This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്‍സൈക്ലോപീഡിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എന്‍സൈക്ലോപീഡിയ
Encyclopaedia
ലോകത്തെമ്പാടും അനുദിനം വികസിച്ചുവരുന്ന വിജ്ഞാനത്തെ സമാഹരിച്ചും സംഗ്രഹിച്ചും നിര്‍ദിഷ്‌ടമായ ചില സംവിധാനക്രമങ്ങളനുസരിച്ച് സജ്ജീകരിച്ചും പ്രകാശനം ചെയ്യുന്ന പുസ്‌തകം അല്ലെങ്കില്‍ പുസ്‌തകാവലി. സാമൂഹികശാസ്‌ത്രജ്ഞന്മാര്‍ "ലക്ഷ്യോന്മുഖസാഹിത്യം' (Functional Literature) എന്നു വിശേഷിപ്പിക്കുന്ന പുസ്‌തക വിഭാഗത്തിലെ ഏറ്റവും പ്രാധനപ്പെട്ട ഇനമാണ് ഇത്.
വികാസപരിണാമങ്ങള്‍
പ്രാചീനഗ്രീസിലെ യുവാക്കളുടെ ബോധനവും ശിക്ഷണവും സമഗ്രവും സമ്പൂര്‍ണവുമായിരിക്കണമെന്നുള്ള ഗ്രീക്കുതത്ത്വചിന്തകന്മാരുടെ അഭിലാഷത്തില്‍നിന്നാണ് എന്‍സൈക്ലോപീഡിയ എന്ന പദവും ആശയവും പ്രസ്ഥാനവും ഉടലെടുത്തത്. കലകളിലും ശാസ്‌ത്രങ്ങളിലും സമഗ്രപരിജ്ഞാനം നേടിയാല്‍ മാത്രമേ വിദ്യാഭ്യാസം പരിപൂര്‍ണമാവുകയുള്ളൂവെന്ന് ഗ്രീക്കുകാര്‍ ശഠിച്ചു; ഈ ലക്ഷ്യപ്രാപ്‌തിക്കുവേണ്ടി തത്‌കാലീനമനുഷ്യവിജ്ഞാനം സമാഹരിക്കുന്ന പ്രക്രിയയില്‍ അവര്‍ വ്യാപൃതരായി. ഈ ആസൂത്രിത യത്‌നത്തിന്റെ ഫലമായുളവായ വിജ്ഞാനത്തിന്റെ ഉത്തമോദാഹരണങ്ങളാണ് അരിസ്റ്റോട്ടല്‍കൃതികള്‍. കലയിലും ശാസ്‌ത്രത്തിലും സമഗ്രബോധനം നല്‌കുന്ന പ്രക്രിയയെ ഗ്രീക്കുഭാഷയില്‍ "എന്‍കൈക്ലിയോസ്' (enkyklios-സമഗ്രം, വര്‍ത്തുളം), "പീഡിയ' (paideia-ബോധനം) എന്നീ പദങ്ങള്‍ക്കൊണ്ട് സൂചിപ്പിച്ചു. എന്‍സൈക്ലോപീഡിയ എന്ന സംയുക്തപദം രൂപംകൊണ്ടതുപില്‌ക്കാല ലത്തീന്‍ഭാഷയിലാണ്; സര്‍വവിജ്ഞാനങ്ങളും "സംഗ്രഹിക്കുന്ന' കൃതി എന്ന അര്‍ഥവും ഇതിനകം ഈ പദത്തിനു ലഭിച്ചു. ലത്തീന്‍ ഭാഷയില്‍നിന്ന് എന്‍സൈക്ലോപീഡിയ യൂറോപ്യന്‍ ഭാഷകളിലേക്കും ഏഷ്യയിലെ ചില ഭാഷകളിലേക്കും സംക്രമിച്ചു. 16-ാം ശതകത്തില്‍ എന്‍സൈക്ലോപീഡിയ എന്ന പദം ഇംഗ്ലീഷ്‌ഭാഷയും സ്വീകരിച്ചു. തോമസ് എല്യോട്ട് 1531-ല്‍ പ്രകാശനം ചെയ്‌ത ദ ഗവര്‍ണര്‍ (The Governour) എന്ന കൃതിയിലാണ് ഈ പദം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 1559-ല്‍ പോള്‍ സ്‌കലിക് തന്റെ കൃതിക്ക് എന്‍സൈക്ലോപീഡിയ ന്യൂ ഓര്‍ബിസ് ഡിസിപ്‌ളിനേറിയം എപിസ്റ്റെമോണ്‍ എന്നു നാമകരണം ചെയ്‌തുകൊണ്ട് എന്‍സൈക്ലോപീഡിയ പുസ്‌തക ശീര്‍ഷകമായി സ്വീകരിച്ചു.
ഭാരതീയഭാഷകളില്‍ എന്‍സൈക്ലോപീഡിയ എന്ന വാക്ക് പൊതുവേ പ്രയോഗിച്ചുവരുന്നുണ്ടെങ്കിലും ഓരോ ഭാഷയും തനതായ സംജ്ഞകളാണ് ഇതിനുവേണ്ടി സ്വീകരിച്ചിട്ടുള്ളത്.
വിജ്ഞാനകോശം എന്ന പദത്തിനാണ് മലയാളത്തില്‍ പ്രചാരം. കലൈക്കളഞ്ചിയം (തമിഴ്), വിജ്ഞാനസര്‍വസ്വമു (തെലുഗു), വിശ്വകോശ (കന്നഡ) എന്നിവയാണ് മറ്റു ദ്രാവിഡ ഭാഷകള്‍ സ്വീകരിച്ചിട്ടുള്ള സംജ്ഞകള്‍. ഭാരതീയ ഭാഷകളില്‍ ആദ്യമായി ഒരു എന്‍സൈക്ലോപീഡിയ നിര്‍മിച്ച ബംഗാളിയിലും ഹിന്ദി തുടങ്ങി ഇന്തോ-യൂറോപ്യന്‍ ഗോത്രത്തില്‍പ്പെട്ട മറ്റ് ഇന്ത്യന്‍ ഭാഷകളിലും വിശ്വകോശ് ആണ് എന്‍സൈക്ലോപീഡിയയ്‌ക്ക് തുല്യപദമായി സ്വീകരിച്ചിട്ടുള്ളത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വിഭിന്നഭാഷകളിലായി ഇതുവരെ രണ്ടായിരത്തിലധികം വിജ്ഞാനകോശമാതൃകയിലുള്ള ഗ്രന്ഥങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടീഷ് മ്യൂസിയം പ്രകാശനം ചെയ്‌ത ഒരു കാറ്റലോഗില്‍ (1960, വാല്യം 61) ആയിരത്തോളം എന്‍സൈക്ലോപീഡിയകളുടെ വിവരങ്ങള്‍ കാണുന്നു. ചില പ്രസിദ്ധീകരണങ്ങള്‍ക്ക് ഒന്നിലധികം പതിപ്പുകളുമുണ്ടായിട്ടുണ്ട്. ഒരു ഭാഷയില്‍നിന്നു മറ്റൊന്നിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളുമുണ്ട് ഇക്കൂട്ടത്തില്‍. ഒന്നിന്റെ പ്രകാശനവേളയില്‍ നേടിയ അനുഭവസമ്പത്ത് മറ്റൊന്നിന്റെ ക്രാഡീകരണത്തിനു മാര്‍ഗദര്‍ശനമായിത്തീര്‍ന്നിട്ടുണ്ട്. തത്‌ഫലമായി എന്‍സൈക്ലോപീഡിയ എന്ന പദത്തിന്റെ അര്‍ഥവ്യാപ്‌തിയിലും മാറ്റങ്ങള്‍ വന്നുചേര്‍ന്നു.
ജ്ഞാനവിജ്ഞാനങ്ങളുടെ സമാഹാരങ്ങള്‍ മാത്രമായിരുന്നു ആദ്യകാല പ്രസിദ്ധീകരണങ്ങള്‍. വിവിധവിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ സമാഹരിക്കുക മാത്രമായിരുന്നു അന്ന് എന്‍സൈക്ലോപീഡിയകളുടെ ഉദ്ദേശ്യം. സമുദായത്തിന്റെ ഉന്നതശ്രണിയിലുള്ള ഒരു വിശിഷ്‌ട വര്‍ഗത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടിയാണ് ഒരു കാലത്ത് എന്‍സൈക്ലോപീഡിയകള്‍-പ്രസിദ്ധീകരിക്കപ്പെട്ടത്. എന്‍സൈക്ലോപീഡിയയുടെ സുദീര്‍ഘചരിത്രത്തിലെ ആദ്യത്തെ ആയിരം വര്‍ഷങ്ങളില്‍ ലത്തീന്‍ ഭാഷയില്‍ മാത്രമാണ് എന്‍സൈക്ലോപീഡിയകള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. തുടര്‍ച്ചയായ വായനയ്‌ക്കു വേണ്ടിയുള്ള കൃതികളായിരുന്നു എന്‍സൈക്ലോപീഡിയകള്‍. വിപുലമായൊരു അനുവാചകമണ്ഡലത്തിന്റെ ബുദ്ധിപരമായ ആവശ്യങ്ങള്‍ നിറവേറ്റുവാനുതകുന്ന തരത്തിലുള്ള വിജ്ഞാനകോശങ്ങള്‍ ക്രാഡീകരിക്കാന്‍ തുടങ്ങിയത് 18-ാം ശതകത്തോടുകൂടിയാണ്. ജര്‍മനിയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നത്. ജര്‍മന്‍ഭാഷയിലെ എന്‍സൈക്ലോപീഡിയകളില്‍ സുപ്രധാനമെന്ന് പണ്ഡിതന്മാര്‍ വിധിയെഴുതിയിട്ടുള്ള ബ്രാക്ക്‌ഹൗസിന്റെ കോണ്‍വര്‍സേഷന്‍സ് ലെക്‌സിക്കന്‍ (1796-1811) ജര്‍മനിയിലെ മധ്യവര്‍ഗത്തെ ഉദ്ദേശിച്ചാണ് പ്രകാശനം ചെയ്യപ്പെട്ടിട്ടുള്ളത്. എന്‍സൈക്ലോപീഡിയയ്‌ക്ക് റഫറന്‍സ്‌മൂല്യം കൈവന്നതോടെ അതിന്റെ അനുവാചകമണ്ഡലത്തിന്റെ വ്യാപ്‌തി വര്‍ധിക്കുവാന്‍ തുടങ്ങി.
തുടര്‍ച്ചയായുള്ള വായനയ്‌ക്ക് പകരം, റഫറന്‍സ് ആവശ്യങ്ങള്‍ക്കുവേണ്ടി എന്‍സൈക്ലോപീഡിയകള്‍ രചിക്കപ്പെടാന്‍ തുടങ്ങിയതോടെ, അവയുടെ ആകാരത്തിലും ഘടനയിലും വ്യത്യാസങ്ങളുണ്ടായി. വിഷയനാമങ്ങളുടെ അനുവര്‍ണ ക്രമത്തിലുള്ള സംവിധാനം (alphabetical arrangement of topics), പ്രതിസൂചനകള്‍ (cross refernces). ജീവചരിത്രക്കുറിപ്പുകള്‍, ഇന്‍ഡക്‌സ്, ഗ്രന്ഥസൂചി, വിദഗ്‌ധപ്രസാധനം മുതലായ ഘടകങ്ങളുടെ ആവിര്‍ഭാവം ആധുനിക എന്‍സൈക്ലോപീഡിയയ്‌ക്ക് പുതിയ ഭാവരൂപങ്ങള്‍ നല്‌കി. ഓരോരോ വിജ്ഞാനകോശത്തിന്റെയും പ്രകാശനത്തെത്തുടര്‍ന്നു ലഭിച്ചുകൊണ്ടിരിക്കുന്ന വിശിഷ്‌ടാനുഭവങ്ങള്‍ പുതിയ രചനാമാര്‍ഗങ്ങള്‍ക്കു പ്രരകങ്ങളായിത്തീര്‍ന്നു. 1780-ല്‍ അനുവര്‍ണക്രമത്തിലുള്ള ഉള്ളടക്കസംവിധാനം ആദ്യമായി പ്രത്യക്ഷപ്പെട്ടു. 1731-ല്‍ യൊഹാന്‍ ഹൈന്‌റിക് സെഡ്‌ലര്‍ യൂണിവേഴ്‌സല്‍ ലക്‌സിക്കന്‍ (64 വാല്യങ്ങള്‍) പ്രസിദ്ധീകരിക്കുന്നതുവരെ, ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രക്കുറിപ്പുകള്‍ക്കു വിജ്ഞാനകോശങ്ങളില്‍ സ്ഥാനമുണ്ടായിരുന്നില്ല. ആധുനിക എന്‍സൈക്ലോപീഡിയയുടെ മര്‍മഭാഗമായ ഇന്‍ഡക്‌സിന് ഏതാണ്ട് രണ്ട് നൂറ്റാണ്ടുകളുടെ ചരിത്രമേയുള്ളൂ. റഫറന്‍സ് മൂല്യമുള്ള വിശദമായ ഇന്‍ഡക്‌സുകള്‍ ഉടലെടുത്തു തുടങ്ങിയതു 1830-കളില്‍ മാത്രമാണ്.
ഇതുവരെ സൂചിപ്പിച്ച വികാസചരിത്രത്തില്‍നിന്ന് എന്‍സൈക്ലോപീഡിയ എന്ന സംജ്ഞയ്‌ക്ക് ചില പ്രത്യേകാര്‍ഥങ്ങളും ചില സവിശേഷലക്ഷണങ്ങളും സിദ്ധിച്ചിട്ടുള്ളതായി വ്യക്തമാകുന്നു. സമകാലീന വിശ്വവിജ്ഞാനത്തിന്റെ സര്‍വവശങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന വിദഗ്‌ധലേഖനങ്ങളും ലേഖനങ്ങളിലെ ആശയങ്ങളെ വിശദീകരിക്കാനുതകുന്ന ചിത്രങ്ങളും ഭൂപടങ്ങളും സ്ഥിതിവിവരക്കണക്കുകളുടെ പട്ടികകളും പ്രതിപാദ്യവിഷയങ്ങളെക്കുറിച്ചുള്ള സൂക്ഷ്‌മപഠനങ്ങള്‍ക്കുപയോഗിക്കാവുന്ന ഗ്രന്ഥസൂചികളും (Bibliography) മറ്റും ഉള്‍ക്കൊള്ളുന്ന ബൃഹദ്‌ഗ്രന്ഥങ്ങളെയാണ് ഇന്ന് എന്‍സൈക്ലോപീഡിയകള്‍ എന്നു പൊതുവില്‍ വിശേഷിപ്പിക്കുന്നത്. അനുവര്‍ണക്രമത്തിലുള്ള ഉള്ളടക്ക സംവിധാനവും ബന്ധപ്പെട്ട വിഷയങ്ങളുടെ പരസ്‌പരസൂചനയും ഉള്ളടക്കത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വായനക്കാരനെ അനായാസേന നയിക്കുന്ന ഇന്‍ഡക്‌സും മറ്റും ആധുനിക എന്‍സൈക്ലോപീഡിയയുടെ അവിഭാജ്യഘടകങ്ങളാണ്. റഫറന്‍സ് സാഹിത്യത്തിലെ മറ്റിനങ്ങളായ നിഘണ്ടുക്കള്‍, ഡയറക്‌ടറികള്‍, അറ്റ്‌ലസ്സുകള്‍ മുതലായവയില്‍നിന്ന് എന്‍സൈക്ലോപീഡിയയെ വേര്‍തിരിച്ചു നിര്‍ത്തുന്നത് മേലുദ്ധരിച്ച സ്വഭാവവിശേഷങ്ങളാണ്. ജ്ഞാനവിജ്ഞാനങ്ങളുടെ എല്ലാവിധ അന്വേഷണങ്ങള്‍ക്കും ഉത്തരം നല്‌കുന്ന സ്വയംപര്യാപ്‌തമായ റഫറന്‍സ് കോശമാണ് എന്‍സൈക്ലോപീഡിയ. തുടര്‍ച്ചയായ വായനയ്‌ക്കുള്ള പുസ്‌തകമായിട്ടല്ല ഇതിനെ കരുതുന്നത്. ഒരു പ്രത്യേക വസ്‌തുതയോ വിവരമോ അല്ലെങ്കില്‍ ഒരു പ്രത്യേകവിഷയത്തെക്കുറിച്ചുള്ള പ്രധാന അറിവുകളോ ആരാഞ്ഞു കണ്ടുപിടിക്കുവാന്‍ സഹായിക്കുന്ന ഗ്രന്ഥമോ ഗ്രന്ഥപരമ്പരയോ ആണ് എന്‍സൈക്ലോപീഡിയ.
ക്രോഡീകരണ-പ്രസാധന പ്രശ്‌നങ്ങള്‍
സംഘടന
ചില വ്യക്തികളുടെ സ്വതന്ത്രപരിശ്രമങ്ങള്‍ ഏതാനും എന്‍സൈക്ലോപീഡിയകളുടെ പ്രസാധനത്തിനു വഴിതെളിച്ചിട്ടുണ്ടെങ്കിലും അത്തരത്തിലുള്ള ധീരസംരംഭങ്ങള്‍ ഇനി എന്‍സൈക്ലോപീഡിയാപ്രകാശന രംഗത്തു ഫലപ്രദമാകുവാനുള്ള സാധ്യതയില്ല. അതിവിപുലമായ വിശ്വവിജ്ഞാനത്തിന്റെ സാരാംശത്തെ ശാസ്‌ത്രീയമായി ക്രമീകരിച്ച് അനുവാചകര്‍ക്ക് അനായാസമായി ഉപയോഗിക്കുവാന്‍ തക്കവണ്ണം അവതരിപ്പിക്കുന്ന ആധുനിക എന്‍സൈക്ലോപീഡിയ കൂട്ടായ ഗ്രന്ഥനിര്‍മാണത്തിന്റെ ഉത്തമോദാഹരണമാണ്. ആസൂത്രണപാടവവും സംഘടനാശേഷിയും അനുഭവസമ്പത്തും കൈമുതലായുള്ള പ്രസാധനനിപുണന്മാര്‍, വിവിധവിഷയങ്ങളില്‍ പ്രാവീണ്യവും ആശയപ്രകാശനശക്തിയും ഉള്ള അസംഖ്യം ലേഖകന്മാര്‍, ഭാഷാപണ്ഡിതന്മാര്‍, മുദ്രണവിദഗ്‌ധന്മാര്‍, സൂചികാകര്‍ത്താക്കള്‍ എന്നിങ്ങനെയുള്ള നിരവധി പേരുടെ സേവനം എന്‍സൈക്ലോപീഡിയാ പ്രകാശനത്തിന് ഇന്ന് ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. പ്രഥമപ്രകാശനത്തോടെ എന്‍സൈക്ലോപീഡിയയുടെ നിര്‍മാണപ്രക്രിയ അവസാനിക്കുന്നില്ലെന്നുള്ളതും സ്‌മരണീയമാണ്. വിജ്ഞാനലോകത്തില്‍ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അന്വേഷിച്ചറിഞ്ഞ്, പുതിയ അറിവുകളെ അനുബന്ധങ്ങള്‍ (Supplements), വാര്‍ഷികഗ്രന്ഥങ്ങള്‍ (Year Books), പരിഷ്‌കരിച്ച പതിപ്പുകള്‍ എന്നീ ഉപാധികളിലൂടെ യുക്തമെന്നു തോന്നുന്ന കാലയളവുകളില്‍ പ്രകാശനം ചെയ്യാനും എന്‍സൈക്ലോപീഡിയാ പ്രസാധകര്‍ ബാധ്യസ്ഥരാണ്. സ്ഥിരമായ പ്രവര്‍ത്തകരും കാര്യക്ഷമമായ സംഘടനയും ഭീമമായ മൂലധനവും എന്‍സൈക്ലോപീഡിയാനിര്‍മാണത്തിനാവശ്യമാണ്. പ്രസാധനവും വില്‌പനയും വ്യാവസായികാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു നടത്തുന്ന പാശ്ചാത്യരാജ്യങ്ങളില്‍ സ്വകാര്യപ്രസിദ്ധീകരണശാലകളാണ് എന്‍സൈക്ലോപീഡിയാ പ്രകാശനത്തിനു മുമ്പോട്ടു വന്നിട്ടുള്ളത്; എന്നാല്‍ ഇന്ത്യയെപ്പോലുള്ള അവികസിതരാജ്യങ്ങളില്‍ സര്‍വകലാശാലകളും സര്‍ക്കാര്‍വകുപ്പുകളും കാശീനാഗരിപ്രചാരിണിസഭ, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം തുടങ്ങിയ സഹകരണമേഖലയില്‍പ്പെട്ട സംഘടനകളും ചില സ്വകാര്യ പ്രകാശനസമിതികളുമാണ് വിജ്ഞാനകോശ നിര്‍മാണ രംഗത്തു പ്രവര്‍ത്തിച്ചിട്ടുള്ളത്.
ലക്ഷ്യവും ഉദ്ദേശ്യവും
എന്‍സൈക്ലോപീഡിയയുടെ ലക്ഷ്യോദ്ദേശ്യങ്ങള്‍ നിശ്ചയിച്ചുറപ്പിച്ചതിനുശേഷമാണ് ക്രാഡീകരണശ്രമങ്ങള്‍ ആരംഭിക്കുന്നത്. ഏത് അനുവാചകമണ്ഡലത്തെ ഉന്നം വച്ചാണോ എന്‍സൈക്ലോപീഡിയ ആസൂത്രണം ചെയ്യപ്പെടുന്നത് അതിന്റെ പ്രത്യേകാവശ്യങ്ങളും താത്‌പര്യങ്ങളും അനുസരിച്ചായിരിക്കും പ്രസിദ്ധീകരണത്തിന്റെ ലക്ഷ്യം നിര്‍ണയിക്കപ്പെടുക. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകവിഷയങ്ങളില്‍ താത്‌പര്യമുള്ളവര്‍ക്കുംവേണ്ടി എന്‍സൈക്ലോപീഡിയകള്‍ നിര്‍മിക്കപ്പെടാറുണ്ട്. വിഭിന്നലക്ഷ്യങ്ങളാണ് ഇവയിലോരോന്നിനുമുള്ളത്. സാധാരണ വായനക്കാരുടെ ഏതുവിധ സന്ദേഹത്തിനും സ്‌പഷ്‌ടമായ പരിഹാരം നല്‌കുകയും എല്ലാ പ്രധാനവിഷയങ്ങളും അവതരിപ്പിക്കുകയും ആയിരിക്കും ഒന്നിന്റെ ലക്ഷ്യം; കുട്ടികളില്‍ വായനശീലം വളര്‍ത്തി അവരെ പഠനോത്സുകരാക്കുകയാണ് ബാലവിജ്ഞാനകോശങ്ങളുടെ ഉദ്ദേശ്യം. പ്രത്യേക വിജ്ഞാനവിഭാഗങ്ങളില്‍ വൈദഗ്‌ധ്യം നേടിയ സ്‌പെഷ്യലിസ്റ്റുകളുടെ ഉപയോഗാര്‍ഥം പ്രത്യേകം തയ്യാറാക്കിയിട്ടുള്ള എന്‍സൈക്ലോപീഡിയകളുമുണ്ട്. എന്‍സൈക്ലോപീഡിയാനിര്‍മാണത്തിനു നേതൃത്വം നല്‌കുന്നവര്‍ ആദ്യം നിശ്ചയിക്കുന്നത് അതിന്റെ ലക്ഷ്യമാണ്. പുസ്‌തകത്തിന്റെ വലുപ്പം, വാല്യങ്ങളുടെ സംഖ്യ, ഉള്‍പ്പെടുത്തേണ്ടുന്ന വിഷയങ്ങള്‍, ഉള്ളടക്കസംവിധാനം, ലേഖനദൈര്‍ഘ്യം, വിഷയപ്രതിപാദനരീതി, രചനാശൈലി, ചിത്രീകരണം തുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ലക്ഷ്യനിര്‍വചനത്തിനു ശേഷമായിരിക്കും.
ആകാരവും വാല്യങ്ങളും
കൊളംബിയ എന്‍സൈക്ലോപീഡിയ, ന്യൂ റ്റ്വന്റിയത് സെഞ്ച്വറി എന്‍സൈക്ലോപീഡിയ തുടങ്ങിയ ഏതാനും ഒറ്റവാല്യകൃതികള്‍ക്ക് പ്രചുരപ്രചാരം ലഭിച്ചിട്ടുണ്ടെങ്കിലും, ആധുനിക എന്‍സൈക്ലോപീഡിയകള്‍ ബഹുവാല്യഗ്രന്ഥപരമ്പരകളായിട്ടാണ് പ്രകാശനം ചെയ്യപ്പെടുന്നത്. എന്‍സൈക്ലോപീഡിയാ ബ്രിട്ടാനിക്കയുടെ 15-ാം പതിപ്പിന് മുപ്പതുവാല്യങ്ങളാണുള്ളത്. 1978-ല്‍ മുഴുമിപ്പിച്ച ഗ്രറ്റ് സോവിയറ്റ് എന്‍സൈക്ലോപീഡി(Bolshaya Sovetskaya Entsiklopediya) യയ്‌ക്കും മുപ്പത് വാല്യങ്ങള്‍ ഉണ്ട്. ഇതിന്റെ പതിനെട്ട് വാല്യങ്ങളുടെ ഇംഗ്ലീഷ് തര്‍ജുമയും പുറത്തു വന്നുകഴിഞ്ഞു. മലയാളത്തിലെ വിശ്വവിജ്ഞാനകോശവും തമിഴിലെ കലൈക്കളഞ്ചിയവും പത്തുവാല്യങ്ങളില്‍ ഒതുങ്ങുന്നു. സര്‍വവിജ്ഞാനകോശമാകട്ടെ 20 വാല്യങ്ങളിലായി പ്രസാധനം ചെയ്യത്തക്ക രീതിയിലാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. അഭിപ്രായൈക്യം ഇല്ലാത്ത ഒരു വിഷയമാണ് എന്‍സൈക്ലോപീഡിയയുടെ ആകാരവും വലുപ്പവും. അലമാരയില്‍ അടുക്കി വയ്‌ക്കാനും വാല്യങ്ങള്‍ അനായാസേന കൈകാര്യം ചെയ്യാനും സര്‍വോപരി റഫറന്‍സുകള്‍ അന്വേഷിച്ചുകണ്ടെത്താനുമുള്ള സൗകര്യങ്ങള്‍ പരിഗണിച്ചു വാല്യസംഖ്യ 20-നും 30-നും ഇടയ്‌ക്ക് ഒതുക്കിനിര്‍ത്താനാണ് യൂറോപ്പിലെ പ്രസാധകര്‍ ശ്രമിക്കുന്നത്. ചിത്രങ്ങളും ഭൂപടങ്ങളും ഭംഗിയായി മുദ്രണം ചെയ്യാന്‍ സാധിക്കുന്ന കട്ടികുറഞ്ഞ നേര്‍ത്ത കടലാസ് (ഇന്ത്യാപേപ്പര്‍) സുലഭമായി ലഭിക്കുന്നതുകൊണ്ട് ഉള്ളടക്കം സംക്ഷിപ്‌തമാക്കാതെ പുസ്‌തകത്തിന്റെ ആകെ വലുപ്പം കുറയ്‌ക്കുവാന്‍ അവര്‍ക്കു സാധിക്കുന്നു; പക്ഷേ ഇത്തരത്തിലുള്ള വിശേഷയിനം കടലാസ് വേണ്ടത്ര ഉത്‌പാദിപ്പിക്കാനാകാത്ത ഇന്ത്യയില്‍ എന്‍സൈക്ലോപീഡിയയുടെ വലുപ്പം ഒരു പ്രശ്‌നമായിരിക്കുന്നു. വിപുലമായ ഉള്ളടക്കം, ഒതുങ്ങിയ ആകാരം എന്നീ രണ്ട് ഗുണങ്ങളെ സമന്വയിപ്പിക്കുക ശ്രമകരമായ കൃത്യമാണ്.
