This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔഷധ വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:51, 28 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഔഷധ വ്യവസായം

ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ്‌ ലിമിറ്റഡ്‌

ഔഷധങ്ങളുടെ നിർമാണവും വിപണനവും ഇന്ന്‌ ഒരു വലിയ വ്യവസായമാണ്‌. വൈദ്യശാസ്‌ത്രത്തിന്റെ പുരോഗതിയോടൊപ്പം ഔഷധ നിർമാണ വ്യവസായവും വളർന്നുകൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന്‌ തൊഴിലാളികള്‍ പണിയെടുക്കുന്ന ഒരു വന്‍കിട വ്യവസായ സംരംഭം എന്നതിലുപരി മനുഷ്യരാശിയെ രോഗവിമുക്തമാക്കുന്ന പ്രക്രിയയുടെ ഭാഗമെന്ന നിലയില്‍ ഈ വ്യവസായം അനുദിനം വികാസം പ്രാപിച്ചുവരുകയാണ്‌. ആധുനിക ഗവേഷണ പുരോഗതിയുടെ ചലനങ്ങള്‍ ഔഷധ നിർമാണരംഗത്തും പ്രതിഫലിച്ചു. വളരെ പ്രാകൃതമായ മാർഗങ്ങളിലൂടെയാണ്‌ മുന്‍കാലങ്ങളില്‍ ഔഷധങ്ങള്‍ നിർമിച്ചു വന്നിരുന്നത്‌. ഇപ്പോള്‍ അത്‌ ഏറിയകൂറും യന്ത്രവത്‌കൃതമായിട്ടുണ്ട്‌. ഔഷധ നിർമാണത്തിനാവശ്യമായ അസംസ്‌കൃത പദാർഥങ്ങള്‍ തെരഞ്ഞെടുക്കുന്നതു മുതല്‍ ഔഷധങ്ങള്‍ വിപണിയിലെത്തിക്കാന്‍ തയ്യാറാക്കുന്നതുവരെയുള്ള എല്ലാഘട്ടങ്ങളിലും കരസ്‌പർശം കൂടാതെയാണ്‌ നടക്കുന്നതെന്ന വസ്‌തുത ഔഷധനിർമാണരംഗത്തെ പുരോഗതിയിലേക്ക്‌ വിരല്‍ചൂണ്ടുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ഔഷധങ്ങള്‍ നിർമിക്കാന്‍ തുടങ്ങിയതോടെ ഔഷധങ്ങളുടെ വില നിയന്ത്രണാധീനമാക്കാനും കഴിഞ്ഞിട്ടുണ്ട്‌. പരീക്ഷണവിധേയമാക്കുന്ന പതിനായിരത്തില്‍ ഒരു മരുന്നിനുമാത്രമാണ്‌ വിപണിയില്‍ വില്‍ക്കാന്‍ അനുവാദം കിട്ടുന്നതെന്നാണ്‌ കണക്ക്‌. അതായത്‌ മരുന്നു വികസിപ്പിച്ചെടുക്കാന്‍ ആവശ്യമായ ചെലവിന്റെ അടിസ്ഥാനത്തിലാണ്‌ മരുന്നു കമ്പനികള്‍ മരുന്നുകള്‍ക്കു വിലയിടുക.

ആന്റിബയോട്ടിക്കുകള്‍, വിറ്റാമിനുകള്‍ എന്നിവയുടെ ഉത്‌പാദനത്തോടെ ഔഷധനിർമാണശാലകളുടെ എണ്ണത്തിലും അവയില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന ഔഷധങ്ങളുടെ അളവിലും വമ്പിച്ച വർധനവുണ്ടായിട്ടുണ്ടെന്നുകാണാം. ഔഷധനിർമാണരംഗത്ത്‌ ഏറ്റവും കൂടുതല്‍ പുരോഗതി നേടിയിട്ടുള്ള രാഷ്‌ട്രങ്ങളാണ്‌ യു.കെ., യു.എസ്‌., യു.എസ്‌.എസ്‌.ആർ എന്നിവ. ഔഷധനിർമാണരംഗത്തെ ഗവേഷണവും ഇന്ന്‌ വളരെ പുരോഗമിച്ചിട്ടുണ്ട്‌. ബാഹ്യാകാശ ഗവേഷണരംഗത്തുണ്ടായ പുരോഗതി ഔഷധനിർമാണത്തെയും സമ്പുഷ്‌ടമാക്കിയിരിക്കുന്നു.

