This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐ. ബി. എം.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഐ. ബി. എം.
ഇന്റർനാഷണൽ ബിസിനസ്സ് മെഷീന് എന്ന ബഹുരാഷ്ട്രകമ്പനിയുടെ ചുരുക്കപ്പേര്. അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റേറ്റിലെ നോർത്ത് കാസിലാന് ആർമങ്ക് എന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കംപ്യൂട്ടർ സാങ്കേതികവിദ്യ (Computer technology), വിവര സാങ്കേതികവിദ്യ (Information Technology) എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഭീമന് കമ്പനിയാണിത്. വിവരസാങ്കേതിക മേഖലയിൽ ഈ കമ്പനിയുടെ പ്രവർത്തനം 19-ാം നൂറ്റാണ്ടിൽ തുടങ്ങിയതാണ്. ഈ മേഖലയിൽ ഇത്രയും പാരമ്പര്യം അവകാശപ്പെടാവുന്ന ചുരുക്കം കമ്പനികളേ ലോകത്തുള്ളൂ. കംപ്യൂട്ടർ ഹാർഡ്വെയറും സോഫ്റ്റ്വെയറും ഉണ്ടാക്കുന്ന ഈ കമ്പനി ശ്രദ്ധകൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് സോഫ്റ്റ്വെയറിൽ ആണ്. കൂടാതെ മെയ്ന്ഫ്രയിം കംപ്യൂട്ടർ മുതൽ നാനോസാങ്കേതികവിദ്യവരെ എല്ലാത്തിനും അടിസ്ഥാന സേവന സൗകര്യങ്ങള്‍ (Infrastructure Services), ""ഹോസ്റ്റിംങ് സേവനങ്ങള്‍ (Hosting Services), വിദഗ്ധോപദേശ സേവനങ്ങള്‍ (Consulting Services)എന്നിവ നൽകുകയും ചെയ്യുന്നു. വ്യവസായരംഗത്തെ നിറപ്പകിട്ടുകാരണം ""ബിഗ് ബ്ളൂ എന്ന വിശേഷണം ഇവർക്ക് നൽകപ്പെട്ടിരിക്കുന്നു.
ഫോർബസ് 2000-ന്റെ പട്ടിക പ്രകാരം, ലോകമെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന 407000 ജോലിക്കാരുള്ള ഈ സ്ഥാപനം ഐ.ടിയിലും കംപ്യൂട്ടർ സേവനമേഖലയിലും ലാഭകരമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ കമ്പനിയാണ്. 100 ബില്ല്യണ്‍ ഡോളറിനു മുകളിൽ വിറ്റുവരവുള്ള ഈ കമ്പനി അമേരിക്കയിലെ ഏറ്റവും കൂടുതൽ പേറ്റന്റ് അവകാശപ്പെടാവുന്ന കമ്പനിയുമാണ്. 200 രാജ്യങ്ങളിൽ കമ്പനിക്ക് സ്വന്തമായി എഞ്ചിനീയർമാരും, ശാസ്ത്രജ്ഞരും, വിദഗ്ധോപദേശകരും, വില്പനക്കാരുമടങ്ങുന്ന വന്‍ സമൂഹങ്ങള്‍ തന്നെയുണ്ട്. ലോകമെമ്പാടും അനേകം ഗവേഷണസ്ഥാപനങ്ങളുമുണ്ട്.
ഐ. ബി. എം ഇന്ത്യ. ഐ.ബി.എം എന്ന ആഗോള ഐ.ടി കമ്പനിയുടെ ഇന്ത്യയിലെ അനുബന്ധ (subsidiary)കമ്പനിയാണ് ഐ. ബി. എം ഇന്ത്യ. സോഫ്റ്റ്വെയർ വികസന മേഖലയിലും ഐടി ആപ്ലിക്കേഷന്‍ പ്രാസസ്സിങ് മേഖലയിലും ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യകത അനുസരിച്ചുള്ള പ്രതിവിധി ഉണ്ടാക്കി നൽകുക എന്നതാണ് കമ്പനി ചെയ്യുന്നത്. ഇന്ത്യയിലെ രംഗപ്രവേശത്തിനുശേഷം കമ്പനി അസാമാന്യമായ വളർച്ച നേടുകയും, രാജ്യത്തെ ഐ.ടി ആവശ്യകതകളുടെ വലിയ ഒരു ഭാഗം നിറവേറ്റുകയും ചെയ്യുന്നു. ബാഗ്ലൂരിലുള്ള പ്രധാന ഓഫീസിനു പുറമേ രാജ്യത്തെ 14 പട്ടണങ്ങളിൽ കമ്പനിക്ക് ശാഖകളും ഉണ്ട്.
ബിസിനസ്പ്രാസസ് ഔട്ട്സൊഴ്സിങ് ഹാർഡ്വെയർ സർവീസസ്, സോഫ്റ്റ്വെയർ സർവീസസ്, സോഫ്റ്റ്വെയർ കണ്സള്ട്ടേഷന് തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളും സേവനങ്ങളുമാണ് ഐ.ബി.എം ഇന്ത്യ നൽകുന്നത്. കൂടാതെ ഐ.ടി യുടേയും സോഫ്റ്റ്വെയർ വികസനത്തിന്റേയും വ്യാപാരത്തിൽ മാറിമാറി വരുന്ന ആവശ്യകതകളേയും പ്രവണതകളേയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന് നിലവാരമുള്ള അറിവ് പകർന്നുകൊടുക്കാനും കമ്പനി ശ്രദ്ധിക്കുന്നു. രാജ്യത്ത് ഏറ്റവും വലിയ ഐ.ടി വിദഗ്ധാഭിപ്രായ അന്വേഷണ(IT Consultation)വും സേവനവും(Service) നൽകുന്ന കമ്പനിയാണ് ഐ.ബി.എം ഇന്ത്യ.