This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:41, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌

Objective Correlative

കലയിൽ വികാരത്തെ മനോരഞ്‌ജകമായി ആവിഷ്‌കരിക്കുവാന്‍ പ്രയോഗിക്കുന്ന ഒരു സങ്കേതം. ആംഗലകവിയും നിരൂപകനുമായ റ്റി.എസ്‌. എലിയറ്റ്‌ ആണ്‌ ഈ പ്രയോഗത്തിന്റെ പ്രണേതാവ്‌. 1920-ൽ പ്രസിദ്ധീകരിച്ച സെയ്‌ക്രഡ്‌ വുഡ്‌ എന്ന ഉപന്യാസ സമാഹാരത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ള ഹാംലെറ്റ്‌ ആന്‍ഡ്‌ ഹിസ്‌ പ്രാബ്‌ളംസ്‌ എന്ന ലേഖനത്തിലാണ്‌ എലിയറ്റ്‌ ഈ സാഹിത്യസങ്കേതം അവതരിപ്പിച്ചത്‌. വസ്‌തുനിഷ്‌ഠ സഹസംബന്ധിയെന്നോ ബാഹ്യ സംയോജകമെന്നോ ഈ പ്രേയാഗത്തെ മലയാളത്തിൽ വിവർത്തനം ചെയ്യാം.

കവിതയിൽ വികാരങ്ങളെ ഉത്തമമായ രീതിയിൽ ആവിഷ്‌കരിക്കുന്നതെങ്ങനെയെന്നു വിശദീകരിക്കാനാണ്‌ എലിയറ്റ്‌ "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌' എന്ന പ്രയോഗം ആവിഷ്‌കരിച്ചത്‌. വികാരത്തെ കവിയുടെ മനസ്സിൽനിന്നു നേരെ വായനക്കാരന്റെ മനസ്സിലേക്കു പകരാന്‍ സാധ്യമല്ല. അത്‌ മൂർത്തമായ ഏതെങ്കിലുമൊന്നായി രൂപാന്തരം പ്രാപിച്ചാലേ അതേ വികാരം വായനക്കാരന്റെ മനസ്സിൽ ഉദ്ദീപിപ്പിക്കാന്‍ കഴിയൂ. ഏത്‌ വസ്‌തുവിലാണോ ഇപ്രകാരം വികാരം ആവാഹിച്ചിരിക്കുന്നത്‌ അതാണ്‌ ആ വസ്‌തുവിന്റെ വസ്‌തുനിഷ്‌ഠ സഹസംബന്ധി അഥവാ "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌'. ഇത്‌ വസ്‌തുക്കളുടെ നിരയോ സംഭവശൃംഖലയോ സന്ദർഭമോ ആകാം. കവിക്കും വായനക്കാരനും ഇടയ്‌ക്കുള്ള ഒരു ഇടനിലയാണ്‌ "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌' എന്നു പറയാം.

