This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡിറ്റിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:15, 13 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

എഡിറ്റിങ്‌

Editing

പത്രമാസികകള്‍, ഗ്രന്ഥങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ്‌ വസ്‌തുതകളും ചിത്രങ്ങളും മറ്റും ത്യാജഗ്രാഹ്യവിവേചന ബുദ്ധിയോടെ തെരഞ്ഞെടുത്ത്‌ ഉള്ളടക്കത്തില്‍ ആശയപരമായോ ഭാഷ, ശൈലി തുടങ്ങിയവയിലോ മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അതുള്‍പ്പെടുത്തി പൗര്‍വാപര്യക്രമത്തില്‍ ക്രമീകരിക്കുന്ന പ്രക്രിയ. പത്രങ്ങള്‍, മാസികകള്‍, ഗ്രന്ഥങ്ങള്‍, റേഡിയോ, ടെലിവിഷന്‍, ചലച്ചിത്രങ്ങള്‍ മുതലായവയില്‍ അതാതുമേഖലകളിലുള്ള പാണ്ഡിത്യത്തോടൊപ്പം ആസൂത്രണത്തിനും ഭാവനയ്‌ക്കും പ്രാധാന്യമുള്ള പ്രക്രിയയാണ്‌ എഡിറ്റിങ്‌.

പത്രമാസികകള്‍, ഗ്രന്ഥങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ്‌ വസ്‌തുതകളും ചിത്രങ്ങളും മറ്റും ത്യാജഗ്രാഹ്യവിവേചന ബുദ്ധിയോടെ തെരഞ്ഞെടുത്ത്‌ ഉള്ളടക്കത്തില്‍ ആശയപരമായോ ഭാഷ, ശൈലി തുടങ്ങിയവയിലോ മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അതുള്‍പ്പെടുത്തി പൗര്‍വാപര്യക്രമത്തില്‍ ക്രമീകരിക്കുന്ന പ്രക്രിയ. പത്രങ്ങള്‍, മാസികകള്‍, ഗ്രന്ഥങ്ങള്‍, റേഡിയോ, ടെലിവിഷന്‍, ചലച്ചിത്രങ്ങള്‍ മുതലായവയില്‍ അതാതുമേഖലകളിലുള്ള പാണ്ഡിത്യത്തോടൊപ്പം ആസൂത്രണത്തിനും ഭാവനയ്‌ക്കും പ്രാധാന്യമുള്ള പ്രക്രിയയാണ്‌ എഡിറ്റിങ്‌.

വാര്‍ത്താമാധ്യമങ്ങള്‍

ദിനപത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ വാര്‍ത്താമാധ്യമങ്ങളിലാണ്‌ എഡിറ്റിങ്‌ വളരെപ്പെട്ടെന്നു നിര്‍വഹിക്കേണ്ടിവരുന്നത്‌. ദിനപത്രങ്ങളുടെ എഡിറ്റിങ്ങില്‍ ന്യൂസ്‌ എഡിറ്റര്‍, കോപ്പിടേസ്റ്റര്‍, ഡസ്‌ക്‌ചീഫ്‌, ചീഫ്‌ സബ്‌ എഡിറ്റര്‍, സീനിയര്‍ സബ്‌ എഡിറ്റര്‍, എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍, സബ്‌ എഡിറ്റര്‍, റിവൈസ്‌ എഡിറ്റര്‍, സ്റ്റോണ്‍ എഡിറ്റര്‍ തുടങ്ങിയവര്‍ എഡിറ്റിങ്ങിന്റെ വ്യത്യസ്‌തമേഖലകളെ പല ഘട്ടങ്ങളിലായി നിര്‍വഹിച്ച്‌ പ്രസിദ്ധീകരണം ദ്രുതതരവും കുറ്റമറ്റതും ആക്കിത്തീര്‍ക്കുന്നു.

പ്രസിദ്ധീകരണത്തിനായി ലഭിക്കുന്ന വിവരങ്ങളുടെ ചെറിയൊരു ഭാഗം മാത്രമേ പ്രസിദ്ധീകരിക്കാന്‍ സാധിക്കുകയുള്ളൂ. സ്ഥലപരിമിതി വാര്‍ത്തയുടെ പ്രാധാന്യം, പ്രസാധനത്തിന്റെ ഉദ്ദേശ്യം ഇവ പരിഗണിച്ച്‌ പ്രസിദ്ധീകരണത്തിനു വിവരങ്ങള്‍ തെരഞ്ഞെടുക്കുക എന്ന പ്രാരംഭജോലി ദിനപത്രങ്ങളില്‍ ന്യൂസ്‌ എഡിറ്റര്‍, കോപ്പിടേസ്റ്റര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. ഏതു വാര്‍ത്തയാണ്‌ ഏറ്റവും പ്രധാനവാര്‍ത്തയായി ചേര്‍ക്കേണ്ടത്‌, പ്രധാനപ്പെട്ട വാര്‍ത്തയുടെ തലവാചകം എന്തായിരിക്കണം തുടങ്ങിയവ ന്യൂസ്‌ എഡിറ്റര്‍, ഡസ്‌ക്‌ ചീഫ്‌, സീനിയര്‍ സബ്‌ എഡിറ്റര്‍, ചീഫ്‌ സബ്‌ എഡിറ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ച ചെയ്‌തായിരിക്കും സാധാരണയായി തീരുമാനത്തിലെത്തുന്നത്‌. വാര്‍ത്തയുടെ സാരാംശം ധ്വനിപ്പിക്കുന്നതും ആകര്‍ഷകവുമായ തലവാചകം നല്‌കുക, എത്ര കോളത്തില്‍ തലവാചകവും വാര്‍ത്തയും നല്‌കണമെന്നു തീരുമാനിക്കുക, ടൈപ്പിന്റെ വലുപ്പം നിശ്ചയിക്കുക, പ്രധാനവാര്‍ത്തകള്‍ക്കു താരതമ്യേന വലുപ്പം കൂടിയ ടൈപ്പില്‍ മുഖവുര നല്‌കുക, ഏതു വാര്‍ത്തകള്‍ക്കു ചിത്രം ചേര്‍ക്കണമെന്നു തീരുമാനിക്കുക തുടങ്ങിയവ ഒരു ദിനപത്രത്തിന്റെ ആകര്‍ഷണീയതയ്‌ക്കു നിദാനമായ ഘടകങ്ങളാണ്‌.

വാര്‍ത്തസംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങളോടൊപ്പം അവയോടു ബന്ധപ്പെട്ട ആവശ്യമുള്ള മറ്റു വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തു വാര്‍ത്തയുടെ മേന്മ വര്‍ധിപ്പിക്കുക, വാര്‍ത്തയുടെ സാരാംശം ആദ്യത്തെ ഖണ്ഡികയില്‍ത്തന്നെ അവതരിപ്പിക്കുക, സാധാരണവായനക്കാര്‍ക്കുകൂടി മനസ്സിലാകത്തക്കവണ്ണം ലളിതമായ ഭാഷയിലും ശൈലിയിലും എഴുതുക, ദൈര്‍ഘ്യം കൂടുതലുള്ള ലേഖനങ്ങള്‍ക്ക്‌ ഉപശീര്‍ഷകം നല്‌കുക തുടങ്ങിയവ സബ്‌എഡിറ്റര്‍ ശ്രദ്ധ പതിപ്പിക്കുന്ന ജോലികളില്‍ പ്രധാനപ്പെട്ടവയാണ്‌.

സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയമേഖലകളില്‍ ഒരു ദിനപത്രം പുലര്‍ത്തുന്ന വീക്ഷണത്തെയും അതിന്റെ സാമൂഹിക പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്ന എഡിറ്റോറിയലുകള്‍ ചീഫ്‌ എഡിറ്ററായിരിക്കും തയ്യാറാക്കുക. എഡിറ്റോറിയലിനെ ഒരു പ്രസിദ്ധീകരണത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാം. സാമൂഹിക മനസ്സാക്ഷിയുടെ പ്രതിഫലനമായും സാമൂഹിക മനസ്സാക്ഷിയെ കരുപ്പിടിപ്പിക്കുന്ന വിദഗ്‌ധഹസ്‌തമായും വ്യത്യസ്‌തനിലകളില്‍ എഡിറ്റോറിയലുകള്‍ വായനക്കാരുമായി ബന്ധപ്പെടുന്നു.

