This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എബ്രായലേഖനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എബ്രായലേഖനം
ബൈബിള്‍ പുതിയനിയമത്തിലെ ഒരു പുസ്‌തകം. ഇതിന്റെ കർത്തൃത്വം, കാലം, ലക്ഷ്യം എന്നിവയെപ്പറ്റി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇത് എഴുത്തിന്റെ രീതിയിലാണ് അവസാനിപ്പിച്ചിരിക്കുന്നതെങ്കിലും പ്രാരംഭ അഭിവാദനമില്ലാത്ത ദൈവശാസ്‌ത്രപരമായ ഒരു പ്രബന്ധത്തിന്റെ മട്ടിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ രചയിതാവ് പൗലോസ് ആണെന്ന പരമ്പരാഗതമായ വിശ്വാസത്തിന് മതനവീകരണത്തോടുകൂടി ഇളക്കം സംഭവിച്ചു. ശൈലി, രൂപം, ഉപദേശം എന്നിവയാണ് ഈ നൂതനാഭ്യൂഹത്തിനാധാരം. ഗ്രന്ഥകർത്താവ് അപ്പലോസോ ബർന്നബാസോ ആയിരിക്കണമെന്ന അഭിപ്രായവും പ്രാബല്യത്തിലുണ്ട്. "ആശയം പൗലോസിന്റേതാണ്. പക്ഷേ ഭാഷ പൗലോസിന്റേതല്ല. ആരെഴുതിയെന്നു ദൈവം മാത്രം അറിയുന്നു' എന്ന് ഒറിഗന്‍ പ്രസ്‌താവിച്ചിട്ടുണ്ട്. യഹൂദ ക്രിസ്‌ത്യാനികളായിരിക്കാം "എബ്രായർ'. അവർ നൂതന വിശ്വാസം ത്യജിച്ച് യഹൂദമതത്തിലേക്കു പിന്മാറിപ്പോകാതിരിക്കുന്നതിനു നല്‌കിയിട്ടുള്ള പ്രബോധനമാണ് ഇതിലെ പ്രതിപാദ്യം.
ലക്ഷ്യസ്ഥാനം അലക്‌സാണ്ട്രിയയോ റോമോ യരുശലേമോ ആയിരിക്കാം. വെളിപാട് പുസ്‌തകത്തോടും ക്ലെമന്റ് ക-ന്റെയും ഫൈലോയുടെയും എഴുത്തുകളോടും സാമ്യം വഹിക്കുന്നതുകൊണ്ടും അപ്പോസ്‌തലന്മാർക്കു ശേഷമുള്ള കാലഘട്ടത്തിലെ പ്രശ്‌നങ്ങള്‍ പ്രതിഫലിക്കുന്നതുകൊണ്ടും ഡൊമീഷന്‍ ചക്രവർത്തിയുടെ ഭരണകാലത്ത് (എ.ഡി. 81-96) ആയിരിക്കണം ഇത് എഴുതപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു.
ഗ്രന്ഥകാരന്‍ സമകാലികനായിരുന്ന ഫൈലോയോട് കടപ്പെട്ടിരിക്കുന്നുവെന്ന സിദ്ധാന്തത്തിനു പ്രാബല്യം ലഭിച്ചിട്ടില്ല. എങ്കിലും ഭാഷയിലും ചില ആശയങ്ങളിലും സാദൃശ്യമുള്ളകാര്യം വിസ്‌മരിക്കാനാവില്ല. ലേഖനം പഴയനിയമത്തിൽ അധിഷ്‌ഠിതവും വ്യാഖ്യാന രീതി റാബിമാരുടേതുമാണ്. ചരിത്രത്തെപ്പറ്റിയുള്ള അവബോധം ഫൈലോയുടേതുപോലെ അന്യാപദേശപരമല്ല. ക്രിസ്‌തു മഹാപുരോഹിതന്‍ എന്ന ആശയം ഫൈലോയുടെ അമൂർത്തമായ ലോഗോസ് ആശയത്തിൽ നിന്ന് വ്യത്യസ്‌തമാണ്.
ദൈവത്തിന്റെ അന്തിമവും പരമവുമായ വെളിപാട് ക്രിസ്‌തുവിൽ ആണ് എന്ന പ്രമേയം അവതരിപ്പിച്ചശേഷം (1:1-2a) അതു സമർഥിക്കുന്നതിനായി "അവന്‍ വ്യക്തിത്വത്തിൽ പുത്രനും പ്രവൃത്തിയിൽ പുരോഹിതനും ആണ്' (1:2b-10:18) എന്നു വ്യവഹരിക്കുന്നു. അവന്‍ പുത്രന്‍ എന്ന നിലയിൽ പ്രവാചകന്മാരെക്കാളും ദൈവദൂതന്മാരെക്കാളും മോശയെക്കാളും യോശുവായെക്കാളം ശ്രഷ്‌ഠനാണ്; "പ്രവൃത്തിയിൽ അവന്റെ പൗരോഹിത്യം ദൈവനിയുക്തവും മെൽക്കിസദേക്കിന്റെ ക്രമപ്രകാരമുള്ളതും പരിപൂർണ പാപപ്രക്ഷാളന ക്ഷമമായിട്ടുള്ളതും ആകുന്നു' എന്നു വ്യവഹരിക്കുന്നു. തുടർന്ന് വിശ്വാസത്തിൽ ഉറച്ചുനില്‌ക്കാനും ഈ പ്രമേയം ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ഉഗ്രമായ ന്യായവിധിയുണ്ടാകും (10:19;12:29) എന്ന പ്രബോധനപരമായ 13-ാം അധ്യായത്തോടെ ലേഖനം സമാപിക്കുന്നു.
(ഡോ.ടി. ജോണ്‍)