വാല്യസംഖ്യ എന്തായിരുന്നാലും, ഒരു സെറ്റിലെ എല്ലാ വാല്യങ്ങളും ആകാരത്തില്‍ ഒരുപോലെയിരിക്കണം. ഓരോ വാല്യത്തിലും ഉള്‍പ്പെടുത്തുന്ന പുറങ്ങളുടെ സംഖ്യ ഏറെക്കുറെ തുല്യമായിരുന്നാലേ വാല്യങ്ങളുടെ വലുപ്പത്തില്‍ സംഭവിക്കാനിടയുള്ള പ്രകടമായ വ്യത്യാസം ഒഴിവാക്കി പുസ്‌തകത്തിന്റെ ആകാരഭംഗി സമാനമായി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. പ്രധാനനിര്‍മാണപ്രശ്‌നങ്ങളിലൊന്നാണിത്. രണ്ട് രീതിയില്‍ ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താം: (1) ഒരക്ഷരത്തിലോ അല്ലെങ്കില്‍ അടുത്തടുത്തുള്ള ഒന്നിലധികം അക്ഷരങ്ങളിലോ തുടങ്ങുന്ന ലേഖനശീര്‍ഷകങ്ങള്‍ ഒരു വാല്യത്തില്‍ ഉള്‍പ്പെടുത്തുക; ഈ രീതിയെ ഏകവര്‍ണപദ്ധതി (Unit Letter System) എന്നു പറയുന്നു; (2) ഒരേ അക്ഷരത്തില്‍ തുടങ്ങുന്ന ലേഖനശീര്‍ഷകങ്ങള്‍ ഒന്നിലധികം വാല്യങ്ങളില്‍ സംവിധാനം ചെയ്യുക; വിഘടിതവര്‍ണപദ്ധതി (Split Letter System) എന്ന പേരില്‍ ഈ രീതി അറിയപ്പെടുന്നു. രണ്ടാമത്തെ രീതിയാണ് ഇന്ത്യന്‍ ഭാഷകളിലെ എന്‍സൈക്ലോപീഡിയകളില്‍ കാണുന്നത്. പദങ്ങളിലെ അക്ഷരവിന്യാസം കൃത്യമായി ഓര്‍മിക്കാന്‍ സാധിക്കാത്തവര്‍ക്ക്, ഒരേ അക്ഷരത്തില്‍ തുടങ്ങുന്ന ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് വാല്യങ്ങള്‍ പരിശോധിക്കേണ്ടിവരുമ്പോള്‍, ചില വിഷമതകള്‍ അനുഭവപ്പെട്ടെന്നുവരാം. ഉച്ചാരണവും എഴുത്തുമായും പ്രകടമായ ബന്ധമില്ലാത്ത ഇംഗ്ലീഷ് മുതലായ ഭാഷകളില്‍ പ്രത്യേകിച്ചും. പക്ഷേ ഉച്ചാരണവും എഴുത്തും തമ്മില്‍ ഗാഢബന്ധം പുലര്‍ത്തുന്ന മലയാളഭാഷയില്‍ ഈ രീതി പറയത്തക്ക റഫറന്‍സ് ക്ലേശങ്ങളുണ്ടാക്കുന്നില്ല.
ലേഖനദൈര്‍ഘ്യവും ലേഖകന്മാരും
ചെറിയ കുറിപ്പുകളും ദീര്‍ഘലേഖനങ്ങളും ഉള്‍ക്കൊള്ളുന്നവയാണ് ആധുനിക എന്‍സൈക്ലോപീഡിയകള്‍. വിഷയത്തിന്റെ പ്രാധാന്യവും വ്യാപ്‌തിയും എന്‍സൈക്ലോപീഡിയയുടെ ലക്ഷ്യവുമാണ് ലേഖനങ്ങളുടെ ദൈര്‍ഘ്യം നിര്‍ണയിക്കുന്നത്. മൗലികപ്രാധാന്യമുള്ള വിജ്ഞാനവിഭാഗങ്ങളെക്കുറിച്ച് എല്ലാ എന്‍സൈക്ലോപീഡിയകളിലും ദീര്‍ഘമായി ലേഖനങ്ങള്‍ കാണാം. അതുപോലെ ചില പ്രാദേശികവിഷയങ്ങളെക്കുറിച്ച് അതാതു ഭാഷകളിലെ എന്‍സൈക്ലോപീഡിയകളില്‍ ദീര്‍ഘമായി ഉപന്യാസിക്കേണ്ടതായും വരാം.
മലയാളം എന്‍സൈക്ലോപീഡിയയില്‍ തനി കേരളീയ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ സ്വാഭാവികമായും മറ്റ് ഭാഷാവിജ്ഞാനകോശങ്ങളില്‍ തദ്‌വിഷയങ്ങളെക്കുറിച്ചുള്ളവയെക്കാള്‍ ദീര്‍ഘതരമായിരിക്കും. വെറുമൊരു ലേഖനസമാഹാരത്തില്‍നിന്നു വ്യത്യസ്‌തമാണല്ലൊ എന്‍സൈക്ലോപീഡിയ; അതിനാല്‍ ദീര്‍ഘലേഖനങ്ങള്‍ ആവുന്നതും ഒഴിവാക്കുകയാണ് പതിവ്. വിശാലമായൊരു വിഷയത്തെക്കുറിച്ചു ദീര്‍ഘമായൊരു ലേഖനം രചിച്ചു ചേര്‍ക്കുന്നതിനുപകരം, വിഷയം അപഗ്രഥിച്ച്, അതിന്റെ വിവിധാവയവങ്ങളെപ്പറ്റി വെണ്ണേറെ ലേഖനങ്ങള്‍ എഴുതിച്ചേര്‍ക്കുന്ന മാര്‍ഗമാണ് ആധുനിക എന്‍സൈക്ലോപീഡിയകളില്‍ അവലംബിക്കുന്നത്. ഒരുദാഹരണം കൊണ്ടു ഇതു വ്യക്തമാക്കാം; കേരളീയനടനകലകള്‍ എന്ന വിഷയത്തിന്റെ പൊതുസ്വഭാവങ്ങളും മറ്റും ഒരു ലേഖനത്തില്‍ പ്രതിപാദിച്ച് ആ വിഷയത്തിന്റെ അംശങ്ങളായ കഥകളി, കൂടിയാട്ടം എന്നിവയെക്കുറിച്ചുള്ള പ്രത്യേകലേഖനങ്ങള്‍ അക്ഷരമാലാക്രമത്തില്‍ യുക്തമായ ഇടങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നു. എന്‍സൈക്ലോപീഡിയയുടെ റഫറന്‍സ് മൂല്യം വര്‍ധിപ്പിക്കുവാന്‍ ഈ രീതി സഹായിക്കുന്നതാണ്.
എന്‍സൈക്ലോപീഡിയയുടെ രചനയ്‌ക്കുവേണ്ടി സമകാലീനപ്രതിഭ വലിയ തോതില്‍ ആദ്യമായി ഉപയോഗിച്ചതു ഫ്രഞ്ച് എന്‍സൈക്ലോപീഡിയുടെ പ്രണേതാക്കളാണ്. ദെനിസ് ദിദറോവും സഹപ്രവര്‍ത്തകരും ഉദ്‌ഘാടനം ചെയ്‌ത ലേഖനരചനാപദ്ധതിയെ പില്‌ക്കാലത്ത് എന്‍സൈക്ലോപീഡിയാനിര്‍മാതാക്കള്‍ സ്വാഗതം ചെയ്‌തു. സാഹിത്യകാരന്മാരും ചിന്തകന്മാരും വിഷയ വിദഗ്‌ധരും പണ്ഡിതന്മാരും മറ്റുമടങ്ങുന്ന വലിയൊരു സംഘം എഴുത്തുകാരാണ് ഇന്നു വിജ്ഞാനകോശലേഖനങ്ങള്‍ രചിക്കുന്നത്. അതാതു വിഷയങ്ങളില്‍ പ്രാവീണ്യവും പുസ്‌തകരചനയില്‍ പരിചയവും നേടിയവരായിരിക്കും ലേഖകരില്‍ ഭൂരിപക്ഷവും. നോബല്‍ സമ്മാനം നേടിയവരുള്‍പ്പെടെ വിശ്വവിഖ്യാതരായ നിരവധി വ്യക്തികളെ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ലേഖക സമൂഹത്തില്‍ കാണാം. കേരളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരും പണ്ഡിതന്മാരും വിശ്വവിജ്ഞാനകോശത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുക്കുകയുണ്ടായി. സര്‍വവിജ്ഞാനകോശവും ഈ പതിവു തുടരുന്നു; മാത്രമല്ല, ഇതില്‍ ലേഖകന്റെ മുഴുവന്‍ പേരും ലേഖനാന്ത്യത്തില്‍ നല്‌കുകയും ചെയ്യുന്നു. ചില എന്‍സൈക്ലോപീഡിയകളില്‍ ലേഖകന്മാരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നില്ല.
ഉള്ളടക്കസംവിധാനവും ക്രമീകരണവും
എന്‍സൈക്ലോപീഡിയയുടെ റഫറന്‍സ് മൂല്യത്തിന്റെ അടിസ്ഥാനം അതിന്റെ സംവിധാനമാണ്. ഉള്ളടക്കത്തിന്റെ-രേഖകളുടെയും ലേഖനങ്ങളുടെയും-ക്രമീകരണമാണ് സംവിധാനം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. രണ്ട് പ്രധാനരീതികളിലാണ് എന്‍സൈക്ലോപീഡിയയുടെ ഉള്ളടക്കം ക്രമീകരിച്ചു സംവിധാനം ചെയ്യുന്നത്; വര്‍ഗീകൃത സംവിധാനം (classified or systematic arrangement), അനുവര്‍ണസംവിധാനം (alphabetical arrangement) ഇവയ്‌ക്കോരോന്നിനും വകഭേദങ്ങളുമുണ്ട്. ഏതെങ്കിലും ഒരു വിജ്ഞാനവര്‍ഗീകരണപദ്ധതി(scheme of classification of knowledge)യുടെ അടിസ്ഥാനത്തില്‍ വിഷയവിഭജനം നടത്തി വിഷയങ്ങള്‍ തമ്മിലുള്ള പരസ്‌പരബന്ധം നിലനിര്‍ത്തിക്കൊണ്ട് ലേഖനങ്ങള്‍ ക്രമീകരിക്കുന്ന രീതിയാണ് വര്‍ഗീകൃതസംവിധാനം. ഇത്തരത്തിലുള്ള ക്രമീകരണം സ്വീകരിക്കുന്നപക്ഷം തത്ത്വചിന്ത ഒരു വാല്യത്തിലും ശാസ്‌ത്രം മറ്റൊരു വാല്യത്തിലും സാഹിത്യകലാദികള്‍ മൂന്നാമതൊരു വാല്യത്തിലുമായിരിക്കും കൈകാര്യം ചെയ്യപ്പെടുക. വിവിധവാല്യങ്ങളില്‍ വീണ്ടും വിഷയങ്ങളുടെ പരസ്‌പരബന്ധം നിലനിര്‍ത്തിക്കൊണ്ടുള്ള സംവിധാനമോ, അല്ലെങ്കില്‍ വിഷയനാമങ്ങളുടെ അനുവര്‍ണക്രമത്തിലുള്ള ക്രമീകരണമോ സ്വീകരിക്കാം. തെലുഗുഭാഷയിലെ വിജ്ഞാനസര്‍വസ്വമു ആദ്യത്തെ രീതിയുടെയും, ഓക്‌സ്‌ഫഡ് ജൂനിയര്‍ എന്‍സൈക്ലോപീഡിയ രണ്ടാമത്തേതിന്റെയും ഉദാഹരണങ്ങളാണ്. വിഷയവിഭജനക്രമം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച് എല്ലാ വാല്യങ്ങളിലും അതേക്രമം പാലിക്കുന്ന എന്‍സൈക്ലോപീഡിയകളുമുണ്ട്. മാത്യു എം. കുഴിവേലി പ്രസാധനം ചെയ്‌ത വിജ്ഞാനം എന്‍സൈക്ലോപീഡിയയുടെ സംവിധാനക്രമം ഇത്തരത്തിലുള്ളതാണ്.
തുടര്‍ച്ചയായ വായനയ്‌ക്കുള്ള പുസ്‌തകങ്ങളാണ് എന്‍സൈക്ലോപീഡിയകള്‍ എന്നു വിശ്വസിക്കുന്ന പണ്ഡിതലോകത്തിന്റെ പിന്തുണ എപ്പോഴും ലഭിച്ചിട്ടുള്ളത് വര്‍ഗീകൃതസംവിധാനത്തിനാണ്. അച്ചടിയുടെ ആരംഭത്തിനുമുമ്പ് ക്രാഡീകരിക്കപ്പെട്ട വിജ്ഞാനകോശങ്ങളെല്ലാം വര്‍ഗീകൃതക്രമത്തില്‍ സംവിധാനം ചെയ്യപ്പെട്ടവയാണ്. വിഷയക്രമത്തെ സംബന്ധിച്ചിടത്തോളം ഓരോ കൃതിയും ഓരോ വിജ്ഞാനപദ്ധതി സ്വീകരിച്ചുപോരുന്നുവെന്നേയുള്ളൂ. റോമാക്കാര്‍ ജ്യോതിശ്ശാസ്‌ത്രം, ഭൂമിശാസ്‌ത്രം എന്നിങ്ങനെ നിത്യപരിചിതങ്ങളായ വിഷയങ്ങളെക്കുറിച്ച് ഗ്രന്ഥാരംഭത്തിലും സുകുമാരകലകളെക്കുറിച്ച് അന്ത്യത്തിലും പ്രതിപാദിച്ചു. ക്രസ്‌തവസന്ന്യാസിമാര്‍ ദൈവശാസ്‌ത്രവും ബൈബിളും ആരംഭത്തില്‍ത്തന്നെ കൈകാര്യം ചെയ്‌തു; എന്നാല്‍ അല്‍ഖ്വാറിസ്‌മി തന്റെ പേര്‍ഷ്യന്‍ എന്‍സൈക്ലോപീഡിയയില്‍ ആദ്യസ്ഥാനം നല്‌കിയത് സുകുമാരകലകള്‍ക്കായിരുന്നു. 16-ാം ശതകത്തിന്റെ അന്ത്യംവരെയും പ്രായോഗികസൗകര്യങ്ങള്‍ അനുസരിച്ചാണ് എന്‍സൈക്ലോപീഡിയകള്‍ വിഷയവിഭജനം നടത്തിയിരുന്നത്. വിഷയങ്ങള്‍ തമ്മിലുള്ള പരസ്‌പരബന്ധം വ്യക്തമായി പ്രദര്‍ശിപ്പിക്കുവാന്‍ ഒരൊറ്റ എന്‍സൈക്ലോപീഡിയാരചയിതാവിനും അതുവരെ കഴിഞ്ഞിട്ടുമില്ല; എന്നാല്‍ വര്‍ഗീകൃതസംവിധാനത്തിനുതകുന്ന ശാസ്‌ത്രീയമായ ചട്ടക്കൂട് അടുത്ത നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടു. വിഖ്യാതതത്ത്വചിന്തകനായ ഫ്രാന്‍സിസ് ബേക്കണ്‍ (1561-1662) ആണ് വിഷയക്രമീകരണത്തിനുള്ള താത്ത്വികമായ അടിത്തറപാകിയത്. തന്റെ ഗ്രറ്റ് ഇന്‍സ്റ്റോറേഷന്‍ (Great Instauration) എന്ന വിപുല ഗ്രന്ഥത്തിനുവേണ്ടി വിശദമായി ഒരു വിജ്ഞാന വര്‍ഗീകരണക്രമം അദ്ദേഹം തയ്യാറാക്കിയിരുന്നു. ഗ്രന്ഥത്തിന്റെ രണ്ട് മാസികാലക്കങ്ങളെ പ്രകാശനം ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും ബേക്കണ്‍ രൂപവത്‌കരിച്ച വിജ്ഞാന വര്‍ഗീകരണപദ്ധതി (1620) പിന്നീട് സമാഹരിക്കപ്പെട്ട എന്‍സൈക്ലോപീഡിയകളിലെ വിഷയസംവിധാനത്തിനുള്ള മികച്ച മാതൃകയായി വര്‍ത്തിച്ചു. നൂറ്റിമുപ്പത് പ്രത്യേക വിഷയങ്ങളെ പ്രകൃതി, മനുഷ്യന്‍, പ്രകൃതിയില്‍ മനുഷ്യന്റെ വ്യാപാരം എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലൊതുക്കിയാണ് ബേക്കണ്‍ വിജ്ഞാനത്തെ ക്രമീകരിച്ചത്. ബേക്കന്റെ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് രചിച്ച എന്‍സൈക്ലോപീഡിയകളുടെ ഉള്ളടക്കം സംവിധാനം ചെയ്യപ്പെട്ടത്. ലേഖനങ്ങള്‍ ആസൂത്രണം ചെയ്യുന്ന വിഷയത്തില്‍ ഒരു മാര്‍ഗദര്‍ശിയും എന്‍സൈക്ലോപീഡിയയുടെ പരിധിയില്‍നിന്നു വല്ല പ്രധാനപ്പെട്ട വിജ്ഞാനവിഭാഗവും വിട്ടുപോയോ എന്ന് അറിയുവാന്‍ സഹായിക്കുന്ന ഒരു പരിശോധനാസഹായിയും ആയിത്തീര്‍ന്നു ബേക്കന്റെ വിഷയവിഭജനക്രമവും വിജ്ഞാനരൂപരേഖയും. ഫ്രഞ്ച് എന്‍സൈക്ലോപീഡിയുടെ സംവിധാനത്തില്‍ തനിക്ക് ഫ്രാന്‍സിസ് ബേക്കണോടുള്ള അഗാധമായ കടപ്പാട് ദിദറോ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള പ്രധാന എന്‍സൈക്ലോപീഡിയകളിലെല്ലാം ബേക്കന്റെ വിജ്ഞാനരൂപരേഖയുടെ സ്വാധീനത പ്രകടമായി കാണാനുമുണ്ട്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 15-ാം പതിപ്പിലെ പ്രാപീഡിയ (Propaedia) എന്ന പേരിലുള്ള പ്രാരംഭവാല്യത്തില്‍ അതിബൃഹത്തായ ഒരു വിജ്ഞാനരൂപരേഖ (Outline of Knowledge) രചിച്ചു ചേര്‍ത്തതായി കാണാം. ഈ രൂപരേഖയുടെ ചട്ടക്കൂട്ടില്‍ തന്നെയാണ് അനുവര്‍ണക്രമത്തില്‍ വിഷയനാമങ്ങള്‍ സംവിധാനം ചെയ്‌തിട്ടുള്ള എന്‍സൈക്ലോപീഡിയ ക്രാഡീകരിച്ചിട്ടുള്ളത്.
വിഷയനാമങ്ങളുടെ അകാരാദിക്രമത്തില്‍ ലേഖനങ്ങള്‍ ക്രമപ്പെടുത്തി ഉള്ളടക്കം സംവിധാനം ചെയ്യുന്ന രീതിയാണ് അനുവര്‍ണസംവിധാനം എന്ന പേരിലറിയപ്പെടുന്നത്. ബന്ധപ്പെട്ട വിഷയങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുമെന്ന ഒരു ന്യൂനത ഈ രീതിക്കുണ്ട്. ഉചിതമായ പരസ്‌പരബന്ധസൂചനകള്‍ രചിച്ചുചേര്‍ത്ത് ഈ ന്യൂനത പരിഹരിച്ചു വരുന്നു. അനുവര്‍ണസംവിധാനത്തിന് ഏതാണ്ട് 1,000 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും 18-ാം ശതകത്തില്‍ മാത്രമാണ് ഈ ക്രമീകരണരീതിക്ക് പ്രചുരപ്രചാരം ലഭിച്ചത്. ആധുനിക എന്‍സൈക്ലോപീഡിയകളില്‍ ബഹുഭൂരിഭാഗവും സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത് അനുവര്‍ണ ക്രമത്തിലാണ്. ഉദാ. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക, സര്‍വവിജ്ഞാനകോശം
ഇന്‍ഡക്‌സ്
ഉള്ളടക്കം ഏതു രീതിയില്‍ സംവിധാനം ചെയ്‌താലും, എന്‍സൈക്ലോപീഡിയയ്‌ക്ക് സമഗ്രമായ ഒരു ഇന്‍ഡക്‌സ് (index) അഥവാ അകാരാദിസൂചി കൂടിയേ കഴിയൂ. ലേഖനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന വസ്‌തുതകളും പ്രധാനവിവരങ്ങളും എളുപ്പത്തില്‍ കണ്ടെത്തുവാന്‍ ഇന്‍ഡക്‌സ് ഉപകരിക്കുന്നു. അതിവിപുലമായ ഉള്ളടക്കത്തിലേക്ക് അന്വേഷകനെ നയിക്കുന്ന ശാസ്‌ത്രീയമായ ഇന്‍ഡക്‌സിന് ഒരു ശതകത്തിന്റെ പഴക്കമേ ഉള്ളൂവെങ്കിലും, ചില പഴയ വിജ്ഞാനകോശങ്ങള്‍ക്ക് ഇന്‍ഡക്‌സ് രചിച്ചുചേര്‍ക്കാന്‍ തത്‌പ്രണേതാക്കള്‍ ശ്രദ്ധിച്ചിരുന്നു എന്നു കാണാം. അകാരാദിസൂചികാനിര്‍മാണം ഒരു കലയായി വളര്‍ന്നുവരുന്നതിനുമുമ്പു രചിക്കപ്പെട്ട ഇന്‍ഡക്‌സുകളില്‍ പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്നത് ഫ്രഞ്ച് എന്‍സൈക്ലോപീഡിയുടെ സൂചികാവാല്യങ്ങളാണ്. പ്രസ്‌തുതവിജ്ഞാനകോശത്തിലെ 33 വാല്യങ്ങളിലെ ഉള്ളടക്കത്തിലേക്കു വായനക്കാരെ നയിക്കുന്ന ഇരുവാല്യ-ഇന്‍ഡക്‌സിനെ (Table anaylytique et raisonee) സൂചികാനിര്‍മാണചരിത്രത്തിലെ പ്രധാനസംഭവമായി ഇന്നും പരിഗണിച്ചുവരുന്നു. ബ്രിട്ടാനിക്കയില്‍ ആദ്യമായി ഒരു സമഗ്ര അകാരാദിവാല്യം പ്രത്യക്ഷപ്പെടുന്നത് ഏഴാം പതിപ്പില്‍ (1830-42) മാത്രമാണ്. വിശ്വവിജ്ഞാനകോശത്തിന്റെ 10-ാം വാല്യത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇന്‍ഡക്‌സ് കാണാം. ഇന്‍ഡക്‌സ് ഉപയോഗിക്കുന്നതിനുമുമ്പ്, അതിന്റെ ആരംഭത്തില്‍ സാധാരണയായി കണ്ടുവരുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ചു വായിച്ചു ഗ്രഹിക്കേണ്ടതാണ്.
നവീകരണം
ഉള്ളടക്കപരിഷ്‌കരണമാണ് നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്രശ്‌നം. എന്‍സൈക്ലോപീഡിയയുടെ ആസൂത്രണത്തിനും പ്രസിദ്ധീകരണത്തിനുമിടയ്‌ക്കുള്ള സാമാന്യം ദീര്‍ഘമായ കാലയളവിനുള്ളില്‍ വിജ്ഞാനലോകത്തില്‍ പല മാറ്റങ്ങളുമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ പുതിയ അറിവുകളെയും വസ്‌തുതകളെയും കുറിച്ച് അന്വേഷണം നടത്തി ആധികാരികമായ വിവരങ്ങള്‍ ശേഖരിച്ച് വായനക്കാര്‍ക്കു നല്‌കത്തക്കവിധം ഉള്ളടക്കം നവീകരിക്കാറുണ്ട്.അനുബന്ധവാല്യങ്ങളും (Supplements) വാര്‍ഷികഗ്രന്ഥങ്ങളും (Year Books) പുതിയ പതിപ്പുകളും മറ്റുമാണ് ഇത്തരം പരിഷ്‌കരണം പ്രാവര്‍ത്തികമാക്കാനുള്ള ഉപാധികള്‍.
അനുബന്ധപ്രകാശനത്തിന് ഏതാണ്ട് രണ്ട് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എഫ്രം ചേംബേഴ്‌സിന്റെ സൈക്ലോപീഡിയയുടെ ഏഴാം പതിപ്പിന് 1753-ല്‍ഒരു അനുബന്ധവാല്യം രചിക്കപ്പെട്ടു. ഈ രീതിയിലുള്ള പരിഷ്‌കരണപദ്ധതിയിലെ ആദ്യത്തേതാണിത്. നാല് അനുബന്ധവാല്യങ്ങള്‍ (1776-77) പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഫ്രഞ്ച് എന്‍സൈക്ലോപീഡിയുടെ പ്രസാധകന്മാര്‍ വിജ്ഞാനരംഗത്തെ മാറ്റങ്ങളെയും പുതിയ അറിവുകളെയും ഫ്രഞ്ചുകാരെ ധരിപ്പിച്ചത്. ഈ ശ്രമത്തിന് ദെനിസ് ദിദറോവിന്റെ പിന്തുണ ലഭിച്ചില്ലെന്നും വാല്യങ്ങള്‍ എഡിറ്റു ചെയ്യാന്‍പോലും അദ്ദേഹം വിസമ്മതിച്ചുവെന്നുമാണ് അറിവായിട്ടുള്ളത്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയും ആദ്യകാലങ്ങളില്‍ അനുബന്ധവാല്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാനമേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്‌ഫോടനാത്മകമായ പരിവര്‍ത്തനങ്ങള്‍ക്കനുസരിച്ച് മാറ്റേണ്ടതായ പഴയ ലേഖനങ്ങള്‍ക്കുപകരം പുതിയ ലേഖനങ്ങള്‍ രചിച്ചു മുദ്രണം ചെയ്‌ത് വരിക്കാരുടെയിടയില്‍ വിതരണം ചെയ്യുന്ന ഒരു സമ്പ്രദായവുമുണ്ട്. "ലൂസ് ലീഫ്' (Loose Leaf) രീതി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പരിഷ്‌കരണസമ്പ്രദായത്തിന് ജനപ്രീതി ലഭിച്ചിട്ടില്ല. പഴയലേഖനങ്ങള്‍ എടുത്തുമാറ്റി. അവയുടെ സ്ഥാനത്തു പുതിയ ലേഖനങ്ങള്‍ ക്രമീകരിച്ചുവയ്‌ക്കുന്നതിനെ സ്വീകരിക്കാനുള്ള ക്ഷമയോ താത്‌പര്യമോ വായനക്കാര്‍ക്കില്ലാത്തതുകൊണ്ട് ഈ രീതി വ്യാപാരപരമായി വിജയിച്ചില്ല.
പാശ്ചാത്യരാജ്യങ്ങളില്‍ സര്‍വസാധാരണമായിത്തീര്‍ന്നിട്ടുള്ള മറ്റൊരു പരിഷ്‌കരണപദ്ധതിയാണ് വാര്‍ഷിക ഗ്രന്ഥപ്രസാധനം. അതതു വര്‍ഷത്തിലെ പ്രധാന സംഭവങ്ങളും കണ്ടുപിടിത്തങ്ങളും വിജ്ഞാനലോകത്തിലെ പ്രധാനമാറ്റങ്ങളും രേഖപ്പെടുത്തുകയാണ് ഈ ഗ്രന്ഥങ്ങളുടെ ലക്ഷ്യം. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ പ്രസാധകര്‍ ആദ്യത്തെ വര്‍ഷഗ്രന്ഥം 1913-ല്‍ പ്രസാധനം ചെയ്‌തു. ചേംബേഴ്‌സ് എന്‍സൈക്ലോപീഡിയയുടെ 1955, 1959 പതിപ്പുകളുടെ പിന്നാലെ ഒരു ലോകാവലോകനം (World Survey) പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 1923-ല്‍ എന്‍സൈക്ലോപീഡിയ അമേരിക്കാനയുടെ ആദ്യത്തെ വര്‍ഷഗ്രന്ഥവും (Americana Annual) പ്രകാശനം ചെയ്യപ്പെട്ടു.
യുക്തമായ കാലയളവുകളില്‍ പുതിയ പതിപ്പുകള്‍ പ്രസിദ്ധീകരിച്ച് ഉള്ളടക്കപരിഷ്‌കരണം നടത്താറുണ്ട്. വില്‌പനയില്‍ അസൂയാവഹമായ വിജയം കൈവരിച്ച എന്‍സൈക്ലോപീഡിയകള്‍ക്കു മാത്രമേ ഇടയ്‌ക്കിടെ പരിഷ്‌കരിച്ച പതിപ്പുകള്‍ പ്രകാശനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇത്തരം സംരംഭങ്ങളില്‍ ക്രമമായി ഏര്‍പ്പെടുവാന്‍ സാധിക്കാത്ത പ്രസിദ്ധീകരണങ്ങള്‍ അനുസ്യൂതപരിഷ്‌കരണം (Continuous Revision) എന്ന പേരിലറിയപ്പെടുന്ന മാര്‍ഗത്തിലൂടെ ചരിക്കുന്നു. ലേഖനങ്ങളിലൊരംശം, സാധാരണയായി പത്ത് ശതമാനം പരിഷ്‌കരിച്ച് ഓരോ വര്‍ഷവും കൃതി പുനര്‍മുദ്രണം ചെയ്യുന്ന സമ്പ്രദായമാണ് അനുസ്യൂതപരിഷ്‌കരണം. വില്‌പന വര്‍ധിപ്പിക്കുവാനും അതുവഴി പത്രാധിപസമിതിയെ സ്ഥിരമായി നിലനിര്‍ത്തുവാനും ഈ അനുസ്യൂതപരിഷ്‌കരണംമൂലം എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയ്‌ക്കു സാധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മിക്ക എന്‍സൈക്ലോപീഡിയകളും ഒന്നാം പതിപ്പില്‍ത്തന്നെ ഒതുങ്ങി നില്‌ക്കുന്നു. തെലുഗുഭാഷയിലെ വിജ്ഞാന സര്‍വസ്വമുവിന്റെ ചില വാല്യങ്ങള്‍ പുനര്‍മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ പരിഷ്‌കരിച്ച പതിപ്പുകളോ അനുബന്ധങ്ങളോ പ്രകാശനം ചെയ്യപ്പെട്ടിട്ടില്ല. സര്‍വവിജ്ഞാനകോശത്തിന്റെ ഒന്നു മുതല്‍ പത്തുവരെയുള്ള മിക്കവാറും വാല്യങ്ങള്‍ പരിഷ്‌കരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലൈക്കളഞ്ചിയ(തമിഴ്)ത്തിന്റെ പത്താം വാല്യത്തിന് ഇണൈപ്പു തൊകുതി എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള വാല്യങ്ങളില്‍ പരാമര്‍ശിക്കപ്പെടാത്ത വിഷയങ്ങളാണ് പ്രധാനമായും ഇണൈപ്പു തൊകുതി(അനുബന്ധവാല്യം)യിലെ ഉള്ളടക്കം. ഏതാനും വിഷയങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‌കാനുള്ള ശ്രമവും ഈ വാല്യത്തില്‍ കാണാം.