1947 വരെ ഇന്ത്യയ്‌ക്കാവശ്യമായ അലോപ്പതി ഹോമിയോപ്പതി ഔഷധങ്ങളില്‍ ഏറിയ ഭാഗവും ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ത്യ സ്വതന്ത്രമായതോടെ ഇന്ത്യയിലെ ഔഷധ നിർമാണം വികസിക്കാന്‍ തുടങ്ങി. 1948-ല്‍ 12 കോടി രൂപയുടെ ഔഷധങ്ങള്‍ മാത്രമാണ്‌ ഇന്ത്യയില്‍ നിർമിച്ചിരുന്നത്‌. 2000-ല്‍ 21 ബില്യന്‍ ഡോളർ എന്ന നിലയില്‍ ഔഷധ നിർമ്മാണം പുരോഗതിപ്രാപിച്ചു. ഇറക്കുമതിയുടെ അനുപാതം കുറയ്‌ക്കുവാന്‍ കഴിഞ്ഞുവെന്നു മാത്രമല്ല, ഔഷധനിർമാണം പൊതുമേഖലാടിസ്ഥാനത്തില്‍ ആക്കാന്‍ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്‌. ഇന്ത്യന്‍ ഡ്രഗ്‌സ്‌ ആന്‍ഡ്‌ ഫാർമസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡ്‌, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ്‌ ലിമിറ്റഡ്‌ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നാണ്‌ ഇന്ത്യയ്‌ക്കാവശ്യമായ ഔഷധങ്ങളുടെ 40 ശതമാനത്തില്‍ അധികം നിർമിച്ചുവരുന്നത്‌. സ്വകാര്യമേഖലയിലും നിരവധി ഔഷധനിർമാണശാലകള്‍ ഉണ്ട്‌. വിദേശ സ്ഥാപനങ്ങളുടെ സാങ്കേതിക സഹകരണത്തോടെയാണ്‌ ഇന്ത്യയിലെ മിക്ക സ്വകാര്യ ഔഷധ വ്യവസായസ്ഥാപനങ്ങളും പ്രവർ ത്തിക്കുന്നത്‌ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി ഇന്ന്‌ ആയിരക്കണക്കിന്‌ ഒഷധ നിർമാണശാലകള്‍ പ്രവർത്തിച്ചുവരുന്നു.

കേരളാഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ ആലപ്പുഴയില്‍ പ്രവർത്തിച്ചുവരുന്ന കേരളാ സ്റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആന്‍ഡ്‌ ഫാർമസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡ്‌ ഔഷധനിർമാണരംഗത്ത്‌ ഗണ്യമായ സേവനം അനുഷ്‌ഠിച്ചുവരുന്നു. ഔഷധനിർമാണവും വിപണനവും സംബന്ധിച്ച നിയമങ്ങള്‍ മിക്ക രാഷ്‌ട്രങ്ങളിലുമുണ്ട്‌. മുന്‍കാലങ്ങളില്‍ ഏതൊരാള്‍ക്കും ഔഷധങ്ങള്‍ നിർമിച്ച്‌ വിതരണം ചെയ്യാന്‍ കഴിയുമായിരുന്നു. ഇന്ന്‌ സ്ഥിതി മാറിക്കഴിഞ്ഞിട്ടുണ്ട്‌. ആരോഗ്യസംരക്ഷണത്തില്‍ ഗവണ്‍മെന്റ്‌ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയതോടെ ഔഷധനിർമാണ വിപണനരംഗത്ത്‌ അനവധി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിത്തുടങ്ങി. ഓരോ രാഷ്‌ട്രത്തിലും നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായേ ഔഷധനിർമാണവും വിപണനവും സാധ്യമാകൂ. ഇറക്കുമതി ചെയ്യപ്പെടുന്ന ഔഷധങ്ങള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാക്കിയിട്ടുണ്ട്‌. ഔഷധനിർമാണത്തിനുള്ള ലൈസന്‍സ്‌ നല്‍കല്‍, ഔഷധങ്ങളില്‍ മായംചേർക്കല്‍ തടയല്‍, ഔഷധങ്ങളുടെ വില നിശ്ചയിക്കല്‍ എന്നിങ്ങനെ ഔഷധനിർമാണ വിപണനരംഗങ്ങളിലെ എല്ലാ കാര്യങ്ങള്‍ക്കും ഇന്ന്‌ നിയന്ത്രണങ്ങളുണ്ട്‌. യു.എസ്സിലെ ഫെഡറല്‍ ഫുഡ്‌, ഡ്രഗ്‌ ആന്‍ഡ്‌ കോസ്‌മെറ്റിക്‌ ആക്‌റ്റ്‌ (1938), ഇന്ത്യയിലെ ഡ്രഗ്‌സ്‌ ആന്‍ഡ്‌ മാജിക്‌ റമഡീസ്‌ (ഒബ്‌ജക്ഷനബിള്‍ അഡ്‌വർടൈസ്‌മെന്റ്‌സ്‌) ആക്‌റ്റ്‌ (1954) എന്നിവ ഔഷധ നിയമങ്ങള്‍ക്കുദാഹരണങ്ങളാണ്‌. ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നതും വിതരണം ചെയ്യപ്പെടുന്നതുമായ ഔഷധങ്ങളുടെ ഗുണനിയന്ത്രണം നടത്തുന്നതിന്‌ ഡല്‍ഹി ആസ്ഥാനമാക്കി സെന്‍ട്രല്‍ ഡ്രഗ്‌ സ്റ്റാന്‍ഡേർഡ്‌ കണ്‍ട്രാള്‍ ഓർഗനൈസേഷന്‍ പ്രവർത്തിക്കുന്നു. സംസ്ഥാനതലത്തിലും ഡ്രഗ്‌ കണ്‍ട്രാള്‍ ആഫീസുകളുണ്ട്‌.

ആയുർവേദ വൈദ്യശാലകളുടെയും അവയുടെ എണ്ണമറ്റ ശാഖാസ്ഥാപനങ്ങളുടെയും വ്യാപനത്തോടുകൂടി വാണിജ്യാടിസ്ഥാനത്തില്‍ ഔഷധങ്ങള്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കേന്ദ്രങ്ങള്‍ ദിനംപ്രതി വർധിച്ചുവരുകയാണ്‌. ജനസമ്മതി നേടിയവയും പ്രശസ്‌തങ്ങളുമായ ആയുർവേദൗഷധനിർമാണശാലകളിലെ ഉത്‌പാദനപ്രക്രിയയില്‍ യന്ത്രവത്‌കരണം അഗണ്യമല്ലാത്ത ഒരു പങ്കാണ്‌ വഹിച്ചുവരുന്നത്‌. ഫൈസർ, നൊപാർടിസ്‌, മെർക്ക്‌, ജോണ്‍സണ്‍ & ജോണ്‍സണ്‍, ഗ്ലാക്‌സോ തുടങ്ങിയ കമ്പനികള്‍ ആഗോള ഔഷധഭീമന്മാരാണ്‌. ഇന്ന്‌ ലോക ഔഷധ വ്യാപാരമേഖലയില്‍ ആദ്യത്തെ 5 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