ഷെയ്‌ക്‌സ്‌പിയറുടെ ഹാംലെറ്റ്‌ എന്ന നാടകം കലാപരമായി പരാജയമാണെന്നു സ്ഥാപിക്കാനാണ്‌ എലിയറ്റിന്റെ ശ്രമം. ഇതിവൃത്തം, കഥാപാത്രങ്ങള്‍, സംഭാഷണം, സ്ഥലം, കാലം തുടങ്ങിയ നാടകഘടകങ്ങളെ മനോജ്ഞമായി കൂട്ടിയിണക്കുവാന്‍ പലപ്പോഴും ഷെയ്‌ക്‌സ്‌പിയർ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഹാംലെറ്റിൽ അത്‌ കാണുന്നില്ലെന്നാണ്‌ എലിയറ്റിന്റെ ആരോപണം. പ്രസ്‌തുത നാടകത്തിലെ കഥ ഡെന്മാർക്കിൽ സംഭവിക്കുന്നതായിട്ടാണ്‌ ചിത്രീകരിക്കപ്പെടുന്നത്‌. ഹാംലെറ്റിന്റെ പിതാവ്‌ ഡെന്മാർക്കിലെ രാജാവായിരിക്കെ അപമൃത്യുവിനിരയായതിനെത്തുടർന്ന്‌ അദ്ദേഹത്തിന്റെ സഹോദരനായ ക്‌ളോഡിയസ്‌ രാജാവാകുകയും ഹാംലെറ്റിന്റെ മാതാവായ ഗെർട്രൂഡിനെ ഭാര്യയാക്കുകയും ചെയ്യുന്നു. ഒരു ദിവസം രാത്രി പിതാവിന്റെ പ്രതം ഹാംലെറ്റിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട്‌ തന്റെ മരണത്തിന്‌ കാരണക്കാരനായ ക്‌ളോഡിയസ്സിനോട്‌ പകരംവീട്ടാന്‍ ആവശ്യപ്പെടുന്നു. ഇളയച്ഛനെ നിഗ്രഹിക്കാനുള്ള പ്രയാസവും സ്വമാതാവിന്റെ വഞ്ചനയിലുള്ള ദുഃഖവുംമൂലം മാനസിക സംഘർഷത്തിലായ ഹാംലെറ്റ്‌ കാമുകിയായ ഒഫീലിയയുടെ പിതാവും രാജധാനിയിലെ ഉദേ്യാഗസ്ഥനുമായ പൊളോണിയസ്സിനെ വധിക്കാന്‍ ഇടയാകുന്നു. തുടർന്ന്‌ തന്നെ വധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതറിഞ്ഞ ഹാംലെറ്റ്‌ ഭ്രാന്തനായി അഭിനയിക്കുന്നു. ക്‌ളോഡിയസ്സിനെ കൊലപ്പെടുത്തുവാനുള്ള പല അവസരങ്ങളും പ്രയോജനപ്പെടുത്തുവാന്‍ ഹാംലെറ്റിന്‌ കഴിയാതെപോകുന്നു. രാജകുമാരന്റെ നിഷ്‌ക്രിയത്വം പ്രക്ഷകരുടെ മനസ്സിൽ പതിയത്തക്കവണ്ണം ആവിഷ്‌കരിക്കാന്‍ നാടകകൃത്തിന്‌ കഴിയുന്നില്ലെന്നാണ്‌ എലിയറ്റിന്റെ പക്ഷം. ഹാംലെറ്റ്‌ നിഷ്‌ക്രിയനായിത്തീരുന്നതിന്റെ മുഖ്യകാരണം അവതരിപ്പിക്കാന്‍ നാടകകൃത്ത്‌ ഒരു "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവി'നെ ആശ്രയിക്കേണ്ടതായിരുന്നുവെന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു. നാടകഗതിയിലുണ്ടാകുന്ന ചില സംഭവവികാസങ്ങളെത്തുടർന്ന്‌ ഹാംലെറ്റ്‌ ക്‌ളോഡിയസ്സിനെ വധിക്കുകയും പൊളോണിയസ്സിന്റെ പുത്രനായ ലെയിറ്റിസിനാൽ കൊല്ലപ്പെടുകയുമാണുണ്ടാവുന്നത്‌.

