This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകനാഥന്‍ (1533 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:38, 19 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏകനാഥന്‍ (1533 - 99)

മറാഠി സാഹിത്യകാരന്‍. ജ. 1533-ൽ മഹാരാഷ്‌ട്ര സംസ്ഥാനത്തിലെ വൈഠണി എന്ന സ്ഥലത്ത്‌ ജനനം. പിതാവ്‌ സൂര്യനാരായണനും മാതാവ്‌ രുക്‌മിണീബായിയും. ബാല്യകാലത്ത്‌ ദേവ്‌ഗഢിലെ പ്രസിദ്ധ ഭിഷഗ്വരനായിരുന്ന ജനാർദനസ്വാമിയുടെ ശിഷ്യത്വം സ്വീകരിക്കുകയും യോഗവിദ്യ അഭ്യസിക്കുകയും ചെയ്‌തു. ചെറുപ്പത്തിലേ മാതാപിതാക്കള്‍ അന്തരിച്ച ഇദ്ദേഹത്തെ ചിറ്റപ്പനാണ്‌ വളർത്തിയത്‌. ചിറ്റപ്പന്‍ ഏക (ഒറ്റയാന്‍) എന്നു തന്റെ വളർത്തുമകന്‌ നൽകിയ ഓമനപ്പേരാണ്‌ പിൽക്കാലത്ത്‌ ഏകനാഥ്‌ എന്നു പ്രസിദ്ധമായിത്തീർന്നത്‌. ഈശ്വരസങ്കീർത്തനാദികാര്യങ്ങളിൽ അതീവതത്‌പരനായിരുന്ന ഇദ്ദേഹം 12 വയസ്‌ പൂർത്തിയാകുന്നതിനുമുന്‍പുതന്നെ രാമായണം, മഹാഭാഗവതം എന്നിവ ഭംഗിയായി പാരായണം ചെയ്യുമായിരുന്നു. ദേവഗഢിലെ പുണ്യശ്ലോകനായ ജനാർദനസ്വാമിയുടെ ശിഷ്യത്വം സ്വീകരിച്ച്‌ വിദ്യാഭ്യാസം നേടുകയും കുറച്ചുകാലം കണക്കെഴുത്തുകാരനായി അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുകയും ചെയ്‌തു. തുടർന്ന്‌ ഭഗവാന്‍ദത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു കുറച്ചുകാലം കഴിഞ്ഞ്‌ നാലഞ്ചുവർഷക്കാലം ഭാരതപര്യടനത്തിലേർപ്പെട്ടു. സംസ്‌കൃതം മാത്രം ഗ്രന്ഥരചനയ്‌ക്കുപയോഗിച്ചിരുന്ന അക്കാലത്ത്‌ സംസ്‌കൃതഭാഷയിൽ നല്ല പ്രാവീണ്യം ഉണ്ടായിരുന്നിട്ടും ഏകനാഥ്‌ മറാഠിയിലാണ്‌ ഗ്രന്ഥരചന നടത്തിയിരുന്നത്‌. ഇതിനെതിരെ ചില ഒച്ചപ്പാടുകളുണ്ടാകാതിരുന്നില്ല. ദേവവാണിയായ സംസ്‌കൃതത്തെ നിന്ദിച്ചുവെന്ന ആക്ഷേപം പരക്കെയുണ്ടായി. ഏകനാഥിന്റെ പ്രധാന സാഹിത്യകൃതികള്‍ ഭാഗവതം, ചതുശ്ലോകീയഭാഗവതം, സന്തചരിത്രം, രുക്‌മിണീ സ്വയംവരം, ഭാവാർഥരാമായണം, ഹസ്‌താമലകം, ശുകാഷ്‌ടകം, സ്വാത്മസുഖം, ആനന്ദലഹരി എന്നിവയാണ്‌. ഇവയിലേറ്റവും മികച്ചത്‌ ഭാഗവതം തന്നെയാണ്‌. സംസ്‌കൃതഭാഗവതത്തെ അനുകരിച്ചുള്ള ഒരു സ്വതന്ത്രരചനയാണ്‌ ഇത്‌. വൈദികഭാഷയിൽ അഗാധമായ പാണ്ഡിത്യം നേടിയിരുന്ന ഏകനാഥന്‍ ഭാഗവത രചനയ്‌ക്കു മറാഠിയാണ്‌ സ്വീകരിച്ചത്‌. വളരെ ലളിതമായ മറാഠിഭാഷയിൽ സാധാരണജനങ്ങള്‍ക്കുകൂടി മനസ്സിലാക്കാനുപകരിക്കത്തക്ക രീതിയിലായിരുന്നു രചന. ഒരവധൂതനെപ്പോലെ ഭജനഗാനങ്ങള്‍ ആലപിച്ചുകൊണ്ട്‌ അലഞ്ഞുനടന്നിരുന്ന ഇദ്ദേഹം വാരാണസിയിലെ മുക്തിക്ഷേത്രം, ആനന്ദഭവനം, മണികർണിക എന്നീ സ്ഥലങ്ങളിൽ മാറിമാറിത്താമസിച്ചുകൊണ്ടാണ്‌ ഭാഗവതരചന പൂർത്തിയാക്കിയത്‌. സരസവും സരളവും ഓജസ്സുറ്റതുമായ ഭാഷയിൽ ഭാഗവതകഥ മുഴുവന്‍ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. അതികഠിനങ്ങളായ വേദാന്തസിദ്ധാന്തങ്ങള്‍പോലും ലളിതവും ഹൃദയസ്‌പൃക്കുമാക്കാന്‍ ഇദ്ദേഹം പ്രതേ്യകം ശ്രദ്ധിച്ചിട്ടുണ്ട്‌. ചില സന്ദർഭങ്ങളിൽ മൂലശ്ലോകത്തിന്റെ വ്യാഖ്യാനമെന്ന നിലയിൽ നിരവധി ശ്ലോകങ്ങളിലായി ആശയവിശദീകരണം നടത്തിയിരിക്കുന്നു. ഭക്തിയുടെ എല്ലാ ഭാവങ്ങളും ഏകനാഥഭാഗവതത്തിൽ കണ്ടെത്താന്‍ കഴിയും. ഈശ്വരനാമസ്‌മരണകൊണ്ടുമാത്രം സമസ്‌തകാര്യസിദ്ധിയും സംഭവിക്കുമെന്നും ജീവിതസാഫല്യം നേടാന്‍ സാധിക്കുമെന്നും തന്റെ ഭാഗവതത്തിലൂടെ ഇദ്ദേഹം ഉദ്‌ഘോഷിക്കുന്നു. ഭാഗവതധർമം എന്ന പുതിയ ചിന്താപദ്ധതിതന്നെ പ്രചരിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

