജില്ലയുടെ തടരേഖ 46 കി.മീ.വരും. ഇത് മുഴുവന്‍ കൊച്ചിതാലൂക്കിന്റെ പടിഞ്ഞാറെ അതിരുമാണ്. എറണാകുളം ജില്ല വടക്ക് അക്ഷാംശം 9º42' മുതല്‍ 10º18' വരെയും കിഴക്ക് രേഖാംശം 76º9' മുതല്‍ 77º2' വരെയും വ്യാപിച്ചിരിക്കുന്നു.
ഭൂപ്രകൃതി
വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള ഈ ജില്ലയെ മൂന്നായി തരംതിരിക്കാം: (1) സഹ്യപര്‍വതനിരയോട് ചേര്‍ന്ന് സമുദ്രനിരപ്പില്‍നിന്ന് 75 മീറ്ററിലധികം ഉയരമുള്ള മലനാട്; (2) 7.5 മീറ്ററിനും 75 മീറ്ററിനും മധ്യേ ഉയരമുള്ള ഇടനാട്; (3) 7.5 മീറ്ററില്‍ താഴെ ഉയരമുള്ള തീരപ്രദേശങ്ങള്‍. പെരിയാറിന്റെ വലത്തേക്കരയിലുള്ള വനപ്രദേശങ്ങള്‍ മാത്രമേ മലനാടില്‍ ഉള്‍പ്പെടുന്നുള്ളൂ. പെരിയാറിന്റെ തെക്കേക്കരയിലുള്ള കുന്നത്തുനാട് താലൂക്ക്, മൂവാറ്റുപുഴ താലൂക്ക്, കണയന്നൂര്‍ താലൂക്കിന്റെ കിഴക്കന്‍ ഭാഗം എന്നിവ ഉള്‍പ്പെട്ട ഫലഭൂയിഷ്‌ഠമായ പ്രദേശങ്ങള്‍ ഈ നാടില്‍പ്പെടുന്നു. സമുദ്രനിരപ്പില്‍നിന്ന് അധികം ഉയരമില്ലാത്ത തീരപ്രദേശങ്ങളില്‍ പറവൂര്‍, കൊച്ചി താലൂക്കുകള്‍, കണയന്നൂര്‍ താലൂക്കിന്റെ പശ്ചിമഭാഗം എന്നിവ ഉള്‍പ്പെടുന്നു.
ഭൂപ്രകൃതി
വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള ഈ ജില്ലയെ മൂന്നായി തരംതിരിക്കാം: (1) സഹ്യപര്‍വതനിരയോട് ചേര്‍ന്ന് സമുദ്രനിരപ്പില്‍നിന്ന് 75 മീറ്ററിലധികം ഉയരമുള്ള മലനാട്; (2) 7.5 മീറ്ററിനും 75 മീറ്ററിനും മധ്യേ ഉയരമുള്ള ഇടനാട്; (3) 7.5 മീറ്ററില്‍ താഴെ ഉയരമുള്ള തീരപ്രദേശങ്ങള്‍. പെരിയാറിന്റെ വലത്തേക്കരയിലുള്ള വനപ്രദേശങ്ങള്‍ മാത്രമേ മലനാടില്‍ ഉള്‍പ്പെടുന്നുള്ളൂ. പെരിയാറിന്റെ തെക്കേക്കരയിലുള്ള കുന്നത്തുനാട് താലൂക്ക്, മൂവാറ്റുപുഴ താലൂക്ക്, കണയന്നൂര്‍ താലൂക്കിന്റെ കിഴക്കന്‍ ഭാഗം എന്നിവ ഉള്‍പ്പെട്ട ഫലഭൂയിഷ്‌ഠമായ പ്രദേശങ്ങള്‍ ഈ നാടില്‍പ്പെടുന്നു. സമുദ്രനിരപ്പില്‍നിന്ന് അധികം ഉയരമില്ലാത്ത തീരപ്രദേശങ്ങളില്‍ പറവൂര്‍, കൊച്ചി താലൂക്കുകള്‍, കണയന്നൂര്‍ താലൂക്കിന്റെ പശ്ചിമഭാഗം എന്നിവ ഉള്‍പ്പെടുന്നു.
അപവാഹം
ഈ ജില്ലയിൽ രണ്ട് (പെരിയാറ്, മൂവാറ്റുപുഴയാറ്) നദികളാണുള്ളത്. ഭൂപ്രകൃതിയുടെ പ്രത്യേകതമൂലം ഈ ജില്ലയിലെ നദികള്‍ പടിഞ്ഞാറോട്ടാണ് ഒഴുകുന്നത്. 227 കി.മീ. നീളമുള്ള പെരിയാറിന്റെ ഉദ്‌ഭവം ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണെങ്കിലും എറണാകുളം ജില്ലയുടെ വ്യാവസായിക വികസനത്തിലും ഗതാഗതസൗകര്യങ്ങളിലും ഗണ്യമായ പങ്ക് ഇതിനുണ്ട്. മൂവാറ്റുപുഴ താലൂക്കിന്റെയും ദേവികുളം താലൂക്കിന്റെയും അതിരിലൂടെ ഒഴുകുന്ന പെരിയാറിന് ഈ ജില്ലയിൽ പ്രവേശിക്കുമ്പോള്‍ 300 മീ. വീതിയുണ്ട്. മലയാറ്റൂരിൽ എത്തുമ്പോഴേക്കും നദിയുടെ ഗതിയിൽ ചെറിയ വ്യതിയാനം ഉണ്ടാകുന്നു. ആലുവായിൽ വച്ച് രണ്ടായി തിരിഞ്ഞ്, വലത്തേശാഖ പുത്തന്‍വേലിക്കരയിൽ വച്ച് ചാലക്കുടിനദിയോടും ഇടത്തേശാഖ ചെറിയ ശാഖകളായി പിരിഞ്ഞ് വരാപ്പുഴവച്ച് വേമ്പനാട്ട് കായലിനോടും ചേരുന്നു. ചരിത്രപ്രസിദ്ധമായ മലയാറ്റൂര്‍, കാലടി, ആലുവ എന്നീ സ്ഥലങ്ങള്‍ പെരിയാറിന്റെ തീരപ്രദേശത്താണ്. കാളിയാര്‍, തൊടുപുഴയാറ്, നേര്യമംഗലം ആറ് എന്നിവ ചേര്‍ന്നതാണ് മൂവാറ്റുപുഴയാറ്. ഈ മൂന്ന് പോഷകനദികളും തൊടുപുഴ താലൂക്കിൽ നിന്നാണ് ഉദ്‌ഭവിക്കുന്നത്. നഗരംപാറ വനങ്ങളിൽ നിന്നുദ്‌ഭവിക്കുന്ന കാളിയാര്‍, നേര്യമംഗലം ആറുമായി മൂവാറ്റുപുഴയിൽ നിന്ന് അഞ്ച് കി.മീ. മുകളിലായി സന്ധിക്കുന്നു. തൊടുപുഴയാറ് മൂവാറ്റുപുഴയിൽവച്ച് ഇതിനോടുചേരുകയും ഇത് മൂവാറ്റുപുഴയാറ് ആകുകയും ചെയ്യുന്നു. പിന്നീട് രാമമംഗലം, പിറവം എന്നീ സ്ഥലങ്ങളിൽക്കൂടി ഒഴുകി വെട്ടിക്കാട്ടുമുക്കിൽ എത്തി, രണ്ടായി പിരിഞ്ഞ്, മൂവാറ്റുപുഴയാറ് വേമ്പനാട്ടുകായലിൽ പതിക്കുന്നു. ജലഗതാഗതസൗകര്യത്തിന് ഈ പുഴകളും വേമ്പനാട്ടുകായലും വടക്കേ അതിര്‍ത്തിയിലുള്ള കൊടുങ്ങല്ലൂര്‍ കായലും വളരെ ഉപകരിക്കുന്നു.
സസ്യജാലം
കാലടി, കോടനാട്, തുണ്ടത്തില്‍, കോതമംഗലം, അടിമാലി എന്നീ റേഞ്ചുകളില്‍ ഉള്‍പ്പെട്ടവയാണ് ഈ ജില്ലയിലെ വനങ്ങള്‍. നിത്യഹരിത മഴക്കാടുകളും പത്രപാതിവനങ്ങളും അർധപത്രപാതിവനങ്ങളും ഇവയിലുണ്ട്. 1,200 മീ. വരെ ഉയരവും 250 സെന്റീമീറ്ററില്‍ കുറയാതെ മഴയും ലഭ്യമാകുന്ന പ്രദേശങ്ങളിലാണ് നിത്യഹരിതമായ മഴക്കാടുകള്‍ കണ്ടുവരുന്നത്. പലതരം വൃക്ഷലതാദികള്‍ ഈ വനങ്ങളിലുണ്ട്. അവയില്‍ പ്രധാനമായവ തേക്ക്, ഈട്ടി, ചന്ദനം, തമ്പകം, കരിഞ്ഞാലി, ആഞ്ഞിലി, വേങ്ങ, തേമ്പാവ് എന്നിവയാണ്. മറ്റു വനവിഭവങ്ങളില്‍ മരോട്ടി, ഓടല്‍, പുന്ന, പൂണ്ണം, ഇലുപ്പ, വെള്ളപ്പയിന്‍, നാങ്ക് എന്നിവയുടെ കുരുക്കളും ഉള്‍പ്പെടുന്നു. കടലാസ്, തീപ്പെട്ടി വ്യവസായങ്ങള്‍ക്ക് ആവശ്യമായ കടുപ്പം കുറഞ്ഞ മരങ്ങളും ഈറ, മുള എന്നിവയും ധാരാളമായി ഈ വനങ്ങളില്‍നിന്ന് ലഭ്യമാകുന്നുണ്ട്.
