This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എരിശ്ശേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:46, 18 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എരിശ്ശേരി

കേരളീയ സദ്യവട്ടങ്ങളിൽ പ്രാധാന്യം വഹിക്കുന്ന ഒരു കറി. ഇതിനെ വറുത്തെരിശ്ശേരി, എരിച്ചകറി എന്നും പറയാറുണ്ട്‌. ശ്രാദ്ധം തുടങ്ങിയ വൈദിക കർമങ്ങളോട്‌ അനുബന്ധിച്ചുള്ള ഊണിന്‌ വിഭവങ്ങളായി തയ്യാറാക്കാറുള്ള നാല്‌ ഉപദംശങ്ങളിൽ ഒന്നാണിത്‌ (ഓലന്‍, മെഴുക്കുപുരട്ടി, പുളിശ്ശേരി ഇവയാണ്‌ മറ്റുള്ളവ). പേരു സൂചിപ്പിക്കുന്നതുപോലെ വറുപ്പു നന്നായാലേ എരിശ്ശേരി രുചികരമാകൂ. ഏത്തക്കായും ചേനയുമാണ്‌ എരിശ്ശേരിയുടെ പ്രധാന ഇനങ്ങള്‍. ചക്കച്ചുള, മത്തങ്ങാ, പയറുവർഗങ്ങള്‍ എന്നിവയും ഉപയോഗിക്കാറുണ്ട്‌. മുരിങ്ങിയില തുടങ്ങിയ ഇലവർഗങ്ങളും വൈദിക കർമങ്ങളോടും ബന്ധപ്പെടാത്ത എരിശ്ശേരിക്ക്‌ ഉപയോഗിക്കാറുണ്ട്‌.

ഏത്തക്കായും ചേനയും തൊലികളഞ്ഞ്‌ അരിഞ്ഞശേഷം അരച്ച കുരുമുളകും മഞ്ഞളും ചേർത്തു വേവിക്കുന്നു. വെള്ളം തോർന്നുകഴിയുമ്പോള്‍ വെളച്ചെണ്ണ ഒഴിച്ച്‌ കറിവേപ്പില, ഉഴുന്നുപരിപ്പ്‌, കടുക്‌ എന്നിവ ഇട്ട്‌ വറുത്തെടുത്തു മാറ്റിവയ്‌ക്കുന്നു. പിന്നീട്‌ തേങ്ങ, വറ്റൽമുളക്‌ (പച്ചമുളകും ആവാം), ജീരകം എന്നിവ നേർമയായി അരച്ചെടുത്ത്‌ വെള്ളത്തിൽ കലക്കി ഒഴിക്കണം; പാകത്തിന്‌ ഉപ്പും കലർത്തണം. കുറച്ചു തേങ്ങ ചുരണ്ടി ചതച്ചെടുത്ത്‌ ഉരുളിയിലോ ചീനച്ചട്ടിയിലോ ഇട്ട്‌ ഇളക്കി വറുത്ത്‌ ചുവപ്പാകുമ്പോള്‍ കറിയിലിട്ട്‌ ഇറക്കിവയ്‌ക്കണം. എരിശ്ശേരിയുടെ സ്വാദ്‌ ഈ വറവിനെ ആശ്രയിച്ചാണിരിക്കുന്നത്‌. പാകപ്പെട്ട എരിശ്ശേരി കട്ടിയായിരിക്കാം. അതുകൊണ്ടാകം. "കഷണമില്ലാത്ത എരിശ്ശേരി' എന്നു പറയുന്നത്‌.

"ചെറുശ്ശേരിയുടെ എരിശ്ശേരിയിൽ കഷണമില്ല' എന്ന അജ്ഞാതകർത്തൃകമായ വിമർശനം പ്രസിദ്ധമാണ്‌.

	"തൊട്ടാശ്ശേരീ, എരിശ്ശേരിക്കു
	ചട്ടുകമായിക്കൂടീടേണം' 
 

എന്ന്‌ സ്യമന്തകം ഓട്ടന്‍തുള്ളലിലും പരാമർശിച്ചു കാണുന്നുണ്ട്‌. മേല്‌പറഞ്ഞവയിൽ നിന്നും കേരളീയ ഭക്ഷണ വിഭവങ്ങളിൽ എരിശ്ശേരിക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നു തെളിയുന്നു. തമിഴ്‌നാട്ടിലെ പെരിച്ചകറി, കൂട്ടുകറി തുടങ്ങിയവ കേരളീയരുടെ എരിശ്ശേരിക്കു സമാനമാണ്‌.

(വി.എസ്‌. ശർമ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