വിവിധതരത്തിലുള്ള എന്‍സൈക്ലോപീഡിയകള്‍
ഉള്ളടക്കത്തിന്റെ സ്വരൂപം, വ്യാപ്‌തി, വിഷയ പ്രതിപാദനരീതി എന്നിവയുടെ അടിസ്ഥാനത്തിൽ എന്‍സൈക്ലോപീഡിയകളെ നാലുതരമായി വിഭജിക്കാം: (1) ജനറൽ എന്‍സൈക്ലോപീഡിയകള്‍ (2) ബാലവിജ്ഞാനകോശങ്ങള്‍ (3) വിഷയാധിഷ്‌ഠിത എന്‍സൈക്ലോപീഡിയകള്‍ (4) രാജ്യങ്ങളെക്കുറിച്ചുള്ള എന്‍സൈക്ലോപീഡിയകള്‍.
ജനറൽ എന്‍സൈക്ലോപീഡിയകള്‍
വിജ്ഞാനത്തിന്റെ സർവമേഖലകളെയും അവാന്തരവിഭാഗങ്ങളെയും സ്‌പർശിക്കുന്ന എന്‍സൈക്ലോപീഡിയകളാണ് ഇവ. അറിവിന്റെ സാരാംശത്തെ സമഗ്രമായി സംശ്ലേഷിപ്പിച്ചു പ്രതിപാദിക്കുകയാണ് ജനറൽ എന്‍സൈക്ലോപീഡിയകളുടെ ലക്ഷ്യം. ഒരു വിജ്ഞാനവിഭാഗത്തെ സ്‌പർശിക്കുന്ന എല്ലാ പ്രധാന വസ്‌തുതകളും ജനറൽ എന്‍സൈക്ലോപീഡിയകളിൽ പരാമർശിക്കപ്പെടുമെങ്കിലും, വസ്‌തുതകളെക്കുറിച്ചുള്ള ദീർഘമായ ചർച്ചയ്‌ക്ക് അവയിൽ സാധ്യതയില്ല. ഗഹനമായ പ്രതിപാദനം അതതു വിഷയങ്ങളെക്കുറിച്ചുള്ള പ്രത്യേക വിഷയാധിഷ്‌ഠിത എന്‍സൈക്ലോപീഡിയകളുടെ കർത്തവ്യമാണ്.
ബാലവിജ്ഞാനകോശങ്ങള്‍
എന്‍സൈക്ലോപീഡിയാരംഗത്തെ നവാഗതരാണ് ബാലവിജ്ഞാനകോശങ്ങള്‍. അവയെ 19-ാം ശതകത്തിന്റെ സന്തതികളെന്ന് വിശേഷിപ്പിക്കാം. പെരലിബോറം ജൂവനിലിയം അഥവാ ബാലപുസ്‌തകങ്ങളുടെ സമാഹാരം (1695) എന്ന ഒരു കൃതി മാത്രമാണ് അതിനുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്. പൊതുവിദ്യാഭ്യാസവ്യാപനവും അച്ചടി, ബ്ലോക്ക് നിർമാണം എന്നീ രംഗങ്ങളിലുണ്ടായ വിപ്ലവാത്മകങ്ങളായ പരിവർത്തനങ്ങളും ആണ് ബാലവിജ്ഞാനകോശങ്ങളുടെ പ്രകാശനത്തിനു കളമൊരുക്കിയ പ്രധാന ഘടകങ്ങള്‍.
പ്രസിദ്ധ ആംഗലബാലസാഹിത്യകാരനായ ആർതർ മീ(1875-1943)യുടെ കുട്ടികളുടെ എന്‍സൈക്ലോപീഡിയയാണ് ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ കൃതി. 20-ാം ശതകത്തിലെ അതിവിശിഷ്‌ടബാലസാഹിത്യ കൃതികളിലൊന്നാണ് ഇത്. ഇംഗ്ലണ്ടിൽ ചിൽഡ്രന്‍സ് എന്‍സൈക്ലോപീഡിയ എന്ന ശീർഷകത്തിൽ 1910-ലും, ഐക്യനാടുകളിൽ ബുക്ക് ഒഫ് നോളജ് എന്ന പേരിൽ 1912-ലും പ്രസിദ്ധീകരിച്ച ഈ കൃതിസഞ്ചികയിൽ ലേഖനങ്ങള്‍ക്കു പുറമേ ധാരാളം മനോഹരചിത്രങ്ങളുമുണ്ടായിരുന്നു. ആർതർ മീയുടെ എന്‍സൈക്ലോപീഡിയയ്‌ക്ക് പ്രചാരം നേടിക്കൊടുത്തത് അതിലെ ഇന്‍ഡ്‌കസിന്റെ വൈശിഷ്‌ട്യമാണെന്നാണ് നിരൂപകമതം. നിറയെ ചിത്രങ്ങളും അല്‌പം വിവരണവും ചേർത്തു മീ പില്‌ക്കാല്‌ത്തു പ്രസിദ്ധീകരിച്ച "ഞാന്‍ എല്ലാം കാണുന്നു' (I See All) എന്ന സചിത്ര എന്‍സൈക്ലോപീഡിയയും കുട്ടികള്‍ക്കു വളരെ പ്രയോജനപ്പെട്ടു. 21-ാം ശതകത്തിലെ പൗരന്മാരാവുന്ന കുട്ടികള്‍ക്കുവേണ്ടി ന്യൂയോർക്കിലെ ഗ്രാലിയർ കമ്പനി പ്രസിദ്ധീകരിച്ച ന്യൂ ബൂക്ക് ഒഫ് നോളജ് (1969; 20 വാല്യങ്ങള്‍), 1934-ൽ പ്രസിദ്ധീകരണമാരംഭിച്ച ബ്രിട്ടാനിക്ക ജൂനിയർ (ഇംഗ്ലണ്ടിൽ ചിൽഡ്രന്‍സ് ബ്രിട്ടാനിക്ക എന്ന ശീർഷകത്തിൽ 1960-ൽ പ്രസിദ്ധീകരിച്ചു.), 1917-ൽ ആരംഭിച്ച വേള്‍ഡ് ബുക്ക് എന്‍സൈക്ലോപീഡിയ, ഏഴുവാല്യങ്ങളിലായി 13,000 ലേഖനങ്ങള്‍ ക്രമപ്പെടുത്തിയിട്ടുള്ള അമേരിക്കന്‍ എഡ്യൂക്കേറ്റർ എന്‍സൈക്ലോപീഡിയ എന്നിവയാണ് ഇംഗ്ലീഷിലുള്ള മറ്റു പ്രധാന ബാലവിജ്ഞാനകോശങ്ങള്‍.
വിഷയവർഗീകൃതക്രമത്തിലുള്ള പ്രശസ്‌തമായൊരു ബാലവിജ്ഞാനകോശമായ ഓക്‌സ്‌ഫഡ് ജൂനിയർ എന്‍സൈക്ലോപീഡിയയുടെ 1974-ലെ പരിഷ്‌കരിച്ച പതിപ്പിൽ ഏഴായിരത്തിലധികം പുറങ്ങളുണ്ട്. മനഷ്യന്‍, പ്രകൃതി, ചരിത്രം, പ്രപഞ്ചം, വാർത്താവിനിമയം, മഹച്ചരിതങ്ങള്‍, കൃഷി, വ്യവസായവും വ്യാപാരവും, എന്‍ജിനീയറിങ്, വിനോദം, നിയമം, ഗൃഹം, കലകള്‍ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 12 വാല്യങ്ങളും ഒരു സൂചികാവാല്യവുമടങ്ങിയതാണ് ഈ കോശഗ്രന്ഥം. ചില ഇന്ത്യന്‍ഭാഷകളിലും ബാലവിജ്ഞാനകോശങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. യോഗോന്ദ്രനാഥ് ഗുപ്‌ത രചിച്ച ശിശുഭാരതി (ബംഗാളി, 10 വാല്യം), ജ്ഞാനഗംഗോത്രി കിറിയറ വിശ്വകോശ (കന്നഡ, 7 വാല്യം, 1970-75) കലൈക്കളഞ്ചിയത്തിന്റെ എഡിറ്ററായിരുന്ന പെരിയ സാമി തൂരന്‍ പ്രസാധനം ചെയ്‌ത കുഴന്തൈകള്‍ കലൈക്കളഞ്ചിയം (തമിഴ്, 10 വാല്യങ്ങള്‍) നിരഞ്‌ജന തയ്യാറാക്കിയ ബാലവിശ്വകോശ (കന്നഡ, 5 വാല്യങ്ങള്‍ 1978) എന്നിവയാണ് പ്രധാനഭാരതീയബാലവിജ്ഞാനകോശങ്ങള്‍. തെലുഗുവിലും (ബാലവിജ്ഞാനസർവസ്വമു) ഒഡിയയിലും (ശിശുസംഖാലി) ഓരോ ഒറ്റ വാല്യകോശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദിയിലുള്ള പത്തുവാല്യ സചിത്ര-വിശ്വകോശ്, ബെർത് മോറിസ് പാർക്കർ ഐക്യനാടുകളിൽ പ്രസാധനം ചെയ്‌തു പ്രസിദ്ധീകരിച്ച ഗോള്‍ഡന്‍ ബുക്ക് എന്‍സൈക്ലോപീഡിയയുടെ വിവർത്തനമാണ്.
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ബാലകൈരളി വിജ്ഞാനകോശം (6 വാല്യം) വിഷയാധിഷ്‌ഠിത വിജ്ഞാനകോശമാണ്. കലയും സംസ്‌കാരവും, ജീവലോകം, മാനവചരിത്രം, ഭാഷയും സാഹിത്യവും, ലോകരാഷ്‌ട്രങ്ങള്‍, സാങ്കേതിക വിദ്യ എന്നിവയാണ് ആറു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്നത്. കുട്ടികളുടെ ആവശ്യങ്ങള്‍ ഒരു പരിധിവരെ നിറവേറ്റുവാന്‍ പോരുന്ന ഏകവാല്യകോശങ്ങളും മലയാളഭാഷയ്‌ക്കു ലഭിച്ചിട്ടുണ്ട്. വിദ്യാർഥിമിത്രം 1967-ൽ പ്രസിദ്ധീകരിച്ച വിജ്ഞാനമണ്ഡലം: കുട്ടികളുടെ എന്‍സൈക്ലോപീഡിയ ആദ്യത്തെ സംരംഭമെന്ന നിലയിൽ ശ്രദ്ധേയമാണ്. പ്രഭാത് ബുക്ക്‌ഹൗസ് 1976 നവംബറിൽ പ്രകാശനം ചെയ്‌ത ബാലവിജ്ഞാനകോശമാണ് രണ്ടാമത്തെ കൃതി.
വിഷയാധിഷ്‌ഠിത എന്‍സൈക്ലോപീഡിയകള്‍
വിവിധ വിജ്ഞാനശാഖകളുടെ സൂക്ഷ്‌മവശങ്ങളെ (Micro thoughts) പ്രത്യേകവൈദഗ്‌ധ്യത്തോടെ ആവിഷ്‌കരിച്ച് ഗഹനമായി പ്രതിപാദിക്കുന്ന പ്രത്യേകവിഷയാധിഷ്‌ഠിത എന്‍സൈക്ലോപീഡിയകളിൽ വിവിധവിഷയങ്ങളെക്കുറിച്ചുള്ള സുദീർഘലേഖനങ്ങള്‍ ഉണ്ടായിരിക്കും. പ്രത്യേക പഠനത്തിലും ഗവേഷണത്തിലും വിശേഷജ്ഞാനം നേടിയ വിദഗ്‌ധന്മാരായിരിക്കും ഇത്തരം വിജ്ഞാനകോശങ്ങളുടെ അനുവാചകർ.
18-ാം ശതകത്തിലാണ് പ്രത്യേകവിഷയാധിഷ്‌ഠിത എന്‍സൈക്ലോപീഡിയകള്‍ വ്യാപകമായ തോതിൽ ഉടലെടുത്തത്. അതിനു മുമ്പുള്ള ക്രാഡീകരണങ്ങളെല്ലാം ജനറൽ എന്‍സൈക്ലോപീഡിയാവർഗത്തിൽപ്പെട്ടവയായിരുന്നു. ചില അപവാദങ്ങള്‍ ഇല്ലാതെയില്ല. ക്രസ്‌തവവേദശാസ്‌ത്രവും ചിന്തയും സദാചാരവും ഈ വിഷയങ്ങളോടു ബന്ധപ്പെട്ട മറ്റു കാര്യങ്ങളും മാത്രം ചർച്ച ചെയ്‌തുകൊണ്ട് ഫ്രഞ്ചുകാരനായ രാവൂൽ ആർദെ 12-ാം ശതകത്തിൽ രചിച്ച സ്‌പെക്കുലം യൂണിവേർസൽ അഥവാ വിശ്വദർപ്പണം ഇവയിലൊന്നാണ്. വിശ്വദർപ്പണത്തെ ആദ്യത്തെ വിഷയാധിഷ്‌ഠിത എന്‍സൈക്ലോപീഡിയയായി ഗണിച്ചുവരുന്നു. വ്യവസായവിപ്ലവത്തെത്തുടർന്ന് ഗവേഷണപഠനരംഗങ്ങള്‍ വിസ്‌തൃതമാകുകയും ശാസ്‌ത്രസാങ്കേതികരംഗങ്ങളിൽ പുതിയ അറിവുകള്‍ ഉടലെടുക്കുകയും ചെയ്‌തപ്പോള്‍, രസതന്ത്രം, ഭൗതികം തുടങ്ങിയ ലൗകികവിഷയങ്ങളിലെ അറിവുകളെ സമാഹരിച്ചു സമന്വയിപ്പിക്കുവാനുള്ള ശ്രമങ്ങളുണ്ടായി. വിജ്ഞാനത്തിന്റെ സൂക്ഷ്‌മവശങ്ങളെ ഗഹനമായി കൈകാര്യം ചെയ്യുന്ന അസംഖ്യം എന്‍സൈക്ലോപീഡിയകളും എന്‍സൈക്ലോപീഡിക് നിഘണ്ടുക്കളും യൂറോപ്യന്‍ ഭാഷകളിൽ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. ആംഗലഭാഷയിലുള്ള ചില പ്രധാന കൃതികളെ തരംതിരിച്ചു തുടർന്നു വിവരിക്കുന്നു:
മതം, തത്ത്വചിന്ത
(1) എന്‍സൈക്ലോപീഡിയ ഒഫ് ഫിലോസഫി (8 വാല്യങ്ങള്‍, 1967); (2) എന്‍സൈക്ലോപീഡിയ ഒഫ് റിലീജിയന്‍ ആന്‍ഡ് എത്തിക്‌സ് (12 വാ. 1908-26); (3) കാത്തലിക്ക് എന്‍സൈക്ലോപീഡിയ (17 വാ., 1907-22); (4) ന്യൂ കാത്തലിക്ക് എന്‍സൈക്ലോപീഡിയ (15 വാ., 1967); (5) എന്‍സൈക്ലോപീഡിയ ഒഫ് സിയോണിസം ആന്‍ഡ് ഇസ്രായേൽ (2 വാ., 1967); (6) എന്‍സൈക്ലോപീഡിയ ഒഫ് ഇസ്‌ലാം (4 വാ., 1911-38). എന്‍സൈക്ലോപീഡിയ റിലിജ്യന്‍ (15 വാ. 2005), ഓക്‌സ്‌ഫഡ് എന്‍സൈക്ലോപീഡിയ ഒഫ് ഇസ്‌ലാമിക് വേള്‍ഡ് (2009), എന്‍സൈക്ലോപീഡിയ ഒഫ് ബുദ്ധിസം (2009).
സാമൂഹികശാസ്‌ത്രം
(1) സെലിഗ്മാന്‍ പ്രസാധനം ചെയ്‌ത എന്‍സൈക്ലോപീഡിയ ഒഫ് സോഷ്യൽ സയന്‍സസ് (10 വാ., 1930-35); (2) ഡേവിഡ് സീൽസ് എഡിറ്റ് ചെയ്‌ത ന്യൂ ഇന്റർനാഷണൽ എന്‍സൈക്ലോപീഡിയ ഒഫ് സോഷ്യൽ സയന്‍സസ് (16 വാ.); (3) ആശയങ്ങളുടെ ചരിത്രങ്ങളെക്കുറിച്ചുള്ള ഡിക്ഷ്‌ണറി ഒഫ് ദി ഹിസ്റ്ററി ഒഫ് ഐഡിയാസ് (5 വാ. 1968); ഇന്റർനാഷണൽ എന്‍സൈക്ലോപീഡിയ ഒഫ് സോഷ്യൽ സയന്‍സസ് (2008).
ശാസ്‌ത്രം, ടെക്‌നോളജി
(1) എന്‍സൈക്ലോപീഡിയ ഒഫ് കെമിക്കൽ ടെക്‌നോളജി (22 വാ., 2-ാം പതിപ്പ്, 1963); (2) എന്‍സൈക്ലോപീഡിയ ഒഫ് കെമിക്കൽ റിയാക്ഷന്‍സ് (5 വാ., 1968); (3) പ്ലാസ്റ്റിക്, റബ്ബർ, ഫൈബർ എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്ന എന്‍സൈക്ലോപീഡിയ ഒഫ് പോളിമർ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (16 വാ., 1964-72); (4) എന്‍സൈക്ലോപീഡിയ ഒഫ് ഇന്‍ഡസ്‌ട്രിയൽ കെമിക്കൽ അനാലിസിസ് (20 വാ., 1965-74); (5) മോറിസ് ബർട്ടന്‍ പ്രസാധനം ചെയ്‌ത ഇന്റർനാഷണൽ വൈൽഡ് ലൈഫ് എന്‍സൈക്ലോപീഡിയ (20 വാ., 1969-70); (6) ഗ്ര്‌സിമെക്ക് എഡിറ്റു ചെയ്‌ത ആനിമൽ ലൈഫ് എന്‍സൈക്ലോപീഡിയ (13 വാ., 1970); (7) ഡച്ചുഭാഷയിൽ നിന്നു വിവർത്തനം ചെയ്‌തതും പക്ഷികളെക്കുറിച്ചുള്ളതുമായ എന്‍സൈക്ലോപീഡിയ ഒഫ് എവികള്‍ച്ചർ (3 വാ., 1970); (8) എന്‍സൈക്ലോപീഡിയ ഒഫ് സ്‌പേസ് സയന്‍സസ് (4 വാ., 1963); (9) മക്‌ഗ്രാഹിൽ എന്‍സൈക്ലോപീഡിയ ഒഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (15 വാ., 3-ാം പതിപ്പ്, 1971). ഐറ്റി എന്‍സൈക്ലോപീഡിയ (10 വാ.) ഇന്റർനാഷണൽ എന്‍സൈക്ലോപീഡിയ ഒഫ് കമ്യൂണിക്കേഷന്‍ സയന്‍സസ് (4 വാ.)
കല
(1) മക്‌ഗ്രാ ഹിൽ എന്‍സൈക്ലോപീഡിയ ഒഫ് വേള്‍ഡ് ആർട്ട് (15 വാ., 1959-68); (2) എന്‍സൈക്ലോപീഡിയ ഒഫ് ഫോട്ടോഗ്രാഫി (20 വാ., 4-ാം പതിപ്പ്, 1974). ഓക്‌സ്‌ഫഡ് എന്‍സൈക്ലോപീഡിയ ഒഫ് തിയെറ്റർ ആന്‍ഡ് പെർഫോമെന്‍സ് (2 വാ., 2003); എന്‍സൈക്ലോപീഡിയ ഒഫ് ഏഷ്യന്‍ തിയെറ്റർ (2007).
സാഹിത്യം
(1) കാസ്സൽസ് എന്‍സൈക്ലോപീഡിയ ഒഫ് ലിറ്റ്‌റെച്ചർ (3 വാ., 2-ാം പതിപ്പ്, 1973); (2) കേംബ്രിജ് എന്‍സൈക്ലോപീഡിയ ഒഫ് വേള്‍ഡ് ലിറ്റ്‌റെച്ചർ ഇന്‍ ദ റ്റ്വന്റിയത് സെഞ്ച്വറി (3 വാ., 1967); (3) പെന്‍ഗ്വിന്‍ കംപാനിയന്‍ റ്റു ലിറ്റ്‌റെച്ചർ (4 വാ., 1970)-ഈ കൃതിയുടെ ഒന്നാം വാല്യത്തിൽ യൂറോപ്യന്‍ സാഹിത്യവും രണ്ടാം ഭാഗത്തിൽ ക്ലാസ്സിക്കൽ-ഗ്രീക്ക്-ഓറിയന്റൽ സാഹിത്യവും നാലിൽ അമേരിക്കന്‍-ലാറ്റിനമേരിക്കന്‍ സാഹിത്യവും മൂന്നിൽ ബ്രിട്ടീഷ്-കോമണ്‍വെൽത്ത് സാഹിത്യവും കൈകാര്യം ചെയ്‌തിരിക്കുന്നു.
പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റൊരു കൃതിയാണ്. വില്യം ഷെയ്‌ക്‌സ്‌പിയറുടെ ജീവിതവും കൃതികളും സമഗ്രമായി ചർച്ച ചെയ്യുന്ന, ഓസ്‌കർ ക്യാംബലും എഡ്വേർഡ് ക്വീനും ചേർന്നു രചിച്ച (1966), ഏകവാല്യ ഷെയ്‌ക്‌സ്‌പിയർ എന്‍സൈക്ലോപീഡിയ. റീഡേഴ്‌സ് എന്‍സൈക്ലോപീഡിയ ഒഫ് അമേരിക്കന്‍ ലിറ്റ്‌റെച്ചർ തുടങ്ങിയ ഏതാനും ഒറ്റവാല്യ എന്‍സൈക്ലോപീഡിയകളും വിപണിയിലുണ്ട്.
ചരിത്രം
ബി.സി. എട്ടാം ശതകം മുതൽ എ.ഡി. ആറാം ശതകംവരെ തഴച്ചു വളർന്ന ക്ലാസ്സിക്കൽ നാഗരികതയുടെ ഉദ്‌ഭവസ്ഥാനങ്ങളെക്കുറിച്ചുള്ള എന്‍സൈക്ലോപീഡിയ ഒഫ് ക്ലാസ്സിക്കൽ സൈറ്റ്‌സ് പ്രാചീന ചരിത്രസംബന്ധിയായ നല്ലൊരു കൃതിയാണ്. എന്‍സൈക്ലോപീഡിയ ഒഫ് വേള്‍ഡ് ഹിസ്റ്ററി(6-ാം പതിപ്പ്, 2001)യും ശ്രദ്ധേയമാണ്.
ജീവചരിത്രം
(1) ചാറൽസ് ജെലിപ്‌സി പ്രസാധനം ചെയ്‌ത ഡിക്ഷണറി ഒഫ് സയന്റിഫിക് ബയോഗ്രഫി (14 വാ., 1970-72), വിശ്വശാസ്‌ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങളിലൂടെ ശാസ്‌ത്രത്തിന്റെ വളർച്ചയും ചരിത്രവും പ്രതിപാദിക്കുന്നു. (2) മക്‌ഗ്രാഹിൽ എന്‍സൈക്ലോപീഡിയ ഒഫ് വേള്‍ഡ് ബയോഗ്രഫി (12 വാ., 1973) വിശ്വവിശ്രുതരായ അയ്യായിരത്തിൽപ്പരം വ്യക്തികളുടെ വിവരങ്ങള്‍ നല്‌കുന്നു. അമേരിക്കന്‍ നാഷണൽ ബയോഗ്രഫി (1999) ഓക്‌സ്‌ഫഡ് ആണ് ഈ വിഭാഗത്തിലെ മറ്റൊരു പ്രധാന ഗ്രന്ഥം.
ഇംഗ്ലീഷ്‌ഭാഷയിലുള്ള ചില ഭാരതീയവിഷയാധിഷ്‌ഠിതവിജ്ഞാനകോശങ്ങളുമുണ്ട്. ശാസ്‌ത്രഗവേഷണ കൗണ്‍സിലിന്റെ (C.S.I.R) ആഭിമുഖ്യത്തിൽ പ്രകാശനം ചെയ്യപ്പെട്ട വെൽത്ത് ഒഫ് ഇന്ത്യയാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട പ്രസിദ്ധീകരണം. 20 വാല്യങ്ങളിൽ 5,000 പുറങ്ങളുള്ള ഈ ശാസ്‌ത്രഗ്രന്ഥത്തിന്റെ ആദ്യവാല്യം 1948-ൽ പ്രസിദ്ധീകൃതമായി; അവസാനത്തേത് 1976-ലും. 5,000 സസ്യങ്ങളെക്കുറിച്ചും നിരവധി ഖനിജപദാർഥങ്ങളെക്കുറിച്ചും (74 ലേഖനങ്ങള്‍) വിവിധവ്യവസായങ്ങളെക്കുറിച്ചും (9 വാ., 3,000 പുറം) ഈ കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നു. ഭാരത് കീ സമ്പത്തി എന്ന ശീർഷകത്തിൽ ഈ കൃതി ഹിന്ദിയിൽ വിവർത്തനം ചെയ്‌തു പ്രസിദ്ധീകരിച്ചു വരുന്നു. സർക്കാരാഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച മറ്റൊരു ബൃഹത്‌കോശമാണ് എന്‍സൈക്ലൈപീഡിയ ഒഫ് സോഷ്യൽ വർക്ക് ഇന്‍ ഇന്ത്യ (1968-69). ഇന്ത്യയിലെ സാമൂഹികപരിഷ്‌കരണ പ്രവർത്തനങ്ങളും അതിനോടു ബന്ധപ്പെട്ട വ്യക്തികളുടെ ജീവചരിത്രവും സാമൂഹികപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളും മറ്റുമാണ് മൂന്ന് വാല്യത്തിലുള്ള ഈ കൃതിയുടെ ഉള്ളടക്കം. എന്‍സൈക്ലോപീഡിയ ഒഫ് സെന്റ് തോമസ് ക്രിസ്‌ത്യന്‍സ് ഇന്‍ ഇന്ത്യ 2 വാ., 1975) ക്രസ്‌തവ സഭാചരിത്രത്തെക്കുറിച്ചുള്ള നല്ലൊരു കോശഗ്രന്ഥമാണ്. വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ എന്ന മലയാളംകൃതിയുടെ ഇംഗ്ലീഷ് വിവർത്തനമായ പുരാണിക് ഇന്‍ഡക്‌സ് (1976) ആ വിഷയത്തിലുള്ള ഏക ആധികാരിക എന്‍സൈക്ലോപീഡിയയാണ്. 19-ാം ശതകത്തിന്റെ ആരംഭം മുതൽ സ്വാതന്ത്യ്ര പ്രാപ്‌തിവരെ, ഭാരതീയ ജീവിതത്തെ ക്രിയാത്മകമായ സംഭാവനകള്‍ കൊണ്ടു പരിപോഷിപ്പിച്ച വ്യക്തികളുടെ ജീവിതത്തിലേക്കും ചിന്തകളിലേക്കും വെളിച്ചം വീശുന്ന ഡിക്ഷണറി ഒഫ് നാഷണൽ ബയോഗ്രഫി (4 വാ., 1972-74) ആണ് മറ്റൊരു എന്‍സൈക്ലോപീഡിയാ പ്രസിദ്ധീകരണം. ഭാരതീയസാഹിത്യം ഉള്ളടക്കമാക്കിക്കൊണ്ടുള്ള ഒരു കോശഗ്രന്ഥം എന്‍സൈക്ലോപീഡിയ ഒഫ് ഇന്ത്യന്‍ ലിറ്റ്‌റെച്ചർ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യങ്ങളെക്കുറിച്ചുള്ള എന്‍സൈക്ലോപീഡിയകള്‍
ഒരു രാജ്യത്തിന്റെ ചരിത്രം, ഭൂമിശാസ്‌ത്രം, സംസ്‌കാരം, ഭൂവിജ്ഞാനീയം, ജന്തുജാലം, സസ്യങ്ങള്‍ തുടങ്ങിയ സർവവിധകാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‌കുവാന്‍ സാധിക്കുന്ന കോശങ്ങളാണ് രാജ്യങ്ങളെക്കുറിച്ചുള്ള പ്രത്യേക എന്‍സൈക്ലോപീഡിയകള്‍. "ദേശീയ എന്‍സൈക്ലോപീഡിയ'കളെന്നും ഇവയെ വിളിക്കാം. ആഫ്രിക്ക, ആസ്റ്റ്രലിയ, കാനഡ, യൂറോപ്പിലെ ചില രാജ്യങ്ങള്‍ തുടങ്ങിയ ഭൂവിഭാഗങ്ങളുടെ വിവരങ്ങള്‍ നല്‌കുന്ന എന്‍സൈക്ലോപീഡിയകള്‍ ഇന്നു ലഭ്യമാണ്. പത്ത് വാല്യങ്ങളിലുള്ള ആസ്റ്റ്രലിയന്‍ എന്‍സൈക്ലോപീഡിയയും എന്‍സൈക്ലോപീഡിയ കാനഡയും ഈ വിഭാഗത്തിൽപ്പെടുന്ന എണ്ണപ്പെട്ട ഗ്രന്ഥപരമ്പരകളാണ്.