ജന്തുവർഗങ്ങള്‍
മലഞ്ചരിവുകളും കാടുകളും കൂടുതല്‍ കൂടുതല്‍ കൃഷിക്കുപയുക്തമാക്കുന്നതിനാല്‍ വന്യമൃഗങ്ങളുടെ സംഖ്യയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മലയാറ്റൂർ കാടുകള്‍ ആനകളുടെ വിഹാരരംഗമാണ്. പലതരം വാനരവർഗങ്ങളും കാട്ടുപോത്ത്, കരടി, പുള്ളിമാന്‍, കേഴമാന്‍, കാട്ടാട്, കാട്ടുപന്നി, വെരുക്, കീരി, നീർനായ്, വണ്ണാല്‍, മുയല്‍, മരപ്പട്ടി, അളുങ്ക്, അണ്ണാന്‍, മുള്ളന്‍പന്നി, തുരപ്പന്‍, മലയണ്ണാന്‍ എന്നീ മൃഗങ്ങളും വിവിധയിനത്തിലുള്ള പക്ഷികളും ധാരാളമായുണ്ട്.
മണ്ണും ധാതുദ്രവ്യങ്ങളും
മലഞ്ചരിവുകളും കാടുകളും കൂടുതല്‍ കൂടുതല്‍ കൃഷിക്കുപയുക്തമാക്കുന്നതിനാല്‍ വന്യമൃഗങ്ങളുടെ സംഖ്യയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മലയാറ്റൂര്‍ കാടുകള്‍ ആനകളുടെ വിഹാരരംഗമാണ്. പലതരം വാനരവര്‍ഗങ്ങളും കാട്ടുപോത്ത്, കരടി, പുള്ളിമാന്‍, കേഴമാന്‍, കാട്ടാട്, കാട്ടുപന്നി, വെരുക്, കീരി, നീര്‍നായ്, വണ്ണാല്‍, മുയല്‍, മരപ്പട്ടി, അളുങ്ക്, അണ്ണാന്‍, മുള്ളന്‍പന്നി, തുരപ്പന്‍, മലയണ്ണാന്‍ എന്നീ മൃഗങ്ങളും വിവിധയിനത്തിലുള്ള പക്ഷികളും ധാരാളമായുണ്ട്.
ജനങ്ങള്‍
2011-ലെ സെന്‍സസ് അനുസരിച്ച് 32,79,860 പേരില്‍ 16,17,602 പുരുഷന്മാരും 16,62,258 സ്‌ത്രീകളുമാണ് (സ്‌ത്രീ പുരുഷാനുപാതം 1000-1028) പറവൂർ താലൂക്കിലൊഴികെ മറ്റെല്ലാ താലൂക്കുകളിലും സ്‌ത്രീകളെക്കാള്‍ പുരുഷന്മാരാണ് കൂടുതല്‍. 2001-11-ലെ ജനസംഖ്യാവർധനവ് 5.6 ശതമാനമാണ്. ജില്ലയിലെ ഏഴു താലൂക്കുകളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ കണയന്നൂർ താലൂക്കിലാണ് 7,90,212 (2001). ഏറ്റവും കുറവ് കോതമംഗലത്തും 2,25,551 (2001). ജനസംഖ്യയുടെ 68.7 ശതമാനം പട്ടണപ്രദേശങ്ങളിലാണ് വസിക്കുന്നത്. മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടിയ ജനസാന്ദ്രത എറണാകുളം ജില്ലയിലാണ്. വിശേഷിച്ച് കൊച്ചി താലൂക്കില്‍; ഏറ്റവും കുറവ് കുന്നത്തുനാട് താലൂക്കിലാണ്. മലനാടിനെയും ഇടനാടിനെയും അപേക്ഷിച്ച് ജനസാന്ദ്രത തീരപ്രദേശത്താണ് അധികം. നഗരങ്ങളില്‍ വച്ച് ഏറ്റവും ഉയർന്ന ജനസാന്ദ്രത രേഖപ്പെടുത്തുന്നത് കൊച്ചിയാണ്. ആലുവ, പറവൂർ എന്നീ പട്ടണങ്ങള്‍ തൊട്ടുപിന്നില്‍ നില്‌ക്കുന്നു. ഏറ്റവും കുറഞ്ഞ ജനസാന്ദ്രത കാണുന്നത് കോതമംഗലം പട്ടണത്തിലാണ്.
ജനസംഖ്യയില്‍ 14,44,994 ഹിന്ദുക്കളും 12,04,471 ക്രിസ്‌ത്യാനികളും 4,51,764 മുസ്‌ലിങ്ങളും ആണ്. മറ്റു സമുദായക്കാർ തുലോം കുറവാണ്. 2001-ലെ സെന്‍സസ് അനുസരിച്ച് 2,63,518 പട്ടികജാതിക്കാരും (8.48 ശ.മാ.) 1,046 (0.32 ശ.മാ.) പട്ടികവർഗക്കാരുമാണ്. പട്ടികജാതിക്കാരില്‍ അയ്യനവർ, ഭരതർ, ബോയന്‍, പറയർ, ചക്കിലിയർ, കാക്കാലന്‍, കണക്കന്‍, കാവര, കുറവർ, മണ്ണാന്‍, നായാടി, പടന്നന്‍, പല്ലന്‍, വള്ളുവന്‍, പാണർ, പരവർ, പതിയർ, പെരുവണ്ണാന്‍, പുലയർ, തണ്ടാന്‍ ഉള്ളാടർ എന്നിവരാണുള്ളത്. ഇവരില്‍ എണ്ണത്തില്‍ കൂടുതല്‍ പുലയർ (1,99,732), പറയർ (19,233), ഉള്ളാടർ (4006), വേലന്‍ (14,545) എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. പട്ടികജാതിക്കാർ കൂടുതല്‍ താമസിക്കുന്നത് കണയന്നൂർ താലൂക്കിലും കുറവ് കോതമംഗലം താലൂക്കിലുമാണ്. മലയരയർ, ഉള്ളാടർ എന്നിവരാണ് പട്ടികവർഗത്തിലെ പ്രധാനവിഭാഗങ്ങള്‍. മലമ്പുലയർ, കാടർ, കാണിക്കാർ, മലമ്പണ്ടാരം, മലവേടന്‍, മലക്കുറവർ, മലയന്‍, മന്നാന്‍, മുതുവന്‍, പല്ലേയന്‍, ഊരാളി എന്നീ സമുദായങ്ങളില്‍പ്പെട്ടവരും ഈ ജില്ലയിലുണ്ട്. പട്ടികവർഗത്തില്‍പ്പെട്ടവർ ഏറ്റവും കൂടുതല്‍ കൊച്ചിതാലൂക്കിലും ഏറ്റവും കുറവ് കോതമംഗലം താലൂക്കിലുമാണ്. ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി 42 കോളനികള്‍ സ്ഥാപിച്ചിട്ടുണ്ട്. ലക്ഷംവീട് പദ്ധതി അനുസരിച്ച് നിർമിച്ച വീടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.
