This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്‌ണചൈതന്യ (1918 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:36, 1 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൃഷ്‌ണചൈതന്യ (1918 - 94)

സാഹിത്യചരിത്രകാരനും നിരൂപകനും. കെ. കൃഷ്‌ണന്‍കുട്ടി നായര്‍ (കെ.കെ.നായര്‍) എന്നാണ്‌ ശരിയായ പേര്‌. 1918 ന. 24-ന്‌ തിരുവനന്തപുരത്ത്‌ ജനിച്ചു. 1939-ല്‍ എം.എ. ബിരുദം നേടി. തിരുവനന്തപുരം സ്വദേശിയാണെങ്കിലും ഔദ്യോഗിക കൃത്യനിര്‍വഹണാര്‍ഥം ന്യൂഡല്‍ ഹിയിലായിരുന്നു ഇദ്ദേഹം അധികകാലവും ചെലവഴിച്ചത്‌. ഇന്ത്യാ ഗവണ്‍മെന്റിന്റെ കൗണ്ടര്‍ പ്രാപ്പഗാന്‍ണ്ടാ ഡയറക്‌ടറേറ്റില്‍ ഒരു ഉദ്യോഗസ്ഥനായി ഔദ്യോഗികജീവിതം ആരംഭിച്ചു.

സാഹിത്യകലാതത്ത്വങ്ങളെക്കുറിച്ച്‌ അവഗാഹം നേടിയ കൃഷ്‌ണചൈതന്യ സാഹിത്യചരിത്രകാരന്‍ എന്ന നിലയില്‍ പ്രശസ്‌തനായി. വിശ്വസാഹിത്യചരിത്രപഠനത്തില്‍ ചെറുപ്പത്തിലേ നിഷ്‌ണാതനായ ഇദ്ദേഹത്തിന്റെ ആദ്യസാഹിത്യ ചരിത്രം 1958-ല്‍ പുറത്തുവന്നു. മെസൊപ്പൊട്ടേമിയന്‍ സാഹിത്യം, പുരാതനഗ്രീക്ക്‌ സാഹിത്യം, പുരാതന റോമന്‍ സാഹിത്യം, പുരാതന ജൂതസാഹിത്യം, പുരാതന ഈജിപ്‌ഷ്യന്‍ സാഹിത്യം മുതലായ ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റെ മികച്ച രചനകളാണ്‌. പുരാതന റോമന്‍ സാഹിത്യചരിത്രത്തിന്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി.

ഭാരതീയസാഹിത്യത്തില്‍ കൃഷ്‌ണചൈതന്യയ്‌ക്കുള്ള അഗാധമായ പാണ്ഡിത്യത്തിന്റെ ഉത്തമോദാഹരണമാണ്‌ സംസ്‌കൃത സാഹിത്യചരിത്രം, സംസ്‌കൃതസാഹിത്യത്തിലെ തത്ത്വചിന്ത തുടങ്ങിയ ഗ്രന്ഥങ്ങള്‍. സാന്‍സ്‌ക്രിറ്റ്‌ പൊയറ്റിക്‌സ്‌ എന്ന ഇംഗ്ലീഷ്‌ കൃതിക്ക്‌ സര്‍വസമ്മതമായ അംഗീകാരം നേടാന്‍ കഴിഞ്ഞു. മിക്ക കൃതികളും മറ്റു ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇന്ത്യാഗവണ്‍മെന്റില്‍ പല ഉന്നതമായ സ്ഥാനങ്ങളും വഹിക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്‌. സാമൂഹ്യവികസനവിഭാഗം പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്‌ടര്‍, ആള്‍ ഇന്ത്യാ റേഡിയോ മോണിറ്ററിങ്‌ സര്‍വീസിന്റെ ഡയറക്‌ടര്‍, അഡ്വര്‍ടൈസിങ്‌ ആന്‍ഡ്‌ വിഷ്വല്‍ പബ്ലിസിറ്റി ഡയറക്‌ടര്‍ മുതലായവ അക്കൂട്ടത്തില്‍ പ്പെടുന്നു.

കലാനിരൂപകന്‍ എന്ന നിലയിലും കൃഷ്‌ണചൈതന്യ ശ്രദ്ധേയനായിരുന്നു. ആര്‍ട്‌ ഒഫ്‌ ബസന്‍ത്‌ ടാഗോര്‍, ആര്‍ട്‌ ഒഫ്‌ ഡി.ബദ്രി രവിവര്‍മ, പോര്‍ട്‌ഫോലിയോസ്‌ ഒഫ്‌ ഇന്‍ഡ്യന്‍ പെയ്‌ന്റിങ്‌സ്‌ എന്നിവ ഈ രംഗത്തെ ഇദ്ദേഹത്തിന്റെ മികച്ച സംഭാവനകളാണ്‌. 1994 ജൂല. 30-ന്‌ ഇദ്ദേഹം അന്തരിച്ചു. കേന്ദ്ര ചലച്ചിത്ര അക്കാദമി ചലച്ചിത്രംഗത്തെ പ്രഗല്‌ഭസംഭാവനയ്‌ക്ക്‌ ഇദ്ദേഹത്തിന്റെ പേരില്‍ അവാര്‍ഡ്‌ നല്‍ കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