മദിരാശി സംസ്ഥാനത്തെ സർജന്‍ ജനറലും മ്യൂസിയം ക്യൂറേറ്റരും ആയിരുന്ന എഡ്വേർഡ് ബാൽഫോർ (1813-89) ഇന്ത്യയെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടു സൈക്ലോപീഡിയ ഒഫ് ഈസ്റ്റേണ്‍ ആന്‍ഡ് സതേണ്‍ ഏഷ്യ എന്ന ശീർഷകത്തിൽ 1875-ൽ ഒന്‍പത് വാല്യങ്ങളുള്ള ഒരു പുസ്‌തകസഞ്ചിക രചിക്കുകയുണ്ടായി; 1885-ൽ ഈ സൈക്ലോപീഡിയ മൂന്നാം പതിപ്പിലെത്തി 3500 ലേഖനങ്ങളും കുറിപ്പുകളും 16,000 ഇന്‍ഡക്‌സ് ശീർഷകങ്ങളുമുള്ള മൂന്നാം പതിപ്പ് എന്‍സൈക്ലോപീഡിയ ഏഷ്യാറ്റിക് എന്ന ശീർഷകത്തിൽ 1976-ൽ പുനർമുദ്രണം ചെയ്യപ്പെട്ടു.
സംക്ഷിപ്‌തമെങ്കിലും ഇന്ത്യയെക്കുറിച്ച് മൊത്തത്തിൽ പ്രതിപാദിക്കുന്ന ഏകഎന്‍സൈക്ലോപീഡിയ മലയാളത്തിലെ ഭാരതവിജ്ഞാനകോശമാണ്. മുന്‍പു സൂചിപ്പിച്ച കൃതികളുടെ ആകാരഗാംഭീര്യമോ ഉള്ളടക്കവൈപുല്യമോ പി.ടി. ഭാസ്‌കരപ്പണിക്കർ തയ്യാറാക്കിയ ഭാരതവിജ്ഞാനകോശ(1975-76, 12 ഭാഗങ്ങള്‍)ത്തിനില്ലെങ്കിലും, വികസനസാധ്യതയുള്ള കൃതിയാണിത്. വിഷയാടിസ്ഥാനത്തിലുള്ള വാല്യവിഭജനവും അനുവർണക്രമത്തിലുള്ള സംവിധാനവും ഇന്‍ഡക്‌സും ഈ കൃതിക്ക് ഒരു എന്‍സൈക്ലോപീഡിയയുടെ രൂപവും ഭാവവും നല്‌കിയിരിക്കുന്നു.
ചരിത്രം
ജനറൽ എന്‍സൈക്ലോപീഡിയയുടെ നിർമാണചരിത്രം സാമാന്യം ദീർഘമാണ്.
ആദ്യകാലമാതൃകകള്‍
ഗ്രീക്കുദാർശനികനായ പ്ലേറ്റോയുടെ ആശയസിദ്ധാന്തങ്ങള്‍ അദ്ദേഹത്തിന്റെ സഹോദരീപുത്രന്‍ സ്‌പെയുസിപ്പസ് സമാഹരിച്ചതോടെയാണ് സമഗ്രബോധനത്തിനുള്ള ഒരു വിജ്ഞാനസമാഹാരം ആദ്യമായി രൂപംകൊണ്ടത്. ഇതേ ഉദ്ദേശ്യത്തോടെ സമാഹരിക്കപ്പെട്ടവയായിരുന്നു അരിസ്റ്റോട്ടലിന്റെ കൃതികളും; പ്രസംഗങ്ങളും പ്രഭാഷണങ്ങളും അതേപടി രേഖപ്പെടുത്തുകയാണ് ഗ്രീക്കുകാർ ചെയ്‌തത്. തികച്ചും വ്യത്യസ്‌തമായിരുന്നു റോമാക്കാരുടെ സമീപനരീതി. റോമാക്കാർ വിജ്ഞാനത്തിന്റെ സാരാംശം സംഗ്രഹിച്ചുരേഖപ്പെടുത്താന്‍ ശ്രമിച്ചു. മാർക്കസ് പോർഷ്യസ് കാറ്റൊ (ബി.സി. 234-149) തന്റെ പുത്രന്റെ വിദ്യാഭ്യാസത്തിനുവേണ്ടി രചിച്ച ഒരു കൂട്ടം കത്തുകള്‍ (Praecepta and Filium) ആണ് വിജ്ഞാനസംഗ്രഹത്തിന്റെ ആദ്യമാതൃക. നിയമം സദാചാരം, കൃഷി, വൈദ്യം എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്ന ഈ കൃതിയുടെ പ്രതികള്‍ ഇന്നു ലഭ്യമല്ല.
മാർക്കസ് ടെറന്‍ഷ്യസ് വാറൊ (ബി.സി. 1116-27) ആണ് എന്‍സൈക്ലോപീഡിയാപ്രസ്ഥാനത്തെ പരിപോഷിപ്പിച്ച മറ്റൊരു ലത്തീന്‍ ഗ്രന്ഥകാരന്‍. അദ്ദേഹത്തിന്റെ കാലത്തു നിലവിലുണ്ടായിരുന്ന സമസ്‌ത അറിവുകളെയും ഡിസിപ്‌ളിനേറിയം ലിബ്രി എന്ന ശീർഷകത്തിലുള്ള ഗ്രന്ഥപരമ്പരയിൽ അദ്ദേഹം രേഖപ്പെടുത്തി. പുൽക്കടലാസിൽ (Papyrus) രേഖപ്പെടുത്തിയ വാറോ കൃതികളൊന്നും ഇന്നു ലഭ്യമല്ല; പക്ഷേ ആറ് നൂറ്റാണ്ടുകാലം വാറോവിന്റെ സ്വാധീനത റോമിൽ നിലനിന്നുവത്ര. ഒന്നാം ശതകത്തിലെ വിജ്ഞാനം സമഗ്രമായി കൈകാര്യം ചെയ്യുന്ന പ്ലിനിയുടെ പ്രകൃതിചരിത്രം (Historia Naturalis)എന്‍സൈക്ലോപീഡിയയുടെ ഏറ്റവും പഴയ മാതൃകയായി അവശേഷിക്കുന്നു. പ്ലിനി ഒരു പ്രകൃതിശാസ്‌ത്രജ്ഞനോ കലാകാരനോ വൈദ്യനൊ ആയിരുന്നില്ല. പൊതുക്കാര്യ പ്രസക്തനായ ആ ഗ്രന്ഥകാരന്‍ തന്റെ വിശ്രമവേളകള്‍ വിജ്ഞാന സംഗ്രഹത്തിനായി ഉപയോഗിച്ചു. വ്യത്യസ്‌ത ദേശക്കാരായ അഞ്ഞൂറോളം ഗ്രന്ഥകാരന്മാരുടെ 2,000 കൃതികളിൽനിന്നു സമാഹരിച്ച 20,000 ശീർഷകങ്ങളാണ് തന്റെ കൃതിയുടെ ഉള്ളടക്കമെന്നും പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്. 2,500 അധ്യായങ്ങളുള്ള 37 പുസ്‌തകങ്ങളിലൂടെ ജ്യോതിശ്ശാസ്‌ത്രം, അന്തരീക്ഷശാസ്‌ത്രം, ഭൂമിശാസ്‌ത്രം, നരവംശവിജ്ഞാനീയം, സസ്യജന്തുശാസ്‌ത്രങ്ങള്‍, വൈദ്യം, സുകുമാരകലകള്‍ തുടങ്ങിയ വിജ്ഞാനശാഖകളെക്കുറിച്ചു പ്രതിപാദിക്കുന്ന പ്രകൃതിചരിത്രം തുടർച്ചയായ വായനയ്‌ക്കുവേണ്ടി രചിച്ചതായിരിക്കയില്ല; അതിനാൽ പ്ലിനിയുടെ കൃതിയെ (എ.ഡി. 77) സംശയനിവാരണത്തിനുള്ള റഫറന്‍സ് എന്‍സൈക്ലോപീഡിയയുടെ ആദ്യത്തെ മാതൃകയായി പരിഗണിച്ചുവരുന്നു. 1536 വരെയുള്ള 15 നൂറ്റാണ്ടുകള്‍ക്കുള്ളിൽ പ്ലിനിയുടെ കൃതിക്കു 43 പതിപ്പുകളുണ്ടായി എന്ന വസ്‌തുതയിൽനിന്ന് പ്രകൃതി ചരിത്രത്തിന്റെ പ്രാധാന്യം വ്യക്തമാണ്. ഹൈനിമാന്‍ പുസ്‌തകക്കമ്പനി (ലണ്ടന്‍) പ്ലിനിയുടെ കൃതിയുടെ ആംഗലപരിഭാഷ ലോബ്‌ക്ലാസ്സിക്കൽ ഗ്രന്ഥമാലയുടെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്ലാസ്സിക്കൽ എന്‍സൈക്ലോപീഡിയകളിൽ പരാമർശമർഹിക്കുന്ന മറ്റൊരു കൃതിയാണ് മാർട്ടിനസ്‌കപ്പേല(5-ാം ശ.)യുടെ ഡെ നപ്‌ഷിസ് ഫിലോളോജിയെ എറ്റ് മെർകുറി (De Nuptis Philologiae et Mercurii). ഗദ്യപദ്യസമ്മിശ്രമായ ഈ കൃതിയിൽ ഗണിതവും ഭൂമിശാസ്‌ത്രവും വ്യാകരണവും സംഗീതവും പ്രതിപാദ്യവിഷയങ്ങളായിരിക്കുന്നു.
സെവില്ലയിലെ ആർച്ച് ബിഷപ്പ് ഇസിഡോർ (560-636) എന്ന ഗ്രന്ഥകാരനാണ് അടുത്ത നൂറ്റാണ്ടിലെ പ്രധാന എന്‍സൈക്ലോപീഡിയാ രചയിതാവ്. അദ്ദേഹത്തിന്റെ ഒറിജിനം സ്യൂ എറ്റിമോ ലോജിയേറം ലിബ്രി (Originum sue Etymologiarum Libri 20 വാല്യം) എന്ന കൃതിയുടെ ആയിരത്തോളം കൈയെഴുത്തു പ്രതികള്‍ യൂറോപ്യന്‍ ഗ്രന്ഥശാലകളിൽ ലഭ്യമാണെന്നറിയുന്നു. ഈ കൃതി പില്‌ക്കാലത്ത് മുദ്രണം ചെയ്യപ്പെടുകയുണ്ടായി. ഒരു സമാഹർത്താവിന്റെ പദവി മാത്രമേ ഇസിഡോറിനു വിമർശകർ നല്‌കുന്നുള്ളൂവെങ്കിലും, അദ്ദേഹത്തിന്റെ സ്വാധീനത കോപ്പർനിക്കസ്, ബൊക്കാച്ചിയോ തുടങ്ങിയ പല പ്രഗല്‌ഭഗ്രന്ഥകാരന്മാരിലും ദർശിക്കാന്‍ കഴിയുന്നുണ്ട്. ഇസിഡോറിന്റെ കൃതിയിൽനിന്നു അഞ്ച് പുസ്‌തകങ്ങള്‍ നീക്കം ചെയ്‌തുകൊണ്ട്, ചെയന്‍സിലെ ആർച്ച് ബിഷപ്പായിരുന്ന ഹ്രബാനസ് മാറസ് (776-856) ക്രാഡീകരിച്ച ദെ യൂണിവേർസൊ (De Universo) ഒന്‍പതാം ശതകത്തിൽ ഈ പ്രസ്ഥാനത്തിലുണ്ടായ പ്രധാനകൃതികളിലൊന്നാണ്. ഇതിന്റെ കൈയെഴുത്തു പ്രതികളിൽ ചിലതിൽ ചിത്രങ്ങളുള്ളതുകൊണ്ട് അതിനുമുമ്പും ചില സചിത്രകൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടാവണമെന്നു പണ്ഡിതന്മാർ കരുതുന്നു. യൂണിവേർസൊവിന്റെ രചനയ്‌ക്കുശേഷമുള്ള രണ്ടരനൂറ്റാണ്ടുകളിൽ ശ്രദ്ധേയമായ കൃതികളൊന്നും ഈ ശാഖയിൽ പ്രകാശനം ചെയ്യപ്പെട്ടതായി അറിവില്ല.
മധ്യയുഗം
12-ാം ശതകത്തിൽ രചിക്കപ്പെട്ട ലത്തീന്‍ എന്‍സൈക്ലോപീഡിയകളിൽവച്ച് ഏറ്റവും പ്രധാനപ്പെട്ട കൃതി ഹൊണൊറിയസ് ഇന്‍ക്ലസസ് തയ്യാറാക്കിയ വിശ്വദർപ്പണം (Imago Mondi) എന്ന പ്രസിദ്ധീകരണമാണ്. ഗ്രന്ഥകാരന്റെ ജീവിതകാലത്തു അഞ്ചുതവണ പരിഷ്‌കരിക്കപ്പെട്ട ഈ കൃതി ഫ്രഞ്ച്-ഇറ്റാലിയന്‍-സ്‌പാനിഷ് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. കന്യാസ്‌ത്രീമഠാധിപയായ ഹെരാർഡിന്റെ ഹോൽതൂസ് ടെലികാറം എന്ന സചിത്ര എന്‍സൈക്ലോപീഡിയ രചിക്കപ്പെട്ടതും ഈ നൂറ്റാണ്ടിൽത്തന്നെയാണ്. ഒരു വനിത ക്രാഡീകരിച്ച ആദ്യത്തെ എന്‍സൈക്ലോപീഡിയ ഹോൽതൂസ് ആണെന്നാണ് പണ്ഡിതമതം. കന്യാസ്‌ത്രീകളുടെ ഉപയോഗത്തിനുവേണ്ടി രചിച്ച ഈ കൃതിയുടെ കൈയെഴുത്തുപ്രതിയിൽ 636 ചിത്രങ്ങളുമുണ്ട്.
മധ്യയുഗത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതിയായി പരിഗണിച്ചുവരുന്നതു വലിയ കണ്ണാടി എന്നർഥം വരുന്ന സ്‌പെകുലം മാജസ് (Speculam Majus)എന്ന പേരിൽ ഡൊമിനിക്കന്‍ സന്ന്യാസസഭയിലെ വിന്‍സന്റ് (1190-1264) രചിച്ച ബൃഹദ്വിജ്ഞാനകോശമാണ്. 80 "പുസ്‌തക'ങ്ങളും 10,000 അധ്യായങ്ങളുമടങ്ങിയ ഈ മഹാദർപ്പണം 13-ാം ശതകത്തിലെ അറിവിന്റെ സമഗ്രമായ സമ്പുടമാണ്. പല യൂറോപ്യന്‍ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഈ കൃതിയുടെ പ്രാധാന്യം ഇന്നും നിലനില്‌ക്കുന്നു. ഇന്നു ലഭ്യമല്ലാത്ത പല മധ്യകാലകൃതികളിൽനിന്നുമുള്ള ഉദ്ധരണികള്‍ ഈ കൃതിയിൽ കാണാം. അച്ചടിയുടെ ആരംഭത്തോടെ മഹാദർപ്പണം പല തവണ മുദ്രണം ചെയ്യപ്പെടുകയുണ്ടായി. വിന്‍സന്റിന്റെ കാലം വരെയുള്ള എന്‍സൈക്ലോപീഡിയകളെല്ലാം തന്നെ മതപരമായ ആവശ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ടു ലത്തീന്‍ഭാഷയിൽ രചിക്കപ്പെട്ടവയാണ്. കൂടുതൽ വിശാലമായ അനുവാചകമണ്ഡലത്തെ തേടാനായിരുന്നു അടുത്ത ശ്രമം. ബ്രൂനറ്റൊ ലറ്റീനി എന്ന ഇറ്റലിക്കാരനാണ് ഈ നൂതനപ്രവണതയുടെ പ്രണേതാവ്. വിഖ്യാതകവി ദാന്തെയുടെ ഗുരുവായ ലറ്റീനി തന്റെ ജ്ഞാനഭണ്ഡാരം (Le Tivere Thou Treasure) രചിച്ചത് ഇറ്റലിയിലെ സംസ്‌കാരസമ്പന്നവർഗത്തിന്റെ ഭാഷയായ ഫ്രഞ്ചിലാണ്. മതേതരാവശ്യങ്ങള്‍ക്കുവേണ്ടി നിർമിച്ച ഈ കൃതിയിൽ കൃഷി, രാഷ്‌ട്രതന്ത്രം, ചരിത്രം, ഭൗതികശാസ്‌ത്രങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കു പ്രാധാന്യം നല്‌കിയിരിക്കുന്നു. ഉദ്യോഗസ്ഥന്മാരും കച്ചവടക്കാരുമായിരുന്നു എന്‍സൈക്ലോപീഡിയയുടെ മുഖ്യ ഉപഭോക്താക്കള്‍.
അച്ചടിവിദ്യയുടെ ആവിർഭാവവും പ്രചാരവും എന്‍സൈക്ലോപീഡിയകളുടെ വികാസത്തിനു സഹായകമായി. മുദ്രണാലയങ്ങളുടെ സേവനം ലഭിച്ച യൂറോപ്യന്‍ഭാഷകളിൽ വിവർത്തനങ്ങളായും മൂലകൃതികളായും പല എന്‍സൈക്ലോപീഡിയകളും പ്രത്യക്ഷപ്പെട്ടു. എന്‍സൈക്ലോപീഡിയകള്‍ വിവർത്തനം ചെയ്‌ത് അച്ചടിച്ചവരിൽ വില്യം കാക്‌സ്റ്റന്‍ പ്രത്യേകം പ്രാമുഖ്യമർഹിക്കുന്നു. എന്‍സൈക്ലോപീഡിയ, സൈക്ലോപീഡിയ എന്നീ പദങ്ങള്‍ രൂപഭേദങ്ങളോടെ യൂറോപ്യന്‍ ഭാഷകളിൽ പ്രചരിച്ചതും ഇക്കാലത്താണ്.
ആധുനികഘട്ടം
എന്‍സൈക്ലോപീഡിയകള്‍ക്ക് ആധുനികരൂപം ലഭിച്ചത് 17-ാം ശതകത്തിലാണ്. ഉള്ളടക്കസംവിധാനത്തിന് ശാസ്‌ത്രീയാടിസ്ഥാനം പ്രദാനം ചെയ്‌ത ബേക്കന്റെ വിജ്ഞാനവിഭജനപദ്ധതി പ്രസിദ്ധീകരിക്കപ്പെട്ടതും ഇക്കാലത്തുതന്നെ. സ്‌ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു വിജ്ഞാനകോശവും (Ladies' Dictionary, 1694), കുട്ടികളുടെ ഉപയോഗത്തിനായി രചിക്കപ്പെട്ട ആദ്യത്തെ കൃതി(Pera Li brorum juvenilium, 1695)യും പ്രകാശനം ചെയ്യപ്പെട്ടതു 17-ാം ശതകത്തിലാണ്. 17-ാം ശതകത്തിലെ എന്‍സൈക്ലോപീഡിയകളിൽ പ്രത്യേകപരാമർശമർഹിക്കുന്ന കൃതികള്‍ പ്രധാനമായും മൂന്നെണ്ണമാണ്; ജോണ്‍ ഹെന്‌റിക്ക് ആൽസ്റ്റഡ് (1588-1638), ലൂയി മൊറെരി (1643-1680), പിയറെ ബെയ്‌ലി (1647-1706) എന്നിവരാണ് പ്രസ്‌തുത കൃതികളുടെ രചയിതാക്കള്‍. ആൽസ്റ്റഡിന്റെ എന്‍സൈക്ലോപീഡിയ സെപ്‌റ്റെ ടൊമിസ് സിസ്റ്റിന്‍ക്‌റ്റ് 1939-ൽ പ്രസിദ്ധീകൃതമായി. ലൂയി മൊറെരി രചിച്ച ലാ ഗ്രാന്റ് ഡിക്ഷ്‌ണറി ഹിസ്റ്റോറിക്... (1674) ചരിത്രം, ജീവചരിത്രം, ഭൂമിശാസ്‌ത്രം എന്നീ വിഷയങ്ങള്‍ വിപുലമായ തോതിൽ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രചിക്കപ്പെട്ട ഒരു ഏകവാല്യകൃതിയാണ്. അതിവേഗം വിറ്റഴിഞ്ഞ ഈ കൃതിക്കു തുടരെത്തുടരെ പല പതിപ്പുകളുണ്ടായി; 1759-ൽ 20-ാം പതിപ്പ് പ്രകാശനം ചെയ്‌തപ്പോള്‍ പുസ്‌തകം ഒരു വാല്യത്തിൽ നിന്ന് പത്തുവാല്യമായി വികസിക്കുകയും ചെയ്‌തു. മൊറെരിയുടെ എന്‍സൈക്ലോപീഡിയയിലെ തെറ്റുകളും ന്യൂനതകളും തിരുത്താനുള്ള അഭിലാഷമാണ് പിയറെ ബെയ്‌ലിയെ ഡിക്ഷ്‌ണറി ഹിസ്റ്റോറിക് എറ്റ് ക്രിട്ടിക് എന്ന കൃതി ക്രാഡീകരിക്കാന്‍ പ്രരിപ്പിച്ചത്. ബെയ്‌ലിയുടെ എന്‍സൈക്ലോപീഡിയ ആദ്യമായി പ്രകാശനം ചെയ്യപ്പെട്ടത് 1697-ൽ ആണ്; അവസാനത്തെ പതിപ്പ് (11-ാം പതിപ്പ്) 1820-ലും മൊറെരിയും ബെയ്‌ലിയും എന്‍സൈക്ലോപീഡിയാപ്രകാശനത്തിൽ അന്യോന്യം മത്സരിച്ചവരാണെന്ന ധാരണ ശരിയല്ല. ബെയ്‌ലിയുടെ കൃതി ഗ്രന്ഥകാരന്റെ ജീവിതകാലത്ത് ഒരിക്കൽ മാത്രമേ പുനർമുദ്രണം ചെയ്യപ്പെട്ടിട്ടുള്ളൂ. മറ്റു പതിപ്പുകള്‍ അദ്ദേഹത്തിന്റെ മരണത്തിനുശേഷമാണ് പ്രസിദ്ധീകൃതമായത്.
ഹംഗേറിയന്‍ഭാഷയിലെ ആദ്യത്തെ എന്‍സൈക്ലോപീഡിയ (മാഗ്‌യാർ എന്‍സൈക്ലോപീഡിയ)യുടെ 11 വാല്യങ്ങള്‍ 1653 മുതൽ 1655 വരെയുള്ള മൂന്ന് വർഷങ്ങള്‍ക്കുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
18-ാം ശതാബ്‌ദം
18-ാം നൂറ്റാണ്ടിനെ എന്‍സൈക്ലോപീഡിയകളുടെ നിർമാണചരിത്രത്തിലെ സുവർണയുഗമെന്നു വിശേഷിപ്പിക്കാം. ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ അനുവർണക്രമത്തിലുള്ള വിജ്ഞാനകോശം, ജോണ്‍ ഹെന്‌റിക്ക് സെഡ്‌ലർ രചിച്ച യൂണിവേർസൽ ലെക്‌സിക്കന്‍ (ജർമന്‍ ഭാഷ), വിശ്വവിഖ്യാതമായ ഫ്രഞ്ച് എന്‍സൈക്ലോപീഡി, എഫ്രം ചേംബേർസിന്റെ സൈക്ലോപീഡിയ, എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക എന്നിങ്ങനെയുള്ള നിരവധി ശ്രദ്ധേയമായ കൃതികളുടെ പ്രസാധനം നടന്നത് ഈ നൂറ്റാണ്ടിലാണ്.
അനുവർണസംവിധാനം
റോയൽ സൊസൈറ്റി അംഗമായ ജോണ്‍ ഹാരിസ് (1667-1719) സമാഹരിച്ച ലെക്‌സിക്കന്‍ ടെക്‌നികം അഥവാ യൂണിവേർസൽ ഡിക്ഷ്‌ണറി ഒഫ് ആർട്‌സ് ആന്‍ഡ് സയന്‍സസ് 1704-ൽ പ്രസിദ്ധീകൃതമായി. ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ ജനറൽ എന്‍സൈക്ലോപീഡിയ (ഇതുവരെയും ഫ്രഞ്ച് വിവർത്തനങ്ങളാണ് ലണ്ടനിൽ പ്രകാശനം ചെയ്യപ്പെട്ടത്), അനുവർണക്രമത്തിലുള്ള ആദ്യത്തെ എന്‍സൈക്ലോപീഡിയ എന്നീ ബഹുമതികള്‍ ഈ കൃതിക്കു നല്‌കാവുന്നതാണ്. ലേഖനാധാരസൂചികളും ഗ്രന്ഥസൂചികളും പ്രത്യേകിച്ചു രചിച്ചു ചേർക്കുന്ന സമ്പ്രദായത്തിനു തുടക്കം കുറിച്ചുവെന്ന സവിശേഷതകൂടി ലെക്‌സിക്കന്‍ ടെക്‌നികം എന്ന കൃതിക്കുണ്ട്. സർ ഐസക് ന്യൂട്ടന്റെ അമ്ലങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടു വിദഗ്‌ധരിൽ നിന്നു ലേഖനങ്ങള്‍ സ്വീകരിക്കുക എന്ന ആധുനികരീതിക്കു ജോണ്‍ ഹാരിസ് തുടക്കം കുറിക്കുകയും ചെയ്‌തു. 1736 വരെയുള്ള കാലഘട്ടത്തിൽ ഈ കൃതിക്ക് അഞ്ച് പതിപ്പുകളുണ്ടായി.
ജോണ്‍ ഹാരിസന്റെ പ്രവർത്തനങ്ങളിൽനിന്നു പ്രചോദനമുള്‍ക്കൊണ്ട് കൂടുതൽ ബൃഹത്തായ ഒരു എന്‍സൈക്ലോപീഡിയ രചിച്ച എഫ്രം ചേംബേർസിനെ ആധുനിക സർവവിജ്ഞാനകോശങ്ങളുടെ പിതാവായി ഗണിച്ചുവരുന്നു. സൈക്ലോപീഡിയ എന്ന സംക്ഷിപ്‌തശീർഷകത്തിൽ കൂടുതൽ അറിയപ്പെടുന്ന ചേംബേർസ്‌കൃതി രണ്ട് വാല്യങ്ങളിലായി 1728-ൽ പ്രകാശനം ചെയ്യപ്പെട്ടു. പരസ്‌പരസൂചനകള്‍കൊണ്ടു വിഷയബന്ധങ്ങള്‍ വ്യക്തമാക്കുന്ന സമ്പ്രദായം സാരംഭിച്ചതു സൈക്ലോപീഡിയയാണ്. സൈക്ലോപീഡിയയ്‌ക്ക് തുടരെത്തുടരെ പുനർ മുദ്രണങ്ങളുണ്ടായെന്നു മാത്രമല്ല, അത് ഇറ്റാലിയന്‍, ഫ്രഞ്ച് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി. ദെനിസ് ദിദറോവിന്റെ ഫ്രഞ്ച് എന്‍സൈക്ലോപീഡിയുടെ പ്രകാശനത്തിനു വഴി തെളിച്ചത് സൈക്ലോപീഡിയയുടെ ഫ്രഞ്ചു വിവർത്തനമാണ്. ഫ്രഞ്ച് എന്‍സൈക്ലോപീഡി, ബ്രിട്ടാനിക്കയുടെ പ്രകാശനത്തിനും പ്രചോദനമരുളി.