വ്യത്യസ്‌ത മതാനുയായികളുടെ നിരവധി ദേവാലയങ്ങള്‍ ഈ ജില്ലയിലുണ്ട്. വൈഷ്‌ണവ ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍. തൃപ്പൂണിത്തുറയിലെ ശ്രീ പൂർണത്രയീശക്ഷേത്രം, രവിപുരം ശ്രീകൃഷ്‌ണക്ഷേത്രം, തൃക്കാക്കര വാമനക്ഷേത്രം, ചേന്ദമംഗലത്തെ കോട്ടക്കോവിലകം ക്ഷേത്രം, മട്ടാഞ്ചേരിയിലെ വെങ്കിടാചലപതി ക്ഷേത്രം, വെള്ളാരപ്പള്ളി ശ്രീകൃഷ്‌ണക്ഷേത്രം, കണ്ണന്‍ കുളങ്ങര ശ്രീകൃഷ്‌ണക്ഷേത്രം എന്നിവ എടുത്തുപറയേണ്ടവയാണ്. ശിവക്ഷേത്രങ്ങളില്‍ പ്രധാനമായത് എറണാകുളം, ആലുവ, തിരുവാളൂർ, ഉളിയന്നൂർ, ഉദയംപേരൂർ, പാഴൂർ, തൃക്കാരിയൂർ, തിരുമാറാടി, ചേന്ദമംഗലം എന്നിവിടങ്ങളിലുള്ളവയാണ്. ചോറ്റാനിക്കര, വെള്ളാരപ്പിള്ളി, ഓണക്കൂർ, മട്ടാഞ്ചേരി, നായരമ്പലം, പുത്തന്‍കാവ് എന്നീ സ്ഥലങ്ങളിലെ ദേവീക്ഷേത്രങ്ങളും, ഇളങ്കുന്നപ്പുഴ, വൈറ്റില, പൊന്നുരുത്തി എന്നിവിടങ്ങളിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളും പെരുമ്പാവൂർ, അമ്പലമുകള്‍ എന്നിവിടങ്ങളിലെ ശാസ്‌താക്ഷേത്രങ്ങളും എറണാകുളത്തെ ഹനുമാന്‍ ക്ഷേത്രവും പറവൂരിലെ മൂകാംബിക ക്ഷേത്രവും മൂഴിക്കുളത്തെ ലക്ഷ്‌മണ പ്രതിഷ്‌ഠയും കുന്നത്താലി, ചാക്കന്‍കുളങ്ങര ക്ഷേത്രങ്ങളിലെ നവഗ്രഹപ്രതിഷ്‌ഠകളും പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
ജില്ലയിലെ ഏക ജൈനക്ഷേത്രം പെരുമ്പാവൂരിനടുത്തുള്ള കല്ലില്‍ സ്ഥിതിചെയ്യുന്നു. ഇതൊരു ഗുഹാക്ഷേത്രമാണ്. നോ. കല്ലില്‍ മലയാറ്റൂർ (കിരിശുമുടി), ഞാറയ്‌ക്കല്‍, ചേന്ദമംഗലം, ഉദയംപേരൂർ, വല്ലാർപാടം, കാഞ്ഞൂർ, കോതമംഗലം, മുളന്തുരുത്തി, കോലഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലെ ക്രസ്‌തവപ്പള്ളികള്‍ വളരെയധികം ആരാധകരെ ആകർഷിച്ചുവരുന്നു.
മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയും കാഞ്ഞിരമിറ്റം, കരിക്കോട് എന്നിവിടങ്ങളിലെ മുസ്‌ലിം പള്ളികളും പ്രധാന ആരാധനാകേന്ദ്രങ്ങളാണ്.
ം==ജനങ്ങള്‍== 2011-ലെ സെന്‍സസ് അനുസരിച്ച് 32,79,860 പേരില്‍ 16,17,602 പുരുഷന്മാരും 16,62,258 സ്‌ത്രീകളുമാണ് (സ്‌ത്രീ പുരുഷാനുപാതം 1000-1028) പറവൂര്‍ താലൂക്കിലൊഴികെ മറ്റെല്ലാ താലൂക്കുകളിലും സ്‌ത്രീകളെക്കാള്‍ പുരുഷന്മാരാണ് കൂടുതല്‍. 2001-11-ലെ ജനസംഖ്യാവര്‍ധനവ് 5.6 ശതമാനമാണ്. ജില്ലയിലെ ഏഴു താലൂക്കുകളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ കണയന്നൂര്‍ താലൂക്കിലാണ് 7,90,212 (2001). ഏറ്റവും കുറവ് കോതമംഗലത്തും 2,25,551 (2001). ജനസംഖ്യയുടെ 68.7 ശതമാനം പട്ടണപ്രദേശങ്ങളിലാണ് വസിക്കുന്നത്. മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടിയ ജനസാന്ദ്രത എറണാകുളം ജില്ലയിലാണ്. വിശേഷിച്ച് കൊച്ചി താലൂക്കില്‍; ഏറ്റവും കുറവ് കുന്നത്തുനാട് താലൂക്കിലാണ്. മലനാടിനെയും ഇടനാടിനെയും അപേക്ഷിച്ച് ജനസാന്ദ്രത തീരപ്രദേശത്താണ് അധികം. നഗരങ്ങളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രത രേഖപ്പെടുത്തുന്നത് കൊച്ചിയാണ്. ആലുവ, പറവൂര്‍ എന്നീ പട്ടണങ്ങള്‍ തൊട്ടുപിന്നില്‍ നില്‌ക്കുന്നു. ഏറ്റവും കുറഞ്ഞ ജനസാന്ദ്രത കാണുന്നത് കോതമംഗലം പട്ടണത്തിലാണ്.
ജനസംഖ്യയില്‍ 14,44,994 ഹിന്ദുക്കളും 12,04,471 ക്രിസ്‌ത്യാനികളും 4,51,764 മുസ്‌ലിങ്ങളും ആണ്. മറ്റു സമുദായക്കാര്‍ തുലോം കുറവാണ്. 2001-ലെ സെന്‍സസ് അനുസരിച്ച് 2,63,518 പട്ടികജാതിക്കാരും (8.48 ശ.മാ.) 1,046 (0.32 ശ.മാ.) പട്ടികവര്‍ഗക്കാരുമാണ്. പട്ടികജാതിക്കാരില്‍ അയ്യനവര്‍, ഭരതര്‍, ബോയന്‍, പറയര്‍, ചക്കിലിയര്‍, കാക്കാലന്‍, കണക്കന്‍, കാവര, കുറവര്‍, മണ്ണാന്‍, നായാടി, പടന്നന്‍, പല്ലന്‍, വള്ളുവന്‍, പാണര്‍, പരവര്‍, പതിയര്‍, പെരുവണ്ണാന്‍, പുലയര്‍, തണ്ടാന്‍ ഉള്ളാടര്‍ എന്നിവരാണുള്ളത്. ഇവരില്‍ എണ്ണത്തില്‍ കൂടുതല്‍ പുലയര്‍ (1,99,732), പറയര്‍ (19,233), ഉള്ളാടര്‍ (4006), വേലന്‍ (14,545) എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. പട്ടികജാതിക്കാര്‍ കൂടുതല്‍ താമസിക്കുന്നത് കണയന്നൂര്‍ താലൂക്കിലും കുറവ് കോതമംഗലം താലൂക്കിലുമാണ്. മലയരയര്‍, ഉള്ളാടര്‍ എന്നിവരാണ് പട്ടികവര്‍ഗത്തിലെ പ്രധാനവിഭാഗങ്ങള്‍. മലമ്പുലയര്‍, കാടര്‍, കാണിക്കാര്‍, മലമ്പണ്ടാരം, മലവേടന്‍, മലക്കുറവര്‍, മലയന്‍, മന്നാന്‍, മുതുവന്‍, പല്ലേയന്‍, ഊരാളി എന്നീ സമുദായങ്ങളില്‍പ്പെട്ടവരും ഈ ജില്ലയിലുണ്ട്. പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ ഏറ്റവും കൂടുതല്‍ കൊച്ചിതാലൂക്കിലും ഏറ്റവും കുറവ് കോതമംഗലം താലൂക്കിലുമാണ്. ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി 42 കോളനികള്‍ സ്ഥാപിച്ചിട്ടുണ്ട്. ലക്ഷംവീട് പദ്ധതി അനുസരിച്ച് നിര്‍മിച്ച വീടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.
വ്യത്യസ്‌ത മതാനുയായികളുടെ നിരവധി ദേവാലയങ്ങള്‍ ഈ ജില്ലയിലുണ്ട്. വൈഷ്‌ണവ ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍. തൃപ്പൂണിത്തുറയിലെ ശ്രീ പൂര്‍ണത്രയീശക്ഷേത്രം, രവിപുരം ശ്രീകൃഷ്‌ണക്ഷേത്രം, തൃക്കാക്കര വാമനക്ഷേത്രം, ചേന്ദമംഗലത്തെ കോട്ടക്കോവിലകം ക്ഷേത്രം, മട്ടാഞ്ചേരിയിലെ വെങ്കിടാചലപതി ക്ഷേത്രം, വെള്ളാരപ്പള്ളി ശ്രീകൃഷ്‌ണക്ഷേത്രം, കണ്ണന്‍ കുളങ്ങര ശ്രീകൃഷ്‌ണക്ഷേത്രം എന്നിവ എടുത്തുപറയേണ്ടവയാണ്. ശിവക്ഷേത്രങ്ങളില്‍ പ്രധാനമായത് എറണാകുളം, ആലുവ, തിരുവാളൂര്‍, ഉളിയന്നൂര്‍, ഉദയംപേരൂര്‍, പാഴൂര്‍, തൃക്കാരിയൂര്‍, തിരുമാറാടി, ചേന്ദമംഗലം എന്നിവിടങ്ങളിലുള്ളവയാണ്. ചോറ്റാനിക്കര, വെള്ളാരപ്പിള്ളി, ഓണക്കൂര്‍, മട്ടാഞ്ചേരി, നായരമ്പലം, പുത്തന്‍കാവ് എന്നീ സ്ഥലങ്ങളിലെ ദേവീക്ഷേത്രങ്ങളും, ഇളങ്കുന്നപ്പുഴ, വൈറ്റില, പൊന്നുരുത്തി എന്നിവിടങ്ങളിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളും പെരുമ്പാവൂര്‍, അമ്പലമുകള്‍ എന്നിവിടങ്ങളിലെ ശാസ്‌താക്ഷേത്രങ്ങളും എറണാകുളത്തെ ഹനുമാന്‍ ക്ഷേത്രവും പറവൂരിലെ മൂകാംബിക ക്ഷേത്രവും മൂഴിക്കുളത്തെ ലക്ഷ്‌മണ പ്രതിഷ്‌ഠയും കുന്നത്താലി, ചാക്കന്‍കുളങ്ങര ക്ഷേത്രങ്ങളിലെ നവഗ്രഹപ്രതിഷ്‌ഠകളും പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.