അനുയോജ്യമായ ഒരു "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌' കണ്ടെത്തി ഷെയ്‌ക്‌സ്‌പിയർ നാടകവിജയം കൈവരിച്ചതിനുദാഹരണമായി എലിയറ്റ്‌ മക്‌ബെത്‌ ചൂണ്ടിക്കാട്ടുന്നു. സ്‌കോട്ട്‌ലന്‍ഡിലെ രാജാവായ ഡങ്കന്റെ പടനായകനും അടുത്ത ബന്ധുവുമാണ്‌ മക്‌ബെത്‌. ഒരു യുദ്ധം ജയിച്ചുവരുന്നതുവഴി മൂന്നു മായാവിനികള്‍ മക്‌ബെത്തിനെ സമീപിച്ച്‌ അയാള്‍ ഭാവിയിൽ രാജാവാകുമെന്ന്‌ പ്രവചിക്കുന്നു. ഇതറിഞ്ഞ ലേഡി മക്‌ബെത്‌ രാജാവിനെ വകവരുത്താന്‍ ഭർത്താവിനെ ഉപദേശിക്കുന്നു. തനിക്ക്‌ എല്ലാ പദവികളും നല്‌കിയ ഡങ്കനോട്‌ വലിയൊരു കടുംകൈ കാണിക്കാന്‍ മക്‌ബെത്തിന്‌ പ്രയാസമുണ്ട്‌. എന്നാൽ ഭാര്യയുടെ നിർബന്ധപ്രകാരം അയാള്‍ രാജാവിനെ വീട്ടിൽ വിരുന്നിനു ക്ഷണിച്ചുവരുത്തി കൊല്ലുകയും തുടർന്ന്‌ രാജാവാകുകയും ചെയ്യുന്നു. എന്നാൽ സകലവിധ ഐശ്വര്യങ്ങളും കൈവന്നപ്പോള്‍ വിധിവൈപരീത്യമെന്നോണം ലേഡി മക്‌ബെത്‌ പാപബോധത്തിനും പശ്ചാത്താപത്തിനും അടിമപ്പെടുന്നു. ലേഡി മക്‌ബെത്‌ അനുഭവിക്കുന്ന ഈ മാനസികപീഡനം അവതരിപ്പിക്കാന്‍ ഷെയ്‌ക്‌സ്‌പിയർ കണ്ടെത്തിയ "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌' ആണ്‌ സ്വപ്‌നാടനരംഗം. അവർ മുമ്പ്‌ അനുഷ്‌ഠിച്ച കർമങ്ങള്‍ അവരെക്കൊണ്ട്‌ ആവർത്തിപ്പിക്കുന്നു. അവരുടെ ഭൂതകാലകർമങ്ങളുടെ അബോധപൂർവമായ ഈ ആവർത്തനമാണ്‌ വർത്തമാനകാലഹൃദയവേദനയുടെ "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌'. ഇവിടെ ഹൃദയവേദന വസ്‌തുനിഷ്‌ഠമാക്കപ്പെടുന്നു. തന്മൂലം അത്‌ നമുക്ക്‌ ഹൃദയംകൊണ്ട്‌ അനുഭവിക്കാവുന്നതുപോലെ കണ്ണുകൊണ്ട്‌ കാണാനും കഴിയുന്നു. മക്‌ബെത്‌ നാടകം കലാപരമായി വിജയിക്കുന്നതിന്റെ കാരണം മറ്റൊന്നല്ലെന്നത്ര എലിയറ്റിന്റെ പക്ഷം. "ഒബ്‌ക്‌റ്റീവ്‌ കോറിലേറ്റീവ്‌' എന്ന സങ്കേതം എലിയറ്റ്‌ സ്വകൃതികളിൽ എത്രകണ്ട്‌ പ്രയോഗിച്ചിട്ടുണ്ട്‌ എന്ന്‌ ചില നിരൂപകന്മാർ പഠനം നടത്തിയിട്ടുണ്ട്‌. എലിയറ്റിന്റെ വെയ്‌സ്റ്റ്‌ ലാന്‍ഡ്‌ എന്ന കൃതിയിൽ തൈറിസിസ്‌ എന്നൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. സ്‌ത്രീയുടെയും പുരുഷന്റെയും അനുഭവങ്ങള്‍ ജീവിതത്തിൽ കണ്ടറിയുവാന്‍ അവസരം ലഭിച്ചിട്ടുള്ള കഥാപാത്രമാണ്‌ തൈറിസിസ്‌. മാത്രമല്ല, അയാള്‍ ത്രികാലജ്ഞാനിയുമാണ്‌. അയാള്‍ക്ക്‌ ഓരോ കാലത്തുമുണ്ടായ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ എലിയറ്റ്‌ "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌' സങ്കേതം പ്രയോഗിക്കുന്നുണ്ട്‌.

എലിയറ്റിന്റെ "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌' സങ്കല്‌പത്തിന്റെ ഉറവിടം വോഷിറ്റങ്‌ന്‍ ഓള്‍സ്റ്റന്‍ എന്ന അമേരിക്കന്‍ നിരൂപകനാണെന്നുപറയാം. 1850-ൽ പ്രസിദ്ധീകരിച്ച ലെക്‌ചേഴ്‌സ്‌ ഓണ്‍ ആർട്‌ എന്ന ഗ്രന്ഥത്തിൽ മനുഷ്യമനസ്സിനും ബാഹ്യപ്രപഞ്ചത്തിനും തമ്മിലുള്ള ബന്ധം ചർച്ചചെയ്യുന്നിടത്ത്‌ ഇതേ പ്രയോഗംതന്നെ ഓള്‍സ്റ്റന്‍ ഉപയോഗിച്ചിട്ടുണ്ട്‌. മനസ്സിന്‌ മറ്റുള്ളവരുടെ മുമ്പിൽ പ്രത്യക്ഷമാകണമെങ്കിൽ അതിന്റേതായ "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌' ആവശ്യമാണെന്ന്‌ ഓള്‍സ്റ്റന്‍ എഴുതി. മറ്റൊരു അമേരിക്കന്‍ നിരൂപകനായ ജോർജ്‌ സന്തായന 1900-ത്തിൽ പ്രസിദ്ധീകരിച്ച പോയട്രി ആന്‍ഡ്‌ റിലീജിയന്‍ എന്ന ഗ്രന്ഥത്തിലെ "കോറിലേറ്റീവ്‌ ഒബ്‌ജക്‌റ്റ്‌സ്‌' എന്ന പ്രയോഗവും എലിയറ്റിനെ സ്വാധീനിച്ചിരിക്കണം. ഭാവാവിഷ്‌കരണത്തിനുവേണ്ടി കവി "കോറിലേറ്റീവ്‌ ഒബ്‌ജക്‌റ്റ്‌സ്‌'നെ (സഹസംബന്ധി വസ്‌തുവിധാനത്തെ) കണ്ടെത്തുന്നു എന്നാണ്‌ സന്തായനയുടെ അഭിപ്രായം. ഫ്രഞ്ച്‌ സിംബലിസ്റ്റുകളുടെ സ്വാധീനവും എലിയറ്റിൽ പ്രകടമാണ്‌. വികാരങ്ങള്‍ നേരിട്ട്‌ ആവിഷ്‌കരിക്കാന്‍ കഴിയില്ലെന്നും അവയെ ഉണർത്തുകയാണ്‌ വേണ്ടതെന്നുമായിരുന്നല്ലോ സിംബലിസ്റ്റുകളുടെ വാദം. രചനാവൈദഗ്‌ധ്യത്തിന്‌ ഊന്നൽ നല്‌കുന്ന എലിയറ്റിന്റെ സിദ്ധാന്തത്തിന്റെ കാല്‌പനികവിരുദ്ധ സ്വഭാവവും ശ്രദ്ധേയമാണ്‌.