എന്‍സൈക്ലോപീഡിയയുടെ ചിരത്രത്തിൽ ആകാരത്തെ സംബന്ധിച്ചിടത്തോളം ഒരു റിക്കാർഡ് സൃഷ്‌ടിച്ച കൃതിയാണു ജോണ്‍ ഹെന്‌റിക്ക് സെഡ്‌ലരുടെ (1706-60) യൂണിവേർസൽ ലക്‌സിക്കന്‍. 12 വാല്യങ്ങളിൽ പൂർത്തിയാക്കാനുള്ള പദ്ധതിയോടെ ആരംഭിച്ച ഈ ജർമന്‍ഭാഷാ എന്‍സൈക്ലോപീഡിയ മുഴുപ്പിക്കപ്പെട്ടതു 64 വാല്യങ്ങളിലാണ്. എന്‍സൈക്ലോപീഡിയയുടെ ബൃഹദാകാരം ജർമന്‍ പുസ്‌തകവ്യാപാരികളെ ഞെട്ടിച്ചു. സമഗ്രമായ എന്‍സൈക്ലോപീഡിയയുടെ ഉദയം മറ്റു പുസ്‌തകങ്ങളുടെ വില്‌പനയെ ബാധിക്കുമോ എന്നായിരുന്നു വ്യാപാരികളുടെ ആശങ്ക. ജീവിച്ചിരിക്കുന്നവരുടെ ചരിതങ്ങള്‍ രചിച്ചു ചേർക്കുന്ന സമ്പ്രദായം ഉദ്‌ഘാടനം ചെയ്‌തതും ഹെന്‌റിക്ക് സെഡ്‌ലരാണ്. വിവിധവിജ്ഞാനവിഭാഗങ്ങള്‍ പ്രത്യേക എഡിറ്റർമാരുടെ ചുമതലയിലാക്കി പ്രസാധനം ശാസ്‌ത്രീയമാക്കിയെന്നുള്ളതാണ് സെഡ്‌ലരുടെ മറ്റൊരു നേട്ടം.
ഫ്രഞ്ച് എന്‍സൈക്ലോപീഡി
ദെനിസ് ദിദ്‌റോവിന്റെ പ്രധാന കാർമികത്വത്തിൽ ക്രാഡീകരിക്കപ്പെട്ട ഫ്രഞ്ച് എന്‍സൈക്ലോപീഡിയുടെ (Encyclopedic ou Dictionnaire Raisonne des Sciences des Arts et des Metiers) പ്രസിദ്ധീകരണം ഫ്രഞ്ച് സാഹിത്യചരിത്രത്തിലെ അതിമഹത്തായ സംഭവങ്ങളിലൊന്നാണ്. എഫ്രം ചേംബേർസിന്റെ സൈക്ലോപീഡിയ (1728) ഫ്രഞ്ച് ഭാഷയിലേക്കു വിവർത്തനം ചെയ്‌തു പ്രസിദ്ധീകരിക്കുന്നതിനു ആരംഭിച്ച വ്യാപാര സംരംഭത്തിലാണ് ഫ്രഞ്ച് എന്‍സൈക്ലോപീഡിയുടെ ഉദ്‌ഭവം കണ്ടെത്തേണ്ടത്. സൈക്ലോപീഡിയയുടെ ഫ്രഞ്ച് വിവർത്തനം പ്രസിദ്ധീകരിക്കുവാന്‍ പല തവണ ശ്രമിച്ചിട്ടും സാധിക്കാതെ വന്നപ്പോള്‍, "ലെ ബ്രട്ടന്‍' പ്രസാധകർ ദെനിസ് ദിദറോവിനെ സമീപിച്ചു. ഇംഗ്ലീഷിൽനിന്നു വിവർത്തനം ചെയ്യുന്നതിനു പകരം മൗലികസ്വഭാവമുള്ള ഒരു സ്വതന്ത്രകൃതി രചിക്കുവാനാണ് ദിദറോ നിർദേശിച്ചത്. പ്രസാധകർ ദിദറോവിന്റെ ആഗ്രഹത്തിനു വഴങ്ങുകയും ഈ ആശയം സാധിതപ്രായമാക്കുവാന്‍ ഗണിതശാസ്‌ത്രജ്ഞനും സയന്‍സ് അക്കാദമിയുടെ സ്ഥിരം കാര്യദർശിയുമായ ദ ആലംബെറിനെ ചീഫ് എഡിറ്ററായി നിയമിക്കുകയും ചെയ്‌തു. വോള്‍ട്ടയർ, റൂസ്സോ, മോണ്‍ടസ്‌ക്യു, ബഫന്‍ തുടങ്ങിയ സുപ്രസിദ്ധ ഫ്രഞ്ച് ചിന്തകരുടെയും നിരവധി വിഷയവിദഗ്‌ധരുടെയും പിന്തുണ ഈ സംരംഭത്തിനുലഭിച്ചുവെങ്കിലും, പ്രസിദ്ധീകരണത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ദിദറോയിൽത്തന്നെ നിക്ഷിപ്‌തമായിരുന്നു. ലേഖനങ്ങള്‍ പരിശോധിച്ചു തിരുത്തുന്ന കാര്യത്തിനു പുറമേ, വിവിധവിഷയങ്ങളെക്കുറിച്ചു ലേഖനങ്ങളും കുറിപ്പുകളും തയ്യാറാക്കുന്ന ചുമതലയും അദ്ദേഹം സ്വയം ഏറ്റെടുത്തു.
ഫ്രഞ്ച് എന്‍സൈക്ലോപീഡിയുടെ പ്രസാധനം പൂർത്തീകരിക്കാന്‍ 30 വർഷങ്ങള്‍ വേണ്ടിവന്നു. 1751 മുതൽ 1772 വരെയുള്ള വർഷങ്ങളിൽ 28 വാല്യങ്ങള്‍ പ്രസിദ്ധീകൃതമായി. നാല് അനുബന്ധ വാല്യങ്ങള്‍ 1776-77 വർഷങ്ങളിലും, ഇന്‍ഡക്‌സ് വാല്യം 1780-ലുമാണ് പ്രകാശനം ചെയ്യപ്പെട്ടത്.
പള്ളിക്കും മതത്തിനുമെതിരായുള്ള പ്രചാരണത്തിന്റെ പ്രധാനോപാധിയെന്ന നിലയ്‌ക്കാണ് റോമന്‍ കത്തോലിക്കർ ഫ്രഞ്ച് എന്‍സൈക്ലോപീഡിയെ വീക്ഷിച്ചത്. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ക്രിസ്‌തീയവിശ്വാസങ്ങളെയും ക്രിസ്‌തീയസദാചാരതത്ത്വങ്ങളെയും എന്‍സൈക്ലോപീഡിയാ രചയിതാക്കാള്‍ എതിർത്തിരുന്നു. പക്ഷേ ഉദാത്തവും വിശാലവുമായ ലക്ഷ്യങ്ങളാണ് ദിദറോവിന്റെ കോശഗ്രന്ഥത്തിനുണ്ടായിരുന്നത്. അറിവു സമാഹരിച്ച് സംഘടിപ്പിക്കുന്നത് മാനവരാശിയുടെ പുരോഗതി ത്വരിതപ്പെടുത്തുമെന്ന് ദിദറോവും കൂട്ടരും ബലമായി വിശ്വസിച്ചു. യുക്തിവാദത്തിന്റെയും വിശാലമായ മാനവത്വത്തിന്റെയും ആശയങ്ങള്‍ ഫ്രാന്‍സിൽ പ്രചരിപ്പിക്കുവാനും, അവയുടെ അടിസ്ഥാനത്തിൽ പുതിയൊരു സാമൂഹികചിന്താഗതിക്കു രൂപം നല്‌കുവാനും അവർ ശ്രമിച്ചു; ഫ്രഞ്ച് സംസ്‌കാരത്തെയും ചിന്തയെയും ഉദാത്തമായ മേഖലകളിലേക്ക് നയിക്കുവാന്‍ അവർക്കു ഇതിലൂടെ സാധിച്ചു. സാഹിത്യപ്രവർത്തനങ്ങള്‍ക്കു മാന്യത നേടിക്കൊടുക്കുവാനും ഫ്രഞ്ച് എന്‍സൈക്ലോപീഡിക്കു കഴിഞ്ഞു.
എന്‍സൈക്ലോപീഡിസ്റ്റുകള്‍
ഫ്രഞ്ച് എന്‍സൈക്ലോപീഡിയുടെ രചനയിലും പ്രസാധനത്തിലും പങ്കെടുത്ത വ്യക്തികളെ എന്‍സൈക്ലോപീഡിസ്റ്റുകള്‍ എന്നു വിളിച്ചുവരുന്നു. മതത്തിനും രാഷ്‌ട്രീയ സ്വേച്ഛാധിപത്യത്തിനും എതിരായി നിന്ന എല്ലാ പുരോഗമനവാദികളെയും വിശേഷിപ്പിക്കുന്നതിന് അക്കാലത്ത് എന്‍സൈക്ലോപീഡിസ്റ്റ് എന്ന പദം ഉപയോഗിച്ചിരുന്നു.
എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക
രണ്ടു നൂറ്റാണ്ടുകാലത്തെ പ്രസിദ്ധീകരണപാരമ്പര്യവും ആഗോളപ്രചാരവും പ്രശസ്‌തിയും ഉള്ള എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഓർ എ ഡിക്ഷ്‌ണറി ഒഫ് ആർട്‌സ് ആന്‍ഡ് സയന്‍സസ് ഇന്നു ലോകവിപണിയിലുള്ള എന്‍സൈക്ലോപീഡിയകളിൽ വച്ച് ഏറ്റവും പഴക്കമേറിയ പ്രസിദ്ധീകരണമാണ്. ഇതിന്റെ രണ്ടുവാരികാലക്കങ്ങള്‍ 1768 ഡിസംബറിൽ പ്രത്യക്ഷപ്പെട്ടു; ലക്കമൊന്നിന് ആറുപെന്‍സ് വില നിശ്ചയിച്ചുകൊണ്ട് നൂറുവാരികാലക്കങ്ങള്‍ ക്രമമായി പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യപ്പതിപ്പിലെ ഒന്നാംവാല്യം 1769-ൽ പുറത്തിറങ്ങി. രണ്ടും മൂന്നും വാല്യങ്ങള്‍ അടുത്ത രണ്ടുവർഷങ്ങളിലും പ്രസിദ്ധീകൃതമായി. എഡിന്‍ബറോയിലുള്ള വില്യം സ്‌മെല്ലി, ആന്‍ഡ്രൂബെൽ, കോലിന്‍ മെക്‌ഫാർക്വാർ എന്നീ മൂന്നു പേരുടെ കൂട്ടായ പ്രവർത്തനത്തിൽനിന്നാണ് ബ്രിട്ടാനിക്ക ഉടലെടുത്തത്. "സ്‌കോട്ട്‌ലന്‍ഡിലെ മാന്യന്മാരുടെ സംഘം' എന്നു സ്വയം വിശേഷിപ്പിച്ച ഈ മൂന്നുപേരും അച്ചടിയിലും ബ്ലോക്ക് നിർമാണത്തിലും ഏർപ്പെട്ടിരുന്നവരായിരുന്നു. വില്യം സ്‌മെല്ലിയായിരുന്നു ഒന്നാം പതിപ്പിന്റെ എഡിറ്റർ. എന്‍സൈക്ലോപീഡിയയുടെ ആദ്യത്തെ എട്ടുപതിപ്പുകള്‍ "സ്‌കോട്ട്‌ലന്‍ഡിലെ മാന്യന്മാരുടെ സംഘ'ത്തിന്റെ ആഭിമുഖ്യത്തിൽത്തന്നെ പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും പ്രസിദ്ധീകരണത്തിന്റെ ഉടമസ്ഥാവകാശം നിരവധി കൈമാറ്റങ്ങള്‍ക്കുശേഷം അമേരിക്കക്കാരുടെ കൈകളിൽ എത്തി. ബ്രിട്ടാനിക്കയുടെ രസകരമായ കഥ. ഹെർമന്‍കോഗന്‍ എന്ന ഗ്രന്ഥകാരന്‍ ദി ഗ്രയിറ്റ് ഈ.ബി. (The Great E.B.) എന്ന പുസ്‌തകത്തിൽ വിസ്‌തരിച്ചിട്ടുണ്ട്.
1771 മുതൽ 1929 വരെയുള്ള ഒന്നര നൂറ്റാണ്ടുകളിലാണ് ബ്രിട്ടാനിക്കയുടെ 14 പതിപ്പുകള്‍ പ്രകാശനം ചെയ്യപ്പെട്ടത്. 14-ാം പതിപ്പിനുശേഷം പുതിയ പതിപ്പുകള്‍ക്കു നമ്പരിടുന്ന സമ്പ്രദായം നിർത്തലാക്കുകയും "അനുസ്യൂതപരിഷ്‌കരണ' പദ്ധതി നടപ്പിലാക്കുകയും ചെയ്‌തു. പുതിയ പരിഷ്‌കരണ പദ്ധതിയനുസരിച്ച് ഇരുപതിലേറെ തവണ എന്‍സൈക്ലോപീഡിയ പുനർമുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. പുനർമുദ്രണങ്ങള്‍ക്കും പതിപ്പുകള്‍ക്കും പുറമേ 1939 മുതൽ ബ്രിട്ടാനിക്ക ബുക്ക് ഒഫ് ദ ഇയർ എന്ന ശീർഷകത്തിൽ ഒരു വാർഷികഗ്രന്ഥം ക്രമമായി പ്രകാശനം ചെയ്യുകയുണ്ടായി. നിലവിലുള്ള പതിപ്പ് ഉടച്ചുവാർത്ത് തികച്ചും നൂതനമായൊരു റഫറന്‍സ് കൃതി സൃഷ്‌ടിക്കാനുള്ള പ്രാരംഭശ്രമങ്ങള്‍ 1947-ൽ ആരംഭിക്കുകയും 1974-ൽ ന്യൂ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക എന്ന ശീർഷകത്തിലുള്ള 15-ാം പതിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ബ്രിട്ടാനിക്കയുടെ പുതിയ പതിപ്പ് 2010-ൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ ഡി.വി.ഡി. റോമും ലഭ്യമാണ്.
19-ാം നൂറ്റാണ്ടിൽ
ബ്രിട്ടാനിക്കയുടെയും ഫ്രഞ്ച് എന്‍സൈക്ലോപീഡിയുടെയും ബ്രാക്ക് ഹൗസിന്റെയും വിജയങ്ങള്‍ എന്‍സൈക്ലോപീഡിയാപ്രകാശനം ആദായകരമായ വ്യാപാരമാണെന്ന ബോധം യൂറോപ്പിലുളവാക്കി. തത്‌ഫലമായി പശ്ചിമയൂറോപ്പിൽ നിരവധി വിജ്ഞാനകോശങ്ങള്‍ പ്രസിദ്ധീകൃതമായി. അബ്രഹാംറിസ് പ്രസാധനം ചെയ്‌ത ദ ന്യൂ എന്‍സൈക്ലോപീഡിയ (1802-20) ആണ് ഒന്നാമത്തേത്; ബ്രിട്ടാനിക്കയും ബ്രാക്ക് ഹൗസും വിപണിയിലുണ്ടായിട്ടും ഈ കൃതിക്ക് നല്ല സ്വീകരണമാണ് പണ്ഡിതന്മാരിൽനിന്നും ലഭിച്ചത്.
ചേംബേഴ്‌സ് എന്‍സൈക്ലോപീഡിയ
വില്യം ചേംബേർസും റോബർട്ടു ചേംബേർസും കൂടി പ്രസാധനം ചെയ്‌ത ചേംബേർസ് എന്‍സൈക്ലോപീഡിയ (10 വാല്യം, 1860-68) ആണ് ഈ രംഗത്തുള്ള മറ്റൊരു പ്രധാന ഇംഗ്ലീഷ് പ്രസിദ്ധീകരണം. ഇന്നും വിപണിയിലുള്ള (1967-ലെ 4-ാം പതിപ്പ്) ഈ കൃതിക്കു മാത്രമേ ബ്രിട്ടാനിക്കയുമായി ബ്രിട്ടനിൽ കിടപിടിക്കുവാന്‍ സാധിച്ചിട്ടുള്ളൂ. പരിഷ്‌കരിച്ച പതിപ്പുകളിറക്കുമ്പോള്‍ ലേഖനങ്ങളെല്ലാം സമ്പൂർണ നവീകരണത്തിനു വിധേയമാക്കുന്ന ചുരുക്കം പ്രസിദ്ധീകരണങ്ങളിലൊന്നാണു ചേംബേർസ്.
എന്‍സൈക്ലോപീഡിയ മെത്രാപൊലിത്താന
"19-ാം നൂറ്റാണ്ടിലെ മഹത്തായ എന്‍സൈക്ലോപീഡിയ' എന്നു വിശേഷിപ്പിച്ചുവരുന്ന എന്‍സൈക്ലോപീഡിയ മെത്രാപൊലിത്താന (1817-45) വില്‌പനയെയും പ്രചാരത്തെയും സംബന്ധിച്ചിടത്തോളം ഒരു പരാജയമായിരുന്നു. വായനക്കാരുടെ അംഗീകാരം നേടിക്കഴിഞ്ഞ അനുവർണസംവിധാനത്തിനു പകരം, ആംഗലകവി സാമുവൽ ടെയ്‌ലർ കോള്‍റിഡ്‌ജ് (1772-1834) തയ്യാറാക്കിയ ഒരു വിഷയവർഗീകരണ പദ്ധതി സ്വീകരിച്ച് ഉള്ളടക്കസംവിധാനം ചെയ്‌തതുകൊണ്ടാണ് ഇതിന് പൊതുജനപ്രീതി നഷ്‌ടപ്പെട്ടതെന്നു കരുതപ്പെടുന്നു. പ്രസിദ്ധീകരണം പൂർത്തിയാക്കുന്നതിൽ വന്ന കാലതാമസവും (30 വർഷം) ഇതിന്റെ നിലനില്‌പിനെ ബാധിച്ചു. അക്കാലത്തെ പ്രധാന പണ്ഡിതന്മാരെല്ലാം മെത്രാപൊലിത്താനയ്‌ക്കു ലേഖനസഹായം ചെയ്‌തിരുന്നു.
ഫ്രഞ്ചുഭാഷയിലെ ലാറൂസ്
പിയറെ ലാറൂസ് (1817-75) ഫ്രഞ്ച് ഭാഷയിലെ എന്‍സൈക്ലോപീഡിയാ നിർമാതാക്കളിൽ അഗ്രഗണ്യനാണ്. 1866-76 വർഷങ്ങളിൽ ആദ്യമായി പ്രസിദ്ധം ചെയ്‌ത് അദ്ദേഹത്തിന്റെ ഗ്രാന്റ് ഡിക്ഷ്‌ണറി യൂണിവേർസൽ എന്ന കൃതി വിഖ്യാതമാണ്. ലാറൂസ് സ്ഥാപിച്ച പ്രസിദ്ധീകരണശാല ഇന്നും രംഗത്തുണ്ടെന്നു മാത്രമല്ല, ലാറൂസ് എന്‍സൈക്ലോപീഡിയയുടെ നിരവധി പരിഷ്‌കരിച്ച പതിപ്പുകള്‍ പ്രകാശനം ചെയ്യപ്പെട്ടിട്ടുമുണ്ട്. 1960-64-ൽ ലാറൂസിന്റെ ഒരു സചിത്രപ്പതിപ്പ് 10 വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിനുപുറമേ ഏതാനും ലഘുവിജ്ഞാനകോശങ്ങളും ഈ പുസ്‌തകശാല ക്രമമായി പ്രസിദ്ധീകരിക്കുന്നുണ്ട്.
20-ാം നൂറ്റാണ്ട്
എന്‍സൈക്ലോപീഡിയയുടെ രൂപഭാവങ്ങളിൽ 20-ാം നൂറ്റാണ്ട് പറയത്തക്ക പരിവർത്തനങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. രണ്ട് ലോകയുദ്ധങ്ങള്‍ ചില പ്രഖ്യാത എന്‍സൈക്ലോപീഡിയകളുടെ തുടർന്നുള്ള പ്രകാശനത്തിനു വിഘ്‌നം വരുത്തിയെങ്കിലും യൂറോപ്പിലെ എല്ലാരാജ്യങ്ങളും ഇന്ന് എന്‍സൈക്ലോപീഡിയയുടെ കാര്യത്തിൽ സമ്പന്നമാണ്. 20-ാം നൂറ്റാണ്ട് ദർശിച്ച പുതിയ പാശ്ചാത്യസംരംഭങ്ങളിൽ ചിലതു താഴെപ്പറയുന്നവയാണ്.
ഇംഗ്ലീഷ്
(1) എന്‍സൈക്ലോപീഡിയ അമേരിക്കാന ആദ്യപതിപ്പ് 1829-33-ൽ 13 വാല്യങ്ങളിലായി ഫ്രാന്‍സിസ് ലീബർ പ്രസിദ്ധീകരിച്ചു. 1918-20-ൽ 30 വാല്യങ്ങളുള്ള ഒരു പരിഷ്‌കരിച്ച പതിപ്പ് പ്രകാശനം ചെയ്‌തു. ഈ പതിപ്പിന്റെ അടിസ്ഥാനത്തിൽ അമേരിക്കാന അനുസ്യൂതനവീകരണ പദ്ധതിയനുസരിച്ച് പുനർമുദ്രണം ചെയ്‌തുവരുന്നു. 1965-ലെ പതിപ്പിൽ 29 വാല്യങ്ങളുണ്ട്. (2) എവരി മാന്‍സ് എന്‍സൈക്ലോപീഡിയ (ലണ്ടന്‍) ആറാം പതിപ്പിലെത്തിയിട്ടുള്ള ഈ വിജ്ഞാനകോശം 1913-ൽ ആദ്യം പ്രകാശിതമായി. (3) കോളിയേർസ് എന്‍സൈക്ലോപീഡിയ ആദ്യപതിപ്പ് 1949-51-ൽ വാല്യങ്ങളിൽ 20 വാല്യങ്ങളിൽ പ്രസിദ്ധീകരിച്ചു; പുനഃപ്രസാധനം 1969-ലും. (4) കൊളംബിയാ എന്‍സൈക്ലോപീഡിയ 1935-ൽ ആദ്യമായി രംഗത്തുവന്ന ഇതിന്റെ പുതിയ പതിപ്പ് 2000-ത്തിൽ പ്രസിദ്ധീകരിച്ചു. കൊളംബിയാ സർവകലാശാലയിലെ അധ്യാപകരാണ് ലേഖകർ. (5) ന്യൂ ഇന്റർനാഷണൽ എന്‍സൈക്ലോപീഡിയ (1902-04), കേംബ്രിജ് എന്‍സൈക്ലോപീഡിയ പുതിയ പതിപ്പ് (1997). പെന്‍ഗ്വിന്‍ എന്‍സൈക്ലോപീഡിയ (2002). എന്നിവയാണ് ഈ വിഭാഗത്തിലെ ചില പുതിയ എന്‍സൈക്ലോപീഡിയകള്‍.
ഇറ്റാലിയന്‍
എന്‍സൈക്ലോപീഡിയ ഇറ്റാലിയാന ദി സയന്‍സ് ലറ്റർ ആന്‍ഡ് ആർട്ട്. 1929-39 വർഷങ്ങളിൽ 36 വാല്യങ്ങളിലായി പ്രകാശം ചെയ്യപ്പെട്ടു.
ഫ്രഞ്ച്
എന്‍സൈക്ലോപീഡി ഫ്രാന്‍ഷെ (Encyclopedie Francaise). 1937-ൽ 20 വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു. ഗാലിമാർഡ് പ്രസിദ്ധീകരണശാല പ്രകാശനം ചെയ്‌ത എന്‍സൈക്ലോപീഡിയ ദെ ലാ പ്‌ളേയ്‌ഡ് (Encyclopedie de la Pleiade) ആണ് പ്രധാനപ്പെട്ട മറ്റൊന്ന്.
ഡച്ച്
എർസ്‌തെ നെതർലാന്‍ഡ്‌സ് സിസ്റ്റമാറ്റിക് എന്‍സൈക്ലോപീഡിയ. 1946-52-ൽ 12 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു.
സെർബോ-ക്രാഷ്യന്‍
എന്‍സൈക്ലോപീഡിയ യൂഗ്ലോസ്‌ലാവിയ 1956-65-ൽ 6 വാല്യങ്ങളിൽ പ്രകാശിതമായി.
റുമാനിയന്‍
ഡിക്ഷ്‌ണറി എന്‍സൈക്ലോപീഡിയ റൊമാന്‍ (1962-66).
പോളിഷ്
വിൽകാ എന്‍സൈക്ലോപീഡിയ പൗസേഷ്‌ന. 1962-67-ൽ 13 വാല്യങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. (1962-67)
ബള്‍ഗേറിയന്‍
ക്രാത്‌കാ ബള്‍ഗർസ് കാ എന്‍സൈക്ലോപീഡിയ (1963-67, 5 വാല്യങ്ങള്‍).
നോർവീജിയന്‍
ആസ്‌കെ ഹൗഗ്‌സ് കോണ്‍വർസേഷന്‍ ലക്‌സിക്കന്‍ 4-ാം പതിപ്പ് 1954-61; 18 വാല്യങ്ങള്‍.
റഷ്യന്‍
20-ാം ശതകത്തിലെ പ്രധാന എന്‍സൈക്ലോപീഡിയകളിൽ വിപ്ലവാനന്തരറഷ്യ നിർമിച്ച അതിവിപുലമായ ബോള്‍ഷായ് സോവിയറ്റ്‌സ്‌കായ എന്‍സൈക്ലോപീഡിയയും ഉള്‍പ്പെടും. 1926 മുതൽ 47 വരെയുള്ള രണ്ട് ദശകങ്ങളിൽ 65 വാല്യങ്ങളിലായി ഗ്രയിറ്റ് സോവിയറ്റ് എന്‍സൈക്ലോപീഡിയ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ കൃതിയുടെ 51 വാല്യങ്ങളുള്ള രണ്ടാം പതിപ്പിന്റെ പ്രകാശനം 1949-ൽ ആരംഭിക്കുകയും 1960-ൽ മുഴുമിക്കയും ചെയ്‌തു. സ്റ്റാലിനിസ്റ്റ് യുഗത്തിന്റെ ദൂഷ്യങ്ങള്‍ അമിതമായി ബാധിച്ച ഈ പതിപ്പ്, അന്നത്തെ ഭരണാധികാരികളുടെ ചിന്താഗതി മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ എന്ന് ആക്ഷേപമുണ്ടായിട്ടുണ്ട്. രണ്ടാം പതിപ്പിലെ പ്രധാന ലേഖനങ്ങളുടെ ദൈർഘ്യവും അച്ചടിക്കുപയോഗിച്ച ടൈപ്പുകളുടെ വലുപ്പവും കുറച്ചാണ് മൂന്നാം പതിപ്പ് പ്രസിദ്ധീകരണമാരംഭിച്ചിട്ടുള്ളത്. സോവിയറ്റ് വിജ്ഞാനകോശത്തിന്റെ മൂന്നാം പതിപ്പ് ഇംഗ്ലീഷിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സോവിയറ്റ് വിഷയങ്ങളെക്കുറിച്ചുള്ള എല്ലാ ലേഖനങ്ങളും പൊതുവിജ്ഞാനത്തിന്റെ സീമ വിപുലമാക്കുന്ന മറ്റു ലേഖനങ്ങളും തെരഞ്ഞെടുത്താണ് ഇംഗ്ലീഷിൽ വിവർത്തനം നടത്തിയിരിക്കുന്നത്. വിവർത്തിതഗ്രന്ഥത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കപ്പെട്ട മൂലലേഖനങ്ങളെ പ്രത്യേക ചിഹ്നങ്ങള്‍ വഴി ഓരോ വാല്യത്തിലും സൂചിപ്പിച്ചിട്ടുണ്ട്. ഗ്രയിറ്റ് സോവിയറ്റ് എന്‍സൈക്ലോപീഡിയയുടെ ലക്ഷ്യങ്ങള്‍ മറ്റു വിജ്ഞാനകോശങ്ങളുടെ ഉദ്ദേശ്യങ്ങളിൽനിന്നു ഭിന്നമാണ്. സാമ്പത്തികസാമൂഹികശാസ്‌ത്രരംഗങ്ങളിൽ സോവിയറ്റ് യൂണിയന്‍ കൈവരിച്ച നേട്ടങ്ങള്‍ അനാവരണം ചെയ്യുകയും ഇന്റർനാഷണൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ദേശീയവിമോചന പ്രസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ള സംഭവവികാസങ്ങളെയും മാർക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെയും വിപ്ലവസിദ്ധാന്തത്തിനു സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയും മറ്റ് മാർക്‌സിസ്റ്റ് പാർട്ടികളും നല്‌കിയ സംഭാവനകളെയുംകുറിച്ച് പ്രതിപാദിക്കുകയും കൊളോണിയലിസത്തിന്റെ തകർച്ച, ലോക മുതലാളിത്തത്തിലെ പ്രതിസന്ധി എന്നിവ സൂചിപ്പിക്കുകയുമാണ് ഇതിന്റെ മുഖ്യലക്ഷ്യങ്ങളെന്ന് ഗ്രന്ഥത്തിന്റെ ആമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹ്രസ്വലേഖനങ്ങളടങ്ങുന്ന മലയ സോവിയറ്റ്‌സ്‌കായ എന്‍സൈക്ലോപീഡിയ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 1928-31 വർഷങ്ങളിലാണ്. നിലവിലുള്ള പതിപ്പിൽ 10 വാല്യങ്ങളടങ്ങിയിരിക്കുന്നു. ലഘുസോവിയറ്റ് വിജ്ഞാനകോശം എന്ന് ഈ കൃതിയെ വിശേഷിപ്പിക്കാം. കുട്ടികള്‍ക്കുവേണ്ടി രചിച്ച പത്ത് വാല്യങ്ങളുള്ള ദെറ്റ്‌സ്‌കായ എന്‍സൈക്ലോപീഡിയ 1962-ൽ പ്രകാശനം ചെയ്യപ്പെട്ടു. സോവിയറ്റ് യൂണിയനിലെ മറ്റു ദേശീയഭാഷകളിലും വിജ്ഞാനകോശനിർമാണം നടന്നുവരുന്നു.