ജില്ലയിലെ ഏക ജൈനക്ഷേത്രം പെരുമ്പാവൂരിനടുത്തുള്ള കല്ലില്‍ സ്ഥിതിചെയ്യുന്നു. ഇതൊരു ഗുഹാക്ഷേത്രമാണ്. നോ. കല്ലില്‍ മലയാറ്റൂര്‍ (കിരിശുമുടി), ഞാറയ്‌ക്കല്‍, ചേന്ദമംഗലം, ഉദയംപേരൂര്‍, വല്ലാര്‍പാടം, കാഞ്ഞൂര്‍, കോതമംഗലം, മുളന്തുരുത്തി, കോലഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലെ ക്രസ്‌തവപ്പള്ളികള്‍ വളരെയധികം ആരാധകരെ ആകര്‍ഷിച്ചുവരുന്നു.
മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയും കാഞ്ഞിരമിറ്റം, കരിക്കോട് എന്നിവിടങ്ങളിലെ മുസ്‌ലിം പള്ളികളും പ്രധാന ആരാധനാകേന്ദ്രങ്ങളാണ്.
ചരിത്രം
എറണാകുളം നഗരത്തെ ആസ്‌പദമാക്കി രൂപവത്‌കരിച്ച ഈ ജില്ലയ്‌ക്ക് ഈ പേര് ലഭിച്ചതിനെക്കുറിച്ച് പല ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും വളരെ പ്രചാരം നേടിയിട്ടുള്ള ഒരു കഥ ഇതാണ്. പണ്ട് കുളുമുനിയുടെ മുഖ്യശിഷ്യനായിരുന്ന ദേവാലന്‍, ഗുരുശാപം നിമിത്തം സർപ്പ-മനുഷ്യനായിത്തീരുകയും അയാളുടെ പത്തിവളർന്നു വരികയും ചെയ്‌തു. "നാഗർഷി' എന്നു പിന്നീട് വിളിക്കപ്പെട്ട അയാള്‍ ശിവനെ തപസ്സുചെയ്‌ത് മോക്ഷം സമ്പാദിച്ചു. തപസ്സനുഷ്‌ഠിച്ച സ്ഥലത്തുള്ള കുളം "ഋഷിനാഗക്കുളം' എന്നും അതിനുചുറ്റുമായി വളർന്നുവന്ന സ്ഥലം പിന്നീട് ആ പേരിൽത്തന്നെയും അറിയപ്പെടാന്‍ തുടങ്ങി എന്നുമാണ് കഥ. എന്നാൽ ഉച്ചാരണശാസ്‌ത്രമനുസരിച്ച് അത് ശരിയല്ലെന്നാണ് പണ്ഡിതമതം. "ഇറെയ്‌നാർകലം' (ശിവന്റെ സ്ഥലം) എന്നതിൽ നിന്നായിരിക്കണം ഈ നാമം നിഷ്‌പന്നമായത് എന്നും ചിലർ അഭ്യൂഹിക്കുന്നു. എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തിൽനിന്ന് കണ്ടുകിട്ടിയിട്ടുള്ള ചില ലോഹപ്പാത്രങ്ങളിലും ദീപസ്‌തംഭലിഖിതങ്ങളിലും "പഞ്ചബ്‌ജപുരം' എന്ന പേരിലാണ് ഈ സ്ഥലത്തെ സൂചിപ്പിച്ചിട്ടുള്ളത്.
പ്രാചീനചരിത്രം
പോർച്ചുഗീസുകാരുടെ ആഗമനത്തിനു മുമ്പുള്ള ഈ ജില്ലയുടെ ചരിത്രത്തെക്കുറിച്ച് അറിയാന്‍ പര്യാപ്‌തമായ ലിഖിതങ്ങളോ ആധികാരികസ്വഭാവമുള്ള സാഹിത്യകൃതികളോ ലഭ്യമല്ല.
എറണാകുളം ജില്ലയുടെ പ്രാചീനരാഷ്‌ട്രീയചരിത്രം സംഘകാലത്തെ ചേരരാജക്കന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വഞ്ചി അഥവാ കരൂർ കേന്ദ്രമാക്കി കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ഭരിച്ചിരുന്നവരായിരുന്നു ചേരന്മാർ. അന്ന് തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം പൂഴിനാട്, കുടനാട്, കുട്ടനാട്, വേണാട് എന്നീ നാലു രാഷ്‌ട്രീയവിഭാഗങ്ങളായിട്ടായിരുന്നു വർത്തിച്ചിരുന്നത്. ഇതിൽ കുട്ടനാട്ടിലായിരുന്നു എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളും കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നത്. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ആദ്യത്തെ യഥാർഥ തലസ്ഥാനനഗരിയായിരുന്ന വഞ്ചി (കരൂർ) ഈ ജില്ലയിലുള്ള തിരുവഞ്ചിക്കുളമോ തൃക്കാരിയൂരോ ആണെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ച രണ്ടാം ചേരസാമ്രാജ്യം എ.ഡി. 12-ാം ശതകംവരെ നിലനിന്നു. അക്കാലത്ത് എറണാകുളവും അതിലുള്‍പ്പെട്ടിരുന്നുവെന്ന് മൂഴിക്കുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, ഉദയംപേരൂർ എന്നിവിടങ്ങളിൽ നിന്നു കിട്ടിയ ലിഖിതങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടാം ചേരസാമ്രാജ്യകാലത്ത് (800-1102) എറണാകുളം ജില്ലയിൽപ്പെട്ട തൊടുപുഴയും മൂവാറ്റുപുഴയും കീഴ്‌മലൈനാടിന്റെ ഭാഗമായിരുന്നു. എന്നാൽ തൃക്കാക്കരയും അതിനടുത്ത പ്രദേശങ്ങളും കാൽക്കരൈ നാട്ടിൽ ഉള്‍പ്പെട്ടിരുന്നു. ഈ നാടുകള്‍ കുലശേഖര ചക്രവർത്തി നിയമിച്ചിരുന്ന നാടുവാഴികളായിരുന്നു ഭരിച്ചിരുന്നത്. മഹോദയപുരത്തിലെ ചേരചക്രവർത്തി കാൽക്കരൈ നാട്ടിൽ നിയമിച്ചിരുന്ന "യാക്കന്‍ കുന്റപ്പോളന്‍' കണ്ണന്‍ പുറൈയന്‍, പോളന്‍ രവി തുടങ്ങിയ നാടുവാഴികളെക്കുറിച്ച് തൃക്കാക്കര ലിഖിതങ്ങള്‍ പരാമർശിക്കുന്നുണ്ട്. നാടുവാഴികളെ നിയന്ത്രിക്കുവാന്‍ ചക്രവർത്തിയുടെ പ്രതിപുരുഷനായി "കോയിലധികാരികളും' ജനകീയ സമിതികളായ മുന്നൂറ്റുവർ, അറുന്നൂറ്റുവർ (നോ. അറുന്നൂറ്റുവർ) എന്നിവരും ഉണ്ടായിരുന്നു. 9 മുതൽ 12 വരെ ശതകങ്ങളിലെ മഹോദയപുരത്തെ കുലശേഖര ചരിത്രവുമായി എറണാകുളത്തിന്റെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നു. നോ. കുലശേഖരസാമ്രജ്യം
മധ്യകാലചരിത്രം
പെരുമ്പടപ്പുസ്വരൂപം
12-ാം ശ. മുതൽ എറണാകുളം ജില്ലയുടെ ചരിത്രത്തിന് പെരുമ്പടപ്പുസ്വരൂപ(കൊച്ചി രാജ്യം)വുമായി അടുത്ത ബന്ധമുള്ളതായി കാണാം. പെരുമ്പടപ്പു മൂപ്പിലിന്റെ പഴയ ആസ്ഥാനം പഴയന്നൂരി (തലപ്പിള്ളി താലൂക്ക്)ലായിരുന്നുവെങ്കിലും പിന്നീട് അത് വന്നേരി (പൊന്നാനി താലൂക്ക്)യിലെ പെരുമ്പടപ്പു ഗ്രാമത്തിലേക്കു മാറ്റപ്പെട്ടു. മഹോദയപുരത്തുള്ള കൊട്ടാരത്തിലും ഇടയ്‌ക്കിടെ ഇദ്ദേഹം താമസിച്ചിരുന്നു. 15-ാം ശ. വരെ ഇവിടം ആസ്ഥാനമാക്കിയാണ് ഈ സ്വരൂപക്കാർ ഭരണം നടത്തിയിരുന്നത്. പിന്നീട് ആസ്ഥാനം കൊച്ചിയിലേക്കുമാറ്റി. ഇത് 1405-ൽ ആയിരിക്കാമെന്ന് കരുതുന്നു.
