This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയർപോക്കറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:59, 18 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എയർപോക്കറ്റ്‌

Air Pocket

ഒരു വിമാനം പറന്നുകൊണ്ടിരിക്കുന്ന തലത്തിൽനിന്ന്‌ പെട്ടെന്ന്‌ ഉയരുകയോ താഴുകയോ ചെയ്യുന്നതിനിടയാക്കുന്ന വായുപ്രവാഹം. ഒരു അധോമുഖ വായുപ്രവാഹം ഉണ്ടാകുമ്പോള്‍ അത്‌ വിമാനത്തിന്റെ ചിറകുകളുടെ ആഗമനകോണിന്‌ (angle of attack) പെട്ടെന്ന്‌ കുറവു സംഭവിക്കുവാന്‍ ഇടയാക്കുന്നു. ആഗമനകോണാണ്‌ വിമാനത്തിന്‌ വേണ്ട ഉത്ഥാപനം (lift) ഉണ്ടാക്കുന്നത്‌. ആഗമനകോണിന്‌ ആനുപാതികമാണ്‌ ഉത്ഥാപനം. ആഗമനകോണ്‍ കുറയുമ്പോള്‍ ഉത്ഥാപനം കുറയുകയും അങ്ങനെ വിമാനം പെട്ടെന്നു താഴുകയും ചെയ്യുന്നു. ഈ പതനസമയത്ത്‌ വിമാനത്തിന്‌ ത്വരണം സംഭവിക്കുകയും അതിനാൽ കീഴോട്ട്‌ ഒരു വേഗത (പതനവേഗത) ഉണ്ടാക്കുകയും ചെയ്യുന്നു. പതനവേഗതയാണ്‌ അധോമുഖ പ്രവാഹമേഖലയിൽ വിമാനത്തിന്റെ പുതിയ ഉയരം നിർണയിക്കുന്നത്‌. അതായത്‌, പതനവേഗത കീഴ്‌പ്രവാഹവേഗതയ്‌ക്ക്‌ തുല്യമാകുമ്പോള്‍ വിമാനം പുതിയ ഉയരത്തിലെത്തുന്നു. ഈ അവസ്ഥയിൽ ആഗമനകോണിന്റെ മൂല്യം, വിമാനത്തെ താങ്ങിനിർത്താന്‍ ആവശ്യമായ ഉത്ഥാപനത്തിനുവേണ്ട മൂല്യത്തിനു തുല്യമാകുന്നു. ഉപരിവായുപ്രവാഹം ഉണ്ടാകുമ്പോള്‍ വിമാനം മേലോട്ട്‌ ഉയർത്തപ്പെടുന്നു. ഭാരം കുറഞ്ഞ വിമാനങ്ങള്‍ക്കാണ്‌ ഈ പ്രതിഭാസം സാരമായി അനുഭവപ്പെടുന്നത്‌. ഈ അവസ്ഥകളിൽ വായുവില്ലാത്ത ഒരു പോക്കറ്റിലൂടെ വിമാനം സഞ്ചരിക്കുന്ന പ്രതീതിയായിരിക്കും ഉളവാകുക. താപനിലയിലും മർദത്തിലുമുള്ള സ്ഥാനീയ വ്യത്യാസങ്ങളാണ്‌ ഉപരിപ്രവാഹത്തിനും അധോമുഖ പ്രവാഹത്തിനും കാരണമാകുന്നത്‌. ഭൂപ്രതലത്തിലെ സൂര്യോഷ്‌ണതീവ്രതയിലെ വ്യത്യാസങ്ങള്‍ താപപ്രവാഹങ്ങള്‍ക്ക്‌ കാരണമാവുകയും, ഇവമൂലം ഉപരിപ്രവാഹങ്ങളും അധോമുഖപ്രവാഹങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ കുന്നുകള്‍ക്കും അസമങ്ങളായ ഭൂപ്രദേശങ്ങള്‍ക്കും മീതെ അടിക്കുന്ന കാറ്റ്‌ ഉപരിപ്രവാഹങ്ങള്‍ക്ക്‌ കാരണമാകുന്നു. കീഴോട്ട്‌ കാറ്റ്‌ അടിക്കുമ്പോള്‍ അധോമുഖ പ്രവാഹവും ഉണ്ടാകുന്നു. ക്ഷൈതികമായ അക്ഷത്തോടുകൂടിയ ഭീമങ്ങളായ വിക്ഷുബ്‌ധച്ചുഴലികളും മേൽപ്രവാഹത്തിന്റെയും കീഴ്‌പ്രവാഹത്തിന്റെയും സ്ഥാനീയ മേഖലകള്‍ ഉണ്ടാകുവാന്‍ കാരണമാകാറുണ്ട്‌.

(ഡോ. പി. ശങ്കരന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