This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എബർഹാർഡ്‌, യോഹന്‍ ഔഗുസ്‌ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:37, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എബര്‍ഹാര്‍ഡ്‌, യോഹന്‍ ഔഗുസ്‌ത്‌

Eberhard, Johann August (1739 - 1809)

ജർമന്‍ ദൈവശാസ്‌ത്രജ്ഞന്‍. ദാർശനികന്‍, ജർമന്‍ മഹാനിഘണ്ടുകാരന്‍ എന്നീ നിലകളിലും പ്രശസ്‌തന്‍. ഇദ്ദേഹം 1739 ആഗ. 31-ന്‌ ഹാള്‍ബർസ്റ്റാറ്റിൽ ജനിച്ചു; ഹാല്ലെ സർവകലാശാലയിൽ ചേർന്നു ദൈവശാസ്‌ത്രം പഠിച്ചു. 1763-ൽ ഹാള്‍ബർസ്റ്റാറ്റിലും 1774 മുതൽ ചാർലട്ടന്‍ബർഗിലും മതപ്രചാരകനായി ഇദ്ദേഹം പ്രവർത്തിച്ചു. ഇദ്ദേഹത്തെ 1778-ൽ പ്രഷ്യയിലെ ഫ്രഡറിക്ക്‌ കക ഹാല്ലെ സർവകലാശാലയിലെ ദൈവശാസ്‌ത്ര പ്രാഫസറായി നിയമിച്ചു. 1786-ൽ ബർലിന്‍ അക്കാദമിയിലും 1805-ൽ പ്രിവികൗണ്‍സിലിലും അംഗമായി. ആറ്‌ വാല്യങ്ങളുള്ള ഒരു ജർമന്‍ നിഘണ്ടു അദ്ദേഹം തയ്യാറാക്കി പ്രസിദ്ധീകരിച്ചു (1795-1902). ഇത്‌ സംക്ഷിപ്‌തപ്പെടുത്തി ഒരു പര്യായ നിഘണ്ടുവും പ്രസിദ്ധീകരിച്ചു. ഇതിന്റെ 17-ാം പതിപ്പ്‌ ഫ്രഞ്ച്‌, റഷ്യന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലും പ്രസിദ്ധപ്പെടുത്തി.

യോഹന്‍ ഔഗുസ്‌ത്‌ എബർഹാർഡ്‌

ദൈവശാസ്‌ത്രം, സൗന്ദര്യശാസ്‌ത്രം, ഭാഷാവിജ്ഞാനം, ദാർശനിക ചരിത്രം എന്നിവയെക്കുറിച്ചു നിരവധി ആധികാരികഗ്രന്ഥങ്ങള്‍ എബർഹാർഡ്‌ രചിച്ചിട്ടുണ്ട്‌. ജനറൽ തിയറി ഒഫ്‌ തിങ്കിങ്‌ ആന്‍ഡ്‌ ഫീലിങ്‌, എ ന്യു അപ്പോളജി ഒഫ്‌ സോക്രട്ടീസ്‌, തിയറി ഒഫ്‌ ദ ഫൈന്‍ ആർട്‌സ്‌, ജനറൽ ഹിസ്റ്ററി ഒഫ്‌ ഫിലോസഫി എന്നിവയാണ്‌ ചില പ്രധാന കൃതികള്‍. മോക്ഷം വെളിപാടിനോടു ബന്ധപ്പെട്ടതാണെന്ന വാദത്തെയും ശാശ്വതശിക്ഷയെയും ഇദ്ദേഹം എതിർത്തു. ആദിപാപം(Orginal Sin) എന്നൊന്നില്ല എന്നും അവിശ്വാസികള്‍ക്കും സ്വർഗം പ്രാപിക്കാവുന്നതാണെന്നും ഇദ്ദേഹം സൈദ്ധാന്തികമായി സ്ഥാപിച്ചു. പാപം ചെയ്യുന്നവന്റെ ധാർമികമായ നന്മയ്‌ക്കു ശിക്ഷ വഴി തെളിക്കുന്നില്ല എന്നാണ്‌ ഇദ്ദേഹത്തിന്റെ വാദം.

എബർഹാർഡിനെ ലോക്ക്‌, ലൈബ്‌നിറ്റ്‌സ്‌ തുടങ്ങിയ ദാർശനികർ സ്വാധീനിച്ചിരുന്നു. സംവേദനം നിഷ്‌ക്രിയമാണെന്നു വാദിച്ച ഇദ്ദേഹം എല്ലാ ആശയങ്ങളും സംവേദനത്തിൽനിന്നാണെന്ന ലോക്കിന്റെ അഭിപ്രായത്തെ പിന്താങ്ങുകയാണ്‌ ചെയ്‌തത്‌. സൗന്ദര്യം വസ്‌തുക്കളുടെ ആത്മനിഷ്‌ഠമായ ഒരു പ്രകടനമാണെന്നും സൗന്ദര്യം ഈ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതുകൊണ്ട്‌ കലയുടെ ലക്ഷ്യം സുഖകരമായ മനോവികാരങ്ങള്‍ ഉത്തേജിപ്പിക്കുക എന്നതായിത്തീരുന്നുവെന്നും എബർഹാർഡ്‌ വാദിച്ചു. ഈ വാദത്തെ കാന്റും മറ്റു ജർമന്‍ സൗന്ദര്യശാസ്‌ത്രജ്ഞന്മാരും ഖണ്ഡിച്ചിട്ടുണ്ട്‌. മനുഷ്യനിൽ ആദ്യമായി ഉണ്ടായ സൗന്ദര്യബോധ പ്രവർത്തനം കുട്ടികളുടെ കളിയിലാണ്‌ എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. 1809 ജനു. 6-ന്‌ ബർലിനിൽ എബർഹാർഡ്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