കൊച്ചിയും കോഴിക്കോടും തമ്മിലുള്ള സംഘർഷം
13-ഉം 14-ഉം ശതകങ്ങളിൽ അറബിവ്യാപാരികള്‍ ആളും അർഥവും നല്‌കി കോഴിക്കോട് സാമൂതിരിയെ സഹായിച്ചതിനാൽ, സാമൂതിരിക്ക് മറ്റു രാജ്യങ്ങളെ ആക്രമിക്കാനും ശക്തനാകാനും കഴിഞ്ഞു. സാമൂതിരിയുടെ വളർച്ച കൊച്ചിക്കു ഭീഷണിയായിത്തീർന്നു. 15-ാം ശതകത്തിന്റെ അന്ത്യത്തിൽ പെരമ്പടപ്പുസ്വരൂപത്തിലുണ്ടായ ആഭ്യന്തരക്കുഴപ്പം മുതലെടുക്കാന്‍ സാമൂതിരിക്കു കഴിഞ്ഞു. ഭരണം നടത്തിയിരുന്ന ഇളയ തായ്‌വഴിക്കെതിരായി സഹായാഭ്യർഥന നടത്തിയ മൂത്ത തായ്‌വഴിക്കാരെ സാമൂതിരി സഹായിച്ചു. ഇളയ തായ്‌വഴി രാജാവിനെ പരാജയപ്പെടുത്തി, മൂത്ത തായ്‌വഴിയെ അധികാരത്തിലേറ്റി. അതോടെ കൊച്ചിയുടെ മേലുള്ള കോഴിക്കോടിന്റെ സ്വാധീനത ദൃഢമായി. എറണാകുളവും പ്രാന്തപ്രദേശങ്ങളും കൈയടക്കി വാണിരുന്ന അഞ്ചിക്കൈമള്‍മാരും കൊച്ചീരാജാവിനെ ധിക്കരിച്ച്, സാമൂതിരിയുടെ ചൊല്‌പടിയിലായിരുന്നു. ഈ അപമാനകരമായ ചുറ്റുപാടിലായിരുന്നു പോർച്ചുഗീസ് അഡ്‌മിറലായ കബ്രാള്‍ 1500 ഡി. 24-ന് കൊച്ചിയിലെത്തിയത്. പോർച്ചുഗീസുകാരുമായി വാണിജ്യ-രാഷ്‌ട്രീയ ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സാമൂതിരിയിൽനിന്നും സ്വാതന്ത്യ്രം നേടുവാന്‍ കൊച്ചീരാജാവു തീരുമാനിച്ചു.
സാമൂതിരിയുടെ കൊച്ചി ആക്രമണം
പോർച്ചുഗീസുകാർ കൊച്ചിയിൽ ശക്തി പ്രാപിക്കുന്നതിൽ ആശങ്കാകുലനായ സാമൂതിരി ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. രാജാവിന്റെ സംരക്ഷണയിലുള്ള എല്ലാ പോർച്ചുഗീസ് സ്ഥാപനങ്ങളും അടിയറവയ്‌ക്കാന്‍ 1503-ൽ സാമൂതിരി കൊച്ചീരാജാവിന് അന്ത്യശാസനം നല്‌കി. ഈ ശാസനം കൊച്ചി തള്ളിക്കളഞ്ഞതിനെത്തുടർന്ന് സാമൂതിരി വമ്പിച്ച ഒരു സേനയുമായി കൊച്ചിയിലേക്കു നീങ്ങി. കൊച്ചിയും കോഴിക്കോടും തമ്മിൽ 1503 മാ. 1-ന് യുദ്ധം തുടങ്ങി. സംഘട്ടനത്തിൽ കൊച്ചിസൈന്യം പരാജയപ്പെട്ടു. രാജാവും ഏതാനും സഹായികളും വൈപ്പിന്‍ ദ്വീപിലെ ഇളങ്കുന്നപ്പുഴക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. കാലവർഷത്തിന്റെ കാഠിന്യംമൂലം സാമൂതിരി നാട്ടിലേക്ക് തിരിച്ചു; അതിനിടയ്‌ക്ക് ഫ്രാന്‍സിസ്‌കൊ ആൽബുക്കർക്കിന്റെ നേതൃത്വത്തിലുള്ള ഒരു ചെറിയ സേന 1503 സെപ്. 2-ന് കൊച്ചിയിലെത്തി. അവർ വൈപ്പിന്‍കരയിലെത്തി കൊച്ചിയുടെ സഹായത്തിനണിനിരന്നു. കൊച്ചി തിരിച്ചുപിടിച്ച പോർച്ചുഗീസ് സൈന്യം ഇടപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളും കീഴടക്കി. യുദ്ധത്തിൽ വിജയിച്ച പോർച്ചുഗീസുകാർ പല സൗജന്യങ്ങളും രാജാവിനെ നിർബന്ധിച്ച് അനുവദിപ്പിച്ചു; ഒരു കോട്ട - മാനുവൽക്കോട്ട - നിർമിക്കാനുള്ള അനുവാദവും ഇക്കൂട്ടത്തിൽ നേടി. കോട്ടയുടെ ശിലാസ്ഥാപനം 1503 സെപ്. 27-ന് നിർവഹിക്കപ്പെട്ടു. പോർച്ചുഗൽ രാജാവായ മാനുവലിന്റെ പേരിലാണ് ഈ കോട്ട നിർമിക്കപ്പെട്ടത്. ഇതായിരുന്നു യൂറോപ്യന്മാർ ഇന്ത്യയിൽ ആദ്യമായി നിർമിച്ച കോട്ട. ആദ്യത്തെ പോർച്ചുഗീസ് വൈസ്രായി അൽമേഡ (1505-09) 1505 നവംബറിൽ കൊച്ചിയിലെത്തി.
1509-ൽ അൽഫോന്‍സോ-ഡ ആൽബുക്കർക്ക് വൈസ്രായിയായി കൊച്ചിയിലെത്തി. അധികം കഴിയുന്നതിന് മുമ്പ് കൊച്ചി സിംഹാസനത്തിനുവേണ്ടി, മൂത്ത തായ്‌വഴിയും ഇളയ തായ്‌വഴിയും തമ്മിൽ തർക്കമുണ്ടായി. പോർച്ചുഗീസ് പക്ഷക്കാരനായിരുന്ന കൊച്ചീരാജാവ് ഉണ്ണിരാമകോയിൽ ക, 1503-ൽ സ്ഥാനമൊഴിഞ്ഞു. തുടർന്ന് ഭരിച്ചിരുന്ന ഇളയ തായ്‌വഴിയിലെ ഉണ്ണിരാമകോയിൽ കക, പാരമ്പര്യാചാരമനുസരിച്ച്, മൂത്ത തായ്‌വഴിക്കാർക്ക് സ്ഥാനമൊഴിഞ്ഞ് കൊടുക്കേണ്ടതായിരുന്നു. പക്ഷേ മൂത്ത തായ്‌വഴിക്കാർ സാമൂതിരിയുടെ പക്ഷക്കാരായിരുന്നതിനാൽ പോർച്ചുഗീസുകാർ അതനുവദിച്ചില്ല. തുടർന്ന് സാമൂതിരി പക്ഷക്കാരനായ മൂത്ത തായ്‌വഴിയിലെ രാജകുമാരനും ആൽബുക്കർക്കും തമ്മിലുണ്ടായ സംഘട്ടനത്തിൽ, രാജകുമാരന്‍ പരാജയപ്പെട്ടു. അന്നുതൊട്ട് 150 വർഷത്തോളം ഇളയ തായ്‌വഴിയിൽപ്പെട്ടവരായിരുന്നു കൊച്ചി ഭരിച്ചിരുന്നത്.
ആൽബുക്കർക്ക് (1509-15) പോർച്ചുഗീസ് നയത്തിൽ ചില മാറ്റങ്ങള്‍ വരുത്തി. കൊച്ചിയുടെ പ്രതീക്ഷയ്‌ക്കു വിരുദ്ധമായി ഇദ്ദേഹം കോഴിക്കോട് സാമൂതിരിയുമായി ഒരു സന്ധിയിൽ (1513) ഒപ്പുവച്ചു. കൊച്ചി രാജാവ് ശക്തമായി പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ആൽബുക്കർക്കിനെ പിന്തുടർന്നുവന്ന പോർച്ചുഗീസ് വൈസ്രായിമാരായ ലോപൊ സോറസ് (Lopo Soares, 1515-18)ഡിസെക്വിറ (Duarte D'Menezes, 1522-24)ദുവാർത്തെ ഡിമെനെസസ് (Duarte D'Menezes, 1522-24) എന്നിവർ ദുർബലരും സത്യനിഷ്‌ഠയില്ലാത്തവരുമായിരുന്നതിനാൽ പോർച്ചുഗീസ് ഭരണത്തിന്റെ അന്തസ്സ് ഇടിഞ്ഞു.
