This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒക്യാമ ഗ്വൈന്‍ (1920 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:51, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒക്യാമ ഗ്വൈന്‍ (1920 - )

Okayama, Gwen

നേപ്പാളി കവി, നോവലിസ്റ്റ്‌, വിവർത്തകന്‍. നേപ്പാളിലെ പരീക്ഷണനോവലിന്റെ പ്രാദ്‌ഘാടകന്‍. 1920 ഡി. 24-ന്‌ ഹോങ്കോങ്ങിൽ ജനിച്ചു. പിതാവ്‌ ജപ്പാന്‍കാരന്‍, മാതാവ്‌ തിബത്തുകാരി. 1946-ൽ ഭാരതത്തിലെത്തി ഡാർജിലിങ്ങിൽ താമസമാക്കി. ഡാർജിലിങ്ങിലെത്തിയശേഷമാണ്‌ നേപ്പാളിഭാഷ പഠിക്കുന്നത്‌. 1963 വരെ ടെലിഫോണ്‍ ഇന്‍സ്‌പെക്‌ടറായി സേവനമനുഷ്‌ഠിച്ചു. അമ്പതുകള്‍ക്കുമുമ്പേ സാഹിത്യശ്രമത്തിൽ ഏർപ്പെട്ടു. കവിതകളാണ്‌ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടവ. നേപ്പാളിയിലും ഇംഗ്ലീഷിലുമാണ്‌ പ്രധാനരചനകള്‍. ആദ്യത്തെ കൃതി ലിറ്റിൽ ലൈഫ്‌ (കാവ്യം) ഇംഗ്ലീഷിലാണ്‌. അതിഭൗതികതാവാദത്തിലും മിസ്റ്റിസിസത്തിലും അധിഷ്‌ഠിതമായ വിഷയങ്ങളാണു രചനകളിലധികവും.

ഇരുപതോളം കൃതികള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്‌. നേപ്പാളിയിൽ മാത്രം 15 എണ്ണമുണ്ട്‌. നേപ്പാളിയിലെ പ്രധാനപ്പെട്ട രചനകളിൽ കാവ്യങ്ങളായ ചിത്രലേഖ (1957), ഭാവസംഭവ (1958), അനാമികാ (1958); നോവലുകളായ നാഗ്‌ബേലി (1970), സുനാഖരീ (1978) എന്നിവയുള്‍പ്പെടുന്നു. ഒമർ ഖയ്യാം, ഷെയ്‌ക്‌സ്‌പിയർ, ഖലീൽ ജിബ്രാന്‍, രബീന്ദ്രനാഥ ടാഗൂർ, ഹെമിങ്‌വേ, സാമുവൽ ബെക്കറ്റ്‌ എന്നിവരുടെ ചില ഗ്രന്ഥങ്ങള്‍ ഗ്വൈന്‍ നേപ്പാളിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

ഗ്വൈനിന്റെ കവിതകള്‍ക്കെല്ലാം നിശ്ചിതവിഷയങ്ങളുണ്ട്‌. ഓരോ വാക്കിലും കാല്‌പനികതയുടെയോ അനുഭവത്തിന്റെയോ സൗന്ദര്യമുണ്ടാകും. പരമ്പരാഗതമായി വീണുകിട്ടിയ സന്ദർഭങ്ങളാണു കവിതകളിലധികവും. ബംഗാളിയിലെ അമൃതാക്ഷരീവൃത്തം, സംസ്‌കൃതഭാഷാശൈലി, അതിഭൗതികസ്വഭാവം ഇവയെല്ലാം ഗ്വൈനിന്റെ കവിതകളുടെമാത്രം സവിശേഷതകളാണ്‌. നേപ്പാളിയിലെ മറ്റേതൊരു നോവലിസ്റ്റിൽനിന്നും വ്യത്യസ്‌തഭാവം പുലർത്തുന്ന സാഹിത്യകാരനെന്ന അംഗീകാരം ഗ്വൈനിനുണ്ട്‌. ആദ്യനോവൽ നാഗ്‌ബേലി (പന്നൽചെടി)യും പിന്നീടെഴുതിയ സുനാഖരി (ഓർക്കിഡ്‌)യും പരീക്ഷണനോവലുകളാണ്‌. ആദ്യത്തേതിന്‌ ഒരു കഥാതന്തു ഉണ്ടെന്നും രണ്ടാമത്തേതിന്‌ അങ്ങ നെയൊന്നില്ലെന്നും നോവലിസ്റ്റുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. നേപ്പാളിയിലേക്കു പരിഭാഷപ്പെടുത്തിയ കൃതികളിൽ ഹെമിങ്‌വേയുടെ ദി ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദ്‌ സീ, സാമുവൽ ബെക്കറ്റിന്റെ വെയിറ്റിങ്‌ ഫോർ ഗോദോ, രബീന്ദ്രനാഥ ടാഗൂറിന്റെ ഗീതാഞ്‌ജലി, മാക്‌സിം ഗോർക്കിയുടെ മദർ, ഒമർ ഖയാമിന്റെ റുബായിയാത്‌ എന്നിവ പ്രധാനമാണ്‌.

ഇദ്ദേഹത്തിന്റെ പരീക്ഷണനോവലായ സുനാഖരിക്ക്‌ 1980-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.

(ഡോ. കുമാർ പ്രധാന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