ശ്രീമദ്‌ ഭാഗവതത്തിൽ ദ്വിതീയ സ്‌കന്ധത്തിലെ നാല്‌ ശ്ലോകങ്ങളെ അടിസ്ഥാനമാക്കി 1036 ഈരടികളിലായി രചിച്ച കൃതിയാണ്‌ ചതുശ്ലോകീഭാഗവത്‌.

ശങ്കരാചാര്യരുടെ പ്രസിദ്ധങ്ങളായ 14 ശ്ലോകങ്ങളിലെ സ്‌തോത്രങ്ങളെ ആധാരമാക്കി 674 ഈരടികളിലായി ഹസ്‌താമലക്‌ എന്ന കൃതി രചിച്ചിരിക്കുന്നു.

ഭഗവാന്റെ "ശുകാഖ്യാന'ത്തെ അനുകരിച്ച്‌ തയ്യാറാക്കിയ ആധ്യാത്മിക ചിന്താപ്രതിപാദിതമായ 447 ഈരടികളുടെ സമാഹാരമാണ്‌ ശുകാഷ്‌ടക.

51 ഈരടികളിലായി ഭക്തിഭാവത്തെ പ്രതിപാദിക്കുന്ന കൃതിയാണ്‌ സ്വാത്മസുഖ.

ദാർശനികവിഷയപ്രതിപാദിതമായ 200 ഈരടികളിലുള്ള കൃതിയാണ്‌ ആനന്ദലഹരി.

ഈ കൃതികളിലൂടെ ഏകനാഥന്‍ ക്ലാസ്സിക്കൽ മറാഠിക്ക്‌ പുതിയ ഒരു ശൈലിതന്നെ നൽകിയിട്ടുണ്ട്‌. ഭാരതത്തിൽ ആദ്യമായി അസ്‌പൃശ്യത അകറ്റുവാന്‍ ഏകനാഥന്‍ പ്രയത്‌നിച്ചു. മികച്ച കർമയോഗിയും മഹാകവിയുമായിരുന്ന ഇദ്ദേഹത്തിനു മറാഠിയിലെ യുഗസ്രഷ്‌ടാവായ കവി എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്‌. അപൂർവസിദ്ധി വിശേഷങ്ങളുടെ ഉടമയായിരുന്നു ഈ യതിശ്രഷ്‌ഠന്‍. 1599-ൽ ഇദ്ദേഹം അന്തരിച്ചു. വർഷന്തോറും ഫാൽഗുനമാസത്തിലെ കൃഷ്‌ണാഷ്‌ടമി ഏകനാഥന്‍ ചരമദിനമായി ആദരിച്ച്‌ ഇദ്ദേഹത്തിന്റെ സമാധിയിൽ ആരാധകർ പുഷ്‌പാർച്ചന നടത്തിവരുന്നു.

(കെ. പ്രകാശ്‌; ഡോ.കെ. രാമഭദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