തൃപ്പൂണിത്തുറയ്‌ക്കടുത്തു ഉദയംപേരൂരിൽ 1599 ജൂണ്‍ 20-ന് നടന്ന സൂനഹദോസ് ചരിത്രപ്രസിദ്ധമാണ്. ആർച്ച്‌ഡീക്കന്‍ തോമസിന്റെ അഭ്യർഥന പ്രകാരം അന്ത്യോഖ്യയിലെ ജാക്കോബ് പാത്രിയാർക്കീസ് അയച്ച "അഹത്തുള്ള'യോട് പോർച്ചുഗീസുകാർ കാണിച്ച ക്രൂരതയ്‌ക്കെതിരെ സിറിയന്‍ ക്രിസ്‌ത്യാനികള്‍ 1653-ൽ മട്ടാഞ്ചേരിയിൽ നടത്തിയ "കൂനന്‍ കുരിശുസത്യ'വും കേരളത്തിൽ ഇക്കാലത്തുനടന്ന ഒരു പ്രധാനചരിത്രസംഭവമാണ് (നോ. കൂനന്‍കുരിശുസത്യം). പറങ്കിമാവ്, പുകയില എന്നിവയുടെ കൃഷി കൊച്ചിയിൽ ആരംഭിച്ചത് പോർച്ചുഗീസുകാരായിരുന്നു.
ഡച്ചുകാർ കൊച്ചിയിൽ
കൊച്ചിയിലെ മൂത്ത തായ്‌വഴിയിലെ വീരകേരളവർമ, സിലോണിൽ വ്യാപാരം നടത്തിയിരുന്ന ഡച്ചുകാരോട് പോർച്ചുഗീസ് പക്ഷപാതിയും ഇളയതായ്‌വഴിക്കാരനുമായ രാജാവിനെതിരായിതന്നെ സഹായിക്കണമെന്ന് അഭ്യർഥിച്ചു. വാന്‍ഡർ മെയ്‌ഡന്റെ നേതൃത്വത്തിലെത്തിയ ഡച്ച് കപ്പൽപ്പടയെ സാമൂതിരി മൂത്ത തായ്‌വഴി രാജകുമാരന്‍, കൊടുങ്ങല്ലൂർ രാജാവ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഡച്ചുസൈന്യം പള്ളിപ്പുറംകോട്ട ആക്രമിച്ച് സാമൂതിരിക്ക് നല്‌കിയശേഷം കൊളംബിലേക്കു തിരിച്ചു. പാലിയത്ത് അച്ചനുമായും ഡച്ചുകാർ ഒരു രഹസ്യക്കരാറുണ്ടാക്കി.
1662 ജനുവരിയിൽ ഡച്ചുകാർ വീണ്ടും മലബാർ തീരത്ത് ശ്രദ്ധകേന്ദ്രീകരിച്ചു. കൊടുങ്ങല്ലൂർ കീഴടക്കിയ ഡച്ചുകാർ വൈപ്പിന്‍ ദ്വീപിലെത്തി. അവിടെ "ന്യൂ ഓറഞ്ച്' എന്ന പേരിൽ ഒരു കോട്ടകെട്ടി. പിന്നീട് മട്ടാഞ്ചേരിയിൽ വച്ച് കൊച്ചിയും ഡച്ചുകാരും തമ്മിൽ നടന്ന യുദ്ധത്തിൽ രാജാവ് ചരമമടഞ്ഞു. 1663 ജനു. 6-ന് കൊച്ചിക്കോട്ട കീഴടക്കിയ ഡച്ചുകാർ, കൊച്ചിയുടെമേൽ പൂർണനിയന്ത്രണം നേടി.
വീരകേരളവർമ
ചാഴൂർ തായ്‌വഴിയിൽ നിന്നും മൂത്ത തായ്‌വഴിയിലേക്ക് ദത്തെടുക്കപ്പെട്ട വീരകേരളവർമയെ ഡച്ചുകാർ കൊച്ചീരാജാവാക്കി. 1663 മാ. 20-ന് കൊച്ചീരാജാവും ഡച്ച് ഈസ്റ്റ്‌ഇന്ത്യാക്കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിന്‍പ്രകാരം, പണ്ട് പോർഗീസുകാരുടേതായി ത്തീർന്ന എല്ലാ പ്രദേശങ്ങളുടെ മേലും ഡച്ചുകാർ അധീശത്വം നേടി. 1674 സെപ്. 2-ലെ കരാറോടെ ഡച്ചുകാരുടെ മേൽക്കോയ്‌മ കൊച്ചിയുടെ മേൽ പൂർണമായി. വീരകേരളവർമ 1687-ൽ തൃശൂരിൽ വച്ച് നിര്യാതനായതോടെ അദ്ദേഹത്തിന്റെ സഹോദരനായ രാമവർമ (1687-93) രാജാവായി. ഇദ്ദേഹത്തോടുകൂടി മൂത്ത തായ്‌വഴി അന്യംനിന്നു. പക്ഷേ അടുത്ത രാജാവ് ചാഴൂർ തായ്‌വഴിയിലേതായിരിക്കണമെന്ന് 1681 മേയിൽ ചേന്ദമംഗലത്ത് ചേർന്ന സമ്മേളനത്തിൽ ഡച്ചുകാർ വാദിച്ചു. ഡച്ചുകാരുടെ പാവകളെ വാഴിക്കുന്നതിൽ ജനങ്ങള്‍ എതിരായിരുന്നു. എന്നാൽ രാമവർമയുടെ മരണാനന്തരം ചാഴൂർ തായ്‌വഴിയിലെ പ്രഥമ ദത്താവകാശിയായ രവിവർമ (ഭ. കാ. 1693-97) രാജാവായി. അതിനുശേഷം രാമവർമ (ഭ.കാല. 1697-1701)യും തുടർന്ന് മറ്റൊരു രാമവർമ (ഭ. കാ. 1701-21)യും അധികാരത്തിലെത്തി. രാജ്യത്തുടനീളം ആഭ്യന്തര കലാപങ്ങള്‍ ഉടലെടുത്തു. 1795-ൽ ബ്രിട്ടീഷ് മേധാവിത്വം കൊച്ചിയിൽ ഉറയ്‌ക്കുന്നതുവരെ ആ രാജ്യം ഡച്ചുകാരുടെ അധീശത്വത്തിലും സ്വാധീനതയിലും അമർന്നിരുന്നു.
കൊച്ചിയിലെ മൈസൂർ മേധാവിത്വം
കൊച്ചിയിലെ മൈസൂർ മേധാവിത്വം. 18-ാം ശതകത്തിന്റെ ഉത്തരാർധത്തിലെ മൈസൂർ ആക്രമണം എറണാകുളം ജില്ലയെ സാരമായി ബാധിച്ചു. 1773-ൽ ഹൈദരലി കൊച്ചി കീഴടക്കി; ഒരു ലക്ഷം ഇക്കേരിപഗോഡ (നാല് ലക്ഷത്തോളം രൂപ) സബ്‌സിഡിയായി കൊച്ചി മൈസൂറിന് നല്‌കേണ്ടതായും വന്നു. 1776 സെപ്‌തംബറിൽ മൈസൂർ സൈന്യം സർദാർഖാന്റെ നേതൃത്വത്തിൽ പാലക്കാടുവഴി കൊച്ചിയിൽ പ്രവേശിക്കുകയും തൃശൂർ കൈവശപ്പെടുത്തുകയും ചെയ്‌തു. യുദ്ധം കൂടാതെതന്നെ കൊച്ചി മൈസൂറിന് കീഴടങ്ങി. മൈസൂറിന്റെ കീഴിൽ ആ രാജ്യത്തിന് ഒരു പ്രത്യേകപദവി നല്‌കപ്പെട്ടു.
1782 ഡിസംബറിൽ ഹൈദരലിയുടെ നിര്യാണത്തെത്തുടർന്ന് മൈസൂർ സുൽത്താനായ ടിപ്പു പ്രാരംഭത്തിൽ കൊച്ചിയെ ശല്യപ്പെടുത്തിയിരുന്നില്ല. കാരണം കൊച്ചിയെ ഉപകരണമാക്കി തിരുവിതാംകൂർ ആക്രമിക്കുക എന്നതായിരുന്നു ടിപ്പുവിന്റെ പദ്ധതി. കൊച്ചിയെ ഉപകരണമാക്കിക്കൊണ്ട് കാര്യങ്ങള്‍ നടക്കുകയില്ലെന്ന് ബോധ്യമായതോടെ, ടിപ്പു തിരുവിതാംകൂറുമായി നേരിട്ട് സംഘട്ടനത്തിനൊരുങ്ങി. 1789 ഡി. 29-ന് ടിപ്പുവിന്റെ സൈന്യം തിരുവിതാംകൂർ ആക്രമിച്ചു; ആലുവവരെ എത്തി. കാലവർഷവും നൈസാം-മഹാരാഷ്‌ട്ര സൈന്യത്തിന്റെ ശ്രീരംഗപട്ടണം ആക്രമണഭീഷണിയുംനിമിത്തം ഉടനെ ടിപ്പുവിന് തിരിച്ചുപോകേണ്ടിവന്നു.
