This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏജന്‍സി ഫ്രാന്‍സ് പ്രസ്സെ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏജന്‍സി ഫ്രാന്‍സ് പ്രസ്സെ
Agence France Presse
ഫ്രാന്‍സിലെ പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജന്‍സി. അന്താരാഷ്ട്രപ്രചാരം സിദ്ധിച്ചിട്ടുള്ള കാലിക പ്രസിദ്ധീകരണങ്ങളിലെ വാർത്തകള്‍ ഫ്രഞ്ചു പത്രങ്ങള്‍ക്കു പരിഭാഷപ്പെടുത്തി നല്കുന്നതിനുവേണ്ടി ചാള്‍സ് ആവാസ് 1835-ൽ പാരിസിൽ ഒരു സ്ഥാപനം തുടങ്ങി. ഇദ്ദേഹം പിന്നീട് തന്റെ സ്ഥാപനത്തെ ബ്രസീൽ, ലണ്ടന്‍ എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുകയുണ്ടായി. അതോടെ ആവാസ്-സ്ഥാപനം വിദേശങ്ങളിലും അറിയപ്പെട്ടുതുടങ്ങി. കമ്പിത്തപാൽ സൗകര്യങ്ങള്‍ വികസിപ്പിച്ചതോടൊപ്പം ആവാസ് സ്ഥാപനവും വളർന്നു. 1856-ൽ ആവാസ്-"ബുള്ളിയെ അഡ്വർടൈസിങ് കമ്പനി'യുമായി സംയോജിപ്പിക്കുകയും യൂറോപ്പിലെയും അമേരിക്കയിലെയും നഗരങ്ങളിൽ ഏജന്‍സികള്‍ ആരംഭിക്കുകയും ചെയ്തു. അന്താരാഷ്ട്ര പ്രാധാന്യം നേടിയ റോയിട്ടർ, വോള്‍ഫ്, അസോസിയേറ്റ്ഡ് പ്രസ് എന്നീ വാർത്താ ഏജന്‍സികളുമായി കരാറിൽ ഏർപ്പെട്ടതോടെ പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായി ഇതുവളർന്നു; 1879-ൽ ഒരു കൂട്ടുമുതൽ കമ്പനിയായി രൂപാന്തരപ്പെട്ടു; നൂറു ഡോളർ വിലയുള്ള 1700 ഓഹരികളാണ് അന്നുണ്ടായിരുന്നത്. ആദ്യമായി ഒരു കേന്ദ്ര വാർത്താ ബ്യൂറോ ആരംഭിച്ചതും പ്രത്യേകതരത്തിലുള്ള ന്യൂസ്ഫീച്ചറുകള്‍ നല്കിത്തുടങ്ങിയതും ഈ ഏജന്‍സിയാണ്. രാഷ്ട്രീയ-സാമ്പത്തിക-വാണിജ്യ-കായിക രംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്കുന്നതിൽ ഈ ഏജന്‍സി വളരെയേറെ വിജയിച്ചു. രണ്ടാംലോകയുദ്ധകാലത്ത് ആവാസ് ജർമനിയുടെ ഒരു പ്രചരണോപാധിയായി വർത്തിച്ചിട്ടുണ്ട്. 1944-ൽ ആവാസ് ഏജന്‍സി, ഏജന്‍സി ഫ്രാന്‍സ് പ്രസ്സെയായി രൂപവത്കരിക്കപ്പെട്ടു. ഇന്ന് ലോകത്തിലെ പല ഭാഗങ്ങളിലായി 100-ലധികം ശാഖാ ഏജന്‍സികളും 1500-ലധികം പ്രതിനിധികളും പ്രവർത്തിക്കുന്നു. ഈ വാർത്താ ഏജന്‍സി എ.എഫ്.പി. എന്ന ചുരുക്കപ്പേരിൽ പ്രഖ്യാതമാണ്.
1957 ജനു. 10-ന് ഫ്രഞ്ച് പാർലമെന്റ് ഈ വാർത്താ ഏജന്‍സിക്ക് സ്വതന്ത്രപദവി നല്കി. രാജ്യാന്തര പത്രപ്രവർത്തനമേഖലയെ പ്രാത്സാഹിപ്പിക്കുന്നതിനായി 2007-ൽ ഏജന്‍സിയുടെ ആഭിമുഖ്യത്തിൽ ഒരു ഫൗണ്ടേഷന് ആരംഭിച്ചു. ഏജന്‍സിയുടെ ഭാവിപരിപാടികള്‍ ആവിഷ്കരിക്കുന്നതിനായി 2009-ൽ ഫ്രഞ്ച് സാംസ്കാരിക മന്ത്രി ഒരു വിദഗ്ധ കമ്മിറ്റി രൂപീകരിച്ചു. 110 രാജ്യങ്ങളിൽ ബ്യൂറോകള്‍ ഉളള ഈ ഏജന്‍സി ഫ്രഞ്ച്, ഇംഗ്ലീഷ്, അറബിക്, സ്പാനിഷ്, ജർമന്‍, പോർച്ചുഗീസ് ഭാഷകളിൽ വാർത്താപ്രസിദ്ധീകരണം നടത്തുന്നു.