പൗരസ്‌ത്യലോകത്തിൽ
ചൈന
ചൈനയിലെ എന്‍സൈക്ലോപീഡിയാപ്രസ്ഥാനത്തിന് ഏതാണ്ട് 2,000 വർഷത്തെ പഴക്കം അവകാശപ്പെടാം; വിജ്ഞാനസമാഹാരങ്ങളായിരുന്നു ആദ്യത്തെ ചൈനീസ് എന്‍സൈക്ലോപീഡിയകള്‍. ചക്രവർത്തിയുടെ സർവീസിൽ ചേരാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികള്‍ക്കുവേണ്ടിയാണ് അവ സമാഹരിക്കപ്പെട്ടിരുന്നത്. ലഭിച്ചിടത്തോളം തെളിവുകളുടെ അടിസ്ഥാനത്തിൽ എ.ഡി. 220-ൽ ക്രാഡീകരിക്കപ്പെട്ട ഹാങ്‌ലാന്‍ എന്ന കൃതിയാണ് ആദ്യത്തെ ചൈനീസ് എന്‍സൈക്ലോപീഡിയ; കൃതിയുടെ ഒരു ഭാഗവും ഇന്നു ലഭ്യമല്ല. എന്നാൽ എ.ഡി. 600-ൽ രചിക്കപ്പെട്ട പൈന്‍ചുവിന്റെ ചില ഭാഗങ്ങള്‍ കാലത്തെ അതിജീവിച്ചു. ഐ വെന്‍ ലൈച്ചു (620), പെയ്‌താങ് ഷുചൗ (630) എന്നിവയാണ് ഏഴാം ശതകത്തിലെ മറ്റു രണ്ട് പ്രധാന കൃതികള്‍. രണ്ടാമത്തെ കൃതി 1880-ൽ പുനർമുദ്രണം ചെയ്യപ്പെട്ടു. തുയു എന്നു ധനശാസ്‌ത്രജ്ഞന്‍ 801-ൽ രചിച്ച കൃതിയിൽ ധനശാസ്‌ത്രം, രാഷ്‌ട്രവിജ്ഞാനീയം, സംഗീതം, നിയമം, രാജ്യരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുണ്ടായിരുന്നു.
മാതുവാന്‍ ലിന്‍ 1273-ൽ രചിച്ച വെന്‍ സീന്‍ ഇങ്‌കാ ഒ എന്ന കൃതി 1319-ൽ 348 പുസ്‌തകങ്ങളിലായി പ്രകാശനം ചെയ്യപ്പെട്ടു. നിരവധി തവണ പുനർമുദ്രണം ചെയ്യപ്പെട്ട ഈ കൃതിക്ക് 1905-ലും ഒരു അനുബന്ധവാല്യം രചിച്ചു ചേർക്കുകയുണ്ടായി. പില്‌ക്കാലത്തു പുനർമുദ്രണം ചെയ്യപ്പെട്ട മറ്റൊരു പ്രധാന കൃതിയാണ് വാങ്‌യിങ് ലിന്‍ സമാഹരിച്ച (1351) യു ഹായി. ആദ്യകാല വിജ്ഞാനകോശങ്ങളിൽവച്ച് ഏറ്റവും വിപുലമെന്നു കരുതിവരുന്ന യുങ്‌ലൊതാതിൽ 1408-ൽ രചിക്കപ്പെട്ടു. 22,937 അധ്യായങ്ങള്‍ അടങ്ങിയിരുന്ന ഈ കൃതിയുടെ അവശേഷിച്ച ചില ഭാഗങ്ങള്‍ 1968-ൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കാങ്‌സി ചക്രവർത്തിയുടെ നിർദേശപ്രകാരം ഏതാനും എന്‍സൈക്ലോപീഡിയകള്‍ ക്രാഡീകരിക്കപ്പെട്ടിട്ടുണ്ട്. 1704-ൽ രചിച്ച പെവെന്‍ യുന്‍ഫു എന്ന ശീർഷകത്തിലുള്ള സാഹിത്യവിജ്ഞാനകോശം ഇവയിലൊന്നാണ്. വിഖ്യാതപണ്ഡിതനായ ലെന്‍ മെങ്‌ലെ രചിച്ച ഏഴുലക്ഷത്തിഅമ്പതിനായിരം പേജുകളുള്ള കു-ചിന്‍തുസു എന്ന കൃതിയാണ് മറ്റൊന്ന്. ചീനാസംസ്‌കാരത്തിന്റെ സാരാംശം രേഖപ്പെടുത്തുവാനുള്ള ശ്രമമാണ് ഈ കൃതി. 1915-ൽ പ്രസിദ്ധീകരിച്ച ഷുയുവാന്‍ ആണ് ചീനഭാഷയിലെ ആദ്യത്തെ ആധുനിക എന്‍സൈക്ലോപീഡിയ. ക്രിസ്‌ത്വബ്‌ദത്തിന്റെ എല്ലാ നൂറ്റാണ്ടുകളിലും ചൈനീസ് എന്‍സൈക്ലോപീഡിയകളുടെ നിർമാണവും പ്രകാശനവും നടന്നതായി തെളിവുകളുണ്ട്.
ജപ്പാന്‍
ജാപ്പനീസ്-ചൈനീസ് ഭാഷകളിലെ പ്രമുഖകൃതികളിൽനിന്നുള്ള സംഗ്രഹങ്ങളാണ് ആദ്യകാല ജാപ്പനീസ് എന്‍സൈക്ലോപീഡിയകളുടെ ഉള്ളടക്കം. ആധുനികരീതിയിലുള്ള വിജ്ഞാനകോശങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത് 19-ാം നൂറ്റാണ്ടിലാണ്. 1879 മുതൽ 1914 വരെയുള്ള ദീർഘകാലഘട്ടത്തിൽ 51 വാല്യങ്ങളുള്ള കൊജിറുയിന്‍ എന്ന എന്‍സൈക്ലോപീഡിയ പ്രകാശനം ചെയ്യപ്പെട്ടു. നിഹോണ്‍ഹിയാക ദായിജിതേന്‍. (1908-19, 10 വാല്യങ്ങള്‍), ദായിഹിയാക (1913-35, 28 വാല്യങ്ങള്‍), സെകായിദായിഹിയാക (1955-68) എന്നിവയാണ് മറ്റ് ആധുനിക എന്‍സൈക്ലോപീഡിയകള്‍. ഒടുവിൽ സൂചിപ്പിച്ച കൃതിയെ (30 വാല്യങ്ങള്‍) ജാപ്പനീസ് ഭാഷയിലെ ഏറ്റവും മികച്ച വിജ്ഞാനകോശമായി പരിഗണിച്ചുവരുന്നു. 19 വാല്യങ്ങളടങ്ങുന്ന ജാപ്പാനിക മറ്റൊരു പ്രധാന എന്‍സൈക്ലോപീഡിയയാണ്.
അറബിരാജ്യങ്ങള്‍
ഗ്രീക്ക്-ലത്തീന്‍ ഭാഷകളിൽ എന്‍സൈക്ലോപീഡിയകള്‍ വികസിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ അറബി-പേർഷ്യന്‍ ഭാഷകളിലും വിജ്ഞാനസമാഹാരങ്ങള്‍ രചിക്കപ്പെടുകയുണ്ടായി; പാശ്ചാത്യവിജ്ഞാനമുള്‍ക്കൊള്ളുവാനും അറബി എന്‍സൈക്ലോപീഡിയാനിർമാതാക്കള്‍ക്കു കഴിഞ്ഞിരുന്നു. മതചിന്തകനും ഭാഷാശാസ്‌ത്രജ്ഞനുമായിരുന്ന ഇബ്-നെഖുതായ്‌ബ ആണ് ആദ്യത്തെ അറബി എന്‍സൈക്ലോപീഡിയ രചിച്ചത്. അദ്ദേഹത്തിന്റെ കിതാബ് ഉയൂന്‍ അൽ-അക്‌ബർ ഉള്ളടക്കത്തിന്റെയും ക്രമീകരണത്തിന്റെയും കാര്യത്തിൽ പില്‌ക്കാല അറബി വിജ്ഞാനകോശങ്ങള്‍ക്ക് മാതൃകയായിത്തീർന്നു. പേർഷ്യന്‍ പണ്ഡിതന്‍ അൽ-ഖ്വാരിസ്‌മി രചിച്ച മഹതീഹ് അൽ-ഉലും (975-997) എന്ന കൃതി രണ്ട് ഭാഗങ്ങളിലായിരുന്നു; ഒന്നാം ഭാഗത്തിൽ അറബ് വിജ്ഞാനവും രണ്ടാം ഭാഗത്തിൽ തത്ത്വചിന്ത, തർക്കശാസ്‌ത്രം, വൈദ്യം, ഗണിതം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയുള്ള പാശ്ചാത്യവിജ്ഞാനവും ഖ്വാരിസ്‌മി കൈകാര്യം ചെയ്‌തു. അൽ-നദിമിയുടെ ശാസ്‌ത്രസൂചിക (987-88), അൽഘസാലിയുടെ മതവിജ്ഞാനങ്ങളുടെ പുനരുത്ഥാനം, അവറോസിന്റെ കോലിജെറ്റ് എന്ന ശീർഷകത്തിലുള്ള വൈദ്യവിജ്ഞാനകോശം, എന്‍-നു വൈരി(1272-1332)യുടെ നിഹായത്-അൽ-അറബ് ഫിഫു നൂൽ-അൽ-അദാബ്, അൽ-ഉമാരിയുടെ മസാലിക് അൽ-അബ്‌സാർ എന്നിവയാണ് പ്രധാനപ്പെട്ട മധ്യകാല എന്‍സൈക്ലോപീഡിയകള്‍. ലബനോണിലെ ബുത്രൂസ്-അൽ-ബുസ്‌താനി സമാഹരിച്ച ദാ-ഇ-രാത് അൽ-മാർഫി (1876-1900) എന്ന കൃതിക്ക് മൂന്നു പതിപ്പുകള്‍ പില്‌ക്കാലത്തുണ്ടായി.
ഭാരതീയ ഭാഷകളിൽ
മഹാഭാരതവും പുരാണങ്ങളും വിജ്ഞാനത്തിന്റെ സാരസംഗ്രങ്ങളാണെന്നു പറയാം. വ്യാകരണം, അലങ്കാരം, വൃത്തശാസ്‌ത്രം, അഭിനയശാസ്‌ത്രം, ജ്യോതിഷം, സംഗീതം, വൈദ്യം തുടങ്ങിയ കലാശാസ്‌ത്രവിഷയങ്ങള്‍ ചില പുരാണങ്ങളിൽ സംക്ഷേപിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ ഗ്രീക്ക്-ലത്തീന്‍-അറബി ഭാഷകളിൽ സമഗ്രബോധനത്തിനുവേണ്ടി രചിക്കപ്പെട്ട കൃതികളുടെ വർഗത്തിൽ പുരാണേതിഹാസങ്ങളെ നിരൂപകന്മാർ ഉള്‍പ്പെടുത്തുന്നില്ല. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിവരെ എന്‍സൈക്ലോപീഡിയകളോ എന്‍സൈക്ലോപീഡിയാസ്വഭാവവിശേഷങ്ങളുള്ള കൃതികളോ ഭാരതീയഭാഷകളിൽ ഉണ്ടായിട്ടില്ല. വിദേശാധിപത്യത്തെത്തുടർന്നുണ്ടായ ആംഗലഭാഷാ പരിചയമാണ് ആധുനികരീതിയിലുള്ള ഭാരതീയ എന്‍സൈക്ലോപീഡിയകളുടെ രചനയ്‌ക്കും പ്രകാശനത്തിനും വഴിതെളിച്ചത്.
ബംഗാളി
ബംഗാളികളാണ് ഇന്ത്യയിൽ ആദ്യമായൊരു എന്‍സൈക്ലോപീഡിയ ആസൂത്രണം ചെയ്‌തു പ്രസിദ്ധീകരിച്ചത്. 1886-ൽ അനുവർണക്രമത്തിലുള്ള ഒരു ബൃഹദ്‌വിജ്ഞാനകോശത്തിന്റെ പ്രഥമ വാല്യം (വിശ്വകോശ്) ബംഗാളിഭാഷയ്‌ക്കു ലഭിച്ചു. രംഗലാൽ മുഖോപാധ്യായയും (1843- ?) നാഗേന്ദ്രനാഥ് ബസുവും (1866-1938) ചേർന്നാണ് വിശ്വകോശിന്റെ ക്രാഡീകരണപ്രസാധനഭാരം ഏറ്റെടുത്തത്. അക്കാലത്തെ രബീന്ദ്രനാഥ ടാഗൂർ അടക്കമുള്ള പ്രശസ്‌ത സാഹിത്യകാരന്മാരെക്കൊണ്ട് ലേഖനങ്ങളെഴുതിക്കാന്‍ വിശ്വകോശിന്റെ പ്രസാധകർക്കു കഴിഞ്ഞിരുന്നു. ശരാശരി 500 പേജുകളുള്ള 22 വാല്യങ്ങളുടെ മുദ്രണപ്രസാധനത്തിന് ഏകദേശം 25 വർഷങ്ങള്‍ വേണ്ടിവന്നു. 1910-ൽ വിശ്വകോശിന്റെ പ്രസിദ്ധീകരണം പൂർത്തിയായി. പുസ്‌തകപ്രസിദ്ധീകരണവും മുദ്രണവ്യവസായവും ശൈശവദശയിലായിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ ബൃഹദ് വിജ്ഞാനകോശം പ്രസിദ്ധീകരിച്ചതെന്നു പ്രത്യേകം ഓർക്കേണ്ടതുണ്ട്. 1936-ൽ ഇതിന്റെ പുനഃപ്രസിദ്ധീകരണത്തിനുള്ള സന്നാഹങ്ങള്‍ നടന്നുവെങ്കിലും നാല് വാല്യങ്ങള്‍ മാത്രമേ മുദ്രണം ചെയ്യാന്‍ സാധിച്ചുള്ളൂ. അമൂല്യചരണ്‍ വിദ്യാഭൂഷണ്‍ (1877-1940) പ്രസാധനം ചെയ്‌ത് 1934-ൽ പ്രസിദ്ധീകരണമാരംഭിച്ച വംഗീയ മഹാകോശ് വിശ്വകോശിന്റെ മാതൃകയിലുള്ള മറ്റൊരു എന്‍സൈക്ലോപീഡിയയാണ്. പക്ഷേ ഈ കൃതിയുടെ രണ്ട് വാല്യങ്ങള്‍ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ; "അ' മുതൽ "അപരോക്ഷാനുഭൂതി' വരെ. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം വിശ്വകോശ് പരിഷ്‌കരിച്ചു പ്രസിദ്ധീകരിക്കുവാനും പുതുതായൊരു വിജ്ഞാനകോശം നിർമിക്കുവാനും ചില ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലവത്തായ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയാതെ പോയി. ഒടുവിൽ ഒരു സംക്ഷിപ്‌തവിജ്ഞാനകോശം തയ്യാറാക്കുവാനുള്ള പരിപാടിക്ക് വംഗീയ സാഹിത്യപരിഷത്ത് നേതൃത്വം കൊടുത്തു. ഭാരതീയ വിഷയങ്ങള്‍ക്കു പ്രാധാന്യം കൊടുത്തും ശാസ്‌ത്രവിഷയങ്ങള്‍ ഒഴിവാക്കിക്കൊണ്ടും ഒരു ലഘുവിജ്ഞാനകോശം അങ്ങനെ ഉടലെടുത്തു. ഭാരത്‌കോശ് എന്ന ശീർഷകത്തിലുള്ള ഈ അഞ്ചുവാല്യ എന്‍സൈക്ലോപീഡിയ അതിപരിമിതമായ റഫറന്‍സ് ആവശ്യങ്ങള്‍ക്ക് മാത്രമേ ഉതകുകയുള്ളൂ. വിശ്വകോശ് പ്രസാധനം ചെയ്‌ത കൈകളുടെ കരുത്തോ നിപുണതയോ ഭാരത്‌കോശിന്റെ രചനയുടെ പിന്നിലുണ്ടായിരുന്നില്ല. മികച്ച ഒരു എന്‍സൈക്ലോപീഡിയയുടെ അഭാവം നികത്താന്‍വേണ്ടി പശ്ചിമബംഗാള്‍ നിരക്ഷരതാദൂരീകരണ സമിതി ഒരു ഇരുപത് വാല്യവിജ്ഞാനകോശം നിർമിച്ചു. ബാംഗ്ലദേശിൽ പ്രസിദ്ധീകരിക്കപ്പെട്ടതും ഇന്ത്യ, പാകിസ്‌താന്‍, ബാംഗ്ലദേശ് എന്നീ രാജ്യങ്ങള്‍ക്ക് പ്രാധാന്യം നൽകിക്കൊണ്ട് രചിക്കപ്പെട്ടതുമായ ബംഗ്‌ളാ വിശ്വകോശ് (1971-72) നാലു വാല്യങ്ങളടങ്ങുന്ന ഒരു ലഘു എന്‍സൈക്ലോപീഡിയയാണ്. സംവിധാനത്തിന് അനുവർണക്രമം സ്വീകരിച്ചിരിക്കുന്നു. കൊളംബിയ വൈക്കിങ് എന്‍സൈക്ലോപീഡിയയെ മാതൃകയാക്കിയാണ് ഈ കൃതി നിർമിച്ചിട്ടുള്ളത്. ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗ്ലാദേശ് "ബംഗ്ലാപീഡിയ' എന്ന പേരിൽ 10 വാല്യങ്ങളിലായി തയ്യാറാക്കിയ വിജ്ഞാനകോശം 2003-ൽ പ്രസിദ്ധീകരിച്ചു. ബംഗ്ലാദേശിനെ മാത്രം സംബന്ധിക്കുന്ന വിഷയങ്ങളാണ് ഇതിലുള്ളത്.
മറാഠി
മറാഠിഭാഷയിൽ ഒരു വിജ്ഞാനകോശം നിർമിക്കുവാനുള്ള ശ്രമം 1878-ൽ ആരംഭിച്ചു. ജെ.എം. അഠേല്യ വിദ്യാമാല എന്ന ശീർഷകത്തിലൊരു എന്‍സൈക്ലോപീഡിയ ആസൂത്രണം ചെയ്‌തു. ഒരു മാതൃകാവാല്യം പുറത്തിറക്കാന്‍ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. ജ്ഞാനസിന്ധു, സാരസംഗ്രഹം തുടങ്ങിയ ചില കോശങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും, സമഗ്രമായ ഒരു വിജ്ഞാനകോശം മറാഠി ഭാഷയ്‌ക്കു ലഭിച്ചത് 1920-ൽ മാത്രമാണ്. "കോശകാർ കേട്‌കർ' എന്ന് മറാഠി സാഹിത്യചരിത്രകാരന്മാർ സസ്‌നേഹം വിളിക്കുന്ന ശ്രീധർ വെങ്കടേശ് കേട്‌കർ (1884-1934) എന്‍സൈക്ലോപീഡിയാനിർമാണത്തിൽ പ്രത്യേക ഔത്സുക്യമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന് ഈ വിഷയത്തിൽ അമേരിക്കയിൽനിന്നു ലഭിച്ച അനുഭവങ്ങള്‍ മാതൃഭാഷയിൽ ആധുനികവിജ്ഞാനകോശം വിജയകരമായി പ്രസിദ്ധീകരിക്കുവാന്‍ സഹായിച്ചു. ഒരു ലിമിറ്റഡ് കമ്പനി സ്ഥാപിച്ച്, ഒരു ദശകത്തിനുള്ളിൽ (1921-29) 23 വാല്യങ്ങളുള്ള മഹാരാഷ്‌ട്രീയ വിജ്ഞാനകോശ് പ്രസിദ്ധീകരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഉന്നതനിലവാരം പുലർത്തുന്ന ഈ കോശഗ്രന്ഥം ഇന്നും മറാഠിയിലെ പ്രധാന റഫറന്‍സ് കൃതികളിലൊന്നാണ്.
സാധാരണ വായനക്കാരന്റെ ആവശ്യങ്ങളെ മുന്‍നിർത്തി ഒരു പോപ്പുലർ എന്‍സൈക്ലോപീഡിയ പ്രകാശനം ചെയ്യുവാനുള്ള ശ്രമം ഗണേശ് രംഗൊഭീഡെ 1930-ൽ ആരംഭിച്ചു. തത്‌ഫലമായി വ്യാവഹാരിക് ജ്ഞാന്‍കോശ പ്രസിദ്ധീകരിക്കപ്പെട്ടു. 1935-40 വർഷങ്ങളിലായി വ്യാവഹാരിക്‌ജ്ഞാന്‍കോശയുടെ അഞ്ചു വാല്യങ്ങള്‍ പ്രസിദ്ധീകൃതമായി. ഓരോ വാല്യത്തിനും 450 പുറങ്ങള്‍ വീതമുണ്ട്. യശ്‌വന്ത് രാമകൃഷ്‌ണദാതെ പ്രസാധനം ചെയ്‌ത സുലഭ് വിശ്വകോശ മറ്റൊരു പ്രധാന മറാഠി എന്‍സൈക്ലോപീഡിയയാണ്. ആറു വാല്യങ്ങളുള്ള സുലഭ് വിശ്വകോശ 1949-51 വർഷങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. മറ്റു രണ്ട് എന്‍സൈക്ലോപീഡിയകളാണ് അഭിനവ മറാഠിജ്ഞാന്‍കോശ, ഭാരതീയ സംസ്‌കൃതികോശ എന്നിവ. വ്യാവഹാരിക്‌ജ്ഞാന്‍കോശ പ്രസാധനം ചെയ്‌ത് ഗണേശ് രംഗൊഭീഡെയാണ് അഭിനവ മറാഠിജ്ഞാന്‍കോശ എഡിറ്റു ചെയ്‌തത്. അനുവർണക്രമത്തിൽ സംവിധാനം ചെയ്‌തിട്ടുള്ള ഈ സചിത്രകോശത്തിന്റെ നാലു വാല്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
പൂണെയിലെ ഭാരതീയ സംസ്‌കൃതമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഭാരതീയവിഷയങ്ങള്‍ക്ക് കൂടുതൽ പ്രാധാന്യം നല്‌കിക്കൊണ്ട് ക്രാഡീകരിച്ച വിജ്ഞാനകോശമാണ് ഭാരതീയ സംസ്‌കൃതകോശ. മഹാദേവ്‌ശാസ്‌ത്രി ജോഷി ആണ് ഇതിന്റെ ചീഫ് എഡിറ്റർ.
എന്‍സൈക്ലോപീഡിയകളുടെ കാര്യത്തിൽ മറാഠിഭാഷ ദരിദ്രയല്ലെന്ന് അറിഞ്ഞിട്ടും, മഹാരാഷ്‌ട്ര സർക്കാർ 20 വാല്യങ്ങളടങ്ങുന്ന ഒരു ബൃഹദ്വിജ്ഞാനകോശത്തിന്റെ നിർമാണത്തിന് ധനസഹായം നൽകി. "സ്റ്റേറ്റ് ബോർഡ് ഒഫ് കള്‍ച്ചർ ആന്‍ഡ് ലിറ്ററേച്ചർ' എന്ന സർക്കാർ വകുപ്പ് നേരിട്ടാണ് മറാഠി വിശ്വകോശ് പ്രസിദ്ധീകരിക്കുന്നത് ഇതിന്റെ 18-ാം വാല്യം 2009-ൽ പ്രസിദ്ധീകരിച്ചു. ലക്ഷ്‌മണ്‍ശാസ്‌ത്രി ജോഷിയാണ് 20 വാല്യങ്ങളുള്ള ഇതിന്റെ എഡിറ്റർ. വ്യായാമ്‌ജ്ഞാന്‍കോശ (1936), മറാഠിതത്ത്വജ്ഞാന്‍മഹാകോശ (1974) എന്നിവയാണ് മറാഠിഭാഷയിലെ രണ്ട് പ്രത്യോകവിഷയാധിഷ്‌ഠിത എന്‍സൈക്ലോപീഡിയകള്‍. പത്ത് വാല്യങ്ങളിലുള്ള വ്യായാമ്‌കോശ വ്യായാമ-വിനോദങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. ഡി.ഡി. വാഡേക്കർ രചിച്ച തത്ത്വജ്ഞാന്‍ മഹാകോശയിൽ (മൂന്നു വാല്യങ്ങള്‍ - 1,800 പുറങ്ങള്‍) തത്ത്വചിന്താപരമായ ആശയങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളാണുള്ളത്.
ഗുജറാത്തി
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽത്തന്നെ എന്‍സൈക്ലോപീഡിയാനിർമാണസംരംഭങ്ങള്‍ ദർശിച്ച ഭാരതീയഭാഷകളിൽ ഗുജറാത്തിയും ഉള്‍പ്പെടുന്നു. ഹ്രസ്വലേഖനങ്ങളും കുറിപ്പുകളും അനുവർണക്രമത്തിൽ സംവിധാനം ചെയ്‌തുകൊണ്ട് സർവവിദ്യാമാല എന്ന ശീർഷകത്തിലൊരു നാല്-വാല്യ എന്‍സൈക്ലോപീഡിയ രചിക്കുവാന്‍ മാനെക്‌ജി ഏദൽജി വാച്ചയും അർദേശർ ഫരാംജി സോലനും ശ്രമിച്ചു. പക്ഷേ 152 പുറങ്ങളടങ്ങിയ ഒന്നാം വാല്യം മാത്രം (1891) പ്രകാശനം ചെയ്യാനേ അവർക്ക് കഴിഞ്ഞുള്ളൂ; എന്നാൽ ചില പാഴ്‌സി ട്രസ്റ്റുകളുടെ സാമ്പത്തിക പിന്തുണയോടെ രത്തന്‍ജി ഫാരംജി സെത്ത്‌നാ ആരംഭിച്ച മറ്റൊരു പദ്ധതിയുടെ ഫലമായി ജ്ഞാനചക്രയാനെ ഗുജറാത്തി സൈക്‌ളോപീഡിയ ഒഫ് യൂണിവേഴ്‌സൽ നോളജ് എന്ന എന്‍സൈക്ലോപീഡിയ രൂപംകൊണ്ടു. ചിത്രങ്ങളില്ലാതെ അനുവർണക്രമത്തിൽ സംവിധാനം ചെയ്‌ത ജ്ഞാനചക്രത്തിന്റെ ഒന്നാം വാല്യം 1899 ജൂണ്‍ മാസത്തിൽ പ്രകാശനം ചെയ്യപ്പെട്ടു; 1901-ൽ ഇത് പുനർമുദ്രണം ചെയ്യപ്പെടുകയും ചെയ്‌തു. 1901-നും 1910-നുമിടയ്‌ക്കുള്ള പത്തു വർഷങ്ങളിൽ ശരാശരി 400 പുറങ്ങളുള്ള ഒന്‍പതു വാല്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ജ്ഞാനചക്രത്തിന്റെ പല വാല്യങ്ങള്‍ക്കും രണ്ടാം പതിപ്പുകളുണ്ടായി. മഹാരാഷ്‌ട്രീയ വിജ്ഞാനകോശ പ്രസിദ്ധീകരിച്ച ശ്രീധർ വെങ്കടേശ് കേട്‌കർ, ഒരു ഗുജറാത്തി എന്‍സൈക്ലോപീഡിയയുടെ പ്രസിദ്ധീകരണഭാരവും ഏറ്റെടുത്തു. 1929-ൽ ഗുജറാത്തി ജ്ഞാനകോശിന്റെ ഒന്നാം വാല്യം പ്രസിദ്ധീകൃതമായി. 424 പുറങ്ങളിൽ അയോധ്യവരെയുള്ള വിഷയമനാമങ്ങളാണ് ഒന്നാം പതിപ്പിലെ ഉള്ളടക്കം. പക്ഷേ കേട്‌കറുടെ സംരംഭം ഒന്നാംവാല്യ പ്രകാശനത്തോടെ പരാജയമടഞ്ഞു. അഭിഭക്തബോംബെ സംസ്ഥാനത്തിൽ നടമാടിയിരുന്ന ഗുജറാത്തി-മറാഠി വഴക്കുകളായിരുന്നു പരാജയകാരണങ്ങളിൽ പ്രധാനം.
