This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒണജർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഒണജർ
Onager
ഒരിനം കാട്ടുകഴുത. "പേര്‍ഷ്യന്‍ കാട്ടുകഴുത', "ഏഷ്യന്‍ കാട്ടുകഴുത' എന്നും ഇതിനു പേരുകളുണ്ട്. ശാ.നാ.: ഇക്വസ് ഹെമിയോണസ് ഒണജര്‍. ജന്തുശാസ്ത്രപരമായി യഥാര്‍ഥ-അശ്വങ്ങള്‍ക്കും കഴുതകള്‍ക്കും ഇടയിലാണ് ഒണജറിന്റെ സ്ഥാനം. കാഴ്ചയില്‍ കുതിരയെപ്പോലെതന്നെ തോന്നിക്കുന്ന ഒണജറിന് 11.25 മീ. ഉയരവും ഉദ്ദേശം 2.25 മീ. നീളവും ഉണ്ട്. തവിട്ടുനിറമുള്ള ശരീരത്തിന്റ അടിഭാഗം പൊതുവേ വെളുപ്പായിരിക്കും. നീളം അധികമില്ലാത്ത കുഞ്ചിരോമങ്ങളും അതിന്റെ തുടര്‍ച്ചയായി നടുപ്പുറത്തുകൂടി കാണപ്പെടുന്ന കറുത്ത ഒരുവരയും ഇതിന്റെ പ്രത്യേകതയാണ്. ഏകദേശം 25 സെ.മീ. നീളമുള്ള ചെവികള്‍ കുതിരയുടേതുപോലെതന്നെയിരിക്കും; എന്നാല്‍ വാലിന് കഴുതയുടേതിനോടാണ് കൂടുതല്‍ സാദൃശ്യം. വാലിന്റെ അറ്റത്തായി ഇളംതവിട്ടുനിറത്തില്‍ നീണ്ട രോമങ്ങള്‍ സമൃദ്ധമായുണ്ട്. പെണ്-ഒണജര്‍ ആണിനെ അപേക്ഷിച്ച് ചെറുതായിരിക്കും. ആണിന്റെ തോള്‍ഭാഗത്ത് കുറുകേ അവ്യക്തമായി ഒരു കറുത്തവര ഉണ്ടാകാറുണ്ട്. ഇത് പെണ്ണില്‍ കാണാറില്ല.
കുതിരയെപ്പോലെ ഒറ്റക്കുളമ്പുള്ള മൃഗമാണ് ഒണജര്‍. ഇതിന് ഓരോ പാദത്തിലും ഓരോ വിരല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വിരലിന്റെ അഗ്രം പരന്ന് വിസ്തൃതമായ കുളമ്പില്‍ അവസാനിക്കുന്നു. പരുപരുത്ത പുല്ല് ഭക്ഷിച്ചു കഴിയുന്ന ഈ മൃഗങ്ങള്‍ ഭാഗിക-മരുപ്രദേശങ്ങളാണ് പൊതുവേ ഇഷ്ടപ്പെടുന്നത്. ഇന്ത്യയില്‍ വരള്‍ച്ച കൂടുതലുള്ള പ്രദേശങ്ങള്‍, ഇറാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ ഇതിനെ കണ്ടെത്താം. തിബത്ത്, മംഗോളിയ എന്നീ പ്രദേശങ്ങളും ഇതിന്റെ വാസരംഗങ്ങളായിരുന്നു. എന്നാല്‍ അധികമായ വേട്ടയുടെ ഫലമായി മിക്ക സ്ഥലങ്ങളില്‍ നിന്നും ഒണജര്‍ ഇപ്പോള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. ചെറുകൂട്ടങ്ങളായി സഞ്ചരിക്കുന്ന ഇവ വര്‍ഷത്തില്‍ ഒരു തവണയേ ഇണ ചേരുന്നുള്ളൂ. സെപ്തംബര്‍ ആകുന്നതോടെ ഇണചേര്‍ന്ന് മേയ് - ജൂണ്‍ ആകുമ്പോള്‍ പ്രസവിക്കുകയാണ് പതിവ്. ഒരു പ്രസവത്തില്‍ ഒരു കുഞ്ഞുമാത്രമേയുണ്ടാകൂ. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ഘട്ടത്തില്‍ പെണ്-ഒണജറുകള് പ്രത്യേകം കൂട്ടംചേര്‍ന്ന് ജലസാമീപ്യമുള്ള പ്രദേശങ്ങളില്‍ മേയാനാരംഭിക്കുന്നു. ഇവയുടെ രക്ഷയ്ക്കായി കൂട്ടത്തില്‍ ഒരു ആണുമുണ്ടായിരിക്കും. ഏത് ഉഗ്രജന്തുവിനെയും ഒറ്റയ്ക്കു നേരിട്ട് എതിര്‍ക്കാന്‍ ഈ ആണ്-ഒണജര്‍ മടിക്കാറില്ല.
ഒണജറിനെ ഇണക്കി വളര്‍ത്താറുണ്ട്. ഭാരം ചുമക്കുന്നതിനേക്കാളേറെ സവാരിക്കാണ് ഇവയെ ഉപയോഗിച്ചുപോരുന്നത്.