ദിനപത്രങ്ങള്‍, മാസികകള്‍, സാഹിത്യകൃതികള്‍, റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ള പ്രസിദ്ധീകരണങ്ങളുടെ എഡിറ്റിങ്ങിലും വ്യത്യസ്‌തത പുലര്‍ത്തേണ്ടതുണ്ട്‌. മാസികയിലും ഗ്രന്ഥങ്ങളിലും മറ്റും ലേഖനങ്ങളില്‍ ഏതെങ്കിലും അംശങ്ങളില്‍ പരിഷ്‌കാരം ആവശ്യമെന്ന്‌ എഡിറ്റര്‍ക്കു തോന്നിയാല്‍ ലേഖകരുമായി ആശയവിനിമയം നടത്തി പരിഷ്‌കാരം വരുത്തുന്നതിനു സൗകര്യം ലഭിക്കുന്നു. അതേ സമയം ലേഖകരുടെ അനുവാദം കൂടാതെ ഇത്തരം പരിഷ്‌കാരം പാടില്ലാത്തതിനാല്‍ എഡിറ്റര്‍ക്കു സ്വാതന്ത്യ്രം കുറയുകയും ചെയ്യുന്നു.

മാസികകള്‍

എഡിറ്ററും ലേഖകരും തമ്മിലുള്ള ബന്ധം ഏറ്റവുമധികം നിലനിന്നുവരുന്നത്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രകാശനത്തിലാണ്‌. പുതിയ എഴുത്തുകാർക്ക്‌ അസുലഭമായ നിർദേശങ്ങള്‍ നല്‌കാന്‍ എഡിറ്റർക്കു സാധിക്കുന്നു. കഥ, കവിത, നോവൽ തുടങ്ങിയ സാഹിത്യരചനകളുമായി തന്നെ സമീപിക്കുന്ന എഴുത്തുകാർക്ക്‌ എഡിറ്റർ നല്‌കുന്ന ഉപദേശവും പ്രാത്സാഹനവും വളർന്നുവരുന്നതിന്‌ അവർക്കു പ്രചോദനവും കരുത്തും നല്‌കുന്നു. ഇങ്ങനെ നിർദേശങ്ങളും ഉപദേശങ്ങളും നല്‌കുന്നതിലൂടെ എഡിറ്റർ സ്വയം സാഹിത്യത്തിന്റെ സൂക്ഷ്‌മഭാവങ്ങളിൽ ശ്രദ്ധാലുവായിത്തീരുകയും തന്റെ സ്വന്തം സാഹിത്യ സൃഷ്‌ടികളെ ഇതു പരോക്ഷമായി സ്വാധീനിക്കുകയും ചെയ്യുന്നു.

ആനുകാലിക പ്രസിദ്ധീകരണങ്ങളിലേക്കുള്ള ലേഖനങ്ങളിൽ വസ്‌തുതാപരമായ ആധികാരികത ലേഖകന്‍ സ്വയം പരിശോധിച്ചുവേണം പ്രസിദ്ധീകരണത്തിനു നല്‌കേണ്ടത്‌. എന്നാൽത്തന്നെ വസ്‌തുതാപരമായ പിശകുണ്ടെന്നു സംശയം തോന്നിയാൽ എഡിറ്റർ വേണ്ട പരിശോധന നടത്തിയ ശേഷം ലേഖകനുമായി ചർച്ച ചെയ്‌തിട്ടായിരിക്കും പ്രസിദ്ധീകരണത്തിനു തയ്യാറാകുന്നത്‌. ഭാഷാപരമായ ന്യൂനത, ആവർത്തനം തുടങ്ങിയവ ലേഖകന്റെ ശ്രദ്ധക്കുറവുകൊണ്ടു വന്നതാണെന്നു ബോധ്യപ്പെടുന്നവ എഡിറ്റർക്കു സ്വയം പരിഹരിക്കാം. പ്രസിദ്ധീകരണത്തിനു ലേഖനങ്ങള്‍ തെരഞ്ഞെടുക്കുന്നതു മുതൽ എഡിറ്റിങ്ങിനുശേഷം നിശ്ചിത വലുപ്പത്തിലുള്ള ടൈപ്പുകള്‍ ഉപയോഗിച്ച്‌ ആകർഷകമായി ക്രമീകരിച്ച്‌ അച്ചടിച്ച്‌, പ്രൂഫ്‌ വായനയ്‌ക്കുശേഷം തെറ്റില്ലെന്ന്‌ ഉറപ്പുവരുത്തി ആവശ്യമായ ചിത്രങ്ങള്‍ സഹിതം നിശ്ചിതഗുണനിലവാരം പുലർത്തുന്ന പേപ്പറിൽ അച്ചടിച്ച്‌ ആകർഷകമായ പുറംചട്ടയോടെ സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും എഡിറ്റർ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്‌. ഒരു പ്രസിദ്ധീകരണം ആകർഷകമായിരിക്കുമ്പോള്‍ അതിനുള്ള പ്രശംസ ലഭിക്കുന്നതോടൊപ്പം മറിച്ചായാൽ അതിന്റെ ഉത്തരവാദിത്തവും എഡിറ്റർ വഹിക്കേണ്ടിവരുന്നു.

ദിനപത്രത്തിന്റെ എഡിറ്റിങ്‌ജോലി-ഒരു പഴയകാല ചിത്രം

ഒരു പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും പബ്ലിഷറും സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ കാര്യങ്ങളിൽ സമാനവീക്ഷണം പുലർത്തുന്നവരായിരിക്കണം. അല്ലാത്ത പക്ഷം എഡിറ്ററുടെ സ്വാതന്ത്യ്രത്തെ പബ്ലിഷർ അംഗീകരിക്കാതെ വരുന്ന സന്ദർഭമുണ്ടാകാറുണ്ട്‌. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയ്‌ക്കു താന്‍ ആദ്യം വഹിച്ചിരുന്ന എഡിറ്റർ സ്ഥാനം രാജിവയ്‌ക്കുന്നതിനും സ്വന്തമായല്ലാത്ത പ്രസിദ്ധീകരണത്തിന്റെ എഡിറ്റിങ്‌ മേലിൽ നടത്തുകയില്ല എന്നു തീരുമാനിക്കുന്നതിനും ഇടയായത്‌ എഡിറ്റർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്യ്രത്തെ പബ്ലിഷർ അംഗീകരിക്കാതെ വന്നപ്പോഴാണ്‌. ഗവണ്‍മെന്റിനെയും സമൂഹത്തിലെ പ്രബലശക്തികളെയും വിമർശിക്കുന്ന എഡിറ്റർമാർക്ക്‌ അവരിൽനിന്നും അനല്‌പമായ എതിർപ്പു നേരിടേണ്ടിവരുമെന്നുള്ളതിന്‌ സ്വദേശാഭിമാനിയുടെ ചരിത്രം ദൃഷ്‌ടാന്തമാണ്‌.

