This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏർഹാർട്ട്‌, അമീലിയ (1898 -1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:53, 14 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏര്‍ഹാര്‍ട്ട്‌, അമീലിയ (1898 -1937)

Earhart, Amelia

അമീലിയ ഏർഹാർട്ട്‌

വ്യോമയാന റിക്കാർഡുകള്‍ സ്ഥാപിച്ച യു.എസ്‌. വനിത. 1898 ജൂല. 24-ന്‌ അട്‌ചിസണിൽ ജനിച്ചു. ഒന്നാം ലോകയുദ്ധകാലത്ത്‌ ഒരു മിലിട്ടറി നഴ്‌സായി കാനഡയിൽ സേവനം അനുഷ്‌ഠിച്ചു. തുടർന്ന്‌ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ വ്യാപൃതയാവുകയും വ്യോമയാന പരിശീലനം നേടുകയും ചെയ്‌തു. 1928 ജൂണ്‍ 17, 18 എന്നീ തീയതികളിൽ ന്യൂ ഫൗണ്ട്‌ ലാന്‍ഡിൽനിന്ന്‌ അത്‌ലാന്തിക്‌ സമുദ്രം താണ്ടിപ്പറന്ന്‌ വെയിൽസിലെത്തുക വഴി വിമാനമാർഗമായി അത്‌ലാന്തിക്‌ സമുദ്രം മുറിച്ചുകടന്ന ആദ്യവനിത എന്ന ബഹുമതിക്കർഹയായി. 1935 ജനുവരിയിൽ പസിഫിക്‌ സമുദ്രത്തിനു മുകളിലൂടെയും ഹാവായ്‌ മുതൽ കാലിഫോർണിയ വരെയും ഏർഹാർട്ട്‌ തനിച്ച്‌ വിമാനം പറപ്പിച്ച്‌ അദ്‌ഭുതം സൃഷ്‌ടിച്ചു. പിന്നീട്‌ ഇവർ ഒറ്റയ്‌ക്ക്‌ അനേകം വ്യോമയാനങ്ങള്‍ നടത്തി. 1937-ൽ ലെഫ്‌. ഫ്രഡ്‌ നൂനാനുമൊരുമിച്ച്‌ ഒരു ബൈപ്ലെയിനിൽ ആഗോള പര്യടനം ആരംഭിച്ചു. പര്യടനലക്ഷ്യത്തിന്റെ മൂന്നിൽ രണ്ടോളം ഭാഗം ദൂരം അവർക്ക്‌ പറക്കാന്‍ സാധിച്ചു. ദക്ഷിണ പസിഫിക്കിൽ ഹൗലാന്റ്‌ ദ്വീപിനടുത്തുവച്ച്‌ ജൂല. 2-ന്‌ സംഭവിച്ച വിമാനാപകടത്തിൽ ഇവർ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. ഇവരെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്‌.

ജോർജ്‌ പാമർപുട്‌നാം എന്ന പ്രശസ്‌ത പുസ്‌തക പ്രസാധകനായിരുന്നു ഏർഹാർട്ടിന്റെ ഭർത്താവ്‌. സോറിംഗ്‌ വിങ്‌സ്‌ (Soaring Wings) എന്ന ശീർഷകത്തിൽ ഏർഹാർട്ടിന്റെ ജീവചരിത്രം 1939-ൽ പുട്‌നാം തന്നെ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അനേകം പുരസ്‌കാരങ്ങളും, ബഹുമതികളും ഏർഹാർട്ടിന്റെ പേരിൽ നൽകുന്നുണ്ട്‌. അനേകം വിമാനത്താവളങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇവരുടെ പേര്‌ നൽകിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