ടിപ്പുസുൽത്താന്‍ തിരിച്ചുപോയ ഉടന്‍ കൊച്ചി മൈസൂറിൽനിന്ന് മോചനം നേടി; തുടർന്ന് ഈസ്റ്റിന്ത്യാക്കമ്പനിയുടെസംരക്ഷിതരാജ്യമായി (1791 ജനു. 6). കൊച്ചി അങ്ങനെ ബ്രിട്ടീഷ് നിയന്ത്രണത്തിന്‍കീഴിലായി.
ആധുനികകാലം
ശക്തന്‍തമ്പുരാന്റെ (ഭ.കാ. 1790-1805) ഭരണാരംഭത്തോടെയാണ് കൊച്ചിയുടെ ആധുനികചരിത്രം ആരംഭിക്കുന്നത്. ശക്തന്‍തമ്പുരാനുശേഷം കൊച്ചി ഭരിച്ച രാമവർമ (1805-09), കേരളവർമ (1809-28), രാമവർമ (1828-37) എന്നിവർ മതതത്ത്വചിന്താമേഖലകളിൽ അമിതമായ താത്‌പര്യം പ്രകടിപ്പിക്കുകയും ഭരണകാര്യങ്ങള്‍ മന്ത്രിമാർക്കായി വിട്ടുകൊടുക്കുകയും ചെയ്‌തു. പാലിയത്ത്‌അച്ചന്റെ ബ്രിട്ടീഷ്-വിരുദ്ധ കലാപം (1808-09) ഇക്കാലത്തായിരുന്നു.
പാലിയത്ത്‌അച്ചന്റെ പരാജയത്തോടെ കൊച്ചിയിൽ "സർവാധികാര്യക്കാർ' ആയിരുന്ന നടവരമ്പ് കുഞ്ഞിക്കൃഷ്‌ണമേനോന്റെ ഭരണം രാജ്യത്തെ ദരിദ്രമാക്കി. 1812 ജൂണിൽ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മണ്‍റോ കൊച്ചി ദിവാനായി ഭരണം ഏറ്റെടുത്തു. പിന്നീട് കൊച്ചി ദിവാനായിരുന്ന നഞ്ചപ്പയ്യ (1818-25) സൃഷ്‌ടിച്ച "പുത്തന്‍' എന്ന പുതിയ നാണയം പി. രാജഗോപാലാചാരിയുടെ (1896-1901) കാലംവരെ നിലനിന്നു. ശേഷഗിരിറാവു (1825-30) എടമന ശങ്കരമേനോന്‍ (1830-35), വെങ്കടസുബ്ബയ്യ (1835-40), ശങ്കരവാരിയർ (1840-56), വെങ്കടറാവു (1956-60), ശങ്കുണ്ണിമേനോന്‍ (1860-79), ഗോവിന്ദമേനോന്‍ (1879-89), സി. തിരുവെങ്കടാചാര്യ (1889-92), വി. സുബ്രഹ്മണ്യപിള്ള (1892-96) തുടങ്ങി നിരവധി ദിവാന്മാർ കൊച്ചി ഭരിച്ചിരുന്നു. കൊച്ചിയിൽ അടിമത്തം നിരോധിച്ചതും എറണാകുളത്ത് ഒരു ഇംഗ്ലീഷ് സ്‌കൂള്‍, ആതുരാലയം എന്നിവ സ്ഥാപിച്ചതും ദിവാന്‍ ശങ്കരവാരിയരായിരുന്നു. അടുത്ത രാജാവായ രാജരാമവർമ (1895-1914)യുടെ കീഴിലും ഒട്ടേറെ പ്രഗല്‌ഭരായ ദിവാന്മാർ കൊച്ചി ഭരിച്ചിരുന്നു. പി. രാജഗോപാലാചാരി (1896-1901), എസ്. ലോക്ക് (1901-02), എന്‍. പട്ടാഭിരാമറാവു (1902-07), എ.ആർ. ബാനർജി (1907-14), ജെ. ഡബ്ല്യൂ. ഭോർ (1914-19) എന്നിവരായിരുന്നു ഈ കാലയളവിൽ കൊച്ചി ഭരിച്ച ദിവാന്മാർ. ഷൊർണൂർ-എറണാകുളം റയിൽവേ നിർമാണം ആരംഭിച്ചതും പൂർത്തിയാക്കിയതും പി. രാജഗോപാലാചാരി ദിവാനായിരുന്ന കാലത്തായിരുന്നു.
രാമവർമ (1914-32)യുടെ കാലത്തെ ദിവാന്മാരായിരുന്നു ടി. വിജയരാഘവാചാരി (1919-22), ടി.എസ്. നാരായണ അയ്യർ (1925-30), സി.ജി. ഹെർബർട്ട് (1930-35) എന്നിവർ. കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍സിൽ 1925-ൽ സമുദ്‌ഘാടനം ചെയ്യപ്പെട്ടത് പി. നാരായണമേനോന്‍ ദിവാനായിരിക്കുമ്പോഴാണ്. എറണാകുളത്തിന്റെ ചരിത്രത്തിൽ വളരെയേറെ പരിവർത്തനങ്ങള്‍ സൃഷ്‌ടിച്ച ദിവാനായിരുന്നു ആർ.കെ. ഷണ്‍മുഖംചെട്ടി (1935-41); രാമവർമ (1932-41)യായിരുന്നു ആ കാലത്തെ കൊച്ചീരാജാവ്. കൊച്ചീതുറമുഖത്തിന്റെ പണിപൂർത്തിയാക്കിയതും ആനമലറോഡ് നിർമിച്ചതും വെണ്ടുരുത്തി വിമാനത്താവളം നിർമിക്കാന്‍ മുന്‍കൈയെടുത്തതും എറണാകുളം നഗരത്തെ മോടിപിടിപ്പിച്ചതും വൈദ്യുതവത്‌കരണം നടത്തിയതും റാംമോഹന്‍ പാലസ് (ഇപ്പോള്‍ ഹൈക്കോടതിയുടെ ആസ്ഥാനം) നിർമിച്ചതും കൊച്ചി പബ്ലിക് സർവീസ് കമ്മിഷന്‍ ഏർപ്പെടുത്തിയതും പഴയ കൊച്ചിന്‍ ചീഫ്‌കോർട്ട് ഹൈക്കോടതിയാക്കി മാറ്റിയതും (1938 ജൂണ്‍ 18-ന് ഉദ്‌ഘാടനം ചെയ്യപ്പെട്ടു.) ദ്വിഭരണസമ്പ്രദായം ഉണ്ടാക്കി ആദ്യമായി ഒരു ജനകീയ മന്ത്രിയെ നിയമിച്ചതും ഷണ്‍മുഖം ചെട്ടിയുടെ ഭരണകാലത്തായിരുന്നു. കോമാട്ടിൽ അച്യുതമേനോന്‍ (1941 ജൂണ്‍-ഒക്‌ടോബർ) എ.എഫ്. ഡബ്യൂ. ഡിക്‌സണ്‍ (1941-43), ജോർജ്‌ബോഗ് (1943-44), സി.പി. കരുണാകരമേനോന്‍ എന്നിവരായിരുന്നു അദ്ദേഹത്തെ പിന്തുടർന്ന് ദിവാന്മാരായത്. കേരളവർമ (1941-43), രവിവർമ (1943-46), കേരളവർമ (1946-48) എന്നിവർ കൊച്ചിയിലെ അവസാനകാലരാജാക്കന്മാരായിരുന്നു. കേരളവർമയുടെ കാലത്തെ സി.പി. കരുണാകരമേനോനായിരുന്നു അവസാനത്തെ ദിവാന്‍. രാമവർമ പരീഷത്ത് തമ്പുരാന്റെ ഭരണകാലത്ത്, 1949 ജൂലായിൽ തിരുവിതാംകൂറും കൊച്ചിയും സംയോജിക്കപ്പെട്ടു. പിന്നീട് 1956-ൽ കൊച്ചി ഐക്യകേരളത്തിന്റെ ഭാഗവുമായി.
ഗ്രറ്റർ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി
1958 ഏ. 1-ന് നിലവിൽവന്ന എറണാകുളം ജില്ലയിൽ കൊച്ചികേന്ദ്രമാക്കി വികസനത്തിനുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കപ്പെട്ടു. 1965 ന. 19-ന് കൊച്ചിന്‍ കോർപ്പറേഷന്‍, ആലുവ മുനിസിപ്പാലിറ്റി എന്നിവയ്‌ക്കു പുറമേ 14 പഞ്ചായത്തുകളുംകൂടി ചേർന്ന പ്രദേശങ്ങളുടെ വികസനത്തിനായി ഗവണ്‍മെന്റ് ഒരു ജോയിന്റ് ടൗണ്‍പ്ലാനിങ് കമ്മിറ്റി രൂപവത്‌കരിച്ചു. 1968 സെപ്. 26-ന് മറ്റൊരുത്തരവിലൂടെ ഈ പദ്ധതി കൊച്ചിന്‍ ടൗണ്‍പ്ലാനിങ് ട്രസ്റ്റിനെ ഏല്‌പിച്ചു. 1976 ജനു. 24-ന് ഇതിന്റെ സ്ഥാനത്ത് ഗ്രറ്റർ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കു ഗവണ്‍മെന്റ് രൂപംനല്‌കി. കൂടുതൽ പ്രദേശങ്ങള്‍ വികസനമേഖലയിൽ ഉള്‍പ്പെടുത്തപ്പെട്ടു. കൊച്ചിന്‍ കോർപ്പറേഷനുപുറമേ പെരുമ്പാവൂർ, വടക്കന്‍ പറവൂർ, ആലുവ എന്നീ മുനിസിപ്പാലിറ്റികളും ജില്ലയിലെ 35 പഞ്ചായത്തുകളും ഇതിന്റെ പരിധിയിൽ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു നവസംവിധാനം നടത്തിയത്.