സാഹിത്യകൃതികള്‍

സാഹിത്യകാരന്മാർ തങ്ങളുടെ രചനയിലെ ഓരോ വരിയും പലയാവർത്തി വായിച്ച്‌ പരിഷ്‌കാരങ്ങള്‍ വരുത്തി എഡിറ്റു ചെയ്‌താണ്‌ പ്രസിദ്ധീകരണത്തിനു സമർപ്പിക്കുന്നത്‌. എന്നാൽക്കൂടി എഡിറ്റർ എല്ലാ വരിയും വായിച്ചുനോക്കി അക്ഷരത്തെറ്റുണ്ടെങ്കിൽ തിരുത്തി, ആശയത്തിന്‌ അവ്യക്തത, ആവർത്തനം തുടങ്ങിയവ ഉണ്ടെന്നു തോന്നിയാൽ ഗ്രന്ഥകാരനുമായി ചർച്ച ചെയ്‌ത്‌ മാറ്റം ആവശ്യമെങ്കിൽ അതുള്‍പ്പെടുത്തി എഡിറ്റിങ്‌ നിർവഹിക്കുന്നു. പ്രശസ്‌ത സാഹിത്യകാരന്മാരുടെ കൃതികളാണെങ്കിലും പ്രസിദ്ധീകരണസ്ഥാപനം എഡിറ്റിങ്ങിനുശേഷമായിരിക്കും പ്രിന്റിങ്ങിനു നല്‌കുന്നത്‌. എന്നാൽ അക്ഷരത്തെറ്റ്‌ ഒഴികെയുള്ള മാറ്റങ്ങള്‍ ഗ്രന്ഥകാരന്റെ സമ്മതത്തോടെയേ ചെയ്യാറുള്ളൂ. രാഷ്‌ട്രീയരംഗത്തും കലാകായികരംഗങ്ങളിലും മറ്റും പ്രശസ്‌തരായ വ്യക്തികളോട്‌ അവരുടെ പ്രശസ്‌തിയിലേക്കുള്ള ചവിട്ടുപടികള്‍ പ്രകാശിപ്പിക്കുന്ന വിധത്തിൽ ആത്മകഥ തുടങ്ങിയ ഗ്രന്ഥങ്ങള്‍ എഴുതിനല്‌കണമെന്നു പ്രസിദ്ധീകരണസ്ഥാപനങ്ങള്‍ അപേക്ഷിക്കാറുണ്ട്‌. തങ്ങളുടെ കൃത്യാന്തരബാഹുല്യം നിമിത്തവും ഗ്രന്ഥരചനാ വൈദഗ്‌ധ്യക്കുറവുകൊണ്ടും മറ്റും ഇത്തരം വ്യക്തികള്‍ ഒരു പ്രാഫഷണൽ എഴുത്തുകാരനെ ഈ ജോലി ഏല്‌പിക്കുകയും തങ്ങളുടെ ആശയങ്ങള്‍ അവരോടു പറഞ്ഞു ഗ്രന്ഥം തയ്യാറാക്കിക്കുകയും ചെയ്യാറുണ്ട്‌. ഇത്തരം സന്ദർഭങ്ങളിൽ എഡിറ്റർക്കു ജോലി ഭാരം കൂടും. ഒരേ സമയം ഗ്രന്ഥകാരനെയും പ്രാഫഷണൽ എഴുത്തുകാരനെയും മുന്നിൽക്കണ്ടു കൊണ്ടായിരിക്കണം എഡിറ്റിങ്‌ നിർവഹിക്കേണ്ടി വരുന്നത്‌. ഒന്നിലധികം പേർ ചേർന്നു തയ്യാറാക്കുന്ന ഗ്രന്ഥങ്ങളുടെ എഡിറ്റിങ്ങിലും ശൈലീപരമായ ഏകതാനത വരുത്തുക, ആവർത്തനം ഒഴിവാക്കുക തുടങ്ങിയ ജോലികള്‍ എഡിറ്റർ നിർവഹിക്കേണ്ടതായി വരുന്നു. ഗ്രന്ഥകാരന്മാരുടെ കാലശേഷവും അവരുടെ പ്രസിദ്ധീകൃതമായതും അല്ലാത്തതുമായ കൃതികള്‍ എഡിറ്റിങ്ങിനുശേഷം പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. പുതിയതായി ലഭിച്ച കൈയെഴുത്തുപ്രതിയുടെയോ മറ്റു തെളിവുകളുടെയോ അടിസ്ഥാനത്തിൽ ഗ്രന്ഥകർത്താവിന്റേതല്ലാത്ത ഭാഗങ്ങള്‍ ഗ്രന്ഥത്തിൽ കടന്നുകൂടിയിട്ടുള്ളതായോ ഗ്രന്ഥകർത്താവ്‌ ഉള്‍പ്പെടുത്താനുദ്ദേശിച്ച ഭാഗങ്ങള്‍ വിട്ടു പോയതായോ ബോധ്യപ്പെടുമ്പോള്‍ ആ ഗ്രന്ഥം വീണ്ടും എഡിറ്റിങ്ങിനുശേഷം പ്രസിദ്ധീകൃതമാകുന്നു. ഇതിനെ രണ്ടാമത്തെ എഡിഷന്‍ എന്നു പറയുന്നു. ഗ്രന്ഥഭാഗത്ത്‌ മാറ്റമൊന്നും കൂടാതെ രണ്ടാമതൊരിക്കിൽ ഒരു ഗ്രന്ഥം പ്രിന്റുചെയ്‌തു പ്രസിദ്ധീകരിക്കുന്നതിനും അടുത്ത എഡിഷന്‍ എന്നു പറയാറുണ്ട്‌. പ്രശസ്‌തഗ്രന്ഥങ്ങള്‍ക്ക്‌ ഇങ്ങനെ രണ്ടു രീതിയിലും അനേകം എഡിഷനുകള്‍ ഉണ്ടാകാറുണ്ട്‌.

ഗ്രൂപ്പ്‌ എഡിറ്റിങ്‌ - എഡിറ്റോറിയൽ ഡസ്‌ക്‌

ഒരു പ്രശസ്‌ത സാഹിത്യകാരന്റെ എല്ലാ കൃതികളും എഡിറ്റു ചെയ്‌ത്‌ ഗ്രന്ഥപരമ്പരയായി പ്രസിദ്ധീകരിക്കുന്ന പരിശ്രമം വ്യക്തികളും പ്രസിദ്ധീകരണസ്ഥാപനങ്ങളും നടത്താറുണ്ട്‌. ആ സാഹിത്യകാരന്റെ പ്രശസ്‌തവും അപ്രശസ്‌തവുമായ കൃതികളെല്ലാം പഠിച്ച്‌ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനയെക്കുറിച്ച്‌ സമഗ്രമായ പഠനത്തോടൊപ്പമായിരിക്കും ഈ ഗ്രന്ഥപരമ്പര തയ്യാറാക്കുന്നത്‌. ഹോറസ്‌, ഷെയ്‌ക്‌സ്‌പിയർ, കാളിദാസന്‍ തുടങ്ങിയ പ്രാചീന സാഹിത്യകാരന്മാരുടെ കൃതികള്‍ മാത്രമല്ല, ആധുനികരായ പ്രശസ്‌ത സാഹിത്യകാരന്മാരുടെയും സമ്പൂർണകൃതികള്‍ ഈ രീതിയിൽ ഒരു എഡിഷനായി പ്രസിദ്ധീകരിക്കാറുണ്ട്‌.

ഗവേഷണഗ്രന്ഥങ്ങളിൽ അടിക്കുറിപ്പുകള്‍, ഉദ്ധരണികള്‍, പട്ടികകള്‍, ഗ്രാഫുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവയ്‌ക്കു പ്രത്യേക പ്രാധാന്യമുണ്ട്‌. പ്രധാന ലേഖനത്തിലവതരിപ്പിക്കുന്ന വസ്‌തുതകളെ സമർഥിക്കാന്‍ വേണ്ടി ലേഖനത്തിൽ സൂചകനമ്പരുകള്‍ നല്‌കി അടിക്കുറിപ്പുകളും മറ്റും ചേർക്കുന്നു. ഇത്തരം ഗ്രന്ഥങ്ങളുടെ എഡിറ്റിങ്‌സമയത്ത്‌ അടിക്കുറിപ്പുകള്‍ക്കും മറ്റും നല്‌കുന്ന നമ്പരുകളുടെ കൃത്യത ഉറപ്പുവരുത്താന്‍ എഡിറ്റർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.

സംശോധിതസംസ്‌കരണം

ഒരു കൃതിക്ക്‌ ഒന്നിലധികം എഡിഷനോ കൈയെഴുത്തു പ്രതിയോ ഉണ്ടായിരിക്കുകയും ഇവയിൽ പാഠഭാഗങ്ങളിൽ വ്യത്യാസമുണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ ശരിയായ പാഠം ഏതെന്നു വസ്‌തുനിഷ്‌ഠമായി അന്വേഷിച്ച്‌ അത്‌ വിശദീകരിച്ചുകൊണ്ട്‌ ഗ്രന്ഥഭാഗങ്ങള്‍ പുനർനിർണയം ചെയ്‌തവതരിപ്പിക്കുന്നത്‌ ക്രിട്ടിക്കൽ എഡിഷന്‍ അഥവാ സംശോധിതസംസ്‌കരണം എന്നറിയപ്പെടുന്നു. ശരിയായ പാഠം കണ്ടെത്തുന്നതിനു സ്വീകരിക്കുന്ന മാനദണ്ഡങ്ങളും സംശോധിത സംസ്‌കരണത്തിനുപയോഗിച്ച ഗ്രന്ഥങ്ങളുടെയും മറ്റു വസ്‌തുക്കളുടെയും പൂർണവിവരവും വളരെക്കൂടുതൽ എഡിഷനുകളോ കൈയെഴുത്തുപ്രതിയോ ഉള്ള കൃതിയാണെങ്കിൽ അവയിൽ ചിലത്‌ പഠനത്തിനു തിരഞ്ഞെടുക്കുമ്പോള്‍ അങ്ങനെ തിരഞ്ഞെടുക്കുന്നതിനു സ്വീകരിച്ച മാനദണ്ഡങ്ങളും, ഒരു എഡിഷന്‍ അഥവാ കൈയെഴുത്തുപ്രതി അടിസ്ഥാനഗ്രന്ഥമായി സ്വീകരിക്കുമ്പോള്‍ അതിന്റെ സാംഗത്യവും, മറ്റും സംശോധിതസംസ്‌കരണം നിർവഹിച്ചു പ്രസിദ്ധീകരിക്കുമ്പോള്‍ ആമുഖമായി വിവരിച്ചിരിക്കും. പ്രശസ്‌തമായ പ്രാചീനഗ്രന്ഥങ്ങള്‍ക്ക്‌ പാഠഭേദങ്ങള്‍ കൂടുതലായി കാണപ്പെടുന്നതുകൊണ്ട്‌ അങ്ങനെയുള്ള കൃതികള്‍ സംശോധിതസംസ്‌കരണം നടത്തി പ്രസിദ്ധീകരിക്കാറുണ്ട്‌.