1944-55 വർഷങ്ങളിൽ, ഭഗവത് സിംഹാജി രചിച്ചു പ്രസിദ്ധീകരിച്ച ഭഗവത് ഗോ മണ്ഡലമാണ് മറ്റൊരു ഗുജറാത്തി എന്‍സൈക്ലോപീഡിയ കൊച്ചുകൊച്ചു കുറിപ്പുകളും ലഘുലേഖനങ്ങളുമടങ്ങുന്ന "ഐന്‍സൈക്ലോപീഡിയക്' നിഘണ്ടുവിന്റെ രൂപമുള്ള ഈ കൃതി ഒമ്പത് വാല്യങ്ങളിലായിട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.
വിശ്വവിജ്ഞാനത്തെ ദീർഘലേഖനങ്ങളിലൂടെ പ്രതിപാദിക്കുന്ന വിപുലമായ ഒരു ഗുജറാത്തി വിജ്ഞാനോകോശം, 1967 ഒ. 2 മുതൽ, സർദാർ പട്ടേൽ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ക്രമമായി പ്രസിദ്ധീകരിക്കപ്പെട്ടു. ജ്ഞാനഗംഗോത്രീ ഗ്രന്ഥ ശ്രണി എന്ന ശീർഷകത്തിലാണ് പ്രകാശനം നടന്നത്. 1976 വരെ പ്രസിദ്ധീകരിക്കപ്പെട്ട 16 വാല്യങ്ങള്‍ ബ്രഹ്മാണ്ഡം, ഭൂമി, ആരോഗ്യം, രസതന്ത്രം, എന്‍ജിനീയറിങ്, അണുശാസ്‌ത്രം എന്നിങ്ങനെ ഓരോ വിഷയങ്ങളെക്കുറിച്ചുള്ളവയാണ്. 20 വാല്യങ്ങള്‍ മാനവികവിഷയങ്ങള്‍ക്കും, 10 വാല്യങ്ങള്‍ ശാസ്‌ത്രവിഷയങ്ങള്‍ക്കും നീക്കിവച്ചിരിക്കുന്നു. ഓരോ വാല്യത്തിനും പ്രത്യേക ഇന്‍ഡക്‌സുകള്‍ രചിച്ചു ചേർത്തിട്ടുണ്ട്. 1985-ൽ നിർമാണമാരംഭിച്ച ഗുജറാത്തി വിശ്വകോശ് 25 വാല്യങ്ങളിലായി 2011-ൽ പ്രസിദ്ധീകരിച്ചു. ഗുജറാത്തിഭാഷയിലെ ഏറ്റവും മികച്ച വിജ്ഞാനകോശമാണിത്.
ഹിന്ദി
എന്‍സൈക്ലോപീഡിയകളുടെ കാര്യത്തിൽ ഹിന്ദി സമ്പന്നമാണ്. ബംഗാളി വിശ്വകോശ് 1985-ൽ നിർമാണമാരംഭിച്ച ഗുജറാത്തിവിശ്വകോശ് 25 വാല്യങ്ങളിലായി 2011-ൽ പ്രസിദ്ധീകരിച്ചു. ഗുജറാത്തി ഭാഷയിലെ ഏറ്റവും മികച്ച വിജ്ഞാനകോശമാണിത്. പ്രസാധനം ചെയ്‌തു പ്രസിദ്ധീകരിച്ച നാഗേന്ദ്രനാഥ് ബസു തന്നെയാണ് ഹിന്ദിഭാഷയ്‌ക്ക് ആദ്യമായി ഒരു എന്‍സൈക്ലോപീഡിയ സമ്മാനിച്ചത്. ഹിന്ദി വിജ്ഞാനകോശത്തിന്റെ ശീർഷകവും വിശ്വകോശ് എന്നുതന്നെയാണ്. പക്ഷേ അത് ബംഗാളി പ്രസിദ്ധീകരണത്തിന്റെ വിവർത്തനമല്ല. ഹിന്ദിപണ്ഡിതന്മാരുടെ സഹകരണത്തോടെ പുതുതായൊരു എന്‍സൈക്ലോപീഡിയ നിർമിക്കുകയാണ് നാഗേന്ദ്രനാഥ് ബസു ചെയ്‌തത്. 24 വാല്യങ്ങളുള്ള വിശ്വകോശിന്റെ പ്രസിദ്ധീകരണം നടന്നത് 1916 മുതൽ 1941 വരെയുള്ള കാൽനൂറ്റാണ്ടിനുള്ളിലാണ്.
കാശിയിലെ നാഗരീപ്രചാരണിസഭയുടെ ആഭിമുഖ്യത്തിൽ ധീരേന്ദ്രനാഥ് വർമ പ്രസാധനം ചെയ്‌ത ഹിന്ദി വിശ്വകോശും കൃഷ്‌ണവല്ലഭ് ദ്വിവേദി ലഖ്‌നോവിൽ നിന്നു പ്രസിദ്ധീകരിച്ച ഹിന്ദിവിശ്വഭാരതിയുമാണ് പ്രധാനപ്പെട്ട മറ്റു രണ്ട് ആധുനികഹിന്ദി എന്‍സൈക്ലോപീഡിയകള്‍. 1956-ൽ പ്രാരംഭപ്രവർത്തനങ്ങള്‍ ആരംഭിച്ചു പൂർത്തിയാക്കിയ ഹിന്ദിവിശ്വകോശ് അനുവർണക്രമമാണ് ഉള്ളടക്കസംവിധാനത്തിനു സ്വീകരിച്ചിട്ടുള്ളത്. വിഷയങ്ങളുടെ പരസ്‌പരബന്ധം നിലനിർത്തിക്കൊണ്ടുള്ള വർഗീകൃതസംവിധാനമാണ് ഹിന്ദിവിശ്വഭാരതിയിലുള്ളത്. നവസാക്ഷരർക്കുവേണ്ടി ജ്ഞാനസരോവർ എന്ന ശീർഷകത്തിലൊരു വിജ്ഞാനകോശം കേന്ദ്രഗവണ്‍മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രത്യേകവിഷയാധിഷ്‌ഠിത എന്‍സൈക്ലോപീഡിയയുടെ കാര്യത്തിലും ഹിന്ദി മുന്‍പന്തിയിൽത്തന്നെ നില്‌ക്കുന്നു. ധീരേന്ദ്രവർമയും കൂട്ടരും രചിച്ച ഹിന്ദി സാഹിത്യകോശ് (2 ഭാഗങ്ങള്‍), ഗണേഷ് ശങ്കർ പാലിവാള്‍ രചിച്ച വനസ്‌പതി വിജ്ഞാന്‍കോശ് (സസ്യശാസ്‌ത്രം), ദശരഥ്‌ഝായുടെ ഹിന്ദി നാടകകോശ്, രാജ്‌വംശ് സഹായ്-ഹീര രചിച്ച സാഹിത്യശാസ്‌ത്രകോശ്, സിദ്ധേശ്വർ ശാസ്‌ത്രിയുടെ ഭാരതവർഷീയ പ്രാചീനചരിത്രകോശ് എന്നിവയാണ് ചില പ്രധാനവിഷയാധിഷ്‌ഠിത വിജ്ഞാനകോശങ്ങള്‍. 1981-ൽ ഡോ. നാഗേന്ദ്രയുടെ നേതൃത്വത്തിൽ ഭാരതീയ സാഹിത്യകോശ് പ്രസിദ്ധീകരിച്ചു.
ഒഡിയ
പത്രപ്രവർത്തനത്തിലും മുദ്രണപ്രസിദ്ധീകരണവ്യവസായങ്ങളിലും മറ്റു ഭാഷാപ്രദേശങ്ങളെ അപേക്ഷിച്ച് പിന്നാക്ക നിലയിലാണ് ഒഡിഷ. പക്ഷേ മൂന്ന് വിജ്ഞാനകോശങ്ങള്‍ ഒഡിയാ ഭാഷയ്‌ക്കു ലഭിച്ചിട്ടുണ്ട്. രാമകൃഷ്‌ണനന്ദ രചിച്ച വിശ്വപരിചയ (1962) 840 പുറങ്ങളുള്ള ഒരു ഡസ്‌ക് എന്‍സൈക്ലോപീഡിയയാണ്. ജ്ഞാനമണ്ഡലവും സംക്ഷിപ്‌ത ഒഡിയാകോശവുമാണ്. മറ്റു രണ്ട് കൃതികള്‍.
ഉത്‌കൽവിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ മായാധർ മാന്‍സിംഹ പ്രസാധനം ചെയ്‌ത സംക്ഷിപ്‌ത ഒറിയാജ്ഞാന്‍ കോശ് അനുവർണക്രമത്തിലുള്ള ഒരു കൃതിയാണ്. ശരാശരി 450 പുറങ്ങളുള്ള നാല് വാല്യങ്ങള്‍ 1963-65 വർഷങ്ങളിൽ പ്രകാശനം ചെയ്യപ്പെട്ടു. കൃതി വിപുലീകരിക്കാന്‍ ഒരു തവണ ശ്രമിച്ചുവെങ്കിലും പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
1963 മുതൽ വിനോദ്‌കനുംഗോയുടെ നേതൃത്വത്തിൽ ക്രമമായി പ്രസിദ്ധീകരിച്ചുവരുന്ന ജ്ഞാനമണ്ഡലമാണ് മറ്റൊരു എണ്ണപ്പെട്ട രചന. ശരാശരി 175 പുറങ്ങളുള്ള 18 വാല്യങ്ങള്‍ 1976 വരെ പ്രകാശനം ചെയ്യപ്പെട്ടു. 30 വാല്യങ്ങളിൽ എന്‍സൈക്ലോപീഡിയ മുഴുമിപ്പിക്കാനാണ് കനുംഗോയുടെ ശ്രമം. ജ്ഞാനമണ്ഡലവും അനുവർണസംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്. രണ്ട് വിജ്ഞാനകോശങ്ങളിലും ചിത്രങ്ങളുണ്ട്.
തെലുഗു
തെലുഗുഭാഷയിൽ ആദ്യമായൊരു എന്‍സൈക്ലോപീഡിയ പ്രസാധനം ചെയ്യാന്‍ മുതിർന്നതു കൊമർരാജു വെങ്കടലക്ഷ്‌മണറാവു എന്ന പണ്ഡിതനാണ്. ദക്ഷിണേന്ത്യന്‍ ഭാഷകളിൽ ഈ പ്രസ്ഥാനത്തിലുള്ള ആദ്യത്തെ സംരംഭവും ഇതുതന്നെയാണ്. ശരാശരി 100 പുറങ്ങളുള്ള ലഘുപുസ്‌തകങ്ങൽ മാസന്തോറും പ്രസിദ്ധീകരിക്കുവാനാണ് റാവു ഉദ്ദേശിച്ചത്. 1912-ൽ ആദ്യത്തെ പുസ്‌തകം പ്രസിദ്ധീകരിച്ചു; പക്ഷേ രണ്ടു വാല്യങ്ങളേ അദ്ദേഹത്തിനു പ്രകാശനം ചെയ്യാന്‍ സാധിച്ചുള്ളു. രാജുവിന്റെ മരണത്തോടുകൂടി (1922) അദ്ദേഹം ആരംഭിച്ച പരിപാടിക്കു മുടക്കം സംഭവിച്ചു. 1926-ൽ കാശിനാഥ നാഗേശ്വരറാവു രാജുവിന്റെ പരിപാടി പുനരാരംഭിക്കുവാന്‍ ശ്രമിച്ചു. മൂന്നുഭാഗങ്ങള്‍ അദ്ദേഹം പുറത്തുകൊണ്ടുവന്നു; മൂന്നാം ഭാഗം അച്ചടിച്ചുകൊണ്ടിരിക്കവേ അദ്ദേഹവും അന്തരിച്ചു.
അനുവർണക്രമത്തിലുള്ള ഒരു പോപ്പുലർ എന്‍സൈക്ലോപീഡിയ ആന്ധ്രവിജ്ഞാനമു എന്ന ശീർഷകത്തിൽ ഏഴു വാല്യങ്ങളായി (1938-41) കാക്കിനാഡയിൽ പ്രസിദ്ധീകരിക്കപ്പെട്ടു; ഐ.കെ. ബാലസൂര്യപ്രസാദ റാവു പ്രസാധനം ചെയ്‌ത ഈ എന്‍സൈക്ലോപീഡിയയുടെ പ്രകാശനത്തിനു പത്തുവർഷം മുമ്പു ആന്ധ്രവിജ്ഞാന സർവസ്വമു എന്നൊരു പ്രസിദ്ധീകരണത്തിനു മദിരാശിയിലെ തെലുഗുഭാഷാപ്രമികള്‍ ശ്രമിച്ചിരുന്നു. വിജ്ഞാനസർവസ്വമുവിന്റെ രണ്ടുഭാഗങ്ങള്‍ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. തുടർന്ന് (1958-71) മറ്റൊരു അനുവർണ എന്‍സൈക്ലോപീഡിയകൂടി തെലുഗുഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഗ്രഹ ആന്ധ്രവിജ്ഞാനകോശമു എന്ന ശീർഷകത്തിലുള്ള പ്രസ്‌തുതകൃതി, 10 വാല്യങ്ങളിലായി ആസൂത്രണം ചെയ്‌തുവെങ്കിലും എട്ടു വാല്യത്തിൽത്തന്നെ പ്രസിദ്ധീകരണം പൂർത്തിയാക്കി. ശരാശരി 700 പുറങ്ങളുള്ള ഈ പുസ്‌തകസഞ്ചിക കെ. ലക്ഷ്‌മീ രഞ്‌ജനാണ് പ്രസാധനം ചെയ്‌തിട്ടുള്ളത്.
മദിരാശി നഗരത്തിലെ തെലുഗുഭാഷാസമിതി, ഹൈദരാബാദിലെ ആന്ധ്രപ്രദേശ് സാഹിത്യ അക്കാദമി, അതേ നഗരത്തിലുള്ള ആന്ധ്രരചയിതാസംഘം എന്നീ സ്ഥാപനങ്ങളും വിജ്ഞാനകോശരചനയിൽ താത്‌പര്യം കാണിച്ചിട്ടുണ്ട്. തെലുഗുഭാഷാസമിതിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച തെലുങ്കു വിജ്ഞാനസർവസ്വമു വിഷയാടിസ്ഥാനത്തിലുള്ള പ്രസിദ്ധീകരണമാണ്. പതിനാറ് വാല്യങ്ങളിൽ പൂർത്തിയാവുന്ന ഈ കൃതിയുടെ 12 വാല്യങ്ങള്‍ പ്രകാശനം ചെയ്‌തിട്ടുണ്ട്. ഓരോ വാല്യവും ഓരോ വിഷയവിഭാഗത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. ചരിത്രം, രാജനീതി, ഭൗതികം, രസായനശാസ്‌ത്രം, തെലുഗുസംസ്‌കാരം (2 വാല്യങ്ങള്‍), പ്രാചീനവാണിജ്യം, ഭൂമിശാസ്‌ത്രം, വിശ്വസാഹിത്യം, തത്ത്വചിന്തയും മതവും, കൃഷി, മൃഗസംരക്ഷണം, വനം, ഗണിതം, ജ്യോതിശ്ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രങ്ങള്‍, എന്‍ജിനീയറിങ് എന്നീ വിഷയങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട 2 വാല്യങ്ങളുടെ ഉള്ളടക്കം. വിജ്ഞാനസർവസ്വമുവിന്റെ ചില ഭാഗങ്ങള്‍ പുനർമുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. ശരാശരി 850 പുറങ്ങളാണ് ഓരോ വാല്യത്തിലുമുള്ളത്.
ആന്ധ്രയിലെ എഴുത്തുകാരുടെ സംഘത്തിന്റെ (രചയിതാസംഘം) സംഭാവനയാണ് ആന്ധ്രചരിത്രഭൂഗോള സർവസ്വമു. ശരാശരി 600 പുറങ്ങളുള്ള മൂന്നുവാല്യങ്ങള്‍ 1975-76-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഉള്ളടക്കസംവിധാനത്തിന് അനുവർണക്രമം സ്വീകരിച്ചിട്ടുള്ള ഈ കൃതി ആന്ധ്രപ്രദേശത്തെക്കുറിച്ചുള്ള പ്രത്യേക വിഷയാധിഷ്‌ഠിത വിജ്ഞാനകോശമാണ്.
ആന്ധ്രപ്രദേശ് സാഹിത്യ അക്കാദമിയുടെ വിജ്ഞാനദ്വീപിക വിദ്യാർഥികളെ ഉദ്ദേശിച്ചു രചിച്ചിട്ടുള്ള ഒരു പ്രസിദ്ധീകരണമാണ്. മാനവികശാസ്‌ത്രശാഖകളെക്കുറിച്ചുള്ള ലേഖനങ്ങളടങ്ങുന്ന വിജ്ഞാനദീപികയുടെ രണ്ട് വാല്യങ്ങള്‍ പ്രസിദ്ധീകൃതമായി.
തമിഴ്
ശിങ്കാരവേലു മുതലിയാരുടെ അപിതാനചിന്താമണി (1910)യാണ് തമിഴിലെ ആദ്യത്തെ എന്‍സൈക്ലോപീഡിയ. തികച്ചും ആധുനികരീതിയിലുള്ള എന്‍സൈക്ലോപീഡിയാനിർമാണം തമിഴർ ആരംഭിച്ചത് സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം മാത്രമാണ്. 1947 ആഗ. 15-നു തമിഴ് വളർച്ചി(വികസന) കഴകം എന്നൊരു സമിതി രൂപീകരിച്ച് കലൈകളഞ്ചിയം എന്ന ശീർഷകത്തിലൊരു വിജ്ഞാനകോശം നിർമിക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചു. പെരിയസ്വാമി തൂരന്‍ ചീഫ് എഡിറ്ററായുള്ള ഒരു പ്രസാധനസമിതിയാണ് ഇതിന്റെ നിർമാണഭാരം ഏറ്റെടുത്തത്. 1954-63 വർഷങ്ങളിൽ ശരാശരി 750 പുറങ്ങളുള്ള ഒമ്പതു വാല്യങ്ങള്‍ ഈ സമിതി പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച വാല്യങ്ങളിൽ ഉള്‍പ്പെടാത്ത വിഷയങ്ങളും ഇന്‍ഡക്‌സും അടങ്ങുന്ന പത്താമത്തെ ഇണൈപ്പു തൊകുതി (supplement) 1968-ൽ പ്രകാശനം ചെയ്‌തു. കലൈകളഞ്ചിയത്തെ അറിവിയന്‍ കളഞ്ചിയം, വാഴ്‌വിയൽ കളഞ്ചിയം എന്നിങ്ങനെ രണ്ടുവിഭാഗങ്ങളായി തിരിച്ച് (പത്തുവാല്യങ്ങള്‍ വീതം) തമിഴ് സർവകലാശാല സമീപകാലത്ത് പുനഃപ്രസിദ്ധീകരിച്ചു. തമിഴ് വളർച്ചികഴകത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കുവേണ്ടി കുഴന്തൈകള്‍ കലൈക്കളഞ്ചിയം എന്ന പേരിലൊരു 10 വാല്യ എന്‍സൈക്ലോപീഡിയയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അബ്‌ദുൽ ഹമീദ് രചിച്ച ഇസ്‌ലാമിക കലൈക്കളഞ്ചിയം ഇസ്‌ലാംമതസംബന്ധിയായ ഒരു പ്രത്യേകവിഷയാധിഷ്‌ഠിത എന്‍സൈക്ലോപീഡിയയാണ്. ക്രൗണ്‍ നാലിലൊന്ന് വലുപ്പത്തിൽ 710 പുറങ്ങളുള്ള ആദ്യത്തെ വാല്യത്തിൽ "അ' മുതൽ "ഇ' വരെയുള്ള അക്ഷരങ്ങളിൽ ആരംഭിക്കുന്ന വിഷയശീർഷകങ്ങള്‍ സംവിധാനം ചെയ്‌തിരിക്കുന്നു.
കന്നഡ
കന്നഡസാഹിത്യകലാരംഗങ്ങളിൽ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ വ്യക്തിയാണ് വിഖ്യാതകഥാകൃത്തായ കോട്ട ശിവരാമകാരന്ത്. എന്‍സൈക്ലോപീഡിയാ രംഗത്തെ ആദ്യത്തെ പരീക്ഷണത്തിന്റെ പ്രാണേതാവും ശിവരാമകാരന്ത് തന്നെയാണ്. അദ്ദേഹത്തിന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ രണ്ടു കന്നഡവിജ്ഞാനകോശങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കുട്ടികള്‍ക്കുവേണ്ടി ബാലപ്രപഞ്ചവും ശാസ്‌ത്രവിഷയങ്ങളെ ജനതാമധ്യത്തിലെത്തിക്കാനായി വിജ്ഞാനപ്രപഞ്ചവും അദ്ദേഹം തയ്യാറാക്കി. യഥാക്രമം മൂന്നും അഞ്ചും വാല്യങ്ങളിൽ പ്രകാശനം ചെയ്യപ്പെട്ട രണ്ടുകൃതികളും കന്നഡ ഭാഷയുടെ കലവറയെ കനപ്പിക്കുകതന്നെ ചെയ്‌തു.
എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക തുടങ്ങിയ ആധുനികവിജ്ഞാനകോശങ്ങളുടെ മാതൃകയിലൊരു ബൃഹത്തായ എന്‍സൈക്ലോപീഡിയ നിർമിക്കുവാന്‍ ദശകങ്ങളായി ചെയ്‌തുവന്ന പരിശ്രമങ്ങള്‍ കന്നഡ വിശ്വകോശത്തിന്റെ പ്രസിദ്ധീകരണത്തിനു വഴിതെളിച്ചു. 1960-ൽ കർണാടകസാഹിത്യപരിഷത്ത് തുടങ്ങിവച്ച എന്‍സൈക്ലോപീഡിയാ പദ്ധതി, മൈസൂർ ഗവണ്‍മെന്റിന്റെ സാഹിത്യസാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് പ്രാരംഭപ്രവർത്തനങ്ങള്‍ നടത്തി. ഏഴുകൊല്ലങ്ങള്‍ക്കുള്ളിൽ ഒരു മാതൃകാവാല്യം പുറത്തിറക്കാനേ സർക്കാർ വകുപ്പിനു കഴിഞ്ഞുള്ളൂ. 1968-ൽ സാംസ്‌കാരികവകുപ്പ് നിർത്തലാക്കിയപ്പോള്‍, എന്‍സൈക്ലോപീഡിയയുടെ നിർമാണം മൈസൂർ സർവകലാശാലയുടെ കന്നഡവകുപ്പിനു വിട്ടുകൊടുത്തു. 45,000 ശീർഷകങ്ങളുള്‍ക്കൊള്ളുന്ന 14 വാല്യങ്ങളിലായി കന്നഡ വിശ്വകോശ പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയും, കന്നഡ പഠനങ്ങള്‍ക്കുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിനെ പ്രസാധനഭാരം ഏല്‌പിക്കുകയും ചെയ്‌തതോടെ പ്രവർത്തനങ്ങള്‍ ത്വരിതഗതിയിലേക്കു നീങ്ങി. ഓരോ വാല്യത്തിലും എണ്ണൂറോളം പുറങ്ങള്‍ വീതമാണുള്ളത്. അനുവർണക്രമത്തിലുള്ള ഉള്ളടക്ക സംവിധാനം, തെളിഞ്ഞ ചിത്രങ്ങള്‍, വിദഗ്‌ധരുടെ ലേഖനങ്ങള്‍ എന്നിവ വിശ്വകോശത്തിന്റെ സവിശേഷതകളിൽപ്പെടുന്നു. ഓരോ വാല്യത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയശീർഷകങ്ങളുടെ ഇംഗ്ലീഷിലുള്ള സംജ്ഞകള്‍ (terms) അക്ഷരക്രമത്തിലാക്കി രചിച്ചിട്ടുള്ള ഒരു പട്ടികയും വാല്യങ്ങളുടെ അന്ത്യത്തിൽ കാണാം. ലേഖനങ്ങള്‍ അച്ചടിച്ചിട്ടുള്ള പേജിന്റെ സംഖ്യയും പട്ടികയിൽ ചേർത്തിരിക്കുന്നു. എച്ച്.എം. നായക് ആണ് ഇതിന്റെ എഡിറ്റർ. നിരഞ്‌ജന എഡിറ്റ് ചെയ്‌ത കന്നഡ ബാലവിശ്വകോശ എണ്ണപ്പെട്ട ഒരു കൃതിയാണ്.
മലയാളം
മലയാളത്തിൽ വിജ്ഞാനകോശ നിർമാണമാരംഭിച്ചത് 20-ാം നൂറ്റാണ്ടിലാണെന്നു കാണാം. വിദേശവാണിജ്യബന്ധവും വിദേശികളുമായി നേരിട്ടുള്ള സമ്പർക്കവും വിദേശഭാഷാ സാഹിത്യപ്രചാരണവും ആവോളം ഉണ്ടായിരുന്നിട്ടും വിജ്ഞാനകോശനിർമാണത്തിന് മലയാളികള്‍ വളരെ പിന്നിലായിരുന്നു. കുഴിത്തുറ വി.എം. സ്‌കൂളിൽ പ്രധാനാധ്യാപകനായി സേവനമനുഷ്‌ഠിച്ചിരുന്ന ആർ. ഈശ്വരപിള്ളയാണ് ഈ രംഗത്ത് ആദ്യമായി ഉദ്യമിച്ചത്. 1936-37 കാലത്ത് ആർ. ഈശ്വരപിള്ളയുടെ നേതൃത്വത്തിൽ സമസ്‌തവിജ്ഞാനഗ്രന്ഥാവലി എന്ന ഗ്രന്ഥം വിജ്ഞാനകോശങ്ങളുടെ സംഗ്രഹിച്ചുള്ള പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ടു. ക്രൗണ്‍ നാലിലൊന്ന് വലുപ്പത്തിൽ 14 പോയിന്റ് അക്ഷരത്തിൽ 204 പുറങ്ങളിലായിട്ടാണ് ഗ്രന്ഥം സജ്ജമാക്കിയിട്ടുള്ളത്.
ഇതിൽ 42 പേജിൽ അക്ഷരമാലാസൂചികയും എട്ട് പേജ് ആമുഖവുമാണ്. ആമുഖത്തിൽ ഒരു വിജ്ഞാനകോശത്തിന്റെ ആവശ്യകതയും തയ്യാറാക്കുന്നവിധവും വിവരിച്ചിട്ടുണ്ട്. വിജ്ഞാനത്തിന് നിർവചനവും കൊടുത്തിട്ടുണ്ട്. തിരുവനന്തപുരം ശ്രീരാമവിലാസം പ്രസ്സിലാണ് ഇതിന്റെ മുദ്രണം നിർവഹിച്ചത്. "അ'കാരത്തിലെ ശീർഷകങ്ങള്‍ മാത്രമേ എഴുതിത്തീർക്കാന്‍ സാധിച്ചുള്ളൂ. ഈ വിജ്ഞാനയത്‌നം അപൂർണമായിത്തന്നെ അവശേഷിക്കുന്നു.1933-ൽ പ്രകാശനം ചെയ്‌ത സാഹിത്യാഭരണം നിഘണ്ടുവിൽ ഗ്രന്ഥകാരന്മാരെക്കുറിച്ചുള്ള ചെറുവിവരണം, പദങ്ങളുടെ അർഥവിവരണം, ജീവചരിത്രക്കുറിപ്പുകള്‍, ഗ്രന്ഥങ്ങളുടെ വിവരണം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ സാഹിത്യവിജ്ഞാനകോശമായി കരുതപ്പെടുന്ന ഇതിന്റെ കർത്താവ് ശ്രീകണ്‌ഠേശ്വരം പദ്‌മനാഭപിള്ള (1864-1946) ആണ്. ഡിമൈ വലുപ്പത്തിൽ നാലു സഞ്ചികകളായി ഇത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. 1934-ൽ ഇതിന്റെ പുതിയ പതിപ്പിറക്കി. സാഹിത്യ സംബന്ധിയായ വിഷയങ്ങള്‍ സമഗ്രമായി ചേർക്കുകയും പ്രസിദ്ധസാഹിത്യകാരന്മാരുടെ സാഹിത്യസംഭാവനകളുടെ സാമാന്യവിവരണങ്ങള്‍ നല്‌കുകയും ചെയ്‌തിട്ടുണ്ട്. മലയാളത്തിലെ പ്രഥമ വിഷയാധിഷ്‌ഠിത വിജ്ഞാനകോശം എന്ന സ്ഥാനം ഇതർഹിക്കുന്നു.