എലിയറ്റിന്റെ "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌' സിദ്ധാന്തത്തിന്‌ ഭരതന്റെ രസസിദ്ധാന്തവുമായി ശ്രദ്ധേയമായ സാദൃശ്യം കാണുന്നു. "വിഭാവാനുഭാവവ്യഭിചാരിസംയോഗാത്‌ രസനിഷ്‌പത്തിഃ', എന്ന്‌ രസസൂത്രം ഘോഷിക്കുന്നു. ഭാവം അഥവാ മനോവികാരം വിഭാവാനുഭാവവ്യഭിചാരിഭാവങ്ങളിലൂടെ കടന്ന്‌ രസമായി ഭവിക്കുന്നു എന്നുസാരം. ഭാവത്തെ രസമാക്കിത്തീർക്കുന്ന കാരണ കാര്യ സഹകാരികളായി നിലകൊള്ളുന്ന ഘടകങ്ങളെ പ്രതിപാദിക്കുമ്പോഴാണ്‌ അതിനെ വിഭാവാനുഭാവവ്യഭിചാരിഭാവങ്ങളെന്നു വിളിക്കുന്നത്‌. ഭാവം ഈ ഘടകങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുകയും അനുഭവവേദ്യമായിത്തീരുകയും ചെയ്യുന്നു. സൂക്ഷ്‌മവിശകലനത്തിൽ എലിയറ്റ്‌ വിഭാവനം ചെയ്യുന്ന "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌' മേൽ സൂചിപ്പിച്ച സങ്കേതത്തിൽനിന്ന്‌ ഭിന്നമല്ല.

ഭാരതീയ സാഹിത്യത്തിൽനിന്ന്‌ "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌'ന്റെ സ്വഭാവമുള്ള ഒരു പ്രയോഗം ചൂണ്ടിക്കാണിക്കാം. കുരുക്ഷേത്രയുദ്ധക്കളത്തിൽ അർജുനന്‍ ചിന്താഗ്രസ്‌തനാവുന്നു. ശത്രുപക്ഷത്ത്‌ ജ്യേഷ്‌ഠന്മാരും ഗുരുനാഥനായ ദ്രാണാചാര്യരുമാണ്‌ നിലയുറപ്പിച്ചിട്ടുള്ളത്‌. എന്നാൽ ശ്രീകൃഷ്‌ണനോടുള്ള ഭക്തിപാരവശ്യവും അമ്മയായ കുന്തിയോടും നിന്ദിതരും പീഡിതരുമായ സ്വസഹോദരന്മാരോടുമുള്ള കടപ്പാടും അർജുനന്‌ വിസ്‌മരിക്കാന്‍ സാധ്യമല്ല. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ മനസ്സിൽ തീവ്രമായ വൈകാരിക സംഘർഷം നടക്കുന്നു. ഇതാണ്‌ അർജുനന്‍

നേരിടുന്ന ധർമസങ്കടം. ഭാരതപര്യടന കർത്താവായ കുട്ടിക്കൃഷ്‌ണമാരാര്‌ ഇതിനെ "അർജുനവിഷാദം' എന്നു വിശേഷിപ്പിക്കുന്നു. ഈ ഭാവത്തെ അവതരിപ്പിക്കാന്‍ മഹാഭാരതകർത്താവ്‌ ഒരു "ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവ്‌' കണ്ടെത്തുന്നു. അർജുനന്‍ ഗാണ്ഡീവം താഴെവയ്‌ക്കുന്ന പ്രക്രിയയിലൂടെയാണ്‌ ഇത്‌ സാധിക്കുന്നത്‌.

(പ്രാഫ. എം. സത്യപ്രകാശം; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