സംശോധിത സംസ്‌കരണത്തിനുവേണ്ട ഒരു കൃതിയുടെ കിട്ടാവുന്ന എല്ലാ എഡിഷനുകളും കൈയെഴുത്തു പ്രതികളും പരിശോധിക്കുമ്പോള്‍ അവയെ വ്യത്യസ്‌തമായ പാഠങ്ങള്‍ പിന്തുടരുന്ന രണ്ടോ അതിലധികമോ വിഭാഗങ്ങളിലായി വർഗീകരിക്കാന്‍ കഴിയും. ദേശഭേദം, പ്രാദേശികഭാഷാഭേദം, സാമൂഹികാചാരഭേദങ്ങള്‍ തുടങ്ങിയവ പാഠഭേദങ്ങളുടെ നിയാമകഘടകങ്ങളാണെന്നു താരതമ്യപഠനം വ്യക്തമാക്കും ഇവയിൽ ഏതു പാഠമാകാം യഥാർഥ പാഠവുമായി (ഗ്രന്ഥരചയിതാവിന്റെ) ഏറ്റവും അടുത്തുനില്‌ക്കുന്നത്‌ എന്നു കണ്ടുപിടിക്കുന്നത്‌ സംശോധിതസംസ്‌കരണത്തിന്റെ പ്രധാന ലക്ഷ്യമാണ്‌.

ഒരു കൈയെഴുത്തു പ്രതിയുടെ പ്രാചീനത യഥാർഥ പാഠവുമായുള്ള അടുപ്പത്തിന്റെ ഒരു ഘടകമാകാമെങ്കിലും ഏറ്റവും പഴക്കമുള്ള കൈയെഴുത്തുപ്രതിയാണ്‌ യഥാർഥപാഠവുമായി ഏറ്റവും അടുത്തുനില്‌ക്കുന്നതെന്നു കരുതാന്‍ സാധിക്കുകയില്ല. ഗ്രന്ഥകാരന്‍ ജീവിച്ചിരുന്ന സ്ഥലവും ഗ്രന്ഥം ലഭിച്ച സ്ഥലവും തമ്മിലുള്ള ബന്ധം, ഗ്രന്ഥത്തിലെ ലിപി, വ്യാഖ്യാനങ്ങളുണ്ടെങ്കിൽ വ്യാഖ്യാതാക്കളുടെ പരാമർശങ്ങള്‍, ഗ്രന്ഥകർത്താവിന്റെ മറ്റു കൃതികളുണ്ടെങ്കിൽ അവയിലെ പദപ്രയോഗങ്ങളും ശൈലിയുമായുള്ള താരതമ്യം തുടങ്ങിയവ യഥാർഥപാഠം കണ്ടെത്തുന്നതിനു സഹായകമാകുന്നു,

സംശോധിതസംസ്‌കരണത്തിന്‌ ഒരു ഗ്രന്ഥം അഥവാ കൈയെഴുത്തുപ്രതി അടിസ്ഥാനഗ്രന്ഥമായി സ്വീകരിക്കുന്നു. യഥാർഥപാഠവുമായി ഏറ്റവും അടുത്തുനില്‌ക്കുന്നത്‌ എന്നു കരുതാവുന്ന ഗ്രന്ഥമോ കൈയെഴുത്തുപ്രതിയോ സമ്പൂർണമായുള്ളതും ഉപയോഗക്ഷമവുമാണെങ്കിൽ അത്‌ അടിസ്ഥാനഗ്രന്ഥമായെടുക്കാം. ഇതിലെ പാഠം പ്രധാനമായി സ്വീകരിക്കുകയും മറ്റ്‌ എഡിഷനുകളിലെ അഥവാ കൈയെഴുത്തുപ്രതികളിലെ പാഠഭേദങ്ങള്‍ നമ്പരിട്ട്‌ അടിക്കുറിപ്പായി നല്‌കുകയുമാണ്‌ പതിവ്‌. അടിസ്ഥാനഗ്രന്ഥത്തിലെ പാഠഭാഗത്ത്‌ കൂടുതൽ അനുയോജ്യം മറ്റൊരു ഗ്രന്ഥത്തിലെ പാഠമാണ്‌ എന്ന്‌ എഡിറ്റർക്കു തോന്നിയാലും അടിസ്ഥാന ഗ്രന്ഥത്തിലെ പാഠംതന്നെ പ്രധാനപാഠമായി സ്വീകരിക്കുകയും തന്റെ അഭിപ്രായം അടിക്കുറിപ്പായി രേഖപ്പെടുത്തുകയും മാത്രമാണു ചെയ്യുന്നത്‌. മറ്റൊരു പാഠം പ്രധാനപാഠമായി സ്വീകരിക്കാറില്ല. എന്നാൽ പകർത്തിയെഴുതിയ ആളിന്റെ ശ്രദ്ധക്കുറവുകൊണ്ടും മറ്റും വന്നുചേർന്ന തെറ്റാണെന്നു ബോധ്യമായാൽ ആ തെറ്റു തിരുത്തുകയും മറ്റു പാഠങ്ങളിൽ ശരിയായ പദങ്ങളുള്ളത്‌ പ്രധാനപാഠമായി സ്വീകരിക്കുകയും ചെയ്യുന്നു. വളരെ അത്യാവശ്യമുള്ള സന്ദർഭങ്ങളിൽ മാത്രമേ എഡിറ്റർ ഇപ്രകാരം ഒരു മാറ്റം സ്വയം നടത്താറുള്ളൂ.

പൂണെയിലെ ഭണ്ഡാർകർ ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നും പ്രസിദ്ധീകരിച്ച മഹാഭാരതത്തിന്റെ സംശോധിതസംസ്‌കരണം സാങ്കേതികതയെപ്പറ്റി പഠിക്കുന്നതിന്‌ ഉദാഹരണമായി സ്വീകരിക്കാവുന്ന ഏറ്റവും മികച്ച മാതൃകകളിലൊന്നാണ്‌. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും മഹാഭാരതത്തിനുണ്ടായ ഒട്ടുമിക്ക എഡിഷനുകളും അനേകം കെയെഴുത്തുപ്രതികളും സമാഹരിച്ച്‌ വിദഗ്‌ധരുടെ ഒരു സമിതി അനേക വർഷത്തെ നിഷ്‌കൃഷ്‌ടമായ പഠനത്തിനു ശേഷമാണ്‌ ആ സംശോധിതസംസ്‌കരണം തയ്യാറാക്കിയത്‌. എസ്‌.എം. കാത്രയുടെ ടെക്‌സ്‌ച്വൽക്രിട്ടിസിസം തുടങ്ങിയ ഗ്രന്ഥങ്ങളിൽ ശാസ്‌ത്രീയമായി സംശോധിതസംസ്‌കരണം നടത്തുന്നതെങ്ങനെയെന്നു വിശദീകരിച്ചിട്ടുണ്ട്‌.

ഗ്രന്ഥകാരന്‍ ആരാണെന്ന്‌ അഭിപ്രായവ്യത്യാസമുള്ള കൃതികളുടെയും അജ്ഞാതകർത്തൃകമായ കൃതികളുടെയും സംശോധിത സംസ്‌കരണം നടത്തുമ്പോള്‍ ഗ്രന്ഥകർത്താവ്‌ ആരാണെന്നു കണ്ടെത്താന്‍ ശ്രമിക്കുന്നത്‌ എഡിറ്ററുടെ കർത്തവ്യമാണ്‌. ഗ്രന്ഥകാരന്‍ ജീവിച്ചിരിക്കാനിടയുള്ള കാലത്തുണ്ടായിട്ടുള്ള മറ്റു കൃതികളുടെ പഠനവും രചനാശൈലിയുടെ താരതമ്യപഠനവും ഗ്രന്ഥത്തിൽ പ്രയോഗിച്ചിട്ടുള്ള വാക്കുകള്‍ക്കും ശൈലിക്കും പ്രത്യേക സവിശേഷത ശ്രദ്ധേയമായുണ്ടെങ്കിൽ അതിന്റെ നിരീക്ഷണവും മറ്റും ഗ്രന്ഥകാരനാരാണെന്നു കണ്ടെത്തുന്നതിനു സഹായകമാണ്‌.

റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍

എന്‍സൈക്ലോപീഡിയ അമേരിക്കാന

ആധുനികകാലത്ത്‌ റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ക്കു വലിയ പ്രചാരം ലഭിച്ചുവരുന്നുണ്ട്‌. നിഘണ്ടുക്കളും വിജ്ഞാനകോശങ്ങളുമാണ്‌ ഇവയിൽ പ്രധാനം. ഏകഭാഷാനിഘണ്ടു, ദ്വിഭാഷാനിഘണ്ടു, ത്രിഭാഷാനിഘണ്ടു ഈ രീതിയിൽ വ്യത്യസ്‌തഭാഷകളിൽ പദങ്ങളും അർഥവും ക്രമീകരിച്ചിട്ടുള്ള ഡിക്ഷണറികളുണ്ട്‌. ചെറിയ പോക്കറ്റ്‌ ഡിക്ഷണറികളും 15 വാല്യമുള്ള ഓക്‌സ്‌ഫഡ്‌ ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌ ഡിക്ഷണറി തുടങ്ങി അനേകം വാല്യങ്ങളുള്ളവയും നിഘണ്ടുവിന്റെ വിഭാഗത്തിൽ ഉള്‍പ്പെടുന്നു. മുപ്പതിൽപ്പരം വാല്യങ്ങളുള്ള എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക, ഗ്രയിറ്റ്‌ സോവിയറ്റ്‌ എന്‍സൈക്ലോപീഡിയ, എന്‍സൈക്ലോപീഡിയ അമേരിക്കാന എന്നിവ വിജ്ഞാനകോശങ്ങളിൽ വലുതും പ്രശസ്‌തവുമാണ്‌. വിഷയാധിഷ്‌ഠിത ശബ്‌ദാവലിയും വിഷയാധിഷ്‌ഠിത വിജ്ഞാനകോശങ്ങളും എല്ലാ വിജ്ഞാനശാഖകള്‍ക്കും ലഭ്യമാണ്‌. മറ്റു ഗ്രന്ഥങ്ങളുടെ എഡിറ്റിങ്ങിൽനിന്നും വ്യത്യസ്‌തമായ ചില മാനദണ്ഡങ്ങള്‍ ഇത്തരം റഫറന്‍സ്‌ ഗ്രന്ഥങ്ങളുടെ എഡിറ്റിങ്ങിൽ സ്വീകരിച്ചു വരുന്നു. വസ്‌തുതകള്‍ നൂറുശതമാനവും ശരിയാണ്‌ എന്നുറപ്പുവരുത്തുകയാണ്‌ റഫറന്‍സ്‌ ഗ്രന്ഥങ്ങളുടെ എഡിറ്റർ പ്രധാനമായി ചെയ്യേണ്ടത്‌. ഒരു റഫറന്‍സ്‌ ഗ്രന്ഥം പരിശോധിക്കുമ്പോള്‍ അതിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ പൂർണമായും ശരിയാണ്‌ എന്ന ധാരണയാണു സാധാരണയായുള്ളത്‌. ഈ വിശ്വാസ്യതയ്‌ക്കനുയോജ്യമായി എല്ലാ വസ്‌തുതകളും, നിഘണ്ടുക്കളാണെങ്കിൽ ഓരോ അക്ഷരവും പരിശോധിച്ച്‌ ആധികാരികത ഉറപ്പുവരുത്തിയാണ്‌ എഡിറ്റിങ്‌ നടത്തുന്നത്‌. ഇതിന്‌ വ്യത്യസ്‌ത വിജ്ഞാനമേഖലകളിൽ വിദഗ്‌ധരായവർ ഉള്‍പ്പെടുന്ന ഉപദേശസമിതിയുടെയും വിവിധ വിജ്ഞാനമേഖലകളിൽ പരിണതപ്രജ്ഞരായ അസിസ്റ്റന്റ്‌ എഡിറ്റർമാരുടെയും മറ്റും സേവനം എഡിറ്റർ സ്വീകരിക്കുന്നു.

ഗ്രന്ഥത്തിന്റെ ഉദ്ദേശ്യവും വലുപ്പവുമനുസരിച്ച്‌ എത്ര ശീർഷകം ഉള്‍പ്പെടുത്താമെന്നു കണക്കാക്കുക, ത്യാജൃഗ്രാഹ്യവിവേചനത്തോടെ ശീർഷകങ്ങള്‍ തിരഞ്ഞെടുക്കുക, ലേഖനങ്ങളുടെ ദൈർഘ്യം തീരുമാനിക്കുക തുടങ്ങിയവ റഫറന്‍സ്‌ ഗ്രന്ഥങ്ങളുടെ രചനയിലെ ആദ്യത്തെ പ്രധാന ജോലിയാണ്‌. ആധുനിക കാലത്ത്‌ നിഘണ്ടുക്കളിലും വിജ്ഞാനകോശങ്ങളിലും മറ്റും പദങ്ങളും ശീർഷകങ്ങളും അക്ഷരമാലാക്രമത്തിൽ ക്രമീകരിക്കുന്ന പതിവാണുള്ളത്‌. വിഷയാധിഷ്‌ഠിതമായി വ്യത്യസ്‌തവിഭാഗങ്ങളിൽ ശീർഷകം ക്രമീകരിക്കുന്നതാണ്‌ മറ്റൊരു രീതി. പലർ എഴുതി തയ്യാറാക്കുന്ന വിവരങ്ങള്‍ പരിശോധിച്ച്‌, ശൈലീപരമായ ഏകതാനത വരുത്തി, വിഷയത്തിന്റെ പ്രാധാന്യമനുസരിച്ച്‌ ലേഖനത്തിന്റെ ദൈർഘ്യം ക്രമപ്പെടുത്തി, ഏതൊക്കെ ലേഖനത്തോടൊപ്പം ചിത്രം ചേർക്കണമെന്നു തീരുമാനിച്ച്‌ ആകർഷകമായ രീതിയിൽ പേജുകളും ബയന്‍ഡും സംവിധാനം ചെയ്‌തു സമയബന്ധിതമായി തയ്യാറാക്കുന്ന റഫറന്‍സ്‌ ഗ്രന്ഥങ്ങളുടെ എഡിറ്റിങ്ങിൽ വസ്‌തുതാപരമായി അപ്രമാദിത്വത്തിനാണ്‌ ഏറ്റവും കൂടുതൽ പ്രാധാന്യം നല്‌കുന്നത്‌.

ഗ്രന്ഥത്തിന്റെ അവസാനത്തിൽ അഥവാ അനേകം വാല്യമുള്ള ഗ്രന്ഥമാണെങ്കിൽ പ്രത്യേകം വാല്യമായി വിഷയസൂചിക (ഇന്‍ഡെക്‌സ്‌) നല്‌കുന്ന പതിവുണ്ട്‌. ശീർഷകങ്ങളുടെയും ലേഖനങ്ങളിൽ വിവരിച്ചിട്ടുള്ള മറ്റു വിഷയങ്ങളുടെയും പട്ടിക തയ്യാറാക്കി അക്ഷരമാലാക്രമത്തിൽ കൊടുത്തിട്ട്‌ ഏതു വാല്യത്തിൽ ഏതു പേജിലായി ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന്‌ ഇന്‍ഡെക്‌സിൽ രേഖപ്പെടുത്തുന്നു. പ്രിന്റിങ്ങിന്റെ അവസാനഘട്ടത്തിൽ എഡിറ്ററുടെ ചുമതലയിൽ ഇന്‍ഡെക്‌സ്‌ തയ്യാറാക്കുന്നു.

ഗ്രന്ഥത്തിലേക്കുവേണ്ടി ശീർഷകങ്ങള്‍ അക്ഷരമാലാക്രമത്തിൽ ക്രമീകരിക്കുമ്പോള്‍ ചില ശീർഷകങ്ങള്‍ ഏതു ഭാഗത്തു ചേർക്കണമെന്ന്‌ വ്യക്തമാകാതെ വരാം. ഒരു പദം അതിന്റെ സ്വന്തം ഭാഷയിൽ ഉച്ചരിക്കപ്പെടുന്നതിൽ നിന്നും വ്യത്യാസത്തോടെയാകാം മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരു ദൂരദേശത്ത്‌ ഉച്ചരിക്കുന്നത്‌. ഗ്രന്ഥം രചിക്കുന്ന ഭാഷയിൽ ആ പദം പരമ്പരാഗതമായി അറിയപ്പെടുന്ന രീതിയിൽ സ്വീകരിക്കണമോ, ആ പദത്തിന്റെ സ്വന്തം ഭാഷയിൽ അത്‌ ഉച്ചരിക്കപ്പെടുന്ന രീതിയൽത്തന്നെ സ്വീകരിക്കണമോ എന്നു തുടങ്ങിയ അനേകം പ്രശ്‌നങ്ങള്‍ റഫറന്‍സ്‌ ഗ്രന്ഥങ്ങളുടെയും മറ്റും എഡിറ്റിങ്ങിൽ പ്രാരംഭത്തിൽത്തന്നെ ചർച്ചചെയ്‌തു തീരുമാനിക്കുന്നു. ഇത്തരം സാങ്കേതികകാര്യങ്ങളിൽ ഒരു ഗ്രന്ഥത്തിൽ എന്തു നയമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌ എന്ന്‌ ഗ്രന്ഥത്തിന്റെ മുഖവുരയിൽ സൂചിപ്പിക്കുകയും ചെയ്യുന്നു.