വിദ്യാഭ്യാസം
ആധുനികവിദ്യാഭ്യാസത്തിന്റെ പ്രാരംഭം കുറിച്ചത് 16-ാം ശതകത്തിൽ വൈപ്പിന്‍കരയിലും കൊച്ചിയിലും ജസ്യൂട്ട് കോളജുകളും ചേന്ദമംഗലത്തെ സെമിനാരിയും സ്ഥാപിക്കപ്പെട്ടതോടെയാണ്. 19-ാം ശ. ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു; ആധുനിക സമ്പ്രദായത്തിലുള്ള പല വിദ്യാലയങ്ങളും ഈ കാലത്ത് സ്ഥാപിതമായി. എറണാകുളം ജില്ലയിൽ 2001-ലെ കണക്കനുസരിച്ച് 487 പ്രമറി സ്‌കൂളുകളും 220 മിഡിൽസ്‌കൂളുകളും 169 ഹൈസ്‌കൂളുകളും 141 ഹയർസെക്കന്‍ഡറി സ്‌കൂളുകളും 14 ടീച്ചേഴ്‌സ് ട്രയിനിങ് സ്‌കൂളുകളും നിലവിലുണ്ട്. 26 ആർട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളും 11 പ്രാഫഷണൽ കോളജുകളും 19 ടെക്‌നിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രവർത്തിക്കുന്നു. കൊച്ചിന്‍ സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ സർവകലാശാലയുടെ പ്രാദേശികകേന്ദ്രം എന്നിവയും ഇവിടെയുണ്ട്.
1845-ൽ ആരംഭിച്ച ഒരു ഇംഗ്ലീഷ് സ്‌കൂളാണ് 1875-ൽ കോളജായിത്തീർന്നതും 1925-ൽ മഹാരാജാസ് കോളജ് എന്ന പേര് സ്വീകരിച്ചതും, ആലുവ യൂണിയന്‍ ക്രിസ്‌ത്യന്‍, തേവര സേക്രഡ് ഹാർട്ട്, സെന്റ് ആൽബെർട്ട്‌സ്, മൂവാറ്റുപുഴ നിർമല, കാലടി ശ്രീശങ്കരാ, കോതമംഗലം മാർ അത്തനേഷ്യസ്, എറണാകുളം സെന്റ് തെരേസാസ് എന്നിവയാണ് മറ്റ് ഒന്നാം ഗ്രഡ് കോളജുകള്‍, പ്രാഫഷണൽ കോളജുകളിൽ എറണാകുളം ലാ കോളജാണ് ഏറ്റവും പഴക്കമുള്ള സ്ഥാപനം. സെന്റ് ജോസഫ്‌സ് ട്രയിനിങ് കോളജ്, മൂത്തകുന്നം എസ്.എന്‍.എം. ട്രയിനിങ് കോളജ്, കോതമംഗലം മാർ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജ് എന്നിവയാണ് മറ്റു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. തൃപ്പൂണിത്തുറയിലെ ശ്രീരാമവർമ സംസ്‌കൃതകോളജാണ് ഈ ജില്ലയിലെ ഏക പൗരസ്‌ത്യഭാഷാവിദ്യാകേന്ദ്രം. തൃപ്പൂണിത്തുറയിലെ സംഗീത അക്കാദമിയും പ്രസ്‌താവ്യമാണ്. മത്സ്യബന്ധന പരിശീലനകേന്ദ്രവും സാങ്കേതിക സ്ഥാപനങ്ങളുടെ ഭാഗങ്ങളായി ഈ ജില്ലയിലുണ്ട്. സമസ്‌ത കേരള സാഹിത്യപരിഷത്ത്, കേരള ഫൈന്‍ ആർട്‌സ് സൊസൈറ്റി, ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭയുടെ കേരളശാഖ, കേരള ഹിസ്റ്ററി അസോസിയേഷന്‍ എന്നിവയുടെ ആസ്ഥാനവും എറണാകുളമാണ്. സർവോപരി കൊച്ചി സർവകലാശാലയുടെ കീഴിലുള്ള വിദ്യാകേന്ദ്രങ്ങളും ഈ ജില്ലയിലാണ്. പബ്ലിക് ലൈബ്രറി, കൊച്ചിന്‍ സർവകലാശാലാ ലൈബ്രറി, ചങ്ങമ്പുഴ സ്‌മാരക ലൈബ്രറി എന്നിങ്ങനെ ഒമ്പതു ലൈബ്രറികളും രാമവർമ ക്ലബ്, ലയണ്‍സ് ക്ലബ് എന്നിങ്ങനെ നാലു പ്രമുഖ ക്ലബ്ബുകളും രാജീവ്‌ഗാന്ധി ഇന്‍ഡോർ സ്റ്റേഡിയം, ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം എന്നിവ ഉള്‍പ്പെടെ എട്ടു സ്റ്റേഡിയവും, കാശി ആർട്ട് ഗാലറി, മരീചിക ആർട്ട് ഗാലറി, ദ്രാവിഡ ആർട്ട് ഗാലറി എന്നിങ്ങനെ 11 ആർട്ട് ഗാലറികളുമുണ്ട്.
പൊതുജനാരോഗ്യം
പൊതുജനാരോഗ്യം. പൊതുജനാരോഗ്യത്തിന് പ്രാധാന്യം നല്‌കിത്തുടങ്ങിയത് 19-ാം ശതകത്തിന്റെ അവസാനവർഷങ്ങളിലാണ്. 1848-ൽ സ്ഥാപിതമായ എറണാകുളം ആശുപത്രിയാണ് ഏറ്റവും പഴക്കംചെന്ന ആതുരാലയം. 1872-ൽ ഫോർട്ട് കൊച്ചിയിൽ സ്ഥാപിതമായ ഡിസ്‌പെന്‍സറി പിന്നീട് സർക്കാർ ആശുപത്രിയായി വളർന്നു. പില്‌ക്കാലത്ത് തൃപ്പൂണിത്തുറയിലും (1888) ഞാറയ്‌ക്കലും (1907) മട്ടാഞ്ചേരിയിലും (1909) ആതുരാലയങ്ങള്‍ സ്ഥാപിതമായി. ഇപ്പോള്‍ സർക്കാർ അധീനതയിൽ 22 അലോപ്പതി ആശുപത്രികളും 10 കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും 65 മിനി പബ്ലിക് ഹെൽത്ത് സെന്ററുകളും നാല് ഡിസ്‌പെന്‍സറികളും ഒരു ടി.ബി. സെന്ററുമുണ്ട് (2001). മൂന്ന് ഹോമിയോ ആശുപത്രിയും 51 ഹോമിയോ ഡിസ്‌പെന്‍സറികളുമുണ്ട്. അലോപ്പതി സ്ഥാപനങ്ങളിൽ 5278 കിടക്കകളും ആയുർവേദ സ്ഥാപനങ്ങളിൽ 419 കിടക്കകളും ആണുള്ളത്. ഇതിനുപുറമേ നല്ല നിലയിൽ പ്രവർത്തിക്കുന്ന മൂന്നു മെഡിക്കൽ കോളജുകളും ഈ ജില്ലയിലുണ്ട്.
1914-ൽ ചൊണ്ണരയിൽ നിർമിച്ച വാട്ടർവർക്‌സ് ആണ് കൊച്ചിനഗരത്തിലെ ജലവിതരണം നിർവഹിക്കുന്നത്. മൃഗചികിത്സയ്‌ക്കായി 28 ആശുപത്രികളും 74 ഡിസ്‌പെന്‍സറികളുമുണ്ട്.
ഭരണവ്യവസ്ഥ
ഭരണവ്യവസ്ഥ. എറണാകുളം ജില്ലയിൽ രണ്ടു പാർലമെന്റ് മണ്ഡലങ്ങളിലായി പതിനാല് നിയോജകമണ്ഡലങ്ങളുണ്ട്. ഏഴു താലൂക്കുകളിലായി 124 വില്ലേജുകളും പതിമൂന്ന് ബ്ലോക്കുകളിലായി 81 പഞ്ചായത്തുകളുമുണ്ട്. ഒരു കോർപ്പറേഷനും 11 മുനിസിപ്പാലിറ്റികളുമാണ് നഗരത്തിലുള്ളത്.
(എസ്. ജയശങ്കർ; സ.പ.)