വിജ്ഞാനം
മാത്യു എം. കുഴിവേലി പ്രസിദ്ധപ്പെടുത്തിയ മലയാളം പോപ്പുലർ എന്‍സൈക്ലോപീഡിയ (വിജ്ഞാനം) എന്ന കൃതി മറ്റൊരു എണ്ണപ്പെട്ട വിജ്ഞാനകോശമാണ്. ആർതർ മീയുടെ ചിൽഡ്രന്‍സ് എന്‍സൈക്ലോപീഡിയയുടെ മാതൃകയിൽ എട്ടു വാല്യങ്ങളിലായാണ് ഈ കോശഗ്രന്ഥം വിന്യസിച്ചിട്ടുള്ളത്. ലോകവിജ്ഞാനത്തെ വിശ്വം, ഭൂമി, ദ്രവ്യം, ഊർജം, സസ്യലോകം, ജന്തുലോകം, ജീവന്‍, മനുഷ്യന്‍, രാജ്യങ്ങള്‍, ജനങ്ങള്‍ എന്നിങ്ങനെയുള്ള 14 വിഭാഗങ്ങളിലായി വിഭജിച്ച് ലേഖനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ നിർമാണപ്രക്രിയ 1950-ൽ തുടങ്ങി 1973-ൽ അവസാനിപ്പിച്ചു. 1620 ലേഖനങ്ങള്‍ ഈ വാല്യങ്ങളിൽ ചേർത്തിരിക്കുന്നു. കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന്റെ അധ്യക്ഷനായിരുന്ന ഗ്രന്ഥകാരന്‍ തന്റെ സ്വന്തം പ്രസിദ്ധീകരണശാലയിലാണ് (ബാലന്‍ പബ്ലിക്കേഷന്‍സ്) വിജ്ഞാനം പ്രസിദ്ധീകരിച്ചത്. ഡോ. എൽ.എ. രവിവർമയുടെ നേതൃത്വത്തിലുള്ള പ്രഗല്‌ഭരായ ഒരു കൂട്ടം എഡിറ്റർമാർ പ്രതിഫലം വാങ്ങാതെയാണ് വിജ്ഞാനത്തിലെ ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. അനുപാതത്തിലും ആവിഷ്‌കരണരീതിയിലും അപാകതകളുണ്ടെങ്കിലും ഏറെക്കുറെ ആധികാരികവും വിപുലവുമാണ് വിജ്ഞാനം.
വിശ്വവിജ്ഞാനകോശം
എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ മാതൃകയിൽ കോട്ടയം സാഹിത്യപ്രവർത്തക സഹകരണസംഘം 1966 ഒക്‌ടോബറിൽ പത്തു വാല്യങ്ങളുള്ള ഒരു മലയാള വിജ്ഞാനകോശ നിർമാണത്തിന് പ്രാരംഭം കുറിക്കാന്‍ തീരുമാനിക്കുകയും 1967 ഏ. 1-ന് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു. പി.ടി. ഭാസ്‌കരപ്പണിക്കരുടെ നേതൃത്വത്തിൽ കെ.പി.എസ്.മേനോന്‍ അധ്യക്ഷനായി ഒരു ഉപദേശക സമിതിയും വിവിധ വിജ്ഞാനശാഖകളിൽ പ്രാവീണ്യം നേടിയവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു എഡിറ്റോറിയൽ ബോർഡുമാണ് ഇതിനുവേണ്ടി പ്രവർത്തിച്ചത്. 1970 ഏപ്രിലിൽ ഒന്നും രണ്ടും വാല്യങ്ങളും 1971 ജനുവരിയിൽ മൂന്നും നാലും വാല്യങ്ങളും 1971 സെപതംബറിൽ അഞ്ചും ആറും വാല്യങ്ങളും 72 മേയിൽ ഏഴും എട്ടും 72 ഡിസംബറിൽ മറ്റു രണ്ടു വാല്യങ്ങളും പ്രസിദ്ധീകരിച്ചു. 1000 പേജുവീതമുള്ള ഈ വാല്യങ്ങളിൽ 12,000 ശീർഷകങ്ങളും 8,000-ത്തിലേറെ ചിത്രങ്ങളും ചേർത്തിരിക്കുന്നു. 10-ാം വാല്യം ലേഖകരുടെ വിവരവും ഉള്‍ക്കൊള്ളുന്നു. 1992-ൽ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ12 വാല്യങ്ങള്‍) പ്രസിദ്ധീകരിച്ചു. 12-ാം വാല്യം 1998 ജനുവരിയിൽ പുറത്തിറക്കി.
സർവവിജ്ഞാനകോശം
മാതൃഭാഷയിൽ സാധാരണക്കാരായ ജനങ്ങളെ വിജ്ഞാനരംഗത്തെ വികാസപരിണാമങ്ങളിൽ വിജ്ഞേയരാക്കുന്നതിനു സഹായകമായി ഒരു മലയാളം എന്‍സൈക്ലോപീഡിയ എന്ന ലക്ഷ്യത്തോടുകൂടി കേരളസംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ 1961-ൽ ആരംഭിച്ച സംരംഭമാണിത്. പ്രാഫ. എന്‍. ഗോപാലപിള്ള ചീഫ് എഡിറ്ററായി ഒരു പത്രാധിപസമിതി 62-ൽ രൂപീകരിച്ചു. 1969-ൽ ചീഫ് എഡിറ്ററുടെ നിര്യാണംമൂലം കുറേക്കാലം പ്രവർത്തനം നടന്നില്ല. തദനന്തരം ഡോ. കെ.എം. ജോർജ് ചീഫ് എഡിറ്ററായി നിയമിതനാവുകയും എന്‍സൈക്ലോപീഡിയയുടെ ആസൂത്രണത്തിൽ പല പരിഷ്‌കാരങ്ങള്‍ വരുത്തുകയും ചെയ്‌തു. മലയാളം എന്‍സൈക്ലോപീഡിയ എന്നുപേരിട്ടിരുന്ന സംരംഭം സർവവിജ്ഞാനകോശം എന്ന പേരിലാക്കി. പത്തുവാല്യമെന്ന സങ്കല്‌പം മാറ്റി ഇരുപത് വാല്യങ്ങള്‍ ആകാമെന്നു തീരുമാനിച്ചു. സുഗമമായ പ്രവർത്തനത്തിനായി ലോകവിജ്ഞാനത്തെ നാല്‌പത് ശാഖകളായിത്തിരിച്ച് അവയെ പത്തുവിഭാഗങ്ങളായി പുനർവിന്യസിച്ച് അതതു വിഷയങ്ങളിൽ ഉപദേശകസമിതി അംഗീകരിച്ച് പ്രാഗല്‌ഭ്യമുള്ളവരെക്കൊണ്ട് ലേഖനമെഴുതിച്ച് പത്രാധിപസമിതി അവ സൂക്ഷ്‌മവിശകലനം നടത്തി അകാരാദിക്രമത്തിലാക്കി ലേഖനസംവിധാനത്തിനോടൊപ്പം പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി.
1972-ൽ ഒന്നാം വാല്യവും 1974-ൽ രണ്ടാം വാല്യവും ഡോ. കെ.എം. ജോർജിന്റെ നേതൃത്വത്തിലും തുടർന്നുള്ള ആറു വാല്യങ്ങള്‍ ചീഫ് എഡിറ്ററും ഡയറക്‌ടറുമായി നിയമിതനായ ഡോ. വെള്ളായണി അർജുനന്റെ നേതൃത്വത്തിലും പ്രസിദ്ധീകരിച്ചു. 1976-ൽ ഈ സ്ഥാപനം സ്വയം ഭരണസ്ഥാപനമാക്കാന്‍ സർക്കാർ തീരുമാനിച്ചു. തുടർന്ന് മൂന്നാം വാല്യം (1976, ആഗസ്റ്റ്) നാലാം വാല്യം (1978 മാർച്ച്), അഞ്ചാം വാല്യം (1979 ആഗസ്റ്റ്), ആറാം വാല്യം (1981 ആഗസ്റ്റ്), ഏഴാം (1984 ജൂലൈ), എട്ടാം വാല്യം (1987 മേയ്) എന്നീ ക്രമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1988 ജൂല. 1-ന് ഡയറക്‌ടറായി നിയമിതനായ ഡോ. സി.ജി. രാമചന്ദ്രന്‍നായരുടെ നേതൃത്വത്തിൽ ഒന്‍പതാം വാല്യം (1990 മേയിൽ) പ്രസിദ്ധീകരിച്ചു. തുടർന്ന് ഡയറക്‌ടറായ ഡോ. ജോർജ് ഓണക്കൂറിന്റെ മുഖ്യ പത്രാധിപത്യത്തിൽ 10-ാം വാല്യവും (1995 ഡിസംബർ) പിന്നീട് പ്രാഫ. വി. അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ 11-ാം വാല്യവും (2000 മാർച്ച്) പ്രകാശനം ചെയ്‌തു. 2001 ആഗ. 29-ന് ഡോ. വെള്ളായണി അർജുനന്‍ വീണ്ടും ഡയറക്‌ടറായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 12-ാം വാല്യം (2003 ആഗസ്റ്റ്) പ്രസിദ്ധീകരിച്ചു. തുടർന്ന് ഡോ. എം.ആർ. തമ്പാന്റെ നേതൃത്വത്തിൽ 13-ാം വാല്യം 2005-ലും പ്രാഫ. പാപ്പൂട്ടിയുടെ നേതൃത്വത്തിൽ 14-ാം വാല്യം 2008-ലും 15-ാം വാല്യം 2010-ലും പ്രസിദ്ധീകരിച്ചു. സർവവിജ്ഞാനകോശവാല്യങ്ങള്‍ അതീവ ശ്രദ്ധയോടും നിഷ്‌കർഷയോടുംകൂടിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെയും പുറമേയുമുള്ള വിദഗ്‌ധർ തയ്യാറാക്കുന്ന ലേഖനങ്ങള്‍ അംഗീകരിക്കുന്നതിനുമുമ്പായി മൂന്ന് വിദഗ്‌ധന്മാരെക്കൊണ്ടെങ്കിലും സൂക്ഷ്‌മപരിശോധന നടത്തിവരുന്നുണ്ട്. ഇതിലെ ഓരോ ലേഖനവും പരിശോധിച്ചാൽ അവ മറ്റു സ്വകാര്യസ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന വിജ്ഞാനകോശങ്ങളിൽ കണ്ടുവരുന്ന ലേഖനങ്ങളെക്കാള്‍ വിശദവും ആധികാരികസ്വഭാവമുള്ളതും സമ്പൂർണവുമാണെന്നു കാണാം. ഇതിന്റെ 20 വാല്യങ്ങളും പൂർത്തിയാകുമ്പോള്‍ ഈ ഗ്രന്ഥപരമ്പര മലയാളവിജ്ഞാനസാഹിത്യത്തിന് ഗണ്യമായ മുതൽക്കൂട്ടായിത്തീരുമെന്ന കാര്യം അവിതർക്കിതമാണ്.
വിശ്വസാഹിത്യവിജ്ഞാനകോശം
സർവവിജ്ഞാനകോശം എന്ന പൊതുവിജ്ഞാനകോശത്തിനു പുറമേ സർവവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാനകോശ പരമ്പരയിലെ പ്രഥമപദ്ധതിയായ വിശ്വസാഹിത്യവിജ്ഞാനകോശത്തിന്റെ പ്രവർത്തനോദ്‌ഘാടനം 1984 ഫെ. 22-ന് അന്നത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ. വെള്ളായണി അർജുനന്റെ നേതൃത്വത്തിൽ നടക്കുകയും 1985 മാർച്ച് മാസത്തിൽ ശീർഷകസമാഹരണം ആരംഭിക്കുകയും ചെയ്‌തു. ലോകഭാഷകള്‍ക്കും സാഹിത്യങ്ങള്‍ക്കും പ്രാധാന്യം നല്‌കുന്നതോടൊപ്പം സാഹിത്യകാരന്മാർ, സാഹിത്യകൃതികള്‍, സാഹിത്യപ്രവണതകള്‍, സാഹിത്യപ്രസ്ഥാനങ്ങള്‍, സാഹിത്യസംഘങ്ങള്‍, സംഘടനകള്‍, സാഹിത്യപുരസ്‌കാരങ്ങള്‍ എന്നിങ്ങനെയുള്ളവയ്‌ക്കെല്ലാം പ്രാധാന്യം നല്‌കി പത്തുവാല്യങ്ങളുടെയും ശീർഷകങ്ങള്‍ സമാഹരിച്ച് വിദഗ്‌ധന്മാരുടെ സൂക്ഷ്‌മാവലോകനം കഴിഞ്ഞ് പുസ്‌തകരൂപത്തിലാക്കിയശേഷമാണ് വാല്യത്തിന്റെ അച്ചടി തുടങ്ങിയത്. ഇതിലേക്കായി 30,000 ശീർഷകങ്ങള്‍ ആദ്യന്തം മലയാളത്തിലെ അക്ഷരമാലാക്രമത്തിലാക്കി സജ്ജീകരിച്ചിട്ടുണ്ട്. എഴുത്തുകാർ സാഹിത്യരംഗത്ത് എങ്ങനെ അറിയപ്പെടുന്നുവോ ആ രീതിയിൽത്തന്നെ ശീർഷകങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയാണ് ഇതിൽ ചെയ്‌തിരിക്കുന്നത്. മേയിൽ ഒന്നാം വാല്യം 1994 ആഗസ്റ്റ് മാസം പ്രസിദ്ധീകരിച്ചു. പ്രാഫ. എം. അച്യുതനായിരുന്നു അപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ. "അ' മുതൽ "ആഴ്‌വാർ കവികള്‍' വരെ 2007 ലേഖനങ്ങള്‍ 800 പേജിലും 34 പേജിൽ അവയുടെ സൂചികയും ഉള്‍പ്പെടെ 834 പേജ് ഒന്നാം വാല്യത്തിനുണ്ട്.
ഈ ഗ്രന്ഥപരമ്പരയുടെ രണ്ടാംവാല്യം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസാരഥിയായിരുന്ന ഡോ. ജോർജ് ഓണക്കൂറിന്റെ മേൽനോട്ടത്തിൽ 1996 ഡിസംബറിൽ പ്രസിദ്ധീകരിക്കപ്പെട്ടു. "ഇ' മുതൽ "ഔഹദി മറാഗി' വരെയുള്ള 1513 ശീർഷകങ്ങളും 615 പേജുകളും 43 പേജുകളിലായി അവയുടെ സൂചികയുമുള്‍പ്പെടെ 658 പേജുകളുണ്ട് ഈ വാല്യത്തിന്. പിന്നീട് ഡോ. വെള്ളായണി അർജുനന്റെ നേതൃത്വത്തിൽ മൂന്നാം വാല്യം 2002 ഒക്‌ടോബറിലും 4-ാം വാല്യം 2004 ജൂണിലും പ്രസിദ്ധീകരിച്ചു. ഡോ. എം.ആർ. തമ്പാന്റെ നേതൃത്വത്തിൽ 2005 ഡിസംബറിൽ 5-ാം വാല്യവും പ്രാഫ. പാപ്പൂട്ടിയുടെ നേതൃത്വത്തിൽ 2009 മേയിൽ 6-ാം വാല്യവും 2010 മാർച്ചിൽ 7-ാം വാല്യവും പ്രാഫ. തുമ്പമണ്‍ തോമസിന്റെ നേതൃത്വത്തിൽ 2012-ൽ 8-ാം വാല്യവും പ്രസിദ്ധീകരിച്ചു.
പരിസ്ഥിതിവിജ്ഞാനകോശം,ജ്യോതിശ്ശാസ്‌ത്രവിജ്ഞാനകോശം,പരിണാമവിജ്ഞാനകോശം
പരിസ്ഥിതിവിജ്ഞാനകോശം (2000), ജ്യോതിശ്ശാസ്‌ത്രവിജ്ഞാനകോശം (2010), പരിണാമവിജ്ഞാനകോശം (2010) എന്നിവയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റു വിഷയാധിഷ്‌ഠിത വിജ്ഞാനകോശങ്ങള്‍. പരിസ്ഥിതിവിജ്ഞാനകോശത്തിൽ ഊർജസംരക്ഷണം, ഊർജസ്രാതസ്സുകള്‍, കണ്ടൽക്കാടുകള്‍, ആണവമാലിന്യങ്ങള്‍, കീടനാശിനികള്‍, ജലമലിനീകരണം, വായുമലിനീകരണം, വനനശീകരണം, പരിസ്ഥിതിദുരന്തങ്ങള്‍, മൂടൽമഞ്ഞ്, വന്യജീവി സംരക്ഷണം തുടങ്ങി പരിസ്ഥിതി സംബന്ധിയായ വിഷയങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു. ജ്യോതിശ്ശാസ്‌ത്രവിജ്ഞാനകോശത്തിൽ ജ്യോതിശ്ശാത്രജ്ഞർ, പ്രപഞ്ചപ്രതിഭാസങ്ങള്‍, ജ്യോതിശ്ശാസ്‌ത്രതത്ത്വങ്ങള്‍, ജ്യോതിശ്ശാസ്‌ത്രചരിത്രം, ജ്യോതിശ്ശാസ്‌ത്രശാഖകള്‍, ബഹിരാകാശപര്യവേക്ഷണ ചരിത്രം, ജ്യോതിശ്ശാത്രപഠനോപകരണങ്ങള്‍, വാനനിരീക്ഷണാലയങ്ങള്‍ തുടങ്ങി ജ്യോതിശ്ശാസ്‌ത്രസംബന്ധിയായ സമസ്‌തവിഷയങ്ങളും പ്രതിപാദിക്കുന്നു.
പരിണാമവിജ്ഞാനകോശത്തിൽ ജീവന്റെ ഉത്‌പത്തിയും പരിണാമവും ഡാർവിന്റെയും മറ്റും പരിണാമസിദ്ധാന്തങ്ങള്‍, തന്മാത്രാപരിണാമങ്ങള്‍, മണ്ണടിഞ്ഞുപോയ ചെറുതും ഭീമാകാരങ്ങളുമായ ജീവവംശങ്ങളുടെ ചരിത്രം, ഏകകോശജീവികളിൽത്തുടങ്ങി മനുഷ്യന്‍ വരെയുള്ള ജീവജാലങ്ങളുടെ പിറവിയുടെയും പരിണാമത്തിന്റെയും വിശദമായ പ്രതിപാദനം തുടങ്ങിയവയുടെ സചിത്രലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മറ്റു മലയാള വിജ്ഞാനകോശങ്ങള്‍
1964-ൽ വെട്ടം മാണി പ്രസിദ്ധീകരിച്ച "പുരാണനിഘണ്ടു'വിന്റെ പരിഷ്‌കരിച്ച പതിപ്പാണ് പുരാണിക് എന്‍സൈക്ലോപീഡിയ (1971). ഭാരതീയ പുരാണഗ്രന്ഥങ്ങളിലെ എല്ലാ കഥാപാത്രങ്ങളും പുണ്യസ്ഥലങ്ങളും അവയുമായി ബന്ധപ്പെട്ടുവരുന്ന സൂചിതകഥകളും ഉപകഥകളും തുടങ്ങി എല്ലാ വിവരണങ്ങളും ഉള്‍ക്കൊള്ളുന്ന ഈ കോശഗ്രന്ഥം സമഗ്രമായ ഒരു വിജ്ഞാനകോശം തന്നെയാണ്. ഈ ഗ്രന്ഥത്തിന് ഇംഗ്ലീഷിലും തമിഴിലും ഹിന്ദിയിലും പരിഭാഷകളുണ്ടായിട്ടുണ്ട്. പ്രധാന പുരാണകഥാപാത്രങ്ങള്‍ എന്ന ശീർഷകത്തിൽ 1995-ൽ കോഴിക്കോട് പൂർണാ പബ്ലിക്കേഷന്‍സ് നിഘണ്ടുരൂപത്തിലുള്ള ഒരു കോശഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളസാഹിത്യകാരനായ പമ്മന്‍ തയ്യാറാക്കിയിട്ടുള്ള ഈ ഗ്രന്ഥത്തിൽ പ്രധാന ഇതിഹാസഗ്രന്ഥങ്ങളിൽനിന്നും തെരഞ്ഞെടുത്തിട്ടുള്ള കഥാപാത്രങ്ങളെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ ശാഖയിൽപ്പെട്ട മറ്റൊരു റഫറന്‍സ് ഗ്രന്ഥമാണ് ആർ.എസ്. വർമജിയുടെ രാമായണകഥാപാത്രങ്ങള്‍. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ പ്രാഫ. അയ്‌മനം കൃഷ്‌ണക്കൈമള്‍ തയ്യാറാക്കിയതും 1986-ൽ പ്രസിദ്ധീകരിച്ചതും കഥകളിയെപ്പറ്റി സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒറ്റ വാല്യത്തിലുള്ള ഒരു വിജ്ഞാനകോശമാണ് കഥകളിവിജ്ഞാനകോശം. നാലുഭാഗങ്ങളിലായി തിരിച്ചിട്ടുള്ള ഇതിന്റെ ഒന്നാംഭാഗത്തിൽ അഭിനയസങ്കേതങ്ങള്‍, രണ്ടാംഭാഗത്തിൽ ആട്ടക്കഥകളും കഥാകാരന്മാരും, മൂന്നാംഭാഗത്തിൽ കഥാപാത്രങ്ങള്‍, നാലാംഭാഗത്തിൽ കലാകാരന്മാർ എന്നീ വിഷയങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കന്നു. ശീർഷകങ്ങള്‍ അകാരാദിക്രമത്തിൽ "അക്ഷക്രീഡ' മുതൽ "വീരകേരളവർമ, കൊച്ചി'വരെ വ്യാപിച്ചു കിടക്കുന്നു. ഈ ഗ്രന്ഥത്തിൽ അഭിനയസങ്കേതങ്ങള്‍ ഹസ്‌തമുദ്രകള്‍ തുടങ്ങിയ അഭിനയ സംബന്ധമായ ഇതരവിഷയങ്ങളെപ്പറ്റിയും ചർച്ച ചെയ്‌തിട്ടുണ്ട്.
വിദ്യാർഥിമിത്രം 1967-ൽ മലയാളം എന്‍സൈക്ലോപീഡിയയും വിജ്ഞാനമണ്ഡലം എന്ന കുട്ടികള്‍ക്കുള്ള കോശഗ്രന്ഥവും പ്രസിദ്ധീകരിച്ചു. തുടർന്ന് വിജ്ഞാനകോശ ശൃംഖലയിൽ വിഷയാധിഷ്‌ഠിത വിജ്ഞാനകോശങ്ങളായി ശാസ്‌ത്രസാങ്കേതിക വിജ്ഞാനകോശം (1990), വിശ്വപുരാണവിജ്ഞാനകോശം (1991), ഭൂമിശാസ്‌ത്രവിജ്ഞാനകോശം (1995), വിശ്വസാഹിത്യവിജ്ഞാനകോശം (1996) എന്നിവയും ബുക്ക് ഡെവലപ്‌മെന്റ് സൊസൈറ്റിയുമായി ചേർന്ന് പ്രസിദ്ധീകരിച്ചു. ഭാരത വിജ്ഞാനകോശം എന്ന പേരിൽ ഡി.സി. ബുക്‌സ് 1990-ൽ രണ്ടുവാല്യങ്ങളുള്ള ഒരു വിജ്ഞാനകോശവും സാധാരണക്കാരെ ഉദ്ദേശിച്ച് നാലുവാല്യങ്ങളിലായി അഖിലവിജ്ഞാനകോശം എന്ന കോശഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്.പി.സി. എസ്സിന്റെ നിയമവിജ്ഞാനകോശം (1988), ട്രാവന്‍കൂർ പബ്ലിക്കേഷന്‍സിന്റെ നിയമവിജ്ഞാനകോശം (1988), കോഴിക്കോട് ഇസ്‌ലാമിക പബ്ലിഷിങ് ഹൗസിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകൃതമായ ഇസ്‌ലാമിക വിജ്ഞാനകോശം (12 വാല്യങ്ങളിലായി സംവിധാനം ചെയ്‌തിട്ടുള്ള ഇതിന്റെ ഏഴു വാല്യങ്ങള്‍ 1995-2003 കാലഘട്ടത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്.) എന്നിവയും പ്രഭാത് ബുക്ക്‌ഹൗസ് 1977-ൽ പ്രസിദ്ധീകരിച്ച ആരോഗ്യവിജ്ഞാനകോശം, ഗാർഹിക വിജ്ഞാനകോശം, ഡി.സി. ബുക്‌സിന്റെ രതിവിജ്ഞാനകോശം (1989) പള്ളിപ്പാട്ടു കുഞ്ഞുകൃഷ്‌ണന്റെ (ജീവചരിത്രനിഘണ്ടുവിന്റെ മാതൃകയിൽ തയ്യാറാക്കിയ) മഹച്ചരിത സംഗ്രഹസാരം, വി. ബാലകൃഷ്‌ണനും ആർ.ലീലാദേവിയും സംയുക്തമായി തയ്യാറാക്കിയിട്ടുള്ള കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച, ചങ്ങാരപ്പള്ളി നാരായണന്‍പോറ്റിയുടെ മലയാളസാഹിത്യസർവസ്വം (1987) എസ്.കെ. വസന്തന്റെ സംസ്‌കാരവിജ്ഞാനകോശം (...) ദേവസ്വംബോർഡ് പ്രസിദ്ധീകരിക്കുന്ന ക്ഷേത്രവിജ്ഞാനകോശം, ഡി.സി. ബുക്‌സ് തയ്യാറാക്കിയിട്ടുള്ള സാഹിത്യസംജ്ഞാകോശം (1996) എന്നിവയും പ്രത്യേകം സ്‌മരിക്കപ്പെടേണ്ടവയാണ്. ബൈബിളിനെ അധികരിച്ച് ബൈബിള്‍ വിജ്ഞാനകോശം (1997) എന്ന പേരിൽ ഫാ. ഇസഡ്. എം. മൂഴുറും വേദശബ്‌ദ രത്‌നാകരം (1997) എന്ന പേരിൽ ഡോ. ബാബുപോളും വിജ്ഞാനകോശഗ്രന്ഥങ്ങള്‍ തയ്യാറാക്കി. അറക്കുളം ആത്മാ പബ്ലിക്കേഷന്‍സും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും യഥാക്രമം അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബവിജ്ഞാനകോശം (1999), ഹൈന്ദവ വിജ്ഞാനകോശം, മനഃശാസ്‌ത്രവിജ്ഞാനകോശം (1999), അനുഷ്‌ഠാന വിജ്ഞാനകോശം, ബൈബിള്‍ വിജ്ഞാനകോശം, ബാലശാസ്‌ത്രവിജ്ഞാനകോശം (2005) തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു ചില വിജ്ഞാനകോശങ്ങള്‍. ഇത്തരത്തിൽ ഒട്ടേറെ വിഷയാധിഷ്‌ഠിത വിജ്ഞാനകോശങ്ങള്‍ മലയാളത്തിൽ പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്. മലയാളത്തിലെ കോശഗ്രന്ഥവിഭാഗം വളരെ വിപുലവും വികസിതവുമാണെന്ന് അസന്ദിഗ്‌ധമായിപ്പറയാന്‍ സാധിക്കും.
വെബ് അധിഷ്‌ഠിത വിജ്ഞാനകലവറ
വിവര സാങ്കേതികരംഗത്തെ മുന്നേറ്റങ്ങള്‍ സമൂഹത്തിന്റെ ഗുണകരമായ വളർച്ചയ്‌ക്ക് ഉപയോഗിക്കപ്പെടണമെങ്കിൽ പ്രാദേശിക ഭാഷകളുടെ സ്വതന്ത്രമായ വ്യാപനത്തിനു സഹായകമായ സാങ്കേതിക സംവിധാനങ്ങള്‍ കൂടി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്ക് യൂണിക്കോഡ് സംവിധാനം നിലവിലുണ്ടെങ്കിലും അവയുടെ ഉള്ളടക്കം വെബ്ബിൽ സംഭരിച്ചുവക്കാനും ഡേറ്റായെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യാനും ഒരു പൊതുമാനദണ്ഡം നിലവിലില്ല. ഇത്തരത്തിൽ ഒരു മാനദണ്ഡം നിർവചിച്ച് സർവവിജ്ഞാനകോശഡേറ്റ അതിലൂടെ ക്രമീകരിക്കാനും അതിനു സഹായകമായ ഒരു ഡോക്യുമെന്റ് രജിസ്റ്ററി സംവിധാനത്തിന് രൂപം നൽകുന്നതിനും സംസ്ഥാന സർവവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
(വി. ലതികുമാരി)