This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എമറി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എമറി
Emery
ഗാർഹിക-വ്യാവസായികാവശ്യങ്ങള്‍ക്ക് വന്‍തോതിൽ പ്രയോജനപ്പെടുത്തിയിരുന്ന എമറി പേപ്പർ, എമറി ക്ളോത്ത്, എമറിവീൽ തുടങ്ങിയ അപഘർഷകങ്ങളുടെ നിർമാണത്തിന് ഉപയോഗിച്ചുവന്ന നൈസർഗിക ധാതുമിശ്രിതം. ഇതിന്റെ സാധാരണഘടകങ്ങള് കൊറന്‍ഡം, മാഗ്നറ്റൈറ്റ്, ഹേമറ്റൈറ്റ് എന്നിവയും അപൂർവമായി സ്പൈനലും ആണ്. അല്പമായതോതിൽ ഹെർസിനൈറ്റ്, ലിമൊണൈറ്റ്, ഡയാസ്പർ, സില്ലിമനൈറ്റ് തുടങ്ങിയവയും ഉണ്ടാകാം.
ഗ്രീസിലെ നക്സോസ് ദ്വീപിൽനിന്ന് പുരാതനകാലം മുതല്ക്കേ ശേഖരിച്ച് ഉപയോഗിച്ചുപോന്ന ധാതുക്കള്‍ "നക്സിയം' എന്ന പേരിലാണ് റോമന്‍ രേഖകളിൽ കാണുന്നത്. എമറി എന്ന പേര് നിഷ്പന്നമായത് നിക്സോസിലെ എമറി മുനമ്പ് എന്ന സ്ഥലനാമത്തിൽനിന്നാണ്. എമറിയുടെ നൈസർഗികരൂപത്തിന് ഇരുമ്പയിരിനോടു സാദൃശ്യമുണ്ട്. ക്രിസ്റ്റ്ലീയ ചുണ്ണാമ്പുകല്ലിനിടയിൽ തരിമയപിണ്ഡങ്ങളായാണ് സാധാരണ ഇതിന്റെ അവസ്ഥിതി. ഈ പിണ്ഡങ്ങള് പൊതുവേ ഉരുണ്ടു മുഴുത്തവ ആയിരിക്കും. ക്രിസ്റ്റലീയ ഷിസ്റ്റുകളോടനുബന്ധിച്ചുള്ള ചുണ്ണാമ്പുകല്ലുകളുമായി ചേർന്നു ശ്ലഥ ഖണ്ഡങ്ങളായോ പടലങ്ങളായോ കാചാകാര പിണ്ഡങ്ങളായോ കാണപ്പെടുന്നതും വിരളമല്ല. അലുമിനിയത്തിന്റെ ആധിക്യമുള്ള അവസാദശിലകളിൽ കായാന്തരണംമൂലം എമറി രൂപം കൊള്ളാം; മാതൃശിലയുടെ അപക്ഷയംമൂലമുണ്ടാകുന്ന അവശിഷ്ട (ൃലശെറൗമഹ) നിക്ഷേപങ്ങളിൽ സാന്ദ്രീകൃതമാവാനും സാധ്യതയുണ്ട്.
എമറിയുടെ ശരാശരി കാഠിന്യം എട്ട് ആണ്. ആപേക്ഷിക സാന്ദ്രത 3.7-4.3. സംഘടനത്തിനനുസൃതമായി ഇവ രണ്ടിലും നേരിയ വ്യതിചലനങ്ങള്‍ ഉണ്ടായിക്കാണുന്നു. വ്യാവസായികരംഗത്ത് കാഠിന്യത്തിന്റെ ഏറ്റക്കുറവനുസരിച്ച് എമറിയെ ഗ്രീക്, അമേരിക്കന്‍, ടർക്കിഷ് എന്നിങ്ങനെ മൂന്നിനമായി തിരിച്ചിരിക്കുന്നു. അപഘർഷകമെന്നതിനു പുറമേ തറ, കോണിപ്പടികള്‍, നടപ്പാതകള്‍ തുടങ്ങിയവയിലെ വഴുക്കൽ മാറ്റാനും എമറി വ്യാപകമായി ഉപോയഗിച്ചുവരുന്നു. ദന്ത ചികിത്സാമണ്ഡലത്തിലും എമറിക്ക് പ്രാധാന്യമുണ്ട്. കൃത്രിമ അപഘർഷകങ്ങളുടെ ആവിർഭാവത്തോടെ എമറിയുടെ വ്യവസായ-വാണിജ്യ പ്രാധാന്യത്തിനു മങ്ങലേറ്റിട്ടുണ്ട്.
(ആർ. ഗോപി; സ.പ.)