എഡിറ്റിങ്ങിനുശേഷം ലേഖനങ്ങളും മറ്റും അച്ചടിക്കുന്നതിനുവേണ്ടി വ്യക്തമായി പകർത്തിയെഴുതുന്ന കോപ്പിയിസ്റ്റുകള്‍, ഇവരിൽനിന്നും ക്രമമായി കോപ്പികള്‍ വാങ്ങി സൂക്ഷിക്കുകയും അച്ചടിക്കുവേണ്ടി ക്രമമായി അവ നല്‌കുകയും ചെയ്യുന്ന കോപ്പി ഹോള്‍ഡർമാർ, അച്ചടിച്ച പ്രൂഫും കൈയെഴുത്തു പ്രതിയും തമ്മിൽ ഒത്തുനോക്കി കൃത്യത ഉറപ്പുവരുത്തുന്ന പ്രൂഫ്‌റീഡർമാർ, ഗ്രന്ഥത്തിലേക്കു വേണ്ട ഫോട്ടോ എടുത്തു തയ്യാറാക്കുന്ന ഫോട്ടോഗ്രാഫർമാർ, ചാർട്ടുകളും ഗ്രാഫുകളും ചിത്രങ്ങളും മറ്റും തയ്യാറാക്കുന്ന ആർട്ടിസ്റ്റുകള്‍ തുടങ്ങിയവരും എഡിറ്റർക്കു പുറമേ എഡിറ്റിങ്‌ ജോലിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.

പ്രസിദ്ധീകരണസ്ഥാപനങ്ങളിൽ സാധാരണയായി ആർട്ട്‌ എഡിറ്ററുടെ ഒരു വിഭാഗം തന്നെ ഉണ്ടാകും. ഗ്രന്ഥത്തിലെ പ്രിന്റിങ്‌ ടൈപ്പുകളുടെ വലുപ്പം നിർണയിക്കുക, ചിത്രങ്ങള്‍, ഗ്രാഫുകള്‍, ചാർട്ടുകള്‍ തുടങ്ങിയവ തയ്യാറാക്കുക, ഇവ കലാപരമായി പേജുകളിൽ സംവിധാനം ചെയ്യുക, ഗ്രന്ഥത്തിലെ പുറം ചട്ടയിലെ പേരുകളുടെയും ചിത്രങ്ങളുടെയും രൂപകല്‌പന ചെയ്യുക തുടങ്ങിയവയ്‌ക്ക്‌ ആർട്ട്‌ എഡിറ്ററുടെ ഭാവനാപൂർണമായ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നു. ആർട്ട്‌ എഡിറ്ററും എഡിറ്ററും ചർച്ച ചെയ്‌ത്‌ ഈ കാര്യങ്ങളിൽ അന്തിമതീരുമാനം കൈക്കൊള്ളുന്നു.

ഒരു ഗ്രന്ഥത്തിന്റെ മൂല്യത്തെപ്പറ്റിയും ഗ്രന്ഥം വാങ്ങുന്നതിന്‌ ഏതു മേഖലയിലുള്ളവരിലാണ്‌ താത്‌പര്യം കാണുക, എത്രത്തോളം പ്രതികള്‍ വിറ്റഴിയാന്‍ സാധ്യതയുണ്ട്‌ തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും എഡിറ്ററുടെ അഭിപ്രായം പബ്ലിഷർ സ്വീകരിക്കുന്നു. വിതരണവിഭാഗത്തിലേക്കും എഡിറ്റർ തന്റെ അഭിപ്രായം എഴുതി നല്‌കാറുണ്ട്‌.

ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചതിനുശേഷവും എഡിറ്ററുടെ ജോലി തീരുന്നില്ല. ആ ഗ്രന്ഥത്തിലെ ഏതെങ്കിലും പരാമർശത്തെപ്പറ്റി വിമർശനമുണ്ടായാൽ അതിന്‌ സയുക്തികം മറുപടി നല്‌കുന്നത്‌ എഡിറ്ററുടെ ഉത്തരവാദിത്തത്തിൽപ്പെടുന്നു. ഗ്രന്ഥം കൂടുതൽ മെച്ചപ്പെടുത്താനുതകുന്ന അഭിപ്രായങ്ങളും ഗ്രന്ഥത്തിൽ യാദൃച്ഛികമായി കടന്നുകൂടിപ്പോയ തെറ്റുകളുണ്ടെങ്കിൽ അതും രേഖപ്പെടുത്തിവയ്‌ക്കുകയും ഗ്രന്ഥത്തിന്റെ പുതിയ ഒരു എഡിഷന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആ വസ്‌തുതകള്‍കൂടി പരിഗണിക്കുകയും ചെയ്യുന്നു.

ചലച്ചിത്ര നിർമാണം

തിരക്കഥയിലെ രംഗ-ദൃശ്യവിഭജനത്തെ സംബന്ധിച്ച നിർദേശങ്ങള്‍ക്കനുസൃതമായി സെലുലോയ്‌ഡിൽ പകർത്തിയിട്ടുള്ള ദൃശ്യശകലങ്ങളെ മൊത്തത്തിലുള്ള ചലച്ചിത്രത്തിന്റെ ദൃശ്യപൗർവാപര്യക്രമത്തിൽ സംയോജിപ്പിക്കുന്ന പ്രക്രിയെയും എഡിറ്റിങ്‌ എന്നു പറയാറുണ്ട്‌. മലയാളത്തിൽ ഇത്‌ "ചിത്രസംയോജനം' എന്ന പേരിലാണറിയപ്പെടുന്നത്‌.

ചലച്ചിത്രസൃഷ്‌ടിയുടെ അസ്‌തിവാരം എഡിറ്റിങ്ങിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന അഭിപ്രായം ആദ്യമായി പ്രകടമാക്കിയത്‌ റഷ്യയിലെ ചലച്ചിത്രവിദഗ്‌ധന്മാരായ ലെവ്‌കുലെഷോവ്‌, പുഡോവ്‌കിന്‍ എന്നിവരാണ്‌. എഡിറ്റിങ്ങിലെ സാങ്കേതികകാര്യങ്ങളുടെ വികസനത്തിന്‌ കനത്ത സംഭാവന നല്‌കിയ മറ്റൊരു സംവിധായകനാണ്‌ ഐസന്‍സ്‌റ്റൈന്‍ ഒരു ചലച്ചിത്രം മുഖേന ആവിഷ്‌കരിക്കാനാഗ്രഹിക്കുന്ന ആശയത്തെ സെലുലോയ്‌ഡിൽ പല സന്ദർഭങ്ങളിലായി പകർത്തിയിട്ടുള്ള ദൃശ്യരൂപങ്ങളുടെ സമ്യക്കായ ക്രമീകരണത്തിലൂടെ പ്രക്ഷകന്റെ മുന്‍പിൽ വ്യക്തമായി അവതരിപ്പിക്കുന്ന ധർമമാണ്‌ എഡിറ്റർക്കു നിർവഹിക്കുവാനുള്ളത്‌. സംഭവങ്ങളെയും സാഹചര്യങ്ങളെയും യഥാതഥമായി അവതരിപ്പിക്കുക, സംഭാഷണചിത്രങ്ങളിൽ ശബ്‌ദവും ചലനവും സംയോജിപ്പിക്കുക, രംഗങ്ങളുടെ ഭാവോജ്ജ്വലത വർധിപ്പിക്കാനാവശ്യമായ വാതിൽപ്പുറ ചിത്രങ്ങള്‍ ശേഖരിച്ച്‌ യഥായോഗ്യം ചേർക്കുക എന്നിവ എഡിറ്ററുടെ ചുമതലയാണ്‌. രംഗങ്ങളുടെയും ദൃശ്യ ശകലങ്ങളുടെയും ദൈർഘ്യം ആവശ്യാനുസരണം കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യുക; ഒരു ദൃശ്യത്തിൽ നിന്നു മറ്റൊന്നിലേക്കുള്ള മാറ്റം ആകർഷകവും സ്വാഭാവികവുമാക്കാകു, രംഗസ്വഭാവമനുസരിച്ച്‌ ദൃശ്യശകലങ്ങളുടെ ചലനവേഗം കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യുക തുടങ്ങി ഒരു ചലച്ചിത്രത്തിന്റെ സംരചനയിൽ ഉടനീളം ചിത്രസംയോജകന്റെ കരവിരുതിനും ഭാവനയ്‌ക്കും വലിയൊരു പങ്കു നിർവഹിക്കാനുണ്ട്‌. സെലുലോയ്‌ഡ്‌ ചുരുളുകളിൽ പതിച്ചെടുക്കുന്ന ദൃശ്യരൂപങ്ങള്‍ക്ക്‌ ജീവനും ചൈതന്യവും നല്‌കി പ്രക്ഷകഹൃദയങ്ങളിൽ പ്രതികരണങ്ങളുണ്ടാക്കത്തക്കവിധം വെള്ളിത്തിരയിലെത്തിക്കുന്ന നിർമാണാത്മകമായ ഒരു കർമമാണ്‌ ചലച്ചിത്ര എഡിറ്റിങ്ങിൽ നിക്ഷിപ്‌തമായിരിക്കുന്നത്‌.

പഴയകാല ചലച്ചിത്രഎഡിറ്റിങ്‌ മെഷീന്‍
സിനിമാ എഡിറ്റിങ്‌-കമ്പൂട്ടർ ചിത്രം

ചലച്ചിത്രനിർമാണത്തിന്റെ തുടക്കത്തിൽ എഡിറ്റിങ്‌ ഉണ്ടായിരുന്നില്ല ഒരിടത്ത്‌ ഉപ്പിച്ചുവച്ച ക്യാമറയിലൂടെ മുന്നിൽ നടക്കുന്ന സംഭവങ്ങളെ ആദ്യംമുതൽ അവസാനംവരെ പകർത്തിയെടുക്കലായിരുന്നു അന്ന്‌ ചെയ്‌തിരുന്നത്‌. എഡിറ്റിങ്ങിൽ ഇന്നു പ്രാബല്യത്തിലുള്ള അനേകം പ്രയോഗവിധികള്‍ കൊണ്ടുവന്നത്‌ നിശ്ശബ്‌ദ സിനിമയുടെ ആചാര്യനായ ഗ്രിഫ്‌ത്ത്‌ ആയിരുന്നു. വ്യത്യസ്‌തസമയങ്ങളിൽ വിവിധ ലൊക്കേഷനുകളിൽ വച്ചു നടത്തുന്ന ചിത്രീകരണങ്ങളെ ഒന്നിച്ചുചേർത്ത്‌ ഗ്രിഫ്‌ത്തിന്റെ സഹായിയായിരുന്ന എഡ്വിന്‍വോട്ടർ "ദി ഗ്രറ്റ്‌ ട്രയിന്‍ റോബറി' എന്ന ചിത്രം നിർമിച്ചു. ഇത്‌ സിനിമയുടെ ചരിത്രത്തിലെതന്നെ വിസ്‌മയാവഹമായ നേട്ടങ്ങളിൽ ഒന്നായി മാറി. മിഡ്‌ഷോട്ട്‌, ലോങ്‌ഷോട്ട്‌, ക്ലോസ്‌അപ്പ്‌ എന്നീ ഷോട്ടുകളും വ്യക്തമായി തുടർച്ചാക്രമത്തിൽ ഒട്ടിച്ചുചേർത്ത്‌ സിനിമാറ്റിക്‌ ടൈം എന്ന പുതിയ സങ്കല്‌പംതന്നെ അദ്ദേഹം അവതരിപ്പിച്ചു. ആദ്യകാലങ്ങളിൽ കൈകൊണ്ട്‌ മുറിച്ചും ഒട്ടിച്ചുചേർത്തുമായിരുന്ന എഡിറ്റിങ്‌ നടത്തിയിരുന്നത്‌. പിന്നീട്‌ ഫിലിമിനെ ഇഷ്‌ടാനുസരണം മുന്നോട്ടും പിന്നോട്ടും നീക്കി ഓരോ ഫ്രയിമും പരിശോധിക്കാനും പ്രാജക്‌ട്‌ ചെയ്‌തു കാണിക്കാനും മുറിക്കാനും ഒട്ടിക്കാനുമൊക്കെ സഹായിക്കുന്ന വിവിധ ഉപകരണങ്ങള്‍ ഓരോന്നായി രംഗത്തുവന്നു. ഇവയിൽ ഏറ്റവും പ്രധാനം താഴെ പറയുന്നവയാണ്‌.

(1) സിമന്റ്‌ സ്‌പ്ലൈസർ (Cement Splicer), (2) ടേപ്പ്‌ സ്‌പ്ലൈസർ (Tape Splicer), (3) റിവൈന്‍ഡ്‌ (Rewind), (4) ഹോള്‍ഡ്‌ (Hold), (5) എഡിറ്റിങ്‌ ബഞ്ച്‌ (Editing Bench), (6) മൂവിയോള, (7) സിങ്ക്‌ ഡിവൈസ്‌, (8) ഫ്‌ളാറ്റ്‌ ബെഡ്‌, (9) പിക്‌ച്ചർ സിങ്ക്‌.

മേൽപ്പറഞ്ഞവയിൽ ഏറ്റവും പ്രധാനം മൂവിയോളയാണ്‌. 1929 മുതൽ നിലവിലുള്ള ഉപകരണമാണിത്‌ ഫിലിമിലെ ദൃശ്യങ്ങളെ പ്രാജക്‌ട്‌ ചെയ്‌തു കാണിക്കാനുള്ള ചെറിയ ഗ്രൗണ്ട്‌ ഗ്ലാസ്‌ സ്‌ക്രീന്‍ ഇതിലുള്ളതിനാൽ ദൃശ്യത്തെ മൂവിയോളയിലൂടെ നേരിട്ട്‌ കാണാന്‍ കഴിയും. ദൃശ്യത്തോടൊപ്പം തന്നെ ശബ്‌ദവും കേള്‍ക്കാന്‍ സഹായിക്കുന്ന സൗണ്ട്‌ ഹൈഡുകളും ഈ ഉപകരണത്തിലുണ്ട്‌.

എഡിറ്റിങ്ങിന്‌ ഒഴിച്ചുകൂടാനാവാത്ത മറ്റു ചില ഘടകങ്ങള്‍ കൂടി ഉണ്ട്‌. ഇവയിൽ പ്രധാനം ഘടന, താളം, എസ്റ്റാബ്ലിഷ്‌മെന്റ്‌, ഷോട്ട്‌ സ്വീക്വന്‍സ്‌, ഐലൈന്‍മച്ചു, ജമ്പുകട്ട്‌, സിനിമാറ്റിക്‌ ടൈം, ചലനം, കട്ടിങ്‌ പോയിന്റ്‌ എന്നിവയാണ്‌. ഇവയോടൊപ്പം ഷോട്ടുകള്‍ക്ക്‌ ദൃശ്യമനഃശാസ്‌ത്രത്തിനനുരൂപമായ താളവും ഗതിവേഗവും നൽകാനായി ഷോട്ടുകളെ എവിടെവച്ച്‌ അവസാനിപ്പിക്കണമെന്നും എങ്ങനെയൊക്കെ കൂട്ടിച്ചേർക്കണമെന്നും കണ്ടെത്താനും തിരിച്ചറിയാനുമുള്ള കഴിവും എഡിറ്റർ സമാർജിച്ചിരിക്കണം.

വീഡിയോ എഡിറ്റിങ്‌. ടെലിവിഷന്‍ സംപ്രഷണം സാർവത്രികമായിക്കഴിഞ്ഞതോടെയാണ്‌ വീഡിയോ എഡിറ്റിങ്‌ ആവശ്യമായിവന്നത്‌ റിക്കോർഡറിൽ അലേഖനം ചെയ്‌ത ടേപ്പുകളെ കത്രികകൊണ്ട്‌ മുറിച്ചും ഒട്ടിച്ചുമാണ്‌ ആദ്യകാലത്ത്‌ എഡിറ്റിങ്‌ നടത്തിയിരുന്നത്‌. 1958-ൽ ആപെക്‌സ്‌ കോർപ്പറേഷന്‍ ഇതിനാവശ്യമായ യന്ത്രങ്ങള്‍ വിപണിയിലിറക്കി. ഇന്ന്‌ വീഡിയോ എഡിറ്റിങ്‌ ലളിതമായ സാങ്കേതിക വിദ്യയായി മാറിക്കഴിഞ്ഞിരിക്കുന്നു. ദൃശ്യത്തെയും ശബ്‌ദത്തെയും ഇഷ്‌ടാനുസരണം കൂട്ടിച്ചേർക്കാനും ഇഫക്‌ടുകള്‍ ഇടകലർത്താനും മിക്‌സ്‌ ചെയ്യാനുമായി "ടു മെഷീന്‍ എഡിറ്റ്‌ സ്യൂട്ട്‌' പോലുള്ള എഡിറ്റിങ്‌ ഉപകരണങ്ങള്‍ ഇന്ന്‌ സുലഭമാണ്‌.

കംപ്യൂട്ടർ ഡിജിറ്റൽ എഡിറ്റിങ്‌. വീഡിയോ എഡിറ്റിങ്‌ രംഗത്തെ വിപ്ലവാത്മകമായ മാറ്റമാണ്‌ ഡിജിറ്റൽ സങ്കേതം. കംപ്യൂട്ടർ-ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ദൃശ്യശബ്‌ദങ്ങളെ സംഖ്യകളാക്കിമാറ്റുന്നു. ആഡിയോവീഡിയോ സിഗ്നലുകളെ കംപ്യൂട്ടർ കീബോർഡിന്റെയും മൗസിന്റെയും സഹായത്താൽ എഡിറ്റിങ്‌ നടത്താം. മാത്രമല്ല ആവശ്യമായ സ്‌പെഷ്യൽ ഇഫക്‌ടുകളും അതേ സമയത്തുതന്നെ സന്നിവേശിപ്പിക്കാനുമാകും. കംപ്യൂട്ടർ അവതരിപ്പിച്ച പുതിയ എഡിറ്റിങ്‌ ടെക്‌നിക്‌ ആണ്‌ ടൈംകോഡ്‌ എഡിറ്റിങ്‌.

കംപ്യൂട്ടറുകള്‍ ഉപയോഗിച്ച്‌ എഡിറ്റ്‌ ചെയ്യുന്നത്‌ സോഫ്‌റ്റ്‌വെയറുകളുടെ സഹയത്തോടെയാണ്‌. സോഫ്‌റ്റ്‌വെയറുകളുടെ സഹായത്തോടെ എഡിറ്റു ചെയ്യുമ്പോള്‍ ടൈം കോഡ്‌, ഇഫക്‌ടുകള്‍, ട്രാന്‍സിഷന്‍സ്‌ (Transitions) കളർ കറക്ഷന്‍ ഇവയെല്ലാം വളരെ എളുപ്പത്തിൽ ചെയ്യാന്‍ കഴിയും. ചലച്ചിത്ര എഡിറ്റിങ്ങിനും വീഡിയോ എഡിറ്റിങ്ങിനും ആവശ്യമായ ധാരാളം സോഫ്‌റ്റ്‌വെയറുകള്‍ ഇന്ന്‌ നിലവിലുണ്ട്‌. ഇവയിൽ പ്രധാനപ്പെട്ടവയാണ്‌ അഡോബ്‌ പ്രീമിയർ (Adobe Premier), അവിഡ്‌ (Avida), എഫ്‌.സി.പി. (FCP) എന്ന ഫൈനൽ കട്ട്‌പ്രാബ്‌ എന്നിവ ഇവയിൽ ഇന്ന്‌ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറാണ്‌ ആപ്പിള്‍ കമ്പനിയുടെ എഫ്‌.സി.പി. എഫ്‌.സി.പി. ഉപയോഗിച്ച്‌ ഒരു ട്രാക്കിൽ സെക്കന്‍ഡു മുതൽ മണിക്കൂർ വരെയുള്ള ടൈം കോഡുകള്‍ വളരെ വ്യക്തതയോടെ കാണാന്‍ കഴിയും എന്നതാണ്‌ പ്രത്യേകത. എഡിറ്റിങ്ങിന്‌ രണ്ട്‌ ഘട്ടങ്ങളുണ്ട്‌. (1) ഓഫ്‌ ലൈന്‍ എഡിറ്റിങ്ങും (2) ഓണ്‍ ലൈന്‍ എഡിറ്റിങ്ങും. ഫിലിമിൽ നടത്തുന്ന റഫ്‌കട്ട്‌ പോലെ (പ്രാഥമിക എഡിറ്റിങ്‌) വിവിധ മാസ്റ്റർ ടേപ്പുകളിൽ കൂടികലർന്നു കിടക്കുന്ന ഷോട്ടുകളെ ക്രമഗണനാരീതിയിൽ ഒരു ടേപ്പിലേക്ക്‌ പകർത്തിയെടുക്കുന്ന രീതിയാണ്‌ ഓഫ്‌ലൈന്‍ എഡിറ്റിങ്‌. ഓഫ്‌ലൈന്‍ എഡിറ്റിങ്‌ നടത്തിയ ടേപ്പുകളെ വിശകലനം ചെയ്‌ത്‌ കൃത്യമായ ഇന്‍-ഔട്ട്‌ പോയിന്റുകള്‍ നിർണയിച്ച്‌ സീനുകള്‍ നീക്കേണ്ടതുണ്ടെങ്കിൽ അവ നീക്കം ചെയ്‌ത്‌ ഓണ്‍ലൈന്‍ എഡിറ്റിങ്‌ നടത്തുന്നു. ഇഫക്‌ടുകള്‍ ഏതൊക്കെ ഭാഗങ്ങളിൽ വേണമെന്ന്‌ നിർണയിച്ച്‌ ഉള്‍പ്പെടുത്തുന്നതും ഈ ഓണ്‍ലൈന്‍ എഡിറ്റിങ്ങിലാണ്‌. ഓണ്‍ലൈന്‍ എഡിറ്റിങ്‌ പൂർത്തിയാക്കിയ ടേപ്പുകളാണ്‌ സംപ്രഷണത്തിനായി ഉപയോഗിക്കുന്നത്‌.

സൗണ്ട്‌ എഡിറ്റിങ്‌ (ശബ്‌ദ സംയോജനം). ചിത്ര സംയോജനത്തിലെ വളരെ നിർണായകമായ ഒരു ഘടകമാണ്‌ ശബ്‌ദസംയോജനം അഥവാ സൗണ്ട്‌ എഡിറ്റിങ്‌. സൗണ്ട്‌എഡിറ്റിങ്ങിനായി ഫിലിമും ശബ്‌ദലേഖനം ചെയ്‌ത ടേപ്പുകളും ഉപയോഗിക്കുന്നു. ദൃശ്യത്തിനൊപ്പം ഉള്‍പ്പെടുത്തേണ്ട ശബ്‌ദങ്ങള്‍ സംഭാഷണം, വിവരണം, പശ്ചാത്തലശബ്‌ദം, എഫക്‌ട്‌സ്‌ ദൃശ്യത്തിലില്ലാത്ത ശബ്‌ദങ്ങള്‍, സംഗീതം, പശ്ചാത്തലസംഗീതം എന്നിവയാണ്‌.

സൗണ്ട്‌ എഡിറ്റിങ്‌ സ്യൂട്ട്‌

ടെലിവിഷന്‍ പരിപാടികളിലും സിനിമയിലും ശബ്‌ദസന്നിവേശത്തിൽ ലൈവ്‌ ശബ്‌ദങ്ങളും ഡബ്ബിങ്‌ ശബ്‌ദങ്ങളും പശ്ചാത്തല സംഗീതം ഇഫക്‌ടുകള്‍ ഇവയെല്ലാം കൂട്ടിച്ചേർത്ത്‌ അവസാന സൗണ്ട്‌ ട്രാക്കിന്‌ രൂപം കൊടുക്കുന്ന പ്രക്രിയയാണ്‌ സൗണ്ട്‌ മിക്‌സിങ്‌ അഥവാ ശബ്‌ദ മിശ്രണം. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ശബ്‌ദമിശ്രണത്തിനും എഡിറ്റിങ്ങിനുമായി ഓഡിഷന്‍, സൗണ്ട്‌ഫ്രാജ്‌, പ്രാടൂള്‍സ്‌ തുടങ്ങിയ ധാരാളം സോഫ്‌റ്റുവെയറുകള്‍ ഇപ്പോള്‍ നിലവിലുണ്ട്‌. ഇവയുടെ സഹായത്തോടെ ശബ്‌ദലേഖനം, ശബ്‌ദമിശ്രണം തുടങ്ങി ഒട്ടനവധി പ്രവർത്തികള്‍ വളരെ അനായാസം ചെയ്‌തു തീർക്കാനാകും. പശ്ചാത്തല ശബ്‌ദങ്ങളുടെ അളവിനെ മറ്റു ശബ്‌ദങ്ങള്‍ക്കാനുപാതികമായി പരിമിതപ്പെടുത്താനും ഇവ സഹായകമാണ്‌. എഡിറ്റിങ്ങിനെ ഒരു വിജ്ഞാനശാഖയായി കണക്കാക്കി അതിൽ വിദഗ്‌ധപരിശീലനം ലഭിക്കാനുതകുന്ന കോഴ്‌സുകള്‍ ആധുനിക കാലത്ത്‌ പ്രശസ്‌ത പ്രസിദ്ധീകരണസ്ഥാപനങ്ങളും ഗവണ്‍മെന്റുകള്‍ നേരിട്ടും നടത്തിവരുന്നുണ്ട്‌.

(കെ.കെ.എച്ച്‌., ബിന്ദുലേഖ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