This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഡേഴ്‌സ്‌, ജോണ്‍ ഫ്രാങ്ക്‌ളിന്‍ (1897-1985)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:23, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എന്‍ഡേഴ്‌സ്‌, ജോണ്‍ ഫ്രാങ്ക്‌ളിന്‍ (1897-1985)

Enders, John Franklin

ജോണ്‍ ഫ്രാങ്ക്‌ളിന്‍ എന്‍ഡേഴ്‌സ്‌

യു.എസ്സ്‌. മൈക്രാബയോളജിസ്റ്റ്‌. വെസ്റ്റ്‌ ഹാർട്ട്‌ഫോർഡിൽ 1897 ഫെ. 10-ന്‌ ജനിച്ചു. 1920-ൽ യേൽ സർവകലാശാലയിൽനിന്ന്‌ ബിരുദം നേടി. ഒന്നാം ലോകയുദ്ധത്തിൽ നേവി പൈലറ്റായി സേവനമനുഷ്‌ഠിച്ചു. 1922-ൽ ഹാർവാർഡ്‌ സർവകലാശാലയിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ മാസ്റ്റർ ബിരുദം സമ്പാദിച്ചു. 1930-ൽ ബാക്‌റ്റീരിയോളജിയിൽ ഗവേഷണ ബിരുദം കരസ്ഥമാക്കി. ഇദ്ദേഹത്തിന്റെ ആദ്യകാല ഗവേഷണങ്ങള്‍ ക്ഷയം മുതലായ രോഗങ്ങളുടെ പ്രതിരോധവുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിനുശേഷം വൈറസ്‌ മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണമാരംഭിച്ചു. അഞ്ചാംപനി, ഇന്‍ഫ്‌ളുവന്‍സ, മുണ്ടിനീര്‌ തുടങ്ങിയ രോഗങ്ങള്‍ പഠനത്തിനു വിധേയമാക്കി. പരീക്ഷണനാളികളിലോ, ഫ്‌ളാസ്‌കുകളിലോ വൈറസുകളെ വളർത്തിയെടുക്കാന്‍ ശ്രമിച്ചു; വിജയിച്ചില്ലെങ്കിലും വിവിധയിനം സസ്‌തനകോശങ്ങളിൽ (mammalian cells) വൈറസ്‌കള്‍ച്ചറുകള്‍ ഉണ്ടാക്കിയെടുക്കുവാന്‍ ഇതു സഹായകമായിത്തീർന്നു. ബോസ്റ്റണിലെ കുട്ടികള്‍ക്കുള്ള ആശുപത്രിയിൽ 1946-ൽ ഇദ്ദേഹം ഒരു പരീക്ഷണശാല സ്ഥാപിച്ചു. എഫ്‌.സി. റോബിന്‍സ്‌, റ്റി.എച്ച്‌. വെല്ലർ എന്നിവരോടൊപ്പം പോളിയോ മൈലൈറ്റിസിന്റെ വൈറസുകളെ ധാരാളമായി ഉത്‌പാദിപ്പിക്കാനുള്ള മാർഗങ്ങള്‍ ആരായാനാരംഭിച്ചത്‌ ഇവിടെ വച്ചായിരുന്നു. വിജയപ്രദമായി കലാശിച്ച ഈ പദ്ധതി "എന്‍ഡേഴ്‌സ്‌-റോബിന്‍സ്‌-വെല്ലർ മെത്തെഡ്‌' (Enders-Robin-Weller method) എന്ന പേരിലറിയപ്പെടുന്നു. മനുഷ്യ ഭ്രൂണങ്ങളുടെയും കുരുങ്ങുകളുടെയും നാഡീകോശങ്ങളല്ലാത്ത ശരീരകല ഉപയോഗിച്ചുണ്ടാക്കുന്ന ടിഷ്യൂകള്‍ച്ചറിൽ ഈ പ്രത്യേകയിനം വൈറസുകളെ ധാരാളമായി ഉത്‌പാദിപ്പിച്ചത്‌ ആദ്യമായി ഈ ഗവേഷണ പദ്ധതിയനുസരിച്ചായിരുന്നു. വൈറസ്‌കള്‍ച്ചറുകളിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ 1954-ലെ വൈദ്യശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം ഈ മൂന്ന്‌ പേർക്കും കൂടി ലഭിക്കുകയുണ്ടായി.

രോഗനിർണയനത്തിന്‌ പല പുതിയ രീതികളും ആവിഷ്‌കരിക്കുവാന്‍ "എന്‍ഡേഴ്‌സ്‌-റോബിന്‍സ്‌-വെല്ലർ മെത്തെഡ്‌' സഹായകമായി. മാത്രമല്ല പല വൈറസുകളെയും വേർതിരിച്ചു പഠിക്കുന്നതിനും ഇത്‌ പ്രയോജനപ്പെട്ടു. 1952-ൽ സൽക്കും, സാബിനും ചേർന്ന്‌ കണ്ടുപിടിച്ച ആന്റിപോളിയോ വാക്‌സിന്റെ ജന്മത്തിനു പശ്ചാത്തലമൊരുക്കിയത്‌ എന്‍ഡേഴ്‌സിന്റെയും സഹപ്രവർത്തകരുടെയും പരീക്ഷണങ്ങളായിരുന്നു. 1955 കഴിഞ്ഞപ്പോഴേക്കും എന്‍ഡേഴ്‌സും കൂട്ടരും അഞ്ചാംപനിയുടെ വൈറസിന്‌ നാശകാരിയായ ആദ്യത്തെ വാക്‌സിന്‍ കണ്ടുപിടിച്ചു. 1963-ൽ യു.എസ്സിൽ അഞ്ചാം പനിക്ക്‌ ഒരു അംഗീകൃത വാക്‌സിനുണ്ടായതും എന്‍ഡേഴ്‌സിന്റെ പരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. നോബൽ സമ്മാനത്തിനുപുറമേ ആൽബർട്ട്‌ ലാസ്‌കർ അവാർഡ്‌ (1954), പ്രസിന്‍ഷ്യൽ മെഡൽ (1963), ഗ്യാലന്റ്‌ മെഡൽ (1981) തുടങ്ങിയവയ്‌ക്കും അർഹനായി. 1985 സെപ്‌. 8-ന്‌ വാട്ടർഫോഡിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